ബിഫെസ് എന്ന ചുരുക്കപ്പേരിൽ വ്യവസ്ഥാപിതമായിക്കഴിഞ്ഞ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ എട്ടാം എഡിഷനാണ് 2016 ജനുവരി 28 മുതൽ ഫെബ്രുവരി 4 വരെ, ബെങ്കളൂരുവിലും മൈസൂരുവിലുമുള്ള രണ്ട് മൾടിപ്ലെക്‌സുകളിലായുള്ള പതിനഞ്ച് പ്രദർശനഗൃഹങ്ങളിലായി നടന്നത്. സൗമ്യവും പ്രൗഢവുമായ ആതിഥേയത്വവും മികച്ച സംഘാടനവും മിതത്വമുള്ള പങ്കാളിത്തവും എല്ലാം കൊണ്ട്; സീസണിലെ അവസാനത്തെ പൂരം പോലെ ആസ്വദിച്ച് മതി തീരാതെ ഈ മേളക്കാലവും അവസാനിക്കുന്നു. രാജാജി നഗറിലെ ഓറിയോൺ മാളിലെ പി വി ആറിന്റെ പതിനൊന്ന് സ്‌ക്രീനുകളിലായി ഇരുനൂറിൽ താഴെ സിനിമകളാണ് പ്രദർശിപ്പിക്കപ്പെട്ടത്. മൈസൂരുവിലെ മാൾ ഓഫ് മൈസൂറിലുള്ള ഐനോക്‌സിന്റെ നാലു സ്‌ക്രീനുകളിൽ ഇവയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുറെ സിനിമകളും കാണിച്ചു. ഉദ്ഘാടനച്ചടങ്ങ് ബെങ്കളൂരുവിലും സമാപനച്ചടങ്ങ് മൈസൂരുവിലുമായിരുന്നു. ഫിപ്രെസ്‌കി, നെറ്റ് പാക്ക് തുടങ്ങിയ സംഘടനകളുടെയും മറ്റ് പ്രോഗ്രാമർമാർ, ക്യൂറേറ്റർമാർ, പാക്കേജർമാർ, മേള ഡയരക്ടർമാർ എന്നിവരുടെയും നിർദേശങ്ങളെ അടിസ്ഥാനമാക്കിയാണ്; ഇക്കാലത്തെ മറ്റേതൊരു മേളയിലുമെന്നതു പോലെ ബിഫെസിലും ചിത്രങ്ങൾ അന്തിമമായി തെരഞ്ഞെടുക്കപ്പെടുന്നത്. ഗോവയിലും തിരുവനന്തപുരത്തും കാണാൻ കഴിയാതെ പോയ സുപ്രധാനമായ ഏതാനും ചിത്രങ്ങൾ ഇവിടെ നിന്ന് ആസ്വദിക്കാൻ കഴിഞ്ഞു എന്നതാണ് എടുത്തു പറയേണ്ട കാര്യം.

അണ്ടർ ദ ഇലക്ട്രിക് ക്ലൗഡ്‌സ്
അണ്ടർ ദ ഇലക്ട്രിക് ക്ലൗഡ്‌സ്

അലെക്‌സെ ജർമൻ ജൂനിയർ സംവിധാനം ചെയ്ത വൈദ്യുത മേഘങ്ങൾക്കു താഴെ (അണ്ടർ ദ ഇലക്ട്രിക് ക്ലൗഡ്‌സ്) എന്ന റഷ്യൻ സിനിമ; 2017ൽ ഒരു നൂറ്റാണ്ട് പൂർത്തിയാവാൻ പോവുന്ന ഒക്‌ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പുതിയ കാലത്തെ പ്രസക്തിയും അപ്രസക്തിയുമാണ് അന്വേഷിക്കുന്നത്. പ്രാരംഭവും പിന്നെ ഏഴ് അദ്ധ്യായങ്ങളുമുള്ള ഈ ചിത്രം അസംബന്ധങ്ങളെന്ന് ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കാവുന്ന പരസ്പര ബന്ധിതമല്ലാത്ത പല കാഴ്ചകളുടെയും തുടർച്ചാരാഹിത്യങ്ങളുടെയും സംഘാതമാണ്. കഥാപാത്രങ്ങൾ ഓരോ അധ്യായത്തിലും വ്യത്യസ്തരാണ്. എന്നാൽ എല്ലാവർക്കും ചില പൊതു സ്വഭാവങ്ങളുണ്ട്. അവരെല്ലാം കടുത്ത തോതിൽ സ്വയം പിന്മാറിക്കൊണ്ടിരിക്കുന്നവരാണ്. ലോകം എങ്ങോട്ടാണ് പോകുന്നത് എന്ന് ദിശാബോധം നഷ്ടപ്പെട്ടവരെന്ന നിലക്ക് അവർ ആകുലരാകുന്നു.

അണ്ടർ ദ ഇലക്ട്രിക് ക്ലൗഡ്‌സ്)
അണ്ടർ ദ ഇലക്ട്രിക് ക്ലൗഡ്‌സ്)

ലോകാവസാനത്തെക്കുറിച്ച് എനിക്കൊരു സ്വപ്നമുണ്ടായിരുന്നു; പക്ഷെ ഞാനിപ്പോൾ തീർത്തും നിരാശനാണ്, എന്നാണൊരു കഥാപാത്രം നിരീക്ഷിക്കുന്നത്. സമ്പൂർണ വിനാശകരമായ ലോകയുദ്ധത്തെക്കുറിച്ചുള്ള സൂചനകളാണിതെന്നും കരുതാം. ആന്ദ്രേ തർക്കോവ്‌സ്‌കിയുടെ ദ സാക്രിഫൈസും ലോകവിനാശകരമായ ന്യൂക്ലിയർ യുദ്ധത്തെക്കുറിച്ചുള്ള കൽപനയായിരുന്നുവല്ലോ. രാഷ്ട്രീയ-ആത്മീയ-മനശ്ശാസ്ത്രപരമായ കെടുതികളിലൂടെയാണ് റഷ്യയും ലോകവും കടന്നു പോകുന്നത് എന്നാണ് സൂചിപ്പിക്കപ്പെടുന്നത്. ലെനിന്റെ പ്രതിമ തകർക്കുന്ന ദൃശ്യങ്ങൾ ഈ സിനിമയിൽ കൊണ്ടു വരുന്ന അർത്ഥ തലങ്ങൾ, മുൻ ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമാണ്. ഒരു പാരഡി പോലെ തോന്നിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ റഷ്യയുടെ നഷ്ടമായ ആത്മചൈതന്യത്തെയാണ് അവ്യക്തമായി പരിഹസിക്കുന്നത്. ചരിത്രം, കല, സാഹിത്യം, വാസ്തുവിദ്യ, പ്രകൃതി, സാമൂഹ്യ പ്രശ്‌നങ്ങൾ എന്നിങ്ങനെ റഷ്യയുടെ ചരിത്രഘട്ടങ്ങളിലേക്കുള്ള ചൂണ്ടുപലകകളാണ് പല ദൃശ്യങ്ങളും. ഭൂതത്തിനും വർത്തമാനത്തിനുമിടയിൽ ക്രൂശിക്കപ്പെട്ട രാഷ്ട്രം എന്നാണ് ഒരു കഥാപാത്രം റഷ്യയെക്കുറിച്ച് വിലപിക്കുന്നത്. ഉപരിപ്ലവതയുടെയും പണി തീരാത്ത കെട്ടിടത്തിന്റെയും സ്ഥൂലതകളിൽ പരിഹാസ്യമാവുന്ന രാഷ്ട്ര ഗാത്രത്തെ ഈ ചിത്രത്തിൽ പരിചയപ്പെടാം.

ആന്ദ്രേ സ്‌വ്യാഗിൻസ്‌തേവിന്റെ പുതിയ റഷ്യൻ സിനിമ ലെവിയാത്തനിലെ മുഖ്യ ആൺ കഥാപാത്രം, പരുക്കൻ സ്വഭാവക്കാരനായ കോലിയയാണ്.

