രോഹിത് വെമുല പഠിച്ചിരുന്നത് സയന്‍സ് ടെക്നോളജി സ്ടഡീസ് ആയിരുന്നു (Sceince Technology Studies). എസ് ടി എസ് (STS) എന്ന് അക്കാദമിക്സില്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ഒരു ചെറിയ പഠനശാഖ. രോഹിതിനെ പോലെ ആ വിഷയമാണ് ഞാനും പി. എച്. ഡി.ക്കു തെരഞ്ഞെടുത്തിരുന്നത്. ഇന്ത്യയില്‍ ഈ പഠനശാഖ വളര്‍ന്നു വരുന്നേ ഉള്ളു. ആഗോളതലത്തില്‍ തന്നെ ചുരുക്കം ചില യൂണിവേഴ്സിറ്റികളിലേ ഇതില്‍ പഠനവും ഗവേഷണവും നടക്കുന്നുള്ളൂ. എങ്കിലും ഉത്തരാധുനികര്‍ മുതല്‍ പഴയ മട്ടിലുള്ള സയന്‍സ് പോളിസി പഠിതാക്കള്‍ വരെയുള്ളവരെ ഉള്‍ക്കൊള്ളുന്ന എക്ലക്ട്ടിക് ആന്തരിക വിപുലത ഉണ്ട് ഈ വിഷയത്തിനു. ചെറിയ ഈ അക്കാദമിക് സൌഭ്രാത്രത്തിലെ ഒരു ഇളംകണ്ണി കൂടി ആയിരുന്നു  രോഹിത്. രാഷ്ട്രീയത്തിന്റെ പേരിലല്ലെങ്കില്‍, ഈ താല്‍പ്പര്യത്തിന്റെ പേരിലെങ്കിലും ഏതെങ്കിലും വേദികളില്‍ ഞങ്ങള്‍ സന്ധിക്കുമായിരുന്നു എന്ന് വിചാരിക്കുകയാണ് ഞാന്‍. എനിക്ക് നേരിട്ട് പരിചയമില്ലാത്ത ആ യുവാവിന്റെ ആശയങ്ങളും ആവേശങ്ങളും അടുത്ത് അറിയുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അറിവിനോടും എഴുത്തിനോടും രാഷ്ട്രീയത്തോടും ഉള്ള തന്റെ ഉല്‍ക്കടമായ അഭിനിവേശങ്ങള്‍ ഉപേക്ഷിച്ചു രോഹിത് കടന്നുപോയിരിക്കുന്നു.

                  രോഹിതിന്റെത് കേവലമായ സ്വയംഹത്യയല്ല. സ്വയംഹത്യ രക്തസാക്ഷിത്വമാകുന്ന സമരമാണ് നിസ്സഹായതയുടേയും നിരാലംബതയുടെയും ഏറ്റവും ഹതാശമായ സമരം. ജീവന്‍ നല്കിയല്ലാതെ സ്വന്തം സമരത്തെ ഒരിഞ്ചു പോലും മുന്നോട്ടു കൊണ്ട് പോവാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തിന്റെ ബലിദാനമാണത്. രോഹിതിന്റെ ഈ ജീവത്യാഗം ആ ചെറിയ കത്തിലെ വരികള്‍ കൊണ്ട് മാത്രം വായിക്കാനാവില്ല. അല്ലെങ്കില്‍ ആ വരികള്‍ക്കിടയിലെ വലിയ മൌനങ്ങളാണ് രോഹിതിന്റെ നമ്മോടുള്ള സംഭാഷണങ്ങള്‍. സമരത്തെ കുറിച്ച് ഒന്നും പറയാതെ, വൈയക്തികമെന്നു പറയാവുന്ന കുറച്ചു വരികള്‍ കുറിച്ച് വച്ച് മരണത്തിലേക്ക് എഴുന്നേറ്റു പോവുക ആയിരുന്നില്ല രോഹിത്. പൊതുജീവിതത്തില്‍ താന്‍ നേരിട്ട സംഘര്‍ഷങ്ങളെ ഒരു ചിമിഴിനുള്ളില്‍ എന്ന പോലെ ആ കത്തില്‍ ഒളിപ്പിച്ചു വച്ച് ഏതാനും വാക്കുകളില്‍ ആത്മസംഘര്‍ഷഭരിതമായ ഒരു ചരിത്രസന്ദര്‍ഭത്തെ കോറിയിട്ട് അതിന്റെ മുഴുവന്‍ സാധ്യതകളും ഓര്‍മ്മിച്ചുകൊണ്ട്, അതങ്ങനെ ഉണ്ടാവും എന്ന് തന്നെ പ്രതീക്ഷിച്ചുകൊണ്ട്, തന്റെ സഖാക്കള്‍ക്ക് വേണ്ടി, നിലപാടുകള്‍ക്ക് വേണ്ടി, പ്രത്യയശാസ്ത്രത്തിനു വേണ്ടിയുള്ള ഒരു ജീവത്യാഗമായിരുന്നു രോഹിതിന്റെത്.

