ദേശദ്രോഹിയിൽ നിന്ന് ദേശീയനേതാവിലേക്ക്. അതാണു കനയ്യകുമാറിനു ചേരുന്ന ഏറ്റവും ചുരുങ്ങിയ വിശേഷണം. വധശിക്ഷയ്ക്കെതിരെ ജെ എൻ യു പോലെയൊരു സർവ്വകലാശാലയിൽ നടന്ന പ്രതിഷേധത്തെ കുതന്ത്രങ്ങൾ പ്രയോഗിച്ച്, ദേശസ്നേഹം – ദേശദ്രോഹം എന്ന ബൈനറികൾ ഊതിവീർപ്പിച്ച്, കൃത്രിമമായ തെളിവുകൾ നിർമ്മിച്ചും നുണകൾ പരത്തിയും ദേശദ്രോഹമെന്ന് മുദ്ര കുത്തി. അഭിപ്രായ-വിമർശനസ്വാതന്ത്ര്യത്തെ നിരന്തരം ചവിട്ടിയരച്ചുകൊണ്ടിരിക്കുന്ന സംഘപരിവാർ – ബി ജെ പി നീക്കം രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തോടെ ഉണർന്നെണീറ്റ സർവ്വകലാശാലകളെ നിശബ്ദരാക്കുന്നതിലേക്കും തിരിയുകയായിരുന്നു. അവിടെ  നിന്ന് ഇന്ത്യ എന്ന ആശയത്തിന്റെ ബഹുസ്വരതയെയും ഭരണഘടനമൂല്യങ്ങളെയും ഉൾക്കൊണ്ട അനേകരുടെ പിന്തുണയോടെ ലാൽസലാം, നീൽസലാം എന്ന് മുദ്രാവാക്യം മുഴക്കി  കനയ്യ ദേശീയചക്രവാളത്തിൽ ഉയരുകയാണു. സ്വാതന്ത്ര്യം എന്ന വാക്ക് വീണ്ടും ഇന്ത്യ ആഘോഷിച്ചുതുടങ്ങിയിരിക്കുന്നു. ചരിത്രത്തിലേക്ക് നടന്നു കയറിയ വിദ്യാർഥിനേതാവുമായി ജെ എൻ യു സർവ്വകലാശാലയിൽ ഗവേഷകയും വിദ്യാർഥിപ്രവർത്തകയുമായ വാണി മേച്ചേരിൽ നവമലയാളി മാസികയ്ക്കു വേണ്ടി നടത്തിയ അഭിമുഖം.

kanhaiyah and vani mecheril
കനയ്യ, വാണി മേച്ചേരിൽ

ചോദ്യം: കോമ്രേഡ്, കേരളത്തിലെ ഒരു കർഷക കുടുംബത്തില്‍ നിന്നുമുള്ള ഒരു ജെ എൻ യു വിദ്യാർഥി എന്ന നിലയിൽ അഭിവാദ്യങ്ങൾ. ഭീകരമായ ജനവിരുദ്ധ നയങ്ങള്‍ ക്യാംപസ്സുകൾക്കകത്തും പുറത്തും ജനാധിപത്യ വിരുദ്ധമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇടതുപക്ഷ ശക്തികൾ ഒരുമിക്കേണ്ടതിന്റെ ആവശ്യകത താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത് ? നമ്മുടെ ക്യാമ്പസ്സില്‍ തന്നെ കഴിഞ്ഞ സ്റ്റുഡന്റ് ഇലക്ഷനിABVP-ക്ക് ജോയിന്റ് സെക്രട്ടറി പദം ലഭിക്കുകയുണ്ടായി. വരാനിരിക്കുന്ന JNUSU ഇലക്ഷനെ എങ്ങനെയാണ് നോക്കിക്കാണുന്നത്? കഴിഞ്ഞ പ്രസിഡൻഷ്യല്‍ ഡിബേറ്റിൽ അത്തരമൊരു ആവശ്യകതയെപ്പറ്റി താങ്കൾ വാദിക്കുകയും ചെയ്തിരുന്നുവല്ലോ.

