ജമ്മു കശ്മീരിന്റെ ഭാവി ആത്യന്തികമായി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണു. ഈ പ്രതിജ്ഞ നാം ചെയ്തിരിക്കുന്നത് കശ്മീർ ജനതയോട് മാത്രമല്ല, മുഴുവൻ ലോകത്തോടുമാണു. അതിൽ നിന്ന് നാം പിന്തിരിയില്ല. പിന്തിരിയാൻ നമുക്ക് കഴിയില്ല. ജവഹർലാൽ നെഹ്രു, നവംബർ 2, 1947

കശ്മീരിനെ നാം നമ്മുടെ സംഭാഷണങ്ങളിൽ നിന്ന് അകറ്റി നിർത്തിയിരിക്കുകയാണു. രണ്ട് രാജ്യങ്ങളുടെ ശത്രുതകൾക്കിടയിൽ പെട്ട് ഉഴലുന്ന കശ്മീരിനെക്കുറിച്ചോ അവിടുത്തെ ജീവിതങ്ങളെക്കുറിച്ചോ സംസാരിക്കുന്നത് പോലും രാജ്യസ്നേഹം – രാജ്യവിരുദ്ധത എന്ന ദ്വന്ദ്വങ്ങളിലേക്ക് നാം ചുരുക്കുകയാണു. ജനാധിപത്യം നിർമ്മിക്കപ്പെടുകയും മുന്നോട്ടുപോകുകയും ചെയ്യുന്ന ഒരു പ്രക്രിയയാണെന്നത് നാം മറന്നുപോകുകയോ ബോധപൂർവ്വം മറന്നുകളയുകയോ ആണു. ഏകപക്ഷീയമായി ഭരണകൂടങ്ങൾ സൃഷ്ടിച്ചെടുക്കുന്ന അഭിപ്രായങ്ങൾ മാത്രമല്ല ചർച്ച ചെയ്യപ്പെടേണ്ടത്. പ്രമുഖ കോളമിസ്റ്റായ പങ്കജ് മിശ്രയുമായി  ആൾട്ടർനേറ്റീവ് റേഡിയോയുടെ ഡേവിഡ് ബർസാമിയൻ കശ്മീരിനെക്കുറിച്ച് നടത്തിയ സംഭാഷണം നവമലയാളിയുടെ ആദ്യലക്കങ്ങളിലൊന്നിൽ ചേർത്തത് പുനഃപ്രസിദ്ധീകരിക്കുന്നു.

അഭിമുഖം ഇംഗ്ലീഷിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ബെർസാമിയൻ:  കാശ്മീരിനെ കുറിച്ച് താങ്കള്‍ എഴുതിയ ഒരാമുഖത്തില്‍ ഇങ്ങിനെ പറയുന്നു ; ഒരിക്കല്‍ പ്രകൃതിസൌന്ദര്യത്തിനു കേള്‍വികേട്ട കാശ്മീര്‍ ഇന്ന് ലോകത്തെ ഏറ്റവും വലുതും രക്തഭരിതവും ആയ സൈനിക അധിനിവേശമാണ്. പാക്കിസ്ഥാന്റെ പിന്തുണയോടെ അവിടെ നടന്ന കലാപത്തില്‍ ഏതാണ്ട് എണ്‍പതിനായിരം പേർ മരിച്ചു . ഈ അനുപാതം പലസ്തീനെയോ തിബറ്റിനെയോ വളരെ ചെറുതാക്കും വിധം ഭീമമാണല്ലോ. ഇത് കൂടാതെ ഏകപക്ഷീയമായ അറസ്റ്റുകളും കർഫ്യൂകളും  റെയ്ഡുകളും ചെക്ക് പോയിന്റുകളും ദൈനംദിന ശീലമാണ്. താഴ്വരയിലെ നാല്‍പ്പതു ലക്ഷം വരുന്ന മുസ്ലിം ജനതയെ ഏഴുലക്ഷം ഇന്ത്യൻ പട്ടാളക്കാർ സര്‍വ്വായുധഭൂഷിതരായി  ജുഡിഷ്യൽ ബാഹ്യ വധത്തിനും ബാലാൽസംഗത്തിനും പീഡനത്തിനും വിധേയരാക്കുകയാണ്. ലിംഗത്തിൽ ഇലക്ട്രിക് ഷോക്ക് എൽപ്പിക്കുന്നതടക്കമുള്ള പീഡനമുറകൾ അവിടെ അരങ്ങേറുകയാണ്.. തുടര്‍ന്ന് താങ്കൾ ചോദിക്കുന്നുണ്ട്  എന്തുകൊണ്ടാണ് കാശ്മീരിലെ പീഡനങ്ങള്‍ നമ്മുടെ ധാര്‍മ്മിക ചിന്തകളെ ഉലക്കാത്തത്?.. എന്ത് കൊണ്ടാവാം?
പങ്കജ്: അതിനു പല കാരണങ്ങളുണ്ട്. കഴിഞ്ഞ ദശാബ്ദം മുതല്‍ ഇന്ത്യ ഒരു സാമ്പത്തിക വന്‍ശക്തി ആയി മാറിക്കൊണ്ടിരിക്കുന്നതു സംബന്ധിച്ച ഒരാശയം പ്രചരിക്കുന്നുണ്ട്. പടിഞ്ഞാറന്‍ വൻശക്തികളുടെ ഏഷ്യയിലെ തന്ത്രപ്രധാന സഖ്യകകക്ഷിയാകുന്നതിനെ കുറിച്ചും. സാര്‍വ്വദേശീയ തലത്തിൽ പ്രത്യേകിച്ച് പടിഞ്ഞാറൻ നാടുകളിൽ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരുപാട് ചീത്ത വാര്‍ത്തകൾ ഇന്ത്യയിൽ നിന്ന് വരുന്നുണ്ട്. ഇന്ത്യാ സര്‍ക്കാരും വാര്‍ത്താ ലേഖകര്‍ക്ക് പലവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശകാര്യ ലേഖകരുടെ സ്ഥിതിയും ഭിന്നമല്ല. അവിടേക്ക് പോകുന്ന ലേഖകര്‍ സ്വപ്നത്തില്‍പോലും സങ്കല്‍പ്പിക്കാത്ത ഭീകരതയും ദയനീയതയും ആണ് അവിടെ കാണുന്നത്. അതാണ്‌ അവർ റിപ്പോര്‍ട്ട് ചെയ്യുക. വൈകാതെ തന്നെ ഇന്ത്യൻ സര്‍ക്കാർ ഇടപെടുകയും മാധ്യമപ്രവർത്തകരോട് നിലയ്ക്ക് നില്‍ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. റിപ്പോര്‍ട്ടിങ്ങിനു ഇന്ത്യ നിശ്ചയിച്ച പരിധികള്‍ പാലിക്കാൻ ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ പണി പോവുകയോ ബ്യൂറോ അടച്ച് പൂട്ടുകയോ ആവും ഫലം. ടിബറ്റ് അധിനിവേശം സംബന്ധിച്ച് ചൈന എടുക്കുന്ന നിലപാടിനെക്കാള്‍ കടുത്തതാണിത്.

പലസ്തീനെ പോലെയോ തിബറ്റിനെ പോലെയോ നിരവധി പുസ്തകങ്ങള്‍ കാശ്മീരിനെ കുറിച്ച് എഴുതപ്പെടുന്നില്ലയെന്നത് എന്തുകൊണ്ടായിരിക്കാം?
സങ്കീര്‍ണമാണ് സ്ഥിതിവിശേഷം. ഈയടുത്തകാലം വരെ കാശ്മീരുകാര്‍ അന്താരാഷ്‌ട്ര ചര്‍ച്ചകളിൽ ഭാഗഭാക്കായിരുന്നില്ല. ഇപ്പോഴാണ് കാശ്മീരി എഴുത്തുകാര്‍ അവരുടെ കഥ പറയാനും പുസ്തകങ്ങള്‍ എഴുതാനും തുടങ്ങിയത്. അത് മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ബഷരാത് പിയര്‍ എഴുതിയ ഓര്‍മ്മ “കർഫ്യൂഡ് നൈറ്റ്‌”, മിര്‍സാ വഹീദിന്റെ “കൊളാബെറേറ്റേഴ്സ്” എന്നീ രചനകള്‍ ശ്രദ്ധേയം. അത് ലോകജനതയെ ജാഗരൂകരാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഡോക്യുമെന്ററി സംവിധായകന്‍ കൂടിയായ സഞ്ജയ്‌ കാക്  ഈയിടെ പ്രൌഢമായ ലേഖനങ്ങളുടെ ഒരു സമാഹാരം ഇറക്കിയിട്ടുണ്ട്. ഇതൊഴിച്ചാല്‍ കാശ്മീരിനെ കുറിച്ച് നമുക്ക് എടുത്തു പറയാവുന്ന അക്കാദമിക് എഴുത്തുകള്‍ ഉണ്ടെന്നു പറയാൻ പ്രയാസമാണ്.  ഏറ്റവും ഖേദകരം ഇന്ത്യന്‍ ബുദ്ധിജീവികള്‍ അതിനെ അവഗണിക്കുന്നതാണ്. കാശ്മീരിനെ കുറിച്ച് വസ്തുതാപരവും തുറന്നതുമായ എന്ത് എഴുതിയാലും അതവരുടെ ജനപ്രിയതയെ ബാധിക്കുകയും ഇന്ത്യയിലെ വലിയൊരു വിഭാഗത്തെ കുപിതരാക്കുകയും ചെയ്യുന്നു എന്നതിനാലാണിത്.

