നിലപാടുകൾ വെട്ടിത്തുറന്ന് പറയുക എന്നത്  തന്റെ സാമൂഹികമായ ഉത്തരവാദിത്തമായി കാണുന്ന എഴുത്തുകാരനാണു ഉണ്ണി ആർ.  ചലച്ചിത്രലോകത്തിന്റെയും അംഗീകാരങ്ങൾ തേടിയെത്തിയ  അവസരത്തിൽ  മലയാളത്തിന്റെ പ്രിയകഥാകൃത്ത് തന്റെ കഥകളെക്കുറിച്ചും സിനിമകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും നവമലയാളി മിഡിൽ ഈസ്റ്റ് എഡിറ്റർ ഷൈന ഷാജനുമായി സംസാരിക്കുന്നു.

ഇക്കൊല്ലത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപനംഉണ്ണി.ആറിലെ കഥാകൃത്തിനും ഉണ്ണി.ആറിലെ  തിരക്കഥാകൃത്തിനും വളരെ സംതൃപ്തി നല്‍കിയിട്ടുള്ള ഒന്നായിരിക്കുമല്ലോ. അതിനെക്കുറിച്ച് ?
വളരെ സന്തോഷമുണ്ട്. രണ്ടും തീര്‍ത്തും വ്യത്യസ്തമായ രണ്ടു കഥകളാണ്.charli214 രണ്ടും നേര്‍വിപരീതങ്ങളായ  ചലച്ചിത്രങ്ങളും. കഥനരീതിയും പ്രമേയത്തിലെ ഈ വ്യത്യസ്തതയും ജൂറിക്ക് ഇഷ്ടമായി എന്നത് തീര്‍ച്ചയായും സംതൃപ്തി നല്‍കുന്നു. ചാര്‍ളി നൂറാം ദിവസത്തേക്ക് എത്തുമ്പോൾ ഒഴിവു ദിവസത്തെ കളി  പ്രദര്‍ശിപ്പിക്കാൻ ഡിസ്ട്രിബ്യൂട്ടർ ഇല്ലാതെ വിഷമിക്കുന്നു. അവാര്‍ഡ്‌ സന്തോഷത്തിനിടയിലും ഈ  വിഷമം ഞാന്‍ മറച്ചു വെക്കുന്നില്ല.

സമകാലിക ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയെ ശരിയായി വായിക്കുന്നൊരു കഥയാണല്ലോ ഒഴിവു ദിവസത്തെ കളി . വിധിക്കപ്പെടുന്നവന്‍ രാജ്യദ്രോഹിയും ദളിതനുമാണ്. സമകാലിക സാഹചര്യങ്ങളുമായി  കോര്‍ത്ത് ആ കഥയെ എങ്ങനെ വിലയിരുത്താം ? ആ കഥ ഉണ്ടായിവന്ന സാഹചര്യം ?
പതിനഞ്ചു വര്‍ഷം  മുന്‍പാണ് ഒഴിവു ദിവസത്തെ കളി എഴുതിയത്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ആ കഥ ഏറെ പ്രസക്തമാണെന്നു  പറഞ്ഞുകൊണ്ടാണ് സനൽ ശശിധരൻ അത് ചലച്ചിത്രമാക്കാന്‍ വേണ്ടി എന്നെ സമീപിച്ചത്. സനല്‍ അപാരമായ പൊട്ടന്‍ഷ്യൽ ഉള്ള ഫിലിം മേയ്ക്കര്‍ ആണ്. പുള്ളിയുടെ ആദ്യ സിനിമയാവേണ്ടിയിരുന്നത് ഒഴിവു ദിവസത്തെ കളി ആയിരുന്നു. എന്നോട് ഈ കഥ സിനിമയാക്കാന്‍ ചോദിച്ചപ്പോൾ ഒരേ ഒരു കാര്യമേ ഞാൻ പറഞ്ഞിരുന്നുള്ളൂ. അതില്‍ ഒരു ദളിത്‌ ഇഷ്യൂ ഡിസ്കസ് ചെയ്യപ്പെടുന്നുണ്ട്. അത് തീരെ ലൌഡ് അല്ല. അത് വിട്ടുപോകരുത്. കഥയുടെ ഒരു പ്രധാന കാര്യം അതുകൂടിയാണ് എന്ന്‍. അത്   മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് സനല്‍ ഫിലിം ചെയ്തത്. ആ ചിത്രത്തിന് ഇപ്പോള്‍ സ്റേറ്റ് അവാര്‍ഡ് കിട്ടിയതിൽ വളരെ സന്തോഷം. ഞാന്‍   തന്നെ എന്റെ കഥയെക്കുറിച്ച് പറയുന്നതിൽ വലിയ കാര്യമില്ല. അത് ഒരു തരം ‘ഞാന്‍ ഞാനത്തരം’ ആയിപ്പോകും. നിങ്ങളുടെ ചോദ്യത്തില്‍ ആ കഥയെക്കുറിച്ചുള്ള വിലയിരുത്തലുണ്ട്. അതില്‍ സന്തോഷം.ozhivudivasathekali51

