തെഴുതുമ്പോൾ അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനായി ദൽഹി സർക്കാർ കൊണ്ടുവന്ന ഗതാഗത നിയന്ത്രണത്തിനുള്ള ഒറ്റഇരട്ട പരിഷ്ക്കാരം അതിന്റെ ആദ്യ പരീക്ഷണഘട്ടത്തിന്റെ അവസാന ദിനങ്ങളിൽ ആണ്. ഉദ്ദേശിച്ച രീതിയിൽ മലിനീകരണം കുറക്കാൻ ഇതിനാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. കാരണം, ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായമാണ് പുറപ്പെടുവിച്ചു കാണുന്നു. ഒരു പക്ഷം ഡൽഹിയിലെ അന്തരീക്ഷമലിനീകരണം ഗതാഗത നിയന്ത്രണം വന്നതിനു ശേഷം വളരെ കുറഞ്ഞിരിക്കുന്നു എന്ന് പറയുമ്പോൾ ഹിന്ദു അടക്കമ്മുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇത്രയും ദിവസത്തെ (ജനുവരി 9) നിയന്ത്രണങ്ങൾക്ക് കാര്യമായ ഫലം കിട്ടിയിട്ടില്ല എന്നാണ്.

ബെയ്ജിംഗ്, പാരിസ്, ബൊഗോട്ടോ, മെക്സിക്കൊ എന്നിങ്ങനെ മറ്റു പല രാജ്യങ്ങളിലെയും നഗരങ്ങളിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതാദ്യമായാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തപ്പെടുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നത് ജനങ്ങളുടെ അടിയന്തിരാവശ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തി വിശ്വാസത്തിൽ എടുക്കാൻ ദൽഹി സർക്കാരിന് ഒരു പരിധിവരെയെങ്കിലും സാധിച്ചുഎന്ന് തോന്നുന്നു. ഇത് ചെറിയ ഒരു കാര്യമല്ല. എക്കാലത്തും വ്യവസ്ഥയുടെ എല്ലാവിധത്തിലുള്ള പരിഗണനകളും ആനുകൂല്യങ്ങളും ലഭിച്ചുവന്നിട്ടുള്ള മധ്യവർഗ്ഗത്തോടാണ് അവരുടെ നിത്യജീവിതത്തിന്റെ വലിയ സൌകര്യങ്ങളിൽ ചിലതിൽ കുറവ് വരുത്താൻ കെജ്രിവാളും സംഘവും ആവശ്യപ്പെട്ടത്. വലിയ എതിർപ്പുകൾക്കും ബലപ്രയോഗങ്ങൾക്കും ഇടകൊടുക്കാതെ അത് നടപ്പിലാക്കാൻ അവർക്കായി. പോലീസടക്കമുള്ള ഭരണസംവിധാനത്തിന് ആദ്യമുണ്ടായിരുന്ന വിമുഖതയെ ക്രിയാത്മകവും ഭാവനപൂർണ്ണവുമായ ഇടപെടലുകളിലൂടെ സർക്കാർ മറികടന്നു.

മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ പാരിസ്ഥിതിക പ്രതിസന്ധികൾ ഭീഷണിയായി മാറികൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ ഭീഷണികളെ ജനസമ്മതിയോടും പങ്കാളിത്തത്തോടും അഭിമുഖീകരിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ഏത് മുൻകൈകളും അത്യന്തം പ്രാധാന്യമുള്ളതാണ്. അതുകൊണ്ടു തന്നെ ദൽഹി സർക്കാറിന്റെ ഈ പദ്ധതി അത് വിചാരിച്ച ലക്ഷ്യം പൂർണ്ണമായും നേടിയിട്ടില്ലെങ്കിൽ തന്നെയും വളരെ പ്രാധാന്യം അർഹിക്കുന്നു. പരിസ്ഥിതിപ്രശ്നങ്ങളെ പരിഹരിക്കുന്നതിൽ പങ്കാളിത്ത ജനാധിപത്യത്തിനുള്ള പങ്ക് എന്താണെന്ന് മനസിലാക്കാനുതകുന്ന പ്രായോഗികപരീക്ഷങ്ങളിൽ നിന്നുള്ള ഏതുപാഠങ്ങളും ഭാവിയിലെ ജനപക്ഷരാഷ്ട്രീയത്തിനു വലിയ മുൻകൂട്ടായിരിക്കും.