ചൈനയിലെ എഴുത്തുകാര്‍ തിബറ്റിനെ കുറിച്ചെന്ന പോലെ ഇന്ത്യന്‍ എഴുത്തുകാർ കാശ്മീരിനെയും ഒഴിവാക്കുന്നു എന്ന് താങ്കൾ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഹിന്ദു ദേശീയത എന്ന സങ്കല്‍പ്പത്തിൽ കാശ്മീരിന്റെ സ്ഥാനം എവിടെയാണ് എന്നാണു അഭിപ്രായം?
അവരുടെ ചിന്താപദ്ധതിയിൽ അതിനു നിര്‍ണ്ണായക സ്ഥാനമുണ്ട് . കാശ്മീരിനെ കുറിച്ച് വിവേകപൂര്‍ണ്ണമായ ഒരു ചര്‍ച്ച സാധ്യമാവാത്തതിനു പല കാരണങ്ങളിൽ ഒന്നാണിത്. അതിനു കാരണമാവട്ടെ ഹിന്ദു ദേശീയവാദധാര ഇന്ന് മുഖ്യധാരയിൽ ഇടം പിടിച്ചു കഴിഞ്ഞു എന്നതാണ്. ഇനി മുതല്‍ നാമതിനെ ഹിന്ദു ദേശവാദ പരിപ്രേക്ഷ്യം എന്ന് വിളിക്കേണ്ടതില്ല. ഇപ്പോള്‍ അത് ഇന്ത്യന്‍ദേശീയതാവാദത്തിന്റെ ഭാഗമായിരിക്കുന്നു. അതില്‍ കാശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. വിശാല ഇന്ത്യ എന്ന സങ്കല്പം കൊണ്ട് നടക്കുന്ന അവര്‍ക്ക് പാക്കിസ്ഥാൻ ഇന്നും ഒരു മുറിവാണ്. കാശ്മീരിന് കൂടുതല്‍ സ്വയംനിർണ്ണയാവകാശം നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു ചിന്തയും പ്രോത്സാഹിക്കപ്പെടില്ല. നമ്മുടെ കയ്യിലുള്ളത് വിട്ടു കൊടുക്കാതിരിക്കുക എന്ന നയത്തില്‍ അവർ തൂങ്ങി നില്‍ക്കുകയാണ്.

ഇത് ഇന്ത്യന്‍ സര്‍ക്കാരും കാശ്മീർ ജനതയും തമ്മിലുള്ള ഒരു ഒരു പോര് മാത്രമല്ല. കാശ്മീരിന്റെ മൂന്നിലൊരു ഭാഗം പാക്കിസ്ഥാന്റെ കയ്യിലാണ്. മൂന്നില്‍ രണ്ടു ഭാഗം ഇന്ത്യയുടെ കയ്യിൽ. ഒരു ചിന്ത് ചൈനയുടെ കൈവശം….
അത് പൈശാകികമാംവണ്ണം സങ്കീര്‍ണ്ണം തന്നെയാണ്. ഈ സംഘർഷത്തിലെ  ഇന്ത്യാ – പാക്  ഭാഗം പരിഹരിക്കപ്പെടാവുന്നതെയുള്ളൂ എന്നാണു ഞാന്‍ കരുതുന്നത്. അതിനു രൂപരേഖയുണ്ട് – പരിഹാരത്തിനുള്ള ഒരു ഡ്രാഫ്റ്റ്. ഇതിനെ ഇന്ത്യാ – പാക് ബന്ധത്തിലെ ഒരു ശാശ്വത പ്രശ്നമായി കാണാതെ മറ്റു വലിയ പ്രശ്നങ്ങൾ തീര്‍ക്കാനുള്ള ഒരു വഴിയായി കാശ്മീരിനെ കാണണം. ഇന്ത്യാ – പാക് ബന്ധത്തിലെ ഒരു ശാശ്വത പ്രശ്നമായി കാണാതെ മറ്റു വലിയ പ്രശ്നങ്ങൾ തീര്‍ക്കാനുള്ള ഒരു വഴിയായി കാശ്മീരിനെ കാണണം. ജനം അങ്ങോട്ടും ഇങ്ങോട്ടും പോകയും വ്യാപാരം വളരുകയും ചെയ്യുന്ന ഒരതിര്‍ത്തി നിലവിൽ വന്നാൽ  ദേശീയ സ്വയംഭരണത്തെ കുറിച്ചുള്ള കഠിനവും ഇടുങ്ങിയതുമായ  ചിന്താപദ്ധതിയില്‍ നിന്ന് നാം വിമുക്തരാവാന്‍ തുടങ്ങും. അത് ദക്ഷിണേഷ്യക്ക്‌ ആകെ ഗുണം ചെയ്യും. വൈകാരികവും ഭൌതികവും ദേശീയവുമായ ഒരുപാട് ഊര്‍ജം ഈ പ്രദേശത്തു വിനിയോഗിച്ചു കഴിഞ്ഞു. ദേശരാഷ്ട്രം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാം പല വന്‍ യുദ്ധങ്ങൾ നടത്തി. കോടാനുകോടി രൂപ ആണവായുധ നിര്‍മ്മാണത്തിനും സൈനിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചിലവിട്ടു.

ഈ ഭ്രാന്തമായ പ്രക്രിയയില്‍ നിന്ന് നാം പിന്മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാശ്മീര്‍ ഒരു പ്രശ്നമല്ല, പ്രശ്ന പരിഹാര സാധ്യതയായി നാം കാണണം. ഒരു സൌത്ത് ഏഷ്യന്‍ ഫെഡറഷൻ പോലൊന്ന് വിഭാവനം ചെയ്യാവുന്നതാണ്. ജനങ്ങള്‍ക്ക്‌ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്ന, വിപുലമായ വ്യാപാര ബന്ധങ്ങളുള്ള ഒരു  മേഖല. നൂറ്റാണ്ടുകളോളം മധ്യേഷ്യയിലെ വന്‍ വിപണികളിലേക്കുള്ള കവാടമായിരുന്നു കാശ്മീർ. സില്‍ക്ക് റോഡ്‌ എന്നറിയപ്പെട്ടിരുന്ന പാത. ഈ സഞ്ചാര മാര്‍ഗങ്ങളെ കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. ദരിദ്രമായ ഒരു ആശയമായ ദേശ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയെ കുറിച്ചല്ല.

