കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. വരുംവരായകളുടെ ഓർമ്മകളിലെവിടെയോ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃദിസ്ഥമായിത്തീർന്നതാണു. കനിവു നിറഞ്ഞ വാർദ്ധക്യം, കുഷ്ഠം പറ്റിയ വേരുകൾ, എല്ലാമതുതന്നെ.

ഖസാക്ക് അതിരുകളില്ലാത്ത ഒരു പ്രദേശമാണു. എത്ര മേൽ മണ്ണു വന്ന് മൂടിയാലും ഏത് നാടിന്റെയും അടിയിൽ അതുണ്ട്. കൊടുങ്ങല്ലൂരുകാർ അത് കുഴിച്ചെടുത്ത് വീണ്ടും കണ്ടെത്തുകയാണു. ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാടകാവിഷ്കാരം കൊടുങ്ങല്ലൂരെത്തുമ്പോൾ മ്യുസിരിസ് പട്ടണം ഖസാക്കാകുകയാണു. ചുവരായ ചുവരെല്ലാം ഖസാക്ക് ഗ്രാഫിറ്റികൾ കൊണ്ട് നിറയുമ്പോൾ നാടകം കൂട്ടായ ജനകീയതയുടെ സാംസ്കാരികപ്രവർത്തനമാകുകയാണു. രവിയും അള്ളാപ്പിച്ചാമൊല്ലാക്കയും മൈമുനയും കുപ്പുവച്ചനും അപ്പുക്കിളിയും കൂടില്ലായ്മയുടെ ആകാശം കൊണ്ട് കൂട്ടിക്കെട്ടിയ നൈജാം ഫോട്ടോ പതിനൊന്നാം നമ്പർ ബീഡിയുടെ കെട്ടുകളും നിറയുന്ന ചുവരുകൾ. ദീപൻ ശിവരാമന്റെയും കൂട്ടരുടെയും സംവിധാനത്തിൽ അരങ്ങിലെത്തുന്ന നാടകം ഇതിനോടകം തന്നെ ജനകീയമായ അതിന്റെ രംഗാവിഷ്കാരം കൊണ്ട് പ്രശംസ പിടിച്ചുപറ്റിയിരുന്നു. കലാപ്രവർത്തകരും വിദ്യാർഥികളും വീട്ടമ്മമാരുമെല്ലാം അതിന്റെ പ്രചരണത്തിന്റെ കൂടി ഭാഗമാകുന്ന കാഴ്ചയാണു കൊടുങ്ങല്ലൂരു നിന്നും കാണാനാകുന്നത്. സക്കറിയ അത് കൃത്യമായിത്തന്നെ നിരീക്ഷിച്ചു: “ഒരു കലാകാരനു അയാളുടെ കലാജീവിതത്തിനു കിട്ടാവുന്ന ഏറ്റവും നല്ല അംഗീകാരമാണു കൊടുങ്ങല്ലൂർക്കാരിലൂടെ വിജയനു കിട്ടുന്നത്.”
കൊടുങ്ങല്ലൂരെ ചുവരുകളിലൂടെ.

കൊടുങ്ങല്ലൂര്‍ക്കാര്‍ക്ക് ഇത് നാടകാവതരണത്തിനപ്പുറം മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന സാംസ്കാരിക പ്രവര്‍ത്തനമാണ്. ഗസല്‍ സന്ധ്യകൾ, കവിയരങ്ങുകൾ, കഥയരങ്ങുകൾ, ശില്പ നിര്‍മാണം, തിയ്യേറ്റര്‍ സ്കെച്ചുകൾ, ചുമർചിത്രങ്ങള്‍ , ചിത്ര പ്രദര്‍ശനങ്ങള്‍ അങ്ങിനെ പോകുന്നു പ്രചാരണങ്ങള്‍. ചുമർചിത്രങ്ങൾ നഗരവും വിട്ടു് പരിസര പ്രദേശങ്ങളായ ഇരിങ്ങാലക്കുട, മാള, SN പുരം, എറിയാട്, കോട്ടപ്പുറം, പറവൂർ തുടങ്ങിയവയിലേക്ക് നീങ്ങുന്നു. T P പ്രേംജി, K G ബാബു, ഡാനി മ്യുസിരിസ്,ഓംകാർ, സന്തോഷ്‌ ലാൽ, ആന്റോ , സാബു ഇരിങ്ങാലക്കുട,ശാന്തകുമാരി , സുധി സുബ്രഹ്മണ്യന്‍ തുടങ്ങി അനേകം പേര്‍ വ്യത്യസ്തമായ ഈ നാടകത്തിലെ കഥാപാത്രങ്ങള്‍ക്ക് ചുവരുകളില്‍ ജീവന്‍ നല്‍കിക്കൊണ്ടിരിക്കുന്നു. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയും ബഹദൂർ സ്മാരക ട്രസ്റ്റും ഖസാക്ക് നാടകാവതരണ സമിതിയുമാണു നാടകം അവതരിപ്പിക്കുന്നത്. വരുന്ന ഏപ്രിൽ 1, 2, 3 തീയതികളിൽ നാടകം അവതരിക്കപ്പെടുന്നു. നാടിന്റെ സാംസ്കാരികതയുടെ ചുവരിലെഴുതിയ ഈ ഗ്രാഫിറ്റികൾ അതിനുശേഷവും മാഞ്ഞുപോകുന്നവയല്ല.

കടപ്പാട്: ഖസാക്കിന്റെ ഇതിഹാസം – നാടകം ഫേസ്ബുക്ക് പേജ്, ഷാജി ജോസഫ്, അപർണ്ണ

Comments

comments