ജെഎൻയുവിനെ ദേശദ്രോഹികളുടെ നിർമ്മാണശാലയായി ചിത്രീകരിക്കുക എന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായി അവർ ഉയർത്തിക്കൊണ്ടു വന്ന പല വിവാദങ്ങളിൽ ഒന്ന് മാത്രമാണ് അവിടത്തെ ചില വിദ്യാർത്ഥികൾ ‘ദുർഗ്ഗാദേവിയെ വേശ്യയായി ചിത്രീകരിച്ചു’ എന്ന ആരോപണം. അതിങ്ങ് കേരളത്തിൽ എത്തിയപ്പോൾ പ്രസ്തുത വിഷയം ന്യൂസ് അവർ ചർച്ചയ്ക്കെടുത്ത ഏഷ്യാനെറ്റിലെ വാർത്താ അവതാരിക ദുർഗ്ഗാദേവിയെ വേശ്യയെന്ന് വിളിച്ചു എന്നായി. അതോടെ സംഘികൾ അവർക്ക് പിന്നാലെ തെറിവിളിയും ബലാത്സംഗ ഭീഷണിയുമായി കൂടി. യൂറ്റ്യൂബിലുൾപ്പെടെ ലഭ്യമായ പ്രസ്തുത ചർച്ചയുടെ ദൃശ്യങ്ങൾ ഒന്ന് കണ്ടാൽ അങ്ങനെയൊരു പ്രയോഗം അവർ നടത്തിയിട്ടില്ല എന്ന് വ്യക്തമാകുമെന്നിരിക്കെ അതിനൊന്നും മെനക്കെടാൻ നില്ക്കാതെ പട്ടാളത്തിൽ നിന്ന് വിരമിച്ച് സിനിമാപിടുത്തവുമായി നടക്കുന്ന ഒരു സംഘി പരസ്യമായി തന്നെ അവർക്ക് പ്രസ്തുത കുറ്റത്തിന് ‘മുഖത്ത് തുപ്പു’മെന്ന് ശിക്ഷയും വിധിച്ചു.
സംഗതികൾ അവിടെയും തീരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് ശേഷം ഫെയ്സ്ബുക്കിൽ ആരോ കുറിച്ചിട്ട ഒരു പോസ്റ്റ് മാതൃഭൂമി പത്രം അവരുടെ രണ്ട് എഡിഷനുകളിൽ പ്രസിദ്ധീകരിച്ചതോടെ സംഭവം മറ്റൊരു വഴിത്തിരിവിലേയ്ക്ക് നീങ്ങി. മുഹമ്മദ് നബിയെ വിമർശിച്ചുകൊണ്ട് എഴുതിയ പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിനെതിരെ പ്രതിഷേധം ഇരമ്പി. അതോടെ സംഘികൾ ‘ദുർഗ്ഗാദേവിയെ അപമാനിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം, മുഹമ്മദ് നബിയെ വിമർശിക്കുന്നത് ഫാസിസം, ഇതെവിടത്തെ നീതി’ എന്ന് വിലപിച്ചുകൊണ്ട് വീണ്ടും രംഗത്തെത്തി.
വിവരസാങ്കേതിക വിദ്യ സമ്മാനിച്ച വാർത്തകളുടെ അപാരമായ ലഭ്യതയുടെയും പരക്കലിന്റെയും സാദ്ധ്യതകൾ അവധാനതയുള്ള വായനക്കാരന് സത്യത്തിലേക്കുള്ള അടച്ചിടാനാവാത്ത ഒരു വാതിലാണ് സമ്മാനിക്കുന്നതെങ്കിൽ, മുൻവിധികളോടെ വാർത്തകളെ സമീപിക്കുന്ന ഒരാൾക്ക് അത് കള്ളങ്ങളിൽ നിന്ന് കള്ളങ്ങളിലേക്ക് മാത്രം തുറക്കുന്ന ഒരു വാതിലുമാണ്. സംഘിരാഷ്ട്രീയത്തിന്റെ സൈബർ പ്രചാരകപ്രമുഖന്മാർ വിജയകരമായി ചെയ്ത് പോരുന്നത് മേല്പറഞ്ഞ രണ്ടാം വിഭാഗത്തിന് കള്ളങ്ങൾക്ക് പിറകെ കള്ളങ്ങൾ വേവിച്ച് നൽകിക്കൊണ്ടിരിക്കുക എന്നതും.