പരിധികളേതുമില്ലാത്ത വളർച്ചയിലും അന്തമില്ലാത്ത ഉപഭോഗത്തിലും ഊന്നിയാണു സമകാലീന മുതലാളിത്തം വളർന്നു വന്നത്. അതിന്റെ അനന്തര ഫലങ്ങളാണ് ആഗോളതാപനം, കാലാവസ്ഥാവ്യതിയാനങ്ങൾ, മലിനീകരണം, പ്രകൃതിവിഭവശോഷണം, ജൈവവൈവിധ്യതിലുണ്ടായ വലിയ കുറവ് തുടങ്ങിയ വലിയ പ്രശ്നങ്ങൾ. ഇവ ഒരു പാരിസ്ഥിതിക അടിയന്തിരാവസ്ഥയിലേക്ക് നമ്മെ എത്തിച്ചിരിക്കുകയാണെന്നും ഇങ്ങനെ മുന്നോട്ടു പോകാൻ സാധ്യമല്ലെന്നും ഇന്ന് ഏറെക്കുറേ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ആഗോളതാപനം നിയന്ത്രിക്കുന്നതിനായി പാരീസ് കാലാവസ്ഥാ ഉച്ചകോടി ( COP21 ) എത്തിചേർന്ന ഉടമ്പടി ഇങ്ങനെയൊരു തിരിച്ചറിവിന്റെ ഉദാഹരണമാണ്. വളരെയേറെ പരിമിതികളും ഏകപക്ഷീയമായ തിരുമാനങ്ങളും ചൂണ്ടിക്കാട്ടാമെങ്കിലും 196 രാജ്യങ്ങൾ ഒപ്പുവെച്ച ഈ കരാർ കാലാവസ്ഥാവ്യതിയാനം നേരിടാനുള്ള ആഗോള ശ്രമങ്ങൾക്കു ഊർജ്ജം പകരുമെന്ന് പൊതുവേ എല്ലാവരും കരുതുന്നു. ഈ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തെ നിയന്ത്രണാധീനമാക്കുകയാണു ലക്ഷ്യം. ഭൂമിയിലെ താപനിലയി ഉണ്ടാകുന്ന വർധന രണ്ട് ഡിഗ്രി സെൽഷ്യസിൽ അധികമാകാതിരിക്കാനുള്ള അടിയന്തിര നടപടികൾ ലോകരാജ്യങ്ങൾ കൈകൊള്ളുമെന്ന് കരാർ പറയുന്നു. ക്രമേണ ഈ വർധ 1.5 ഡിഗ്രി സെൽഷ്യസി ഒതുക്കും. ഇത്തരം നടപടികൾക്കായി പ്രതിവർഷം 10,000 കോടി ഡോള സഹായം 2020-ഓടെ ലഭ്യമാക്കാനും ഉച്ചകോടി തിരുമാനമെടുത്തു.

ചരിത്രപരമായി നോക്കുമ്പോൾ അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങൾ പിന്തുടരുകയും നിർണ്ണയിക്കുകയും ചെയ്തുപോന്ന വികസനപരിപ്രേക്ഷ്യമാണ് ഈ ആഗോള പ്രതിസന്ധിക്ക് കാരണമാണെന്നു കാണാം. എന്നാൽ ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാരീസിൽ അവർ തയ്യാറായില്ല. മറിച്ച് മറ്റെല്ലാ രാജ്യങ്ങളേയും പോലെ സ്വമേധയാ പ്രഖ്യാപിക്കുന്ന നടപടികൾ പൂർത്തീകരിക്കേണ്ട ബാധ്യതയേ ഈ കരാർ പ്രകാരം അവർക്കുള്ളൂ. ഈ രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള നടപടികൾ ഹരിതഗൃഹവാതകങ്ങളുടെ നിർഗമനത്തിന്റെ ആഗോളലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായതിന്റെ ഒരു ചെറിയ പങ്കേ വഹിക്കുന്നുള്ളു എന്നതാണു യാഥാർത്ഥ്യം. ഇത്രതന്നെ ചെയ്യാനും ഒരു രാജ്യങ്ങൾക്കും നിയമപരമായ ബാധ്യതകളുമില്ല. നേരത്തെ സൂചിപ്പിച്ച പരിമിതികളുടേയും ഏകപക്ഷീയമായ തിരുമാനങ്ങളുടേയും ചില ഉദാഹരണങ്ങളാണ് ഇക്കാര്യങ്ങൾ.