ലെവിയാത്തൻ
ലെവിയാത്തൻ

വടക്കു പടിഞ്ഞാറേ റഷ്യയിലെ കോല ഉപദ്വീപിൽ, കടലോരത്താണ് ഭാര്യയോടും മകനോടുമൊത്തുള്ള ഇയാളുടെ ജീവിതം. വിനോദ സഞ്ചാരത്തിനും മറ്റുമായി ഇയാളുടെ വീടും പറമ്പും ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് പ്രാദേശിക(ദേശീയ?) സർക്കാർ. ഇതിനെതിരെ നിയമപോരാട്ടം നടത്തുന്നതിന് മോസ്‌കോയിൽ നിന്ന് ഇയാളെ സഹായിക്കാനെത്തുന്ന വക്കീലും കോലിയയുടെ ഭാര്യയും തമ്മിൽ പ്രണയത്തിലാവുന്നു. അഴിമതിയുടെയും ദുരാരോപണങ്ങളുടെയും മദ്യപാനസദിരുകളുടെയും പള്ളിയുടെ ഇടപെടലിന്റെയും കൂടിക്കുഴയലിൽ മനുഷ്യർ എങ്ങോട്ടാണ് യാത്ര ചെയ്യുന്നത് എന്ന അസ്തിത്വ പ്രശ്‌നം തന്നെയാണ് ലെവിയാത്തനെ ഉത്ക്കണ്ഠാകുലമാക്കുന്നത്.

ഒരായിരം തലകളുള്ള ഒരു ഭീകര രാക്ഷസൻ (എ മോൺസ്റ്റർ വിത്ത് എ തൗസന്റ് ഹെഡ്‌സ്/ഉറുഗ്വേ, മെക്‌സിക്കോ, സംവിധാനം-റോഡ്രിഗോ പ്ലാ), ശീർഷകം സൂചിപ്പിക്കുന്നതു പോലെ, ഇതിവൃത്തത്തിന്റെ  ദിശാബോധം തെളിച്ചു പറയുന്ന ഒരു സിനിമയാണ്. കോർപ്പറേറ്റോക്രസി എന്ന് വിളിക്കാവുന്ന അത്യന്താധുനിക ജീവിത സംവിധാനങ്ങൾ എത്ര മാത്രം മനുഷ്യത്വ വിരുദ്ധമാണെന്നും അതിന്റെ നീരാളിപ്പിടുത്തങ്ങളിൽ കുടുങ്ങിപ്പോകുന്നവർ ഏത് കൊടുംകൃത്യങ്ങളിലേക്കും നയിക്കപ്പെടുമെന്നും

എ മോൺസ്റ്റർ വിത്ത് എ തൗസന്റ് ഹെഡ്‌സ്
എ മോൺസ്റ്റർ വിത്ത് എ തൗസന്റ് ഹെഡ്‌സ്

വിശദീകരിക്കുന്ന ഈ സിനിമ; മെഡിക്കൽ ഇൻഷൂറൻസ് പോലുള്ള ഭീകരമായ വ്യവസ്ഥക്കെതിരെ ഒരു സ്ത്രീ നടത്തുന്ന പോരാട്ടത്തിന്റെ കഥനമാണ്. മധ്യവയസ്‌കനായ രോഗി ഗില്ലെർമോക്ക് അയാളെ പരിശോധിച്ച ഡോക്ടർ നിർദേശിക്കുന്ന ചികിത്സക്കുള്ള മുൻകൂർ റിഇംബേഴ്‌സ്‌മെന്റ് അനുവാദം നൽകാൻ അയാളുടെ പേരിൽ പോളിസി കൊടുത്തിട്ടുള്ള ഇൻഷൂറൻസ് കമ്പനിക്കാർ വിസമ്മതിക്കുന്നു. ഭർത്താവിന്റെ രോഗാവസ്ഥയും പരിശോധിച്ച ഡോക്ടറുടെ നിർദേശങ്ങളും നേരിട്ട് മനസ്സിലാക്കിയിട്ടുള്ള ഭാര്യ സോണിയയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ഹൃദയഭേദകമായിരുന്നു. ഒന്നാം ലോകത്തെന്നതു പോലെ മൂന്നാം ലോക രാജ്യങ്ങളിലും മെഡിക്കൽ ഇൻഷൂറൻസ് ഒരു നിത്യ യാഥാർത്ഥ്യമായിക്കഴിഞ്ഞു. അതിഭീകരമായ വിധത്തിൽ വർദ്ധിച്ചു വരുന്ന ചികിത്സകളുടെയും മരുന്നുകളുടെയും വില താങ്ങാൻ ദരിദ്രർക്കെന്നല്ല മധ്യവർഗത്തിൽ പെട്ടവർക്കു പോലും സാധ്യമല്ലാതായിരിക്കുന്നു. ഇന്ത്യയിൽ അടുത്ത കാലത്തായി അവശ്യ മരുന്നുകളുടെയടക്കം വില അഭൂതപൂർവമായ വിധത്തിലാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. ഈ ദുരവസ്ഥ ചൂഷണം ചെയ്തു കൊണ്ടാണ് ആകർഷകമായ വാഗ്ദാനങ്ങളോടെ മെഡിക്കൽ ഇൻഷൂറൻസ് കമ്പനിക്കാർ വിപണന തന്ത്രങ്ങളുമായി നമ്മുടെ ചുറ്റും കറങ്ങുന്നത്. പോളിസി എടുക്കുമ്പോൾ, പഞ്ചാര വാഗ്ദാനങ്ങളും ക്ലെയിം കൊടുക്കുമ്പോൾ നൂറായിരം നിബന്ധനകളും എന്നതാണ് മുതലാളിത്ത സംസ്‌ക്കാരത്തിന്റെ സമ്പ്രദായം. അതു തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ചികിത്സക്ക് ഇൻഷൂറൻസ് കമ്പനിയുടെ മുൻകൂർ അനുമതിയെടുത്തില്ലെങ്കിൽ കാഷ്‌ലെസ് അഡ്മിഷൻ ലഭിക്കുകയില്ല; വൻകിട ഫീസ് താങ്ങാനുമാവില്ല. തങ്ങൾക്ക് ലഭിക്കുന്ന അപേക്ഷകളിൽ, നിശ്ചിത ശതമാനമെണ്ണം നിരാകരിക്കണമെന്ന രഹസ്യ ഉത്തരവ് ഇത്തരം അപേക്ഷകൾ പ്രോസസ് ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്ക് (ഇവർക്കും മെഡിസിൻ ബിരുദമുണ്ടെന്നതാണ് ക്രൂരമായ തമാശ) മേലധികാരികൾ നൽകുന്നുണ്ട്. തന്റെ ഭർത്താവിന്റെ അപേക്ഷ നിരസിച്ച വില്ലൽബ എന്ന ഡോക്ടർ/ഉദ്യോഗസ്ഥനു പിന്നാലെ കാരണവും പരിഹാരവും തേടി കുതിക്കുന്ന സോണിയയോട് ഇക്കാര്യം പറയുന്നത്, വില്ലൽബയുടെ ഭാര്യ തന്നെയാണ്. ഇതറിഞ്ഞതോടെ സോണിയയുടെ ദേഷ്യം നിയന്ത്രണാതീതമാകുകയും അവൾ തന്റെ കയ്യിൽ കരുതിയിട്ടുള്ള തോക്കിൽ നിന്ന് വെടിയുതിർക്കുകയുമാണ്. ചികിത്സ നിഷേധിക്കപ്പെട്ട ഗില്ലെർമോ മരണപ്പെടുന്നു. നിയമവിരുദ്ധമായി തോക്കിൽ നിന്ന് വെടിയുതിർത്തതിന്റെ പേരിൽ സോണിയ നേരിടുന്ന കോടതി വിചാരണയുടെ വർത്തമാനം, ശബ്ദരേഖയായും അതിലേക്ക് നയിച്ച ദാരുണമായ സംഭവങ്ങൾ ദൃശ്യ-ശബ്ദ ഫ്‌ളാഷ്ബാക്കായും അവതരിപ്പിക്കപ്പെടുന്നതിലൂടെ, അനുഭവവേദ്യമാകുന്ന ലാറ്റിനമേരിക്കൻ സ്പർശവും ശ്രദ്ധേയമാണ്.

