പലസ്തീനിയൻ പ്രതീകവും വിമോചന ബഹുജന മുന്നണിയുടെയും (PFLP), അഭയാർഥികളുടെയും അവരുടെ തിരിച്ചു വരാനുള്ള അവകാശത്തിന്റെയും പോരാളിയുമായ ലൈലാ ഖാലിദുമായി Le Mur a Des Oreilles – Conversations for Palestine – ‘പലസ്തീനു വേണ്ടിയുള്ള സംസാരങ്ങൾ’ക്ക് വേണ്ടി ഫ്രാങ്ക് ബാരാറ്റ് നടത്തിയ അഭിമുഖം.

(PFLP) അംഗവും നിലവിൽ പലസ്തീൻ ദേശീയ കൗൺസിൽ അംഗവുമായ സ: ലൈല ഖാലിദ്  1969ലും 1970ലുമായി രണ്ട് വട്ടം വിമാനങ്ങൾ റാഞ്ചിയതിലൂടെ പലസ്തീൻ വിഷയം ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന വ്യക്തിയാണു.
നോം ചോംസ്കിയും ഇസ്രയേലി ചരിത്രകാരനായ ഇലാൻ പാപ്പെയും സംയുക്തമായി എഴുതിയ Gaza in Crisis: Reflections on Israel’s War against the Palestinians എന്ന പുസ്തകത്തിന്റെ എഡിറ്ററും മാധ്യമപ്രവർത്തകനുമാണു ഫ്രാങ്ക് ബരാറ്റ്.
——————————

ഫ്രാങ്ക് ബരാറ്റ് : ലൈലയ്ക്ക് സുഖം തന്നെയെന്ന് കരുതുന്നു ! …അമ്മാനിൽ ഇപ്പോൾ  എന്തുചെയ്യുന്നു ?

ലൈലാ ഖാലീദ് : സുഖം തന്നെ. സ്വാതന്ത്ര്യത്തിനു വേണ്ടിയും  ജറുസലെം തലസ്ഥാനമായുള്ള ഒരു സ്വതന്ത്ര രാഷ്ട്രത്തിലേക്ക് തിരിച്ചു വരുന്നതിനുമുള്ള ഞങ്ങളുടെ അവകാശം സഫലമാക്കുന്നതിനു വേണ്ടിയുമുള്ള ഒരു  പോരാട്ടത്തിന്റെ ഭാഗമായിരിക്കുന്നിടത്തോളം കാലം, സുഖം തന്നെ. സമീപ ഭാവിയിൽ അങ്ങനെ സംഭവിക്കാനുള്ള സാദ്ധ്യത ഇല്ലെന്നറിയാമെങ്കിലും ഞാൻ പോരാടുകയാണ്. ഇവിടെ അമാനിൽ പാലസ്തീൻ വിമോചന മുന്നണിയുടെ (P.F.L.P), അഭയാർഥികളുടെയും അവരുടെ തിരിച്ചു വരാനുള്ള അവകാശത്തിനു വേണ്ടിയും പ്രവർത്തിക്കുന്ന വിഭാഗത്തിന്റെ ചുമതല എനിക്കാണ്.

ഫ്രാങ്ക് ബരാറ്റ് : താങ്കൾ ഒരു പലസ്തീനിയൻ അഭയാർഥിയാണ്, അറുപതു ലക്ഷം പേരിൽ ഒരാൾ. ഒരിക്കൽ തിരിച്ചുപോകാൻ  കഴിയും  എന്ന് താങ്കൾ ഇന്നും കരുതുന്നുവോ? അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നതിനോടൊപ്പം, പലപ്പോഴും തിരിച്ചു പോകാനുള്ള അവരുടെ അവകാശത്തെ  ബാധിക്കുന്ന വിധം സ്വന്തം ജീവിതം മെച്ചപ്പെടുത്താൻ ലെബനോണിൽ ശ്രമിക്കുന്നവർ എന്ന് വിമർശിക്കപ്പെടുകയും ചെയ്യുന്ന ലെബനനിലെ പലസ്തീനിയൻ അഭയാർത്ഥികളുടെ അവസ്ഥ എന്താണ്?

ലൈലാ : പലസ്തീനിയർ പല രാജ്യങ്ങളിലായാണു കഴിയുന്നത്. ഓരോ രാജ്യങ്ങളും ആളുകളിൽ അവരുടെതായ സ്വാധീനം ചെലുത്തുന്നുണ്ട്. ലെബനോണിൽ എഴുപതുകളിലും എണ്‍പതുകളിലും.. എണ്‍പത്തി രണ്ടു വരെ വിപ്ലവത്തെ പ്രതിരോധിക്കുന്ന, സായുധ സമരത്തിനനുകൂലമായ നിലപാട് ആയിരുന്നു സ്വീകരിച്ചത്. ആ സമയത്ത് ഉടനീളം ആക്രമണവും അധിനിവേശവും നടത്തി രാജ്യത്തിന്റെ പല ഭാഗങ്ങളും കൈവശമാക്കുകയാണു  ഇസ്രയേൽ ചെയ്തുകൊണ്ടിരുന്നത്. എൺപത്തിരണ്ടിനു ശേഷം പലസ്തീനികളുടെ പ്രധാന ലക്ഷ്യം, ലബനനിൽ അവർക്കു ലഭിക്കാതെ പോകുന്ന അവരുടെ പൌരാവകാശങ്ങളും സാമൂഹികാവകാശങ്ങളും നേടിയെടുക്കുക എന്നതായിരുന്നു. ഇത് തിരികെ സ്വന്തം രാജ്യത്തേക്ക് പോകാനുള്ള അവരുടെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളികളായിരിക്കാൻ അവരെ സഹായിക്കും. തിരികെ ചെല്ലുന്നതിനുള്ള  അവകാശം എന്നത് പലസ്തീനികൾക്ക് പൊതുവിൽ ഒരു ആശയവും ഒരു സംസ്കാരവുമാണു. തന്റെ സാമൂഹികവും പൗരവുമായ അവകാശങ്ങൾക്കു വേണ്ടി പൊരുതുന്നുണ്ട് എന്ന് ഏതൊരു പലസ്തീനിയും  പറയും. എന്നാൽ ഇതിനർത്ഥം അവർ തങ്ങളുടെ തിരിച്ചുപോക്കിനു തയ്യാറെടുക്കുകയാണു എന്നാണു. രണ്ടും വേറിട്ട് നിൽക്കുന്നവയല്ല.

