ഇടിക്കാലൂരി പനമ്പട്ടടി  എന്ന റിബൽ  – ആധുനികനും ചരിത്രപുരുഷനും – ഈ വഴി നടന്നു പോയതിനു ശേഷം, ഇവിടെ പലതും സംഭവിച്ചിട്ടുണ്ട്. “നിങ്ങൾ കേരളത്തിനോട്  എന്ത് ചെയ്തു?” എന്ന ചോദ്യം കേട്ട്  ഇടിക്കാലൂരി തിരിയുന്നു. പനമ്പട്ടടിയുടെ നെറ്റിയിൽ  കുറി. ചുണ്ടിൽ തണുത്ത നാമജപം. കൃഷ്ണമണികൾ ധ്യാനത്തിൽ മേൽപ്പോട്ട്.
അന്നന്നത്തെ ജീവിതത്തിന്റെ റിക്കാർഡ് പരിശോധിച്ച് , അവയോട്  നമുക്ക്   തന്നെയുള്ള പ്രതികരണങ്ങളെ ചോദ്യം ചെയ്യാൻ പി. എൻ  ഗോപികൃഷ്ണന്റെ കവിതാ സമാഹാരം  പ്രേരിപ്പിക്കുന്നു.

ഇടിക്കാലൂരി പനമ്പട്ടടിയുടെ വരവിന്  മുമ്പ് :
തലമുറ തലമുറയായി പ്രേതങ്ങളെത്തി സെവൻസും നയൻസും കളിക്കുന്ന അറുപത്  സെന്റ്‌  പനങ്കാട്  ഹൈസ്കൂൾ  മൈതാനമുണ്ടായിരുന്നു. കുട്ടികൾ പൂജ്യം മുതൽ എണ്ണാൻ പഠിച്ചാൽ ജീവിതമെന്ന നുണ തകരും എന്ന ഗണിതഭയമുണ്ടായിരുന്നു. ശിക്ഷകളുടെ  പാടുകൾ പേറി പഠിച്ച സ്കൂളിനെ ഇപ്പോഴും കൊണ്ട് നടക്കുന്ന ഉടലിൽ.  മൃഗശാലയിൽ, സ്വന്തം വംശത്തിലെ അവസാന കണ്ണിയായ പെൺകുരങ്ങിന്റെ മരം ചാടുന്ന ഭാഷയിൽ പ്രത്യാശയുണ്ടായിരുന്നു. വയറു നിറയുമ്പോൾ  ഉണരുന്ന മനസ്സാണ് ധർമ്മം എന്ന് അസലുവിന്റെ ഇത്ത മത്സ്യപുരാണം ആലപിച്ചിരുന്നു. കറന്റ്  വരുന്നതിനു മുമ്പ് കൊളുത്തിയ ചിമ്മിനിവിളക്കിലെ നാളം  എങ്ങോട്ട് പോയി? ഏതോ നാടോടിനാട്ടിൽ,  അലാവുദ്ദീന്റെ അദ്ഭുതവിളക്ക്  പോലൊന്നിൽ ചെന്ന് ചേരാൻ? കറന്റ്  രാത്രിയുടെയും പകലിന്റെയും പുസ്തകം അഴിച്ചു കളയുമ്പോൾ വീട്  വിദേശത്തേക്ക്  പുറപ്പെട്ടു പോകുന്നു.