പൂച്ചെണ്ടുകളാൽ സമ്മാനിക്കപ്പെടുന്നതിനു പകരം അതിനാൽ കൂട്ടി യോജിപ്പിക്കപ്പെടുകയോ കൂട്ടി വരിയപ്പെടുകയോ, അവരവരുടെ ഭൂത-വർത്തമാന-ഭാവി ജീവിതങ്ങൾ ആകാംക്ഷാഭരിതവും സങ്കീർണവുമായിത്തീരുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് മൂന്നു സ്ത്രീകൾ ചെന്നെത്തുന്ന ആഖ്യാനമാണ് പൂക്കൾ(ഫ്‌ളവേഴ്‌സ്/സ്‌പെയിൻ, സംവിധാനം – ജോൺ ഗരാനോ, ജോസ് മേരി ഗോയ്‌നെഗ). സമകാലിക സാമൂഹ്യ-കുടുംബ ജീവിതങ്ങളുടെയും അവയുടെ കൂടിക്കുഴയലുകളുടെയും ആഴങ്ങളും അർത്ഥ ശൂന്യതകളും നവീനമായ അർത്ഥതലങ്ങളും ഈ ആഖ്യാനത്തിലൂടെ അന്വേഷിക്കപ്പെടുന്നു. ആർത്തവ വിരാമത്തിന്റെ വക്കത്താണ് അതിനുള്ള പ്രായമായിട്ടില്ലാത്ത ആൻ. ആൻതറുമായിട്ടുള്ള അവളുടെ ദാമ്പത്യം; രണ്ടു ഹൃദയങ്ങളും തമ്മിൽ ഇഴുകി ചേർന്ന് ഉരുത്തിരിയുന്ന അഗാധമായ അടുപ്പത്തിലേക്കൊന്നും വളർന്നിരുന്നില്ല. അവർക്ക് കുഞ്ഞുങ്ങളുമുണ്ടായിരുന്നില്ല. അപ്പോഴാണ്, ദിവസേന അവളുടെ വീട്ടു മേൽവിലാസത്തിൽ ഒരു ബൊക്കെ സമ്മാനമായെത്താൻ തുടങ്ങിയത്. ആരയക്കുന്നുവെന്ന് വ്യക്തമല്ല: പൂച്ചെണ്ടുകൾക്കൊപ്പം പ്രത്യേക കുറിപ്പുകളൊന്നും ഉണ്ടാവാറുമില്ല. ഭർത്താവിന് സംശയങ്ങളുദിക്കുന്നുണ്ടെങ്കിലും അവളതൊന്നും കാര്യമാക്കുന്നില്ല. നിരാശ ജനിപ്പിക്കുന്ന ശാരീരികാവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അവളിൽ പ്രതീക്ഷകളും ഭാവനകളും ജനിപ്പിക്കാൻ പ്രേരകമാകുകയാണ് ഈ പൂസമ്മാനങ്ങൾ. ഇയാളായിരിക്കുമോ എന്ന് ഓരോരുത്തരെ കാണുമ്പോഴും

ഫ്‌ളവേഴ്‌സ്
ഫ്‌ളവേഴ്‌സ്

മനസ്സിനകത്തുണരുന്ന ചോദ്യങ്ങളായി പ്രസരിപ്പ് നിറയുന്നു. ആൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകനായ ബെനറ്റ് ആണ് ഈ പൂച്ചെണ്ടുകൾ അയക്കുന്നതെന്ന് കാണികൾക്ക് വ്യക്തമാകുന്നുണ്ട്. ലൂർദ്‌സുമായുള്ള അയാളുടെ ദാമ്പത്യം; അവളുടെ മുൻ വിവാഹത്തിൽ നിന്നുള്ള ഒരു പുത്രൻ, അവളെ അംഗീകരിക്കാത്ത അയാളുടെ അമ്മ എന്നീ പശ്ചാത്തല ഘടകങ്ങളാൽ ചില പ്രശ്‌നങ്ങൾ നേരിടുന്നുമുണ്ടായിരുന്നു. തുറന്നു പറയാനാകാത്തതും, സൗഹൃദത്തിനും പ്രണയത്തിനും ഭാവനയിലെ അടുപ്പത്തിനും എല്ലാം ഇടയിലോ അപ്പുറത്തോ ഉള്ളതായതുമായ ഒരു ബന്ധം ആനുമായൊത്ത് ആലോചിക്കാനും അതിനെ താലോലിക്കാനും അയാളെ പ്രേരിപ്പിച്ചതും ഈ ഘടകങ്ങളാവാം. അതയക്കുമ്പോൾ, അൽപമൊരു സാന്ത്വനം സ്വയം ലഭിക്കുന്നുണ്ടെന്നതു മാത്രമാവാം അയാളുടെ നിഗമനം. അതിൽ കൂടുതൽ അടുപ്പത്തിനായി അയാൾ ശ്രമിക്കുന്നുവെന്നും കരുതാനാവില്ല. എന്തായാലും, ടോൾ ബൂത്തിൽ പണിയെടുക്കുന്ന ഭാര്യയെ കൂട്ടിവരാൻ പോകുന്ന വഴിക്ക് മഴ പെയ്തു വഴുക്കലുണ്ടായിരുന്ന റോഡിലെ അപകടത്തിൽ പെട്ട് അയാൾ മരിക്കുന്നു. ആനിനുള്ള പൂവരവുകൾ നിന്നു പോയി. പൊടുന്നനെയുണ്ടായ അപകടത്തിൽ തന്നെ വിട്ടുപോയ ഭർത്താവിനെക്കുറിച്ചുള്ള ഓർമകളിൽ നിന്ന് ഓടിയകലാനാണ് ലൂർദ്‌സ് ശ്രമിക്കുന്നത്. കീസ്‌ലോവ്‌സ്‌കിയുടെ നീല(ത്രീ കളേഴ്‌സ്-ബ്ലൂ)യിലെ നായികയും കാറപകടത്തിൽ മരിച്ച ഭർത്താവിനെയും മകനെയും വിസ്മരിക്കാൻ പരിശ്രമിച്ചിരുന്നുവല്ലോ. ബെനറ്റിന്റെ അമ്മ തേര, മരുമകളുമായി ബന്ധം പുനസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് വിഫലമാകുന്നു. ബെനറ്റിന്റെ മരണവും പൂവരവ് നിന്നതും കൂട്ടിയാലോചിച്ചപ്പോൾ, ആനിന് കാര്യങ്ങളെക്കുറിച്ചൊരു ധാരണയുണ്ടാവുകയും അവൾ അയാൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ആരംഭിക്കുകയുമാണ്. അപകടം നടന്ന സ്ഥലത്ത് ഓരോ ആഴ്ച കൂടുമ്പോഴും പുതിയ പൂക്കൾ കൊണ്ട് അഞ്ജലി അർപ്പിക്കുകയാണവൾ. ആരാണീ പൂക്കൾ കൊണ്ടു ചെന്നു വെക്കുന്നത് എന്ന് ലൂർദ്‌സും തേരയും കണ്ടു പിടിക്കാൻ അവരുടേതായ വഴികളിൽ ശ്രമിക്കുന്നതും അവരുടെ വഴി, ആനിലെത്തുന്നതും ഉദ്വേഗഭരിതമായ ആഖ്യാനമാണ്. ഓരോരുത്തർക്കും ബെനറ്റുമായുള്ള ബന്ധമെന്താണ് എന്ന് എല്ലാവരും പരസ്പരവും സ്വയവും പുനരാലോചിക്കുന്നതിന് ഈ കണ്ടെത്തൽ പ്രേരകമാകുന്നു. മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളും ശരി തെറ്റുകൾക്കപ്പുറത്തുള്ള അവയുടെ പ്രസക്തിയും അപ്രസക്തിയും അന്വേഷിക്കുന്ന കൗതുകകരമായ സിനിമയാണ് ഫ്‌ളവേഴ്‌സ്.