ഫ്രാങ്ക് ബരാറ്റ് : കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്ക് അഭ്യാർത്ഥികളുടെ പ്രശ്നം എന്നത് കാലഹരണപ്പെട്ട ഒരു വിഷയമായി മാറിക്കൊണ്ടേയിരിക്കുന്നു. അങ്ങനെ കാലഹരണപ്പെട്ടു പോകുവാൻ സാധ്യതയില്ലാത്ത ഒന്നായല്ല ഇന്നതിന്റെ നിലനില്പ് – എന്നാൽ ചർച്ചചെയ്യാൻ കഴിയുന്ന ഒന്ന്. അങ്ങനെ തന്നെയാണു കഴിഞ്ഞ വട്ടത്തെ “കെറി ചർച്ചകളും” (Kerry negotiations). എന്താണു താങ്കൾ ഇതിൽ നിന്ന് മനസ്സിലാക്കുന്നത്? ഈ ചർച്ചകൾ അവസാനിച്ച് കഴിയുമ്പോൾ എന്താണു സംഭവിക്കുക?

ലൈലാ: PFLP-യും വ്യക്തിപരമായി ഞാനും 1991 മുതൽ ചർച്ചകൾക്കെതിരായിരുന്നു. രണ്ട് പക്ഷങ്ങളും അവരവരുടെ ഭാഗത്ത് ഉറച്ച് തന്നെ നിൽക്കുന്നു എന്നതാണു പ്രശ്നം. ഇസ്രയേലികൾ കരുതുന്നത് പലസ്തീൻ ലോകമെങ്ങുമുള്ള ജൂതരുടെ മണ്ണാണെന്നാണു. എന്നാൽ അത് തങ്ങളുടെ മണാണെന്നും 1947/48-ൽ തങ്ങളെ അവിടെ നിന്നും പുറത്താക്കുകയായിരുനുവെന്നും പലസ്തീനികൾക്ക് തീർച്ചയാണ്. ഈ തർക്കം ഒരു ഘട്ടത്തിൽ നിന്ന് അടുത്തതിലേക്ക് കടക്കുന്തോറും രണ്ട് പക്ഷക്കാരും തുല്യശക്തികളാണ് എന്ന കണക്കിലാണ് വിലയിരുത്തലുകൾ പോകുന്നത്. എന്നാൽ ഞങ്ങൾക്കത്ര ശക്തിയില്ല. അതൊരു തോന്നൽ മാത്രമാണു. പലസ്തീനികളുടെ മുഖ്യമായ അവകാശങ്ങൾ നേടിയെടുക്കുന്നതിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാകുമെന്ന് കരുതിയാവും നേതൃത്വം ഓസ്ലോ കരാറിലേക്ക് പോകാൻ തയ്യാറായത്. ചിലയാളുകൾ ഇത് വിശ്വസിച്ചെങ്കിലും അവസാനം, ഇരുപതു വർഷങ്ങൾക്കു ശേഷം അത് ഒരു മണ്ടത്തരമായിരുന്നെന്ന് മനസ്സിലാക്കി. കുടിയേറ്റങ്ങൾ എന്നത്തെക്കാളും വർദ്ധിച്ചു. ഓസ്ലോയ്ക്ക് മുമ്പുണ്ടായിരുന്നതിലും രണ്ടിരട്ടി. കുടിയേറ്റക്കാരുടെ എണ്ണവും അതേ പോലെതന്നെ. കൂടുതൽ ഭൂമി കയ്യേറപ്പെടുന്നു. മതിൽ സ്ഥാപിതമായി – അപ്പാർത്തീഡിന്റെ മതിൽ. ഇസ്രയേൽ ഒരു അപ്പാർത്തീഡ് രാഷ്ട്രമാണു. ഈ ചർച്ചകൾ ഇപ്പോൾ പലസ്തീനെയല്ല, ഇസ്രയേലിനെ സഹായിക്കാനാണ്. മദ്ധ്യസ്ഥചർച്ചകൾ എന്നതുകൊണ്ട് ഇസ്രയേൽ ഉദ്ദേശിക്കുന്നതെന്താണെന്ന് ഞങ്ങൾ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു.  ഇസ്രയേൽ ഒരിക്കലും അവരുടെ വാക്കും  ഉടമ്പടികളും പാലിക്കില്ല. ഒപ്പം പലസ്തീനിയൻ ജീവിതങ്ങളെ നരകമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയും ചെയ്യുന്നു. ഞാനും എന്റെ പാർട്ടിയും തീർച്ചയായും ഈ ചർച്ചയ്ക്കും എതിരാണു. പ്രത്യേകിച്ചും ഇപ്പോൾ. അമേരിക്ക പിന്തുണയ്ക്കുന്നത് ഇസ്രയേലിനു സഹായകരമാകുന്ന ഒരു ഇസ്രയേൽ പദ്ധതിയെയാണു. വെസ്റ്റ് ബാങ്കിലെ അധിനിവേശവും കുടിയേറ്റവും നിർത്തലാക്കാമെന്നും 104 തടവുകാരെ മൂന്ന് തവണകളായി വിട്ടയക്കാമെന്നും അമേരിക്ക സ്പോൺസർ ചെയ്ത ഒരു കരാറുണ്ടായിരുന്നു. ഇത് സാധ്യമല്ലായെന്നും അവസാന ബാച്ചിലുള്ള തടവുകാരെ തങ്ങൾ വിട്ടയക്കില്ലെന്നുമാണു ഇസ്രയേൽ പറയുന്നത്. വിട്ടയച്ചവരെ അല്പകാലത്തിനു ശേഷം വീണ്ടും തടവിലാക്കുന്നു എന്നതാണു മറ്റൊന്ന്. കറങ്ങുന്ന വാതിൽ നയതന്ത്രം എന്ന് ഇസ്രയേൽ വിളിക്കുന്നത് ഇതിനെയാണു. തടവുകാരെ വിട്ടയക്കണമെന്ന് രാഷ്ട്രീയക്കാർ പറയുന്നു. എന്നാൽ അവർ വീണ്ടും അറസ്റ്റിലാകുന്നു. അവരിൽ പലരും ഇപ്പോൾ വീണ്ടും ജയിലിലാണു. ഇസ്രയേലിനു പലസ്തീനുമായി സമാധാനമുണ്ടാകണമെന്ന് ആഗ്രഹമേതുമില്ല എന്നത് സ്പഷ്ടമാണു. അറബ് ലോകം പല പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുന്നതിനാൽ അവർക്ക് പലസ്തീനെ  പിന്തുണയ്ക്കാൻ കഴിയില്ല എന്നതിനെയും  ഇസ്രയേൽ മുതലാക്കുന്നുണ്ട്. അതിനാൽ ഒപ്പിട്ട കരാറുകൾ അവർ ലംഘിക്കുമ്പോൾ അതിനെ അപലപിക്കാൻ ആരും തന്നെയില്ല.