ഞാന്‍ ഈ മരണത്തെ കൊലപതകമായി കാണുന്നില്ല എന്നല്ല. ഒരു സമരത്തില്‍, ആശയപരമായ ഒരു ഏറ്റുമുട്ടലില്‍ എതിരാളികളായ ബ്രാഹ്മണ്യ ഭരണകൂടം നടത്തിയ കൊല ആണിത്. ഒരു ചാവേറിനെ പോലെ പക്ഷെ ഈ മരണം രോഹിത് ഏറ്റെടുക്കുക ആയിരുന്നു. മറ്റുള്ളവരെ സംരക്ഷിക്കാന്‍, അവര്‍ക്ക് ജീവിക്കാന്‍ താന്‍ മരിക്കേണ്ടി ഇരിക്കുന്നു എന്ന ബോധത്തില്‍ നിന്ന് ഉണ്ടായ തീരുമാനമാണിത്. ധീരമായ ഒരു അവസാന കാല്‍വയ്പ്പ്‌. ഇത് ചെയ്യാന്‍ ഒരു പക്ഷെ തനിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല എന്ന ബോധ്യത്തില്‍ നിന്ന് വന്ന നിശ്ചയദാര്‍ഢ്യം.

                  കത്തിലെ പതിഞ്ഞ സ്വരം അനുകമ്പ നേടാനുള്ളതല്ല. ധീരമായ ഒരു രാഷ്ട്രീയം നല്‍കിയ വിവേകവും പക്വതയും നിറഞ്ഞു നില്‍ക്കുന്ന ചെറിയ വാക്കുകള്‍ ആണ് രോഹിത് എഴുതിയത്. “ഇനി കുറച്ചു ഔപചാരികത” എന്ന് എഴുതിയിട്ട് രോഹിത് പറയുന്നു- എന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. എന്റെ മിത്രങ്ങളെയും ശത്രുക്കളെയും ഇതിന്റെ പേരില്‍ വിമിപ്പിക്കരുത്. ഇത് ഒരു സ്വയംഹത്യാ കുറിപ്പിന്റെ അനിവാര്യമായ ഔപചാരികത മാത്രമാണ് എന്ന് സമരമുഖത്തെ സഖാക്കളെ ഓര്‍മ്മിപ്പിക്കുകയാണ് രോഹിത് ചെയ്യുന്നത്. ഈ കൊലയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ബ്രാഹ്മണ്യ ഭരണകൂടം ഒഴിവാകുന്ന സാഹചര്യം ഉണ്ടാവരുത് എന്ന തീഷ്ണമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണത്.  

