പെട്ടെന്നു വന്ന മഴയും അതിനെത്തുടർന്നുണ്ടായ ചുളുചുളുപ്പൻ കാറ്റുമാണ് ജനനിബിഡമായിരുന്ന കുന്നത്തങ്ങാടിയെ ഏകാന്തവും ശുഷ്ക്കവുമാക്കിയത്. ഒരു മഴയോ കാറ്റോ വരുന്ന ദിവസം തിരക്കിട്ടു കടയടച്ചു വീട്ടിലെത്തുന്ന കച്ചവടക്കാർ. ഇടിയും മിന്നലും കൂടിയുണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട. പള്ളിമേടയ്ക്കു താഴെയുള്ള വഴിയിലൂടെ കുടയും ചൂടി നടന്ന എസ്തപ്പാനു മുകളിലേയ്ക്കു നോക്കാൻ തോന്നിയതും, മേടയുടെ രണ്ടാം നിലയിലെ ജനാലയിലൂടെ ചാറ്റല്മഴ കണ്ടു നിന്ന മനയ്ക്കപ്പാടത്തച്ചന്റെ കണ്ണില് അവൻ കുടുങ്ങിയതും ഒരു നിമിഷത്തിന്റെ കിറുകൃത്യത്തിലായിരുന്നു.
ആരാടാ… ആ പോകുന്നെ? എസ്തപ്പാനാണോ?
ചാഞ്ഞു പെയ്യുന്ന മഴയെ പ്രതിരോധിക്കാനെന്നോണം കുട പള്ളിക്കുനേരേ ചെരിച്ചു പിടിച്ചു വേഗം കൂട്ടുമ്പോൾ എസ്തപ്പാൻ വിചാരിച്ചു. ഇടി കൃത്യമായി എന്നിലേയ്ക്കു തന്നെ വെട്ടിയല്ലോ കർത്താവേ. ഒന്നും കേൾക്കാത്തമാതിരി വേഗത്തിൽ നടന്ന എസ്തപ്പാൻ തലയുയർത്തി നോക്കുമ്പോൾ, തന്നെ തടഞ്ഞു മുമ്പിൽ കുണുങ്ങി നിൽക്കുന്ന കുശിനിക്കാരൻ പാപ്പിയുടെ സ്ത്രീശബ്ദമാണ് കേൾക്കുന്നത്. പലപ്പോഴും പാപ്പിയെ അരൂപിയാക്കിക്കൊണ്ട് അവന്റെ ശബ്ദത്തെ മാത്രം എസ്തപ്പാൻ താലോലിച്ചുനോക്കിയിട്ടുണ്ട്. ഒന്നുമില്ലായ്മയുടെ ആദിയിൽ ആകാശത്തേയും, ഭൂമിയേയും,രാത്രിയേയും, പകലിനേയും, വെള്ളത്തേയും, അഗ്നിയേയും,സസ്യങ്ങളേയും,മൃഗങ്ങളേയും, പുരുഷനേയും,സ്ത്രീയേയും മുളപ്പിച്ചെടുക്കുന്ന കൃത്യതയിൽ ദൈവത്തിനു കൈപ്പിഴ പറ്റുന്നതും പാപ്പിക്കു കൊടുക്കേണ്ട ശബ്ദം ലോകത്തിന്റെ മറ്റേതോ കോണിലേയ്ക്കു വിധിക്കപ്പെട്ട ഒരു സ്ത്രീയിലേയ്ക്കു പോകുന്നതും, അവൾക്കായുള്ള മധുരശബ്ദം പാപ്പിയിലേയ്ക്കു ചേക്കേറുന്നതുമോർത്ത് പലപ്പോഴും എസ്തപ്പാനു ചിരി പൊട്ടിയിട്ടുണ്ട്.
ആണ്ടെ…. അച്ചൻ വിളിക്കണൊണ്ട്.
പാപ്പീ.. സത്യം പറ. അച്ചന്, ഞാനാന്നറിഞ്ഞു തന്നെയാണോ വിളിച്ചെ?
പിന്നേ…. അച്ചനാരാ മോൻ!
ഈ പാപ്പിയുടെ ഒരു കാര്യം. പണ്ടൊരിക്കൽ, അച്ചന്റെ മുറി തൂത്തു വൃത്തിയാക്കുന്നതിനിടയിൽ കട്ടിലിനടിയിൽ നിന്നു കിട്ടിയ ചുരുട്ടിന്റെ കുറ്റി കണ്ട്, ഓ അച്ചൻ ചുരുട്ടുവലി നിറുത്തിയല്ലോ എന്നോർത്ത് സമാധാനിച്ചതാ ഇവൻ.
അങ്ങനെ, അനേകനാളുകളായി പള്ളിമുറ്റത്തേയ്ക്ക് ഒന്നെത്തിപ്പോലും നോക്കാത്ത കുറ്റബോധത്തിന്റെ ശിരോഭാരവുമായി എസ്തപ്പാൻ അച്ചനുമുമ്പിൽ ഹാജരാക്കപ്പെട്ടു.
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ, അച്ചോ.
ങും…ങും. എപ്പോഴും സ്തുതിയായിരിക്കട്ടെ. ഞാനെത്ര വിളിച്ചു, എസ്തപ്പാനേ. നീ കേക്കാഞ്ഞിട്ടു തന്നെയാണോ നടന്നു പോയത്?
ഇല്ലച്ചോ… സത്യമായിട്ടും ഞാൻ കേട്ടില്ല. എന്തൊരു മഴയാ!
പിന്നേ…. മുട്ടുമഴയല്ലേ…. നീ കേക്കില്ല. ഇങ്ങോട്ടു കേറി ഈ ബെഞ്ചിലോട്ടിരി. എനിക്കു നിന്നോടു ചിലതൊക്കെ പറയാനുണ്ട്.
അച്ചൻ, ചെവി കൂർപ്പിച്ചു നിന്ന പാപ്പിയെ രൂക്ഷമായി നോക്കിയതും, ഇടിവെട്ടിയതുപോലെ പാപ്പി അകത്തേയ്ക്കു വലിഞ്ഞതും ഒരുമിച്ചായിരുന്നു.
നല്ല വാർത്തകളല്ലല്ലോ എസ്തപ്പാനേ ഈയിടെയായി ഞാൻ കേൾക്കുന്നതൊക്കെ.
എന്നാ പറ്റിയച്ചോ?
