തികച്ചും കേരളീയമായ പ്രാതലെന്ന് പുട്ടിനെ (അഥവാ വള്ളുവനാടൻ പിട്ട്) പരാമർശിക്കാമോ എന്നതിൽ തർക്കമുണ്ട്. പുട്ട് ശ്രീലങ്കനാണ് എന്നും ഒരു പക്ഷമുണ്ട്. ശ്രീലങ്കാ പ്രക്ഷേപണ കൂട്ടുസ്ഥാപനത്തിൽ നിന്നും ശ്രീമതി സരോജനി ശിവലിംഗം പ്രക്ഷേപണം ചെയ്തിരുന്ന ചലച്ചിത്രഗാനപരിപാടി ഇക്കാര്യത്തിൽ ഒരു തെളിവിനായി പരിശോധിക്കുകയുണ്ടായി. മദ്രാസിൽ നിന്നും വല്യപ്പച്ചൻ, വല്യമ്മച്ചി, ഷീലയാന്റി, മാത്തുക്കുട്ടിയങ്കിൾ, ഷിബുമോൻ ചേട്ടൻ, ഷീനമോൾ ചേച്ചി, ടിങ്കു, റിങ്കു എന്നിവർ കോതമംഗലത്തുള്ള ജോസ് വില്ലയിൽ ഇന്ന് ജന്മദിനമാഘോഷിക്കുന്ന പൊടിമോൻ എന്ന ജോജിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രാഗം എന്ന ചിത്രത്തിലെ ഈ ഗാനം ആവശ്യപ്പെടുന്നു എന്ന ശൈലി പുട്ടുകഷ്ണങ്ങൾക്കിടയിലെ നാളികേരവേർതിരിവുകളിൽ നിന്ന് പ്രചോദിതമാണെങ്കിലും തുടർന്നുവരുന്ന ആ കയ്യിലോ ഈ കയ്യിലോ സമ്മാനപ്പൂച്ചെണ്ട് എന്ന ഗാനത്തിൽ ശ്രീലങ്കൻ സ്വാധീനമില്ല എന്നത് വ്യക്തമായിരുന്നു. തുടർന്നുള്ള അന്വേഷണമാകട്ടെ കേരളത്തിലെ ചലച്ചിത്രഗാനശാഖയുമായി മാത്രമല്ല സാംസ്കാരികനരവംശശാസ്ത്രവുമായിപ്പോലും ബന്ധപ്പെട്ട രസകരമായ വസ്തുതകളിലേക്കാണ് നയിച്ചത്.
പഠനവിഷയമായി തിരഞ്ഞെടുത്ത പ്രസ്തുത ഗാനം 1975ൽ പുറത്തിറങ്ങിയ രാഗം സിനിമക്കു വേണ്ടി തികച്ചും കേരളീയനായ വയലാർ എഴുതിയതാണെങ്കിലും സിനിമ സംവിധാനം ചെയ്തത് ഭീംസിങ്ങ് എന്നയാളും പാട്ടിന് ഈണമിട്ടത് സലീൽ ചൗധരി എന്നയാളും ആണ് എന്നത് ഒട്ടധികം ആശയക്കുഴപ്പങ്ങളുണ്ടാക്കി എന്നത് പറയാതെ വയ്യ. ഭീംസിങ് എന്നയാളുടെ മലയാളിത്തം പരിശോധിച്ചതിൽ അദ്ദേഹം ജന്മം കൊണ്ട് ആന്ധ്രാ സ്വദേശിയാണെന്ന് കണ്ടെത്തി. അദ്ദേഹത്തിന്റെ ആദ്യഭാര്യയിലുള്ള എട്ടു മക്കളിൽ ഒരാൾ ബി.ലെനിൻ എന്ന ഫിലിം എഡിറ്റർ ആണെന്ന് മനസ്സിലാക്കിയത് ഫിലിം എഡിറ്റിംഗും പുട്ടുകഷണവും തമ്മിൽ ഏതെങ്കിലും വിധത്തിലുള്ള പരസ്പരസ്വാധീനങ്ങളുണ്ടോ എന്ന പഠനത്തിലേക്കും നയിച്ചു. അതില്ല എന്ന് ബോദ്ധ്യപ്പെട്ടതും ആന്ധ്രയിലോ റഷ്യയിലോ ഒരു ഖനനങ്ങളിലും പുട്ടുകുറ്റികൾ കണ്ടെടുക്കപ്പെട്ടിട്ടില്ല എന്ന് തെളിഞ്ഞതും ആ വഴിക്കുള്ള സാദ്ധ്യതകൾ അവസാനിപ്പിച്ചു. അദ്ദേഹം പിന്നീട് വിവാഹം കഴിച്ച സുകുമാരി എന്ന നടി തിരുവിതാംകൂർ സഹോദരിമാരുടെ ബന്ധുവാണെന്ന വസ്തുതയാണ് അന്വേഷണത്തെ പിന്നീട് സഹായിച്ചത്. അതിൽ നിന്ന് തെളിഞ്ഞ മലയാളബന്ധത്തെ വീണ്ടും പരിശോധിച്ചുറപ്പിക്കേണ്ടിയിരുന്നു. രാഗം എന്ന ചലച്ചിത്രം 1973ൽ പുറത്തിറങ്ങിയ അനുരാഗ് എന്ന ചലച്ചിത്രത്തിന്റെ റീമേക്ക് ആണെന്ന കാര്യമുള്ളതുകൊണ്ട് അത്തരത്തിൽ നടത്തിയ ഗവേഷണത്തിൽ അതിലഭിനയിച്ച മൗസുമി ചാറ്റർജി, മലയാളചിത്രത്തിന്റെ സംഗീത സംവിധായകനായ സലിൽ ചൗധരി എന്നിങ്ങനെ രണ്ടു ബംഗാളികളുമായി ബന്ധപ്പെട്ട അന്വേഷണമാണ് പിന്നീട് ബാക്കിയുണ്ടായിരുന്നത്.
