“ഞാനൊരു ബുദ്ധിജീവിയല്ല. ബുദ്ധിജീവികൾക്ക് എന്റെ പ്രസംഗം അത്ര പിടിക്കാറില്ല. അവയിൽ രാഷ്ട്രീയമില്ലെന്ന് അവർ പറയും. അതൊരുതരത്തിൽ സത്യമാണ്. അവർ പുസ്തകങ്ങളിൽ നിന്നും പഠിക്കുകയും വച്ചുപുലർത്തുകയും ചെയ്യുന്ന ‘തിയറികൾ’ ഒന്നും ഞാൻ പഠിച്ചിട്ടില്ല. ഞാൻ പഠിച്ചാൽ തന്നെയും അവ അങ്ങനെതന്നെ ചർദ്ദിക്കുകയില്ല. പക്ഷെ ജനങ്ങൾക്ക് എന്റെ പ്രസംഗം ഇഷ്ടമാണ്. ഞാൻ വളരെ ശ്രദ്ധയോടെ ജനങ്ങളുടെ ജീവിതവും അവരുടെ വസ്ത്രധാരണരീതികളും അവരുടെ പാർപ്പിടങ്ങളും ചുറ്റുപാടുകളും പഠിച്ചിട്ടുണ്ട്. അവരുടെ പ്രശ്നങ്ങൾ അവർക്ക് മനസിലാകുന്ന ഭാഷയിൽ വിവരിക്കുന്നു. ഞാനെവിടെ പ്രസംഗിച്ചാലും അവിടത്തെ ജനങ്ങളുടെ ജീവിതത്തെപറ്റി പഠിക്കുക പതിവായിരുന്നു. പ്രസ്ഥാനത്തെ സഹായിച്ചിരുന്നവരെ ഞാൻ പ്രോത്സാഹിപ്പിച്ചിരുന്നു. എന്റെ പ്രസംഗം വിശദീകരിക്കാൻ ഞാൻ ചെറിയ സംഭവകഥകളും വിവരണങ്ങളും സന്ദർഭാനുസരണം ഉപയോഗിച്ചു.” – (എന്റെ ജീവിതകഥ, എകെജി – പേജ് 29)
“നമ്മൾ ജെഎൻയു വിദ്യാർഥികൾ വളരെ കടുകട്ടി പ്രയോഗങ്ങൾ മാത്രം നിറഞ്ഞ ഭാഷയിലൂടെ സംവദിക്കുന്നവരാണ്. എന്നാൽ നമ്മളീ പറയുന്നത് സാധാരണക്കാർക്ക് മനസിലാവില്ല, അതവർക്ക് ബുദ്ധിയില്ലാത്തതു കൊണ്ടല്ല. ഈ വാചാടോപം അവർക്ക് പരിചയമില്ലാഞ്ഞിട്ടാണ്.” –(ജാമ്യം നേടി ജയിലിൽനിന്ന് പുറത്തു വന്നതിനുശേഷം കൻഹയ്യ നടത്തിയ പ്രസംഗം)
കൻഹയ്യയുടെ പ്രസംഗം കേട്ടപ്പോൾ എകെജി തന്റെ ആത്മകഥയിലെ ആദ്യാദ്ധ്യായങ്ങളൊന്നിൽ കുറിച്ചിട്ട വരികളോർമ്മ വന്നു. മറ്റൊരു എകെജിയുടെ ഉദയമാണു കൻഹയ്യയിലൂടെ കാണുന്നത് എന്ന് വാദിക്കാനൊന്നുമല്ല ഇവിടെമുതിരുന്നത്. ആ ചെറുപ്പക്കാരൻ ഭാവിയിൽ എകെജിയെ പോലെ വീറും വീര്യവുമുള്ള പാവങ്ങളുടെ പടത്തലവനായിമാറുമോ എന്നതൊക്കെ കാലം തെളിയിക്കേണ്ട കാര്യങ്ങളാണ്. അങ്ങിനെ ആയാൽ നല്ലത്. അതെന്തായാലും വലിയ കാലാന്തരമുള്ള രണ്ടു വ്യത്യസ്ത ചരിത്രസന്ദർഭങ്ങളിൽ പ്രക്ഷോഭകാരികളായ രണ്ടുയുവാക്കൾ, കൻഹയ്യയും എകെജിയും, തങ്ങൾ ആർക്കിടയിലാണോ പ്രവർത്തിക്കുന്നത് ആ ജനസാമാന്യത്തോട് എങ്ങിനെ സംസാരിക്കണമെന്നും സംവദിക്കണമെന്നും കണ്ടെത്തുന്നതിലെ സമാനതകൾ ശ്രദ്ധേയമാണ്.