ലാഹോറില്‍ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്യുമ്പോൾ വലിയൊരു വൈജാത്യം കാണുന്നത് ഇന്ത്യന്‍ മാര്‍ഗനിര്‍ദേശങ്ങൾ ദേവനാഗരി ലിപിയിലും പാക് ഭാഷ ഉർദുവുമാണ്. എന്നാല്‍ ഭക്ഷണം, സംഗീതം, വസ്ത്രം എന്നിവയിലൊക്കെ സമാനതകള്‍ ഉണ്ട്. സമാനതകള്‍ ആണ് ഏറെ……….
വരേണ്യരായ ഭരണ വര്‍ഗ്ഗത്തിന്റെ കുറ്റമാണിത്. ഇന്ത്യാ വിഭജന കാലം മുതല്‍ ആരംഭിച്ച ഈ പ്രശ്നം അതിനു ശേഷവും ബോധപൂര്‍വ്വം നിലനിര്‍ത്തി. പകർന്നുകൊണ്ടെയിരിക്കുകയും ചെയ്യുന്നു. പലപ്പോഴും തെറ്റായി. പാക്കിസ്ഥാനിലും ഇന്ത്യയിലും ജനം ഏറെക്കാലം ഇതില്‍ മുഴുകിയിരുന്നു. ഇരുവരെയും ആവേശഭരിതരാക്കാന്‍ ഇത് സഹായമായിരുന്നു. പക്ഷെ ഇന്നത്‌ ഒരു വോട്ടുപെട്ടി അല്ലാതായിരിക്കുന്നു. അത് ജനങ്ങളെ സംഘടിപ്പിക്കാനോ ഉത്തേജിപ്പിക്കാനോ ഉതകുന്നില്ല. കാരണം ഇന്ന് അവരുടെ മുഖ്യ പ്രശ്നം അപ്പവും വസ്ത്രവും പാര്‍പ്പിടവും സുരക്ഷിതത്വവും ആണ്. പക്ഷേ വരേണ്യര്‍ ഇപ്പോഴും കാശ്മീരിൽ മുങ്ങിയിരിക്കുന്നു. അവരുടെ ദേശീയതാ വാദത്തിനു സ്വയം സാധൂകരണം നല്‍കുന്ന ഒന്നാണിത്. പാക്കിസ്ഥാനിലെ ഏകാധിപത്യ ഭരണാധികാരികളും ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളും ഇക്കാര്യത്തിൽ ഒരേപോലെയാണ്.

കാശ്മീരിനെ കുറിച്ച് ആദ്യകാലത്ത് തനിക്കുണ്ടായിരുന്ന അജ്ഞത സ്വയം ഞെട്ടിപ്പിച്ചു എന്ന് താങ്കൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ജെ എന്‍ യു വിൽ വിദ്യാഭ്യാസം നടത്തിയ താങ്കൾ കാശ്മീരിനെ കുറിച്ച് കൂടുതല്‍ അറിയാതെ പോയത്തിനു കാരണം എന്താവാം?
ഒരു കാരണം അവിടുത്തെ സംഭവവികാസങ്ങള്‍  ഇന്ത്യൻ മീഡിയ മൊത്തം ഒരു സമവായത്തിൽ എന്ന പോലെ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതാണ്. ഒരു മനുഷ്യാവകാശ സംഘടന അന്നവിടെ പഠനം നടത്തിയിരുന്നു. ഞാനും അതിന്റെ ഭാഗമായിരുന്നു. അവിടെ നിന്നയച്ച തെളിവുസഹിതമുള്ള അന്വേഷണാത്മക റിപ്പോര്‍ടുകൾ വെളിച്ചം കാണാറില്ലായിരുന്നു. ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റര്‍ ഞങ്ങളുടെ ചെയര്‍മാനോട്‌ പറഞ്ഞത് “കാശ്മീരില്‍ നിന്നുള്ള മനുഷ്യാവകാശ റിപ്പോര്‍ടുകൾ ഞങ്ങൾ പ്രസിദ്ധീകരിക്കാറില്ല” എന്നാണു. ഇന്ത്യന്‍ മീഡിയയിൽ കാശ്മീരിനെക്കുറിച്ചു നീണ്ട മൌനം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കാശ്മീരിൽ ദശാബ്ദങ്ങളായി നടക്കുന്നതെന്തെന്നു സംബന്ധിച്ച അജ്ഞതയാണ് ഇന്ത്യക്കാര്‍ പങ്കു വെച്ചിരുന്നത്. അവിടെ പാക് സേനയില്‍ ഉള്ള ജിഹാദിസ്റ്റുകള്‍ പിന്താങ്ങുന്ന മുസ്ലിം മതഭ്രാന്തന്മാരുടെ വൻകൂട്ടവും പാക് ഭീകരരുമുണ്ട്. അവര്‍ കാശ്മീരിലെ രാഷ്ട്രീയ വിരക്തി മുതലെടുത്ത്‌ ഇന്ത്യക്കെതിരായ അത്യാചാരങ്ങള്‍ നടപ്പാക്കുകയാണ് എന്നതായിരുന്നു മാധ്യമങ്ങൾ പരത്തിയ അടിസ്ഥാന ധാരണ. ഇതാണ് ഇന്ത്യന്‍ ജനതയ്ക്ക് അവർ പകര്‍ന്നു കൊടുത്ത ചിത്രം.

ഞാന്‍ ആദ്യം അവിടെ പോയത് ഒരു ടൂറിസ്റ്റ് എന്ന നിലയ്ക്കാണ്. ഒരു ടൂറിസ്റ്റ് പല യാഥാർത്ഥ്യങ്ങളും മനസ്സിലാക്കില്ല. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അവിടെ പോകാൻ തുടങ്ങിയപ്പോള്‍ അവിടുത്തെ യാഥാര്‍ത്ഥ്യം കണ്ടു ഞാൻ ഞെട്ടി. പലസ്തീന്‍, ടിബറ്റ് എന്നിവിടങ്ങളൊക്കെ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പക്ഷെ കാശ്മീരിലെ പോലെ ഭയാനകമായ ഒരു സൈനികവല്‍ക്കരണം മറ്റെവിടെയും കണ്ടിട്ടില്ല.പലസ്തീന്‍, ടിബറ്റ് എന്നിവിടങ്ങളൊക്കെ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പക്ഷെ കാശ്മീരിലെ പോലെ ഭയാനകമായ ഒരു സൈനികവല്‍ക്കരണം മറ്റെവിടെയും കണ്ടിട്ടില്ല. ഇപ്പോഴുമില്ല. ഓരോ നൂറു മീറ്ററിലും അന്ന് ഒരു ഭടന്‍ തോക്കേന്തി നിന്നിരുന്നു. ഇന്ന് സ്ഥിതി നാമമാത്രമായി മാറി എന്ന് വേണെമെങ്കില്‍ പറയാം.

അതൊരു പാഠമായിരുന്നു എനിക്ക്. അതുവരെ ഞാനും പങ്കിട്ടിരുന്ന കാശ്മീരിനെകുറിച്ചുള്ള ഇന്ത്യന്‍വാദത്തില്‍ നിന്നും പുറത്തു കടന്ന്, ദേശീയത, നമ്മുടേത്‌ പോലുള്ള വൈവിദ്ധ്യമാര്‍ന്ന ബഹുസ്വര – ജാതിമത ഗോത്ര സമൂഹത്തില്‍ ഒരു ദേശരാഷ്ട്രത്തിന്റെ പ്രസക്തി തുടങ്ങിയ വലിയ ചോദ്യങ്ങളിലേക്കു നീങ്ങാന്‍ അതെന്നെ സഹായിച്ചു. യൂറോപ്യന്‍ മോഡൽ ദേശരാഷ്ട്രസങ്കല്പം നമ്മെ സംബന്ധിച്ചിടത്തോളം എത്ര ദുര്‍ബലമായ ഒരു ക്രമം ആണെന്നും അന്നെനിക്ക് മനസ്സിലാകാന്‍ തുടങ്ങി. നമ്മുടെ വരേണ്യരായ ഭരണാധികരികൾ നമ്മുടെ ദേശീയ അജണ്ട ഹൈജാക്ക് ചെയ്യാന്‍ ഇടയാക്കിയത് അതേ വാദം തന്നെയാണു. അവരുടെ സ്വന്തം താല്‍പ്പര്യങ്ങൾ സാധാരണ ഇന്ത്യക്കാരന്റെയും പാക്കിസ്ഥാനിയുടെയും താല്പര്യങ്ങള്‍ക്ക് മേൽ പ്രതിഷ്ഠിക്കാനും ദേശരാഷ്ട്രസങ്കല്‍പ്പത്തിലെ ഊന്നൽ സഹായിച്ചു.