ഡോറ അഥവാ നമ്മുടെ മാതാപിതാക്കളുടെ ലൈംഗിക മനോവിഭ്രാന്തികൾ (ഡോറ ഓർ ദ സെക്ഷ്വൽ ന്യൂറോസിസ് ഓഫ് അവർ പാരന്റ്‌സ്/സ്വിറ്റ് സർലാണ്ട്, ജർമനി) എന്ന സിനിമ, മാനസിക വെല്ലുവിളി നേരിടുന്ന ഒരു പതിനെട്ടുകാരിയുടെ ലൈംഗികാസക്തി എന്ന മാനുഷിക പ്രശ്‌നമാണ് പ്രതിപാദ്യമാക്കിയിരിക്കുന്നത്.

ഒക്‌ടേവ് മിർബോവിന്റെ അന്തപ്പുരദാസിയുടെ ദിനസരിക്കുറിപ്പുകൾ(ഡയറി ഓഫ് എ ചേംബർമെയിഡ്) എന്ന വിവാദജന്യമായ നോവൽ 1900ത്തിലിറങ്ങിയതാണ്. ഴാങ് റെനോയറും ലൂയി ബുനുവലും ഈ നോവലിനെ ആസ്പദമാക്കി സിനിമകളെടുത്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ബുനുവലിന്റെ സിനിമ; ഒബ്‌സ്‌ക്രീറ്റ് ഒബ്ജക്റ്റ് ഓഫ് ഡിസയർ, ഫാന്റം ഓഫ് ലിബർടി, ഡിസ്‌ക്രീറ്റ് ചാം ഓഫ് ബൂർഷ്വാസി തുടങ്ങിയവക്കൊപ്പം, തന്റെ ചലച്ചിത്ര ജീവിതത്തിന്റെ രണ്ടാം പാദത്തിൽ അദ്ദേഹം എടുത്ത നിശിതവും രൂക്ഷവുമായ ബൂർഷ്വാ വിമർശന സിനിമകളിൽ സുപ്രധാനവുമാണ്. ആ ശീർഷകത്തിന്റെ മാസ്മരിമകത കൊണ്ടു തന്നെ പുതിയ അഡാപ്‌റ്റേഷനിലേക്ക് ശ്രദ്ധ തിരിക്കുമ്പോൾ; ആകംക്ഷയെന്നതു പോലെ സംശയവും മുൻവിധിയായി കൂട്ടിനെത്തി. ബെനോയിറ്റ് ജാക്വറ്റ് ആണ് പുതിയ സിനിമയെടുത്തിരിക്കുന്നത്. ലിയ സെയ്‌ദോ ആണ് നിഗൂഢതകളുടെ ഖജാന സൂക്ഷിപ്പുകാരിയായ നായിക സെലസ്റ്റിനെ അവതരിപ്പിക്കുന്നത്. ബൽജിയം കമ്പനിയുടെ സഹായത്തോടെയാണ് ഈ ഫ്രഞ്ച് സിനിമ പൂർത്തീകരിച്ചിരിക്കുന്നത്. പുതിയ കാലത്തെ സദാചാരസങ്കൽപങ്ങൾ ഉരുത്തിരിഞ്ഞു വന്നതെങ്ങനെയെന്നതു മാത്രമല്ല; അവ വേണ്ടത്ര സ്വാതന്ത്ര്യം സ്ത്രീക്കും പുരുഷനും മാത്രമല്ല, രാഷ്ട്രത്തിനും ലോകത്തിനും നൽകുന്നില്ല എന്നു കൂടി ബോധ്യപ്പെടാൻ പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യൻ പ്രഭു ജീവിതത്തിന്റെ ഈ വിശകലനം അനിവാര്യമാണ്. വർഗപരമായി തൊഴിലാളി വിഭാഗത്തിൽ പെടുന്ന അന്തപ്പുരദാസി അഥവാ വീട്ടു വേലക്കാരി, ഈ

ഡയറി ഓഫ് എ ചേംബർമെയിഡ്
ഡയറി ഓഫ് എ ചേംബർമെയിഡ്

അഭിജാത ജീവിതങ്ങളെ പുഛത്തോടും അതേ സമയം അനുതാപത്തോടും കൂടി നോക്കിക്കാണുന്നതും പരിചരിക്കുന്നതുമെങ്ങനെ എന്നാണ് അന്വേഷിക്കപ്പെടുന്നത്. ഭൂതകാലത്തേക്കുള്ള അന്വേഷണം ഭാവിയിലേക്കു കൂടി നീളുന്നു എന്നതാണ് ഈ സിനിമയുടെ പ്രസക്തി. തീവണ്ടി യാത്രക്കിടെ, പ്രഭ്വിയുടെ ബാഗേജുകൾ കസ്റ്റംസുകാർ പരിശോധിക്കുന്നതിനിടെ അവർ തുറക്കാൻ വിസമ്മതിക്കുന്ന ഒരു പെട്ടിയിൽ; കൃത്യമായ ശാരീരിക അളവുകളോടെ പണിതെടുത്തിരിക്കുന്ന ഒരു ഡിൽഡോ(കൃത്രിമ പുരുഷ ലിംഗം)യായിരുന്നു ഒളിപ്പിച്ചു വെച്ചിരുന്നത്. അവരോട് പുഛത്തോടെ, സെലസ്റ്റിൻ പറയുന്നതിപ്രകാരം: ഞാനിത്തരം ആഭരണങ്ങൾ അതിന്റെ പ്രകൃതിജന്യമായ അവസ്ഥയിലാണ് അണിയാറുള്ളത്!. ധനികർ ദരിദ്രർക്കെതിരെയും പുരുഷൻ സ്ത്രീക്കെതിരെയും മാത്രമല്ല, അധികാരം പ്രയോഗിക്കപ്പെടുന്നത്; ഒരു ശരീരം മറു ശരീരത്തിനെതിരെയും ഒറ്റ ശരീരം അതിനകത്തേക്കു തന്നെയും ആണെന്നു വ്യക്തമാക്കുന്ന മട്ടുപ്പാവുകൾക്കടിയിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങളാണ് ഡയറിയെ സ്‌തോഭജനകമാക്കുന്നത്.

ഇസ്രയേലിന്റെ വടക്കൻ മേഖലയിൽ, നിഗൂഢമായ അനുഷ്ഠാനങ്ങൾ നിലനിർത്തിക്കൊണ്ട് ജീവിച്ചു പോരുന്ന സമുദായമാണ് ഡ്രൂസ് വിഭാഗക്കാർ. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ ഇസ്ലാമുമായി വേർപിരിഞ്ഞിട്ടുള്ള ഡ്രൂസ് വിഭാഗക്കാർ താമസിക്കുന്ന ദലിയാത്ത് എ കാർമെൽ എന്ന ഗ്രാമമാണ് അദി അദ്വാൻ സംവിധാനം ചെയ്ത അറബാനി (അറബിയും ഹീബ്രുവും/ഇസ്രയേൽ) എന്ന സിനിമയുടെ ആഖ്യാന പശ്ചാത്തലം. നിശ്ചിത പശ്ചാത്തലത്തിന്റെ അതിരുകൾക്കകത്താണ് ഇതിവൃത്തം ചലിക്കുന്നതെങ്കിലും; ലോകത്തെമ്പാടുമുള്ള സാംസ്‌ക്കാരിക സംഘർഷങ്ങളും പാരമ്പര്യവും ആധുനികതയും തമ്മിലുള്ള വൈരുദ്ധ്യവുമെല്ലാം തന്നെയാണ് അറബാനിയെ ലോക സിനിമ എന്ന തലത്തിലേക്ക് ഉയർത്തുന്നത്. പ്രാദേശികം തന്നെയാണ് ആഗോളം (ലോക്കൽ ഈസ് ഗ്ലോബൽ) എന്ന വസ്തുത അറബാനിയും സാക്ഷ്യപ്പെടുത്തുന്നു. ഡ്രൂസ് വിഭാഗത്തിൽ ജനിച്ചുവെങ്കിലും യൂസഫ് കുറെക്കാലം ടെൽ അവീവിലാണ് താമസിച്ചിരുന്നത്. മാത്രമല്ല, അവിടെയുള്ള ഒരു ജൂതവംശജയാണയാളുടെ ഭാര്യ. അതിൽ അയാൾക്ക് ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമുണ്ട്. സ്മാദർ എന്നും ഏലി എന്നും പേരുള്ള ആ  രണ്ടു പേരെയും കൂട്ടിയാണ് ഇനിയുള്ള കാലം അമ്മയോടൊപ്പം താമസിക്കാൻ തീരുമാനിച്ച് അയാൾ സ്വന്തം വീട്ടിലെത്തുന്നത്. ഈ തീരുമാനത്തോട് അമ്മക്കു പോലും പൊരുത്തപ്പെടാനാവുന്നില്ല. നാട്ടുകാരും അലോസരങ്ങളുണ്ടാക്കുന്നു. ഇതിനിടയിലാണ് മകളും അയൽപക്കത്തെ ഒരു യുവാവുമായി സൗഹൃദത്തിലാവുന്നത്. ഇത് പ്രശ്‌നങ്ങളെ മൂർഛിപ്പിക്കുന്നു. അവസാനം ആക്രമണങ്ങളാലും ഭീഷണികളാലും വേട്ടയാടലുകളാലും പൊറുതിമുട്ടി അവർ മൂവരും തിരിച്ചുപോകുന്ന ദൃശ്യത്തിലാണ് അറബാനി സമാപിക്കുന്നത്. ടെൽ അവീവിൽ നിന്ന് തൊണ്ണൂറു മിനുറ്റിന്റെ യാത്രയേ ഈ ഗ്രാമത്തിലേക്കുള്ളൂ എങ്കിലും ലോകത്തിന്റെ മറ്റേ അറ്റത്തെത്തിയ പ്രതീതിയാണവർക്കുണ്ടായത്.