ആദ്യം തന്നെ സത്യത്തിനു വേണ്ടി നിലനിന്ന, വിശിഷ്യാ ജെ എന്‍ യു വിനെതിരായ കരുതിക്കൂട്ടിയ ആക്രമണത്തെ ചെറുക്കാന്‍ കൈകോർത്തവർക്കെല്ലാം JNUSU പ്രസിഡന്റ് എന്ന നിലയിൽ ഞാന്‍ ആത്മാർത്ഥമായി നന്ദി അറിയിക്കുന്നു. ‘First past the post’ എന്ന വ്യവസ്ഥ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഒരു പോരായ്മയാണ്. ആനുപാതിക പ്രാധിനിധ്യം (proportional representation) എന്നത് ഇന്ത്യന്‍ ഇടതുപക്ഷം വളരെക്കാലമായി ഉയർത്തുന്ന ഒരു ആവശ്യമാണ്‌. നിലവിലെ സാഹചര്യത്തില്‍ ആർ എസ്സ് എസ്സിനും മറ്റു ഫാസിസ്റ്റ്‌ ശക്തികൾക്കുമെതിരായി ഇടതുപക്ഷശക്തികള്‍ ഏകോപിക്കുകയും ശക്തമായ പ്രതിരോധം രൂപപ്പെടുത്തേണ്ടതുമുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിലും അതിനപ്പുറം ആശയപരമായും ശക്തമായ വെല്ലുവിളി ഉയർത്താനും നമുക്ക് കഴിയണം. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വിഭജിച്ചു നിന്ന് ഇടതുപക്ഷത്തെത്തന്നെ ദുർബലപ്പെടുത്തുന്ന ഒരു അവസ്ഥയല്ല, മറിച്ച് വലതുപക്ഷത്തിന് ശക്തിപ്പെടാന്‍ സാഹചര്യമൊരുക്കുന്ന വിഭാഗീയതകൾ പരിഹരിച്ചു കൊണ്ട് വിശാലമായ ഒരു ഐക്യമാണ്, ഇടതുപക്ഷ ഐക്യമാണ് ഇന്നിന്റെ ആവശ്യം. ഇന്ത്യന്‍ പാര്‍ലമെന്‍ററി വ്യവസ്ഥയുടെ ചരിത്രം തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കോൺഗ്രസ്സിന്റെ പ്രതിപക്ഷമായിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പിന്നീടെന്താണ് സംഭവിച്ചത്, ആരാണതിനുത്തരവാദി എന്ന ഒരു ചര്‍ച്ചയിലേക്കല്ല ഞാൻ പോകുന്നത്. ആശയപരവും സംഘടനാപരവുമായ ഭിന്നതകളെ അഭിമുഖീകരിച്ചു കൊണ്ടു തന്നെ ഫാസിസത്തിനെതിരെ ഒരു ഐക്യമുന്നണി രൂപപ്പെടുത്താന്‍ ഇടതുപക്ഷത്തിന് കഴിയേണ്ടതുണ്ട്.

ഉയര്‍ന്നു വരുന്ന സംഘപരിവാർ ഭീഷണിയെ ചെറുത്തു തോല്‍പ്പിക്കാൻ അത്തരത്തിലൊരു ഐക്യം ജെ എൻ യു ക്യാമ്പസിലും രൂപപ്പെടണം. ജെ.എന്‍.യു വിനെ സംരക്ഷിക്കുന്നതിനും ജെ.എന്‍.യു എന്ന ആശയത്തെ – സാമൂഹ്യനീതിയിലധിഷ്ഠിതമായ ഒരു സമൂഹം എന്ന ജനാധിപത്യപരമായ ആശയമാണ് ജെ.എന്‍.യു മുന്നോട്ടു വെക്കുന്നത്, പ്രതിനിധാനം ചെയ്യുന്നത് – സംരക്ഷിക്കുന്നതിനും വേണ്ടിയാവണം അത്. ഇത് വളരെ ഗൌരവപൂര്‍ണ്ണമായ ഒരു ഉത്തരവാദിത്വ മാണ്. JNUSU പ്രസിഡന്റ് എന്ന നിലയില്‍ അത്തരമൊരു ഐക്യത്തിനായി ഞാൻ നിലകൊള്ളുക തന്നെ ചെയ്യും.kanhaiyah-v-3