ആ കഥ എഴുതുന്നത് അംബേദ്‌കറെ നന്നായി വായിക്കുന്ന സമയത്താണ്. പിന്നെ പൊയ്കയില്‍ അപ്പച്ചനെയും. പൊയ്കയില്‍ അപ്പച്ചൻ കഥയിൽ വരുന്നത് ഒറ്റപ്പെട്ടവനിലാണ്. ഒരു വര്‍ഷം മുന്‍പ്‌. അംബേദ്‌കർ വായനയുടെ തുടര്‍ച്ചയിലാണ് ഒഴിവു ദിവസത്തെ കളി എഴുതിയത്. എന്റെ വീട്ടില്‍ ജാതി വേര്‍തിരിവ് ഇല്ലായിരുന്നു. പക്ഷെ ചുറ്റുവട്ടത്തെല്ലാം അത് നന്നായി ഉണ്ടായിരുന്നു.

പൊയ്കയിൽ അപ്പച്ചൻ
പൊയ്കയിൽ അപ്പച്ചൻ

ഞാന്‍ കോളേജിൽ പഠിക്കുന്ന സമയത്താണ് കെ.കെ കൊച്ചും ബാബുരാജും മണിയുമെല്ലാം കൂടി നവംബര്‍ ബുക്ക്സ് നടത്തിയിരുന്നത്. ഒരിക്കൽ ഞാൻ കല്ലറയിലുള്ള കെ.കെ കൊച്ചിന്റെ വീട്ടില്‍ പോയി. അത് എന്റെ  ബന്ധുക്കള്‍ വലിയ പ്രശ്നമാക്കി. അവര്‍ അക്കാര്യം  അങ്ങനെ പ്രശ്നമാക്കിയത്  കൊച്ച്  നക്സല്‍ ആയതു കൊണ്ട് മാത്രമല്ല ജാതിവേര്‍തിരിവു കൊണ്ടു  കൂടി ആണെന്ന് എനിക്ക് തോന്നി. കല്ലറയില്‍ പോകുമ്പോഴെല്ലാം പിന്നീട് ഞാനവിടെ പോയിട്ടുണ്ട്. അവിടെ മാത്രമല്ല വേറൊരു സുഹൃത്തായിരുന്ന ബാബുവിന്റെയടുത്തും. ബാബു പിന്നീട് അയ്യങ്കാളി പടയില്‍ ചേര്‍ന്ന്‍ കേസിൽ പെടുകയും ഒളിവിലാവുകയുമൊക്കെ ചെയ്തു. പിന്നെ അന്നത്തെ ഡൈനാമിക് ആക്ഷന്‍ ഗ്രൂപ്പും സീഡിയൻ പോലുള്ള മാസികയുമൊക്കെ ഇത്തരമൊരു കഥയിലേക്ക്‌ വഴിയായിട്ടുണ്ട് – മിനിമം സെല്‍ഫ് ക്രിട്ടിക്കൽ ആവാനെങ്കിലും എന്നെ സഹായിച്ചിട്ടുണ്ട്.

