ബുദ്ധ, ജൈന മതക്കാരെ മലർത്തിയടിച്ച് ശ്രീശങ്കരൻ ആസേതുഹിമാചലം ചുറ്റിയടിക്കുന്ന കാലം. നാഗാർജ്ജുനൻ, ഭവ്യൻ, ശാന്തിദേവൻ മുതലായ പ്രപഞ്ചശൂന്യവാദികളുടെ അനുയായികളെ അദ്ദേഹം വാദപ്രതിവാദങ്ങളിൽ മുട്ടുകുത്തിച്ചു. താരാനാഥൻ, പരമസേനൻ, സമ്യക്‌സത്യൻ തുടങ്ങിയവരുടെ  ശിഷ്യന്മാരായ വിജ്ഞാനവാദികളും ഒന്നൊന്നായി തറപറ്റി. വേദങ്ങളിൽ നിന്ന് തലങ്ങും വിലങ്ങും ഉദ്ധരിച്ച് മുന്നിൽ വന്ന് പെട്ടവരെയെല്ലാം ആചാര്യൻ പരിഭ്രാന്തരാക്കി. സ്വന്തം യുക്തിയേയും അനുഭവത്തെയും നിന്ദിച്ച് മതം മാറുകയല്ലാതെ എതിരാളികൾക്ക് മറ്റു വഴികളുണ്ടായിരുന്നില്ല.

മേൽത്തട്ടിലിരിക്കുന്ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യവർണ്ണങ്ങൾ ശങ്കരദിഗ്‌വിജയം അതിഗംഭീരം! എന്ന് തലകുലുക്കി. ബ്രഹ്മസൂത്രഭാഷ്യത്തിലെ അപശൂദ്രാധികരണമാണ് അവരെ ഹഠദാകർഷിച്ചത്. മനു പറഞ്ഞതെല്ലാം ഔഷധമത്രെഎന്ന് ശങ്കരൻ തീർപ്പ് കല്പിച്ചിരിക്കുന്നു. അതിനാൽ വിടുപണി ശൂദ്രന് ജന്മസിദ്ധമാണ്. മോക്ഷം അധഃസ്ഥിതർക്ക് പറഞ്ഞിട്ടുളളതല്ല. ഇരിപ്പിലോ നടപ്പിലോ സംസാരത്തിലോ ഉയർന്ന ജാതിക്കാരുമായി തുല്യത വേണമെന്ന് ആഗ്രിച്ച് പോയാൽ ആ നിമിഷം അവരെ വധിച്ചു കളയാം. ബഹുഭൂരിപക്ഷം വരുന്ന നീചന്മാർ അധ്വാനിച്ചുണ്ടാക്കുന്ന മിച്ചം രാജാവിനും പൂജാരിക്കും കച്ചവടക്കാരനും പങ്കിട്ടെടുക്കാവുന്നതുമാണ്. പദയാത്രയിൽ ഉടനീളം ശങ്കരനു വമ്പൻ വരവേൽപ്പുകളായിരുന്നു. രാജാക്കന്മാർ കൊടുക്കുന്ന കിഴിക്കും കല്പനക്കും അനുസരിച്ച് വിദ്വാന്മാർ ദാർശനിക കുഴലൂത്തുകൾ നടത്തി.

കൂട്ടത്തിൽ ശങ്കരൻ നാലഞ്ച് മഠങ്ങളും സ്ഥാപിച്ചു. മുഴുവൻ സമയ സന്നദ്ധസേവകരെയും സന്ന്യാസിമാരെയും ഏർപ്പാടാക്കി. സംഘതത്വങ്ങൾ മഹായാന പ്രസ്ഥാനക്കാരുടെ മട്ടിൽ തന്നെ. പ്രച്ഛന്നബുദ്ധനെന്ന് പലരും പരിഹസിച്ചത് കേട്ടതായി ഭാവിച്ചില്ല.