വിവാദം വന്ന വഴി – ഒരു റീക്യാപ്പ്
ഹിന്ദു ദൈവത്തെ അപമാനിച്ചു എന്നു പ്രചരിപ്പിച്ച് മുന്നേറുന്ന വിവാദത്തിന്റെ തുടക്കം ജെഎൻയുവിൽ കാലാകാലങ്ങളായി നടന്നുവരുന്ന മഹിഷാസുര ദിനാഘോഷമാണ്. പക്ഷേ ഇത് ജെഎൻയുവിലെ ചില ‘തല തെറിച്ച’ പിള്ളേർ കണ്ട് പിടിച്ച ഒരു പുതിയ ആഘോഷമല്ല എന്നതാണ് വസ്തുത. ദുർഗ്ഗാദേവി മാത്രമല്ല, മഹിഷാസുരനും ഇന്ത്യയിൽ ആരാധിക്കപ്പെടുന്നുണ്ട്. ബംഗാൾ, ഒഡീഷ, ഝാർഖണ്ട് പ്രദേശങ്ങളിലെ ആദിവാസി ഗോത്രങ്ങളുടെ ഇടയിൽ ഈ വിശ്വാസം നിലനില്ക്കുന്നു. എല്ലാ മനുഷ്യർക്കും വിശ്വസിക്കാനും, വിശ്വാസത്തെ പ്രചരിപ്പിക്കുവാനും തുല്യ അവകാശം നൽകുന്ന ഒരു ഭരണഘടനയാണ് നമ്മുടെത്. അപ്പോൾ ദുർഗ്ഗാദേവിയെ ആരാധിക്കുവാൻ ഉള്ളതിന് തത്തുല്യമായ അവകാശം തന്നെയാണ് മഹിഷാസുരനെ ആഘോഷിക്കുവാനും ഉള്ളത്. ഇത് തന്നെയാണ് ആദ്യം പറഞ്ഞ ചാനൽ ചർച്ചയിൽ ബിജെപി പ്രതിനിധിയായ രാജേഷിനോട് സിന്ധു ഉന്നയിച്ച ചോദ്യവും.
അതിന് രാജേഷിന്റെ മറുപടി ആർക്കും ഏത് ദൈവത്തെയും ആരാധിക്കാം, പക്ഷേ ഒരു ദൈവത്തെ വേശ്യ എന്ന് വിളിച്ച് ആക്ഷേപിക്കുവാനാവില്ല എന്നതാണ്. തങ്ങളുടെ ദൈവത്തെ നീചനും വധയോഗ്യനുമായി ചിത്രീകരിക്കുകയും, വധിക്കുകയും, അതിനെ ആഘോഷിക്കുകയും ഒരു വിഭാഗത്തിന് ചെയ്യാമെങ്കിൽ അതിനെ വിമർശിക്കാൻ മറുപക്ഷത്തിനും അവകാശമില്ലേ എന്നതാണ് ഇവിടെ ചോദ്യം. അതാണ് സിന്ധു ഉന്നയിച്ചതും. അതായത് അവർ സ്വന്തം തീരുമാനം പറയുകയായിരുന്നില്ല, യുക്തിഭദ്രമായി ചിന്തിക്കുന്ന ആർക്കും ഉള്ള നീതിബന്ധിയായ ഒരു സംശയം ഉന്നയിക്കുകയായിരുന്നു. അതിന് ഉത്തരം മുട്ടിയപ്പോൾ ഉണ്ടായ വ്രണമാണ് പ്രസ്തുത വിവാദം.
ഇതിൽ ഒരിടത്തും സിന്ധു സൂര്യകുമാർ ദുർഗ്ഗാദേവിയെ ലൈംഗിക തൊഴിലാളിയായി പ്രഖ്യാപിച്ചിട്ടില്ല എന്ന് മാത്രമല്ല, അത്തരം ഒരു വാചകം ഉദ്ധരണി എന്ന നിലയിൽ പോലും തന്റെ നാവിൽ നിന്ന് വരാതിരിക്കുവാനുള്ള ശ്രദ്ധ അവർ പുലർത്തുകയും ചെയ്തിരുന്നു. അവിടെനിന്നാണ് അവർ ദുർഗ്ഗാദേവിയെ വേശ്യ എന്ന് വിളിച്ചു എന്ന ആരോപണവും അതിന് വിരമിച്ച പട്ടാളക്കാരനും നിലവിൽ മൂന്നം കിട പട്ടാളസിനിമകളുടെ സംവിധായകനും ആയ ഒരു ‘സെലിബ്രിറ്റി’ വിധിച്ച ‘മുഖത്ത് തുപ്പൽ’ശിക്ഷയിലൂടെയുള്ള വ്യാപക പ്രചാരണവും ഒക്കെ ഉണ്ടാകുന്നത്. അതിന്റെയും ചുവട് പിടിച്ചാണ് പിന്നെ ‘ദുർഗ്ഗയെ അപമാനിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം, നബിയെ വിമർശിക്കുന്നത് ഫാസിസം’ എന്ന സംഘി വൈരുദ്ധ്യവാദം വൈറലാകുന്നതും. എവിടെ തുടങ്ങി, എവിടെ എത്തി?