ശ്രീനാരായണ ഗുരുവിന്റെ ഭാര്യയായിരുന്ന കാളിയമ്മയെ പറ്റിയുള്ള വിവരങ്ങൾ ചരിത്രത്തിൽ അധികം രേഖപ്പെടുത്തിയിട്ടില്ല. ആ സാഹചര്യത്തില്‍ കാളീനാടകം എഴുതുമ്പോൾ നേരിട്ട ബുദ്ധിമുട്ടുകള്‍ എന്തെല്ലാമായിരുന്നു?
കാളിയമ്മയുടെ ഒരു റെഫറന്‍സും ഇന്ന് ലഭ്യമല്ല. അത് ബോധപൂര്‍വ്വം ചിലപ്പോൾ മറയ്ക്കപ്പെട്ടതാകാം. അതുകൊണ്ടു തന്നെ എനിക്ക് ആ കാലത്തെയും കാളിയമ്മയെയും റിക്രിയേറ്റ്‌ ചെയ്യേണ്ടിവന്നു. അതൊന്നും ബുദ്ധിമുട്ടുകളോ വെല്ലുവിളികളോ അല്ല. അതാണ്‌ എഴുത്തിലെ യഥാര്‍ത്ഥ ആനന്ദം. ഞാന്‍ സൃഷ്‌ടിച്ച കാളിയമ്മയുടെ കഥ സത്യമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇതാണ് നുണയുടെ സൌന്ദര്യം.

ബാദുഷ എന്ന കാല്‍നടക്കാരനിലെ  ബാദുഷക്ക് അല്ലെങ്കില്‍ അതുപോലെ ഏതൊരാള്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കാനാവത്ത വിധം വഴികളിടുങ്ങിപ്പോയൊരു സമൂഹത്തിലാണ് നമ്മളിപ്പോള്‍ ഉള്ളത്. ഒരു മാറ്റം പ്രതീക്ഷിക്കുന്നുണ്ടോ ? പ്രതീക്ഷിക്കാന്‍ വകയുണ്ടോ ?
മാറ്റം തീര്‍ച്ചയായും പ്രതീക്ഷിക്കാം. പക്ഷെ നമ്മളുടെ ജനാധിപത്യ വ്യവസ്ഥയില്‍ ഇനിയും ഫാസിസ്റ്റുകള്‍ അവരുടെ കാവി ഇടപെടലുകൾ നടത്തും. ആ അവസ്ഥയെ മറികടക്കാന്‍ നമുക്കാവും. ഒരുപക്ഷെ അതിന് നാം ജീവന്‍ കൊടുക്കേണ്ടി വന്നെന്നിരിക്കാം, തടവിലാക്കപ്പെട്ടെന്നിരിക്കാം. പക്ഷെ ഈ അവസ്ഥയെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരു ജനത മറികടക്കുക തന്നെ ചെയ്യും. ആ പ്രതീക്ഷ കൂടി ഇല്ലെങ്കില്‍ തോറ്റ ജനങ്ങളാവില്ലേ നമ്മൾ?unni4

ശൈലിയുടെ തടവുകാരനല്ല എന്ന് പറയുമ്പോഴും പല കഥകളിലും കാണാറുണ്ട് പട്ടിയിരുന്ന്‍ ആലോചിക്കുന്നതും പശുവും എലിയുമൊക്കെ ചിരിക്കുന്നതും ഒക്കെ. ജന്തുക്കളിൽ ജന്തുത്വത്തിനു പകരം ഈ മനുഷ്യത്വം കൊടുക്കുന്നത് ഒരു ശൈലിയായി കാണാമോ ?
ജന്തുത്വം തന്നെയാണ് അത്. മനുഷ്യത്വമല്ല. ജന്തുത്വത്തിനുള്ളില്‍ അങ്ങനെയൊരു അവസ്ഥ ഉണ്ടാവില്ലേ? ശാസ്ത്രമറിയുന്നവര്‍ ഇതിനെ വിമര്‍ശിച്ചെന്നു വരാം. എഴുതുന്നവന്‍ ശാസ്തജ്ഞനല്ലല്ലോ. അയാള്‍ ഭാവനാകാരനാണ്. ശാസ്തജ്ഞനാണെങ്കിലും ശാസ്ത്രകാരനാണെങ്കിലും ഭാവനാകാരൻ തന്നെയാണ്. പക്ഷെ ആ ഭാവന ഒടുവിലെത്തുന്ന ഉത്തരത്തിന് ഒരു പൂര്‍ണ്ണതയുണ്ട്. ആ പൂര്‍ണ്ണതയിൽ ഭൂമി ഉരുണ്ടതാണെന്ന് വ്യക്തമാണ്. എന്നാല്‍ പരന്ന ഭൂമിയുടേയും, ചെരിഞ്ഞതും കോണിച്ചതുമായ ഭൂമിയുടേയും  അവകാശികളാണ് എഴുത്തുകാർ. അതുകൊണ്ടാണ് ഇങ്ങനെ പട്ടിയുടെ ഉള്ളില്‍ കേറി ഇരിക്കുന്നത്. ചില കഥകളില്‍ ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. പക്ഷെ ഭൂരിപക്ഷം കഥകളും കഴിവതും വ്യത്യസ്തമാക്കാൻ ശ്രമിച്ചിട്ടുണ്ട്.