ഒന്നുമറിയാത്തതു പോലെയാണല്ലോ എസ്തപ്പാനേ നീ സംസാരിക്കുന്നത്?
ഇല്ലച്ചോ…. എനിക്കൊന്നും അറിയാമ്മേല.
എന്നാ ഞാമ്പറയാം… കേട്ടോ. അവിവേകികളായ ദുർന്നടപ്പുകാരെപ്പോലെ, പിന്നെയും അവളുടെ വീട്ടിലേയ്ക്കുള്ള വഴിയിലൂടെ മ്ലേച്ഛതയ്ക്കായി നീ നീങ്ങുന്നത് ഞാനറിഞ്ഞു.
പള്ളിമേടയുടെ ജനലഴികള്ക്ക് ഇത്രയും ദൂരെയുള്ള കാഴ്ചകൾ കാണാൻ കഴിയുന്നുണ്ടെങ്കിൽ അതു കൊള്ളാമല്ലോ എന്നും അച്ചൻ മറ്റെന്തൊക്കെ കണ്ടിട്ടുണ്ടാവും എന്നുമോര്ത്ത് പൊടുന്നനെ ഒരു കല്ല് മനസ്സിലേയ്ക്കു വന്നു വീണെങ്കിലും അതിന്റെ ഓളങ്ങൾ മറച്ചു വച്ചുകൊണ്ട് എസ്തപ്പാൻ ധൈര്യം കൈവിടാതെ പറഞ്ഞു.
അച്ചോ… അത് ഞാനല്ല. തൊഴിലിടത്തിൽ നിന്നുള്ള എന്റെ മടക്കം ഒരിക്കലും ആ വഴിക്കായിരുന്നില്ലച്ചോ.
നീതിമാനായിരിക്കുന്നിടത്തോളം നിന്റെ മേൽ വീഴുന്ന അനർത്ഥങ്ങൾ അസംഖ്യങ്ങളായാലും അവ എല്ലാറ്റിൽ നിന്നും കർത്താവ് നിന്നെ വിടുവിച്ചിരിക്കും എന്ന് നിനക്കറിയാമെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു, എസ്തപ്പാനേ. പ്രബോധനത്തിനു പുല്ലുവില കല്പിക്കുന്നവനും അവയെ ത്യജിക്കുന്നവനും ദാരിദ്ര്യവും ലജ്ജയും നേരിടേണ്ടി വരും. ശാസനയാൽ നയിക്കപ്പെടുന്നവന് ബഹുമാനം ലഭിക്കും. ജ്ഞാനിയായിരിക്കാൻ ഗുണവാന്മാരുമായി സഹവസിക്കണം. ഭോഷന്മാരുമായുള്ള സഹവാസം പാപികളെ മാത്രമേ സൃഷ്ടിക്കുകയുള്ളു. അവരുടെ സമ്പത്തുകൾ ഭാവിയിൽ ചിതറിത്തെറിക്കുകയും അവ നീതിമാന്മാർക്കായി സംഭരിക്കപ്പെടുകയും ചെയ്യും. ഇതൊക്കെ നിനക്കറിയാമെന്നും നീ അതു പാലിച്ചു നടക്കുന്നുണ്ടാവുമെന്നും കരുതാനാണെനിക്കിഷ്ടം, എസ്തപ്പാനേ.
എപ്പോഴും എപ്പോഴും അങ്ങനെ തന്നെ അച്ചനു കരുതാൻ കഴിയട്ടെ കർത്താവേ.
അപ്പോൾ, നീ എനിക്കു വേണ്ടിയും പ്രാർത്ഥിക്കുന്നുണ്ട്, അല്ലേ എസ്തപ്പാനേ?
ഉണ്ടച്ചോ.
എനിക്കായി നീ എന്തൊക്കെയാണ് എസ്തപ്പാനേ പ്രാർത്ഥിക്കറുള്ളത്?
അത്.. അച്ചോ…ഞാൻ….
പറ. ഇപ്പോൾ നിന്റെ മനസ്സിലൂടെ കടന്ന മിന്നൽ എവിടേയ്ക്കാണ് പോയത്? മടിക്കാതെ പറയൂ….
കർത്താവിന്റെ ആലയങ്ങളെ, ഞായറാഴ്ച മാത്രം കള്ളന്മാർക്കും കൊള്ളക്കാർക്കും പാപക്കെട്ടുകളിറക്കി വയ്ക്കാനുള്ള ഗുഹയാക്കി മാറ്റിയതിനും, വെറുക്കപ്പെട്ടവരുടെ നാണയങ്ങൾ അവരുടെ പാപമോക്ഷം ലക്ഷ്യമിട്ടു വാങ്ങി ആശുപത്രി സ്ഥാപിച്ചതിനും, അവിടെ കർത്താവിന്റെ പ്രതിപുരുഷനായി വന്ന് രോഗികളെ പെട്ടെന്ന് സൗഖ്യമാക്കി പറഞ്ഞയച്ച ഡോക്ടർ സത്യനാഥ് ഡേവിഡിനെ പിരിച്ചുവിട്ട പാതകത്തിനും നിങ്ങളോടൊക്കെ ക്ഷമിക്കേണമേ എന്നുമായിരുന്നു, കർത്താവിനോടുള്ള എന്റെ പ്രാർത്ഥന.
പൊടുന്നനെ, ഒരു കൊടുങ്കാറ്റ് പുറത്തെ ചാറ്റല്മഴയെ വിഴുങ്ങിക്കൊണ്ട്, ഇക്കാലമത്രയും മനസ്സിൽ താലോലിച്ചുവളർത്തിയെടുത്ത വിശ്വാസങ്ങളുടെ വന്മരങ്ങളെ കടപുഴക്കിയെറിഞ്ഞുകൊണ്ട് ഫാദർ ഡൊമിനിക് മനയ്ക്കപ്പാടത്തിന്റെ ഉള്ളിലൂടെ കടന്നുപോയി. മെത്രാൻ പിതാവ് ആശുപത്രിക്ക് തറക്കല്ലിടുന്നതും, അത് പച്ചിലപ്പാമ്പിന്റെ കഴുത്തു നീളുന്നതു പോലെ, മുന്തിരിവള്ളികൾ തളിർക്കുന്നതു പോലെ ആകാശം നിറഞ്ഞ് ആശുപത്രിയായി രൂപാന്തരം പ്രാപിക്കുന്നതും മനസ്സിലേയ്ക്ക് കടന്നു വന്നു. പക്ഷേ, എസ്തപ്പാന്റെ വായിൽ നിന്ന് കേൾക്കുന്ന വർത്തമാനം മുട്ടത്തോരന്റെയിടയിൽ തോടുകടിച്ചതു പോലെ തൊണ്ടയിലിറക്കാൻ കഴിയാതെ ബാക്കി നിന്നു.