സിന്ധു ചെയ്ത കുറ്റം!
തങ്ങളുടെ ദൈവത്തെ നീചനും വധയോഗ്യനുമായി ചിത്രീകരിക്കുകയും, വധിക്കുകയും, അതിനെ ആഘോഷിക്കുകയും ഒരു വിഭാഗത്തിന് ചെയ്യാമെങ്കിൽ അതിനെ വിമർശിക്കാൻ മറുപക്ഷത്തിനും അവകാശമില്ലേ എന്ന ചോദ്യം സാമാന്യയുക്തിയിൽ നിന്ന് ഉണ്ടാകുന്നതാണ്. പക്ഷേ ദൗർഭാഗ്യവശാൽ ആ സാമാന്യയുക്തിയെയാണ് പാർശ്വവൽകൃതരുടെ പ്രതിരോധത്തിന്റെ ഏജൻസി അട്ടപ്പേറെടുത്തിരിക്കുന്ന സ്വത്വരാഷ്ട്രീയം വൻ സൈദ്ധാന്തിക പടപ്പുകളോടെ തമസ്കരിക്കാൻ ശ്രമിക്കുന്നതും. അപ്പോൾ ആ വഴി ഇന്ത്യയിലെ ഏറ്റവും വലിയ സ്വത്വരാഷ്ട്രീയ കക്ഷി ഉപയോഗിക്കുന്നതും സ്വാഭാവികം മാത്രമല്ലേ! അതാണ് സംഘികളും ചെയ്തത്. സാമാന്യയുക്തി വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ്. അത് ചെയ്തവളെ ബലാൽസംഗം ചെയ്യും, മുഖത്ത് തുപ്പും, എരുമയായി ആട്ടിത്തെളിക്കും!
ഇവിടെ വില്ലത്തി സിന്ധു സൂര്യകുമാറോ, ഏഷ്യാനെറ്റോ, മതേതരവാദികളോ, മാനവിതാ പ്രസ്ഥാനമോ, ആധുനികതയോ ഒന്നുമല്ല, മതവിശ്വാസം സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ വെളിച്ചപ്പെടുന്ന അതിന്റെ തന്നെ ആന്തരിക വൈരുദ്ധ്യങ്ങളാണ്. അതായത് ദുർഗ്ഗാ-മഹിഷാസുര വിവാദത്തിൽ വെളിപ്പെടുന്നത് ഹൈന്ദവത എന്ന് പേരിട്ട് സംഘപരിവാർ ഏകശിലോന്മുഖമായി നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്ന നമ്പൂതിരി മുതൽ നായാടി വരെ ഉൾക്കൊള്ളുന്ന ഹിന്ദുത്വത്തിലെ അവർക്ക് എത്ര ശ്രമിച്ചാലും അതിജീവിക്കാനാവാത്ത ആന്തരിക വൈരുദ്ധ്യങ്ങളെയാണ്. അവിടെയാണ് ആൾക്കുട്ടത്തെയും ഭരണകൂട ഉപകരണങ്ങളെയും ഒരുപോലെ ദുരുപയോഗം ചെയ്യാൻ, തെറിവിളിയും ബലാത്സംഗ ഭീഷണിയും മുതൽ മതനിന്ദാനിയമവും സെഡിഷൻ ലോയും വരെ ഉപയോഗിക്കാൻ അവർ നിർബന്ധിതരാകുന്നത്.
മിത്തും യുക്തിയും
ഒരു മതത്തിന് മാത്രം ഔദ്യോഗിക അംഗീകാരമുള്ള മതരാഷ്ട്രങ്ങളിൽ ആ മതത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നത് നിയമപരമായി തന്നെ നിരോധിതമാണ്. വിവിധങ്ങളായ വിശ്വാസങ്ങൾക്കും അവയുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന നിരവധി മിത്തുകൾക്കും മേൽ ഇതിൽ ഏതെങ്കിലും ഒന്നിനോ, ഇവയിൽ നിന്നൊക്കെ വ്യത്യസ്തമായ പുതിയ ഒന്നിനോ കൈവരുന്ന ഏകപക്ഷീയമായ സാധുതയിൽ നിന്നാണ് അത്തരം സംവിധാനങ്ങൾ നിലനിലനിന്ന് പോരുന്നത്. മതത്തിനുള്ളിലെ പരിഷ്കാരങ്ങൾ എന്നത് അത്തരം മത-രാഷ്ട്രീയ സംവിധാനങ്ങളിൽ മതാധികാരത്തിനുള്ളിൽ നടക്കുന്ന കാലികമായ നീക്ക്പോക്കുകളിലൂടെ സംഭവിക്കുന്നവ മാത്രമാണ്. അതിൽ സാധാരണ വിശ്വാസി സമൂഹത്തിന് പങ്കൊന്നുമില്ല.