പതിവ് അക്കാദമിക് ഇടതുപക്ഷഭാഷണത്തിന്റെ വിരസതയില്ല കൻഹയ്യയുടെ പ്രസംഗത്തിന്. അതിനു കാരണം ജീവിതത്തിന്റെ ഉപ്പും നനവും ഏശാതെ പഠിച്ച തിയറികളുടെ ജഡതയല്ല സാധാരണമനുഷ്യന്റെ പങ്കപാടുകളുടേയും ദുരിതങ്ങളുടേയും കണ്ണീരിന്റെയും രാഷ്ട്രീയമാണ് അയാളിൽ നിന്നും നമ്മൾ കേൾക്കുന്നത് എന്നതാണ്. ഇത് സ്വാഭാവികമായ ഒന്നല്ലെന്നും അതിൽ ബോധപൂർവ്വമായ ഒരു തിരഞ്ഞെടുപ്പു കൂടി ഉൾച്ചേർന്നിട്ടുണ്ടെന്നും കൻഹയ്യ തന്നെ പറയുന്നുണ്ട്. ജയിലിൽ കഴിഞ്ഞ ദിവസങ്ങൾ തന്ന സ്വയംവിമർശനത്തിനുള്ള അവസരമാണു പ്രസംഗശൈലിയുടെ പ്രശ്നങ്ങളെകുറിച്ച് തന്നെ ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് അയാൾ പറയുന്നു. എകെജിയുടെ വാചകങ്ങളുമായി കൻഹയ്യ പറഞ്ഞതിനുള്ള സാമ്യം യാദൃശ്ചികമല്ല. രണ്ടു പേരെയും അലട്ടുന്ന രാഷ്ട്രീയപ്രയോഗത്തിന്റെ പ്രശ്നങ്ങൾ ഒന്നു തന്നെയാണ്.
വ്യക്തിത്വത്തിലെ സദൃശതകളും ഒരുപക്ഷേ ഈ സമാന പ്രതികരണങ്ങൾക്ക് കാരണമായിട്ടുണ്ടാകാം. കൻഹയ്യ പറഞ്ഞത് പ്രസംഗിക്കാനല്ല അനുഭവങ്ങൾ പറയാനാണു താൻ ആഗ്രഹിക്കുന്നത് എന്നാണ്. ജീവിതാനുഭവങ്ങളെകുറിച്ചും ജയിലനുഭവങ്ങളെകുറിച്ചും പറയാൻ; ചുറ്റുപാടും കണ്ടതും കേട്ടതുമായ കാര്യങ്ങളെകുറിച്ച് പറയാൻ. അനുഭവം ഗുരു എന്ന് കരുതുന്ന വ്യക്തിത്വമാണ് എകെജിയുടേതും. ജീവിതാനുഭവങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യവും അവയിൽ നിന്നു പുതിയ പാഠങ്ങൾ ഉൾക്കൊണ്ടതിന്റെ സവിശേഷതകളുമാണ് എകെജിയുടെ ആത്മകഥയിലൂടെ കടന്നുപോകുമ്പോൾ മനസ്സിൽ ആഴത്തിൽ പതിയുന്ന ഒരു കാര്യം. അറിവും പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധം ജീവിതത്തിൽ നിന്നു തൊട്ടറിഞ്ഞു പഠിക്കാനിടവന്നവർക്ക് ജനങ്ങളുമായി സംവദിക്കാൻ തങ്ങളുപയോഗിക്കുന്ന ഭാഷയെ കുറിച്ചുള്ള സ്വയംവിമർശനം അനിവാര്യമാണ്. അത്തരം മനുഷ്യർക്ക് അങ്ങിനെയേ പഠിക്കാനാകൂ. അവരെ സംബന്ധിച്ചിടത്തോളം സ്വയംവിമർശനമെന്നത് പാർട്ടികമ്മറ്റികളിൽ യാന്ത്രികമായി നടത്തേണ്ട ഒരു അനുഷ്ഠാനമല്ല.