കുടയും കുത്തി ആശുപത്രിയുടെ ഇടനാഴിയിലേയ്ക്കുള്ള സായാഹ്നയാത്രകളിൽ മനയ്ക്കപ്പാടത്തച്ചനെ നോക്കി, രോഗികൾക്ക് കൂട്ടുനിൽക്കുന്നവരിൽ പലരും ഈശോമിശിഹായ്ക്ക് സ്തുതി പറഞ്ഞു. പിന്നീട് കേട്ടത് ഡോക്ടറുടെ കൈപ്പുണ്യത്തെക്കുറിച്ചാണ്. ആ കൈകളിൽ നിന്ന് പച്ചവെള്ളം പോലുമുള്ളിൽച്ചെന്നാൽ അത് വീഞ്ഞുമാതിരി മധുരിച്ച് രോഗം ഭേദമാക്കുന്നു. സ്പർശനം പോലും വൈദ്യുതിയായി രോഗങ്ങളെ വിഴുങ്ങി സുഖപ്പെടുത്തുന്നു. വാക്കുകൾ അസ്വസ്ഥചിത്തരിൽ ആശ്വാസങ്ങളായി പറന്നിറങ്ങി വേദനകളെ കൊത്തിയെടുത്തു പറക്കുന്നു.
അങ്ങനെ മാനുഷികമൂല്യത്തകർച്ചയുടെ നിലം പൊത്തുന്ന ഗ്രാഫു പോലെ ആശുപത്രിക്കിടക്കകൾ കാലിയായിക്കൊണ്ടിരുന്നു. ഡോക്ടർ സത്യനാഥിന്റെ ക്ഷമാശീലവും രോഗപരിചരണരീതികളും കൈപ്പുണ്യത്തിന്റെ തുടർക്കഥകളും അന്യഗ്രാമങ്ങളിലേയ്ക്കും നഗരങ്ങളിലേയ്ക്കും കാട്ടുതീയായി പടർന്നു.
ഫാദർ മനയ്ക്കപ്പാടം അടിയന്തിരമായി പള്ളിക്കമ്മിറ്റി വിളിച്ചുകൂട്ടി. പ്രത്യേകക്ഷണിതാവായി ഡോക്ടർ സത്യനാഥിനേയും.
അതേയ്… കാര്യമൊക്കെ ശരിയാ. ഇങ്ങനെ പോയാ ഞാനെവിടുന്നാ ഡോക്ടർമാർക്കും നഴ്സുമ്മാർക്കുമുള്ള ശമ്പളം ഒപ്പിക്കുന്നെ? ഇതിപ്പം സ്വയം പര്യാപ്തമാകണോന്നും, അതീന്ന് എന്തേലുമൊക്കെ മിച്ചം പിടിച്ച് പള്ളിഫണ്ടിലേയ്ക്ക് ചേർക്കാന്നുവൊക്കെ കരുതിയല്ലേ നമ്മള് ആശുപത്രിയുണ്ടാക്കിയെ.
എല്ലാവരും ഒറ്റ സ്വരത്തിൽ ആമേൻ പറഞ്ഞു.
അച്ചൻ യോഗനടപടി ചുരുക്കിപ്പറഞ്ഞു.
അപ്പോ… കാര്യങ്ങളിങ്ങനെ പോയാ നമ്മൾ തെണ്ടി കുത്തുപാളയെടുക്കും. കിടക്കകള് മുഴുവൻ നെറയണം. എന്നാലും നമ്മളൊരു ധർമ്മസ്ഥാപനമല്ലേ നടത്തുന്നത്. അതിന് അതിന്റേതായ ചെലവുകളില്ലേ? പള്ളിഫണ്ടീന്ന് അത് വകമാറ്റി ചെലവാക്കാൻ പറ്റുമോ? ഇല്ലാ…. കർത്താവിന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുന്നതിനാൽ നമ്മുടെ ഹൃദയം അവനിലും അവന്റെ ഹൃദയം നമ്മളിലും പ്രകാശം പരത്തുകയും വേണം.
കഷ്ടപ്പെട്ടു കെട്ടിയുണ്ടാക്കിയ ആശുപത്രിയുടെ പൂട്ടിയ വാതിലുകളും, അതിലെ തുരുമ്പു പിടിച്ച താഴുമൊക്കെ അല്മായരിൽ ഒരു ദു:സ്വപ്നമായി കട്ടപിടിച്ചു നിന്നു.
അച്ചൻ തുടർന്നു.
ആ… അതുകൊണ്ട്, നമ്മുടെ ആശുപത്രിയുടെ പോളിസി ഒന്നു മാറ്റണം. ഇനീപ്പം ഡോക്ടറുടെ അഭിപ്രായം മാനിച്ചില്ലാന്നു വരരുത്. വല്ലോം ഒണ്ടെങ്കി പറഞ്ഞോ, ഡോക്ടർ സ..ത്യ…നാ..ഥ..ന് ഡേ…വി…ഡ്.
ഡോക്ടർ എഴുന്നേറ്റു.