കഥകളിൽ ലൈംഗികതയുടെ വാഴ്ത്തപ്പെടൽ കാണാറുണ്ട്‌. പ്രത്യേകിച്ചും ഒരുതരം പുരുഷാധിപത്യലൈംഗികത. ഈ ആരോപണത്തെ എങ്ങനെ കാണുന്നു ?
ലൈംഗികതയെക്കുറിച്ച് എഴുതിയിട്ടുണ്ട്. പുരുഷാധിപത്യ ലൈംഗികതയാണെന്ന് നിങ്ങള്‍ക്ക്‌  തോന്നുന്നുവെങ്കില്‍ അതല്ല; ഞാനുദ്ദേശിച്ചത് ഇതാണ് എന്ന് പറഞ്ഞ് സമര്‍ഥിക്കാൻ ഉദ്ദേശമില്ല. ഒരു കഥയെ അങ്ങനേയും വായിക്കാമല്ലോ. അപ്പോഴല്ലേ ഈ ബഹുസ്വരത എന്ന ഏര്‍പ്പാടിന് ഒരു സൌന്ദര്യമുണ്ടാകൂ.

സ്വന്തം കഥകള്‍ തിരക്കഥകളാക്കുമ്പോഴുള്ള വെല്ലുവിളികളെ എങ്ങനെ നേരിടുന്നു ?
ലീല മാത്രമാണ് ഞാനെന്റെ കഥകളില്‍ നിന്നും തിരക്കഥയാക്കിയിട്ടുള്ളത്. ലീല കഥയായി എഴുതപ്പെട്ടു കഴിഞ്ഞു. തിരക്കഥ എന്നത് കഥയില്‍ നിന്നുമുള്ള മാറി നടപ്പാണ്. അതുകൊണ്ടു തന്നെ പുതിയൊരു ലീലയായി എഴുതപ്പെടുകയാണ്; ചലച്ചിത്രത്തിനു വേണ്ടി. അതില്‍ വെല്ലുവിളികളല്ല, മറ്റൊരു മാധ്യമത്തിനു വേണ്ടി കഥയെ മാറ്റിയെടുക്കുന്ന ഗൌരവം നിറഞ്ഞതും ആനന്ദകരവുമായ പ്രവര്‍ത്തിയായിട്ടാണ് ഞാനതിനെ കാണുന്നത്.

ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ പല സിനിമകളും ഉണ്ടല്ലോ. അതു പോലെ ചെയ്‌താൽ കൊള്ളാം, സിനിമയാക്കിയാല്‍ കൊള്ളാം എന്നു  തോന്നിയ ഏതെങ്കിലും  സ്വന്തം കഥ /കഥകള്‍ ?
തോടിനപ്പുറം പറമ്പിനപ്പുറം, ആനന്ദമാര്‍ഗ്ഗം, ഒരു ഭയങ്കര കാമുകന്‍, എന്നീ കഥകള്‍ സിനിമയ്ക്ക് വേണ്ടി എഴുതണമെന്നു  തോന്നിയിട്ടുണ്ട്. തോന്നല്‍ മാത്രമാണ്. അതൊന്നും നടക്കണമെന്നില്ല.