ശക്തർ നേട്ടങ്ങളെ പങ്കുവെക്കുകയും കോട്ടങ്ങളെ അശക്തർക്കു വീതം വെക്കുകയും ചെയ്യും. മത്സരത്തിൽ ജയിക്കുന്നവർക്കേ അതിജീവനത്തിന് അർഹതയുള്ളൂ എന്ന ഡാർവിനിസത്തിന്റെ കാട്ടുനീതി വർഗ്ഗസമൂഹങ്ങളുടെ സാമാന്യനീതി കൂടിയാണ്. ത്പാദനോപാദികളിലുള്ള നിയന്ത്രണം സമ്പത്ത് തുടങ്ങിയ ഘടകങ്ങൾ അതിജീവനത്തിന് ആർ എന്ത് വിലകൊടുക്കേണ്ടി വരും എന്ന് ആത്യന്തികമായി നിർണ്ണയിക്കുന്നു. ഇതിന് ഒരു സമീപകാല ഉദാഹരണമാണ് 2008-ൽ അമേരിക്കയിൽ തുടങ്ങി പിന്നെ ലോകസമ്പത് വ്യവസ്ഥയെ തന്നെ പിടിച്ചുലച്ച ആഗോള സാമ്പത്തിക പ്രതിസന്ധി. ബിസിനസ്സിൽ നിന്ന് മാറിനിൽക്കുകയാണ് ഒരു ർക്കാരിനു ബിസിനസ്സിനെ സഹായിക്കാൻ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്ന് നാഴികക്ക് നൂറുവട്ടം ആവർത്തിക്കുന്ന കമ്പോള മൌലികവാദികൾക്ക് ഈ പ്രതിസന്ധികൾക്ക് കാരണക്കാരായ ബാങ്കുകളെയും മറ്റുസ്ഥാപനങ്ങളെയും തകർച്ചയില്നിന്നും രക്ഷപ്പെടുത്താനായി അതിഭീമമായ ധനസഹായം ചെയ്യാൻ സർക്കാരുകളെ പ്രേരിപ്പിക്കാൻ യാതൊരു മടിയുമുണ്ടായിരുന്നില്ല. എന്നിട്ട് ഇതേ വിദഗ്ദ്ധർ തന്നെ അതിനെ തുടർന്നുണ്ടായ സാമ്പത്തികകമ്മിയിൽ നിന്ന് കരയേറാൻ വേണ്ടി സാധാരണജനങ്ങളുടെ നിത്യജീവിതത്തെ നരകജീവിതമാക്കുന്ന വിധത്തിലുള്ള ചെലവുചുരുക്കൽ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ സർക്കാരുകളെ ഉപദേശിക്കുകയും ചെയ്തു. ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയെ ഇവിടെ ഓർക്കാം. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഉണ്ടായ ഒരു പ്രതിസന്ധിക്ക് ഏറ്റവും വില കൊടുക്കേണ്ടി വന്നത് ലോകമെമ്പാടുമുള്ള സാധാരണ മനുഷ്യരായിരുന്നു എന്ന് ചുരുക്കം.

ഭൂമിയെന്ന ആവാസവ്യവസ്ഥ പാരിസ്ഥിതിക അടിയന്തിരാവസ്ഥയെ നേരിടുമ്പോളും അതിനെ ആരു എങ്ങിനെ അതിജീവിക്കും എന്നതിനെ നിർണ്ണയിക്കുക ആഗോളതലത്തിലും പ്രാദേശികതലത്തിലും ഉള്ള സാമൂഹ്യശക്തികളുടെ ബലാബലങ്ങൾ തന്നെയായിരിക്കും. മുതലാളിത്തത്തിന്റെ അതിജീവനയുക്തിയിൽ സാധാരണമനുഷ്യർ പരിഗണിക്കപെടുകയില്ല. ദൽഹിയിലെ ഒറ്റഇരട്ട പരിഷ്ക്കാരങ്ങൾക്ക് കാരണമായ സാഹചര്യങ്ങളിലേക്ക് തിരിച്ച് വരാം. ഒരു ഉച്ചകോടിയുടേയും തിരുമാനങ്ങൾ നടപ്പാക്കാനുള്ള സർക്കാരിന്റെ നിർബന്ധബുദ്ധിയൊന്നുല്ല അതിനു പിന്നിൽ. മറിച്ച് അന്തരീക്ഷമലിനീകരണം ആപൽക്കരമാംവിധം വളർന്നു വരികയും എന്തെങ്കിലും ചെയ്യാതെ മുന്നോട്ടുപോകാൻ പറ്റില്ല സ്ഥിതിവിശേഷം ഉണ്ടാകുകയും ചെയ്തതു കൊണ്ടാണ്. ഷാങ്ങ്ഹായിലും മറ്റനവധി വികസ്വരരാജ്യങ്ങളിലെ നഗരങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളുടെ തനിയാവർത്തനം. ഉച്ചകോടികളുടെ പ്രേരണകളില്ലെങ്കിലും നമ്മുടെ നഗരങ്ങളെ വാസയോഗ്യമായി നിലനിർത്താനുള്ള ശ്രമങ്ങൾ അനിവാര്യമായി തീർന്നിരിക്കുന്നു എന്ന് ചുരുക്കം.