ഹൃദയം നുറുങ്ങുന്നവർക്ക് കർത്താവ് സമീപസ്ഥനാകുന്നത് ഒരു ആതുരാലയത്തിലൂടെയാണ്. പുതിയ ലോകക്രമങ്ങളിൽ കിട്ടുന്ന മരുന്നുകൾ മുഴുവൻ വിഷം നിറച്ചവയാണ്. എന്നിട്ടും, മറ്റുവഴികളില്ലാത്തതിനാൽ കുറച്ചൊക്കെ കൊടുക്കാൻ നാം നിർബ്ബന്ധിതരാവുകയാണ്. അപ്പോൾ, എത്രയും വിഷം കുറച്ചു കുത്തിവയ്ക്കാനാണ് ഞാനും എന്റെ സഹപ്രവർത്തകരും ശ്രമിക്കുന്നത്. കൂടുതൽ രോഗികളും ഒരു നല്ല വാക്കാലോ, സ്പർശനത്താലോ സുഖപ്പെടുന്നുണ്ട്. അവരിൽ ഞാനെന്തിനാണ് അനാവശ്യമരുന്നുകളുടെ വേദനകൾ കുത്തിക്കയറ്റുന്നത്? നമ്മുടെ രോഗികളിൽ എഴുപതു ശതമാനവും പാവപ്പെട്ടവരാണ്. അന്നന്നത്തെ അപ്പം തേടുന്നവർ. കർത്താവ് തന്റെ ദാസന്മാരുടെ വേദനകൾ ഏറ്റെടുത്തുകൊണ്ട് അവരുടെ പ്രാണനെ സംരക്ഷിക്കുന്നു. അവനെ ശരണമാക്കുന്നവർ ഒരിക്കലും ശിക്ഷിക്കപ്പെടരുതെന്നല്ലേ നാം പഠിച്ചത്! അവന്റെ നന്മയുടെ സാക്ഷ്യങ്ങൾക്ക് ഞാൻ വെറും ഒരു ഇടനിലക്കാരൻ.
ഇതു പറഞ്ഞുതീരുന്നതിനിടയിൽ മനയ്ക്കപ്പാടത്തച്ചൻ, ആദ്ധ്യക്ഷം വഹിച്ചിരുന്ന കൈക്കാരൻ പൗലോസിനോടു ചെവിയിൽ ചോദിച്ചു.
പൗലോച്ചാ….. ഇയാൾ കമ്യൂണിസ്റ്റാണോ?
കേട്ടിരിക്കുന്നവരിൽ പലരും പരസ്പരം അടക്കം പറഞ്ഞു. ഇയാളാര്… ദൈവപുത്രനോ, സ്പർശനത്താൽ സുഖപ്പെടുത്താൻ?
ഒരു ഡോക്ടറെന്ന നിലയിൽ എന്റെ അന്തർവ്വർത്തിയായ സത്യത്തോടും നീതിയോടും മാത്രമാണ് എനിക്കു കടപ്പാടുള്ളത്. ഏതു ദുർഘടാവസ്ഥകളിലുംഅതാണെന്നെ നയിക്കുന്നത്. അത് കർത്താവാണെന്നാണ് എന്റെ വിശ്വാസം.
മലഞ്ചരക്ക് കച്ചവടക്കാരൻ ചാക്കോച്ചൻ അടുത്തിരുന്ന ജോസഫ് സാറിനോടു പറഞ്ഞു.
ഇതെന്നാ വർത്താനാ സാറേ ഈ വരത്തൻ പറഞ്ഞോണ്ടു വരുന്നെ? ഇയാൾ നമ്മടെ കൂട്ടക്കാരൻ തന്നെയാണോന്നാ എനിക്കിപ്പം സംശയം.എന്നാലും അച്ചന്റെ വാക്കിന് എന്തേലും ഒരു വെല അയാൾ കല്പിക്കുന്നൊണ്ടോ! ഒരുമാതിരി മാർഗ്ഗം കൂടിയോന്റെ മാതിരി…….
ജോസഫ് സാറ് തലയാട്ടി.
ഡോക്ടർ സത്യനാഥനെ ഇടവകക്കാരുടെ നോട്ടങ്ങളും വാക്കുകളും കുത്തിയെഴുന്നേൽപ്പിച്ചു. അദ്ദേഹം കൈയുയർത്തി എല്ലാവരോടുമായി പറഞ്ഞു.
ആകാശവും ഭൂമിയും നീങ്ങിപ്പോകും… എന്റെ വചനങ്ങളോ നീങ്ങിപ്പോകുകയില്ല.
പുനർവിചിന്തനത്തിനും തദ്വാരായുള്ള മനംമാറ്റത്തിനുമായി ഡോക്ടർക്ക് മുപ്പതു ദിവസങ്ങൾ കൊടുത്തുകൊണ്ട് പിറുപിറുക്കലുകളുടെ ആരവങ്ങളകന്ന് യോഗം അവസാനിക്കുമ്പോൾ പള്ളിമുറ്റത്തെ അത്തിമരത്തിൽ തളിരുകൾ ഉണ്ടാവുകയും അവ വേനലടുക്കുന്ന കാര്യം അറിയിക്കുകയും ചെയ്തു. മരം പറഞ്ഞു.
എന്നിൽ ഇലകൾ തളിർക്കുമ്പോൾ അവൻ പുറംവാതിൽക്കലേയ്ക്ക് നയിക്കപ്പെടുന്നതായി അറിഞ്ഞുകൊള്ളുവിൻ.
മുപ്പതു ദിവസങ്ങളിലേയ്ക്കടുത്തിട്ടും ആശുപത്രിയിലെ കട്ടിലുകൾ കൂടുതലും ഒഴിഞ്ഞുതന്നെ കിടന്നു. കിടന്നുവന്ന രോഗികളിൽ പലരും രോഗം സുഖപ്പെട്ടു നടന്നു പോയി.അവസാനമായി കിട്ടിയ ശമ്പളത്തിന്റെ നല്ലൊരു ഭാഗവും മരുന്നുവാങ്ങാൻ പാങ്ങില്ലാത്ത രോഗികൾക്ക് വിതരണം ചെയ്ത് ഡോക്ടർ സത്യനാഥ് ഡേവിഡ് യാത്രപറയലുകളുടെ അകമ്പടികളില്ലാതെ ഇറങ്ങിനടന്നു.
പുതിയ തലമുറയിലെ ഡോക്ടർമാർ സാരഥ്യമേറ്റെടുക്കുന്ന വേളയിൽ മനയ്ക്കപ്പാടത്തച്ചൻ അവരോടു പറഞ്ഞു.