മലയാളിയുടെ പൊതു സദാചാരത്തിന്റെ കൃത്യമായ പരിധിക്കുള്ളില്‍ നിന്ന്‍ ആസ്വാദകനെ സുഖിപ്പിക്കാത്തൊരു കഥയാണ് ലീല. എഴുത്തുകാരന്റെ വിജയം എന്നതിലപ്പുറം നമ്മള്‍ ജീവിക്കുന്ന ഈ സമൂഹത്തിന്റെ പരാജയം എന്ന രീതിയില്‍ മനസ്സിലാക്കാവുന്ന കഥയാണോ അത്? ലീല  സിനിമയാക്കുന്നതിനെക്കുറിച്ച്?
വിജയമോ പരാജയമോ എന്ന് തീരുമാനിക്കാന്‍ ഞാനാളല്ല. ലീല വായിക്കപ്പെട്ടു, വിമര്‍ശിക്കപ്പെട്ടു. നല്ല വാക്കുകള്‍ കേള്‍ക്കുകയും ചെയ്തു. ഒരു കഥയെ നിലവിലുള്ള സാമൂഹ്യമര്യാദകള്‍ (മര്യാദകള്‍ എന്നാല്‍ മതപരവും സ്വേച്ഛാപരവും പാട്രിയാര്‍ക്കലുമായ) വെച്ചല്ല വിലയിരുത്തേണ്ടത്. അതിനെ സ്വതന്ത്രമായ മനസ്സോടെ വായിക്കുവാന്‍ കഴിയുമോ എന്നാണു നോക്കേണ്ടത്. ഇവിടെ പലപ്പോഴും അങ്ങനെയൊരു വായന നടക്കുന്നില്ല. ഇനിയുള്ള കാലത്ത് എഴുത്ത്‌ ഏറെ അപകടം പിടിച്ച ഏര്‍പ്പാടാവുമെന്നു തോന്നുന്നു. ദുര്‍ഗ്ഗ എന്ന്‍  എഴുതുമ്പോള്‍ മുഹമ്മദ്‌ എന്ന്‍ എഴുതുന്നതു  പോലെ രണ്ടു വട്ടം ആലോചിക്കേണ്ടി വരും. പ്രാകൃതമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യാവസ്ഥയില്‍ ലീല തിരിച്ചറിയപ്പെടാതെ പോകുന്നുവെങ്കില്‍ അത് സങ്കടം നിറഞ്ഞ കാര്യം തന്നെയാണ്. ആസ്വാദകരെ സുഖിപ്പിക്കുകയല്ല എന്റെ എഴുത്തിന്റെ ലക്‌ഷ്യം.

ഒരു കഥ അതേപടി സിനിമയാക്കുക പ്രായോഗികമല്ല. അത് ദൃശ്യഭാഷയിലേക്കു മാറ്റണമായിരുന്നു.സിനിമയ്ക്കു  വേണ്ടാത്ത പല വാക്കുകളും പ്രയോഗങ്ങളും മാറ്റി, അതിലെ കഥാതന്തു നിലനിര്‍ത്തിക്കൊണ്ട് മറ്റൊരു ദൃശ്യലീല സിനിമയ്ക്കു വേണ്ടി പുതുക്കിപ്പണിയുകയായിരുന്നു.leela1