ഫ്രാൻസ്, ജോർദാൻ, ലെബനൻ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ പുറത്തിറക്കിയ ഫലസ്തീനി സിനിമയാണ് മൂവ്വായിരം രാത്രികൾ(3000 നൈറ്റ്‌സ്/അറബി, ഹീബ്രു/2015). മയ് മസ്‌റീ സംവിധാനം ചെയ്ത ഈ ചിത്രം ആരംഭിക്കുന്നത്, വെസ്റ്റ് ബാങ്കിലെ നബ്ലൂസ് എന്ന നഗരത്തിൽ നിന്നാണ്. ഫരീദും ഭാര്യ ലയാലും എങ്ങിനെയെങ്കിലും കനഡയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഫലസ്തീനികളുടെ ജീവിതം ഒരു സൂട്ട് കേസിൽ ഒതുങ്ങുന്നതാണ്. ഇതര രാഷ്ട്രങ്ങളിൽ ജീവിക്കുന്ന പതിനായിരക്കണക്കിന്

3000 നൈറ്റ്‌സ്
3000 നൈറ്റ്‌സ്

ഫലസ്തീനികളിൽ ബഹുഭൂരിക്ഷത്തിനും തിരിച്ചു പോകാൻ രാജ്യമോ ഭൂമിയോ ഭൂസ്വത്തോ സമ്പാദ്യങ്ങളോ ബന്ധുക്കളോ ഒന്നുമില്ലാത്ത അവസ്ഥയാണ്. സൈനിക ചെക്ക് പോസ്റ്റ് ആക്രമിക്കാൻ തുനിഞ്ഞു എന്നാരോപിക്കപ്പെട്ട് അറസ്റ്റിലാവുന്ന ഒരു കൗമാരപ്രായക്കാരനെ സഹായിച്ചു എന്ന് തെറ്റിദ്ധരിച്ച് ലയാലിനെ ഇസ്രയേൽ പോലീസ് കസ്റ്റഡിയിലെടുത്ത് റിമാന്റ് ചെയ്യുന്നു. മനസ്സാക്ഷി വിസമ്മതിക്കുന്നതിനാൽ, പിടിയിലായ പയ്യനെതിരായി വ്യാജമൊഴി കൊടുക്കാൻ തയ്യാറാവാഞ്ഞതിനാൽ, അവൾ എട്ടു വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലടക്കപ്പെടുന്നു. മനുഷ്യാവകാശ പ്രവർത്തക കൂടിയായ സർക്കാർ നിയമിത വക്കീലിന്റെ വാദങ്ങളൊന്നും കോടതി കണക്കിലെടുക്കുന്നില്ല. ഇസ്രയേലിലെ ഒരു വനിതാ ജയിലിൽ അടക്കപ്പെടുന്ന അവൾക്ക് അഭിമുഖീകരിക്കാനുണ്ടായിരുന്നത്; പീഡനങ്ങളുടെയും ദുരിതങ്ങളുടെയും മർദനങ്ങളുടെയും ഒരു മഹാലോകം തന്നെയായിരുന്നു. ഫലസ്തീനികൾക്കു പുറമെ അതിനകത്തുള്ളത് ഇസ്രയേലി വംശജരായ മുഴുത്ത ക്രിമിനലുകളാണ്. മയക്കുമരുന്നു കടത്തുകാരും ഉപഭോക്താക്കളും പിടിച്ചുപറിക്കാരും കൊലപാതകികളും അധോലോകക്കാരും കൂട്ടിക്കൊടുപ്പുകാരും ഒക്കെയാണക്കൂട്ടത്തിലുള്ളത്. ഇസ്രയേൽ സർക്കാരിന്റെ തടവുകാരാണെങ്കിലും അവരുടെ സിരകളിലോടുന്നത് സിയോണിസ്റ്റ് രക്തമായതിനാൽ, ഫലസ്തീനികളെ വേട്ടയാടുന്നതിൽ അവരും സർക്കാരിന് കൂട്ടു നിൽക്കുന്നു. വാർഡന്മാരുടേതെന്നതിനേക്കാൾ എല്ലാം അവരുടെ നിയന്ത്രണത്തിലാണ്. ഇതിനിടയിലാണ്. താൻ ഗർഭിണിയാണെന്ന വിവരം ലയാലിന് മനസ്സിലാവുന്നത്. ഭാര്യ ജയിലിലായതിനാൽ, ഒറ്റക്കു കനഡക്കു പോകാനൊരുങ്ങുന്ന ഫരീദ് ഇതൊരു ശല്യമായിട്ടാണ് കാണുന്നത്. എന്നാൽ, ഏതു ദുർഘടത്തെയും നേരിട്ട് ഗർഭം മുന്നോട്ടു കൊണ്ടു പോകാനും കുട്ടിയെ പ്രസവിക്കാനും ലയാൽ തീരുമാനിക്കുന്നു. അപ്രകാരം അവൾ ജയിലിനുള്ളിൽ വെച്ചു തന്നെ പ്രസവിക്കുകയും കുഞ്ഞിനെ മുലയൂട്ടി വളർത്തുകയുമാണ്. തുടർന്ന് ജയിലിൽ, നിരാഹാര സമരവും ഫലസ്തീനികൾക്കിടയിൽ നിന്നു തന്നെ ഒരുവൾ ചാരപ്പണിയെടുക്കുന്നതുമടക്കമുള്ള സംഭവബഹുലമായ കാര്യങ്ങളുണ്ട്. സമരത്തിൽ ചേർന്നതിന്റെ പേരിൽ ലയാലിൽ നിന്ന് കുഞ്ഞിനെ അടർത്തിമാറ്റുന്നു. സമരത്തെ തുടർന്ന് ഏതാനും തടവുകാർ വിട്ടയക്കപ്പെടുന്നുണ്ടെങ്കിലും ലയാലിന് പൂർണ കാലാവധി തികച്ചിട്ടേ മോചനം ലഭിക്കുന്നുള്ളൂ. എന്തൊക്കെ അശാന്തികൾ കാത്തിരിക്കുന്നുണ്ടെങ്കിലും അതോടൊപ്പം തന്റെ പൊന്നോമന കൂടി പുറത്തുണ്ടെന്ന പ്രതീക്ഷയിൽ അവൾ ദിവസങ്ങൾ തള്ളിനീക്കുന്നു.