ഇന്ത്യ ഒരു മതരാഷ്ട്രമല്ല. അതുകൊണ്ട് തന്നെ ഇവിടെ അങ്ങനെ ഒരു ഔദ്യോഗിക മതമോ, മതത്തിനുള്ളിൽ തന്നെ ഒരു ഔദ്യോഗിക വിശ്വാസധാരയും മറ്റ് കുറേ അനൗദ്യോഗിക വിശ്വാസധാരകളും എന്ന വേർതിരിവോ ഇല്ല. കാലാകാലങ്ങളായി മനുഷ്യർ വിശ്വസിച്ച് പോരുന്നവ എന്ന നിലയിൽ എല്ലാ വിശ്വാസധാരകൾക്കും അവലംബ മിത്തുകൾക്കും ഒരേ സാധുതയാണ് എന്ന് മാത്രമല്ല, അവയെ ചോദ്യം ചെയ്യുന്നത് പോലും ‘മതവികാരം വ്രണപ്പെടുത്തൽ’ ആയി വ്യാഖ്യാനിക്കപ്പെടാവുന്നതും ശിക്ഷാർഹവുമാണ്. 2007ൽ പൊതുസ്ഥലത്ത് നഗ്നരായി നടക്കുന്ന ദിഗംബര സന്യാസികൾക്കെതിരെ എഴുതിയ കുറ്റത്തിന് പത്രപ്രവർത്തകനായ ബി വി സീതാറാം അറസ്റ്റ് ചെയ്യപ്പെട്ടത് ഓർക്കുക. ജൈനമതവിശ്വാസികൾ ഇന്ത്യയിലെ ഒരു ചെറു ന്യൂനപക്ഷമാണ്. പക്ഷേ അതുകൊണ്ട് അവരുടെ വിശ്വാസം അസാധുവാകുന്നില്ല, അതിനെ ചോദ്യം ചെയ്യുന്നത് മതവികാരത്തെ വ്രണപ്പെടുത്തലാണ് എന്ന് ചുരുക്കം.
ഒരു വിശ്വാസം വ്രണപ്പെടും എന്നതുകൊണ്ട് മറ്റൊരു വിശ്വാസം അസാധുവാകുന്നില്ല എന്നതാണ് ഇവിടത്തെ യുക്തി. ഏകദൈവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുക്കോടി ദൈവങ്ങളും, അത്രയും തന്നെ വിഗ്രഹങ്ങളുമുള്ള ഒരു വിശ്വാസവ്യവസ്ഥയും അതിന്റെ പരസ്യമായ അനുഷ്ഠാനങ്ങളും അപമാനകരമായി തോന്നാം. അതുപോലെ ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കുകയും, അതിനെ പരസ്യമായി പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ബഹുദൈവ, വിഗ്രഹാരാധനാ വിശ്വാസികൾക്ക് അപ്രിയമായി തോന്നാം. അതായത് വിശ്വാസങ്ങൾക്കിടയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടാകാം, എന്നുവച്ച് അതിൽ ഒന്ന് മറ്റൊന്നിനെ നിന്ദിക്കുന്നു എന്ന നിഗമനത്തിൽ എത്താൻ കഴിയില്ല എന്ന്.
ഇന്ത്യൻ മതേതരത്വത്തിന്റെ ആ യുക്തിവച്ച് ദുർഗ്ഗാദേവിയിലുള്ള വിശ്വാസത്തിനും, മഹിഷാസുരനിലുള്ള വിശ്വാസത്തിനും ഒരേ സാധുത മാത്രമേ കൈവരുന്നുള്ളു. അത് തന്നെയാണ് സിന്ധു സൂര്യകുമാർ ഉന്നയിച്ചതും. അതിനെ നിയമം വഴി റദ്ദ് ചെയ്യാനുമാവില്ല. അവിടെയാണ് ഫാസിസ്റ്റ് വഴിയിൽ സഞ്ചരിക്കുന്ന ഒരു ഭരണകൂടം പൊതുബോധത്തെ തങ്ങൾക്ക് അനുകൂലമായ ഒരു ഭൗതീക ഉപകരണമായി ഉപയോഗിക്കുന്നത്.