ലീല എന്ന സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു  എന്ന വാര്‍ത്തയോട്  എങ്ങനെ പ്രതികരിക്കുന്നു?
തൊഴിലാളികള്‍ക്ക് വേതനം കൂട്ടിക്കൊടുത്തതിന്റെ പേരിൽ ഒരു ചിത്രത്തെ തടയുക എന്നത് ജനാധിപത്യപരമല്ല. ലീല  എന്ന കഥ പോലെത്തന്നെ വ്യക്തിപരമായി  പ്രിയപ്പെട്ടതാണ് എനിക്ക് ഈ ചിത്രവും. അസഹിഷ്ണുതയുടെ കാലത്ത് ഇത്തരം വിലക്കുകള്‍ സ്വാഭാവികം. വിലക്ക് ഏര്‍പ്പെടുത്തുക എന്നാൽ നിങ്ങൾ എന്തിനെയോ ഭയക്കുന്നു എന്നാണര്‍ത്ഥം. നേര്‍ക്കുനേർ സംസാരിക്കാന്‍ ശേഷി നഷ്ടപ്പെട്ട, അല്ലെങ്കിൽ എതിര്‍ നില്‍ക്കുന്നവരുടെ നിലപാടുകളോട് സംവദിക്കാനുള്ള ഭീരുത്വമാണ് വിലക്കുകള്‍ക്കു പിന്നിൽ എല്ലാക്കാലത്തും ഉണ്ടായിട്ടുള്ളത്. ഭരണകൂടം, മതം എന്നീ സ്ഥാപനങ്ങളാണ് വിലക്കുകളിലൂടെ തങ്ങളുടെ അതിജീവനവും ആധിപത്യവും സാധിക്കുന്നത്. ചലച്ചിത്രലോകം കലയുടെയും കച്ചവടത്തിന്റെയും ലോകം കൂടിയാണ്. ഒരു കലാകാരന്‍ ഇവിടെ വിലക്ക് നേരിടുന്നു എന്നു  വരുന്നത് ഈ കമ്പോളത്തിന്റെ നിയമങ്ങളെ ചോദ്യം ചെയ്യുമ്പോഴാണ്. ലീല ചിത്രീകരണം  തുടങ്ങുന്നത് തൊഴിലാളികള്‍ക്ക് വേതനം ഉയര്‍ത്തിക്കൊടുത്തു കൊണ്ടാണ്. അതായത് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് തൊഴിലാളിക്കൊപ്പമാണ് എന്ന് സധൈര്യം പറഞ്ഞു. ഇതാണ് ലീലയുടെ വിലക്കിലേക്ക് നയിച്ചത്. എത്ര നാള്‍ നിങ്ങള്‍ക്ക് കലയെ വിലക്കുകളിലൂടെ മറച്ചു പിടിക്കാൻ കഴിയും? ഒരുപാടു കാലം അതിനാവില്ല എന്നത് ചരിത്രത്തിന്റെ സത്യമാണ്. അതിനാല്‍ ഈ വിലക്കിനെ നീക്കി ലീല ജനങ്ങളിലേക്ക് എത്തും. കാരണം നീതിയുടെ പക്ഷത്താണ് ഞങ്ങള്‍ നിന്നത്. സിനിമയില്‍ ഇനി വിലക്കുകള്‍ അല്ല, തുറന്ന മനസ്സോടെ  ചിത്രത്തെ സമീപിക്കുന്നവരാണ് വേണ്ടത്. അതുണ്ടാവും എന്നു വിശ്വസിക്കുന്നു.

ഞാന്‍ ആള്‍ക്കൂട്ടത്തിന്റെ എഴുത്തുകാരനല്ല എന്ന് മുന്‍പു പറഞ്ഞിരുന്നു .ഇപ്പോഴും അങ്ങനെ തന്നെ പറയുന്നോ?
അതെ. ഇപ്പോഴും അങ്ങനെ തന്നെ പറയുന്നു.

 “ഫാസിസത്തില്‍ കേരളത്തിലെ എഴുത്തുകാരുടെ നിശബ്ദത ചാരപ്രവര്‍ത്തനത്തിനു തുല്യമാണ്” ഉണ്ണി.ആര്‍ അതിൽ നിന്നു വ്യത്യസ്തനാകുന്നത്  ഏതിടങ്ങളില്‍? എങ്ങനെയെല്ലാമാണ് ?
ഞാനെന്റെ ജീവിതത്തില്‍ എടുക്കുന്ന ചില തീരുമാനങ്ങളുണ്ട്. തപസ്യ പോലൊരു സംഘടന തരുന്ന അവാര്‍ഡ്‌ വാങ്ങാൻ എനിക്കാവില്ല.സംഘികള്‍ക്കു വേണ്ടി കഥയെഴുതാനാവില്ല. ഫക്ക്ഹ്യുമനിസം എന്ന് പറയാനാവില്ല. ഹിന്ദുതീവ്രവാദികളെ  പോലെതന്നെ ശക്തമായ ഇസ്ലാംതീവ്രവാദികളുടെ വേദി പങ്കിടാനും അവര്‍ക്കു  വേണ്ടി എഴുതാനുമാവില്ല. മതേതരമായ ഒരു ജീവിതമാണ് എന്റേത്.

Comments

comments