ഇടിക്കാലൂരി പനമ്പട്ടടി നടന്നു പോകുമ്പോൾ:
ആത്മഹത്യ യുടെ വീട്ടുമുറ്റത്ത് സുബ്രഹ്മണ്യ ദാസിന്റെ അമ്മ എല്ലാവർക്കും വേണ്ടി തോറ്റ ഒരമ്മയുടെ ചിരിയാൽ അതിഥികളെ സ്വീകരിക്കുന്നു. മങ്ങിയ കണ്ണാടിക്ക് മുന്നിൽ,  നരയെ കീഴടക്കാനുള്ള ശ്രമത്തിൽ, എനിക്ക്  സമയം എന്തെന്ന് മനസ്സിലാകുന്നു. റേസർ പാളുമ്പോൾ ചരിത്രവും. എത്രമാത്രം മുന്നോട്ട് നടന്നാലും തന്റേതല്ലാത്ത വൃത്തങ്ങൾ ആകുന്ന  അവളുടെ പാതകൾ ; അവന്റെ രേഖീയതയെ ഒരിക്കലും തൊടാതെ ശ്രദ്ധിക്കുന്നു. കോങ്കണ്ണന്റെ നോട്ടത്താൽ ദൈവങ്ങൾ പുത്തനാകുന്നു. പൊന്നാനിയിൽ പോയി തൊപ്പിയിട്ട രാമനെ കൃഷ്ണൻ കൊല്ലുന്നതോടെ രാമൻ, കൃഷ്ണൻ എന്ന ഇരട്ടകളുടെ പൊരുൾ വെളിവാകുന്നു :
‘ഞാൻ അവന്റെയും 
അവൻ എന്റെയും 
ചാരനായിരുന്നു.’
ജീവിച്ചു ജീവിച്ച്  ഒച്ചയ്യില്ലാതായ ഭാഷ മരണാനന്തരം സ്വയം സംസാരിച്ച് ചിതറി പോകുന്നു – ജീവിതത്തിന്റെയും മരണത്തിന്റെയും ഉഭയഭാഷയായി.  അന്നേരം, വാക്കുകൾക്കിടയിലെ വിരാമം, ചോദ്യം, ആശ്ചര്യം എന്നിങ്ങനെ ചിഹ്നങ്ങളുടെ വടുക്കൾ എല്ലാ ദേശക്കാരുടെയും പൊതുഭാഷയാകുന്നു.

ഇടിക്കാലൂരി പനമ്പട്ടടിയ്ക്ക്  ശേഷം:
ബോസ്റ്റണിൽ നിന്ന്  എസ്. എൻ പുരത്തേക്കുള്ള ഗൃഹാതുരതയിൽ, ഭൂമി ഉരുണ്ടതാണെന്ന ഓർമയുടെ പ്രതീകമായ തണ്ണിമത്തൻ മുറിക്കുമ്പോൾ,  ഒരു ചുവന്ന പ്രേംനസീർ പുറത്ത് ചാടുമെന്ന ആശങ്കയുണ്ടാകും . കൂട്ടആത്മഹത്യകളുടെ കേരളത്തിനോട് പാതാളത്തിൽ നിന്നും മൂന്ന്  വയസ്സുള്ള കുഞ്ഞ്  വിളിച്ചു പറയും :
‘കുഞ്ഞുങ്ങൾക്കൊരു രാജ്യമുണ്ടെങ്കിൽ 
നിന്റെ മണ്ണിൽ 
അതുറക്കില്ല.’
(ആ കുഞ്ഞ്  മരിച്ചതല്ല; അച്ഛൻ കൊന്നതാണ് .)
അലക്കുകാരികൾ ശബ്ദമേളത്താൽ, ആകാശത്ത്  വാർത്തെടുക്കാൻ ശ്രമിച്ച പെണ്ണിന്റെ കണ്ണീർമുഖം വാഷിംഗ് മെഷീൻ പരസ്യത്തിൽ പൊടിഞ്ഞു പോകും. ആണുങ്ങൾ കരയുന്നതിനു പകരം അട്ടഹസിക്കും. ബാലൻ മാഷ് പഠിപ്പിച്ച പരിണാമപരമ്പര മനുഷ്യനിലെത്തി, അവസാന പേജ് ശൂന്യപാഠമാകും. അപ്പോഴായിരിക്കും ചൊവ്വയെ പറ്റി  ബാലൻ മാഷ് പറയുക: “ചൊവ്വയിൽ അരങ്ങേറാൻ പോകുന്ന ആസൂത്രിതജീവിതം ഭൂമിയിലെ അസമത്വങ്ങളുടെ പരസ്യധാരയായിരിക്കും. ഇടവേളയിൽ വന്നു പോകുന്നതാണ് ഭൂമിയുടെ ഇമേജ്”.അവസാനത്തെ ബസ്‌ ഡ്രൈവറുടെ അമിതവേഗത്തെ നിശ്ചലമാക്കി  ഭൂമി സൂര്യനിലേക്ക് പ്രകാശവേഗത്തിൽ പതിക്കും.

ഈ സൂപ്പർമാർക്കറ്റിന്റെ കുഴഞ്ഞുമറിഞ്ഞ ലോകത്തിൽ  ത്രാസിൽ തുലനത്തിലാടുന്നത്  കമ്പ്യൂട്ടറും  തുരന്നെടുത്ത തലച്ചോറുമാണ്. ആനകളെ കൊന്ന്,  അണക്കെട്ടുകൾ നിർമ്മിക്കുന്ന നമ്മുടെ നാഗരികതയിൽ വൈദ്യുതി  അത്യാവശ്യമായിത്തീരും: സംസ്കാരത്തിന്റെ പിന്നാമ്പുറത്ത് കൂട്ടിയിട്ട, ലോകത്തിലെ മുഴുവൻ ഈച്ചകളും തിന്നാലും തീരാത്ത, തീട്ടത്തിൽ വെളിച്ചം വിതറാൻ.