പ്രശാന്ത് ഭൂഷണെപ്പോലെ പ്രമുഖനായ ഒരു നിയമജ്ഞൻ കശ്മീരിനെക്കുറിച്ച് സംസാരിക്കുമ്പോൾ ആക്രമിക്കപ്പെടുന്നു. എഴുത്തുകാരിയായ അരുന്ധതി റോയിക്കെതിരെ ദേശദ്രോഹം എന്ന ഭീഷണി ഉയരുന്നു. അതായത്, കശ്മീർ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുന്നതിനു തന്നെ വിലകൊടുക്കേണ്ടി വരുന്ന അവസ്ഥ?
തീർച്ചയായും. വളരെയധികമായി. പ്രത്യേകിച്ചും കഴിഞ്ഞ കുറേ വർഷങ്ങളായി അസഹിഷ്ണുത വർദ്ധിച്ചു വരുന്ന ഒരു അവസ്ഥ ഇന്ത്യയിൽ സംജാതമായിട്ടുണ്ട്. അത് കശ്മീരിനെക്കുറിച്ച് മാത്രമല്ല.  ഇന്ത്യയെ സംബന്ധിച്ച പലപ്രശ്നങ്ങളെക്കുറിച്ചും അതാണവസ്ഥ. വാസ്തവത്തിൽ ഭരണകൂടത്തിനു അധികം പ്രയാസപ്പെടേണ്ടതായിട്ടില്ല. തീവ്രമായ ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്ന വ്യക്തികളുൾപ്പടെയുള്ളവർ ഇത്തരം അഭിപ്രായങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാൻ കടന്നെത്തുന്നു. ഈ വിഷയത്തിൽ സംസാരിക്കാൻ തയ്യാറാകുന്ന ഏതൊരാളും പീഡനങ്ങളും അതിക്രമങ്ങളും പ്രതീക്ഷിക്കേണ്ടുന്ന അവസ്ഥയാണു.

കാശ്മീരിനെ ജനാത് ഇ ബേനസീർ അഥവാ ഭൂമിയിലെ സമാനതകളില്ലാത്ത സ്വര്‍ഗം എന്ന് വിശേഷിപ്പിക്കാറുണ്ട്. ഞാന്‍ അവിടെ പലവട്ടം പോയി. അപ്പോഴൊക്കെ തോന്നിയത് അത് മനസ്സിനെ നിമ്നമാക്കുന്ന, നിമ്ന ജീവിതത്തിന്റെ ഒരു പ്രദേശമായിട്ടാണ്.
അതു അങ്ങിനെ തന്നെയാണ്. ഓരോ വട്ടവും കാശ്മീരിനെ കുറിച്ച്  വായിക്കുമ്പോഴും ചിന്തിക്കുമ്പോഴും ഓര്‍ക്കുക കാശ്മീരിൽ യാതന അനുഭവിക്കുന്ന മുസ്ലിങ്ങളെയും കാശ്മീരി പണ്ഡിറ്റുകളെയും കുറിച്ചാണ്. പണ്ഡിറ്റുകൾ ദശാബ്ദങ്ങളായി അഭയാർത്ഥി ക്യാമ്പുകളിലും ലോകത്തെമ്പാടും ചിതറിയും കഴിയുകയാണ്. അതൊരു സങ്കടമാണ്. നാമിതിനു നേരെ കണ്ണടച്ചു. കാശ്മീരിലെ ഓരോ കുടുംബത്തിനും ഇങ്ങിനെ പ്രിയപ്പെട്ടവരുടെ മരണത്തിന്റെ, പീഡനത്തിന്റെ, അപ്രത്യക്ഷമായതിന്റെ കരയിപ്പിക്കുന്ന കഥകള്‍ പറയാനുണ്ട്. ഈ വേദനയുമായാണ് അവര്‍ കഴിയുന്നത്‌. ഒരു അവസാനവും അതിനു കാണാതെ, അന്ത്യമില്ലാതെ നീളുകയാണ് അത്.

ചിലപ്പോഴൊക്കെ അവിടം താരതമ്യേന ശാന്തമാവാറുണ്ട്. ഇന്ത്യന്‍ ഭരണത്തിൽ കാശ്മീരി ജനത വളരെ സംതൃപ്തരും സന്തുഷ്ടരുമാണ് എന്ന മട്ടിലുള്ള പല മിഥ്യാ ബോധവും പലരിലും ഉണ്ടാക്കാന്‍ ഈ ഇടവേളകൾ പ്രാപ്തമായിരുന്നു. അവര്‍ നിലവിലെ അവസ്ഥയിൽ  സംതൃപ്തരാണു എന്ന് നാം വിധിക്കുന്നു. ഇനി സാധാരണ നില കൈവരിച്ചാല്‍ എല്ലാം ശുഭം എന്നും കഴിഞ്ഞ രണ്ടു ദശാബ്ദക്കാലം നടന്നതൊക്കെ ഇനി മറക്കാം എന്നും നാം തീർപ്പെടുക്കുന്നു. പൊടുന്നനെ ഒരു നാള്‍ യുവാക്കള്‍ വീണ്ടും കല്ലുകളുമായി തെരുവിലിറങ്ങുന്നു. അപ്പോഴാണ്‌ നാം തിരിച്ചറിയുന്നത്‌. പുതിയൊരു യുവനിര അവരുടെ കോപവും മടുപ്പുമായി വളരുന്നുണ്ടായിരുന്നു എന്ന്. സ്ഥിതി നേരത്തെ അല്‍പ്പം ശാന്തം ആയപ്പോഴേക്കും നമ്മുടെ രാഷ്ട്രീയക്കാർ പറയാൻ തുടങ്ങി, ഇനി കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും അത് പ്രശ്നത്തിന്റെ അവസാനമാനെന്നും. പക്ഷെ നാം ഇതിനു മുന്‍പും ഇത്തരം ശാന്തതയുടെ ഇടവേളകൾ കണ്ടവരാണ്. നമുക്കറിയാം വീണ്ടും ഒരു പൊട്ടിത്തെറി ഉണ്ടാവും എന്ന്. അപ്പോള്‍ നാം അത്ഭുതപ്പെടുന്നു – എന്താണ് പിഴച്ചത് എന്നു. ഇനിയെന്ത് ചെയ്യും എന്ന്….

നേരത്തെ പറഞ്ഞ പോലെ ഇതൊരു പ്രശ്നമായി കാണാതെ പരിഹാരനിമിത്തമായി കാണാനുള്ള രാഷ്ട്രീയ ഇച്ചാ ശക്തിയും ധീരതയും നമ്മുടെ വരേണ്യ ഭരണ വര്‍ഗം കണ്ടാൽ പരിഹാരം ഉണ്ടാവും. പക്ഷെ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഭരണങ്ങള്‍ വിനാശകരമായ കഴിവുകേടാണ് ഇക്കാര്യത്തില്‍ കാണിക്കുന്നത്.

വിഭജന കാലത്തു കാശ്മീരിലെ ഭൂരിപക്ഷം മുസ്ലിങ്ങളും പാകിസ്ഥാനിലെക്കു കുടിയേറാന്‍ ആഗ്രഹിചിരുന്നവരാണു എന്നതിന് ധാരാളം തെളിവുകളുണ്ട് എന്നാണു ഞാൻ കരുതുന്നത്. ഇന്നതല്ല സ്ഥിതി. പാക്കിസ്ഥാന്‍ ഒരു മികച്ച രാജ്യമാണെന്നു പറയാനോ അതൊരു ആകര്‍ഷണമായി കരുതുകയോ ചെയ്യുന്നവർ ഇന്നവിടെയില്ല. അവര്‍ പാക് വാര്‍ത്തകള്‍ കാണുന്നുണ്ട്. ആ രാജ്യം അനാകര്‍ഷകം ആണെന്ന് തന്നെ അവര്‍ കരുതുന്നു..
കശ്മീരികൾക്ക് പാകിസ്ഥാനോടുള്ള അനുരാഗം ഇന്ത്യാ വിരുദ്ധകലാപത്തിന്റെ മൂര്‍ച്ചിച്ച ഘട്ടങ്ങളിൽ പോലും വളരെ പരിമിതമായിരുന്നു. ആ പ്രണയം പൂര്‍ണ്ണമായി അവസാനിച്ചു. എന്റെ അറിവുകള്‍ വെച്ചുള്ള തോന്നല്‍ ഇന്ത്യയോടും പാക്കിസ്ഥാനോടും സമദൂരം പാലിക്കാനാണ് അവർ ആഗ്രഹിക്കുന്നത് എന്നാണു. ഇന്ത്യന്‍ ദേശീയ പ്രചരണം, പ്രത്യേകിച്ച് ഹിന്ദു ദേശവാദികള്‍ നടത്തുന്നത്, കാശ്മീരിന് കൂടുതല്‍ സ്വയം ഭരണം കൊടുത്താൽ അവർ പാക്കിസ്താനിൽ ലയിക്കും എന്നാണു. തികച്ചും തെറ്റായ വിചാരം. അവരുടെ പാക്ക് അഭിനിവേശം  എന്നോ അവസാനിച്ചിരിക്കുന്നു….