ഡോക്കുമെന്ററി സംവിധായിക എന്ന പേരിൽ പ്രശസ്തി നേടിയിട്ടുള്ള മയ് മസീറിയുടെ ആദ്യ ഫീച്ചറായ മൂവ്വായിരം രാത്രികൾ, ടൊറന്റോ മേളയിൽ മുഖ്യ ലോകസിനിമാവിഭാഗത്തിൽ പ്രദർശിപ്പിച്ചു. ബെയ്‌റൂത്ത് ഡയറീസ് അടക്കമുള്ള മസീറിയുടെ ഡോക്കുമെന്ററികൾ സിനിമാസ്വാദകർക്കിടയിൽ ഏറെ പ്രശസ്തമാണ്.  മൈസ അബ്ദ് എൽഹാദിയാണ് ലയാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫലസ്തീൻ എന്നത് വെസ്റ്റ്ബാങ്കിലും ഗസയിലുമുള്ള രണ്ടു തുറന്ന ജയിലുകൾ തന്നെയായ സ്ഥിതിക്ക് കൂടുതൽ മർദനമുറകളും ക്രിമിനലുകളായ വംശീയവാദികളുടെ കൊടും പീഡനങ്ങളും കൂടുതലായുള്ള ഇസ്രയേലി ജയിലിലെ ജീവിതം ഫലസ്തീനികൾക്ക് അപ്രതീക്ഷിതത്വമൊന്നും സമ്മാനിക്കുന്നില്ല. ജനിച്ച ഉടനെ കുഞ്ഞിനെ, ഇതാ ഒരു കുഞ്ഞു ഭീകരവാദി കൂടി എന്നാണ് ഇസ്രയേലി വംശജയായ ക്രിമിനൽ തടവുപുള്ളി വിശേഷിപ്പിക്കുന്നത്. അധിനിവേശ കാലങ്ങളിലെ പൊതുബോധം, ഇപ്രകാരമുള്ള രാജ്യ സ്‌നേഹി/ഭീകരവാദി വൈരുദ്ധ്യങ്ങൾ നിർമ്മിച്ചു കൂട്ടിക്കൊണ്ടിരിക്കും. ഗുജറാത്ത് വംശഹത്യയെ തുടർന്ന് നിരാലംബരായിപ്പോയ മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന അഭയാർത്ഥിക്യാമ്പുകളെ ശിശു നിർമാണ ഫാക്ടറികൾ എന്ന് വിശേഷിപ്പിക്കുകയാണ് ഫാസിസ്റ്റുകൾ ചെയ്തത്. റയ്ദ അഡോൺ അവതരിപ്പിക്കുന്ന ഇസ്രയേലി വംശജയും മയക്കുമരുന്നിനടിമയുമായ പോക്കറ്റടിക്കാരിയെ മരണത്തിൽ നിന്ന് ലയാൽ രക്ഷിച്ചെടുക്കുന്നതിനെ തുടർന്ന് അവൾ, ലയാലിന് പല സഹായങ്ങളും ചെയ്യുന്നുണ്ട്. മനുഷ്യത്വം ആരിലും അവസാനിക്കുന്നില്ല എന്ന പാഠമാണ് ഈ അപൂർവ സൗഹൃദം തെളിയിക്കുന്നത്. അതി സങ്കീർണമായിക്കഴിഞ്ഞ ആധുനിക ദേശ രാഷ്ട്ര സംവിധാനങ്ങളും അതിന്റെ രാജ്യസ്‌നേഹ/ഭീകര വൈരുദ്ധ്യങ്ങളും അതിനിടയിൽ കുടുങ്ങിപ്പോകുന്നതും തുടച്ചു നീക്കപ്പെടുന്നതുമായ മനുഷ്യത്വവുമാണ് മുവ്വായിരം രാത്രികളെ കാലികപ്രസക്തമാക്കുന്നത്.

ചൈതന്യ തമാനെ സംവിധാനം ചെയ്ത കോടതി (കോർട്) എന്ന മറാത്തി സിനിമ, ലോകമാകെ ശ്രദ്ധ പിടിച്ചു പറ്റിയ ശ്രദ്ധേയമായ ചലച്ചിത്രമാണ്. വെനീസിലും വിയന്ന യിലും അന്താലിയയിലും സിംഗപ്പൂരും മുംബൈയിലും പനാജിയിലും തിരുവനന്തപുരത്തും അടക്കം നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുകയും ഇരുപതോളം പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു. 2014ലെ ഏറ്റവും നല്ല ഫീച്ചറിനുള്ള (62 -മത്) ദേശീയ പുരസ്‌കാരവും (സ്വർണകമൽ) കോർട്ടിനാണ്. ഫിപ്രെസ്‌കി ഇന്ത്യ ചാപ്റ്റർ മൂന്നു വർഷം മുമ്പ് ഏർപ്പെടുത്തിയ ഏറ്റവും നല്ല ഇന്ത്യൻ സിനിമക്കുള്ള അവാർഡിനും കോർട് തെരഞ്ഞെടുക്കപ്പെട്ടു. ബിഫെസിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഫിപ്രെസ്‌കി അവാർഡ്, നിർമാതാവ് ഏറ്റുവാങ്ങി. ഇന്ത്യയിലെ നിത്യ യാഥാർത്ഥ്യമായ