മാത്രമല്ല, കെറിക്ക് എന്താണു വേണ്ടത് ? എന്താണു അദ്ദേഹത്തിന്റെ പദ്ധതി? ആർക്കുമറിയില്ല. എല്ലാം വാക്കാലുള്ളത് മാത്രം. എഴുതി വെക്കുന്നതായി ഒന്നുമില്ല. കെറിയുടെ നിർദ്ദേശങ്ങൾ നേതൃത്വം തള്ളിക്കളയേണ്ടതുണ്ട്. ശ്രദ്ധിക്കേണ്ട ഒന്ന്, കെറി വാഗ്ദാനവുമായി റാമല്ലയിലേക്ക് പോകുകയല്ല ചെയ്തത്. അതിനർത്ഥം പലസ്തീനിയൻ അതിന്റെ പക്കലുള്ള രണ്ടാമത്തെ വഴിയായി യു എന്നിലേക്ക് തിരിച്ച് പോകും എന്നാണു. എന്നാൽ യു എസ് പറഞ്ഞു കഴിഞ്ഞു അങ്ങനെയൊരു നീക്കത്തെ തടയുമെന്ന്. എന്താണു ഇതിന്റെയെല്ലാം അർത്ഥം?

ഞങ്ങൾ പോരാടിയിരുന്നു, പോരാടിക്കൊണ്ടിരിക്കുന്നുണ്ട്, തുടർന്നും പോരാടുക തന്നെ ചെയ്യും.

എനിക്ക് തോന്നുന്നത് ആദ്യം നമ്മൾ ഇസ്രയേൽ എന്ന രാഷ്ട്രത്തിന്റെ സ്വഭാവം കണക്കിലെടുക്കണമെന്നാണു. അവരുടെ പദ്ധതികളും ആസൂത്രണങ്ങളും. ചില കാര്യങ്ങളിൽ ഇസ്രയേൽ ഞങ്ങളെക്കാൾ ഒരുപാട് ശക്തരാണെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ഞങ്ങളും കരുത്തരാണു. എല്ലാം ഞങ്ങളുടെ ജനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ടല്ലോ. “When there is a will, there is a way”. ഇത് ഞങ്ങളുടെ അവകാശമാണെന്നും അതിനു വേണ്ടി പൊരുതേണ്ടതുണ്ടെന്നും ഞങ്ങളിന്നും വിശ്വസിക്കുന്നു. ഞങ്ങൾ പോരാടിയിരുന്നു, പോരാടിക്കൊണ്ടിരിക്കുന്നുണ്ട്, തുടർന്നും പോരാടുക തന്നെ ചെയ്യും. തലമുറകളിൽ നിന്ന് തലമുറകളിലേക്ക്. സ്വപ്നങ്ങൾക്കായി പോരാടാൻ തയ്യാറുള്ള കരുത്തുള്ള ജനങ്ങളെയാണു സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത്. ഇതുകൊണ്ടൊക്കെയാണു ഒരു  ഒത്തുതീർപ്പ് ഉടൻ ഉണ്ടാകില്ലായെന്ന് ഞാൻ കരുതാൻ കാരണം. അമേരിക്കയ്ക്ക് എന്നും ചർച്ചകൾ നീട്ടിക്കൊണ്ടിരിക്കണം. ഇത് ഒരു തരത്തിലും ഞങ്ങളെ സഹായിക്കില്ല.

ഫ്രാങ്ക് ബരാറ്റ് : ചർച്ചകളിലൂടെ പലസ്തീനു സമാധാനം കൈവരിക്കാൻ സാധിക്കുകയില്ലെങ്കിൽ പിന്നെ മറ്റെന്താണു വഴി? എന്താണു നേതൃത്വം ചെയ്യേണ്ടത്?

ലൈലാ: ചെറുക്കുക! അങ്ങനെയാണു ഒരു ജനതയെന്ന നിലയ്ക്ക് നിങ്ങൾ നിങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുക. ചരിത്രം അത് നമ്മെ കാട്ടിത്തന്നിട്ടുണ്ട്. ഒരു ജനതയും പോരാട്ടത്തിലൂടെയല്ലാതെ അവരുടെ സ്വാതന്ത്ര്യം നേടിയിട്ടില്ല. എവിടെയൊക്കെ അധിനിവേശമുണ്ടോ അവിടെയെല്ലാം പ്രതിരോധങ്ങളുണ്ട്. അതൊരു പലസ്തീനിയൻ കണ്ടുപിടിത്തമല്ല. യു എന്നിന്റെ ആഭിമുഖ്യത്തിൽ പലസ്തീനിയൻ പ്രശ്നത്തിൽ ആ സംഘടന എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിനു വേണ്ടി ഒരു സമ്മേളനം നടത്താൻ ഞങ്ങൾ ആവശ്യപ്പെടാൻ പോകുകയാണു.  194-ആം റിസൊല്യൂഷനനുസരിച്ച് അഭയാർത്ഥികളുടെ മടങ്ങിവരവിനെ ഇസ്രയേൽ അംഗീകരിക്കേണ്ടതുണ്ട്. യു എന്നിനെ നമുക്ക് കൃത്യമായി ഈ പ്രശ്നത്തിലേക്ക് കൊണ്ടുവരാം. ഇതു വരെ നടന്ന എല്ലാ ചർച്ചകളും അമേരിക്കയാണു എഴുതി തയ്യാറാക്കിയത് എന്നതാണു പ്രശ്നം. അവർക്ക് ഇസ്രയേലിനോടുള്ള പക്ഷപാതിത്വം വ്യക്തമാണു.