ഇതില്‍ അടങ്ങിയിരിക്കുന്ന ഒരു കാര്യം കാശ്മീരി സ്വത്വത്തിന്റെതാണെന്ന് ഞാനും കരുതുന്നു. 1966 -ല്‍ കാശ്മീർ സന്ദര്‍ശന വേളയിൽ ഒരാൾ എന്നോട് ചോദിച്ചു – താങ്കള്‍ ഇന്ത്യയിൽ നിന്നാണോ വരുന്നത് എന്ന്. ഞാനൊന്ന് ഞെട്ടി. അത് ഇന്ത്യ ആണെന്നായിരുന്നു എന്റെ വിചാരം. അന്ന് മുതലേ അവര്‍ ഉപഭൂഖണ്ഡത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് അകന്നവരായിരുന്നു..
അതവരുടെ ചരിത്രപരമായ അനുഭവമാണ്. ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ ഉണ്ടാക്കിയ ഇന്ത്യ എന്ന രാഷ്ട്രീയ ഭരണ അതിരുകളുടെ ഭാഗമായിരുന്നില്ല അവരൊരിക്കലും. ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബുദ്ധിസം, സൂഫി, ഇസ്ലാം തുടങ്ങി പലവിധേന അവർ ബന്ധപ്പെട്ടു. പക്ഷെ ഇതോടൊപ്പം അവര്‍ താഴ്വരയിൽ ഒരു സ്വന്തം ആചാര പാരമ്പര്യം വികസിപ്പിച്ചിരുന്നു. അത് ഇസ്ലാമുമായോ ഹിന്ദുയിസവുമായോ ബുദ്ധിസവുമായോ ആയി യാതൊരു ബന്ധവും ഇല്ലാത്ത ഒന്നായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ അസ്ഥിത്വത്തെ പറ്റി വ്യക്തമായ ധാരണ ഉണ്ടായിരുന്നു. മറ്റു ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട താഴ്വര അതിനു അനുഗുണവുമായിരുന്നു. ഇതിനെ കുറിച്ച് നിരവധി പുസ്തകങ്ങളുണ്ട്. തെക്ക് കിഴക്കന്‍ ഏഷ്യയിലെ മലനിവാസികളെ കുറിച്ചും താഴ്വരകളിലെ നെല്‍കൃഷി സംസ്കാരത്തിൽ നിന്ന് പോലും അവർ എങ്ങിനെ വ്യത്യസ്തരാകുന്നു എന്നും അവയിൽ നിരീക്ഷിക്കുന്നുണ്ട്.

അവര്‍ക്ക് അവരുടെ രാഷ്ട്രീയ സ്വത്വത്തെ പറ്റി വ്യക്തമായ ബോധമുണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നു. വിഭജനത്തിലേക്ക് നയിച്ച വര്‍ഷങ്ങളിൽ അവർ അവരുടെ ജീര്‍ണ്ണിച്ച ഹിന്ദു രാജഭരണവുമായി പൊരുതുകയായിരുന്നു. അത് കൊണ്ട് അവരുടെ രാഷ്ട്രീയ പാത, അവരുടെ സാംസ്കാരിക സ്വത്വം, ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് സവിശേഷമാംവിധം വേർപിരിഞ്ഞു. ഇന്ത്യ എന്ന ചട്ടക്കൂടില്‍ അവരെ വൈകാരികമായി കൊണ്ടുവരാൻ വിഭജനാനന്തര തെക്കനേഷ്യയോ, ഇന്ത്യാ സര്‍ക്കാരോ ഒരു ശ്രമവും നടത്തിയില്ല എന്നത് പ്രകടമായ കാര്യമാണ്. നെഹ്‌റു ഇന്ത്യ ഭരിച്ച ആദ്യ ദശകങ്ങളിൽ അവരുടെ അന്യതാ ബോധത്തിന് ആഴം കൂടുകയാണ് ചെയ്തത്.

ഇന്ത്യയില്‍ നിന്നുള്ള അന്യവല്‍ക്കരണം പക്ഷെ അവരെ മതമൌലിക വാദത്തെ പുണരാന്‍ പ്രേരിപ്പിച്ചില്ല. നിരവധി പാക്കിസ്താന്‍കാരും ഐ എസ്സ് ഐ യും പാക് സൈന്യത്തിലെ ഒരു വിഭാഗവും ചേര്‍ന്ന് അവിടെ കൊടി നാട്ടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ ഇസ്ലാമിന്റെ  (political Islam)  തീവ്രവാദ രൂപം അവരെ ആകര്‍ഷിച്ചില്ല. മൌലികവാദ ആശയങ്ങള്‍ കാശ്മീരിൽ വേര് പിടിച്ചില്ല. കാരണം അവരുടെ തനതു സംസ്കാരവും ജീവിതവും അത്ര ശക്തമായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ പാക് അനുകൂലികൾ ആണെന്ന പ്രചരണം തെറ്റുമാണ്. ഗീലാനി എന്ന രാഷ്ട്രീയ നേതാവ് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ ഇസ്ലാം എന്ന നിലപാട് അവിടെ ഏറെ പേരൊന്നും അംഗീകരിക്കുന്നില്ല. ഗീലാനിയുടെ സ്വാധീനം അവിടെ ദീര്‍ഘനാൾ പ്രവര്‍ത്തിച്ചതിന്റെ ഫലം മാത്രമാണ്. ആശയത്തോടുള്ള ജനപിന്തുണയല്ല. മൌദീദിയില്‍ നിന്ന് ഉള്‍ക്കൊണ്ട ആ ആശയത്തിന് സിയാ ഉല്‍ ഹക്ക് പാകിസ്താന്‍ ഭരിച്ചിരുന്നപ്പോൾ കുറെ സ്വാധീനം ഉണ്ടായിരുന്നു. പക്ഷെ കാശ്മീര്‍ ആ ആശയം ഏറ്റെടുത്തില്ല. അത് കൊണ്ട് ഖിലാനി ഒരു രാഷ്ട്രീയ ശബ്ദമെന്ന നിലയില്‍ പ്രസക്തനാണെങ്കിലും ആ ആശയം വേരുറയ്ക്കുന്ന മണ്ണിലല്ല അദ്ദേഹം വിതച്ചത്.

ഈ രംഗത്തെ പുതിയ ശബ്ദങ്ങള്‍ ആരുടെതൊക്കെ ആണ്
മിര്‍വായിസ് വലിയ പ്രതീക്ഷ ഉണര്‍ത്തി വന്നു മുനിഞ്ഞു കത്തുന്ന ഒരു വെളിച്ചമാണ്. യഥാർത്ഥത്തില്‍ കാശ്മീരിൽ രാഷ്ട്രീയശബ്ദം ഉയരുന്നത് ഇന്ത്യാ ഗവണ്മെന്റ് തടയുകയാണ്. അല്ലെങ്കില്‍ ആജ്ഞാനുവര്‍ത്തികളെ മാത്രം പ്രോത്സാഹിപ്പിക്കുന്നു എന്നും പറയാം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇന്റലിജെന്‍സ് ഫണ്ട് നല്‍കുന്നുണ്ട്. പല ലേഖകര്‍ക്കും മാധ്യമങ്ങള്‍ക്കും എഴുത്തുകാര്‍ക്കും ഫണ്ട് നല്‍കുന്നുണ്ട്. അതൊരു മലീമസമായ രംഗമാണ്.