ഒരാൾ മാത്രം ശങ്കരന് പിടികൊടുക്കാതെ നടന്നു. അമരകോശത്തിന്റെ കർത്താവായ അമരസിംഹൻ. എല്ലാറ്റിലും ദു:ഖം ഉണ്ട്. അതില്ലാതാക്കാൻ വഴിയെന്ത്? പ്രതീത്യസമുൽപാദകമെന്ന കാര്യകാരണനിയമം കൊണ്ട് മാത്രം രക്ഷപ്പടുമോ?’ എന്നൊക്കെ ആലോചിച്ച് നടക്കുകയായിരുന്നു അമരസിംഹൻ. ഒരു നട്ടുച്ചക്ക്, കുന്നിൻ പുറത്തുളള തന്റെ വിഹാരത്തിലേക്ക് തിരിയുന്ന മുക്കൂട്ട്‌പെരുവഴിയിൽ വെച്ച്ശങ്കരൻ അയാളെ തടഞ്ഞു.

നിങ്ങൾക്ക് തർക്കത്തിൽ വിശ്വാസമില്ലേ?

അമരസിംഹൻ ചിരിച്ചു: തർക്കങ്ങളും പ്രമാണങ്ങളും വേദാന്തദൃഷ്ടിയിൽ നിഷ്പ്രയോജനമെന്ന് നിങ്ങൾ തന്നെ പറയുന്നു. ഞാനെന്റെ പാട്ടിന് പോകട്ടെ.

ശങ്കരൻ കയ്യിലുളള ദണ്ഡ് കുലുക്കി. അത് പറ്റില്ല… നിങ്ങളെ മാത്രമെ എനിക്കിനി കീഴ്‌പ്പെടുത്താനുളളൂ. ദേവീദേവാർക്ക് പര്യായശബ്ദങ്ങളെഴുതുന്ന വൈയാകരണന് ഭയമെന്തിന്?’

പേടി കൊണ്ടല്ല. അമരസിംഹൻ പറഞ്ഞു. അടിമുടി അസത്യവും പരസ്പരവിരുദ്ധവും ആവർത്തനങ്ങളുമായ നിങ്ങളുടെ സ്മൃതികളും ശ്രുതികളും ഭാഷാശാസ്ത്രജ്ഞൻമാർക്ക് വലിയ താൽപ്പര്യമുണ്ടാക്കുന്നതല്ല.

ശങ്കരൻ വിട്ടില്ല. അങ്ങിനെ പറഞ്ഞാലെങ്ങനെ? ഇപ്പറഞ്ഞ അപവാദങ്ങൾ നിങ്ങൾ വാദിച്ച് തെളിയിക്കാൻ തയ്യാറാണോ?

അമരസിംഹൻ അല്പം ആലോചിച്ചു. ആകട്ടെ… അന്യരുടെ യാഥാർത്ഥ്യത്തെ അംഗീകരിക്കാനുളള സഹിഷ്ണുത നിങ്ങൾക്ക് ലവലേശമില്ലെന്ന് എനിക്കറിയാം. എന്നിരിക്കെ തലനാരിഴ കീറിയുളള ചർച്ചയിൽ കാര്യമെന്ത്? എങ്കിലും ഞാൻ തയ്യാർ. പക്ഷേ, ഒന്നു്…

അതെന്താ? ശങ്കരൻ പുരികം ചുളിച്ചു.

സംവാദം നടക്കുന്ന സമയത്ത് നാം പരസ്പരം കാണരുത്. ഒരു മറ കെട്ടണം. ആ മറയുടെ ഇരുപുറവുമിരുന്ന് നമ്മൾ തർക്കിക്കും. സമ്മതമാണോ?

ത്രികാലജ്ഞാനം കൊണ്ട് ഗണിച്ചിട്ടും അമരസിംഹന്റെ ഉളളിലിരുപ്പ് ശങ്കരന് കണ്ടെത്താനായില്ല. എങ്കിലും ശത്രുവിനെ തകർക്കാനുളള വീറിൽ, മറ കെട്ടിയാലേ മിണ്ടുകയുളളൂ എന്ന അമരസിംഹന്റെ വാശിക്ക് വഴങ്ങി. പിറ്റേന്ന് വൈകുന്നേരം, നിശ്ചയിച്ചുറപ്പിച്ചതിൻപടി ശങ്കരനും പരിവാരങ്ങളും അമരസിംഹൻ പാർക്കുന്ന കുന്നിൻപുറത്തെ വിഹാരത്തിലെത്തി.  അതിഥികൾക്ക് പാലും പഴവും മോദകവും നൽകി സത്ക്കരിച്ചതിനു ശേഷം  അമരസിംഹൻ സംവാദം നടത്താനുളള അറയിലേക്ക് ശങ്കരനെ നയിച്ചു.

