സുധീർ രാജിന്റെ കവിതകൾക്ക് ഒരാസ്വാദനക്കുറിപ്പ്‌ 
വീരാൻകുട്ടിയുടെ ‘മിണ്ടാപ്രാണി’ എന്ന കവിതാ സമാഹാരത്തിലെ ഒരു കവിത ഇങ്ങനെയാണ്.
അതിന്റെ തലക്കെട്ട് “എല്ലാം ഞാൻ തന്നെ പറയണമെന്നില്ല” എന്നാണ് . “എല്ലാം ഞാൻ തന്നെ പറയണമെന്ന് ശഠിക്കരുതേ ” എന്നാ വരിയിൽ തുടങ്ങുന്ന കവിതയുടെ അവസാന ഭാഗത്തിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു:
“പറയുന്നതെന്തെന്നു വച്ചാൽ
ഇത്ര കാലവും ഒച്ച വച്ചു കൊണ്ടിരുന്നവരോട്
ഒന്നു മിണ്ടാതിരിക്കൂ എന്നു പറയാൻ
ഒരു ധൈര്യശാലി മുന്നോട്ട് വരേണ്ടിയിരിക്കുന്നു.”

ദലിതരെപ്പറ്റിയുള്ള സവർണ്ണ എഴുത്തുകളോട്‌  ദലിതരുടെ പ്രതിഷേധം ഇത്തരത്തിലുള്ളതാണെന്ന് സവർണ്ണർ  മനസ്സിലാക്കുന്നതേയില്ല. തങ്ങളുടെ എഴുത്തുകളിലെ ദലിത്  ഔദാര്യത്തിലൂടെ, അവർ മറച്ചുവെയ്ക്കാനാഗ്രഹിക്കുന്നതു പലതുമാണ് ദലിതർ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. വീരാൻകുട്ടി കവിതയിൽ ആഗ്രഹിക്കുന്നതു പോലെയുള്ള ഒരു ധൈര്യശാലിയെ വായിക്കാനിട വരുന്നത് എപ്പോഴും സംഭവിക്കാവുന്ന ഒരു കാര്യമല്ല.   സ്വന്തം ശബ്ദം ഭൂരിപക്ഷത്തിന്റെ ശബ്ദത്തിനു മുകളിൽ കേൾപ്പിക്കാനുള്ള ചങ്കൂറ്റമുള്ള ഒരു തലമുറയുടെ പ്രതിനിധിയാണ് സുധീർ രാജ്. അദ്ദേഹത്തിനെ വായിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷമാണ് ഒരു കുറിപ്പായി പുറത്തേയ്ക്കു വരുന്നത്.

സുധീറിന് കവിത താൻ മാത്രമല്ല.  തന്റെ പൂർവികരും, താൻ കാൽ പതിപ്പിക്കുന്ന മണ്ണിന്റെ ആയിരമായിരം സുധീർ രാജ്അവകാശികളും, അനന്തമായ കാലവും, അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ  എല്ലാ ലോകങ്ങളിലെയും  ചരാചരങ്ങളും കൂടിയാണ് സുധീറിന് കവിത എന്ന തോന്നൽ ഓരോ വായനയിലും കൂടുതൽ കൂടുതൽ ശക്തമാവാറുണ്ട്. സുധീർ രാജ് കായംകുളത്തു നിന്നുള്ള  യുവകവിയാണ്. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും പ്രസാധകരിൽ നിന്നുമൊക്കെ വളരെ അകലെയായതു കൊണ്ടു  തന്നെ സുധീറിന്റെ വായനക്കാരുടെ വ്യാപ്തിയെപ്പറ്റി ആധികാരികമായി ഒന്നും പറയാൻ എനിക്കാവില്ല. എന്നാൽ നല്ല ഒരു കൂട്ടം വായനക്കാർ  അദ്ദേഹത്തിന്റെ പുതിയ കവിതകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടെന്ന പരമാർത്ഥം അദ്ദേഹത്തിന്റെ കവിതയിലൂടെ ഒരിക്കൽ സഞ്ചരിച്ചിട്ടുള്ളവർക്ക്  എളുപ്പം മനസ്സിലാകും.