മലയാളികളും ബംഗാളികളും തമ്മിൽ പലവിധ സമാനതകൾ പലപ്പോഴും പരാമർശിക്കപ്പെടാറുണ്ട് എന്നതുകൊണ്ട് ഒരു പരീക്ഷണം തന്നെ ഇക്കാര്യത്തിൽ നടത്തേണ്ടിയിരുന്നു. ഇതിനുള്ള അവസരം ഒത്തു വന്നതാകട്ടെ സഹോദരിയുടെ കുടുംബത്തിന്റെ സുഹൃത്തും ഡോക്യുമെന്ററി സംവിധായകനുമായിരുന്ന ഒരു ബംഗാളി ചെറുപ്പക്കാരൻ അവരുടെ വീട്ടിൽ സന്ദർശനത്തിന് വന്നപ്പോഴാണ്. ബംഗാളിന്റെ സാംസ്കാരികപൈതൃകത്തെക്കുറിച്ചും വിഭജനകാലമടക്കം കലുഷിതമായ രാഷ്ട്രീയാവസ്ഥകളിലൂടെ കടന്നുപോയ ബംഗാളിലെ സാമാന്യജനത അനുഭവിച്ച സംഘർഷങ്ങളെക്കുറിച്ചും വാചാലനായ അദ്ദേഹം ഇന്ത്യയുടെ സുരക്ഷിതമായ തെക്കേയറ്റത്ത് പശ്ചിമഘട്ടത്തിന്റെ മറവിൽ സൗകര്യപ്രദമായ ഒരു ചാരുകസേരയിരുത്തത്തിന്റെ ചെറുവളവോടെയുള്ള ഭൂപടസാന്നിദ്ധ്യമായ കേരളത്തെക്കുറിച്ചുള്ള തന്റെ അജ്ഞതകളെ മറച്ചുവെച്ചുമില്ല. എന്നാൽപ്പിന്നെ പ്രസ്തുത പരീക്ഷണവും പ്രാതലിന് ഇത്തിരി മലയാളിത്തവും ആയിക്കോട്ടെ എന്ന ഒരു തോന്നലിൽ സഹോദരി വിളമ്പിയ പുട്ടും കടലയും അദ്ദേഹം ആവശ്യത്തിലധികം ആവേശത്തോടെ ഭക്ഷിക്കുകയും ചെയ്തു.
തുടർന്ന് ഏതാണ്ട് ഒരു മണിക്കൂർ നേരത്തേക്ക് അദ്ദേഹത്തിൽ നിന്ന് ശബ്ദങ്ങളൊന്നും പുറപ്പെട്ടില്ല. ഇര വിഴുങ്ങിയ പാമ്പിനെപ്പോലെയുള്ള ഒരവസ്ഥയായിരുന്നു. പിന്നീട് നേരത്തേതിൽ നിന്നും തികച്ചും വിപരീതവും വിനയഭരിതവും ദുർബലവുമായ ഒരു ശബ്ദത്തിൽ “നിങ്ങൾ മലയാളികളെയൊക്കെ സമ്മതിക്കണം..ഇങ്ങനെയൊരു സംഗതി രാവിലെത്തന്നെ ഭക്ഷിച്ച് പിന്നെയും നിങ്ങൾ ദിവസം മുഴുവനും എണീച്ചുനടക്കുന്നുണ്ടല്ലോ…!” എന്ന് ആ സുഹൃത്ത് അതിശയിച്ചു. ബംഗാളികൾ പുട്ടും കടലയും ശീലമാക്കിയിരുന്നെങ്കിൽ ഒരു പക്ഷെ ബംഗാൾ തന്നെ വിഭജിക്കപ്പെടുമായിരുന്നില്ല എന്നദ്ദേഹം പറയാതെതന്നെ പറഞ്ഞു.