                 വിട്ടുവീഴ്ച ഇല്ലാത്ത പോരാളി ആയിരുന്നു രോഹിത്. ഹിന്ദുത്വത്തിന്റെ രാഷ്ട്രീയത്തോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും ഒരു പോലെ ചെറുത്തു നിന്നുകൊണ്ടുള്ള സ്വത്വരാഷ്ട്രീയ ഇടപെടലുകള്‍ ആയിരുന്നു രോഹിത് നടത്തിയിരുന്നത്. സി പി എം നേതാവ് യെച്ചൂരിയെ ആയാലും പ്രധാനമന്ത്രി മോദിയെ ആയാലും തന്റെ സാമൂഹിക-ചരിത്ര- സാംസ്കാരിക പരിസരത്തില്‍ നിന്നുകൊണ്ട് നിശിതമായി വിമര്‍ശിക്കുന്നതില്‍ രോഹിത് പിന്നോട്ട് പോയിരുന്നില്ല. എസ് എഫ് ഐ എക്സ്പോസ്ഡ് എന്നൊരു ഹാഷ് ടാഗില്‍ ആ സംഘടനക്കെതിരെ പ്രതികരിച്ചിരുന്നു രോഹിത്. അദ്ദേഹത്തിന്റെ പല ഫെയ്സ്ബുക് പോസ്റ്റുകളും ഇപ്പോള്‍ മറ്റു പലരുടെയും സ്റ്റാറ്റസ് മെസ്സേജുകളായി കാണാനുണ്ട്.  അവയിലെല്ലാം തനിക്കു ഉത്തമബോധ്യമുള്ള ഒരു സ്വത്വരാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കാനും അംബേദ്കറിസ്റ്റ് രാഷ്ട്രീയം സ്വന്തം ഇടപെടലുകളുടെ സൈദ്ധാന്തിക അടിസ്ഥാനമാക്കാനുമുള്ള കരുതലുകള്‍ വ്യക്തമാണ്.

                   നൈരാശ്യങ്ങള്‍ അല്ല, സ്വന്തം രാഷ്ട്രീയത്തിന്റെ ശക്തിസൌന്ദര്യങ്ങളില്‍ ഉള്ള വിശ്വാസത്തിന്റെ പ്രഖ്യാപനമായിരുന്നു ആ കത്തില്‍. ഇനി മുന്നോട്ടു പോകാന്‍ ഒരു ബലി വേണമെങ്കില്‍ അത് ഞാന്‍ ആകുന്നു എന്ന സന്ദേശം. എതിരാളിയുടെ കോട്ടയിലേക്ക് കയറി അതിനെ ശിഥിലീകരിക്കാന്‍ കഴിവുള്ള ഒരു ചാവേര്‍ പോരാളി ആണ് താന്‍ എന്ന ബോധ്യത്തില്‍ എഴുതിയ കത്താണ് അത്. അസാമാന്യമായ മന:സാന്നിദ്ധ്യവും യഥാര്‍ത്ഥ്യബോധവും നിറഞ്ഞു നില്‍ക്കുന്ന വരികളാണ് രോഹിത് എഴുതിയത്. സ്വന്തം രക്തസാക്ഷിത്വം വെറുതെ ആവില്ല എന്ന് മനസ്സുറപ്പുള്ള ഒരു പോരാളിയുടെ ധീരമായ വാക്കുകളാണ് അത്.  ഒരു കേവല മുദ്രാവാക്യത്തിനും ഇതിനേക്കാള്‍ ശക്തമായി തന്റെ രാഷ്ട്രീയത്തെ വിശദീകരിക്കാന്‍ കഴിയില്ലെന്ന തീര്‍പ്പില്‍ എഴുതി തീര്‍ത്ത സന്ദേശമാണ് അത്.