പരിഭാഷകൾക്ക് പിടികൊടുക്കാത്ത ശക്തമായ ഭാഷയിൽ അദ്ദേഹം തന്റെ കുലത്തിന്റെ, ജനത്തിന്റെ, വിശ്വാസങ്ങളുടെ, നിഷ്കളങ്കതയുടെ കവിതകൾ പാടുമ്പോൾ അദ്ഭുതപ്പെട്ടു നോക്കി നിൽക്കാനേ പലപ്പോഴും വായനക്കാർക്കു കഴിയുകയുള്ളൂ. മറഞ്ഞിരിക്കുന്നതും അതിനാല തന്നെ കൂടുതൽ അപകടകാരിയുമായ പുതിയ കാലത്തിന്റെ വിവേചനോപായങ്ങളെയും ഉപാധികളെയും അമർഷവും കോപവും പ്രതിഷേധവും നിറഞ്ഞ വാക്കുകളിലൂടെ നിശിതമായി വിമർശിക്കുന്നുണ്ട് സുധീർ തന്റെ കവിതകളിലൂടെ. സന്ധികളില്ലാത്ത പ്രതിരോധത്തിന്റെ കവിതയാണ് അടിച്ചമർത്തപ്പെടുന്നവരുടെ  ഓരോ വാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മനപ്പൂർവം നെയ്തെടുക്കുന്ന കാവ്യബിംബങ്ങളുടെ അതിശയോക്തികളില്ലാതെ, അനാവശ്യ ആടയാഭരണങ്ങളില്ലാതെ സുധീർ  എന്നാ ഒരെഴുത്തുകാരൻ ജീവിതം പറയുമ്പോൾ ഇത്ര ലളിതമോ പ്രതിരോധത്തിന്റെയും സഹനത്തിന്റെയും ഉള്ളറകൾ എന്ന് വായനക്കാരൻ  സ്തബ്ധനാവുന്നു. ലാളിത്യത്തിന് വായനക്കാരനിൽ   ഇത്രയും  ആഘാതമുണ്ടാക്കാനും ക്ഷോഭമുളവാക്കാനും  കഴിയുന്നത് വളരെ അപൂർവമാണ്.

കവിതയിലെയ്ക്കെന്തിനു കറുപ്പ് കൊണ്ടുവന്ന് അതിനെ പങ്കിലമാക്കുന്നുവെന്നു ചോദിച്ചവരോട് സുധീര് പറയുന്ന കറുപ്പിന്റെ രാഷ്ട്രീയം ഇതാണ്: പേരില്ലാത്ത ഒരു കവിതയിൽ സുധീര് എഴുതുന്നു-

ജ്ഞാനികളേ ,
എന്റെ കവിത കവിതയ്ക്ക് വേണ്ടിയല്ല
ഒരു ജനതയ്ക്ക് വേണ്ടിയാണ്
ഇതെന്റെ കടമയല്ല
നിയോഗമാണ്
ഞാനുറങ്ങിയാലും
അവരുറങ്ങരുത്
എതുകാലത്തായാലും
ഇതുപോലൊരു കൂട്ടം ഉറങ്ങാതിരുന്നു പാടും
അതിലൊരുവനാകുന്നതാണ് ..
കാവലിന്റെ മിഴികളും മൊഴികളും ചങ്കുമാകുന്നതാണ്

ഏറ്റവും മികച്ച കവിത ….

മരിച്ചു തീരത്തണയുന്ന അഭയാർഥി കുഞ്ഞും പീഡനശേഷം കൊല്ലപ്പെടുന്ന പെൺകുട്ടിയും ആത്മഹത്യ ചെയ്യാൻ പ്രേരിതരാവുന്ന ദലിത് വിദ്യാർത്ഥികളും ഒരേ കുടുംബത്തിലെ  അംഗങ്ങളാണെന്നും ഒരേ വ്യവസ്ഥിതിയുടെ ഇരകളാണെന്നും വായനക്കാർ തിരിച്ചറിയുന്ന ഒരിടമാവുകയാണ് സുധീറിന്റെ ഫേസ്ബുക്ക് വാൾ. ഭൂമിയിലെ കഷ്ടതയുടെ ദിനങ്ങളിൽ അവധിയിൽ പോകുന്ന ദൈവവും ഗാന്ധിയും അംബേദ്കറും പലവഴി വരയ്ക്കപ്പെട്ട ചരിത്രവും സുധീർ ഭാവവ്യത്യാസങ്ങളില്ലാതെ നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നു. കറുത്ത ഫലിതങ്ങളിലൂടെ സുധീർ ദൈവങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സംസാരിക്കുന്നത് ഭൂമിയിൽ കാലുറപ്പിച്ചു നിന്ന് മനുഷ്യരുടെ വേദനകളിലേയ്ക്കും നിസ്സഹായതയിലേയ്ക്കും  നോക്കിയിട്ടാണ്:

തീർച്ചയായും അവൻ ദൈവപുത്രനാണ്‌
അവനതിനാൽ കടലിനു മീതേ നടന്നു
കുഞ്ഞുങ്ങളെ ഒരു വചനവും രക്ഷിക്കുന്നില്ല
അവരതിനാൽ കടലിനു മീതേയൊഴുകുന്നു.

ഭാഷയിലെ അനേക തലങ്ങളെ ലാളിത്യം എന്ന ഒറ്റ വാക്കിലേയ്ക്ക് സുധീർ ഒതുക്കുന്നത്‌ എത്ര അനായാസമാണെന്നു കാണുക തന്നെ വേണം. അതിന്  ഈ കവിത ദൃഷ്ടാന്തം.
അമാവാസിയിലപ്പനെ പുഞ്ച വിളിക്കുന്നതെന്തെന്നാൽ
അപ്പൻ
മരിച്ചവരെ തിരികെവിളിക്കുമായിരുന്നു .

പുളിമുട്ടി
മറുപിള്ള
മരപ്പട്ടിത്തല
പച്ചീർക്കിൽ
ആവണക്ക്
ഭസ്മം
പിച്ചാത്തി
മുറുക്കാൻ .
കറുത്തവാവിന്റന്നു പാതിരാത്രി
വിരി വെച്ച് ഇതെല്ലാം നിരത്തി
തോട്ടിൽ കുളിച്ച് ഈറൻ മാറാതെ
കരിങ്കുട്ടിച്ചാത്തനെ വിളിക്കും .

മാടൻ മറുത ഒറ്റമുലച്ചി
യക്ഷി പേയ് പിശാച്
ചാമുണ്ഡി ചങ്ങലമാടൻ
മുണ്ടൻ മുരടൻ പോക്കാച്ചി
ഇവരൊക്കെ തെക്കോട്ട്‌ തുമ്പിട്ട
പച്ചോലയിൽ വന്നിരിക്കും .
പാതി കത്തിയ പട്ടട വിറകിൽ
നെയ്യ് വീഴും
തീയാന്തിപ്പിടിക്കും .

ഇരുമ്പു മോതിരത്തേ വാടാ
ചത്തുപോയ പൊട്ടക്കണ്ണാ
കൊച്ചുങ്ങള് ദാണ്ടേ വന്നിരിക്കുന്ന്
മിണ്ടിയേച്ചു പോ .
ഇരുമ്പു മോതിരം കിടുകിടുക്കും
തഴപ്പായ കീറുന്ന പോലെ മണ്ണ് കീറും
ദേശത്തൊള്ള പുള്ളും കൂമനും
കരച്ചിലോടു കരച്ചിലായിരിക്കും .
അപ്പന് കാണിക്കയുമായി വരുന്നവര്
ചത്തുപോയതുങ്ങളോട്
മിണ്ടീം പറഞ്ഞും ഏങ്ങലടിച്ചുമിരിക്കും
അപ്പൻ പള്ള് തുടങ്ങുമ്പം
പൈതങ്ങളുടെ നെറ്റീലോട്ട്
ഒരു കുഞ്ഞു കാറ്റുമൂതി വിട്ട്
മനസ്സില്ലാമനസ്സോടവര് തിരിച്ചു പോകും .

സകല പൂതങ്ങൾക്കുമൊപ്പം
തോട്ടു വരമ്പത്തിരുന്ന്
അപ്പനവസാന കുപ്പീം മോന്തും .

ഒരാണ്ടിലപ്പനൊരു മുടിഞ്ഞകർക്കിടകത്തിലൊരു
കൊണംവരാത്തമാവാസിക്ക്
നട്ടപ്പാതിരാക്ക്‌ ചൂട്ടും കത്തിച്ച്
നാലുകാലേലേറുമാടത്തേക്കേറി
ഒടുക്കത്തെ വിരി വെച്ചു.