മുറിയുടെ നടുക്ക് വലിച്ചു കെട്ടിയ ഒരു വെളളത്തുണി. ഇരുഭാഗത്തും ഓരോ പീഠം. അരികിൽ കൂജയിൽ നിറച്ച ജലം. ഒരു ചെരാതിൽ മരോട്ടിയെണ്ണയൊഴിച്ച് തിരി കൊളുത്തിയിട്ടുണ്ട്. മറ്റൊന്നുമില്ല.

അപ്രകാരം  മൂവന്തിയടയുന്ന ശുഭവേളയിൽ  ശങ്കരനും അമരസിംഹനും തർക്കം ആരംഭിച്ചു.

*  *  *   *  *  *   *    *   *   *   *

അവ്യക്തരൂപങ്ങൾ തെളിയുന്ന വെളുത്ത ശീലയിലേക്ക് നോക്കി ശങ്കരൻ ചോദിച്ചു:

ആത്മാവിനെക്കുറിച്ച് നിങ്ങളുടെ ധാരണയെന്താണ്?

ആത്മാവ് എന്നൊന്നില്ല. സോമമദ്യം കഴിച്ച അമിതരസത്തിൽ ഉണ്ടാകുന്ന ചില തോന്നലുകളാണത്.

അപ്പോൾ പ്രപഞ്ചത്തിന് ആദികാരണമില്ലെന്നാണോ?

അചേതനമായ പ്രകൃതി സ്വതന്ത്രമായ പ്രപഞ്ചകാരണമാണ്.

നിങ്ങളിപ്പറയുന്നത് വേദത്തിന് വിരുദ്ധമാണ്.

യജ്ഞത്തിൽ കൊല്ലുന്ന മൃഗത്തിന്റെ മാംസം തിന്നാനും പണം കിട്ടാനും ആർത്തി പൂണ്ട പുരോഹിതന്മാർ പറയുന്നത് അവരുടെ വയറ്റ്പിഴപ്പ്. അഗ്നിഹോത്രം, മൂന്ന് വേദങ്ങൾ, ഭസ്മം പൂശൽ ഇതൊക്കെ ബുദ്ധിയും പൗരുഷവും കെട്ടവർ പടച്ചുണ്ടാക്കിയ ഏർപ്പാടുകളാണെന്ന് ബൃഹസ്പതി പറഞ്ഞതാണ് ശരി.

ശങ്കരന് ശുണ്ഠി വരാൻ തുടങ്ങി.

അപ്പോൾ യാഗവും പൂജയും വേണ്ടെന്നാണോ?

നിങ്ങൾ ജർഫരീ, തുർഫരീ എന്നൊക്കെ വായിൽ തോന്നിയത് പറയുന്നു. അശ്വമേധത്തിൽ രാജ്ഞി കുതിരയുടെ ലിംഗം ഗ്രഹിക്കണമെന്ന വൈകൃതം വേറെ.

ആളുകൾക്ക് സ്വർഗ്ഗവും മോക്ഷവും നിഷേധിക്കുകയാണ് നിങ്ങൾ.

യാഗത്തിന് കൊല്ലുന്ന മൃഗത്തിന് മോക്ഷം കിട്ടുമെങ്കിൽ അത് ചെയ്യുന്നവൻ സ്വന്തം അച്ഛനെ കൊന്ന്  സ്വർഗ്ഗത്തിൽ പറഞ്ഞയക്കാത്തതെന്ത്? കാരണം അങ്ങനെ ലഭിക്കുന്ന സ്വർഗ്ഗവുമില്ല; മോക്ഷവുമില്ല; പരലോകസംബന്ധിയായ ആത്മാവുമില്ല. ശേഷക്രിയകളും വർണ്ണധർമ്മകർമ്മങ്ങളും ബ്രാഹ്മണർക്ക് വെറുതെയിരുന്ന്  തിന്നാനുളള തട്ടിപ്പുകൾ!  ആർക്കാണിതെല്ലാം അറിയാത്തത്?

യോഗജ്ഞാനം ലഭിക്കാത്തത് കൊണ്ടാണ് നിങ്ങളിങ്ങനെ പുലമ്പുന്നത്.