ഫ്രാങ്ക് ബരാറ്റ് : പി എൽ ഒ എന്നാൽ പലസ്തീൻ വിമോചന സംഘടന എന്നാണു. അതിനു അതിന്റെ അർത്ഥം നഷ്ടമായി എന്ന് താങ്കൾ കരുതുന്നോ? പി എൽ ഒ എന്തിനും മീതെയായി വിമോചന സംഘടന എന്ന അതിന്റെ അടിസ്ഥാന സ്വത്വത്തിലേക്ക് തിരിച്ച് പോകണം എന്നാണു 2008-ൽ ഒരിക്കൽ ബസ്സാം ഷാക എന്നോട് പറഞ്ഞത്.

ലൈലാ: ഒരു വിമോചനവും ചെറുത്തുനിൽപ്പില്ലാതെ നേടിയെടുക്കപ്പെട്ടിട്ടില്ല. എന്റെ പാർട്ടി ഇതു വരെ നിലപാട് മാറ്റിയിട്ടില്ല. അത് അതിന്റെ യഥാർത്ഥ പരിപാടികളിൽ ഉറച്ച് നിൽക്കണം. ചെറുത്തുനില്പ് വർദ്ധിപ്പിക്കണം എന്നാണു ഞങ്ങളുടെ ആവശ്യം. ജനകീയമായ ചെറുത്തുനില്പിനെക്കുറിച്ച് ആളുകൾ പറയുന്നു. പ്രതിഷേധപ്രകടനങ്ങൾ എന്നു മാത്രമല്ല അതുകൊണ്ട് അർത്ഥമാകുന്നത്. ആയുധമെടുത്ത് പോരാടുന്നതും ജനകീയം തന്നെയാണു. പൊരുതാൻ തയ്യാറുള്ള ജനങ്ങൾ ഞങ്ങൾക്കുണ്ട്.

ഫ്രാങ്ക് ബരാറ്റ് : സായുധപോരാട്ടം വിമോചനത്തിനുള്ള വഴിയായി തെരഞ്ഞെടുത്ത താങ്കളെപ്പോലെ ഒരാൾ സമാധാനപരവും അക്രമരഹിതവുമായ ചെറുത്ത് നില്പ് എന്നതിന്റെ അർത്ഥം എങ്ങനെയാണു കാണുന്നത്?

ചെറുത്തുനിൽപ്പിനു പല മുഖങ്ങളുണ്ട്. അത് എല്ലാത്തരം ചെറുത്തുനിൽപ്പുകളുമാണു. സമാധാനപരവും അല്ലാത്തതും. അക്രമരഹിതമാർഗ്ഗം ഉപയോഗിക്കുന്നവരോട് എനിക്ക് എതിർപ്പില്ല. സായുധസമരത്തിലൂടെ മാത്രം ഞങ്ങൾക്ക് ഞങ്ങളുടെ രാജ്യത്തെ സ്വതന്ത്രമാക്കാൻ കഴിയില്ല. മറ്റു തരത്തിലുള്ള പ്രതിരോധങ്ങളും ആവശ്യമാണു. രാഷ്ട്രീയമായ ഒന്ന്, നയതന്ത്രപരമായ ഒന്ന്, സമാധാനപരമായ ഒന്ന്. എന്തെല്ലാമുണ്ടോ അതെല്ലാം ഉപയോഗിക്കേണ്ടതുണ്ട്.

ബാനർ പിടിച്ച് പ്രതിഷേധിക്കുന്ന ഒരു ജനതയ്ക്കെതിരെ വൻ പടക്കോപ്പുകളുള്ള ഒരു സൈന്യത്തെ വിന്യസിക്കുന്നത്  അംഗീകരിക്കാൻ കഴിയുമോ?

പത്ത് വർഷത്തിലധികമായി ബിൻ ഇല്ലിലും നബി സാലെയിലും ജനങ്ങൾ പ്രതിഷേധിക്കുന്നുണ്ട്. മതിലിനെതിരെയും ഭൂമി കയ്യേറ്റത്തിനെതിരെയും. ഇസ്രയേൽ എങ്ങനെയാണു അതിനെ എതിരിടുന്നത്? അക്രമം, ടിയർ ഗ്യാസ്, ബോംബുകൾ എന്നിവ വഴി… ബാനർ പിടിച്ച് പ്രതിഷേധിക്കുന്ന ഒരു ജനതയ്ക്കെതിരെ വൻ പടക്കോപ്പുകളുള്ള ഒരു സൈന്യത്തെ വിന്യസിക്കുന്നത്  അംഗീകരിക്കാൻ കഴിയുമോ? ചെറുത്തുനിൽപ്പിന്റെ എല്ലാ വഴികളും ഉപയോഗിക്കുന്നതിൽ എനിക്ക് സമ്മതമാണു. അക്രമമാർഗ്ഗത്തിലൂടെ മാത്രമേ ഞങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനാകൂ എന്ന് കരുതാനാകില്ല. ഞങ്ങൾ നേരിടുന്നത് ഒരു അപ്പാർത്തീഡ് രാഷ്ട്രത്തെയാണു, ഒരു പ്രസ്ഥാനമെന്ന നിലയ്ക്ക് സയണിസത്തെ, അമേരിക്കയെ, പൊതുവിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പടിഞ്ഞാറിനെ മുഴുവൻ. ബലാബലങ്ങളുടെ തുല്യത സാധ്യമാകുമ്പോൾ ചർച്ചകളെക്കുറിച്ച്  നമുക്ക് ആലോചിച്ച് തുടങ്ങാം.