കേരളമാകട്ടെ നറുനുറുങ്ങായിക്കിടന്നിരുന്ന അവസ്ഥയിൽ നിന്ന് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ കൃത്യം മൂന്നു കഷ്ണങ്ങളായ തികച്ചും പൂർണമായ ഒരു കുറ്റി പുട്ടെന്നപോൽ പിന്നീട് ഐക്യകേരളമായിത്തീരുകയാണ് ഉണ്ടായത്. മൂന്നു കഷ്ണം എന്നതിന്റെ ജ്യാമിതീയമായ ഒരു സന്തുലിതത കേരളരാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിച്ച പ്രസ്ഥാനങ്ങളിലും നേതാക്കളിലും വരെ പ്രകടമായിരുന്നു. സി.പി.ഐ, ഐ.എൻ.സി, പി.എസ്.പി, ആർ.എസ്.പി തുടങ്ങിയ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇ.എം.എസ്, എ.കെ.ജി, കെ.പി.ആർ, തുടങ്ങിയ നേതാക്കളും എന്തിന് ഐ.സി.പി, എം.ആർ.ബി മുതലായ സമുദായപരിഷ്കർത്താക്കൾ വരെ ഈ ഇംഗ്ലീഷ് ത്ര്യക്ഷരിക്കഷ്ണങ്ങളുടെ സന്തുലനസ്വഭാവത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. തുടർന്ന് ജനസംഘം പോലും ബി.ജെ.പി ആയിത്തീർന്നതിൽ കേരളത്തിന്റെ യു.ഡി.എഫ്/എൽ.ഡി.എഫ് പുട്ടുകുറ്റിരാഷ്ട്രീയത്തിന്റെ സ്വാധീനം ഇല്ലാതില്ല. ഐ.യു.എം.എൽ എന്നൊക്കെ നാലു കഷണം പുട്ട് മലപ്പുറം ജില്ല പോലെ അപൂർവ്വം സ്ഥലങ്ങളിൽ പ്രചാരത്തിൽ ഉണ്ടെങ്കിലും അടിസ്ഥാനപരമായി പുട്ട് മൂന്നു കഷണമാണ്. മേൽ സൂചിപ്പിച്ച അന്വേഷണങ്ങളിൽ നിന്നും പുട്ട് തികച്ചും കേരളീയമായ ഒരു വിഭവമാണെന്ന് തെളിഞ്ഞു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
വൃത്തസതംഭമല്ലാതെ പുട്ട് നിർമ്മിക്കപ്പെടുന്ന മറ്റൊരു ജ്യാമിതീയരൂപം അർദ്ധഗോളാകൃതിയിലുള്ള ചിരട്ടപ്പുട്ടാണ്. താരതമ്യേന ക്ഷമത കുറഞ്ഞ ഒരു പുട്ടുനിർമ്മാണരീതിയാണ് ഇതെങ്കിലും മലയാളസാഹിത്യത്തിലെ ബാല്യകാലകൗതുകങ്ങളിലെല്ലാം മണ്ണപ്പം ചുട്ടുകളി പരാമർശിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ഗൃഹാതുരത സംരക്ഷിക്കുന്നതിനായി ഈ രീതി തുടർന്നുപോരുന്നു. മണ്ണപ്പം ചുടുന്നതടക്കം മണ്ണ്, മണൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട ബാലലീലകളെല്ലാം മൊത്തമായും ജെ.സി.ബി ഉപയോഗിച്ച് ചെയ്യുന്ന ഒരു സംവിധാനം വന്നതോടെ ഗൃഹാതുരതാസംരക്ഷണപ്രവർത്തനങ്ങൾ പൂർണമായും പുട്ടുപൊടിനിർമ്മാതാക്കളിൽ നിക്ഷിപ്തമാവുകയും ചെയ്തു.
ആവിയെഞ്ചിൻ കണ്ടുപിടിക്കപ്പെടുന്നതിനും എത്രയോ മുമ്പാണ് മലയാളികൾ ആവി കൊണ്ട് പുട്ടുണ്ടാക്കാമെന്ന് കണ്ടുപിടിച്ചത്. കോഴിക്കോട് വഴി വന്ന ഇബിൻ ബത്തൂത്തയുടെ യാത്രാവിവരണങ്ങൾ* ഇതിനു തെളിവാണ്. ബത്തൂത്ത വഴിതന്നെ ആവാം പുട്ടിന്റെ സാങ്കേതികവിദ്യ ശ്രീലങ്കയിലേക്ക് എത്തിയത് എന്നും കരുതപ്പെടുന്നു.