നിങ്ങളീപ്പറയുന്ന യോഗജ്ഞാനം ഈ ജന്മത്തിൽ ആർക്കും ലഭിക്കുമെന്ന്  തോന്നുന്നില്ല. യോഗിയുടെ നിലയിലെത്തിയെന്ന് ഒരാൾ സ്വയം പറഞ്ഞാൽ മതിയോ? അയാൾക്കെന്താണ് സംഭവിക്കുന്നതെന്ന് മറ്റാർക്കുമറിയില്ല. കാഷായമുടുത്ത കള്ളന്മാർ കൊട്ടിഘോഷിക്കുന്ന അലൗകികാനുഭവം വെറും സങ്കല്പമാണ്.

അപ്പോൾ നിങ്ങളെ സംബന്ധിച്ചിടത്തോളം പ്രാഥമികമായിട്ടുളളതെന്താണ്?

പദാർത്ഥം തന്നെ പ്രാഥമികം. എല്ലാം പ്രകൃതിയുടെ സ്വഭാവമാണ്. ബോധം അതിൽ നിന്ന് ഉത്പന്നമാകുന്നു. ബോധം ശരീരത്തിന്റെ ഗുണമാണ്. ഇല്ലാത്ത ആത്മാവിന്റെ ഗുണമല്ല.

അങ്ങിനെയാണെങ്കിൽ ശരീരം നശിച്ചാൽ പിന്നെയൊന്നുമില്ലെന്നാകും.

ശരീരത്തിന്റെ വിപരീതമായ മൃതശരീരം ആരംഭിക്കും.

അമരസിംഹൻ! അനുഭവമായതെല്ലാം മിഥ്യയാണ്. നിങ്ങളിൽ തന്നെയുളള അവിദ്യ എന്ന ദോഷം കാരണം ജഗന്മിഥ്യാത്വം നിങ്ങൾ തിരച്ചറിയാതെ പോകുന്നു. പാരമാർത്ഥികസത്യം മറ്റൊന്നാണ്.

നമ്മൾ തർക്കം തുടങ്ങും മുമ്പ് പാലും പഴവും കഴിച്ചല്ലോ. അത് മിഥ്യയാണോ? ഇപ്പോൾ ഇടയ്ക്കിടെ നിങ്ങൾ വെളളം കുടിക്കുന്നു. അതും അയാഥാർത്ഥമാണോ? വിശക്കുമ്പോൾ മൂന്നുനേരവും മൂക്കറ്റം തട്ടുന്നതെന്തിന്? നശ്വരമായ അവിദ്യയുടെ സൃഷ്ടിയാണ് ഭക്ഷണമെങ്കിൽ നിങ്ങൾക്ക് ഊണ് ഉപേക്ഷിക്കാമോ?

എന്റെ അദ്വൈതത്തിൽ വിശപ്പും ദാഹവും വ്യവഹാരികസത്യത്തിന്റെ താഴ്ന്ന നിലയിലാണ് നില്ക്കുന്നത്.

നാഗാർജ്ജുനൻ പറയുന്ന ലോകസംവൃതിയും അതാണ്. പ്രായോഗിക ജീവിതത്തിന്റെ സങ്കുചിത യാഥാർത്ഥ്യമെന്നെങ്കിലും  വിശപ്പിനെ അംഗീകരിച്ചില്ലെങ്കിൽ ജഗദ്ഗുരുവിന്റെ ജീവൻ പോകും. ഇക്കാണുന്ന ലോകം മായയാണെന്ന് നിങ്ങൾ പറയുന്നു. എങ്കിൽ പിന്നെ സൃഷ്ടികർത്താവായ ഒരു ഈശ്വരന്റെ കാര്യമെന്ത്? മിഥ്യയെ സൃഷ്ടിക്കുന്ന ബ്രഹ്മത്തിന് സ്ഥാനമെവിടെ? വലിച്ച് നീട്ടിയാൽ നിങ്ങളുടെ അദ്വൈതവേദാന്തവും നിരീശ്വരവാദപരമാണ്. ഭീമാചാര്യൻ ന്യായകോശത്തിൽ പറഞ്ഞതാണ് ന്യായം.

മായാവാദീ വേദാന്ത്യപിനാസ്തിക ഏവ പര്യവസാനേ സമ്പദ്യതേ. (അന്തിമപരിഗണനയിൽ മായാവാദിയായ വേദാന്തിയും നാസ്തികൻ തന്നെ.)