                  ഇതിലേറെ പറയാനുണ്ടായിരുന്ന, ചെയ്യാനുണ്ടായിരുന്ന ഒരു മഹത് ജീവിതം നഷ്ടപ്പെടുന്നത് സഹിക്കാനാവുന്ന കാര്യമല്ല. പക്ഷെ ആ തീരുമാനത്തിലേക്ക് അദ്ദേഹത്തെ പൊറുതിമുട്ടിച്ച സാഹചര്യങ്ങള്‍ക്കെതിരെ പൊരുതിക്കൊണ്ടുള്ള രക്തസാക്ഷിത്വമാണ് രോഹിതിന്റെത് എന്നത് വിസ്മരിക്കാന്‍ കഴിയില്ല. ഇതിനു ഉത്തരവാദികളായ കേന്ദ്രമന്ത്രിമാര്‍ക്കും വൈസ് ചാന്സലര്‍ക്കും എതിരെ ദേശീയ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. അതിനുമപ്പുറം ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനില്‍കുന്ന ദളിത്‌ വിരുദ്ധ ബ്രാഹ്മണ്യ അധീശബോധത്തിനെതിരെയുള്ള സമരത്തിനു ഈ രക്തസാക്ഷിത്വം കൂടുതല്‍ കരുത്ത് പകര്‍ന്നിരിക്കുകയാണ്.

                   അക്കാദമിക് വ്യവസ്ഥയുടെ അനിവാര്യമായ കണ്ണികളാണ് അധ്യാപകരും വിദ്യാര്‍ഥികളും. വിദ്യാര്‍ഥി സമരങ്ങളും സംഘര്‍ഷങ്ങളും കലാലയയങ്ങളില്‍ പതിവാണ്. അങ്ങനെയുള്ള ഒരു പതിവു സംഭവമായിരുന്നില്ല രോഹിതിന്റെ മരണത്തില്‍ കലാശിച്ചത്. ഒരു വ്യവസ്ഥ ഒന്നാകെ പിന്നാലെ ചെന്നു നിരന്തരം പീഡനങ്ങള്‍ അഴിച്ചുവിടുക ആയിരുന്നു. രോഹിതിന്റെ കലാലയ ജീവിതം ഓരോ നിമിഷവും ചെറുത്തുനില്‍പ്പിന്റെതായിരുന്നു.

                    നിരവധി കണ്ണികളില്‍ ആയി ഈ യുവാവിന്റെ ജീവിതവും രാഷ്ട്രീയവുമായി എനിക്ക് സൌഭ്രാത്രമുണ്ട്. ആ ഇടപെടലുകളുടെ സൂക്ഷ്മതകളോട് ചരിത്രബദ്ധതയോട് ഐക്യദാര്‍ഡ്യമുണ്ട്. വിയോജിപ്പുകളെക്കാള്‍ കൂടുതല്‍ യോജിപ്പുകള്‍ ഉണ്ട്. എന്നാല്‍ എന്റെ കണ്ണ് നനയുന്നത് എന്റെ മുന്‍പില്‍ ഇരിക്കുന്ന ഒരു വിദ്യാര്‍ഥി കൂടിയായി ഞാന്‍ രോഹിതിനെ കാണുന്നത് കൊണ്ടാണ്. വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളെ സ്നേഹിച്ചു മാത്രം ശീലിച്ച ഒരു അധ്യാപക മനസ്സ്. എല്ലാ രാഷ്ട്രീയത്തിനുമപ്പുറം ഒരു ക്ലാസ് മുറി ഞാന്‍ കാണുകയാണ്. അവിടെ ഇല്ലാതായ ഒരു പഠിതാവിനെ. സ്വന്തം കര്‍മ്മം കൊണ്ടും ചിന്ത കൊണ്ടും വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമായിരുന്ന ഒരു യുവാവിനെ ഇല്ലാതാക്കി അത് ആഘോഷിക്കുന്ന ഒരു വ്യവസ്ഥയുടെ നീതികേട്‌ അകം പൊള്ളിക്കുകയാണ്.

                    രോഹിതിന്റെ ഭൌതികശരീരം രഹസ്യമായി കത്തിച്ചു കളയുക ആയിരുന്നു പോലീസ്. ഒസാമയുടെ ദേഹത്തോട് അമേരിക്ക ചെയ്തത് പോലെ ഒരു പ്രതികാരം. രോഹിത് തങ്ങള്‍ക്കു എന്തായിരുന്നു എന്ന് ഈ വൃത്തികെട്ട ഭരണകൂടം ലോകത്തോട്‌ അങ്ങനെ ലജ്ജയില്ലാതെ വിളിച്ചു പറയുകയാണ്. ഒരു പൌരന്‍ എന്ന നിലയില്‍  ദളിത്‌ സ്വത്വത്തെ കാണുന്നില്ല എന്ന്, പകയോടെ അവസാനിപ്പിക്കാന്‍ കാത്തിരുന്ന ശത്രു ആണ് ഇയാള്‍ എന്ന് പരസ്യമായി പറയുകയാണ്‌.