കുറ്റാക്കുറ്റിരുട്ടത്ത്
കുത്തൊഴുക്കിലിറങ്ങി
ഈറനുടുത്തു പന്തം കത്തിച്ച് വിളിച്ചു .
എടിയേ
എന്റെടിയേ
എടിയേ
എന്റെടിയേ

ഇരുമ്പു മോതിരമനങ്ങിയില്ല
എന്റപ്പൻ ചങ്കു പൊട്ടിവിളിച്ചു
എടിയേ
എന്റെടിയേ
പുലയാടിയേ.
അപ്പൻ പിന്നേം വിളിച്ചു
എടാ
എന്റെ പൊന്നു മോനേ
എടത്വായിലുരുളി കമത്തിയൊണ്ടായ
പൊന്നുമോനേ.
അപ്പന്റെ ചക്കര മുത്തേ
മുണ്ടകത്തിലെ കുട്ടക്കാളിപ്പരലേ
പൊന്നുമോനേ .
ഇരുമ്പു മോതിരമനങ്ങിയില്ല .
എന്റപ്പന്റെ നെഞ്ചു പൊട്ടി
കരിങ്കുട്ടിച്ചാത്താ കഴുവേറീ
നീയിതു കണ്ടോ ..
മുഞ്ഞീം പൊത്തിക്കുനിഞ്ഞിരുന്ന
കുട്ടിച്ചാത്താനൊരക്ഷരം മിണ്ടിയില്ല .
പെരുമഴയത്തുമപ്പന്റെ പന്തം കെട്ടില്ല.
അപ്പന്റെ കണ്ണിലിങ്ങനെ
മിന്നലിന്റെ മോതിരം .

രാത്രീ ,പുഞ്ച മുഴുവൻ
അപ്പാ അപ്പാന്നു വിളിയായിരുന്ന്.
സകല പുള്ളും കൂമനും
പുഞ്ചേലെ മീനും കാറ്റും മഴയും
അപ്പാ അപ്പാന്നു വിളിയായിരുന്ന് .
അമാവാസിക്കെല്ലാം
പുഞ്ചേക്കിടക്കുന്ന
ഇരുമ്പു മോതിരം ചങ്കു പൊട്ടി വിളിക്കും
അപ്പാ അപ്പാ

വെറുക്കപ്പെട്ടവരുടെ ജീവിതങ്ങളെക്കുറിച്ചും  അവരുടെ ദൈവങ്ങളെക്കുറിച്ചും സുധീർ സംസാരിക്കുന്നത് ഒരു വിലാപമായല്ല,  മറിച്ച് തിരിച്ചറിവിന്റെ ഒരു നേർത്ത വെളിച്ചം ചുറ്റിലും പരത്താൻ വേണ്ടി മാത്രമാണ്.

നിങ്ങൾക്കറിയില്ല
ഞാൻ കവിയേയല്ല.
മണ്ണിനുള്ളിലൂടെ പാഞ്ഞ്,
പാടത്ത് വിയർത്തവരിലൂടെ കിളിർത്ത്,
വെയിലിൽ പൊട്ടിയൊഴുകിയ
പാട്ടിൽ പൂത്ത തെക്കൻ കാറ്റാണ് ഞാൻ .
നിന്റെ ചുണ്ടുകളതേറ്റു പാടും വരെ
ഞാൻ കവിതയേയല്ല.

-എന്ന് പ്രസ്താവിക്കുമ്പോഴും കവിയെന്ന മനുഷ്യനേയും ആ മനുഷ്യന്റെ  ആത്യന്തിക നന്മയേയും കുറിച്ച് സുധീറിനോളം അറിവുള്ളവർ എത്ര പേരുണ്ടെന്നറിയില്ല. വികാര വിക്ഷോഭങ്ങൾ മാത്രമല്ല കവിയെ നിർമ്മിക്കുന്നതെന്ന യാഥാർഥ്യത്തിൽ  കാലുറപ്പിച്ചു നിന്ന് സമൂഹത്തിനെയും ചരിത്രത്തെയും മതത്തിനെയും വിശ്വാസങ്ങളെയും രാഷ്ട്രീയങ്ങളെയും അവിശ്വസിക്കുന്ന ഒരു വിപ്ലവകാരി തന്നെയാണ് കവി. അതുകൊണ്ടു തന്നെയാണ് കറുത്ത ക്രിസ്തുവിനെക്കുറിച്ചും കറുത്ത സിൻഡ്രെല്ലയെക്കുറിച്ചും കറുത്ത കുഞ്ഞുങ്ങളെക്കുറിച്ചും കവിതകൾ ഉണ്ടാവുന്നത്.

