ഗാനം: വിപ്ലവ ഇന്ത്യ
ആലാപനം : കൻഹയ്യ കുമാർ
സംഗീതം : മാർക്സ് – അംബേദ്കർ
പിന്നണി: ജെ എൻ യു

കൻഹയ്യകുമാർ പ്രസംഗിക്കുകയാണു. അതൊരു വിപ്ലവഗാനമായി ചിന്തിക്കുന്ന മനസ്സുകളിലാകെ അലയടിക്കുകയാണു.
ദാരിദ്ര്യത്തിൽ നിന്ന് സ്വാതന്ത്ര്യം!
സംഘിരാഷ്ട്രീയത്തിൽ നിന്ന് സ്വാതന്ത്ര്യം!
ഫ്യൂഡലിസത്തിൽ നിന്ന് സ്വാതന്ത്ര്യം!
മുതലാളിത്തത്തിൽ നിന്ന് സ്വാതന്ത്ര്യം!
ബ്രാഹ്മണ്യത്തിൽ നിന്ന് സ്വാതന്ത്ര്യം!
ജാതിവാദത്തിൽ നിന്ന് സ്വാതന്ത്ര്യം!

ഇന്ത്യയിൽ നിന്നുള്ള സ്വാതന്ത്ര്യമല്ല, ഇന്ത്യയിൽ സ്വാതന്ത്ര്യം എന്നതാണു ഞങ്ങളുടെ മുദ്രാവാക്യം. ജെ എൻ യു അത് ഏറ്റ് ചൊല്ലുന്നു. ഇന്ത്യൻ യുവത്വം അത് ഏറ്റ് ചൊല്ലുന്നു. അത് കേൾക്കെ ഇതാ എന്റെ മകൻ, എന്റെ സഹോദരൻ, എന്റെ സഖാവ് എന്നിങ്ങനെ ലോകത്തിന്റെ പല കോണിലുമിരുന്ന് മനുഷ്യർ ആവേശം കൊള്ളുന്നു. ആർ എസ്സ് എസ്സ് നിർവചിക്കുന്ന സങ്കുചിത ദേശീയതയുടെ ആണിക്കല്ലിളകുന്നു. കൻഹയ്യയുടെ പ്രസംഗം ഇന്ത്യയുടെ ചിന്തകൾക്കും ആവേശത്തിനും തീപിടിപ്പിക്കുന്നുണ്ടെങ്കിൽ അത്  ആധുനിക കാല ഹിറ്റ്ലർമാരുടെ വെറുപ്പും വിദ്വേഷവും കലർന്ന അക്രമോൽസുകങ്ങളായ പ്രസംഗങ്ങൾ പോലെ ആയതിനാലല്ല – അത് മാനവബോധത്തിന്റെ സംഗീതമായതിനാലാണു. ഇന്ത്യയെ കണ്ടെത്തുന്ന വിപ്ലവസംഗീതമായതിനാലാണു.  കൻഹയ്യയുടെ മുദ്രാവാക്യങ്ങളിലൂടെ ശക്തിയാർജ്ജിച്ച് തിരിച്ച് വരുന്നത് ഇന്ത്യൻ ഭരണഘടനയാണു. സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും പുലരുന്ന ഒരു റിപ്പബ്ലിക് സ്വപ്നം കാണുന്ന ഭരണഘടനയുടെ സത്തയാണു ആ മുദ്രാവാക്യങ്ങളിലുള്ളത്.