മക്കളേ, കാലം മാറുന്നതനുസരിച്ച് നാം മാറേണ്ടിയിരിക്കുന്നു. നവീകരണപ്രക്രിയകൾക്ക് യോജിക്കാത്ത ചിന്താധാരകൾ ആശുപത്രിയുടെ കട്ടിലുകളിൽ നിന്ന് രോഗികളെ തുരത്തിയോടിച്ചു. നിങ്ങളായി ഇക്കാര്യത്തിൽ ഇനി ഉപേക്ഷ വിചാരിക്കരുത്. തന്നെ ശുശ്രൂഷിക്കേണ്ടതിന്, തന്റെ സന്നിധിയിൽ നിൽക്കുവാനും ശുശ്രൂഷകൾക്ക് ധൂപം കാട്ടുവാനും കർത്താവ് നിങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ്. നമുക്കീ ആശുപത്രിയും സൗകര്യങ്ങളും വികസിപ്പിച്ച് ദൈവനിശ്ചയം പൂർത്തീകരിക്കണം. നിങ്ങളാണത് ചെയ്യേണ്ടത്. ഞങ്ങൾക്ക് നിങ്ങളെ നയിക്കാനേ കഴിയൂ. പാതകൾ തെരഞ്ഞെടുക്കേണ്ടതും അവയിലൂടെ മേഞ്ഞു നടക്കേണ്ടതും നിങ്ങളാണ്.
യ്യേഏഏഏ…..
പുതുലോകചികിത്സകർ പരസ്പരം കൈപ്പത്തികൾ കൂട്ടിയടിച്ച് ഹൈ ഫൈവ് പറഞ്ഞു.
വീ വിൽ മെയ്ക്കിറ്റ്……
അച്ചന്റെ പ്രസംഗം തുടരുന്നതിനിടയിൽ ഡോക്ടർ ജെറി ലൂയിസ്, ഡോക്ടർ ഇന്ദു സിദ്ധാർത്ഥന്റെ ഫോണിലേയ്ക്ക് ടെക്സ്റ്റ് മെസ്സേജിട്ടു.
യൂ ലുക്ക് റ്റിറ്റിലേറ്റിംഗ് റ്റുഡേ….. വാട്ട് ആർ യൂ അപ് റ്റുനൈറ്റ്? (കൂടെ, വായ പൊളിച്ചുനിൽക്കുന്ന ഒരു സ്മൈലിയും)
ഡോക്ടർ ഇന്ദു സിദ്ധാർത്ഥന്റെ കണ്ണുകളിൽ നാണം പൂത്തു. അവൾ ചുറ്റുപാടും പെട്ടെന്നൊന്നു നോക്കി സാരി നേരേയിട്ടു.പിന്നെ, രണ്ടുകൈയിലേയും തള്ളവിരലുകളുപയോഗിച്ച് അതിവേഗം തിരിച്ചു മെസ്സേജിട്ടു.
ഷട്ടപ്…. ലിസൺ ടു ദി ഓൾഡ് ഫാർട്ട്!
* * *
പള്ളിമുറ്റത്തെ തെങ്ങോലത്തലപ്പുകളിൽ അവസാനത്തെതുള്ളികൾ ബാക്കി നിറുത്തി മഴ പറന്നു.
സ്വപ്നലോകത്തായിരുന്ന ഫാദർ മനയ്ക്കപ്പാടത്തെ ഉണർത്തിയത് എസ്തപ്പാന്റെ അലർച്ചയായിരുന്നു.
അച്ചോ…..
എന്നതാടാ എസ്തപ്പാനേ?
അച്ചനിത് ഏതു ലോകത്താ?
ഞാനിവിടെ ഒണ്ടടാ… നീ എന്നാ ചോയിച്ചെ?
അച്ചനെന്റെ ചോദ്യത്തിനുത്തരം തന്നില്ല.
എന്നാ കോപ്പാ നീ ചോയിച്ചെ? ഞാനങ്ങു മറന്നു.
ആശുപത്രിക്കാര്യേ….
ഓ.. അതോ.. അതേയ് നീ ഭാരിച്ച കാര്യമൊന്നും ഏറ്റെടുക്കേണ്ട. അതൊക്കെ ഉത്തരവാദപ്പെട്ടോര് അന്വേഷിച്ചോളും. നീ ഇവിടെ രണ്ടു മിനിട്ട് നില്ല്, ഞാനൊന്നു മുള്ളിയേച്ചും വച്ചിട്ടു വരാം.
എസ്തപ്പാനോട് ഉള്ളിലിരുന്നാരോ പറഞ്ഞു. നീ നിന്നെത്തന്നെ സൂക്ഷിച്ചു കൊള്ളുക. അവർ നിന്നെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കുകയും, പള്ളികളിൽ വച്ചു തല്ലുകയും, നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ സാക്ഷ്യത്തിനായി നിറുത്തുകയും ചെയ്യും.
ഉൾവിളി കേട്ട്, അച്ചനെ വിട്ട്, എസ്തപ്പാൻ ഇറങ്ങിനടന്നു.
പിന്നെയും, രാത്രിയുടെ അന്ധകാരങ്ങളിലൂടെ, വലിയ വെളിച്ചങ്ങളെ സൃഷ്ടിച്ചവന് സ്തോത്രങ്ങൾ നൽകി, പുഴ കടക്കുമ്പോൾ ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന് നന്മകൾ ചൊല്ലി, എസ്തപ്പാൻ റഹേലിലേക്കുള്ള വഴികൾ തേടി. ഇരുട്ടിന്റെ തോരാമഴകളിലും വഴിമരങ്ങൾ അവനെ കൈപിടിച്ചു നടത്തി. പാതിരാത്രികളിൽ പുഴ രണ്ടായി പിളർന്ന് അവനായി വഴിയൊരുക്കി.
അപ്പോഴൊക്കെ അവൻ പ്രാർത്ഥിച്ചു.
ദൈവമേ, എന്റെ ഹൃദയത്തെ സ്പർശിച്ച് നീ എന്നെ അറിയുന്നല്ലോ.
എന്നെ പരീക്ഷിച്ച്, എന്റെ നിനവുകൾ നീ അറിയുന്നല്ലോ.
ചുരം കയറിവന്ന ധനുമാസക്കാറ്റ് റാഹേലിനെ ഇക്കിളിയിട്ടു കിന്നാരം പറഞ്ഞു.
ഇതാ, മലകൾ ചാടിക്കടന്നും പുഴ മറികടന്നും വരുന്ന നിന്റെ പ്രിയന്റെ കാൽപ്പെരുമാറ്റങ്ങൾ.
നീയിപ്പോൾ മുള്ളുകൾക്കിടയിലെ, സുഗന്ധദ്രവ്യങ്ങളെ വെല്ലുന്ന പനിനീർപുഷ്പമാണ്. അവൻ എൻ ഗെദിത്തോട്ടങ്ങളിലെ മുന്തിരിപ്പൂങ്കുലയും.