ലോകത്തിലെ ചോരമുഴുവനൊഴുകിയെത്തുന്ന
കടലിൽ നിന്നും കറുത്തവനേയുയിർക്കൂ
വ്യർത്ഥ വിലാപങ്ങളുടെ കറുത്ത ക്രിസ്തു .

കറുത്ത സിൻഡ്രല്ല
തെരുവിൽ വെച്ച്
പെട്ടെന്ന് നിങ്ങൾക്കവളെ തിരിച്ചറിയാം
തിരക്കുള്ള കടയിൽ മറന്നു വെച്ച കുടപോലെ
കറുത്ത പെണ്‍കുട്ടിയെ .
ഒട്ടും ചേരാത്ത കടും നിറത്തിലെ
ചുരിദാർ, ഷാൾ
ഒതുക്കമില്ലാത്ത ചുരുണ്ടമുടി
ചിത്രശലഭ പ്പിന്നുകൾ
പൂ ക്ലിപ്പുകൾ
വിയർത്തെണ്ണ മെഴുക്കുള്ള കവിളുകൾ
പുരികത്തൊരു മുറിപ്പാട് .

അഴകുള്ളവർക്കിടയിലൂടെ
അമ്പരന്നവൾ നടക്കും
ആരെങ്കിലുമൊന്നു ചിരിക്കണേ
ചിരിക്കണേയെന്നവൾ
കണ്ണ് കൊണ്ട് പറയും .
കുപ്പിയിലിട്ട മീനേപ്പോലെ
വെയിലിന്റെ സ്ഫടികത്തെരുവിലവൾ
പിടഞ്ഞു നീന്തും .

വിലകുറഞ്ഞ മൊബൈലിൽ
ആരെങ്കിലും വിളിക്കുന്നുണ്ടോയെന്ന്
തെരുതെരെ നോക്കും .
ഇല്ലാത്തൊരു നമ്പർ കുത്തി
ഇല്ലാത്തൊരാളേ വിളിക്കും
ഞാനിപ്പം വരും
ഞാനിപ്പം വരുമെന്ന് പറയും .

അവളുടെ പിടച്ചിൽ കണ്ട്
അവടമ്മ ആകാശത്തിരുണ്ടു കൂടും
മറ പോലവൾക്കു ചുറ്റും പെയ്യും .
കുടയില്ലാതവൾ മഴയത്ത് നനഞ്ഞൊലിച്ച്
പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ
മൂലയ്ക്ക് നിൽക്കും.
മഴയത്ത് കിടന്നു നനയുന്ന ബസ്സുകൾ
അതിനുള്ളിൽ നനയാതെ നനയുന്ന
വേനലുകളെന്നിങ്ങനെ
ചിന്തിച്ചു ചിന്തിച്ച് തനിയെ ചിരിക്കും .

കാപ്പിരി മുടിയിൽ നിന്നിറ്റുന്ന വെള്ളം
ചിക്കുമ്പോൾ പിന്നിൽ നിന്നവൻ വിളിക്കും .
കാണാറില്ലല്ലോ
എവിടെയാണിപ്പോൾ
മഴയിലൂടെ നീയൊഴുകുന്നതു കണ്ടു.
(ഒളിയിടം കണ്ടു പിടിക്കപ്പെട്ട
മുയൽക്കുഞ്ഞു പോലവൾ പതുങ്ങും .)
പണ്ട് നീ പാടിയ പാട്ടു പോലാണീ മഴ
നീയെന്നെ നനയിച്ചതു പോലാരുമെന്നെ
നനയിച്ചിട്ടില്ലെന്നു പറഞ്ഞവളുടെ
പേടിയെല്ലാം പൊതിഞ്ഞെടുക്കും .
അതു കണ്ടമ്മയങ്ങു തിരിച്ചു പോകും.