ഫ്രാങ്ക് ബരാറ്റ് : ആരാണു അടിച്ചമർത്തപ്പെടുന്നതെന്നും ആരാണു അടിച്ചമർത്തുന്നതെന്നും പൊതുജനത്തിനു അറിയാൻ സാധിച്ചാൽ സായുധസമരത്തിനായി ആഹ്വാനം ചെയ്യുക എന്നത് എളുപ്പമാകും. 69-ലെയും 70-ലെയും നിങ്ങളുടെ നീക്കങ്ങൾ അതിൻ പ്രകാരമായിരുന്നു. ശരിയല്ലെ? പലസ്തീനെ ചിത്രത്തിലേക്ക് കൊണ്ടുവരിക എന്നത്. പലസ്തീന്റെ മറ്റൊരു മുഖം, അതായത് പലസ്തീനു സാധുതയുണ്ടെന്നും അതിനു അവകാശങ്ങളുണ്ടെന്നും ജനങ്ങളെ ബോധവരാക്കുന്ന പ്രക്രിയ 70-കൾക്ക് ശേഷം വേണ്ട വിധം നടന്നോ?

ലൈലാ: നമുക്ക് വിയെറ്റ്നാമിന്റെ കാര്യമെടുക്കാം. അല്ലെങ്കിൽ അൾജീരിയയുടെയും ദക്ഷിണാഫ്രിക്കയുടെയും. തങ്ങളുടെ നീതിപൂർവ്വമായ പോരാട്ടത്തെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്താൻ ജനങ്ങൾക്ക് സമയം ആവശ്യമായിരുന്നു. അവർ സമയമെടുത്തു. ഒടുക്കം അടിച്ചമർത്തപ്പെടുന്നവർക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ചെറുത്തു നിൽക്കാനുള്ള അവകാശമുണ്ടെന്ന് ലോകത്തിനു ബോദ്ധ്യമായി. ആർക്കും നമ്മുടെ മേൽ ചെറുത്തുനിൽപ്പിന്റെ ഒരു രൂപം അടിച്ചേൽപ്പിക്കാൻ അവകാശമില്ല. ഞങ്ങൾ സായുധസമരം തെരഞ്ഞെടുത്തു. ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിച്ചില്ല. അതിനു ശേഷം ഇൻറ്റിഫാദ നടന്നു. ലോകം മുഴുവൻ ഞങ്ങളെ ഗൗരവത്തിലെടുത്തു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ലഭ്യമായി. എന്നിട്ടും ഞങ്ങൾക്ക് ലക്ഷ്യത്തിനു അടുത്തേക്ക് ചെല്ലാനായില്ല. കാരണം ഇൻറ്റിഫാദയുടെ വലിപ്പം വർദ്ധിപ്പിക്കാനുള്ള, അതിനെ മറ്റൊരു തലത്തിലെത്തിക്കാനുള്ള ധീരത നേതൃത്വം കാട്ടിയില്ല.  ഗസ മുനമ്പിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും പിന്മാറാൻ ഇസ്രയേൽ ഒരുക്കമായിരുന്നു. എന്നാൽ ഞങ്ങളുടെ നേതൃത്വം ഞങ്ങളെ തോൽപ്പിച്ചു.

ഇൻറ്റിഫാദ ജനങ്ങൾ തെരെഞ്ഞെടുത്തതായിരുന്നു. തുടക്കത്തിലുണ്ടായിരുന്ന സായുധമായ ചെറുത്തുനിൽപ്പിലേക്ക് നോക്കിയാൽ 1967-നു ശേഷം അത് പലസ്തീന്റെ ആവശ്യമായിരുന്നു. രാജ്യം തിരികെക്കിട്ടാൻ ഞങ്ങൾ അറബ് രാജ്യങ്ങളെ ആശ്രയിച്ചു. അവരും ഞങ്ങളെ തോൽപ്പിച്ചു. ഇസ്രയേൽ കൂടുതലായി പലസ്തീൻ കയ്യേറി. അതിനാൽ ഞങ്ങളുടെ വിധി ഞങ്ങൾ തന്നെ തെരഞ്ഞെടുക്കുമെന്ന് ഞങ്ങളുറച്ചു. സായുധമായ പോരാട്ടത്തിലൂടെ. ഇന്നൊക്കെ ജനങ്ങൾ കാത്തിരിക്കുകയാണു. എന്നാൽ ഈ ചർച്ചകൾ ഞങ്ങളെ എവിടെയും എത്തിക്കില്ല എന്നവർക്ക് മനസ്സിലാകും. ഇസ്രയേലുമായുള്ള മുന്നനുഭവങ്ങൾ ഞങ്ങളെ പഠിപ്പിച്ചത് അവരെ വിശ്വസിക്കരുത് എന്നാണു. അവർ  വാക്കിനു വില കൽപ്പിക്കുന്നവരല്ല. എപ്പോഴും ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

ദൈവം ഞങ്ങൾക്കു ഈ ഭൂമി വാഗ്ദാനം ചെയ്തത്രേ! ദൈവം ഒരു എസ്റ്റേറ്റ് ഏജെന്റാണെന്ന് തോന്നും. ഇതൊരു കൊളോണിയൽ പദ്ധതിയാണു.

അബു മാസൻ (മഹ്മൂദ് അബ്ബാസ്) സമാധാനത്തിന്റെ വക്താവല്ല എന്നാണോ? എങ്കിൽപ്പിന്നെ ആരാണങ്ങനെ? ഷാരൺ? നെതന്യാഹു? ഈ വലതുപക്ഷ ഗവണ്മെന്റോ? ഇതൊരു ഗവണ്മെന്റു പോലുമല്ല. ഒരു സംഘമാണു. കയ്യേറ്റക്കാരുടെയും ഫാസിസ്റ്റുകളുടെയും വർണ്ണവറിയരുടെയും സംഘം. ഈ ഭൂമി ജൂതരുടേതാണെന്ന കള്ളം ആരംഭിക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിൽ നിന്നാണു. ബൈബിൾ കൊടുത്ത ഒന്ന്. ഇത് ജനാധിപത്യപരമാണോ? 1948-ലെ ലോകം ഈ കള്ളം സ്വീകരിച്ചു. ദൈവം ഞങ്ങൾക്കു ഈ ഭൂമി വാഗ്ദാനം ചെയ്തത്രേ! ദൈവം ഒരു എസ്റ്റേറ്റ് ഏജെന്റാണെന്ന് തോന്നും. ഇതൊരു കൊളോണിയൽ പദ്ധതിയാണു. അതാണു ഈ സംഘർഷത്തിന്റെ പ്രധാന സങ്കേതം.