                     ഇതോടെ എല്ലാ ഔപചാരികതകളും അവസാനിച്ചിരിക്കുന്നു. ഈ ഭരണകൂടം അതിന്റെ എല്ലാ സൌമനസ്യ നാട്യങ്ങളും ഉപേക്ഷിച്ചിരിക്കുന്നു. സ്വന്തം കുറുവടിയും ത്രിശൂലവും തോക്കും അതിപ്പോള്‍ ഒളിപ്പിക്കുന്നില്ല. ആരുടെ രക്തമാണ് വേണ്ടത് എന്ന് മൂടിവക്കുന്നില്ല. ന്യൂനപക്ഷ-ദളിത്‌ ജീവിതങ്ങളെ അത് അടയാളമിട്ടുവച്ചു ഊഴംകാത്തു കൊല്ലുകയാണ്. അതിനു എതിര്‍ നില്‍ക്കുന്നവരെ തോക്കിന്‍ മുനയില്‍ അവസാനിപ്പിക്കുകയാണ്. ഇത്രയും രക്തസ്നാതമായ ഒരു കാലം നമ്മുടെ സിവില്‍ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ദളിതരും മുസ്ലീങ്ങളും കാലദേശ ഭേദമില്ലാതെ നിരന്തരം ആക്രമിക്കപെടുന്ന ഈ ഭൂപടമാകെ ചോരയില്‍ മുങ്ങുകയാണ്. എന്തിനാണ് കലാപങ്ങള്‍,  അതിനേക്കാള്‍ കൃത്യമായി വംശഹത്യകള്‍ നടക്കുകയും അത് സ്വഭാവികവല്‍ക്കരിക്കപ്പെടുകയും ചെയ്യപ്പെടുമ്പോള്‍? അക്രമികള്‍ അറസ്റ്റ് ചെയ്യപ്പെടുക കൂടി ചെയ്യില്ല എന്ന് ഭരണകൂടം ഉറപ്പു നല്‍കുമ്പോള്‍?

                     നമ്മുടെ സിവില്‍ ജീവിതത്തെ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന കാലമാണ് മുന്നില്‍ കാണുന്നത്. വിഭാഗീയതകള്‍ക്കപ്പുറം ജനാധിപത്യവാദികള്‍ ഒരുമിക്കേണ്ടി ഇരിക്കുന്നു എന്നത് കൂടുതല് വ്യക്തമാവുകയാണ്. രോഹിതിന്റെ രക്തസാക്ഷിത്വം ഒരു നിമിത്തമാണ്. എല്ലാ ശക്തിയും സമാഹരിച്ചു ചെറുത്തു നില്‍ക്കേണ്ട ഒരു ഭീകരത നമ്മെ തുറിച്ചു നോക്കുമ്പോള്‍ അതിനെതിരെ അവസാനമായി ഒന്നിക്കണം എന്ന സന്ദേശമാണ് രോഹിത് നല്‍കുന്നത്. കീഴടങ്ങുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന ഉത്തരം. രോഹിതിന്റെ രക്തസാക്ഷിത്വത്തെ മറ്റെന്തായി വ്യാഖ്യാനിച്ചാലും അതിലെ ലീനമായ രാഷ്ട്രീയം ഹിന്ദുത്വ വിരുദ്ധ സമരത്തിനു നിലക്കാത്ത ഊര്‍ജ്ജവും ഊഷ്മാവും പകരുകതന്നെ ചെയ്യും. 

ടി ടി ശ്രീകുമാർ

Comments

comments