പറഞ്ഞുവരുന്നത് ജ്ഞാനസമ്പാദനത്തിനുള്ള ശരിയായ ഒരേയൊരു മാർഗ്ഗം ഇത്തരമൊരു കർമ്മയോഗമാണ് എന്നല്ല. അങ്ങിനെയല്ലാതെ കാര്യങ്ങൾ പഠിക്കുന്ന മനീഷികളും ഉണ്ട്. അതുകൊണ്ട് അവർ മോശക്കാരാകുന്നില്ല. ഇഎംഎസ് ഇക്കൂട്ടത്തിൽപെടും. നിരൂപകനായ ഇ. പിരാജഗോപാലൻ ഇഎംഎസിന്റെ ആത്മകഥയെകുറിച്ച് എഴുതിയതുപോലെ, “പ്രയോഗത്തിന്റെ തെരുവിനെക്കാൾ മനനത്തിന്റെ ആലയത്തെയാണു ഇഎംഎസ് പ്രാഥമികമായികണ്ടത്.” പ്രയോഗത്തിന്റെ തെരുവ് മനനത്തിന്റെ ആലയങ്ങളുടെ നിഷേധമല്ല. ഒരു ജനപക്ഷ രാഷ്ട്രീയത്തിൽ പരസ്പരപൂരകങ്ങളായി വർത്തിക്കേണ്ട രണ്ടു ശൈലികളാണവ. പ്രാക്സിസ് എന്നൊക്കെ വേണമെങ്കിൽ ഗ്രാംഷിയൻ ശൈലിയിൽ ഇതിനെ വിശേഷിപ്പിക്കാം എന്ന് തോന്നുന്നു. അതെന്തായാലും ചില സവിശേഷ ചരിത്രസന്ദർഭങ്ങളിൽ പ്രയോഗത്തിന്റെ തെരുവുകളും അവയിലെ വർത്തമാനങ്ങളുമൊക്കെ സാധാരണയിൽ കവിഞ്ഞ രാഷ്ട്രീയപ്രക്രിയയുടെ വലിയ ബാധ്യതയും ഉത്‌കണ്‌ഠയുമൊക്കെയായി മാറും. തിളച്ചുമറിയുന്ന ജിവിതത്തിൽനിന്നുമാറി ക്ലാസ്മുറികളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന അദ്ധ്യയനത്തിൽ വിശ്വസിക്കുക തങ്ങൾക്കു അസാധ്യമാണെന്ന് പറഞ്ഞത് ലെനിനോ മറ്റോ ആണ്. അങ്ങിനെയൊരു സവിശേഷ ചരിത്രസന്ദർഭത്തിലൂടെയാണു നമ്മുടെ രാജ്യം കടന്നുപോകുന്നത് എന്ന് തോന്നുന്നു.
1920-22 കാലത്തെ നിസ്സഹകരണ പ്രസ്ഥാനത്തോടെ നാടെങ്ങും ശക്തിയാർജ്ജിച്ച ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നിറവിലായിരുന്നു എകെജി രാഷ്ട്രീയമെന്തെന്ന് പഠിക്കുന്നത്. ആദ്യകാലം മുതലേ പഠനത്തിലും പ്രചാരണത്തിലും ഊന്നികൊണ്ടുള്ള സംഘാടനത്തിനു ദേശീയപ്രസ്ഥാനം വളരെയേറെ ശ്രദ്ധകൊടുത്തിരുന്നു. ജനങ്ങൾക്ക് വേണ്ടി ഒരു ചെറിയ ഗ്രൂപ്പോ പാർട്ടിയോ നടത്തുന്ന സമരമായിട്ടല്ല ഒരോഘട്ടത്തിലും പൊതുജനപങ്കാളിത്തം ആവശ്യപ്പെടുന്ന ഒരു വലിയ ബഹുജന മുന്നേറ്റമായിട്ടായിരുന്നു അത് വളർന്നുവന്നത്. ബ്രിട്ടീഷ് കോളണിവാഴ്ച്ചയും തദ്ദേശവാസികളും തമ്മിലുള്ള വൈരുദ്ധ്യത്തെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ട് ഇന്ത്യ എന്ന ദേശരാഷ്ട്രത്തെയും അതിന്റെ ദേശീയതയേയും നിർവചിക്കാനും കണ്ടെത്താനും നമ്മുടെ ദേശീയപ്രസ്ഥാനത്തിനായി. അതേസമയം ഒരച്ചിൽ വാർത്ത ഏകശിലാഖണ്ഡമായിരുന്നില്ല ഇന്ത്യൻ ദേശീയപ്രസ്ഥാനം. സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവും ആയ വൈരുദ്ധ്യങ്ങളും അവയെ പ്രതിനിധീകരിക്കുന്ന വിവിധധാരകളും അതിൽ സജീവമായി ഉൾചേർന്നിരുന്നു. ബഹുസ്വരത അതിന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നായിരുന്നു.
ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഏറ്റെടുത്ത് നടത്തിയ എല്ലാ പ്രവർത്തനങ്ങളിലും ജനപിന്തുണ ഉറപ്പുവരുത്തുന്നതിൽ അതിന്റെ നേതൃത്വം പ്രത്യേക ശ്രദ്ധ ചെലുത്തി. ദാദാഭായി നവറോജിയെ പോലുള്ളവർ നടത്തിയ കോളണിവാഴ്ച്ചയുടെ സാമ്പത്തികശാസ്ത്രത്തിന്റെ നിശിതവിമർശനങ്ങൾ ആയാലും മതപരവും സാംസ്കാരികവും ആയ പരിഷ്കരണങ്ങൾ ആയാലും. ജനസാമാന്യത്തെ ബോധവൽക്കരിക്കുക എന്നത് ദേശീയപ്രസ്ഥാനത്തിന്റെ പ്രധാന അജണ്ടകളിലൊന്നായിരുന്നു. കോളനിവാഴ്ച്ചയുടെ ആധിപത്യത്തിനു ബദലായി ഇന്ത്യൻ ദേശീയതയുടെ മേൽക്കോയ്മ സ്ഥാപിക്കാനുള്ള ബഹുജനമുന്നേറ്റം സാധ്യമാക്കണമെങ്കിൽ ജനങ്ങൾക്കിടയിൽ അവരോട് അവരുടെ ഭാഷയിൽ സംസാരിച്ചുകൊണ്ട് പ്രവർത്തിക്കാൻ കഴിയുന്ന നേതാക്കന്മാരും പ്രവർത്തകരും കൂടിയേ തീരുമായിരുന്നുള്ളൂ. അക്കാലത്തു സ്വാതന്ത്ര്യസമരത്തിനു ഇറങ്ങിത്തിരിച്ച ആൾക്കാരുടെ രാഷ്ട്രീയ വ്യക്തിത്വരൂപീകരണത്തിൽ ഈ ശൈലിക്ക് കാര്യമായ സ്വാധീനം ഉണ്ടായിരുന്നു എന്ന് കാട്ടിത്തരുന്നതാണു മുകളിലുദ്ധരിച്ച എകെജിയുടെ വരികൾ.
എളുപ്പം മനസിലാകുന്ന ഭാഷയിൽ സ്ഥിതിവിവരകണക്കുകളും മറ്റും ഉദ്ധരിച്ച് ജനങ്ങളെ എങ്ങിനെ വിദേശഭരണത്തിന്റെ ശത്രുക്കളാക്കി മാറ്റാൻ ശ്രമിച്ചിരുന്നു എന്ന് എകെജി വിശദമായി എഴുതുന്നുണ്ട്. കഥ പറയുന്ന കണക്കുകൾ ജനങ്ങൾ ഒരിക്കലും മറക്കുകയില്ല. ‘അവ അവരിൽ വർദ്ധിച്ച ഉത്സാഹവും അറിവും സാമ്രാജ്യത്വവിരുദ്ധ മനോഭാവവും സൃഷ്ടിക്കുന്നു.’ ബ്രിട്ടീഷ് ഭരണം നമ്മെ പാപ്പരാക്കുന്നത് എങ്ങനെയാണെന്ന് അവർ എളുപ്പത്തിൽ മനസിലാക്കും. ‘ജനങ്ങൾ എന്നെ ഒരു പ്രസംഗകനാക്കി. എന്റെ ആയുധം അവരുടെ പ്രശ്നങ്ങളും ദുരിതവും നിത്യസമരങ്ങളുമായിരുന്നു.’
ദേശീയപ്രസ്ഥാനത്തിന്റെ ബഹുജന സ്വഭാവത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് വളർന്നുവന്ന ഇങ്ങനെയുള്ള നേതാക്കളാണു പിൽക്കാലത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒരു വലിയ ജനപിന്തുണയുള്ള രാഷ്ട്രീയപ്രസ്ഥാനമാക്കി മാറ്റിയത്. വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളായ തൊഴിലാളിവർഗ്ഗത്തിന്റെ പ്രാതിനിധ്യം സ്വയം ഏറ്റെടുത്ത് വിരലിലെണ്ണാവുന്ന മുഴുസമയ വിപ്ലവകാരികൾ മുകളിൽനിന്നും താഴേക്ക് വളർത്തിയെടുക്കാൻ ശ്രമിച്ച പ്രസ്ഥാനങ്ങൾക്കൊന്നിനും വിജയം വരിക്കാൻ സാധിച്ചിട്ടില്ല എന്നതുകൂടി ഇതിനോടുകൂടെ ചേർത്ത് വായിക്കുക.