ഫ്രാങ്ക് ബരാറ്റ് : ഇസ്രയേലിന്റെ കയ്യേറ്റപദ്ധതി അവസാനിപ്പിക്കുന്നതിനും അപ്പാർത്തീഡ് അവസാനിപ്പിക്കുന്നതിനുമാണു ഈ പോരാട്ടം. താങ്കളുടെ അഭിപ്രായത്തിൽ അതിനു ശേഷം എന്തായിരിക്കും സംഭവിക്കുക? വിജയത്തിനു ശേഷമുള്ള ദിവസം? അൾജീരിയയിലെപ്പോലെ ഒരു പോംവഴി? അതോ ദക്ഷിണാഫ്രിക്കയിലെപ്പോലെ?

ലൈലാ: ഞങ്ങളെന്നും കൂടുതൽ മനുഷ്യത്വമാർന്ന പോംവഴി നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാവരും തുല്യരായി കഴിയുന്ന ഒരു സ്ഥലം. ജൂതർ, മുസ്ലീമുകൾ. ആളുകളുടെ മതമേതാണെന്നത് ഞാൻ ശ്രദ്ധിക്കാറില്ല. ഞാൻ മനുഷ്യനിലാണു വിശ്വസിക്കുന്നത്. മനുഷ്യർക്ക് ഒരുമിച്ചിരുന്ന് ഈ നാടിന്റെ ഭാവി തീരുമാനിക്കാം. പക്ഷെ ഇന്ന് എനിക്കെന്റെ നഗരത്തിലേക്ക് തിരിച്ചുപോകാൻ അവകാശമില്ല എന്നത് എനിക്ക് അംഗീകരിക്കാനാവില്ല. അറുപതു ലക്ഷം  പലസ്തീനിയരെപ്പോലെതന്നെ. ഞങ്ങൾക്ക് അവിടേയ്ക്ക് പോകാൻ അനുവാദമില്ല. ഞങ്ങൾ മനുഷ്യത്വമാർന്ന ഒരു ജനാധിപത്യ പരിഹാരമാർഗ്ഗമാണു നിർദ്ദേശിക്കുന്നത്.  ഞാനൊരു അഭയാർത്ഥിയാണു എന്നതുകൊണ്ട് എനിക്കെന്റെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കാൻ അവകാശമില്ല എന്ന് ആർക്കും പറയാൻ കഴിയില്ല. ഞങ്ങൾക്ക് സംഭവിച്ചത് ചരിത്രത്തിൽ ആദ്യമായി സംഭവിക്കുന്ന ഒരു കാര്യമാണെന്നാണു ഞാൻ മനസ്സിലാക്കുന്നത്. ആളുകൾ സ്വന്തം വീടുകളിൽ നിന്നും ആട്ടിപ്പായിക്കപ്പെടുന്നു, പകരം  ദൂരെനിന്നും വരുന്ന മറ്റൊരു ജനത ആ സ്ഥലങ്ങൾ കൈയ്യടക്കുന്നു. ഇസ്രയേലികൾ മറ്റു രാജ്യങ്ങളിലെ പൗരന്മാരായിരുന്നു. പല സംഘടനകളുടെയും സഹായത്തോടെ അവർ 1948-നു മുൻപേ തന്നെ സൈന്യം ഉണ്ടാക്കി, പക്ഷെ അവർക്കൊരു സമൂഹമില്ലായിരുന്നു. അവർ പുറത്ത് നിന്ന് ജനങ്ങളെ കൊണ്ടു വന്നു. ഇപ്പോഴും ആ രാജ്യത്തിലും  അതിന്റെ സമൂഹത്തിലും വലിയ രീതിയിലുള്ള വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നുണ്ട്. പല സംസ്കാരങ്ങളിൽ നിന്ന് ആളുകൾ വന്നു ചേർന്നിരിക്കുന്നു. ചിലർക്ക് ഹീബ്രു തന്നെ അറിയില്ല. ഞങ്ങൾ കൂടുതൽ ചോര വീഴാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ പൊരുതാൻ ഉറച്ചു തന്നെയാണു. ഞങ്ങളുടെ ജന്മദേശത്ത് താമസിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അവർ നിർത്താതെ ഈ സംഘർഷം അവസാനിക്കില്ല എന്ന് തിരിച്ചറിയുന്ന കാലത്ത് അവർ ഞങ്ങൾ നിർദ്ദേശിക്കുന്ന പരിഹാരമാർഗ്ഗം സ്വീകരിക്കേണ്ടി വരും. എല്ലാക്കാലത്തേയ്ക്കും ഇങ്ങനെ പൊരുതിക്കൊണ്ടേയിരിക്കുന്നതിൽ കാര്യമില്ലെന്ന് ചില ഇസ്രയേലികളെങ്കിലും മനസ്സിലാക്കിയിട്ടുണ്ട്. എന്തിനു വേണ്ടി?

ഫ്രാങ്ക് ബരാറ്റ് : ചെറുത്തുനിൽപ്പുകളിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് പറയാമോ? 1969-ലെയും 79-ലെയും താങ്കൾ നടപ്പിലാക്കിയ പ്ലെയ്ൻ ഹൈജാക്കിംഗുകൾ ആർക്കാണു കൂടുതൽ ഗുണമായത്? പലസ്തീനോ അതോ ലോകമെമ്പാടുമുള്ള സ്ത്രീകൾക്കോ? അതോ രണ്ടു കൂട്ടർക്കുമോ?