യഥാർത്ഥ വ്രണം
ചോദ്യം ചെയ്താൽ വ്രണപ്പെടുന്നതാണ് വിശ്വാസം എന്ന് സംഘികളും സ്വത്വരാഷ്ട്രീയ വാദികളും ഉൾപ്പെടെയുള്ള ഉത്തരാധുനിക സൈദ്ധാന്തികർ ഏതാണ്ട് അംഗീകരിച്ച് കഴിഞ്ഞതാണ്. ആ നിലയ്ക്ക് ‘വിശ്വസിക്കാം, പക്ഷേ വ്രണപ്പെടുത്തരുത്’ എന്ന് ഉത്തരാധുനിക എത്തിക്സിന്റെ പെരുമാറ്റച്ചട്ടത്തെ നിജപ്പെടുത്തുകയും ആകാം. പക്ഷേ അപ്പോഴും ഉണ്ട് ചില പ്രശ്നങ്ങൾ. അതൊന്നും ആധുനികവുമല്ല, മിത്തിക്കലാണ്.
ദേവ-അസുര ദ്വന്ദ്വം നമുക്ക് ചിരപരിചിതമായ ഒന്നാണ്, അവർ തമ്മിലുള്ള സംഘർഷവും. അത് നമ്മുടെ ബോധമണ്ഡലങ്ങളിൽ കറുപ്പും വെളുപ്പും പോലെ അടയാളപ്പെടുത്തപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഹൃദയാലുക്കളായ ഹൈന്ദവ ദൈവങ്ങളെ തപസ്സിലൂടെ പ്രീതിപ്പെടുത്തി അന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്ന അസുരർ നമ്മുടെ മിത്തുകളുടെ ഒരു ആകെ സത്തയാണ്. തപസ്സ് എന്നുവച്ചാൽ സാദാ തപസ്സല്ല, ഉഗ്രതപസ്സ്. അതിലൂടെ മഹിഷാസുരൻ നേടിയത് ആണുങ്ങളാലോ ആൺ ദൈവങ്ങളാലോ കൊല്ലപ്പെടില്ല എന്ന ആനുകൂല്യമാണ്. അതായത് ഒരുതരം സംവരണ പരിരക്ഷ. അത് അവർ ലോകഗതിയ്ക്ക് തന്നെ വിഘാതമാകും വിധം ദുരുപയോഗം ചെയ്യുകയും അതിന്റെ ഭാഗമായി വ്യവസ്ഥാ പരിപാലകരായ ത്രിമൂർത്തികൾ ഉണർന്ന് അവരുടെ ഊർജ്ജം മുഴുവൻ നിക്ഷേപിച്ച് ഒരു സ്ത്രീ ശക്തി സ്വരൂപത്തെ നിർമ്മിക്കുകയും ചെയ്യുന്നു. അങ്ങനെ പുരുഷ സ്വരൂപങ്ങളായ ത്രിമൂർത്തികളുടെ ഊർജ്ജത്തിൽ നിന്ന് പ്രശ്നാധിഷ്ഠിതമായി ഉണ്ടായ ഒരു സ്ത്രീ ശക്തി സ്വരൂപം മഹിഷാസുരനെ നിഗ്രഹിച്ച് വ്യവസ്ഥ പുനസ്ഥാപിക്കുന്നു.
ഈ മിത്തിൽ ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ടാകാവുന്ന പ്രശ്നങ്ങൾ തല്കാലം അവിടെ നില്ക്കട്ടെ. അതിലും പ്രധാനമായ മറ്റൊരു പ്രശ്നം നമ്മൾ ബ്രാഹ്മണിക് കറുപ്പ്/വെളുപ്പ് ദ്വന്ദ്വത്തിന്റെ ഭാഗമായി കാണുന്ന അസുരർ എന്ന മിത്തിന് ജീവിച്ചിരിക്കുന്ന ഗോത്ര പ്രതിനിധാനങ്ങൾ ഉണ്ട് എന്നതാണ്. അതായത് അസുർ എന്ന ഒരു ഗോത്രം ഝാർഖണ്ടിലും ബംഗാളിലും ഒഡീഷയിലുമൊക്കെയായി നിലനില്ക്കുന്നുണ്ട് എന്നത്. അവർ ആണ് നമ്പൂതിരി മുതൽ നായാടി വരെ ഉൾപ്പെടുന്ന ‘ഹിന്ദു’ എന്ന സംഘപരിവാർ നിർമ്മിതിയിലെ അത്ര എളുപ്പമൊന്നും ഉണക്കാനാവില്ലാത്ത പല വ്രണങ്ങളിൽ ഒന്ന്.