റാഫിയുടെ ഏറ്റവും ഹൃദ്യമായ ആലാപനം പലർക്കും ‘റാഫി ലൈവ്  എറൗണ്ട് ദ വേൾഡി’ലെ പാട്ടുകളിലേതായിരുന്നു. കാരണം, സ്വയംധർമ്മത്തിന്റെ എല്ലാ സാധ്യതകളും പെയ്ത റാഫിയുടെ പ്രതിഭയ്ക്ക് അകമ്പടിയായി ആ ഗാനങ്ങൾക്ക് സംഗീതം മുഴക്കിയത് സ്റ്റേജിലിരുന്ന കലാകാരന്മാരിലും ഉപരി റാഫിയുടെ സംഗീതത്തിന്റെ മനസ്സറിഞ്ഞ സദസ്സായിരുന്നു. ദീർഘനിശ്വാസങ്ങളും കരഘോഷങ്ങളും ആർപ്പുവിളികളും ആ പാട്ടുകളുടെ താളത്തിലും ശ്രുതിയിലും അലിഞ്ഞു ചേർന്നു. എല്ലാ ശക്തിയുമെടുത്ത് ഭരണകൂടവും അതിന്റെ പിണിയാളുകളായ മാധ്യമങ്ങളും ചേർന്ന് കൃത്രിമരേഖകളും വാർത്തകളുമുണ്ടാക്കി, ചതിക്കുഴികളൊരുക്കി ജയിലിലടച്ച ഒരു വിദ്യാർഥി ഒരു ദേശീയനേതാവായി തിരിച്ചെത്തിയപ്പോൾ കാത്തിരുന്നത് അത്തരത്തിലൊരു സദസ്സായിരുന്നു. കാമ്പസിലേക്കുള്ള മടങ്ങിവരവിൽ കൻഹയ്യ നടത്തിയത് നമ്മുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച പ്രസംഗമാണു. ഭരണഘടനയുടെ, ഇന്ത്യയുടെ ആത്മാവിന്റെ, സംഗീതം കണ്ടെടുക്കുന്ന കനയ്യയുടെ വാക്കുകൾക്ക് കൻഹയ്യയുടെ മനസ്സറിഞ്ഞ് ജെ എൻ യു സുഹൃത്തുക്കൾ അകമ്പടിയൊരുക്കിയപ്പോൾ അത് സംഗീതം പോലെ പെയ്തിറങ്ങിയത് സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവയിൽ  വിശ്വസിക്കുന്ന ഓരോരുത്തരുടേയും മനസ്സിലേക്കാണു.

‘അന്യർ’ എന്ന ആശയത്തിന്റെ പലവിധ  വ്യാഖ്യാനങ്ങളും ഹൈന്ദവവർഗ്ഗീയതയിൽ ഊന്നിയ പിന്നോക്കവിരുദ്ധതയുമാണു മധ്യവർഗ്ഗത്തെയും സാമ്പത്തിക അസമത്വത്തിൽ അസംതൃപ്തരായ ഒരു ഭൂരിപക്ഷത്തെയും കൂടെ നിർത്താൻ ബിജെപി- ആർ എസ്സ് എസ്സ് ഉപയോഗിച്ചിരുന്ന ഒരു തന്ത്രം. രോഹിത് വെമുല എന്ന  നക്ഷത്രം അതിന്റെ കടയ്ക്കലാണു ജീവിതം കൊണ്ട് മഴുവെട്ടിയത്. സംരക്ഷണത്തിന്റെയും  അവകാശങ്ങളുടേയും സമത്വത്തിന്റെയും ഇന്ത്യൻ ഭരണഘടന മുറുക്കെപ്പിടിച്ച് തിരസ്കൃതനായ അംബേദ്കർ വീണ്ടും ജനിക്കുകയായിരുന്നു. രോഹിത്തിനു നീതി ലഭിക്കുന്നതിനു വേണ്ടിയും വിദ്യാഭ്യാസരംഗം സ്വകാര്യമേഖലയ്ക്ക് തീറെഴുന്നതിനുമെതിരായും ഇന്ത്യൻ സർവ്വകലാശാലകൾ മുൻപില്ലാത്ത വിധം ഉണരുന്നതായിരുന്നു പിന്നീട് കണ്ടത്. ശരിയെ ശരിയെന്നും തെറ്റിനെ തെറ്റെന്നും ഒരു മടിയും കൂടാതെ വിളിക്കും എന്ന കൻഹയ്യയുടെ ആത്മവിശ്വാസവും ചിന്തയുടെ ശക്തിയുമാണു സർവ്വകലാശാലകളുടേത്. ആ വിധത്തിൽ സ്വതന്ത്രചിന്തയുടെ ഈറ്റില്ലങ്ങളായ സർവ്വകലാശാലകളെ ആക്രമിച്ച് തകർക്കുക എന്ന ആർ എസ്സ് എസ്സിന്റെ ലക്ഷ്യം  തുടർന്ന്  തീവ്രമായി. കൃത്രിമ വീഡിയോകളും വാർത്തകളും പരത്തി ജെ എൻ യുവിലെ വിദ്യാർഥികളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി. മുപ്പത്തിയൊന്ന് ശതമാനം വോട്ടിന്റെ മാത്രം ബലത്തിൽ രാജ്യാധികാരം കൈകളിലെത്തിയവർ ഭരണകൂടാധികാരത്തിന്റെ എല്ലാ അധികാരശക്തിയുമെടുത്ത് അതിനു ചുക്കാൻ പിടിച്ചു. അവരുടെ വിനീതദാസരായ മാധ്യമങ്ങളും  അനുചരരായ പോലീസും അതിനു കൂട്ടുനിന്നു. കൻഹയ്യകുമാർ, ഉമർ ഖാലിദ്, അനിർഭൻ ഭട്ടാചര്യ  തുടങ്ങിയ വിദ്യാർഥികൾ അറസ്റ്റിലായി. സുപ്രീംകോടതി പ്രത്യേക നിർദ്ദേശങ്ങൾ പോലും കാറ്റിൽ പറത്തി സംഘപരിവാരത്തിന്റെ പിണിയാളുകൾ കോടതിവളപ്പിലും പൊലീസ് സ്റ്റേഷനിലുമിട്ട്  വിദ്യാർഥികളെ ക്രൂരമർദ്ദനത്തിനു ഇരയാക്കി. ഒരിക്കൽ പോലും അരുത് എന്ന് കേന്ദ്രഗവണ്മെന്റോ ബി ജെ പിയോ പറഞ്ഞില്ല. അമ്പത്തഞ്ച് ഇഞ്ചിന്റെ ഹുങ്ക് അതിനെയൊന്നും തള്ളിപ്പറയാൻ തുനിഞ്ഞില്ല ; പകരം പാർലമെന്റിലടക്കം അതെല്ലാം ന്യായീകരിക്കപ്പെട്ടു. നുണകൾ നിരത്തി സ്മൃതി ഇറാനിയെപ്പോലെയുള്ള കള്ളനാണയങ്ങൾ അവിടെ മെലോഡ്രാമയാടി.