പ്രൈവറ്റ് ബസ് സ്റ്റാന്ഡ്
മീനച്ചിലാറാകും.
ഒറ്റവള്ളത്തിലവൻ വന്നു വിളിക്കും .
മഴ കഴിഞ്ഞു പടം വരയ്ക്കുന്ന മഴവില്ലിലൂടെ
വഞ്ചി തുഴയുന്ന രാജകുമാരിയെ
നിങ്ങൾ കണ്ടിട്ടില്ല .
കറുത്ത സിൻഡ്രല്ലയെ.

ജാതിയും മതവും ഭരണകൂടങ്ങളും ‘മനുഷ്യരും’ ദളിതനോട്  ചെയ്യുന്നതെല്ലാം,സുധീർ എണ്ണിയെണ്ണി.പറയുന്നുണ്ട്:
ഒരു ക്ലാസ്സിലും ജയിക്കാതെ
തോറ്റു തോറ്റു കിടക്കുന്നവന്റെ
ആകാശത്തിൽ അക്ഷരങ്ങളേയില്ല,
അക്കങ്ങൾ തീരെയില്ല.
മഴവില്ലുണ്ട്,
അതവൾ കരയുമ്പോഴാണെന്നു മാത്രം.
വേദനകളെല്ലാം പ്രചോദനങ്ങളാകുന്ന സുധീറിന്റെ കവിത ഒരിടത്തും  തോൽക്കുന്നേയില്ല. അതുകൊണ്ടാണ് ചില കവിതകളെക്കുറിച്ചു പറയാൻ നമുക്ക്  വാക്കുകളില്ലാത്തത്.
ജാതി ..ഒരു മരം
മോനേ
ജാതി ഒരു മരമാണെന്ന്
ഞാൻ പറയേണ്ടതില്ലല്ലോ
ആ മരത്തിൽ പഴങ്ങൾ കാണും
പൂവുകൾ കാണും
ഇലകൾ കാണും
തളിരുകൾ കാണും .

പക്ഷേ,
നമ്മൾ പൂവിനെ ഇലയെന്നും
തളിരിനെ പഴമെന്നും
പഴത്തിനെ പൂവെന്നും വിളിക്കണം
അങ്ങിനെ ശീലിക്കണം .

വാമനന്റെ മുന്നിലിങ്ങനെ നിൽക്കുകയാണ്
മഹാബലിയുടെ തഴമ്പിച്ച കൈകൾ നിറയെ കരുണയാണ്
ഓരോ കൈരേഖയും പച്ചിച്ച് പച്ചിച്ച് കാടുകളാകുന്നു
കൈവെള്ളയിൽ വളരുന്ന കരുണയുടെ കാടുകൾ .
വാമനന്റെ ശിരസ്സോമനിച്ചിങ്ങനെ പറയുന്നു ,
എന്നാണ് കുഞ്ഞേ സകലപുൽത്തുമ്പിനും മുന്നിൽ
ശിരസ്സ്‌ ചായ്ക്കുവാനെന്നോളം നീ വളരുക.

അപ്പനും ഭഗവതീം കറ്റക്കുഞ്ഞുങ്ങളും ഞങ്ങടെ മുണ്ടകത്തിനേം പുഞ്ചേം അനാഥമാക്കിയതെങ്ങിനെയെന്നാൽ ….

അപ്പൻ കറ്റ മോട്ടിച്ചെന്നു പറഞ്ഞാ
ഞങ്ങള് വിശ്വസിക്കത്തില്ല .
തട്ടുമ്പുറത്തു കറ്റയൊളിപ്പിച്ചെന്നു പറഞ്ഞാ
ഞങ്ങള് വിശ്വസിക്കത്തില്ല .
ഞങ്ങൾക്ക് തട്ടുമ്പുറമില്ലായിരുന്നു .
പത്തായത്തിലൊളിപ്പിച്ചെന്നു പറഞ്ഞാ
ഞങ്ങള് വിശ്വസിക്കത്തില്ല .
ഞങ്ങൾക്ക് പത്തായമില്ലായിരുന്നു .
ചായ്പ്പിലൊളിപ്പിച്ചെന്നു പറഞ്ഞാ
ഞങ്ങള് വിശ്വസിക്കത്തില്ല .
ഞങ്ങൾക്ക് ചായ്പ്പില്ലായിരുന്നു.
എരുത്തിലിലൊളിപ്പിച്ചെന്നു പറഞ്ഞാ
ഞങ്ങള് വിശ്വസിക്കത്തില്ല .
*ഞങ്ങൾക്കെരുത്തിലില്ലായിരുന്നു.
പുരയിടത്തിലൊളിപ്പിച്ചെന്നു പറഞ്ഞാ
ഞങ്ങള് വിശ്വസിക്കത്തില്ല .
ഞങ്ങൾക്ക് പുരയിടമില്ലായിരുന്നു.