പാരീസ് അടക്കമുള്ള ഉച്ചകോടികളും അവയുടെ തീരുമാനങ്ങളും ദിശയിലുള്ള ആന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയേക്കാം. പക്ഷേ പ്രവർത്തനങ്ങളെ ജനസാമാന്യത്തിന്റെ താല്പര്യങ്ങൾക്ക് അനുസൃതമായി തിരിച്ചുവിടണമെങ്കിൽ പരിസ്ഥിതിയുടെ ധനശാസ്ത്രം സ്വന്തം അജണ്ടയായി കരുതുന്ന ഒരു രാഷ്ട്രീയം അടിത്തട്ടിൽനിന്ന് ഉയർന്നു വന്നേ പറ്റൂ.

ഈ കഴിഞ്ഞ ഡിസംബറിൽ അമേരിക്കയിലെ ഇടതുപക്ഷ പ്രസിദ്ധീകരണമായ ജക്കോബിൻ, പാരീസ് ഉച്ചകോടിയുടെ പശ്ചാതലത്തിൽ നവോമിക്ലീനിന്റെ This Changes Everything എന്ന കാലാവസ്ഥാരാഷ്ട്രീയത്തെകുറിച്ചുള്ള പുസ്തകത്തെ അധികരിച്ച് ഒരു ചർച്ച പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയത്  The Urban Green Wars എന്ന തലക്കെട്ടിൽ ഡാനിയൽ അൽദാന കോഹെൻ എഴുതിയ ലേഖനമായിരുന്നു. ആഗോളതാപനത്തിൽ നഗരങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്.

ഭൂമിയിലെ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തിന്റെ പകുതിയിലധികം ഉണ്ടാകുന്നത് നഗരങ്ങളിൽ നിന്നത്രെ. മാത്രമല്ല നഗരങ്ങളിലും അവയുടെ പ്രാന്തപ്രദേശങ്ങളിലും ആയിട്ടാണു ജനസംഖ്യയുടെ ഭൂരിഭാഗവും ജീവിക്കാൻ പോകുന്നതും. അതിനാൽ സ്വാഭാവികമായും നഗരങ്ങളുടെ ഭാഗധേയം നിർണ്ണയിക്കുന്നതിനുള്ള നയരൂപീകരണങ്ങൾ ദീർഘവ്യാപകമായ ഫലങ്ങൾ ഉളവാക്കാൻ പോന്നതായിരിക്കും . അതു കൊണ്ടുതന്നെ നഗരങ്ങളുടെ നിയന്ത്രണതിനായുള്ള പണിയെടുക്കുന്നവരുടേയും പാവപ്പെട്ടവരുടേയും സമരങ്ങൾക്ക് അതീവപ്രാധാന്യം ഉണ്ട് എന്ന് കോഹെൻ പറയുന്നു. പാർപ്പിടം, യാത്രസൗകര്യങ്ങൾ, വിശ്രമം തുടങ്ങി കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾക്കായുള്ള ഇവരുടെ സമരത്തിന്റെ അവിഭാജ്യഘടകങ്ങൾ ആയി മാറണം കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള ശ്രമങ്ങളും.

ഇന്ത്യയിലെ നഗരങ്ങൾ അനുദിനം ആവാസയോഗ്യമല്ലാതായി കൊണ്ടിരിക്കുന്നുവെന്നത് ഇങ്ങനെയൊരു രാഷ്ട്രീയം നമ്മുടെ നഗരങ്ങളിലും അനിവാര്യമായി കൊണ്ടിരിക്കുന്നു എന്ന് വിളിച്ചുപറയുന്നു.