മഹിഷാസുരൻ
മഹിഷാസുരൻ എന്ന മിത്തിന് ആര്യൻ അധിനിവേശത്തോളം പ്രായമുണ്ട് എന്ന് അവകാശപ്പെടുന്നവരുണ്ട്. അതെന്തായാലും സന്താൾ, അസുർ, കൊസുർ വിഭാഗക്കാരുടെ ഇടയിൽ ഇന്നും ആരാധിക്കപ്പെടുന്ന ഒരു ദൈവമാണ് മഹിഷാസുരനെന്നത് നിഷേധിക്കാനാവില്ല. അതുകൊണ്ട് തന്നെ അത് ജെഎൻയുവിലെ ചില ‘തല തെറിച്ച’ പിള്ളേരുടെ കണ്ടുപിടുത്തമായി ചുരുക്കാനും. മഹിഷാസുരൻ സംഘപരിവാറിന്റെ ഹിന്ദുത്വ നിർമ്മിതിയിലെ ആന്തരിക വൈരുദ്ധ്യങ്ങളുടെ ഒരു മിത്തിക്കൽ സാക്ഷ്യമാണ്. അതിനെ ഇന്ത്യാവിരുദ്ധതയുടെ പ്രതീകമായി ചിത്രീകരിക്കുക പ്രയാസമാകും. അപ്പോൾ പിന്നെ മതനിന്ദ, ദുർഗ്ഗയെ വേശ്യ എന്ന് വിളിച്ചു തുടങ്ങിയ ആരോപണങ്ങളിലൂടെ ഹിന്ദുസ്വത്വത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന വൈകാരിക വിഘടനത്തിന്റെ ഉള്ളടക്കം മാത്രമാണ് ബാക്കി.
സന്താൾ വിഭാഗത്തിൽ പെട്ട കവിയും സംഗീതപ്രതിഭയും ഒക്കെയായ ബജാർ ഹെംബ്രോം മഹിഷാസുരനെ ചിത്രീകരിക്കുന്നത് കടുവയെ വെറും കൈ കൊണ്ട് നേരിടാൻ പോന്നത്ര ധീരനും അഭ്യാസിയുമായ ഒരു സന്താൾ രാജാവായിട്ടാണ്. ഇന്ദ്രനെന്ന രാജാവിനെ പലതവണ തോല്പിച്ച രാജാവുമായിരുന്നു മഹിഷാസുരൻ എന്ന വരി വായിക്കുമ്പോൾ മലയാളികൾക്ക് മഹാബലിയെ, ഇന്ദ്രജിത്തിനെ ഒക്കെ ഇപ്പോഴും ഓർമ്മ വരുമോ എന്നറിയില്ല. എന്തായാലും സന്താളുകൾക്ക് മഹിഷാസുരനെ ഓർമ്മയുണ്ട്. അജയ്യനായ അയാളെ തോല്പിക്കാൻ നിവർത്തിയില്ലാതെ വന്നപ്പോൾ ദേവഗണങ്ങൾ പതിവുപോലെ “ധർമ്മ സംസ്ഥാപനാർത്ഥേ” ചതി തന്നെ പ്രയോഗിച്ചു. ദുർഗ്ഗ എന്ന് പേരുള്ള ഒരു ദേവസ്ത്രീയെ, ഉർവ്വശിയെയും മേനകയെയും രംഭയെയും തിലോത്തമയെയും ഒക്കെ പലതവണ, പല ലക്ഷ്യങ്ങൾക്കായി ‘പ്രശ്നാധിഷ്ഠിതമായി’ നിയോഗിച്ചത് പോലെ നിയോഗിച്ചു. (ഇവരൊക്കെ വേശ്യകൾ ആയിരുന്നുവോ?)
