മ്പൂതിരിയും മനുഷ്യാനാവണം എന്നത് ഇരുപാതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ മാറ്റൊലി കൊണ്ട ഒരു മുദ്രാവാക്യമാണ്.  അതിന്നും അൽപ്പം മുൻപാണ്‌ സംവത്സരങ്ങളായി അടിച്ചമർത്തപ്പെട്ട, മനുഷ്യരായി പരിഗണിക്കപ്പെടാതിരുന്ന ഒരു ജനതയോട് നമ്മളും മനുഷ്യരാണ് എന്ന ആഹ്വാനവുമായി അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും എല്ലാം  കടന്നു വരുന്നത്. ഇങ്ങനെ പുലയനും ഈഴവനും നായരും പിള്ളയും നമ്പൂതിരിയും മനുഷ്യരായി പരിവർത്തിക്കപ്പെട്ടു തുടങ്ങിയപ്പോഴാണ് കേരളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുന്നത്. അനേകായിരം മനുഷ്യർക്ക്‌ ഇവിടെ തലചായ്ക്കാൻ ഇടമില്ലെന്നും, മണ്ണിൽ പണിയെടുക്കുന്ന മണ്ണിന്റെ മക്കൾക്ക്‌ ഒരു  തരി മണ്ണ് പോലുമില്ലെന്നും തിരിച്ചറിയുന്നത്‌. വസ്ത്രം മുതൽ വിദ്യാഭ്യാസം വരെ മനുഷ്യന്റേതായ  എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട മനുഷ്യരെ കുറിച്ചുള്ള ബോധോദയം ഉണ്ടാവുന്നതും അതിന്‍റെ ഫലമായിട്ടാണ്. അങ്ങിനെ മനുഷ്യര്‍ ഒറ്റക്കെട്ടായി ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഒരു  പരിധി വരെയെങ്കിലും പ്രശ്ന പരിഹാരം സാദ്ധ്യമായതും. ഈ ചരിത്ര വസ്തുത അത്ര പെട്ടന്നൊന്നും കേരളീയ സമൂഹത്തിനു നിഷേധിക്കാൻ കഴിയുന്ന ഒന്നല്ല. അങ്ങിനെ നമ്മളൊന്നായി നിന്ന് നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ ഒന്നൊന്നായി തൂത്തുകളയുക എന്ന ലക്ഷ്യവുമായി പ്രതിലോമ ശക്തികൾ നമുക്കിടയിൽ വളരെ ബോധപൂർവ്വം പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. അവർ മനുഷ്യരെ ജാതി – മത – സാമുദായിക സംഘങ്ങളായി വേർതിരിച്ച് വർഗീയതയുടെയും വംശീയ വൈരത്തിന്റെയും വീത്തുകൽ നട്ടു തുടങ്ങിയിരിക്കുന്നു. മനുഷ്യന്‍ എന്ന വാക്കുപോലും അശ്ലീലമായി പ്രചരിപ്പിക്കുന്ന ഇക്കാലത്ത് മറ്റെല്ലാ ഭിന്നതകൾക്കുപരി മനുഷ്യർ ഒന്നായി ഒന്നിച്ചു നിൽക്കുക എന്ന ആ പഴയ മുദ്രാവാക്യം നമ്മള്‍ തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിൽ സവിശേഷമായ ഒരു ദിശാസന്ധിയിൽ മറ്റെല്ലാ ഭിന്നതകൾക്കുപരി മനുഷ്യർ ഒന്നായി ഒന്നിച്ചു നിൽക്കുക എന്നത് തന്നെ ഒരു വലിയ രാഷ്ട്രീയ പ്രവർത്തനമാണ്. അതുകൊണ്ടാണ് ഫാസിസത്തിനെതിരായ ചെറുത്തു നിൽപ്പിൽ മനുഷ്യസംഗമം ഏറ്റവും പ്രസക്തമാകുന്നത്.