ഇരകൾക്ക് എളുപ്പം മനസ്സിലാവുന്നതും പലപ്പോഴും ഇരകൾക്കു മാത്രം മനസ്സിലാക്കാവുന്നതുമായ അധികാരത്തിന്റെ ഒരു ഭാഷയുണ്ട്. രോഹിത് വരെയുള്ള ദലിത് സംഭവങ്ങൾ പറയാതെ പറയുന്നതും അത് തന്നെയാണ്. ഇന്നും ആവർത്തിക്കപ്പെടുന്ന ആ ഭാഷയെ സുധീറിന്റെ കവിത ഇങ്ങനെ അവതരിപ്പിക്കുന്നു:

ഏറ്റവും ക്ലീഷേയുള്ള ഭാഷ ബൂട്ടുകളുടേതാണ്
ഓരോ വട്ടം അടുത്തുവരുമ്പോഴും
അത് ഒരേ പോലെ സംസാരിക്കുന്നു .
(ഇതൊഴിവാക്കാൻ തൂവലിൽ പൊതിഞ്ഞ ബൂട്ടുകളുണ്ട്
എന്നാലും ഇരകൾക്ക് അതിന്റെ ഭാഷ പെട്ടെന്ന് മനസ്സിലാകും)

ജാതിയും മതവും ദൈവങ്ങളും ഇതിഹാസങ്ങളും രാജാക്കന്മാരും ജന്മിമാരും ഭരണകൂടങ്ങളും ഒടുവിൽ  സവർണ്ണ  ദലിത്പക്ഷ ചിന്തകരും വീണ്ടും വീണ്ടും  തോൽപ്പിച്ചു കൊണ്ടേയിരുന്ന ദലിത് ജീവിതത്തെക്കുറിച്ച് സുധീർ സംസാരിക്കുമ്പോൾ ഇത്രയും കാലം സംസാരിച്ചവർ വായടച്ചു വെയ്ക്കുന്നു. അത് കൊണ്ടു  തന്നെ സുധീറിന്റെ വരികളിലൂടെയല്ലാതെ എനിക്കും സംസാരിക്കാനാവുന്നില്ല.സംസാരിക്കരുതെന്നു  തന്നെയാണ് സുധീർ  പറഞ്ഞു വയ്ക്കുന്നതും . തങ്ങളെക്കുറിച്ച്‌ സംസാരിക്കാൻ ദലിത് സമൂഹം പ്രാപ്തരായിട്ടുണ്ട്; അതുകൊണ്ട് മറ്റുള്ളവർ കാണിക്കേണ്ടത് അവർ പറയുന്നത് കേൾക്കാനുള്ള സഹിഷ്ണുത മാത്രമാണ്. സംരക്ഷകരോടും ദയാദാക്ഷിണ്യം കാണിക്കാൻ ഓടിയെത്തുന്നവരോടും ഇതു വരേ നിശ്ശബ്ദരായിരുന്ന ഒരു സമൂഹത്തിനു വേണ്ടി സുധീർ ആവശ്യപ്പെടുന്നത് ഓരോ വായനക്കാരനും മനസ്സിലാക്കാൻ പറ്റുന്നത്ര ലളിതമായ ഒരു കാര്യമാണ്.

ഞങ്ങളുടെ കാര്യം
ഞങ്ങൾക്ക് വേണ്ടിയെന്ന പോലെ
ബ്രാഹ്മണൻ പറയും
ക്ഷത്രിയൻ പറയും
നായരു പറയും …
ഈഴവൻ പറയും
ക്രിസ്ത്യാനി പറയും
ഇസ്ലാം പറയും
ഞങ്ങളുടെ കാര്യം
ഞങ്ങളു തന്നെ പറയുന്ന ദിവസം
മാവോയിസ്റ്റെന്നു മുദ്രകുത്തി
ഞങ്ങളെ വെടിവെച്ചു കൊല്ലും.

Comments

comments