പുഴ കടന്ന്, കുന്നിന് മുകളിലെ രാത്രിയാകാശത്തിനു കീഴിൽ, അലരിവൃക്ഷങ്ങളിൽ തൂക്കിയിട്ട കിന്നരങ്ങൾക്ക് താഴെ, റാഹേലിന്റെ മടിയിൽ തലചായ്ച്ചുറങ്ങുന്ന എസ്തപ്പാനെ കാളവണ്ടിക്കാരൻ യോനാച്ചനാണ് പാറക്കൂട്ടങ്ങളുടെ മറവിലിരുന്ന് മനയ്ക്കപ്പാടത്തച്ചന് കാട്ടിക്കൊടുത്തത്.
അച്ചൻ ചോദിച്ചു.
ദുർന്നടപ്പുകാരുമായുള്ള സംസർഗ്ഗം അരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ, എസ്തപ്പാനേ?
ഉവ്വച്ചോ.
പിന്നെയും നീ അത് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഞാനെന്താണു മനസ്സിലാക്കേണ്ടത്?
റാഹേൽ ദുർന്നടത്തക്കാരിയല്ലച്ചോ…. അവൾ….
എസ്തപ്പാൻ പറഞ്ഞുതീരുന്നതിനു മുമ്പേ അച്ചൻ കൈയുയർത്തി തടഞ്ഞു.
ഇഹലോകത്തിലെ പരീക്ഷണങ്ങളിൽ ജയിക്കുന്നവനെ മാത്രമേ ദൈവത്തിന്റെ ആലയത്തിൽ തൂണാക്കുകയുള്ളു. ആ തൂണിൽ ദൈവകൃപകളുടേയും അത്ഭുതങ്ങളുടേയും ആലേഖനങ്ങളുമായി എന്നെന്നേയ്ക്കുമായി നിനക്കു നിൽക്കണ്ടേ?
എനിക്കാ തൂണാവേണ്ട, അച്ചോ!
അപ്പോൾപ്പിന്നെ നിനക്കു കിട്ടുന്നത് തെമ്മാടിക്കുഴിയായിരിക്കും. സ്വർഗ്ഗത്തിന്റെ പടിവാതിൽ പോലും നിനക്കവിടെ കിടന്നു സ്വപ്നം കാണാൻ കഴിയില്ല.
ഓ… അതിപ്പം ചത്തിട്ട് എന്നാ അറിയാനാ അച്ചോ?
നരകത്തിന്റെ നൂല്പാലങ്ങളും, അവയ്ക്കു താഴെ തിളച്ചൊഴുകുന്ന എണ്ണപ്പുഴകളും, കടിച്ചുകീറുന്ന ചെന്നായ്ക്കളും, ചെകുത്താന്മാരും, സർപ്പങ്ങളും നിന്നെ ഭയപ്പെടുത്തുന്നില്ലേ?
ഇല്ലച്ചോ. അതൊക്കെ നിങ്ങൾ പറഞ്ഞുവരപ്പിച്ച ഭീകരചിത്രങ്ങളല്ലേ?
താഴ് വരയിലെ തരിശായി കിടക്കുന്ന പഴയകാലവിളനിലങ്ങളിൽ നിന്ന് ഇപ്പോൾ മേഘങ്ങളിലേയ്ക്കെത്തിപ്പിടിക്കാനുയരുന്നത് അലസതയുടെ പുകത്തൂണുകൾ മാത്രം. തോട്ടുവെള്ളം തടഞ്ഞു നിറുത്തി കരിമ്പനപ്പാത്തികളിലൂടെ കടത്തി, കൈത്തോടുകളിലൂടെ ഒഴുക്കി, കണ്ടങ്ങളിലേയ്ക്ക് തിരിച്ചുവിട്ടു കുതിർത്തെടുക്കാൻ ഉറക്കമുപേക്ഷിച്ച് കാത്തിരുന്നൊരു കാലം ഓർമ്മയിൽ പരതിയാൽ പോലും കിട്ടാതായിരിക്കുന്നു.
റാഹേലിന്റെ പ്രാവിൻകണ്ണുകളിൽ നിന്ന്, മാതളപ്പഴം പോലെയുള്ള കവിള്ത്തടങ്ങളിൽ നിന്ന്, വീരപരിചകൾ തൂക്കിയ ദാവീദിന്റെ ഗോപുരം പോലെയുള്ള പിൻകഴുത്തിലെ ഇക്കിളികളിൽ നിന്ന്, താമരകൾക്കിടയിൽ മേയുന്ന ഇരട്ടമാൻകുട്ടികളെപ്പോലെയുള്ള മുലകൾക്കിടയിൽ നിന്ന്, തേന്കട്ട പൊഴിക്കുന്ന അധരപ്പൂട്ടിൽ നിന്ന് ഇറങ്ങിവരുന്ന ഒരു രാത്രി, നാടിനെ നടുക്കിയ കൊടുങ്കാറ്റിനും മഴയ്ക്കുമിടയിൽ പാറക്കെട്ടിൽ നിന്ന് കാലിടറി എസ്തപ്പാൻ താഴേയ്ക്കു പതിച്ചു.
നാട്ടുകാർ എസ്തപ്പാനെ അഗമ്യഗമനങ്ങളുടേയും അവിശ്വാസത്തിന്റേയും പുതുവസ്ത്രങ്ങളിടുവിച്ചു. നിഷേധത്തിന്റെ കൈയ്യുറകളിടുവിച്ചു. കൈകൾ നെഞ്ചത്തേയ്ക്ക് പിണച്ചുവച്ച് കുത്തുവാക്കുകളുടെ കുരിശു പിടിപ്പിച്ചു. തലയിൽ അനുസരണക്കേടിന്റെ മുൾമുടിവച്ചു.
സിമിത്തേരിക്കു പുറത്തെ തെമ്മാടിക്കുഴിയിലേയ്ക്കുള്ള അവസാനയാത്രയിൽ പൊന്കുരിശും, വെള്ളിക്കുരിശും, വർണ്ണക്കുടകളുമുണ്ടായിരുന്നില്ല. പുരോഹിതരുണ്ടായിരുന്നില്ല. ഗിലെയാദ് മലഞ്ചെരുവിൽ നിന്ന് വഴിതെറ്റിവന്ന ആടുകളെപ്പോലെ എട്ടോ പത്തോ പേർ. പാപത്തിന്റെ കല്ലേറുകൾ ഭയന്ന്, റാഹേൽ അകലെ ഒരു ആഞ്ഞിലിമരത്തിനു താഴെ തലമൂടി നിന്ന് കണ്ണീർ പൊഴിച്ചു.