ചില സംഘടനകളെ മനുഷ്യസംഗമത്തില്‍ പങ്കെടുപ്പിക്കേണ്ടതില്ല എന്ന സംഘാടക സമിതിയുടെ തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് തന്നെ വഴിവെച്ചിരിക്കുന്നു. ആക്കാദമിക തലങ്ങളില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന സ്വത്വം, സ്വത്വബോധം, സ്വത്വരാഷ്ട്രീയം എല്ലാം വളരെ ജനകീയമായി ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് തന്നെ മനുഷ്യസംഗമത്തെ ഏറെ പ്രസക്തമാക്കുന്നതാണ്. മനുഷ്യസംഗമം മുന്നോട്ടു വെക്കുന്നത് സ്വത്വ നിരാസമല്ല. മറിച്ച്, വ്യത്യസ്തങ്ങളായ സ്വത്വങ്ങള്‍ക്കുപരി സാമൂഹ്യ തിന്മകളെ മനുഷ്യര്‍ ഒന്നായി  നേരിടേണ്ടതുണ്ട് എന്ന സന്ദേശമാണ്. ഏതെങ്കിലും തരത്തിലുള്ള സ്വത്വങ്ങളെ ഉള്‍ക്കൊള്ളാത്ത മനുഷ്യര്‍ ഉണ്ടാവാന്‍ ഇടയില്ല, എന്നാല്‍ ഒരാളുടെയും സ്വത്വം ഏകമുഖമല്ല. വ്യത്യസ്തങ്ങളായ ഒട്ടനവധി അടരുകൾ ഉള്‍ച്ചേര്‍ന്നതും ഉള്‍പിരിവുകള്‍ ഉള്ളതുമാണ് ഏതൊരാളുടെയും സ്വത്വം. അത് പ്രാഥമികമായും ജൈവികമായ ലിംഗ വ്യത്യാസങ്ങളില്‍ തുടങ്ങി ജാതി, മതം, വിശ്വാസ, ദര്‍ശനങ്ങള്‍, ഭാഷ, പ്രാദേശികത, ദേശീയത, പ്രകൃതി, പരിസ്ഥിതി എന്ന് വേണ്ട മനുഷ്യന് അന്യമല്ലാത്ത എല്ലാത്തിനെയും അതുള്‍ക്കൊള്ളുന്നു. ഇതില്‍ ചിലത് ഒരാളില്‍ മുഖ്യ പരിഗണനയായി വരാം. ഒരു ഭാഷാസ്നേഹി ഭാഷയ്ക്ക് മുന്തിയ പരിഗണന കൊടുക്കുമ്പോള്‍ മത മൌലികവാദികള്‍ മതത്തിന് പ്രാഥമിക പരിഗണന നല്‍ക്കുന്നു. ദേശീയ വാദിക്കു ദേശീയത  എന്ന പോലെ പരിസ്ഥിതി വാദിക്കു പരിസ്ഥിതിയും പ്രാധാനമായി പരിഗണിക്കുന്നു. ഇങ്ങനെയുള്ള പ്രധാന പരിഗണനകള്‍ നിലനില്‍ക്കെ തന്നെ അയാള്‍ മറ്റു സ്വത്വങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. അതായത് നൂറു ശതമാനവും ഏതെങ്കിലും ഒരു സ്വത്വത്തില്‍ മാത്രമായി നിലനില്‍ക്കുക സാദ്ധ്യമല്ല.