2009 അവസാനം ഞാനന്ന് ഇന്ത്യയിലുണ്ടായിരുന്നു കശ്മീരിലാകെ കാണപ്പെട്ട കൂട്ടശവക്കല്ലറകളെക്കുറിച്ചുള്ള ഒരു റിപ്പോർട്ടുണ്ടായിരുന്നു അടക്കം ചെയ്യപ്പെട്ട തെളിവുകൾ എന്ന പേരിൽ. ആയിരക്കണക്കിനു കാശ്മീരികളെ കാണാതായിരുന്നു. ഈ റിപ്പോർട്ട് ആകെത്തന്നെ അപ്രത്യക്ഷമായി  എന്നത് വിചിത്രമാണു. അതേക്കുറിച്ച് ചർച്ചകളൊന്നും തന്നെയുണ്ടായില്ല.
ഞങ്ങളിൽ ചിലരെല്ലാം ഈ വിഷയത്തെപ്പറ്റി എഴുതുന്നുണ്ട്. മൂവായിരത്തോളം ശവശരീരങ്ങൾ കണ്ടെടുക്കുന്നത് ലോകത്ത് മറ്റെവിടെയായിരുന്നാലും പ്രക്ഷുബ്ദ്ധമായ ഒരു വാർത്തയായേനെ എന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. നീണ്ട നാളുകൾ അത് തന്നെ തലക്കെട്ടാകുകയും ചർച്ചയാകുകയും ചെയ്തേനെ. പക്ഷേ നാം കാശ്മീരിലാണു. എല്ലാ തെളിവുകളുമുണ്ട്. പരക്കെ ബഹുമാനിക്കപ്പെടുന്ന മനുഷ്യാവകാശപ്രവർത്തകർ കൃത്യമായി അവ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്, സമർത്ഥിച്ചിട്ടുണ്ട്, അവ സത്യങ്ങളാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രതികരണവുമുണ്ടായില്ല. ഗവണ്മെന്റ് അതേക്കുറിച്ച് സംസാരിക്കാനുള്ള ഉത്തരവാദിത്തം തങ്ങൾക്കില്ല എന്നതരം നിലപാടാണെടുത്തത്. പല മനുഷ്യാവകാശ സംഘടനകളുടെയും റിപ്പോർട്ടുകളും  അഭ്യർത്ഥനകളുമുണ്ടായി. നിശബ്ദതയായിരുന്നു മറുപടി. ഇങ്ങനെയാണു നാം കശ്മീരിന്റെ കാര്യത്തിൽ പുലർത്തുന്ന നിശബ്ദത എന്ന ഗൂഢാലോചനയുടെ പങ്ക് പറ്റുന്നത്. അന്താരാഷ്ട്ര ഗവണ്മെന്റുകളും മാധ്യമങ്ങളും ഇന്ത്യൻ ടെലിവിഷൻ ചാനലുകളും പത്രങ്ങളുമെല്ലാം അതിൽ പങ്കാളികളാകുന്നു. അതിർത്തിയിൽ പട്ടാളക്കാർ കൊല്ലപ്പെടുന്നത് വലിയ വാർത്തയാകുമ്പോഴും ഇതൊന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ഇതെല്ലാം സാധാരണസംഗതികളാണു എന്ന മട്ട് വന്നിട്ട് വളരെക്കാലമായിരിക്കുന്നു.

പങ്കജ് പറഞ്ഞ പോലെ അതിര്‍ത്തിയിൽ വീണ്ടും ഏറ്റുമുട്ടലുകൾ ഉണ്ടാവുന്നു, സൈനികര്‍ കൊല്ലപ്പെടുന്നു. ഇരുവശവും കടുത്ത വാഗ്വവാദം നടത്തുന്നു. ഇതു രണ്ടും സാധാരണ രാഷ്ട്രങ്ങള്‍ അല്ലെന്നു നാം ഓര്‍ക്കണം. ഇരുരാഷ്ട്രങ്ങളും ആണവ ശക്തികളാണ്. കാശ്മീരില്‍ ഇരു രാഷ്ട്രങ്ങളും പലതവണ യുദ്ധത്തിൽ ഏര്‍പ്പെട്ടു. ഇവിടെ ആപത്തു തീവ്രമാണ്.
ശരിയാണ്. ഇപ്പോള്‍ ജപ്പാനും ചൈനക്കും ഇടയ്ക്കുള്ള പസഫിക് ദ്വീപുകളുടെ പേരില്‍ അവർ നടത്തുന്ന തര്‍ക്കത്തിൽ ലോകം ആകുലരാണു. ചൈന ഒരു ആണവ ശക്തിയാണ്. ജപ്പാന് അതില്ല. പക്ഷെ സൌത്ത് ഏഷ്യയിലെ ഈ തര്‍ക്കം തുടര്‍ന്നാൽ ജപ്പാനും ആണവ ബോംബ് ഉണ്ടാക്കേണ്ടി വരും. അത് കാര്യമായ ആശങ്ക ജനിപ്പിക്കുന്ന ഒന്നാണ്. ഇന്ത്യക്കും പാക്കിസ്ഥാനും ഇപ്പോള്‍ തന്നെ ആണവായുധമുണ്ട്. ഇവര്‍ തമ്മിൽ പലതവണ വലിയ യുദ്ധങ്ങൾ നടന്നു. ഇരുവശത്തും തീവ്രനിലപാടുകൾ ഉള്ളവരുണ്ട്. ഇരുവശത്തും അക്രമാസക്തമായ മാധ്യമങ്ങളുണ്ട്. ചെറിയ തീപ്പോരികളിൽ നിന്ന് വലിയ യുദ്ധങ്ങൾ എങ്ങിനെ പൊട്ടിപുറപ്പെടുന്നു എന്നതിന് ചരിത്ര തെളിവുകൾ ചരിത്രത്തിലുണ്ട്. യുദ്ധത്തിനു  ഇത്തരത്തില്‍ യുക്തിരഹിതമായ ഒരു ചലനാത്മകതയുണ്ട്.

കാശ്മീരില്‍ കാണുന്ന മറ്റൊരു വിശേഷത അര്‍ദ്ധ വിധവകഎന്നൊരു വിഭാഗമാണ്‌. കുടുംബനാഥൻ നഷ്ടപ്പെട്ട നിരവധി സ്ത്രീകള്‍ അവിടുണ്ട്. അച്ഛന്‍, സഹോദരന്‍, ഭര്‍ത്താവ്, മകന്‍.. അങ്ങിനെ …… അവർ അപ്രത്യക്ഷരായിരിക്കുന്നു. ഇന്ത്യാ ഗവണ്മെന്റ് പറയുന്നത് അവർ പാക്കിസ്ഥാനിലേക്ക് പോയി എന്നാണു. ആ സ്ത്രീകള്‍ സാമ്പത്തികവും വൈകാരികവുമായ ചുഴിയിലാണ്.
ഞാനാദ്യം കാശ്മീരില്‍ റിപ്പോര്‍ട്ടറായി എത്തുമ്പോള്‍ ഒരു കാശ്മീരി ജേർണലിസ്റ്റിനോട് ഇക്കാര്യം ചോദിച്ചു. ഇത്തരത്തിലുള്ളവരെ കാണാന്‍ എന്താണ് വഴി എന്ന് ഞാൻ ചോദിച്ചു. “ഏതു വീട്ടുവാതിലില്‍ മുട്ടിയാലും കാണാം”… അദ്ദേഹം പറഞ്ഞത് ഏറെക്കുറെ ശരിയാണ്. ശരീരത്തില്‍ പലവിധ മാരക മുറിവുകളുമേറ്റവര്‍ ഇപ്പോഴും അതിന്റെ മാനസികാഘാതത്തില്‍ നിന്ന് മുക്തരല്ല. അവര്‍  ദീര്‍ഘനാൾ വല്ലാത്ത ഒരു മുറിവുമായി ജീവിച്ച സമൂഹമാണ്. പലവിധ ദുര്‍ഘടങ്ങൾ അവർ നേരിടുന്നു.