ചോദ്യം: ഫെബ്രുവരി 9 ന് ശേഷം ഒരുതരം മാനസിക വിഭ്രാന്തി പൊതു ജനങ്ങള്‍ക്കിടയിൽ സൃഷ്ടിക്കുമാറ് കുപ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു ചെറിയ പക്ഷമെങ്കിലും ഓട്ടോ ഡ്രൈവര്‍മാർ, ചെറുകിട കച്ചവടക്കാർ, ജെ .എന്‍.യുവിനു സമീപപ്രദേശത്തുള്ള ഫോട്ടോസ്റ്റാറ്റ് കടക്കാര്‍ എന്നിവരൊക്കെ ഒരുതരം ആശങ്കയോടെ ജെ.എന്‍.യുവിനെ നോക്കാന്‍ തുടങ്ങി. മലയാളിയായ മുഹമ്മദ് ഹനീഫ എന്ന ഒരു ഗവേഷക വിദ്യാര്‍ത്ഥി ഉയര്‍ത്തിയ രസകരമായ ഒരു ചോദ്യമുണ്ട് -കേരളത്തിലെ മലപ്പുറം ജില്ല ഫുട്ബോള്‍ ഭ്രാന്തിന്റെ പര്യായമാണ്. Vamoz Argentina എന്നൊക്കെ അവർ അലറി വിളിക്കുന്ന സമയമാണു ഫുട്ബോൾ വസന്തത്തിന്റെ നാളുകൾ. ഇവരെല്ലാം രാജ്യദ്രോഹികളാണോ ?!

ജെ എൻ യുവിനെതിരായ കുപ്രചാരണങ്ങളിലൂടെ സ്വയം പ്രശസ്തരാവാം എന്ന് കരുതിയ ഒരു വിഭാഗം ഇവിടെയുണ്ട്. തങ്ങളുടെ സഖ്യകക്ഷികളായ ചില മാധ്യമങ്ങളുടെ സഹായത്തോടെ, സ്വയം സമർത്ഥിക്കാൻ അവർ നന്നായി പരിശ്രമിച്ചു. കുപ്രചരണങ്ങൾ നിരന്തരം പ്രക്ഷേപണം ചെയ്തുകൊണ്ട് ആൾക്കൂട്ട മനഃശാസ്ത്രത്തെ സ്വാധീനിക്കാൻ ശ്രമിച്ച മാധ്യമങ്ങളുണ്ട്. ഒരു ‘മോബ് ലിഞ്ചിംഗി’നു സമാനമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു അത്. സാധാരണ ജനങ്ങളെ ജെ എൻ യുവിനെതിരെ തിരിക്കാനുള്ള ആസൂത്രിതശ്രമം ഇത്തരം ചില ക്ഷുദ്ര മാധ്യമങ്ങളുടെ ഭാഗത്തു നിന്നുമാണുണ്ടായത്.

ചോദ്യം: അലഹബാദ് യൂണിവേഴ്സിറ്റിയിലെ ആദ്യ വനിതാ പ്രസിഡന്റായ കോംരേഡ് റിച്ചാ സിങ്ങ് സമരനാളുകളിൽ നമുക്കൊപ്പം ശക്തമായ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഒരു തീപ്പൊരി നേതാവാണു. ഏറ്റവും ഒടുവിലായി, അവരെ ടാർഗറ്റ് ചെയ്ത് പുറത്താക്കാൻ സർവ്വാകലാശാല കിണഞ്ഞു പരിശ്രമിക്കുന്നതായാണു നാം മനസ്സിലാക്കുന്നത്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, FTII, HCU, BHU, IIMC. . . . ഈ സ്ഥാപനങ്ങളൊക്കെ ആക്രമിക്കപ്പെട്ടതിനു പിന്നിൽ ഒരു ആസൂത്രിത ശ്രമമില്ലേ?