അതുപോലെത്തന്നെ ഒരേ വേദഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മതത്തില്‍ വിശ്വസിക്കുന്നവര്‍ പോലും രാഷ്ട്രീയമായ ഭിന്നാഭിപ്രായങ്ങള്‍ ഉള്ളവരാണ്. അതിനു കാരണമാകുന്നത് നേരെത്തെ നമ്മള്‍ ചര്‍ച്ചചെയ്തത് പോലെ അവരിലെ സ്വത്വത്തെ നിര്‍ണയിക്കുന്നത് കേവലം മതം മാത്രമല്ല, അത് ബഹുമുഖമാണ് എന്നുള്ളത് കൊണ്ടാണ്. അതുകൊണ്ടാണ് ഐസിനെയും ആര്‍ എസ് എസിനെയും എതിര്‍ക്കാന്‍ അതാത് വിശ്വസങ്ങള്‍ സ്വീകരിച്ചവര്‍ തന്നെ മുന്നോട്ടു വരുന്നത്. രാമന്‍റെ സ്ഥാപനത്തില്‍ തൊഴില്‍ പരമായ ചൂഷണം നടക്കുന്നു എങ്കില്‍, അവിടെ ജോലിചെയ്യുന്ന മുഹമ്മദും ജോസഫും കൃഷ്ണനും പങ്കുവെക്കുന്നത് ഒരേ വികാരമാണ്. അവിടെ അവര്‍ ഒറ്റക്കെട്ടായി അതിനെതിരെ പ്രതികരിക്കും. ഇവിടെ, മുതലാളിയായ രാമനും കൃഷണനും പങ്കുവെക്കുന്നത് ഒരേ മതസ്വത്വമാണ് എന്ന സ്വത്വബോധം കൃഷ്ണനെ ചൂഷണം ചെയ്യുന്നതില്‍ രാമനെയോ, ചൂഷണത്തിനെതിരെ രാമനെ നേരിടുന്നതിനു കൃഷ്ണനെയോ തടയുന്നില്ല. മാത്രവുമല്ല, വ്യത്യസ്ത സ്വത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ട് കൃഷ്ണനുമായി സഹകരിക്കാന്‍ മുഹമ്മദിനെയും ജോസഫിനെയും തടയുന്നില്ല. അഥവാ അവിടെ വൈകാരികമായ സ്വത്വ ബോധത്തിനപ്പുറം പ്രായോഗികമായ വര്‍ഗ്ഗബോധം പ്രവര്‍ത്തിക്കുന്നു.

ഇതിനെല്ലാം അതീതമായി മനുഷ്യന്‍ ഒന്നാണെന്ന ഒരു സാര്‍വദേശീയസാഹോദര്യത്തെ കൂടി മനുഷ്യന്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍ ഊരും പേരുമറിയാത്ത മനുഷ്യരുടെ കഷ്ടപ്പാടുകളെ, വിശപ്പിനെ, പീഡനങ്ങളെ എല്ലാം നമ്മള്‍ നെഞ്ചേറ്റുന്നത്. എന്തിനു ഒരു മാന്‍കുഞ്ഞിനെ വേട്ടയാടുന്ന ചിത്രം കാണുമ്പോള്‍ നമ്മള്‍ ദീനാനുകമ്പയാല്‍ വികാരാധീനനാകുന്നത്. ഈ അവബോധത്തെയാണ് പ്രശസ്ത മനഃശാസ്ത്രജ്ഞൻ കാൾ യുങ് സമഷ്ടിയായ (പൊതുവായ)അബോധമനസ്സ് (collective unconscious) എന്ന് വിളിച്ചത്. പരിണാമ പാതയിലെ നിഴലും, വെളിച്ചവും, മണ്ണും, ചരലും, ആരുംവേരും എല്ലാം തന്നെ നമ്മില്‍ അന്തര്‍ലീനമാണ്. ജൈവവും സാംസ്കാരികവുമായ പരിണാമങ്ങളെല്ലാം നമ്മുടെ അവബോധത്തില്‍ ഇടം പിടിച്ചിരിക്കുന്നു. ഈ ലോകത്തുള്ള ഒന്നുമായി ബന്ധപ്പെടാതെ സ്വതന്ത്രമായി ഉത്ഭവിച്ച ഒരു പ്രതിഭാസമല്ല മനുഷ്യന്‍. ഞാന്‍ ഒരു വ്യക്തിയായിരിക്കെ തന്നെ ഒരു കേരളീയന്‍ കൂടിയാണ്. കേരളീയന്‍ എന്ന നിലയില്‍ ഞാനൊരു ഭാരതീയന്‍ കൂടിയാണ്. ഭാരതീയമായ സംസ്കാരവും വര്‍ഗ്ഗ വിശേഷങ്ങളും ഞാന്‍ മറ്റു ഭാരതീയരുമായി പങ്കുവെക്കുമ്പോള്‍ തന്നെ ഭാരതം ഈ ഭൂഗോളത്തിന്റെ ഒരു ഭാഗമാണ്. സുനാമിയുണ്ടായപ്പോള്‍ ലോകമൊട്ടുക്കുമുള്ള ആളുകള്‍ സഹായ ഹസ്തവുമായി എത്തിയത് നമ്മെളെല്ലാം ഒരേ ലോകത്ത് വസിക്കുന്നു എന്നത് കൊണ്ടാണ്. ചുരുക്കത്തിൽ നമ്മെളെല്ലാം സമഷ്ടിയായ അവബോധത്തിന്റെ അദൃശ്യ കരങ്ങളാല്‍ കൂട്ടി ഇണക്കപ്പെട്ടിരിക്കുന്നു.

ഇത്തരത്തില്‍ സാമൂഹിക ബോധം നിമിത്തം വളരെ  സ്വാഭാവികമായിത്തന്നെ പൊതുരംഗത്ത്  തന്‍റെ സ്വത്വബോധത്തെ കൈവെടിയാന്‍ നിര്‍ബന്ധിതനാണ് മനുഷ്യൻ. എന്നാല്‍ അത് അനുവദിക്കില്ല എന്ന നിലപാടുമായി മനുഷ്യനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് സ്വത്വവാദം പോലുമല്ല, സ്വത്വരാഷ്ട്രീയമാണ്. സ്വത്വം എന്നത് വ്യക്ത്യാധിഷ്ഠിതമായ വൈകാരിക ലോകവും രാഷ്ട്രീയം ഒരു പൊതു വ്യവഹാരവുമാണ്. അപ്പോള്‍ ഒരു വ്യക്തിയുടെ അല്ലെങ്കില്‍ ഒരേ വികാരം ഉള്‍ക്കൊള്ളുന്ന ഒരു കൂട്ടം ആളുകളുടെ വൈകാരിക ലോകത്തിന് അനുരൂപമാകുന്ന വിധം പൊതുസമൂഹത്തെ സമീപിക്കുമ്പോള്‍, രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ അതുകൊണ്ടുണ്ടാവാനിടയുള്ള അപകടം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മനുഷ്യന്‍ എന്ന അര്‍ത്ഥത്തില്‍ സാമൂഹ്യമായി നേരിടുന്ന വിപത്തുകള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കേണ്ടവര്‍ – പ്രത്യേകിച്ച് അതിന്‍റെ ഇരയെന്ന് വാദിക്കുന്നവര്‍ – സ്വത്വ രാഷ്ട്രീയവും പറഞ്ഞു നടക്കുന്നത്, മതേതരത്വത്തെ, സ്വത്വങ്ങളുടെ കൂടിക്കലരുകളെ, അവര്‍ സവര്‍ണ ഫാസിസത്തെക്കാള്‍ ഭയപ്പെടുന്നു എന്നതുകൊണ്ടാണ്. അതുകൊണ്ട് ഇത്തരം സ്വത്വ രാഷ്ട്രീയം സമൂഹത്തിന് എൽപ്പിക്കാവുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്‌. കാരണം വ്യത്യസ്ത വിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ അവരവരുടെ രാഷ്ട്രീയവും കൊണ്ട് സ്വത്വരാഷ്ട്രീയം കളിക്കാന്‍ നിന്നാൽ പകുത്തു നല്‍കാന്‍ നമ്മുടെ ഈ ഇന്ത്യയും ലോകവുമൊന്നും തികയാതെ വരും.

Comments

comments