ലൈലാ: ഹൈജാക്കിംഗ് ഒരു അടവ്നയം മാത്രമായിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ ആളുകളെ തടവിൽ നിന്ന് മോചിപ്പിക്കണമായിരുന്നു. ഉറച്ച ഒരു പ്രസ്താവന നടത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരായിരുന്നു. ഞങ്ങൾ പലസ്തീനിയർ അഭ്യാർത്ഥികൾ മാത്രമല്ല എന്ന് ഉറക്കെ മണിമുഴക്കി ലോകത്തെ കേൾപ്പിക്കണമായിരുന്നു. ഞങ്ങൾ ഒരു ജനതയാണെന്നും ഞങ്ങൾക്ക് രാഷ്ട്രീയവും മനുഷ്യത്വപരവുമായ ലക്ഷ്യങ്ങളുണ്ടെന്നുള്ളത്. ലോകം ഞങ്ങൾക്ക്  ടെന്റുകളും ഉപയോഗിച്ച വസ്ത്രങ്ങളും ഭക്ഷണവുമാണു തന്നത്. അവർ ഞങ്ങൾക്കു വേണ്ടി ക്യാമ്പുകളുണ്ടാക്കി. പക്ഷെ ഞങ്ങൾ അതിൽ കൂടുതലായിരുന്നു.

സ്ത്രീകൾ ജീവൻ ബലിയർപ്പിക്കുന്നു. അവർ കൂടുതലായി വിപ്ലവത്തോട് കൂറു കാട്ടുന്നവരായിരിക്കും. എന്തെന്നാൽ  അവർ അവരുടെ കുട്ടികളുടെ ജീവനുകൾക്ക് വേണ്ടിയും കൂടിയാണു ചെറുത്തുനിൽക്കുന്നത്.

ക്യാമ്പുകൾ അവസാനിപ്പിക്കാൻ പദ്ധതികളുണ്ട്. കാരണം അവ 1948 മുതലുള്ളതാണു. സ്ത്രീകൾ ഞങ്ങളുടെ ജനതയുടെ ഒരു ഭാഗമാണു. അനീതി അതേ പോലെ തന്നെ അവർക്കും അനുഭവവേദ്യമാകുന്നുണ്ട്. അതിനാൽ അവരും പോരാട്ടങ്ങളിൽ പങ്ക് ചേരുന്നു. സ്ത്രീകൾ ജീവൻ ബലിയർപ്പിക്കുന്നു. അവർ കൂടുതലായി വിപ്ലവത്തോട് കൂറു കാട്ടുന്നവരായിരിക്കും. എന്തെന്നാൽ  അവർ അവരുടെ കുട്ടികളുടെ ജീവനുകൾക്ക് വേണ്ടിയും കൂടിയാണു ചെറുത്തുനിൽക്കുന്നത്. എനിക്ക് രണ്ട് കുട്ടികളായതോടെ അവരെ കൂടുതൽ സംരക്ഷിക്കണമെന്നും അവർക്ക് മെച്ചപ്പെട്ട ഭാവി സമ്മാനിക്കണമെന്നുമുള്ള  കാര്യം എനിക്ക് കൂടുതലായി ബോദ്ധ്യമാകുകയായിരുന്നു.

അതിനാൽ, ചോദ്യത്തിനു ഉത്തരം എന്ന നിലയ്ക്ക്, ഞാൻ കരുതുന്നത് രണ്ട് കൂട്ടരെയും എന്നാണു. പോപുലർ ഫ്രണ്ടിന്റെ മുദ്രാവാക്യം “നമ്മുടെ ജന്മദേശത്തിന്റെ മോചനത്തിനായുള്ള പോരാട്ടത്തിൽ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച്” എന്നായിരുന്നു. സ്ത്രീകൾക്ക് സൈന്യത്തിൽ പ്രാതിനിധ്യം കൊടുക്കുക വഴി P.F.L.P അത് നടപ്പിലാക്കുകയും ചെയ്തു. അതേ സമയം തന്നെ ഇതിനൊക്കെയുള്ളിൽ നടക്കുന്ന കുടുംബങ്ങളുടേതായ ചെറുത്തുനിൽപ്പുകളിലും അവർ വലിയ പങ്ക് വഹിച്ചു. ആയിരക്കണക്കിനു പലസ്തീനിയൻ സ്ത്രീകൾ ഇപ്പോൾ കുടുംബങ്ങൾ സംരക്ഷിക്കുന്നു.  അനേകം യുദ്ധങ്ങൾക്കും കൂട്ടക്കൊലകൾക്കും അറസ്റ്റുകൾക്കും ഇസ്രേയല്ലിന്റെ കൊലപാതകങ്ങൾക്കുമൊക്കെ ശേഷം ഇപ്പോഴും സ്ത്രീകൾ തങ്ങളുടെ കുടുംബങ്ങളെ ശിഥിലമാകാതെ സംരക്ഷിച്ചു പിടിക്കുന്നു. സ്ത്രീകൾ ഇപ്പോൾ കൂടുതൽ വിദ്യാഭ്യാസം നേടിയിരിക്കുന്നു, അവർ ജോലി ചെയ്യുന്നു, യാത്ര ചെയ്യുന്നു, യൂണിവേഴ്സിറ്റികളിൽ പോകുന്നു, അങ്ങനെ പലതും. വിപ്ലവത്തിനു മുന്നെ അതങ്ങനെ ആയിരുന്നില്ല. എന്നാൽ ഇന്നങ്ങനെയാണു. അത് അങ്ങനെയായിരിക്കുകയും വേണം.  പോരാട്ടത്തിലെയും സമൂഹത്തിലെയും പല കാര്യങ്ങളിലും സ്ത്രീകൾ ധാരാളമായി പങ്കാളികളാണെന്നത് നോക്കിയാൽ കാണാവുന്നതാണു. പലസ്തീനു അകത്തായാലും പുറത്തായാലും അത് അങ്ങനെ തന്നെ.