കോർട്
കോർട്

ജാതി വെറിയും ആധുനിക നീതിന്യായ വ്യവസ്ഥയിൽ അതെങ്ങിനെയാണ് ആന്തരീകരിക്കപ്പെട്ടിട്ടുള്ളത് എന്നുമാണ് കോർട്ടിന്റെ ലളിതമായിരിക്കെ തന്നെ സ്‌ഫോടനാത്മകമായ ആഖ്യാനം തുറന്നു കാണിക്കുന്നത്. ആനന്ദ് പട്‌വർദ്ധന്റെ പ്രസിദ്ധ ഡോക്കുമെന്ററി ജയ് ഭീം കോമ്രേഡിന്റെ ആരോഗ്യകരമായ സ്വാധീനം കോർടിലുണ്ട്. നിർമാണ പൂർവ ജോലികൾക്കായി ഒത്തു കൂടിയവർക്കായി ജയ് ഭീം കോമ്രേഡ് പല തവണ പ്രദർശിപ്പിച്ചിരുന്നത് തമാനെ ഒരു സംഭാഷണത്തിനിടെ എടുത്തു പറയുകയുമുണ്ടായി. അനിശ്ചിതമായി നീളലും, മാറ്റിവെക്കലും, കൂടുതൽ തെളിവുകൾക്കു വേണ്ടി ആവശ്യപ്പെടലുമടക്കം ഉള്ള കാര്യങ്ങളിലൂടെ നീതി നിഷേധിക്കപ്പെടുന്നതിനുള്ള വേദിയായി ഇന്ത്യയിലെ കോടതിമുറികൾ മാറുന്നതെങ്ങനെ എന്നതിനുള്ള ജീവിക്കുന്ന തെളിവുകളായി കോർട് പരിണമിക്കുന്നു. അറുപത്തഞ്ചുകാരനായ നാരായൺ കാംബ്ലെ, ഉപജീവനത്തിനായി സ്‌കൂൾ കുട്ടികൾക്ക് ട്യൂഷനെടുക്കുകയാണ് ചെയ്യുന്നത്. അതു കഴിഞ്ഞാൽ, ഓടിപ്പിടച്ചും ബസുകളിൽ കയറിയും മുംബൈ നഗരത്തിന്റെ ഓരങ്ങളിലെ ദളിത് കോളനികളിലും തൊഴിലാളികേന്ദ്രങ്ങളിലും സ്വയം സംഘടിപ്പിക്കുന്നതും മറ്റ് സഖാക്കൾ ഒരുക്കൂട്ടുന്നതുമായ ചെറുതും വലുതുമായ വേദികളിൽ സ്വന്തം കവിതകൾ ഗാനാത്മകമായി അവതരിപ്പിക്കുന്ന പോരാളിയാണദ്ദേഹം. അഴുക്കു ചാലുകളിലേക്കിറങ്ങി വൃത്തിയാക്കാനുള്ള മാൻ ഹോളുകളിലൊന്നിലിറങ്ങി, വിഷവാതകം ശ്വസിച്ച് മരിച്ച ഒരു മുനിസിപ്പൽ ശുചീകരണത്തൊഴിലാളിയുടെ മരണം ആത്മഹത്യയാണെന്നും അതിനു കാരണം കാംബ്ലെയാണെന്നുമുള്ള വിചിത്ര വാദമുയർത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും തടവിലടക്കുകയുമാണ് പൊലീസ്. ആത്മഹത്യ ചെയ്തയാൾ എന്തെങ്കിലും കുറിപ്പെഴുതിവെക്കുകയോ അയാളുടെ വീട്ടുകാരോ അയൽക്കാരോ ഏതെങ്കിലും വ്യക്തികളോ സംഘടനകളോ പരാതികളുന്നയിക്കുകയോ ഒന്നും ചെയ്തിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ കേസെടുക്കുകയാണ് ചെയ്തത്. മരിച്ച തൊഴിലാളി താമസിക്കുന്ന കോളനിയിൽ ഒന്നോ രണ്ടോ ദിവസം മുമ്പ്, കാംബ്ലെ കവിതാവതരണം നടത്തിയിരുന്നുവെന്നും അതിൽ, മാൻ ഹോൾ വൃത്തിയാക്കുന്നതു പോലുള്ള വൃത്തിഹീനവും ദുരിതപൂർണവുമായ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ആത്മഹത്യയല്ലാതെ മറ്റു പോംവഴികളില്ല എന്നുമുള്ള വരികൾ ചൊല്ലിയിരുന്നുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. അസംബന്ധമെന്ന് ഒറ്റയടിക്കു തന്നെ തോന്നിപ്പിക്കുന്ന ഇത്തരമൊരു കേസുമായി പ്രോസിക്യൂഷൻ മുന്നോട്ടു പോകുന്നതും, ജഡ്ജി അവർക്കനുകൂലമായി നീങ്ങുന്നതുമാണ് പിന്നീട് കാണുന്ന കാര്യങ്ങൾ. വിനയ് വോറ എന്ന പ്രതിഭാഗം വക്കീലും സദവാർത്തെ എന്ന ന്യായാധിപനും നൂതൻ എന്ന പബ്ലിക് പ്രോസിക്യൂട്ടറുമാണ് ചിത്രത്തിലെ മറ്റ് മുഖ്യ കഥാപാത്രങ്ങൾ. ഇവരുടെ വ്യക്തി/കുടുംബ ജീവിതങ്ങളും സിനിമയിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്. എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് വ്യക്തമാക്കുന്നതിനു വേണ്ടിയാണ് ഈ രീതി പ്രയോഗിച്ചിരിക്കുന്നത്. പഠിപ്പിച്ചു കൊടുത്തത് ആവർത്തിക്കുന്ന ഒരേ ഒരു സാക്ഷി മാത്രമാണുള്ളത്. ഉദ്ധരിക്കപ്പെടുന്ന നിയമാവലികളും സെക്ഷനുകളുമാകട്ടെ അങ്ങേയറ്റം പഴഞ്ചനും. അതെല്ലാം തന്നെ ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയതാണെന്നും സ്വതന്ത്ര ഇന്ത്യയിൽ അത് പുനരാഖ്യാനം ചെയ്യപ്പെടണമെന്നുമുള്ള വാദങ്ങളൊക്കെയും വൃഥാവിലാകുന്നു. വർഗപരമായി തൊഴിലാളികളോട് കൂറു പുലർത്തേണ്ടതായ ജീവിതാവസ്ഥയാണ് നൂതനുള്ളതെങ്കിലും അവർ പൂർത്തിയാക്കിയിട്ടുള്ള വിദ്യാഭ്യാസ വ്യവസ്ഥയിൽ നിന്ന് ആർജ്ജിച്ചിട്ടുള്ള യാഥാസ്ഥിതികമായ ദിശാബോധം അവരെ സ്വാതന്ത്ര്യബോധം ഭാവന ചെയ്യുന്നതിൽ നിന്ന് തടയുന്നു. കോടതിമുറിയിൽ അനക്കാതെ വെച്ചിരിക്കുന്ന ക്യാമറയിലൂടെയാണ് തമാനെ കോർടിന്റെ പ്രധാന ഭാഗങ്ങളൊക്കെയും ചിത്രീകരിച്ചിരിക്കുന്നത്. മരവിച്ചു പോയ നീതിബോധത്തെ സാമാന്യവത്ക്കരിക്കാൻ ഇതിലും നല്ല ദൃശ്യകോൺ ഇല്ല എന്നതാണ് വാസ്തവം.

court2
ഏറ്റവും നല്ല ഇന്ത്യൻ ചലച്ചിത്രത്തിനുള്ള ഫിപ്രെസി ഇന്ത്യ ഫിലിം ക്രിട്ടിക്സ് അവാർഡ് കോർട്ടിന്റെ നിർമ്മാതാവ് വിവേക് ഗോമ്പെർ ഫെസ്റ്റിവൽ ഡയറക്ടർ ഏസ് വി രാജേന്ദ്രസിംഗ് ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു.

2010 മുതൽ വീട്ടു തടങ്കലിൽ കഴിയുന്ന ഇറാനിയൻ ചലച്ചിത്രകാരനായ ജാഫർ പനാഹിയെ; മതനിയമങ്ങൾ അനുസരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു എന്നവകാശപ്പെടുന്ന ഭരണകൂടം ഇരുപതു വർഷത്തേക്ക് സിനിമയെടുക്കുന്നതിൽ നിന്ന് തടഞ്ഞിരിക്കുകയാണ്. ഇതിനെ മറികടന്നു കൊണ്ട് ഒളിപ്പിച്ചു വെച്ച ക്യാമറ ഉപയോഗിച്ച് അദ്ദേഹം ചിത്രീകരിച്ച ദിസീസ് നോട്ട് എ ഫിലിം

ദിസീസ് നോട്ട് എ ഫിലിം
ദിസീസ് നോട്ട് എ ഫിലിം

(ഇതൊരു ചലച്ചിത്രമല്ല), ക്ലോസ്ഡ് കർട്ടൻ (അടച്ച ജന്നാലവിരി) എന്നീ ചിത്രങ്ങൾ ലോകമെമ്പാടും ശ്രദ്ധയെന്നതു പോലെ ഉദ്വേഗവും ജനിപ്പിച്ചു. എന്നാൽ, 2015ൽ അദ്ദേഹം പൂർത്തിയാക്കിയ ടാക്‌സി (ടാക്‌സി ടെഹറാൻ എന്നും പേരുണ്ട്/82 മിനുറ്റ്/പേർസ്യൻ) എന്ന ഡോക്യുഫിക്ഷൻ; സിനിമയെ സംബന്ധിച്ചും തടവിനെ സംബന്ധിച്ചും സ്വാതന്ത്ര്യത്തെ സംബന്ധിച്ചും അധികാരത്തെ സംബന്ധിച്ചും തീർച്ചയായും സദാചാരത്തെയും ധാർമികതയെയും സംബന്ധിച്ചും ആഴത്തിലുള്ള ആലോചനകളും വിചിന്തനങ്ങളും പങ്കു വെക്കുന്നതിലൂടെ മഹത്തായ ഒരു സിനിമയായി മാറിയിരിക്കുന്നു. അറുപത്തിയഞ്ചാമത് ബെർലിൻ അന്താരാഷ്ട്ര മേളയിലാണ് ചിത്രം ആദ്യമായി പൊതുപ്രദർശനം നടത്തിയത്. ബെർലിനിലെ പരമോന്നത പുരസ്‌കാരമായ ഗോൾഡൻ ബെയർ ടാക്‌സിക്കു ലഭിക്കുകയും ചെയ്തു. പനാഹിക്ക് യാത്രാനുമതി ലഭിക്കാത്തതിനാൽ ചിത്രത്തിൽ അഭിനയിക്കുക കൂടി ചെയ്ത ഹന സയീദി എന്ന കൊച്ചുമിടുക്കിയായ പനാഹിയുടെ മരുമകളാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഹന ചിത്രത്തിലെ ഒരു നിർണായക വേഷത്തിലഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ജാഫർ പനാഹി ഈ ചിത്രത്തിന്റെ സംവിധായകൻ മാത്രമല്ല, ചിത്രത്തിലുടനീളം ഓടിക്കൊണ്ടിരിക്കുന്ന ടാക്‌സി കാറിന്റെ ഡ്രൈവറായി അഭിനയിക്കുകയും ചെയ്തിരിക്കുന്നു. ഒളിപ്പിച്ചു വെച്ച മൂന്നു ക്യാമറകൾ ഉപയോഗിച്ച് ടാക്‌സിക്കുള്ളിലും പുറത്ത് തെരുവുകളിലുമായി നടക്കുന്ന വിവിധ സംഭവങ്ങൾ യാദൃഛികമെന്നോണം കോർത്തിണക്കി