അംഗലാവണ്യം കൊണ്ട് മഹിഷാസുരനെ കീഴ്പ്പെടുത്തിയ ദുർഗ്ഗ ഏറെ വൈകാതെ രാജാവിന്റെ പട്ടമഹിഷിയുമായി. പക്ഷേ അന്നുമുതൽക്ക് ഇന്ദ്രന് ചാരപ്പണി ചെയ്തുകൊണ്ടിരുന്ന ദുർഗ്ഗ അനുകൂലസമയം നോക്കി ഒരു അപ്രതീക്ഷിത ആക്രമണത്തിലൂടെ സന്താൾ രാജ്യത്തെ അട്ടിമറിക്കാനും രാജാവിനെ ബന്ദിയാക്കാനും സഹായിച്ചു. രാജ്യം ദേവന്മാരാൽ അധിനിവേശിക്കപ്പെട്ടു. തങ്ങളുടെ രാജാവിന് എന്തുപറ്റി എന്നുപോലും അറിയാതെ അദ്ദേഹത്തിന്റെ വിശ്വസ്തർ നിത്യദുഖത്തിലായി. പക്ഷേ അവർ വെറുതെ ഇരുന്നില്ല. സ്ത്രീകളായി വേഷം മാറിയ അവർ ആയുധങ്ങൾ ഉടയാടയിൽ ഒളിപ്പിച്ച് നാടുനീളെ പാട്ടു പാടിയും നൃത്തം ചെയ്തും തങ്ങളുടെ രാജാവിനെ തേടി അലഞ്ഞു. അനുകൂലമായ ഒരു നേർത്ത സ്വരം മതി ഒളിപ്പിക്കപ്പെട്ട ആയുധങ്ങൾ പുറത്ത് വരാൻ. അതോടെ അവർ രണാങ്കണത്തിൽ നിന്ന് തങ്ങളുടെ സന്താൾ രാജ്യത്തെ വീണ്ടെടുക്കും. ഈ ദൃഡനിശ്ചയത്തിന്റെ,പ്രതീക്ഷയുടെ നൈരന്തര്യത്തിന്റെ പ്രതീകമായാണ് ദുർഗ്ഗാപൂജയുടെ അവസാന ദിവസം സന്താളുകൾ നടത്തുന്ന ‘ദഷൊയി’ നൃത്തം. (http://kafila.org/2016/02/27/searching-for-raja-debi-a-santhal-poet-tells-the-tale-of-mahishasura/)
യുക്തി എന്ന പ്രശ്നം
യുക്തിയും വിശ്വാസവും വിരുദ്ധദ്വന്ദ്വങ്ങൾ ആണെന്ന് വ്യക്തമാകുന്നത് എമ്പെരിസിസത്തിന്റെ കാലം തൊട്ടാവണം. ഇവിടെ രണ്ട് മിത്തുകൾ ആണ് ഒരു നിർമ്മിതമായ മതത്തിന്റെ പശ്ചാത്തലത്തിൽ പരസ്പരം അധികാര പോരാട്ടത്തിൽ ഏർപ്പെടുന്നത്. അതായത് ദുർഗ്ഗാദേവി എന്ന മിത്തിനെ പോലെ മറ്റൊന്നാണ് മഹിഷാസുരൻ എന്ന മിത്തും. കൂടുതൽ വിശ്വാസികൾ ഉള്ളതുകൊണ്ട് ഒരു മിത്ത് മറ്റൊന്നിനുമേൽ മിത്തുകളുടെ യുക്തിയ്ക്ക് പുറത്ത് നില്ക്കുന്ന എമ്പെരിക് യുക്തി വച്ചു സാധൂകരിക്കപ്പെടില്ല. മിത്തുകളുടെ സാധുത അൺ എമ്പെരിക്കാണ് (unempirical). അങ്ങനെയെങ്കിൽ അത്തരം രണ്ട് യുക്തികളിൽ ഒന്ന് സാധുവും, മറ്റൊന്ന് അസാധുവും ആകുന്നതെങ്ങനെ? ഇവിടെയാണ് മുകളിൽ പറഞ്ഞ നിർമ്മിത പൊതുബോധം എന്ന അധികാര ഉപകരണം കടന്നുവരുന്നത്.