ജീവിച്ചിരിക്കുമ്പോൾ അങ്ങേയറ്റം പീഡിപ്പിക്കപ്പെട്ടവർ പോലും അന്ത്യയാത്രകളിലും നിത്യനിദ്രകളിലും സന്തുഷ്ടരായിരുന്നു. ജീവിതനേട്ടങ്ങളുടേയും ആഭിജാത്യത്തിന്റേയും കണക്കെടുപ്പുകളിൽ കല്ലറകളുടെ ഭംഗിയും വലിപ്പവും അളന്നു ചേർക്കപ്പെട്ടു. കുടുംബക്കല്ലറകളുടെ മഹത്വങ്ങളെയോർത്ത് മരിച്ചവരുടേയും ജീവിച്ചിരിക്കുന്നവരുടേയും ആത്മാക്കൾ പുളകം കൊണ്ടു. കല്ലറകൾ പെരുകി.നേരിട്ടു മണ്ണിനെ തൊട്ടറിഞ്ഞു പോകേണ്ടവര് തിരക്കിലും കരുത്തിലും പിന്നിലായി. അന്ത്യയാത്രകൾ കല്ലറകളിലേയ്ക്കല്ലാതാവുന്നതോർത്ത് ചില പാവങ്ങൾ നിതാന്തദു:ഖിതരായിരുന്നു. സ്ഥലം തികയാതെ വന്നതിനാൽ, തൊട്ടടുത്തുള്ള മുക്കാലേക്കറുകൂടി പള്ളി വിലയ്ക്കു വാങ്ങി മതിലുകൾ മാറ്റിപ്പണിതു. ഇനി കുറേക്കാലത്തേയ്ക്ക് പ്രശ്നങ്ങളില്ലല്ലോ എന്ന് ഇടവകക്കാർ സമാധാനം കൊണ്ടു.
ഇതൊന്നുമറിയാതെ എസ്തപ്പാൻ ഉറങ്ങിക്കിടക്കുകയായിരുന്നു. അങ്ങനെ, ആയിരത്തി നാനൂറ്റി എഴുപത്തിരണ്ടാം നാൾ അടുത്തെവിടെയോ ഭൂമി കൊത്തിമുറിക്കുന്ന ശബ്ദമാണ് എസ്തപ്പാനെ ഉണർത്തിയത്.അവൻ അത്ഭുതം കൊണ്ടു.ആരാണ് എനിക്കായി തെമ്മാടിക്കുഴിയിലേയ്ക്ക് കൂട്ടിനെത്തുന്നത്? ഗ്രനൈറ്റ് പാകി പെട്ടെന്നു തീർത്ത കല്ലറയിലേയ്ക്ക് ആരാണ് ഈട്ടിപ്പെട്ടിയിൽ ഇറങ്ങിവരുന്നത്? അവൻ അത്ഭുതം കൂറിയ കണ്ണുകള് വ്യക്തമായ കാഴ്ചകൾക്കായി വീണ്ടും വീണ്ടും തുറന്നടച്ചു. കല്ലറ മൂടി, വന്നവരൊക്കെ മടങ്ങി. വെറും പച്ചമണ്ണിന്റെ കിരുകിരുപ്പിൽ അവൻ ഉറക്കം തൂങ്ങിയിരുന്നു. രാത്രി ഉണർന്നു വലത്തോട്ടു തിരിഞ്ഞ് നോക്കുമ്പോൾ എസ്തപ്പാൻ ഞെട്ടി.
അച്ചോ…ഞാനിതെന്നാ ഈ കാണണെ? അച്ചനും ഇഞ്ഞോട്ടു പോന്നോ?
മനയ്ക്കപ്പാടത്തച്ചന് അപ്പോഴും പുഞ്ചിരിയായിരുന്നു. തലേദിവസം, ജീവിച്ചിരിക്കുന്നവരോടൊപ്പമുള്ള ലോകത്ത് ഉറക്കത്തിൽ ബാക്കി വച്ച അതേ പുഞ്ചിരി. കണ്ണുകൾ അപ്പോഴും അടഞ്ഞുതന്നെ ഇരുന്നു.
പക്ഷേ, അച്ചൻ സംസാരിക്കാൻ തുടങ്ങിയിരുന്നു.
നീ നേരേ കിടന്ന് ആകാശത്തേയ്ക്ക് നോക്കിക്കേ. അത്തിമരത്തിലെ പഴങ്ങൾ വീണുകിടക്കുന്നതു പോലെയുള്ള നക്ഷത്രങ്ങളെ കാണുന്നില്ലേ? ദൈവത്തിന്റെ വലംകൈ അദ്ഭുതങ്ങൾ പ്രവർത്തിക്കുകയാണ്. പകൽനേരത്തു നമുക്കുമേൽ ചൊരിയപ്പെട്ട അവിടുത്തെ ദയാവായ്പ്പുകൾക്ക് മറുപടിയായി നമുക്കിനി രാത്രികളിൽ സങ്കീർത്തനങ്ങൾ പാടിക്കൊണ്ടിരിക്കാം.
എനിക്കൊന്നും മനസ്സിലാകുന്നില്ലച്ചോ.
എസ്തപ്പാൻ പറഞ്ഞു.
അച്ചൻ തുടർന്നു.
അവൻ ന്യായത്തിന്റെ പാതകൾ ആത്യന്തികമായി കാക്കുന്നതിന്റെ തെളിവല്ലേ ഇത്, എസ്തപ്പാനേ? വഴിതെറ്റി മേഞ്ഞ നിന്നെ മനസ്സില്ലാമനസ്സോടെയാണ് ഞാൻ തെമ്മാടിക്കുഴിയിലേയ്ക്കു നയിച്ചത്. പശ്ചാത്തപിക്കാൻ നിനക്കിടം നൽകാതെയല്ലേ നിന്നെ ദൈവം പെട്ടെന്നു വിളിച്ചത്! എന്നിട്ടും ഒരന്ത്യചുംബനം പോലും നൽകി നിന്റെ ആത്മാവിനെ ശുദ്ധീകരിക്കാൻ എനിക്കു കഴിഞ്ഞില്ലല്ലോ. ഇടവകയുടെ കല്ലേറിനാലും പരുഷവാക്കുകളാലും എനിക്കു നിന്നെ ഇങ്ങോട്ടേയ്ക്കു വിടേണ്ടി വന്നു.