സമരകാലത്ത് ശക്തമായ ഐക്യദാർഢ്യം – FTII-യുടെ കാര്യത്തിലായാലും രോഹിത് വെമുലയുടെ പ്രശ്നത്തിലായാലുമൊക്കെ – രൂപപ്പെട്ട ക്യാമ്പസുകളാണു ഇവയൊക്കെ. അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിളായാലും, IIMC (Indian Institute of Mass Communication) ആയാലുമൊക്കെ സ്വന്തം ജനതയെത്തന്നെ ആക്രമിക്കുന്ന ഒരു സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നത്. ഈ രാജ്യത്തെ പുരോഗമനപരമായ വിമർശനാത്മക ചിന്തകളെ (Progressive critical thinking) രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്ക് വഹിക്കുന്ന സ്ഥാപനങ്ങളാണ് ഇവയൊക്കെയും. ഇത്തരം സ്ഥാപനങ്ങൾക്കെതിരേ ഉയർന്നു വരുന്ന അടിച്ചമർത്തലുകളെ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം JNUSU പ്രസിഡന്റ് എന്ന നിലയിൽ എനിക്കുണ്ട് – പുരോഗമനപരമായി ചിന്തിക്കുന്ന ഏതൊരു പൗരനുമുണ്ട്. ഈ അടിച്ചമർത്തലുകളൊക്കെയും ‘വികസനം’ എന്ന പേരിലാണ് ഗവൺമെന്റ്‌ മുന്നോട്ട് കൊണ്ടുവരുന്നത്. ഭരണകൂടത്തിന്റെ ഈ വികസന അജണ്ടയിൽ ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് ഒരു സ്ഥാനവുമില്ല. ദേശദ്രോഹ നിയമവും ജനങ്ങളെ നിശ്ശബ്ദരാക്കുക എന്ന ഉദ്ദേശത്തോടെ ഒരു രാഷ്ട്രീയ ഉപകരണം (political tool) എന്ന നിലയിലാണ് ഉപയോഗിച്ച് വരുന്നത്. മേൽപ്പറഞ്ഞ വിഷയങ്ങളെല്ലാം പരസ്പര ബന്ധമുള്ളവ തന്നെയാണ്. ഏതെങ്കിലും ഒരു പ്രത്യേക ഇൻസ്റ്റിറ്റ്യൂഷനു വേണ്ടിയുള്ള പോരാട്ടം എന്നതിലുപരിയായി ഒരു സംയുക്തസമരവും പ്രതിരോധവുമാണ് നമുക്കാവശ്യം. ജനാധിപത്യ മൂല്യങ്ങൾക്കു വേണ്ടിയും നമുക്കോരോരുത്തർക്കു വേണ്ടിയുമുള്ള പോരാട്ടം.

കനയ്യ ടീസ്റ്റയ്ക്കൊപ്പം
കനയ്യ ടീസ്റ്റയ്ക്കൊപ്പം

ചോദ്യം: ബീഹാർ ഇലക്ഷനിൽ ഒരു സൂപ്പർ കാംപെയ്നർ ആയിരുന്നിരിക്കണം താങ്കൾ. താങ്കളെ ടാർഗറ്റ് ചെയ്യാൻ ഇതൊരു പ്രകോപനമായിട്ടുണ്ടാവാം എന്ന് കരുതുന്നുണ്ടോ?

ഞാൻ അങ്ങനെ സൂപ്പർ കാംപെയനർ ഒന്നുമായിരുന്നില്ല (ചിരിക്കുന്നു). ഞാൻ കൂടി അംഗമായ AISF ന്റെ വിദ്യാർത്ഥി പ്രതിനിധി എന്ന നിലയിൽ എന്റെ ജില്ലയായ ബേഗുസരായ് (Begusarai) യിലാണ് താൻ പ്രചരണത്തിൽ പങ്കെടുത്തത്. സാമ്രാജ്യത്വപരമായ ഗവണ്‍മെന്റ് നിലപാടുകൾക്കെതിരെ നിലകൊള്ളുക എന്നത് ഏതൊരു പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെയും പുരോഗമന രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന വിദ്യാർഥികളുടേയും കടമയാണ്. നാം അത് ചെയ്യുന്നുണ്ട് എന്നതുകൊണ്ടു തന്നെയാണ് സർക്കാർ നമ്മളെ ടാർഗറ്റ് ചെയ്ത് അക്രമിക്കുന്നത്. JNUSU പ്രസിഡന്റിനെതിരെയോ ഉമർ, അനീർബാൻ, അശുതോഷ്, രാമനാഗ , മുതലായ വിദ്യാർത്ഥികൾക്കെതിരെയോ, ജെ. എൻ. യു വിനെതിരെയോ ഉള്ള ഒറ്റപ്പെട്ട നീക്കമൊന്നുമല്ല ഇത്. ഗവണ്‍മെന്റിനെ എതിർക്കുന്ന, എതിർത്തുകൊണ്ടിരിക്കുന്ന, ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ശക്തികളൊക്കെയും ആക്രമിക്കപ്പെടുന്നുണ്ട്. അല്ലാതെ ബീഹാർ ഇലക്ഷനും ക്യാംപെയിനുമായി ഇതിന് ബന്ധമുണ്ടെന്ന് ഞാൻ കരുതുന്നില്ല.