ടാക്‌സി ടെഹറാൻ
ടാക്‌സി ടെഹറാൻ

കൊണ്ടാണ് സിനിമ പൂർത്തിയാക്കിയിരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും; യുവാക്കളും കുട്ടികളും വൃദ്ധരും; പണക്കാരും പാവപ്പെട്ടവരും; യാഥാസ്ഥിതികവാദികളും ആധുനികതാവാദികളും; വ്യാജ സി ഡി വിപണനക്കാരനും, മനുഷ്യാവകാശ പ്രവർത്തകനും എല്ലാം യാത്രക്കാരായി കടന്നു വരികയും ഇറങ്ങിപ്പോവുകയും ചെയ്യുന്നതിനിടയിലുണ്ടാകുന്ന സംഭവങ്ങളും സംസാരങ്ങളുമാണ് സിനിമയിലുള്ളത്. എന്താണിതിലിത്ര അത്ഭുതമിരിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമാണെങ്കിലും; പനാഹി അനുഭവിക്കുന്ന ദുസ്സഹമായ തടവിൽ നിന്നുള്ള ഒരു താത്ക്കാലിക വിടുതലും അതോടൊപ്പം ടെഹ്‌റാനിലെയും ഇറാനിലെയും സമകാലിക ജീവിതാവസ്ഥയെ സംബന്ധിച്ചുള്ള ചില സൂചനകളും ചലച്ചിത്ര ഭാഷയുടെ രാഷ്ട്രീയാന്തർഗതങ്ങളായി പരിണമിക്കുന്ന അത്യപൂർവമായ വിസ്മയമായി ടാക്‌സി മാറുന്നുണ്ടെന്നതാണ് പ്രധാനം. എന്നെ സിനിമയെടുക്കുന്നതിൽ നിന്ന് ആർക്കും തടയാനാകില്ല. ഏറ്റവും അകലെയുള്ള മൂലകളിലേക്കും അരികുകളിലേക്കും ഒതുക്കപ്പെടുമ്പോൾ, ഞാനെന്റെ ആന്തരിക സ്വത്വവുമായി പാരസ്പര്യത്തിലെത്തുകയും അതിനോട് സംസാരിക്കുകയുമാണ് ചെയ്യുന്നത്. ഈ സ്വകാര്യസ്ഥലികളിൽ; എല്ലാ പരിമിതികൾക്കുമപ്പുറം സർഗാത്മകത ഒരനിവാര്യതയായി മാറുന്നു എന്നാണ് പനാഹി തന്റെ അവസ്ഥയെ സംബന്ധിച്ചും സൃഷ്ടിപരതയെ സംബന്ധിച്ചും വ്യാഖ്യാനിക്കുന്നത്.

മോഷ്ടാക്കളെ വധശിക്ഷക്കു വിധിക്കണമെന്ന് വാദിക്കുന്ന രണ്ടാളുകളുടെ ഇടയിലേക്ക് കടന്നു വരുന്ന യുവതി ഇറാനിൽ വധശിക്ഷ നിർത്തലാക്കേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നു. ഈ ടാക്‌സി ഒരു ഷെയർ ടാക്‌സിയായാണ് ഓടുന്നത്. ആളുകളും ആശയങ്ങളും നിലപാടുകളും കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഷെയറിംഗ് ആണ് നടക്കുന്നത്. നിയമത്തിനും ശരീഅത്തിനുമെതിരെ സംസാരിക്കുകയോ എന്നാണ് വധശിക്ഷാവാദികളുടെ ചോദ്യം. ഇതിനു പുറകെ കടന്നു വരുന്നത് നിയമലംഘകനായ വ്യാജ സിഡി വിൽപനക്കാരനാണ്. ഇയാൾ പനാഹിയെ തിരിച്ചറിയുന്നുമുണ്ട്. സഞ്ചരിക്കുന്ന ബീമാപ്പള്ളിയായ ഇയാളില്ലായിരുന്നുവെങ്കിൽ, ആധുനിക സിനിമയിലെ ചലനങ്ങൾ ടെഹ്‌റാനിലെ ലോകസിനിമാപ്രണയികൾ എങ്ങിനെയാണ് തിരിച്ചറിയുകയും കണ്ടും കേട്ടും ആസ്വദിക്കുകയും ചെയ്യുക എന്ന് പനാഹിയോടൊപ്പം കാണികളായ നമ്മളും അത്ഭുതപ്പെടുന്നു. മരുമകളായ ഹന വണ്ടിയിൽ കയറുന്നതോടെയാണ് കാര്യങ്ങൾ കൂടുതൽ രസകരമാകുന്നത്. വിതരണം ചെയ്യാവുന്ന തരത്തിൽ(ഡിസ്ട്രിബ്യൂട്ടബിൾ), ധാർമികത ഉറപ്പിച്ച ഒരു സിനിമ അസൈൻമെന്റ് പ്രോജക്റ്റായി ചെയ്തു വരാനുള്ള അധ്യാപികയുടെ കൽപന കേട്ടതിനു ശേഷം ടാക്‌സിയിൽ കയറുന്ന അവളുടെ മിക്ക ചോദ്യങ്ങൾക്കും പനാഹിക്ക് ഉത്തരമില്ല.

അച്ചടക്കവും സ്വാതന്ത്ര്യവും ഭാവനയും അതിജീവനവും എല്ലാം കൂടിക്കുഴയുന്ന ഇത്തരമൊരു ശ്വാസ നിശ്വാസങ്ങളുടെ സെൽഫിയിലൂടെ; ദുഷിച്ച സ്വേഛാധികാരത്തിനു തകർക്കാൻ കഴിയാത്ത പ്രതിഭയുടെ തെളിച്ചം കൊണ്ട്, ലോകം ജീവിക്കാൻ ഇനിയും കൊള്ളുന്നതാണെന്ന സത്യം പനാഹി ഉറപ്പിച്ചെടുക്കുന്നു.

രാം റെഡ്ഡി സംവിധാനം ചെയ്ത തിത്തി(കന്നട), ഴാക് ഓഡിയാർഡ് സംവിധാനം ചെയ്ത ദീപൻ(ഫ്രാൻസ്), ടാർസനും അറബ് നാസറും ചേർന്ന് സംവിധാനം ചെയ്ത ഡിഗ്രേഡ്(ഫലസ്തീൻ), ഗോറാൻ റാഡോവനോവിക് സംവിധാനം ചെയ്ത വളയപ്പെട്ട പ്രദേശം(എൻക്ലേവ്/സെർബിയ), ബിയാത്ത ഗാർദെലർ സംവിധാനം ചെയ്ത കമ്പിളിക്കെട്ട് (ഫ്‌ളോക്കിംഗ്/സ്വീഡൻ), നബീൽ അയോച്ച് സംവിധാനം ചെയ്ത ഏറെ സ്‌നേഹിക്കപ്പെട്ടവർ (മച്ച് ലവ്ഡ്/മൊറോക്കോ, ഫ്രാൻസ്), ഡെനീസ് ഗാംസേ എർഗ്യൂവൻ സംവിധാനം ചെയ്ത മസ്താങ്ങ് (തുർക്കി), ഹാനി അബു അസ്സദ് സംവിധാനം ചെയ്ത ദ ഐഡൾ(ഫലസ്തീൻ), എമിൽ ആൽപെർ സംവിധാനം ചെയ്ത ഫ്രെൻസി(തുർക്കി), എന്നിവയും ശ്രദ്ധേയമായ എൻട്രികളായിരുന്നു.

Comments

comments