തെളിയാതെ പോയ കളവുകളും അപഥസഞ്ചാരചരിത്രങ്ങളും അവർ നിന്റെ പുതുവസ്തങ്ങളിലൊളിപ്പിച്ചാണ് നിന്നെ പെട്ടിയിലാക്കിയത്. അവയിൽ നിന്നൊക്കെ നിന്നെ പറിച്ചെടുക്കാൻ… നിന്നെ മോചിപ്പിക്കാൻ എനിക്കായില്ലല്ലോ, മകനേ. അങ്ങനെ ജനക്കൂട്ടത്തിനു മുമ്പിലേയ്ക്ക് നിന്നെ വിട്ടു കൊടുത്ത് ഞാൻ കൈകൾ കഴുകി വൃത്തിയാക്കി. പക്ഷേ, നീ ഇപ്പോൾ മോചിതനായിരിക്കുന്നു, എസ്തപ്പാനേ.
ഒന്നു തെളിച്ചുപറയെന്റെ അച്ചോ.
ഒരിക്കലും ശാന്തമാകാതിരുന്ന മനസ്സുകൾ ഇന്നെത്ര സമാധാനത്തോടെയാണ് ഇവിടെ ഉറങ്ങുന്നത്! നേരിട്ട്, മണ്ണിന്റെ വിരിമാറിലല്ലേ നീ തലവച്ചു കിടക്കുന്നത്! നിന്റെ സ്വാതന്ത്ര്യത്തിനു മേൽ കല്ലറയുടെ കരിങ്കൽ ഭിത്തികൾ പണിതിട്ടില്ലല്ലോ. എനിക്ക് നിന്നോടിപ്പം അസൂയ തോന്നുന്നെടാ എസ്തപ്പാനേ….
ഈ അച്ചന്റെ ഒരു കാര്യേ….പോയി പണി നോക്ക്.
എസ്തപ്പാൻ ദേഷ്യത്തോടെ ഇടത്തോട്ട് തിരിഞ്ഞു കിടന്നു.
അച്ചൻ പറഞ്ഞു.
പെണങ്ങാതെടാ…. ഞാൻ പറയാം.
നീ ഇപ്പം തെമ്മാടിക്കുഴീലല്ല. കല്ലറകൾ കൂടിക്കൂടി സ്ഥലമില്ലാതെ വന്നപ്പോ, സിമിത്തേരീടെ വിസ്താരം കൂട്ടി. അങ്ങനെ നീ മുഖ്യധാരയിലോട്ട് ചേർക്കപ്പെട്ടു.
ഇതെന്നാ അച്ചനീ പറേന്നെ? ഒള്ളതാണോ?
എസ്തപ്പാനു തീരെ വിശ്വാസം വന്നില്ല.
ആണെടാ. മാത്രമല്ല. ഇപ്പം തെമ്മാടിക്കുഴികൾ ഒരിടത്തുമില്ല.
അതെന്നാച്ചോ?
സഭാചട്ടങ്ങളിൽ ദഹിപ്പിക്കലിനും അനുമതിയായി. അല്ലെങ്കിലും, ഇനീപ്പം കുഴീം കുഴിച്ചിരുന്നാ തെമ്മാടികളെ കിട്ടുന്ന കാലം കഴിഞ്ഞു.അവരു വല്ല പൊതുശ്മശാനത്തിലേയ്ക്കോ, കറന്റുവച്ച് കത്തിക്കുനെടത്തേക്കോ ഒക്കെ പോകും. മനുഷ്യനിപ്പോ തീയോടൊന്നും അത്ര പേടീം ഇല്ല. അവിടെയാണേ ജാതിയൊന്നും നോക്കത്തില്ല. എല്ലാർക്കും മുഖ്യധാരാമരണത്തിന്റെ റീത്തുകളാ. എങ്ങനെ വേണോന്നു പറഞ്ഞാമതി. കത്തിക്കണോങ്കി അത്. അതല്ല കുഴിച്ചിട്ടാ മതിയെങ്കി അത്. അപ്പം നമ്മളിവിടെ തെമ്മാടിക്കുഴീന്ന് ബോർഡും വച്ച് തിരീം കത്തിച്ച് ഇരുന്നാ വെറുതേ മഞ്ഞു കൊള്ളാന്നു മാത്രം.
ഹിയ്യേ…..
എസ്തപ്പാൻ അലറിവിളിച്ചു.
എന്റെ എടത്ത് ക്വാറി മൊതലാളി, മണലൂറ്റുകാരൻ പ്ലാപ്പറമ്പീ കോഴിമാത്തച്ചൻ…. ഇപ്പം വലത്താണെങ്കി മനയ്ക്കപ്പാടത്തച്ചൻ.
കൈകളിൽ ആണിപ്പഴുത് കാണാതെയും, വിലാപ്പുറത്ത് കൈതൊട്ടുകാണാതെയും വിശ്വസിക്കാതിരുന്ന ഞാനിപ്പോൾ സത്യവിശ്വാസിയായിരിക്കുന്നു. അവർ ചെയ്യുന്നതൊക്കെയേ ഞാനും ചെയ്തുള്ളു. പിതാവേ അങ്ങ് എന്നെയറിയുകയും ഞാനങ്ങയെ അറിയുകയും ചെയ്തിട്ടും അങ്ങ് എന്റെ വശം ചേർന്ന് നിന്നില്ലല്ലോ!
മനയ്ക്കപ്പാടത്തച്ചൻ ഒന്നും മിണ്ടാനാവാതെ കാലുകള്ക്കിടയിലേയ്ക്ക് മുഖം പൂഴ്ത്തി ഇരുന്നു.
രൂപരഹിതവും ശൂന്യവുമായ ഭൂമിക്കുമേൽ വ്യാപിച്ചിരുന്ന ഇരുളിനെ നോക്കി, കോഴി കൂവുന്നതും ആദ്യകിരണങ്ങളുണരുന്നതും കാത്ത് എസ്തപ്പാൻ ഇരുന്നു.
Suresh Nellikode
4408 Fairview Street
Burlington, Ontario
Canada L7L 6S8
Tel : 001 905 635 4912 (R)
Be the first to write a comment.