ചോദ്യം : സോപാധിക ഇടക്കാലജാമ്യം (interim conditional bail) കിട്ടി താങ്കൾ മോചിതനായി എന്നത് സന്തോഷമുളവാക്കുമ്പോൾ തന്നെ ചില ഇമേജുകൾ വല്ലാത്ത ഭീകരതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ബുള്ളറ്റ് പ്രൂഫ് ധരിപ്പിച്ച്, ഹെൽമെറ്റ് ധരിപ്പിച്ച് പോലീസ് യൂണിഫോമിൽ, ഒരുതരത്തിൽ പറഞ്ഞാൽ വേഷപ്രഛന്നനായി താങ്കളെ കോടതിയിൽ ഹാജരാക്കിയത്.. മറ്റൊന്ന് കോടതിവിധിയിൽ ഉപയോഗിച്ച ഒരു ഇമേജറി. അസുഖം ബാധിച്ച അവയവം (diseased limb), പകർച്ചവ്യാധി (epidemic), ചികിത്സ (treatment), ആന്റിബയോട്ടിക്, അവയവഛേദം (amputation), മുതലായവ സ്റ്റേറ്റിന്റെ അങ്ങേയറ്റം അക്രമാത്മകമായ ചില ആവിഷ്കാരങ്ങളിലേക്കാണ് ഇവ വിരൽ ചൂണ്ടുന്നത് എന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?

പലതരത്തിലുള്ള ചൂഷണങ്ങൾ നിലനില്‍ക്കുന്ന ഒരു വ്യവസ്ഥയുടെ ഭാഗമാണ് നാം. അടിച്ചമർത്തലുകൾ വർദ്ധിക്കുന്തോറും അവയ്ക്കെതിരായ സമരവും പ്രതിഷേധവും വർദ്ധിക്കുക തന്നെ ചെയ്യും. എന്നെയും എന്റെ സുഹൃത്തുക്കളായ ഉമർ, അനീർബാൻ, അശുതോഷ്, രാമനാഗ, ആനന്ദ്‌ എന്നിവരെയൊക്കെയും രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായാണ്‌ RSS ഉം BJP യും അവതരിപ്പിച്ചത്. കോടതിയുടെ പരിഗണനയിലായിരിക്കുന്ന വിഷയമായതിനാൽ കോടതിവിധിയെ പറ്റി പ്രതികരിക്കാനാഗ്രഹിക്കുന്നില്ല. ഒരു നിയമവിദഗ്ദ്ധനൊന്നുമല്ല ഞാൻ. പ്രഗൽഭരായ നിരവധി വക്കീലന്മാർ (ഗാംഗുലിയെപ്പോലുള്ളവർ) കോടതിവിധിയെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

ചോദ്യം : ഇടതുപക്ഷം ജാതിവ്യവസ്ഥയെ കൈകാര്യം ചെയ്ത രീതിയെ താങ്കൾ എങ്ങനെ ആണ് വിമർശനാത്മകമായി വീക്ഷിക്കുന്നത്?

ഇന്ത്യയിലെ ജാതിവ്യവസ്ഥയെപ്പറ്റി ആഴത്തിലുള്ള ചർച്ചകൾ ഉണ്ടായിട്ടുണ്ട്. നാം ഇന്ന് എത്തിനിൽക്കുന്നത്‌ നമ്മുടെ രാഷ്ട്രത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ തന്നെ നിർണ്ണായകമായ ഒരു ഘട്ടത്തിലാണ്. വിവിധങ്ങളായ വിഷയങ്ങളെ സമഗ്രമായി പരിഗണിക്കുകയും നോക്കിക്കാണുകയും ചെയ്യുന്നതിന് പകരം, ഒറ്റപ്പെട്ട രീതിയിലാണ് നാം പലപ്പോഴും ചർച്ച ചെയ്തിട്ടുള്ളത്. പ്രാധാന്യം കൂടിയ വിഷയം ഇന്നത്‌, പ്രാധാന്യം കുറഞ്ഞ വിഷയം ഇന്നത്‌ എന്നൊന്നും വേർതിരിച്ചു കാണാവുന്ന അവസ്ഥയിലല്ല – ഒരു അടിയന്തരാവസ്ഥയിൽ തന്നെയാണ് നാം എത്തിപ്പെട്ടിരിക്കുന്നത്. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഒരു സമൂഹമാണ് നമ്മുടെ സ്വപ്നമെങ്കിൽ വിവിധങ്ങളായ പ്രശ്നങ്ങൾ – മതേതരത്വം, ജാതി, ലിംഗപദവി , തൊഴിലാളികളുടെ അവകാശങ്ങൾ ഭിന്ന ലൈംഗിക വിഭാഗത്തിലുള്ളവരുടെ പ്രശ്നങ്ങൾ – മുതലായവയൊക്കെ ഏകോപിപ്പിച്ചുകൊണ്ടുള്ള ശക്തമായ ഒരു കാംപെയിൻ നാം സജീവമാക്കേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം.