പനമ്പട്ടടിയ്ക്ക്  മുൻപേ,  മിമിക്രിക്കാരന്റെ തൊണ്ടയിൽ വാണ കാടുകളും ജന്തുജാലങ്ങളും നശിച്ചു കഴിഞ്ഞു. അയാൾക്ക് ശേഷം. തൊണ്ട വൻനഗരങ്ങളും മഹാനടന്മാരും നേതാക്കന്മാരും അന്താരാഷ്‌ട്ര ഈശ്വരന്മാരും കയ്യടക്കി. സദസ്സിന്റെ കയ്യടികൾ കേട്ട് പേടിച്ചോടിയ സ്വന്തം സ്വരം പിശാചായി തിരിച്ചെത്തി മിമിക്രികാരനോട് പറയും: അവസാനമില്ലാത്ത അനുകരണങ്ങൾക്കിടയിൽ കയ്യടിച്ച് ചത്തു വീഴുന്ന ഈയൽജനതയെ കുറിച്ച്. വാചാലരായ എഴുത്തുകാർക്കുള്ളിൽ മദിക്കുന്ന ഇത്തിരി മനുഷ്യരെക്കുറിച്ചും.

പനമ്പട്ടടിയുടെ വരവിന്  മുമ്പ്  ആലിംഗനത്തിൽ നൃത്തവലയങ്ങൾ ഉണ്ടായിരുന്നു. എന്നാലിന്നത്, പണ്ടെന്നോ ആലിംഗനച്ചൂടിൽ പൊള്ളിപ്പോയ കയ്യുകളെ ഉണക്കാനുള്ള ‘ആലിംഗനാസനം’ എന്ന അനുഷ്ഠാനമാകുന്നു. കുറെ തകിടം മറിച്ചിലുകൾ  നടത്തി ഭയങ്കരൻ ബദൽ ജീവിയാകുന്നു. www.bhayankaran.blogspot.com – ൽ അവന്റെ ആദ്യകവിത: ‘സുന്ദരികളും സുന്ദരന്മാരും.’

ഉറക്കം വിട്ടെഴുന്നേറ്റ  മാവോയിസ്റ്റ്  ഉണർച്ചയിൽ നർമ്മബോധമുള്ള  മന്ത്രിയാകും. തോക്കിന്റെ മുഖച്ഛായയുള്ള ആഭ്യന്തര സെക്രട്ടറി, ആയുധപ്പുര തന്നെ ഭരണഘടനയാക്കിയ ഛത്തീസ്ഗഡിലെയും ഝാർഖണ്ടിലെയും മേധാവികൾ,  മണിപ്പുരികൾക്ക് ജന്മനാ ലഭിച്ച രാഷ്ട്രത്തെ സിവിൽ സർവിസ് പരീക്ഷ ജയിച്ച് നേടിയവൻ  എന്നിവരൊത്തുള്ള ഭരണമീറ്റിംഗിൽ മന്ത്രി എല്ലാവരെയും ചിരിപ്പിക്കും.

അ, ആ എന്ന് നീളുന്ന ഒരു മാദകഭാഷയെ ബോധപൂർവം  അകറ്റി നിർത്തുന്നതായി ഗോപീകൃഷ്ണൻ ആമുഖത്തിൽ പറയുന്നു. കാരണം, മരിച്ചവരുടെ നെറ്റിയിൽ ടൈഗർ ബാം പുരട്ടികൊടുക്കുന്ന മനോഭ്രംശമാണ് ഇന്നത്തെ കവിത. മൊബൈലിൽ അനേകപാഠങ്ങളായി വിതരണം ചെയ്യുന്ന വില കെട്ട തമാശകളാണ് അന്നന്നത്തെ മോക്ഷം. നാക്ക് കൊണ്ട് വളരാൻ, വായിലിട്ടാൽ അലിയുന്ന ഭാഷ ഈ  കവിതയ്ക്ക് വഴങ്ങുന്നില്ല. അവയവം തോറും എകാന്തതയുള്ള നമ്മൾ വരച്ചുണ്ടാക്കുന്നത് ഒഴികെ മറ്റൊന്നും വൃത്തം അല്ലാത്ത  ലോകമാണിത്. കൃഷ്ണമണി എന്ന ഏകവൃത്തത്തെ കുറിച്ചാലോചിക്കുന്നതോ  ജഡജീവനും. ചൈനീസ്‌ മതസാമാഗ്രി – കളിപ്പാട്ടത്തിൽ ചാനലുകൾ മാറ്റി മാറ്റി മതങ്ങളുടെ ത്രില്ലറുകൾ മടുപ്പില്ലാതെ കാണാം. ചോരയുടെ കമേഴ്സ്യൽ ബ്രേക്കുകൾ ഏതു മതത്തിന്റെതാണെന്നു പ്രസക്തമല്ലെങ്കിലും.