ഇത് സംഘപരിവാരത്തെ സംബന്ധിച്ചിടത്തോളം അഹങ്കാരമുറ്റിയ ഒരു ശ്രമം മാത്രമായിരുന്നു. എന്നാൽ ഇന്ത്യൻ ജനാധിപത്യത്തിനു ഇത് ഒരു ജീവന്മരണപോരാട്ടമായിരുന്നു എന്ന് ചരിത്രം സാക്ഷ്യം പറയും. സംഘപരിവാർ പറയുന്നതാണു ദേശീയത എന്ന ബോധം ഉറച്ചുവന്നുകൊണ്ടിരിക്കുകയായിരുന്നു. അഭിപ്രായവ്യത്യാസങ്ങളും സ്വതന്ത്രചിന്തയും വിമർശനങ്ങളുമെല്ലാം രാജ്യദ്രോഹങ്ങളായി കണക്കാക്കപ്പെട്ടു. പൻസാരെയുടേയും കൽബുർഗിയുടേയുമെല്ലാം മേൽ പരീക്ഷിച്ച ബുള്ളറ്റിനെക്കാൾ ശക്തിയുള്ള ആയുധം സംഘപരിവാർ കണ്ടെത്തുകയായിരുന്നു. പ്രതിപക്ഷനേതാക്കളടക്കമുള്ളവരുടേ മേൽ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടു. സവർക്കറും ഗോഡ്സെയും ഗോൾവാൾക്കറും ആർത്തട്ടഹസിച്ചു തുടങ്ങിയ നാളുകളിൽ വിങ്ങിയത് ഇന്ത്യ എന്ന ബഹുസ്വരത നിർമ്മിക്കുന്ന ദേശീയതയെ സ്നേഹിക്കുന്ന മനുഷ്യരുടെ ചരിത്രവും വർത്തമാനവുമായിരുന്നു. അത് ഭീതിയോടെ നീണ്ടത് ആപത്കരമായ ഒരു ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളിലേക്കായിരുന്നു.  കൻഹയ്യയും ഉമറും ഉൾപ്പടെയുള്ള ഇന്ത്യൻ വിദ്യാർഥിസമൂഹം നൽകിയിരിക്കുന്നത് ഭാവി ഇരുളടഞ്ഞതായിരിക്കില്ല എന്ന പ്രതീക്ഷയും അതിലേക്ക് അനേകരെ വഴിതെളിക്കുന്ന ആവേശവുമാണു.