ഉപനിഷത്തിൽ എല്ലാം പറഞ്ഞിട്ടു്. അതിനപ്പുറം ഒന്നുമില്ല.
ശങ്കരൻ ഉദാസീനത ഭാവിച്ചു.

പരബ്രഹ്മമുണ്ടെന്ന് വാദത്തിന് സമ്മതിക്കുന്നു. എങ്കിൽ പിന്നെ കർമ്മങ്ങൾ ചെയ്യുന്നതെന്തിന്? എല്ലാം അതിന്റെ വഴിക്ക് നടന്നുകൊളളും. കാണിക്ക നൽകാതെ കാര്യങ്ങൾ സാധിക്കില്ലെങ്കിൽ നിങ്ങളുടെ ഈശ്വരൻ ദയാശൂന്യനാണെന്ന് വന്ന് കൂടുന്നു.

താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന മുഷ്‌ക്കിൽ ശങ്കരൻ ഒന്നുകൂടി പയറ്റി.

വസ്തുക്കളുടെ യഥാർത്ഥസ്വഭാവം അജ്ഞാതമാണ്. അതിനാൽ അവ നിലനിൽക്കുന്നില്ല. വന്ധ്യാപുത്രൻ എന്ന അസംഭാവ്യത പോലെ അയഥാർത്ഥമാണ് ലോകം. പരാമാർത്ഥിക  അദ്വൈതസത്യം അതിനൊക്കെ അപ്പുറമാണ്. നിങ്ങളുടെ പ്രതിഭ അതിന്റെ കാര്യനിശ്ചയത്തിന് പ്രാപ്തമല്ല.

അമരസിംഹൻ പൊട്ടിച്ചിരിച്ചു.
കൊളളാം… ഗംഭീരമായ എന്തോ ഒന്ന് എഴുന്നളളിച്ചെന്ന് നിങ്ങൾ കരുതുന്നുണ്ടാകും. ഈ വാചകമടി എന്നിൽ ഏശില്ല. കാരണം ഞാൻ പരിശോധിക്കുന്നത് പദനിഷ്പത്തിശാസ്ത്രമാണ്. വാക്കുകളുടെ ഉത്ഭവവും തത്ഭവവും. സർവ്വം മിഥ്യയാണെങ്കിൽ നിങ്ങളുടെ പ്രമാണങ്ങളും മിഥ്യയാണ്. നേതി നേതി എന്ന ജല്പനം കൊണ്ട് മാത്രം വിശേഷിപ്പിക്കുന്ന ഒന്നിനെ ആലോചന കൊണ്ട് പരിശോധിക്കുന്നതെങ്ങിനെ? ആത്മരതി ചിന്താപരമായ ഔന്നത്യമെന്ന് അറിവുളളവർ കരുതുകയുമില്ല.

നിങ്ങളുടെ തർക്കബുദ്ധി വേദവിരുദ്ധമാണ്. ശങ്കരൻ ദുർബലസ്വരത്തിൽ പിറുപിറുത്തു.

വഴിയെ വെറുതെ പോകുന്ന എന്നെ തർക്കത്തിന് വലിച്ചിഴച്ചത് നിങ്ങളാണ്. അതിന് കാരണം സത്യാഭാസങ്ങളാൽ സകലരെയും കീഴ്‌പ്പെടുത്താമെന്ന നിങ്ങളുടെ ധാർഷ്ട്യവും. സമ്പത്ത്, പ്രശസ്തി, യുദ്ധവിജയം എന്നിവയിലുളള ആസക്തി. അത് കിട്ടാതെ വരുമ്പോഴുളള ഭയചിന്തകൾ. ഇതൊക്കെത്തന്നെയാണ് നിങ്ങളുടെ രഹസ്യവിജ്ഞാനത്തിന്റെ ഉളളുകളളികൾ.

മൗനം ഭൂഷണമാക്കി ജഗദ്ഗുരു മറയിലേക്ക് തുറിച്ച് നോക്കിയിരുന്നു.