ഇത്തവണ ചെന്നൈയിലുണ്ടായ വെള്ളപൊക്കത്തെ പ്രകൃതിയുടെ കോപാവേശത്തേക്കാളും ഇടമുറിയാതെ പെയ്ത പേമാരിയേക്കാളും ഒരു മഹാദുരിതമാക്കിതീർത്തത് അനിയന്ത്രിതമായ നഗരാസൂത്രണമാണ് എന്ന് ഏറെക്കുറേ എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. സ്വതന്ത്രകമ്പോളത്തിന്റെ ഒടുങ്ങാത്ത ദുര, റിയൽ എസ്റ്റേറ്റ്ലോബി, ചങ്ങാത്തമുതലാളിത്തം ഉദ്യോഗസ്ഥസംവിധാനത്തിന്റെ കെടുകാര്യസ്ഥത എന്നിവയൊക്കെ തന്നെയാണു ഈ ദുരന്തത്തിനും കാരണമെന്നത് തർക്കമറ്റ വസ്തുതയാണ്. പക്ഷെ ഈ കൊടുംദുരന്തത്തിന്റെ തിക്തഫലങ്ങൾ അത്രയും അനുഭവിച്ചതാകട്ടെ നഗരത്തിലെ പാവപ്പെട്ടവരും.

ഏതാനും മാസങ്ങൾക്ക് മുൻപ്, ബെൻഗളൂരിലെ ഏറ്റവും വലിയ ജലാശയങ്ങളിൽ ഒന്നായ ബെലന്ദൂർ തടാകത്തിനു തീപിടിച്ചത് ഒരു വലിയ വാർത്തയായിരുന്നു. അഗ്നിശമനിയാണു ജലം. ഒരു ജലാശയത്തിനു തീപിടിക്കുന്നു എന്നു വന്നാൽ അത് മരിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണർത്ഥം. ചുറ്റുപാടുമുള്ള പാർപ്പിട സമുച്ചയങ്ങളിൽ നിന്നും വ്യവസായശാലകളിൽ നിന്നുമൊക്കെ യാതൊരു നിയന്ത്രണമില്ലാതെ കൊണ്ടുത്തള്ളുന്ന മാലിന്യങ്ങളും രാസവസ്തുക്കളും നുരഞ്ഞു പൊന്തുകയും പിന്നീട് അതിനു തീപിടിക്കുകയുമാണ് ഉണ്ടായത്. ഒരു തടാകത്തിലെ ജലപരപ്പിനു മുകളിൽ മഞ്ഞുവീഴ്ച പോലെ പടർന്നു പൊന്തിയ പതയും അതിനു മുകളിലാളിയ തീയും ചേർന്ന നരകപടങ്ങൾക്ക് ഉന്മാദിയായ ഒരു സർറിയലിസ്റ്റ് ചിത്രകാരന്റെ വിഭ്രമാത്മക ഭാവനകളുടെ സ്വഭാവം ഉണ്ടായിരുന്നു. ഒരു തടാകം മരിച്ചിരിക്കുന്നു എന്ന സന്ദേശം മാത്രമല്ല ഈ ചിത്രങ്ങൾ നൽകിയത്. ഒരു നഗരം തന്നെ വാസയോഗ്യമല്ലാതായി കൊണ്ടിരിക്കുന്നു എന്ന മുന്നറിയിപ്പാണ്. നഗരത്തിലെ 835 തടാകങ്ങളിൽ വെറും 84 എണ്ണം മാത്രമാണു സുരക്ഷിതം എന്ന് സ്റ്റേറ്റ് ഗവർണ്മെന്റ് അടുത്ത ദിവസം പുറത്ത് വിട്ട രേഖകൾ വ്യക്തമാക്കുന്നു.