ഇന്ത്യൻ ഭരണഘടന പ്രകാരം വിശ്വാസസ്വാതന്ത്ര്യം സന്താളിനും ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും അവർണനും ഒക്കെ ഒരുപോലെ ബാധകമാണ്. ആ ഭരണഘടന മുൻനിർത്തിയാണ്, മതരാഷ്ട്രങ്ങളുടെ ഭരണഘടനാമാതൃക മുൻനിർത്തിയല്ല സിന്ധു സൂര്യകുമാർ ഉന്നയിക്കുന്ന തങ്ങളുടെ ദൈവത്തെ നീചനും വധയോഗ്യനുമായി ചിത്രീകരിക്കുകയും, വധിക്കുകയും, അതിനെ ആഘോഷിക്കുകയും ഒരു വിഭാഗത്തിന് ചെയ്യാമെങ്കിൽ അതിനെ വിമർശിക്കാൻ മറുപക്ഷത്തിനും അവകാശമില്ലേ എന്ന ചോദ്യം ഉണ്ടാവുന്നത്. അത് നിലനിൽക്കുന്നത് മതേതര, ജനാധിപത്യ, മാനവിക മൂല്യങ്ങളുടെ പ്ലാറ്റ്ഫോമിലാണ്. ആ പ്ലാറ്റ്ഫോമാണ്, അതിന്റെ ഔദ്യോഗിക രേഖയായ ഭരണഘടന തന്നെയാണ് ഇന്ന് ചോദ്യം ചെയ്യപ്പെടുന്നതും. ഒരു വശത്ത് ദുർഗ്ഗാദേവിയുടെ ആരാധനയുമായി ബന്ധപ്പെട്ട മിത്തിനെ മാത്രം ആധികാരികമായി കാണുന്ന,ഇതരങ്ങളെ മുഴുവൻ വെറും ആഖ്യാനങ്ങളായി തള്ളിക്കളയുന്ന ഒരു ഭൂരിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിനിധാനങ്ങളെ തെരുവിൽ അഴിഞ്ഞാടാൻ വിടുന്ന സംഘി ഭരണകൂടം. മറുവശത്ത് അതിന്റെ ഏകപ്രതിപക്ഷം എന്ന് നടിച്ചു കൊണ്ട് അവരെ പൊതുസ്ഥലത്തും, പൊതു സംവാദങ്ങളിലും നേരിടാൻ പോന്ന മതേതര, മാനവിക, ജനാധിപത്യ മൂല്യങ്ങളെ, അവയെ ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയെ തന്നെ ‘പ്രശ്നവൽക്കരിക്കുന്ന’ സ്വത്വരാഷ്ട്രീയ വാദം. ഇവർ തമ്മിൽ രണ്ട് പതിറ്റാണ്ടെങ്കിലുമായി നിലനില്ക്കുന്ന പരസ്പരപൂരക പ്രമാണങ്ങളാണ് ഇന്നിന്റെ വെല്ലുവിളി.
അവയുടെ യുക്തികൾ ഒന്നാണ് എങ്കിൽ അവയ്ക്ക് പിന്നിലെ അജണ്ടകളും ഒന്നാണ്. അതുകൊണ്ട് തന്നെ മതേതരത്വത്തിന്റെയും മാനവികതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളിൽ സംവാദസാദ്ധ്യതകളെ കാണുന്നവർ ഇവിടെ ജാഗരൂകരാകേണ്ടതുണ്ട്. ഭൂരിപക്ഷത്തിന്റെ യുക്തി, അതിന്റെ മിത്തുകൾ, വിശ്വാസം ഒക്കെയും ദേശത്തിന്റെതായി സാധൂകരിക്കപ്പെടുന്നത് മതരാഷ്ട്രങ്ങളിലാണ്. അത്തരം ഒരു മതരാഷ്ട്രത്തിനായാണ് സംഘികൾ പണിപ്പെടുന്നത്. അതിന്റെ ഏക, യഥാർത്ഥ വിമർശകരായി സ്വയം പ്രഖ്യാപിച്ച് അവധാനതയില്ലാത്ത കേവല വിമർശനങ്ങളിലൂടെ ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളുടെ ഒറ്റ ഏജൻസിയായി വേഷം കെട്ടിയാടുന്ന സ്വത്വരാഷ്ട്രീയവാദികൾ ലക്ഷ്യം വയ്ക്കുന്നത് എന്താണെന്ന് അറിയില്ല. ‘തന്മാത്രയ്ക്ക് ഓർമ്മയുണ്ടെന്ന് മനസിലായാലെ നിങ്ങൾക്ക് ഹോമിയോപ്പതിയും മനസിലാവു. അതിന് ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല, നിങ്ങൾ ഞങ്ങളുടെ യുക്തിയ്ക്ക് പഠിക്കൂ’ എന്ന് വേണമെങ്കിൽ പറയാം. അപ്പോഴും ‘പാചകം ചെയ്യുന്നവർക്കല്ലേ അറിയൂ എന്തിനു വേണ്ടി തിളയ്ക്കുന്നു അവരുടെ സാമ്പാർ’ എന്ന സാമാന്യയുക്തിയേ നമുക്ക് പറയാനുള്ളൂ. പരിമിതിയാണ്. സിന്ധു സൂര്യകുമാർ ഉൾപ്പെടെയുള്ള മതേതര, ജനാധിപത്യ, മാനവികതാവാദികളോട് സംഘികളും സ്വത്വരാഷ്ട്രീയവും മാപ്പാക്കണം.
Be the first to write a comment.