അമരസിംഹൻ നിർത്താനുളള ഭാവമുണ്ടായിരുന്നില്ല.
ഗോത്രഗണങ്ങളെ നശിപ്പിക്കുന്ന രാജാക്കന്മാർ. പണയം, പലിശ, ഊഹക്കച്ചവടം എന്നിവയിലൂടെ ജനങ്ങളെ കൊളളയടിക്കുന്ന കച്ചവടക്കാർ. ഈശ്വരകോപത്തിന്റെ പേരും പറഞ്ഞ് ആളുകളെ അടക്കി നിർത്തുന്ന പൂജാരികൾ. ഇതൊക്കെയാണ് ഞാൻ ചുറ്റും കാണുന്ന ലോകയാഥാർത്ഥ്യം. മേലേക്കിടയിലുളളവരുടെ ജീവിതസുഖത്തിന് വേണ്ടി നടുവൊടിഞ്ഞ് പണിയെടുക്കുക… അല്ലാതെ ജനത്തിന് മറ്റെന്ത് മോക്ഷമാർഗ്ഗം? അവരെ യഥേഷ്ടം പുറന്തളളുകയോ  കൊല്ലുകയോ ചെയ്യാമെന്ന് ഐതരേയബ്രാഹ്മണത്തിൽ എഴുതിവെച്ചിട്ടുമുണ്ട്. ഒരു ശൂദ്രഭാരതം വന്നാൽ നിങ്ങളെന്തു ചെയ്യും, ഹേ! പറയൻ വേദം പഠിച്ചാൽ പൊളിയുന്നതാണോ നിങ്ങളുടെ ബ്രഹ്മസൂത്രം?

ക്രുദ്ധനായ ശങ്കരൻ പീഠം തട്ടിമറിച്ചെഴുന്നേറ്റു. മുന്നോട്ട് കുതിച്ച് മറ വലിച്ച് മാറ്റി.

മറയ്ക്കപ്പുറത്ത് അമരസിംഹൻ ചുമരിൽ ചാരിയിരുന്ന് ഉറങ്ങുകയായിരുന്നു. നാമലിംഗാനുശാസനകർത്താവിന്റെ വാമഭാഗത്തിരിക്കുന്ന സാക്ഷാൽ സരസ്വതീദേവിയെ കണ്ട് ശങ്കരൻ നെറുകിൽ കൈ വെച്ചു. അപ്പോൾ ഇത്രയും നേരം അമരസിംഹന്റെ സ്വരത്തിൽ തന്റെ മർമ്മം നോക്കി പൂശിയത് ഇവൾ തന്നെ.

സങ്കടം സഹിക്കാഞ്ഞ് ശങ്കരൻ ആക്രോശിച്ചു:

എടീ *#*#*#*… (ശങ്കരൻ സംസ്‌കൃതത്തിൽ നിന്ന് മാറി പൈശാചിയിൽ ചില പദങ്ങൾ പറഞ്ഞു.) എന്നെ വിട്ട് നീ ഒരു ബൗദ്ധന്റെ കൂടെ പോയോ!

അപമാനിതയായ സരസ്വതി തൽക്ഷണം അപ്രത്യക്ഷയായി.

ശരി, നിങ്ങൾ ജയിച്ചിരിക്കുന്നു. പക്ഷെ, മതം മാറാൻ എന്നെ കിട്ടില്ല. അമരസിംഹൻ അറ വിട്ട് പുറത്തിറങ്ങി. ആരും കാണാതെ ബുദ്ധവിഹാരത്തിന് പുറകിലുളള  കൊടുങ്കാട്ടിലേക്ക് നടന്നു. വനാന്തരങ്ങളിൽ അലഞ്ഞ് തിരിഞ്ഞും പട്ടിണി കിടന്നും പ്രാണൻ കളയാനായിരുന്നു തീരുമാനം.

നേരം പുലർന്നു. അവസാനത്തെ ബൗദ്ധവിശ്വാസിയുടെയും വേരറുത്തതായി ശങ്കരൻ കുന്നിൻ മുകളിൽ നിന്ന് പ്രഖ്യാപിച്ചു. താഴ്‌വാരത്തിൽ കാത്തു നിന്നിരുന്ന അനുയായികൾ വിഹാരത്തിലേക്ക് ഇരച്ച് കയറി. ഹിംസിക്കരുതെന്ന് കൈകൂപ്പിയ മുഴുവൻ ഭിക്ഷുക്കളെയും വെട്ടിയും കുത്തിയും കൊന്നു. ഭിക്ഷുണികളെ കൂട്ടബലാത്ക്കാരം ചെയ്തു. ഗർഭിണികളുടെ വയർ പിളർന്ന് അവിശ്വാസികളുടെ പിറവി തടഞ്ഞു. കുട്ടികളെ ശൂലത്തിൽ തറച്ച് വഴിവക്കത്ത് നാട്ടി. ബുദ്ധപ്രതിമകൾ തല്ലി തകർത്തു. അമരസിംഹന്റെ ബൃഹത്തായ ഗ്രന്ഥപ്പുരക്ക് തീയിട്ടു. കാലക്രമേണ, ആളുകൾ ആ സ്ഥലത്തിന്റെ പേര് മാറ്റി പൊഡ്ഡിക്കുന്ന് എന്ന് വിളിക്കാൻ തുടങ്ങി. വേശ്യകളുടെ കുന്ന് എന്ന് അർത്ഥം പറയാം.