സുഖമായി പുട്ടു തിന്നാവുന്നിടത്തോളം കാലം മലയാളിക്ക് ഒരിക്കലും ഒരു ആവിയെഞ്ചിന്റെ ആവശ്യമുണ്ടായിരുന്നില്ല. രണ്ടു കുറ്റി പുട്ട് പ്രാതലിനു കഴിച്ച് തോർത്തുമുണ്ടും തോളിലിട്ട് കുറ്റിപ്പുറത്തുനിന്നും ഇറങ്ങുന്ന കാരണവന്മാർ ഉച്ചയൂണിന് ഇല മുറിക്കുന്നതിനും മുമ്പ് കോഴിക്കോട്ട് നടന്നെത്തുമായിരുന്ന‘ത്രെ’. (ത്രെ എന്നെഴുതിയിടത്ത് ഒരു ഹൈപ്പർലിങ്ക് സങ്കല്പിച്ച് അന്വേഷണകുതുകികൾ കുറ്റിപ്പുറം പൊന്നാനി പരിസരത്തുള്ള കവി പി.പി.രാമചന്ദ്രൻ മാഷ് അടക്കമുള്ള ആധികാരികതയുള്ള വ്യക്തികളുമായി ബന്ധപ്പെട്ട് ഈ പ്രസ്താവനയുടെ കൃത്യത ബോദ്ധ്യപ്പെടേണ്ടതാണ് ) രണ്ട് കുറ്റി പുട്ടിനുവേണ്ടുന്ന നീരാവിയുടെ താപമാനത (enthalpy) കണക്കിലെടുക്കുമ്പോൾ ആവിയെഞ്ചിന്റെ കാലത്തെന്നല്ല പൂർണമായും വൈദ്യുതീകരിക്കപ്പെട്ട ഡിവിഷനുകൾ ഉള്ള കാലത്തുപോലും ഇന്ത്യൻ റെയിൽവേയേക്കാൾ എത്രയോ ഉയർന്ന ഇന്ധനക്ഷമതയിലാണ് പുട്ടുകുറ്റികൾ പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും.
പുട്ടിന് അനുബന്ധമായ വിഭവങ്ങളുടെ വൈവിദ്ധ്യമാണ് പുട്ടിന്റെ ജനപ്രിയതയുടെ പ്രധാന കാരണങ്ങളിലൊന്ന്. നോൺ വെജിറ്റേറിയൻ-വെജിറ്റേറിയൻ വിഭവങ്ങളുടെ വിപുലമായ സാധ്യതകൾ മുതൽ ലളിതമായ പപ്പടമോ പഴമോ വരെ കുതിർത്തോ പൊടിച്ചോ കുഴച്ചോ ചേർത്ത് കഴിക്കാവുന്ന പുട്ടിന്റെ സ്വാംശീകരണസന്നദ്ധതയും പരിവർത്തനസജ്ജതയും മലയാളഭാഷയുടേതിനു സമാനമാണ്. കാലത്തിന്റേയും കാലാവസ്ഥയുടേയും മാറ്റങ്ങൾക്കനുസരിച്ച് ചിറകു മുളയ്ക്കുകയോ വാൽ നീട്ടുകയോ കൊമ്പ് കൂർപ്പിക്കുകയോ ചെയ്യാതെ മണ്ണടിഞ്ഞുപോയ ഭീമാകാരങ്ങളായ ദിനോസർ ഭാഷകളിൽ നിന്ന് വിഭിന്നമായി ഒരു കൊച്ചു പ്രദേശത്ത് പ്രയോഗിക്കപ്പെടുന്ന, അധികം ചരിത്രമൊന്നുമില്ലാത്ത, രുചി ചേർക്കുന്ന ഏതൊരു വിഭവലബ്ധിയേയും ആഹ്ലാദത്തോടെ സ്വീകരിക്കുന്ന മലയാളഭാഷയുടെ സുസ്ഥിരതയെ സൂചിപ്പിക്കാനുതകുന്ന ഏറ്റവും നല്ല പ്രതീകം തന്നെയാണ് പു(പി)ട്ടെന്ന വൃത്തസ്തംഭം.
*ഇബിൻ ബത്തൂത്ത കണ്ട ഇന്ത്യ-വേലായുധൻ പണിക്കശ്ശേരി
Be the first to write a comment.