ഫ്രാങ്ക് ബരാറ്റ് : ലൈലാ ഖാലിദ്: ഹൈജാക്കർ എന്ന സിനിമ ചെയ്ത ലിന മക്ബൂൽ സിനിമയുടെ അവസാനം താങ്കളുടെ ചെയ്തികൾ പലസ്തീനു കൂടുതൽ ദോഷകരമാകുകയാണോ എന്ന ചോദ്യം ചോദിച്ചുകൊണ്ടാണു സിനിമ അവസാനിപ്പിക്കുന്നത്. ചോദ്യം കഴിഞ്ഞയുടൻ തന്നെ സിനിമ അവസാനിക്കുന്നു. എന്തായിരുന്നു  താങ്കളുടെ ഉത്തരം?

ലൈലാ: ലിന പറഞ്ഞത് അവരത് സിനമാറ്റിക്കായ ആവശ്യത്തിനു വേണ്ടി അങ്ങനെ ചെയ്തുവെന്നാണു. ആളുകൾക്ക് എന്റെ ഉത്തരം കേൾക്കാൻ കഴിഞ്ഞില്ല എന്നതിനാൽ എനിക്കത് ഇഷ്ടപ്പെട്ടില്ല.  തീർച്ചയായും എന്റെ ഉത്തരം അല്ല എന്നായിരുന്നു!  എന്റെ ചെയ്തികൾ എന്റെ ജനങ്ങൾക്കും അവരുടെ പോരാട്ടത്തിനുമുള്ള സംഭാവനയായിരുന്നു.  ഞങ്ങളാരെയും മുറിവേൽപ്പിച്ചില്ല. ഞങ്ങൾ അനീതികൾക്കിടയിൽ ജീവിക്കുന്ന ഒരു ജനതയാണെന്നും ലക്ഷ്യത്തിലേക്ക് എത്താൻ ലോകം ഞങ്ങളെ സഹായിക്കണമെന്നും  മുഴുവൻ ലോകത്തോടും പ്രഖ്യാപിക്കുകയും അപേക്ഷിക്കുകയുമാണു ഞങ്ങൾ ചെയ്തത്.  താങ്കൾക്കറിയുമോ കഥ മുഴുവൻ പറയാൻ വേണ്ടി ഞാൻ മണിക്കൂറുകളോളം  ലിനയോടൊപ്പം ചിലവിട്ടു. പിന്നീടൊരിക്കൽ അവർ എന്നോട് പറഞ്ഞു സ്വീഡിഷ് ടിവിയുടെ ആവശ്യപ്രകാരമായിരുന്നു ആ ചോദ്യമെന്ന്.

ഫ്രാങ്ക് ബരാറ്റ് : ചിലപ്പോഴൊക്കെ പഴയതൊക്കെ വീണ്ടും പരതി നോക്കാറുണ്ടോ? കാര്യങ്ങളുടെ ഇന്നത്ത സ്ഥിതി കാണുമ്പോൾ..അന്ന് എന്തായിരുന്നു ചെയ്തത്, എന്ത് ചെയ്യാമായിരുന്നു, എന്തൊക്കെയായിരുന്നു വ്യത്യാസത്തോടെ ചെയ്യാൻ കഴിയാമായിരുന്നവ എന്നിങ്ങനെ ആലോചിക്കാറുണ്ടോ? എവിടെയാണു പിഴച്ചത്?

ലൈലാ: ഈയടുത്ത് ഞങ്ങളുടെ പാർട്ടി അതിന്റെ ഏഴാമത് സമ്മേളനം കൂടുകയും അതിന്റെ നയങ്ങൾ വിലയിരുത്തുകയും ചെയ്തു.  ലോകമെങ്ങുമുള്ള പുരോഗമന പ്രസ്ഥാനങ്ങളുമായി, പ്രത്യേകിച്ചും അറബ് ലോകങ്ങളിൽ ഉള്ളവയുമായി വിശാലമായ ബന്ധങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ ആന്തരിക ഘടന ശക്തമാക്കാനും തീരുമാനിക്കപ്പെട്ടു. ഒപ്പം എനിക്ക് മനസ്സിലായത് ഞാൻ എന്റെ നിലപാടുകളും എന്റെ ചിന്തകളും കൂടി വിലയിരുത്തണമെന്നാണു. എല്ലാ വർഷവും ഡിസംബറടുത്ത് ഞാൻ പോയ വർഷത്തേക്ക് നോക്കുകയും വരുന്ന വർഷത്തേക്ക് എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുകയും ചെയ്യും. ഈ വർഷം, സിഗരറ്റ് വലി നിർത്തണം എന്ന് തീരുമാനിച്ചു, അതിനാൽ നിർത്തി.

ഫ്രാങ്ക് ബരാറ്റ് : മാബ്രൂക്ക്!

ലൈലാ: ഞാൻ ഈ തീരുമാനം നേരത്തേ അടുത്തിരുന്നു. അതിനാൽ അത് നടപ്പിൽ വരുത്താൻ എളുപ്പമായിരുന്നു.

ഫ്രാങ്ക് ബരാറ്റ് : താങ്കളുടെ അഭിപ്രായത്തിൽ, എന്തുകൊണ്ടാണു പലസ്തീൻ എന്നത് ഐക്യദാർഢ്യ പ്രസ്ഥാനത്തിന്റെ വലിയൊരു പ്രതീകമായി മാറിയത്?

ലൈലാ: പലസ്തീൻ എന്നാൽ എനിക്ക് സ്വർഗ്ഗമാണു. മതങ്ങൾ സ്വർഗ്ഗത്തെക്കുറിച്ച് പറയുന്നു. എന്നെ സംബന്ധിച്ച് പലസ്തീനാണു സ്വർഗ്ഗം. അത് നമ്മുടെ ത്യാഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

[This interview was conducted by Frank Barat for Le Mur a des Oreilles. Crossposted with permission. English version of the interview can be read here. http://lemuradesoreilles.org/2014/04/07/for-me-palestine-is-paradise-conversation-with-leila-khaled/
സമ്പാദനം, വിവർത്തനം: സ്വാതി ജോർജ് ]

ഈ അഭിമുഖം കേൾക്കുന്നതിനു : https://soundcloud.com/lmado/leila-khaled-ok

Laila khaled: Highjacker എന്ന ചിത്രം http://www.youtube.com/watch?v=iWg6-oQTSvw

Comments

comments