വർഗീയത അതിന്റെ ആശയങ്ങൾ സംസാരിച്ചുകൊണ്ടേയിരിക്കുമ്പോൾ ഭൂരിപക്ഷമായ ഇന്ത്യൻ മതേതരത്വം താരതമ്യേന മൗനം പാലിച്ചിട്ടേയുള്ളൂ. ഇന്ത്യൻ മതേതരത്വം നേരിടുന്ന ഏറ്റവും പ്രധാനപ്രശ്നം വർഗീയതയുമായുള്ള യുദ്ധത്തിൽ അത് പുലർത്തുന്ന ആ നിശബ്ദതയാണെന്ന്  കെ എൻ പണിക്കർ നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ ഇതാ ഉച്ചത്തിൽ, ഉറക്കെ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഹൈന്ദവ വർഗീയത എന്ന ഇന്ത്യൻ  ഫാസിസം തീവ്രദേശീയത എന്ന ഫാസിസത്തിന്റെ എക്കാലത്തെയും ഭീഷണവും മാരകവുമായ ആയുധമെടുത്ത് കളം നിറയാൻ നടത്തുന്ന ശ്രമങ്ങളെ കൻഹയ്യയും സുഹൃത്തുക്കളും തച്ചുടച്ച് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിനു ഇന്ത്യൻ മാധ്യമലോകത്തിന്റെയടക്കം ഇന്ത്യയിലെയും ലോകത്തെയും ചിന്തിക്കുന്ന മനുഷ്യരുടെയൊന്നാകെയുള്ള പിന്തുണയും  ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. സോഷ്യലിസത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന, തീവ്രവലതിനിപ്പുറം നിലയുറപ്പിച്ചിട്ടുള്ള ഇന്ത്യൻ ഇടത് ബോധം വാസ്തവത്തിൽ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ഒതുങ്ങി നിന്നിട്ടുള്ള ഒന്നല്ല. സോഷ്യലിസമാണു ഇന്ത്യയുടെ ഭാവി എന്ന് പറഞ്ഞ നെഹ്രുവിന്റെയും സഹവർത്തിത്വത്തിന്റെയും ഉൾക്കൊള്ളലിന്റെയും രാഷ്ട്രീയം സംസാരിച്ച ഗാന്ധിയുടെയും ദേശീയതയെ രൂപപ്പെടുത്തിയ സ്വാതന്ത്ര്യസമരത്തിന്റെയും പാരമ്പര്യം  ഇന്ത്യയുടെ രാഷ്ട്രീയബോധത്തെ തീവ്രവലതുരാഷ്ട്രീയത്തിന്റെ  ഇടത്ത് തന്നെയാണു  എന്നും നിലനിർത്തിയിരുന്നത്. അതിലേക്ക് തിരസ്കൃതരായ ഇന്ത്യൻ ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയം ഉയർത്തി അതിശക്തനായ  അംബേദ്കർ കൂടി വരികയാണു. ലാൽ സലാം, നീൽ സലാം എന്ന് ആകാശത്തേക്ക് നോക്കി മുഷ്ടി ചുരുട്ടിയെറിഞ്ഞ് കൻഹയ്യ മുദ്രാവാക്യം വിളിക്കുന്നു. അത് ഏറ്റ് ചൊല്ലിക്കൊണ്ട് സമത്വമാണു ലക്ഷ്യമെന്നും സോഷ്യലിസമാണു ഭാവിയെന്നും ഇന്ത്യൻ യുവത പ്രഖ്യാപിക്കുമ്പോൾ മാർക്സും അംബേദ്കറും ചക്രവാളത്തിൽ കൈകോർക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളെ സൃഷ്ടിക്കുന്ന ഒരു വ്യവസ്ഥിതിയെ തിരുത്തി എഴുതുന്നതിലേക്ക് അത് നയിക്കും എന്നതിൽ സംശയമില്ല. അതിലേക്ക്  ഈ  രാഷ്ട്രീയസാഹചര്യം ഉപയോഗപ്പെടുത്താനും വളർത്തിയെടുക്കാനുള്ള ബാധ്യത ഇന്ത്യൻ ഇടതുപക്ഷത്തിനുണ്ട്. എന്നാൽ ഈ നിമിഷം പ്രധാനമായത് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഹൈന്ദവവർഗീയത എന്ന ഇന്ത്യൻ ഫാസിസമാണു. അതിനു മരണമണി മുഴക്കാൻ ജനാധിപത്യ പുരോഗമനവാദികളുടെ മഴവിൽകൂട്ട് ഒരുങ്ങുന്നു. അതിനാൽ തന്നെ ഇത് നന്ദി പറയാനുള്ള സമയമാണു. രോഹിതിനു, കൻഹയ്യയ്ക്ക്, ഉമറിനു. മറ്റ് സഖാക്കൾക്ക്. ഇന്ത്യയുടെ തിരിച്ചുവരവിനു തുടക്കമിട്ടതിനു. സംഘപരിവാർ പറയുന്നതല്ല ഇന്ത്യ എന്ന് വിളിച്ച് പറഞ്ഞതിനു.

Comments

comments