*  *  *   *  *  *   *    *   *   *   *

മിളിന്ദപ്രശ്‌നത്തിൽ നാഗസേനൻ രാജാവിന്റെ സംശയം തീർത്തത് ശരിയാണെങ്കിൽ ഒരു വിളക്കിൽ നിന്ന് മറ്റൊന്ന് കൊളുത്തുന്നത് പോലെ പുനർജ്ജൻമമുണ്ട്. ദേഹാന്തരപ്രാപ്തിയില്ലെങ്കിലും.

ശങ്കർജിക്ക് ഒട്ടേറെ പുനരവതാരങ്ങളുണ്ടായിരുന്നു. ആയിരം പത്തിയുളള അനന്തൻ തല പൊക്കിയാടും വിധം. അന്നേരം അനേകം ഇരട്ടനാവുകൾ വെറുപ്പിന്റെ വിഷം തുപ്പി. മറ, അമ്പത്തിയാറിഞ്ച് ഫ്ലാറ്റ് ടി.വി സ്‌ക്രീനുകളായി. ശത്രു, ഭീഷണി, സ്ഫോടനം എന്നീ പ്രകാരം പാരനോയിക് വിഭ്രാന്തികൾ 24 x 7 ചാനലുകൾ അനന്തമായി ആവർത്തിച്ചു. ആൾക്കൂട്ടങ്ങൾ അപരന്റെ രക്തത്തിൽ അഴിഞ്ഞാടി. വംശഹത്യ പശ്ചാത്തലമാക്കിയുളള സെൽഫികൾ ഇൻഫോടെയ്ൻമെന്റ് നെറ്റ് വർക്കുകളിൽ വൈറലായി. വാട്‌സ് അപിൽ ഏകാധിപതികളുടെ വ്യായാമമുറകൾ കോർപറേറ്റ് ടെക്കികൾക്ക് ഉത്തേജനമായി.

വേറെ വഴിയില്ലാത്തതിനാൽ സരസ്വതി വ്യാജചരിത്രനിർമ്മാണ കൗൺസിലിൽ കയറിപ്പറ്റിയിരുന്നു. മറ കെട്ടിയ ചരടുകളാകട്ടെ ധൃതി പിടിച്ച തൂക്ക്കയറുകളായി.

അമരസിംഹൻ പഴയപടി കൊടുംപട്ടിണിയിൽ അലഞ്ഞ് നടപ്പാണ്. പ്രേമനൈരാശ്യം മൂലം കർഷകർ ആത്മഹത്യ ചെയ്ത വയൽവരമ്പുകളിലൂടെ…ആദിമഗോത്രങ്ങൾ ആട്ടിയോടിക്കപ്പെട്ട കൽക്കരിപ്പാടങ്ങളിലൂടെ… ദളിതഭാരതം ദു:ഖത്തിന് പരിഹാരമാകുമോ എന്ന ഭ്രാന്തൻ സ്വപ്‌നത്തിൽ മുഴുകി…

 

നൂറ്റാണ്ടുകൾ മുമ്പ് എണ്ണ വറ്റി കെട്ട് പോയ മൺവിളക്കിനു എന്ത് പറ്റിയെന്ന് ആർക്കുമറിയില്ല. സംവാദങ്ങളുടെ കരിന്തിരി കത്തിത്തീർന്നുണ്ടാകുന്ന ആ കുറ്റാക്കുറ്റിരുട്ടിലൂടെ ആരോ ആയുധമേന്തി നിങ്ങൾക്ക് നേരെ പതുങ്ങി വരുന്നുണ്ട്.

Comments

comments