ചോദ്യം: ജയ് ഭീം, ലാൽ സലാം എന്ന മുദ്രാവാക്യം താങ്കൾ നൽകാറുണ്ട്. എന്താണ് ഈ മുദ്രാവാക്യത്തിന്റെ സമകാലിക പ്രസക്തി?

അടിച്ചമർത്തപ്പെട്ട എല്ലാ ജനവിഭാഗങ്ങളും പരസ്പര ധാരണയോടെ ഒരുമിക്കേണ്ടതുണ്ട് എന്നതാണ് എന്റെ നിരീക്ഷണവും രാഷ്ട്രീയധാരണയും. ദളിത് ജനവിഭാഗങ്ങൾ, സ്ത്രീകൾ, പിന്നോക്ക വിഭാഗങ്ങൾ, ഭിന്ന ലൈംഗികവിഭാഗം, ആദിവാസികൾ, ദരിദ്രർ ഇവരൊക്കെയും അധികാരത്തിന്റെ അടിച്ചമർത്തലുകൾ നേരിടുന്നവരാണ്. പ്രാഥമികമായി, സമഗ്രമായുള്ള പ്രതിരോധ പദ്ധതിക്കായുള്ള ഐക്യമാവണമത്. സമരമുഖങ്ങളിൽ രൂപപ്പെടുന്ന ഈ ഐക്യം ഇലക്ഷൻ പ്രക്രിയകളിലും സ്വാഭാവികമായി പ്രതിഫലിക്കുക തന്നെ ചെയ്യും. ഇടതുപക്ഷ പ്രസ്ഥാനങ്ങളും അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങളും സംസാരിക്കുന്നത് അടിസ്ഥാനപരമായി ചൂഷണത്തെപ്പറ്റിയാണ്. അതു കൊണ്ട് തന്നെ അവർ natural allies ആണ്. പരസ്പര പൂരകങ്ങളും.

ചോദ്യം: ഉമറും അനിർബനും ഇപ്പോഴും ജയിലിലാണ്. ഈ വിഷയം എങ്ങനെയാണ് JNUSU മുമ്പോട്ട് കൊണ്ട് പോകുക?

ഇന്ന് (7|3 |20l6) JNUSU കൗൺസിൽ യോഗം ചേരുന്നുണ്ട്. മുന്നോട്ടുള്ള പരിപാടികൾ അവിടെ ചർച്ച ചെയ്യപ്പെടും. JNUSU പ്രസിഡന്റ് ജയിലിലായിരുന്ന സമയത്ത് ABVP ക്കാരനായിരുന്ന ജോയിന്റ് സെക്രട്ടറി കൗൺസിൽ യോഗം വിളിച്ചുകൂട്ടുകയും പുറത്താക്കപ്പെട്ട  വിദ്യാർത്ഥികൾക്കെതിരേയുള്ള അന്വേഷണം ത്വരിതപ്പെടുത്തി നടപടികൾ സ്വീകരിക്കണമെന്നും മറ്റുമുള്ള  ചില തീരുമാനങ്ങൾ പാസ്സാക്കിയതായി അറിയുന്നു. അത്തരമൊരു കൗൺസിൽയോഗം നിയമാനുസൃതമായി നിലനിൽക്കുന്നുപോലുമല്ല. JNUSU ഭരണഘടനയുടെ ഗൗരവപൂർണ്ണമായ ലംഘനമാണിത്.kanhayia-v-5

തിരക്കുകൾക്കിടയിലും ഇത്രയും നേരം സംസാരിച്ചതിന് നന്ദി. ലോക്കൽ ലാംഗ്വേജിലേക്ക് ഈ ചർച്ചകൾ എത്തേണ്ടത് വളരെ ആവശ്യമാണെന്ന് കരുതുന്നു.
കനയ്യ: തീർച്ചയായും.
—————
ചിത്രങ്ങൾക്ക് കടപ്പാട്: കാത്തു ലൂക്കോസ്

Comments

comments