ഭാഷയുടെ ചവിട്ട് ഹാർമോണിയത്തിൽ കവിക്ക് ഹരം പിടിക്കാനാവുന്നില്ല. ‘പ്രയോജനമില്ലാത്ത പ്രേമകവിതയിൽ’ നിന്റെ ഭാഷ ഏതെന്ന് അറിയാതെയാണ് ഞാൻ നിന്നോടു സംസാരിക്കുന്നത്. നശിച്ച  ജലാശയത്തിൽ അവശേഷിച്ച രണ്ടു മീനുകളുടെ ചെറുത്തുനിൽപ്പിനു തുല്യം. മുള്ളുകൾ നോക്കി മുഖച്ഛായ കണ്ടുപിടിക്കേണ്ടി വരുന്ന ആ മീനുകളെ പോലെയാണ്  നമ്മൾ.

രാഷ്ട്രീയത്തിന്റെ സൌന്ദര്യവത്കരണം (The Aestheticization of Politics) ഫാസിസ്റ്റ് സാമ്രാജ്യങ്ങളുടെ ഒരു  മുഖ്യഘടകമാകുന്നതിനെ കുറിച്ച് Walter Benjamin  സൂചിപ്പിക്കുന്നുണ്ട്. ജനങ്ങളിൽ നിന്ന് വരുന്നതിനു പകരം നേതാക്കൻമാരിൽ നിന്ന് വരുന്ന കലയാണത്. ദിവ്യപരിവേഷങ്ങളുടെ ബലപ്രയോഗങ്ങളിലൂടെയും  ഭരണാധികാരികളുടെ മൂന്നാംകിട മെലോഡ്രാമ പോസുകളിലൂടെയും. നദീതടങ്ങളിലെ ഏക്കർ കണക്കിന് ആവാസവ്യവസ്ഥ എന്നെന്നേക്കുമായി തകർത്ത്, ജീവജാലങ്ങളുടെ ശ്വാസം കെടുത്തി, ദരിദ്രകർഷകരെ ആട്ടിപ്പായിച്ച്, കെട്ടുകാഴ്ചകൾ ഉദാത്തകലയായി അവതരിക്കും. വെള്ളപ്പൊക്കത്തിന്റെ ഭീഷണികൾ അവശേഷിപ്പിച്ച് ഉത്സവങ്ങൾ കൊടിയിറങ്ങുകയും ചെയ്യും.

ബഞ്ചമിൻ നിർദ്ദേശിക്കുന്ന എതിർപാഠം സൌന്ദര്യത്തിന്റെ രാഷ്ട്രീയവത്കരണമാകുന്നു.  ‘ഇടിക്കാലൂരി പനമ്പട്ടടി’യിലെ കവിതകളിൽ Politicization of the Aesthetic – ന്റെ സാധ്യതകൾ  മിന്നി മറയുന്നു: ആലോചനകളുടെ ദീർഘരേഖകളിലൂടെ… ഇടക്കുണ്ടാകുന്ന തകർച്ചകളുടെ (ruptures)  ചെറുകുറിപ്പുകളായി…. എപ്പോഴും, എവിടെയും സ്വന്തം കാര്യം മാത്രം പറഞ്ഞു പറഞ്ഞ്, ജീവിതം നമ്മിൽ ഒരു കറ  മാത്രമായി പറ്റിപ്പിടിച്ചിരിക്കുന്നു. അതിനെ വെളുപ്പിക്കാൻ, ഉറക്കത്തിൽ സംസാരിക്കുന്ന, താളമില്ലാത്ത  ഭാഷയുടെ  കവിതകൾ സഹായിച്ചേക്കാം… ‘സ്വതന്ത്രഭാവനാലോകത്തിന്റെ അത്യാവശ്യം’ എന്ന് ഗോപീകൃഷ്ണൻ ആഗ്രഹിക്കുന്നതിനെ ഉറപ്പിക്കാൻ.

Comments

comments