കൻഹയ്യയിലേക്ക്തിരിച്ചുവരാം. ആസാദി എന്ന പദത്തിന്റെ അർത്ഥം അതിന്റെ പൂർണതയിലും തീക്ഷ്ണതയിലും ഇന്ത്യൻ ജനത മനസ്സിലാക്കി വരുന്ന കാലത്തായിരുന്നു എകെജിയുടെ യൗവനം രൂപപ്പെടുന്നതെങ്കിൽ ഇന്ന് കൻഹയ്യയും കൂട്ടുകാരും തേടുന്നതും നിർവചിക്കാൻ ശ്രമിക്കുന്നതും ആസാദി എന്ന വാക്കിന്റെ അർത്ഥം തന്നെയാണു. ഉദാരവത്കരണാനന്തര സമകാലീനഇന്ത്യയുടെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളാണു കൻഹയ്യമാരുടെ ചുണ്ടിലെ മുദ്രാവാക്യങ്ങളായി മാറുന്നത്.
സ്റ്റുവാർറ്റ് ജെഫ്രീസ് 2012-ൽ എഴുതിയ ഗാർഡിയൻ ലേഖനത്തിൽ ചൂണ്ടികാട്ടിയത് പോലെ ഇടതുപക്ഷചിന്തകളിലേക്ക് ആഗോളവ്യാപകമായി ചെറുപ്പക്കാർ കൂടുതലായി ആകർഷിക്കപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം സമകാലീന മുതലാളിത്തത്തിന്റെ പ്രതിസന്ധികളാണ്. ഇന്ത്യയെപോലുള്ള മൂന്നാംലോക രാജ്യങ്ങളിൽ ആ സമൂഹങ്ങളുടെ സവിശേഷ സാഹചര്യങ്ങൾ ഇത്തരം പൊതുവായ അസംതൃപ്തിക്കു ആക്കം കൂട്ടുകയും ചെയ്യുന്നു. ഈ ഇന്ത്യനവസ്ഥയാണു കൻഹയ്യയെയും രോഹിത് വെമൂലയെയും പോലുള്ള ബുദ്ധിമാന്മാരായ യുവാക്കളെ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ വാർപ്പ് മാതൃകകളിൽനിന്നു പുറത്തുകടന്നു ചിന്തിക്കാൻ പ്രേരിപ്പിക്കപ്പെടുന്നതിനു കാരണം. അംബേദ്കർ പ്രസ്ഥാനത്തിന്റെ നീലയേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചുവപ്പിനേയും ഒരേസമയം സ്വീകരിക്കാൻ ഇവരൊക്കെ കാട്ടുന്ന ആർജ്ജവം തങ്ങളുടെ ജീവിതത്തിലെയും തങ്ങൾ വളർന്നു വന്ന സമൂഹത്തിലെയും അസ്വസ്ഥതയുണർത്തുന്ന സത്യങ്ങളെ നേർക്കുനേർ നിന്നു കാണാനുള്ള ധൈര്യത്തിൽ നിന്നുണ്ടായതാണ്.
ഗ്രാംഷിയേയും ഫൂക്കോയേയും ദരീദയേയും സിസെക്കിനേയും സ്ഥാനത്തും ആസ്ഥാനത്തും ഉദ്ധരിക്കുന്ന കപടബുദ്ധിജീവിമണിപ്രവാളമല്ല തങ്ങളുടെ ഭാഷയാകേണ്ടതെന്നു ഇവർ തിരിച്ചറിയുന്നു. അതിനുപകരം അവർ പഠനത്തിനും പ്രചരണത്തിനും പ്രക്ഷോഭത്തിനും ഉതകുന്ന തെളിവുള്ളതും ലളിതവുമായ ഭാഷകളെ തേടുന്നു. സൈദ്ധാന്തിക ശാഠ്യങ്ങളില്ലാതെ ബഹുജന ഐക്യമാണ് ഇന്നിന്റെ ആവശ്യം എന്ന് പറയുന്നു.