ജലം പ്രാണവായു തുടങ്ങിയ പ്രാഥമികാവശ്യങ്ങളുടെ കാര്യത്തിലായാലും ഗതാഗത കുരുക്കിന്റെ കാര്യത്തിലായാലും മറ്റെന്ത് അടിസ്ഥാനാവശ്യങ്ങളുടെ കാര്യത്തിലായാലും ഇന്ത്യയിലെ എല്ലാ നഗരങ്ങളുടെയും സ്ഥിതി ഒന്നു തന്നെയാണ്. ഡൽഹിയും മുംബൈയും കൊൽക്കത്തയും ചെന്നൈയും ബെൻഗളൂരും, കൊച്ചിയും എല്ലാം ഒരുപോലെ തന്നെ. ഒരു നഗരത്തിന്റെ കഥ മറ്റ് നഗരത്തിന്റെ കഥ കൂടിയാകുന്നു. സമ്പന്നർ സമ്പന്നർക്കു വേണ്ടി നടത്തുന്ന നഗരാസൂത്രണം തീർക്കുന്ന അംബരചുംബികളുടേയും ഷോപ്പിങ്ങ് മാളുകളുടേയും ഗേറ്റഡ് കമ്മ്യൂണിറ്റികളുടേയും മായാജാലം ഒരു വശത്തും രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അടിഞ്ഞുകൂടുന്ന അഭയാർഥികളെ വേറിട്ട മുഖങ്ങളും ശബ്ദങ്ങളും ഇല്ലാത്ത ആൾക്കൂട്ടമാക്കി മാറ്റുന്ന ആഭിചാരക്രിയ മറുവശത്തും. ഈ രണ്ടാമത് പറഞ്ഞ ഭൂരിപക്ഷത്തിനു നഗരം വാസയോഗ്യമല്ലാത്ത ഒരിടമാണ്. ഇംഗ്ലണ്ടിലെ തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥിതി (The Condition of the Working Class in England), പാർപ്പിടപ്രശ്നം (Housing Question) തുടങ്ങിയ കൃതികളിൽ എംഗൽസ് വരച്ചിട്ട പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യാവസായിക തൊഴിലാളികളുടെ ചിത്രത്തിൽ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിലെ നഗരദരിദ്രരുടെ കാര്യം. കഴിഞ്ഞ വർഷം ഡൽഹി തിരഞ്ഞെടുപ്പിൽ ആപ്പിനുണ്ടായ വൻവിജയത്തിന് ഒരു കാരണമായി പറയുന്നത് പ്രാദേശികവും ജാതീയവും മതപരവുമായ സ്വത്വരാഷ്ട്രീയങ്ങൾക്ക് പുറത്തായി നഗരത്തിലെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടേയും നിത്യജീവിത പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ അവർക്കായി എന്നതാണ്. ഈ അർത്ഥത്തിൽ പ്രത്യേകിച്ച് ഒരു പ്രത്യശാസ്ത്രത്തോട് പ്രതിബദ്ധത പുലർത്താതിരിക്കെത്തന്നെ അവർ ഒരുതരം വർഗ്ഗരാഷ്ട്രീയം ഉയർത്തിപിടിച്ചു എന്ന് പറയാം. ഗ്യാസ്, വെള്ളം, ചിലവ് കുറഞ്ഞ പൊതുഗതാഗത സൌകര്യങ്ങൾ എന്നിവയ്ക്കായുള്ള നഗരങ്ങളിലെ ചേരിനിവാസികളുടെ സമരങ്ങൾ ബൊളീവിയ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയഭൂമികയെ എങ്ങിനെ മാറ്റിതീർത്തു എന്ന് വിജയപ്രസാദ് തന്റെ No free left എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നുണ്ട്. പലപ്പോഴും കൂലിക്കൂടുതലിനും മറ്റുമുള്ള സമരങ്ങളേക്കാൾ നഗരത്തിലെ പണിയെടുക്കുന്നവരുടെ അസംതൃപ്തികൾക്ക് മൂർത്തരൂപം നൽകുന്നത് ഇത്തരം പോരാട്ടങ്ങളാണ്. ഡൽഹിയിൽ ഈ അസംതൃപ്തികൾ ഉപയോഗപ്പെടുത്താൻ ആപ്പിനു സാധിച്ചു.

 

നഗരങ്ങളിലെ ദരിദ്രജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ അടിസ്ഥാനാവശ്യങ്ങളിൽ നിന്ന് വേറിട്ട ഒന്നല്ല ശുദ്ധവായുവിനും വെള്ളത്തിനും ശുചിത്വമുള്ള പരിസരത്തിനും വേണ്ടിയുള്ള സമരം. അത് അവരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം തന്നെയാണ്. തൊഴിലാളിവർഗ്ഗത്തിനും പാവപ്പെട്ടവർക്കും വേണ്ടി നിലകൊള്ളുന്ന രാഷ്ടീയപാർട്ടികൾ തങ്ങളുടെ വാർപ്പ് മാതൃകകളിൽ നിന്നു പുത്ത് കടന്ന് ഈ ലളിത സത്യങ്ങളെ തിരിച്ചറിയണം എന്ന് മാത്രം.

Comments

comments