യുവാക്കളിലെ ഈ പുതിയ രാഷ്ട്രീയഭാവുകത്വത്തെ ഉൾകൊള്ളാനും ഉപയോഗപ്പെടുത്താനും ഇന്ത്യയിൽ അങ്ങിങ്ങ് ചില ചെറിയ വിമതസാനിധ്യങ്ങളായി മാത്രം നിലനിൽക്കുന്ന മുഖ്യധാരയിലുള്ള ഇടതുപ്രസ്ഥാനങ്ങളുടെയും മറ്റു ജനകീയ പ്രതിരോധ പ്രസ്ഥാനങ്ങളുടെയും നേതൃത്വങ്ങൾക്ക് ആകുമോയെന്നത് ഒരു സുപ്രധാന ചോദ്യമാണ്. കാരണം, ഇന്ത്യയിലെ വലതുപക്ഷം മറകളേതുമില്ലാതെ സാമ്പത്തികരംഗത്ത് നവലിബെറലിസവും രാഷ്ട്രീയത്തിന്റെയും സംസ്കാരത്തിന്റേയും മണ്ഡലങ്ങളിൽ ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളും നടപ്പിലാക്കാൻ തുടങ്ങിയിരുക്കുന്ന ഇക്കാലത്ത് അവയെ വെല്ലുവിളിക്കാനും ജനപക്ഷരാഷ്ട്രീയത്തിന്റെ മേൽക്കോയ്മയെ പകരം വെക്കാനും കെല്പുള്ള ബഹുജനമുന്നേറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
പക്ഷെ നിർഭാഗ്യവശാൽ ഫാസിസ്റ്റ് ശക്തികളുടെ കടന്നുകയറ്റങ്ങൾക്ക് ഇത്രയും കാലം ഒരു പരിധിവരെയെങ്കിലും തടയിടാൻ പറ്റിയിട്ടുണ്ടെങ്കിൽ അതിനു കാരണം ആശയവ്യക്തതയുള്ള ജനകീയപ്രസ്ഥാനങ്ങളൊന്നുമല്ല. അനവധി ഭാഷകളുടെയും മതങ്ങളുടെയും ജാതികളുടെയും ബഹുസ്വരതയായ ഒരു വലിയ ജനസഞ്ചയത്തെ ഒരച്ചിൽ ഒതുക്കാനുള്ള ഏത് ശ്രമങ്ങളും സ്വാഭാവികമായും നേരിടുന്ന എതിർപ്പുകൾ മാത്രമാണ്; ഇന്ത്യൻ ജനാധിപത്യത്തിന്റെ സഹജമായ പ്രതിരോധശേഷിയാണത്. ഒറ്റതിരിഞ്ഞ എതിർപ്പുകളെ ഒന്നിപ്പിക്കാനുള്ള ഭാവനാശേഷിയും ലക്ഷ്യബോധവും ഉള്ള ഒരു രാഷ്ട്രീയനേതൃത്വത്തിന്റെ അഭാവത്തിൽ ഒടുവിൽ ജനവിരുദ്ധരാഷ്ട്രീയം പൂർണ്ണവിജയം നേടിയെന്നുവരും. എത്ര ആരോഗ്യമുള്ളതായാലും ഒരു ശരീരത്തിനും മാരകമായ രോഗാണുക്കളുടെ നിരന്തരാക്രമണത്തെ എന്നെന്നേക്കുമായി ചെറുത്തുനിൽക്കാൻ ആയെന്നു വരില്ല; രോഗപ്രതിരോധശേഷി കൂട്ടുവാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടായില്ലെങ്കിൽ.
ചാണക്യസൂത്രങ്ങളിലെ കൗശലങ്ങളല്ല ലക്ഷ്യോന്മുഖവും സ്നേഹഭരിതവും ആയിരിക്കുമ്പോളും പ്രായോഗികതയെ കൈവിടാത്ത എകെജിയെ പോലുള്ളവരുടെ ‘നാടൻ’ രാഷ്ട്രീയമാണ് അതിനു വേണ്ടത്. ആത്മകഥയിലൊരിടത്ത് ‘രാഷ്ട്രീയം സ്കൂൾമാസ്റ്ററുടെ തത്വചിന്തയല്ലല്ലോ’ എന്നെഴുതിയിട്ട രാഷ്ട്രീയമനസിന്റെ വഴക്കവും പരിശീലനവും സ്നേഹവും ഊർജ്ജവും.
…കൻഹയ്യമാർക്കു അത് പഠിക്കാനും പഠിപ്പിക്കാനും പറ്റിയെങ്കിൽ…
Be the first to write a comment.