ഈ അധിനിവേശം (?) ഇന്ത്യയില്‍ മനുഷ്യാവകാശത്തിന്റെയും സിവിൽ അവകാശങ്ങളുടെയും തലത്തില്‍ ഉണ്ടാക്കിയ അനുഭവം എന്താണ്?
കോളനിവല്‍ക്കരണവും സൈനികവല്‍ക്കരണവും ഇരകളെ മാത്രമല്ല വേട്ടക്കാരനെയും കൂടുതൽ മൃഗീയരാക്കുന്നു. ഈയർത്ഥത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥയും ബൌദ്ധിക കാലാവസ്ഥയും ജീർണ്ണിക്കുകയാണ്. സൈന്യം അവരുടെ നിയന്ത്രണമില്ലാത്ത അധികാരങ്ങളും അതിനുള്ള നിയമ സുരക്ഷയും ആസ്വദിക്കുകയാണ്. മധ്യേന്ത്യയില്‍ മാത്രമല്ല നഗരങ്ങളിൽ പോലും പട്ടാളം ഈയവസ്ഥയിലാണ് പെരുമാറുന്നത്. സര്‍വ്വ മേഖലകളിലും ഇതിന്റെ പ്രതിഫലനങ്ങൾ കാണാം. ദില്ലിയില്‍ ഈയിടെ നടന്ന കൂട്ട ബാലാൽസംഗം ഒരുദാഹരണമാണ്. പോലീസിന്റെയും സൈന്യത്തിന്റെയും അത്യാചാരങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക്‌ യാതൊരു നിയമപരിരക്ഷയും ഇല്ല താനും. ഇതിന്റെ ആഘാതങ്ങള്‍ നമുക്ക് പല മേഖലകളിലും കാണാം. രാഷ്ട്രീയ കാലാവസ്ഥ വിഷലിപ്തമായിരിക്കുന്നു. സൈന്യം അരാഷ്ട്രീയസംവിധാനം ആണെന്നാണ്‌ വെപ്പ്. സൈനിക മേധാവികള്‍ മുമ്പൊന്നും ഇന്നത്തെ പോലെ അഭിമുഖങ്ങളിൽ വന്നിരുന്നില്ല. ഇന്ന് കാശ്മീരിലോ മറ്റെവിടെയെങ്കിലുമോ ഒരു സംഘര്‍ഷം ഉണ്ടായാൽ സൈനിക തലവൻ നിരവധി അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ സൈന്യത്തിന് കിട്ടുന്ന ഈ പ്രാധാന്യം വല്ലാതെ അസ്വാസ്ഥ്യം ഉണ്ടാക്കുന്ന ഒന്നാണ്. കാശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ ഉത്തരവ് അവിടുത്തെ സൈനിക കമാൻഡര്‍മാര്‍ക്ക് മറികടക്കാൻ അധികാരമുണ്ട്.. ഇത് ചൂണ്ടികാണിക്കുന്നത് അവിടുത്തെ രാഷ്ട്രീയ കാലാവസ്ഥ എത്രമാത്രം അഴുകിയിരിക്കുന്നു എന്നാണു. ഇന്ത്യയുടെ പല ഭാഗത്തും ഈയനുഭവം കാണാം എന്ന് ഞാന്‍ കരുതുന്നു. സൈന്യവല്‍ക്കരണത്തിന്റെ നേരിട്ടുള്ള ഫലം.

എല്ലാ അധിനിവേശങ്ങള്‍ക്കും നാട്ടുകാരുടെ ഒരു സംഘം കങ്കാണികളായി ഉണ്ടാവും . അള്‍ജീരിയയിൽ നിന്ന് ഫ്രാന്റ്സ് ഫാനോൻ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്. കാശ്മീരില്‍ ആരാണിവര്‍?
അവരില്ലാതെ ദീര്‍ഘനാൾ ഒരു അധിനിവേശം തുടരാനാവില്ല. കാശ്മീരിലെ അത്തരം കങ്കാണി വിഭാഗത്തോട് എനിക്ക് സഹതാപം ചേര്‍ന്ന ഒരു സമീപനമാണുള്ളത്. കാരണം അവര്‍ക്ക് തെരഞ്ഞെടുക്കാന്‍ ഒരുപാട് സാധ്യതകളൊന്നുമില്ല. കലുഷമല്ലാത്ത ഒരു ദിനം ദിന ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും കടുത്ത വഴികൾ സ്വീകരിക്കേണ്ടി വരും. അവിടെ ജീവിതം എല്ലാ തരത്തിലും താറുമാറാണ്. അതുകൊണ്ട് ഈ വിഷയം ആപേക്ഷികമായേ പരിഗണിക്കാനാകൂ. അപ്പോള്‍ നാം ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുന്നു. നീണ്ടു നില്‍ക്കുന്ന പ്രതിരോധത്തിന് പ്രാദേശികവും വൈദേശികവുമായ തുണ കൂടിയേതീരൂ. അവിടെയും നിങ്ങള്‍ ധാര്‍മ്മികമായ അപച്യുതിക്ക് പഴി കേള്‍ക്കേണ്ടി വരും. ഇത്തരം സന്ദര്‍ഭങ്ങളിൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും. പലപ്പോഴും നമുക്കതിനെ അഭിനന്ദിക്കാന്‍ കഴിയില്ല. മനസ്സിലാക്കാന്‍ കഴിയും.

താഴ്വര മുഴുവൻ ഇപ്പോൾ പട്ടാളബാരക്കുകളും നിരീക്ഷണടവറുകളും തടങ്കലുകളുമൊക്കെയായി മാറിയിരിക്കുന്നു. ഹിന്ദു മതചിഹ്നങ്ങളും മുദ്രാവാക്യങ്ങളും ഇവയിൽ പലതിന്റെയും ചുവരുകളിൽ ഞാൻ കണ്ടിരുന്നു. ഈ അധിനിവേശത്തെ മുന്നോട്ടുകൊണ്ടുപോകുന്ന സംവിധാനത്തിൽ ഹിന്ദു ദേശീയതയും പങ്കാളികളാണോ?
ഞാൻ മുൻപു പറഞ്ഞതുപോലെ ഹിന്ദു ദേശീയത എന്ന ആശയം ഇന്ത്യയുടെ വഴി തന്നെ മാറ്റിയിട്ടുണ്ട്. ഇത് ആരും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. മതേതരമായിരുന്ന സൈനികസംവിധാനങ്ങൾ ഹൈന്ദവ ദേശീയതാവാദികൾ അധികാരത്തിലിരുന്ന കാലത്ത് മുൻപൊരിക്കലും ഇല്ലാത്തവിധം കാവിവൽക്കരിക്കപ്പെട്ടു. അതിനാൽ സൈന്യത്തിലും ഹൈന്ദവദേശീയതയുടെ അംശങ്ങളുണ്ട്. മുംബയിൽ തീവ്രവാദവുമായി ബന്ദപ്പെട്ട് ഒരു ആർമി ഓഫീസർ  പിടിയിലായത് അതിന്റെ സൂചനയാണു. ഭാരതമാതാവിനെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്ന മുദ്രാവാക്യങ്ങൾ ഹിന്ദു ദേശീയതയുടെ പരിപ്രേക്ഷ്യത്തിലായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നത്  എന്നെ ഇപ്പോൾ അമ്പരപ്പിക്കുന്നില്ല.

23-കാരിയായ ഒരു വിദ്യാർഥിനിയുടെ ബലാൽസംഗവും അതിക്രൂരമായ കൊലപാതകവും ഇന്ത്യയിലും ലോകമ്പെമ്പാടും തന്നെ വലിയ ശ്രദ്ധയായിട്ട് ഒരുപാടായില്ല. എന്നാൽ ഇവിടെയും കാശ്മീർ മാറ്റി നിർത്തപ്പെടുന്നു. ഉദാഹരണത്തിനു 1990-കളിൽ കുനൻ പൊഷ്പോറ ഗ്രാമങ്ങളിൽ നിരവധി കശ്മീരി സ്ത്രീകളെ ഇന്ത്യൻ പട്ടാളം കൂട്ടബലാൽസംഗത്തിനു ഇരയാക്കിയ സംഭവം. ഇന്നുവരെ അത് സംബന്ധിച്ച് അറസ്റ്റുകളോ അന്വേഷണങ്ങളോ ഉണ്ടായിട്ടില്ല. സമാനമായ പല സംഭവങ്ങളുമുണ്ട്. പട്ടാളത്തിനു  മുഴുവനായും നിയമങ്ങൾക്കപ്പുറത്താണു.
നമ്മിൽ പലരും തിരിച്ചറിയേണ്ടുന്ന ഒന്നാണിത്. ദില്ലിയിൽ ആ പെൺകുട്ടിക്ക് സംഭവിച്ചത് ഒറ്റപ്പെട്ടതല്ല. കശ്മീരിലെയും  വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും അനേകം സ്ത്രീകൾ ബലാൽസംഗത്തെ ഭീഷണമായ ഒരു ആയുധമായി ഉപയോഗിക്കുന്ന  അത്തരം അനുഭവങ്ങൾ പങ്കുവയ്ക്കുന്നവരാണു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ധീരരായ സ്ത്രീകൾ ഇവയ്ക്കെതിരെ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. എന്നിട്ടും അതൊന്നും ഇന്ത്യയെ സംബന്ധിച്ചുള്ള ദേശീയമായതോ അന്തർദേശീയമായതോ ആയ ചർച്ചകളിലേക്കൊന്നും വന്നില്ല. ഈ സംഭവത്തെതുടർന്ന് നിരവധി ഇന്ത്യക്കാർക്കുണ്ടായ അമർഷവും നിരാശയും കാശ്മീരിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും സമാനമായ ദാരുണസംഭവങ്ങളെയും കൂടി കണ്ണുതുറന്ന് കാണാൻ പ്രേരിപ്പിക്കും എന്ന് ഞാൻ പ്രത്യാശിക്കുന്നു.

പലരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണത്  – ഇന്ത്യ ലോകത്തെ ഏറ്റവുമധികം മുസ്ലീം ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണു. ഏകദേശം 200 മില്യൺ എന്നാണെനിക്ക് തോന്നുന്നത്. അവരുടെ ക്രിക്കറ്റ് താരങ്ങൾ, ബോളിവുഡ് സെലിബ്രിറ്റികൾ, വിദേശകാര്യമന്ത്രി, പല മുൻ പ്രസിഡന്റുമാർ എന്നിവരൊക്കെ മുസ്ലിങ്ങളായിരുന്നു. എന്നാൽ അതിനു സമാന്തരമായ ഒരു വഴിയിൽ  ബാബറി മസ്ജിദും ബോംബെയിലെയും ഗുജറാത്തിലെയുമൊക്കെ കൂട്ടക്കൊലകളും. എന്താണു ഇന്ത്യൻ മുസ്ലീമുകളുടെ അവസ്ഥ?
അതിപ്പോൾ മനോവീര്യം നഷ്ടപ്പെട്ട, വിഷണ്ണരായ ഒരു ന്യൂനപക്ഷമാണു. സാമ്പത്തികമായി നോക്കിയാൽ വികസനത്തിന്റെ എല്ലാ ഇൻഡക്സുകളിലും അവർ ഒട്ടേറേ പിന്നിലാണു.

ഭരണകൂടം അവരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുന്നില്ല?
ഗവണ്മെന്റ് മുസ്ലീം ന്യൂനപക്ഷത്തെ അവഗണിക്കുകയാണു. മറ്റൊരുകാര്യം സ്റ്റേറ്റ്  ഭൂരിപക്ഷം എന്ന് പറയപ്പെടുന്ന വിഭാഗങ്ങളോടും ഇതേ നിലപാടുതന്നെയാണു പിന്തുടരുന്നത്. എങ്കിലും ഹിന്ദു ദേശീയത ശക്തിയാർജ്ജിക്കുകയും ബിജെപി, ആർ എസ്സ് എസ്സ് എന്നിവ ഇന്ത്യൻ രാഷ്ട്രീയത്തിലെ ശക്തസാന്നിധ്യങ്ങളായിത്തീരുകയും ചെയ്തതോടെയാണു മുസ്ലീം വിഭാഗം പാടേ പാർശ്വവൽക്കരിക്കപ്പെടുകയും അവർക്ക് മുൻപുണ്ടായിരുന്ന രാഷ്ട്രീയമായ ശബ്ദം പോലും നഷ്ടപ്പെട്ടതെന്നുമാണു ഞാൻ കരുതുന്നത്. അവർ പല രാഷ്ട്രീയക്കാർക്കും വോട്ടുബാങ്കുകൾ മാത്രമാണു. അവർക്കായുള്ള പല പദ്ധതികൾ പോലും രാഷ്ട്രീയപാർട്ടികൾ തകർത്തുകളയുന്നു. ആ വിഭാഗത്തിനു മൊത്തത്തിലുള്ള വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പുതിയ സേവനാധിഷ്ഠിത സാമ്പത്തികവ്യവസ്ഥയുടെ ആനുകൂല്യങ്ങൾ പറ്റുന്നതിൽ നിന്നും അവരെ തടയുകയും ചെയ്യുന്നു. അതിനാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്തെ സാമ്പത്തികവളർച്ചയുടെ ഫലം പങ്കുപറ്റാൻ ഭൂരിപക്ഷം മുസ്ലീം വിഭാഗത്തിനും കഴിഞ്ഞിട്ടില്ല.

പാക്കിസ്താൻ സ്പോൺസർ ചെയ്യുന്ന തീവ്രവാദി ജിഹാദികളാണു തങ്ങൾ എന്ന ആരോപണങ്ങളെയെല്ലാം കാറ്റിൽ പറത്തി 2008, 2009, 2010 വർഷങ്ങളിൽ നൂറായിരക്കണക്കിനു കാശ്മീരികൾ സമാധാനപരമായ റാലികളുമായി തെരുവിലിറങ്ങിയത് താഹിർ സ്ക്വയറിനു മുൻപുണ്ടായ താഹിർ സ്ക്വയർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. അതിനെ ഇന്ത്യൻ ഭരണകൂടവും മാധ്യമങ്ങളും എങ്ങനെയാണു  വ്യാഖ്യാനിച്ചത്? പലരും അതേക്കുറിച്ച് പാടെ അജ്ഞരാണു എന്നത് കൗതുകകരമാണു.
അതെ. കൗതുകരമാണു അതിന്റെയും തമസ്കരണം. ഞാൻ കാശ്മീരിനെക്കുറിച്ച് എഴുതിത്തുടങ്ങിയ കാലത്ത് ഇന്ത്യൻ ലിബറലുകൾ പറഞ്ഞിരുന്ന ഒരു വാദമുണ്ട്. കാശ്മീരികൾ അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും വഴികൾ ഉപേക്ഷിച്ച് വലിയ എണ്ണത്തിൽ സമാധാനപരമായ റാലികളുമായി തെരുവിലിറങ്ങിയാൽ ഇന്ത്യ മറുപടിയില്ലാത്ത ഒരു ധാർമ്മികസങ്കടത്തിൽ അകപ്പെടും എന്നതായിരുന്നു അത്. അനേകം കാശ്മീരികൾ അത്തരം പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയപ്പോൾ അതാണുണ്ടായത്. കശ്മീരിലെ പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നും നുഴഞ്ഞുകയറ്റം തീർത്തും ഇല്ലാതായെന്നും തീവ്രവാദത്തെ ഉന്മൂലനം ചെയ്തുവെന്നും  ഇന്ത്യൻ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നത് വിശ്വസിച്ചിരിക്കുകയായിരുന്നു ബഹുഭൂരിപക്ഷം ഇന്ത്യക്കാരും. പൊടുന്നനെയാണു കശ്മീർ യുവത സമാധാനപരമായ പ്രതിഷേധങ്ങളുമായി തെരുവുകളിലേക്കിറങ്ങിയത്.

അല്പനാളത്തേയ്ക്ക് ആ വാർത്തകൾ പത്രങ്ങളുടെ മുൻപേജിൽ  പ്രത്യക്ഷപ്പെട്ടു. എന്നാൽ ഉടനടി പ്രചരണസംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കാൻ ആരംഭിക്കുകയും ആ പ്രതിഷേധങ്ങളെല്ലാം അതിർത്തിക്കപ്പുറത്തു നിന്നും ഐ എസ് ഐ നിയന്ത്രിക്കുന്നതാണെന്നും മട്ടിലുള്ള വാർത്തകളുമായി ഇന്ത്യൻ മാധ്യമങ്ങൾ കളം നിറയുകയും ചെയ്തു. അത്ര വലുതും പൊടുന്നനെയുണ്ടായതുമായ കശ്മീർ ജനതയുടെ പ്രതിഷേധത്തിന്റെ പ്രകടനങ്ങൾ പോലും പാക്കിസ്താൻ അനുകൂലവും പാക്കിസ്താന്റെ സഹായത്തോടെ ഇന്ത്യയ്ക്കെതിരെ നടക്കുന്നവയാണെന്നും ചിത്രീകരിക്കപ്പെട്ടു. അങ്ങനെയാണു അടിസ്ഥാനപരമായി അവയെല്ലാം നിന്നുപോയത്.

ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിൽ എത്തി അലഞ്ഞു തിരിഞ്ഞു ജീവിക്കുന്നവർ, വേരില്ലാത്തവര്‍ തുടങ്ങി താങ്കള്‍ പലവിഭാഗങ്ങളെ കുറിച്ച് പറയുന്നുണ്ടല്ലോ.
ഇത്തരം രോഷവും വെറുപ്പും അസംതൃപ്തിയും ഏതു തരത്തിലുമുള്ള സ്വേച്ഛാധികാരക്രമത്തിനുമുള്ള അവസരം സൈന്യത്തിന് നല്‍കുന്നു. ഒരു സ്വേച്ഛാധികാര ഭരണക്രമം വരുന്നതിനുള്ള എല്ലാ ക്ലാസിക് ലക്ഷണങ്ങളും അതിനു മുന്‍പ് ദൃശ്യമാവുന്ന അവസ്ഥകളും ഇന്ന് ഇന്ത്യയിൽ പ്രകടമാണ്. കുപിതരായ കീഴാളരുടെ സാന്നിധ്യം അതിലൊന്നാണ്. വരേണ്യ ഭരണവിഭാഗത്തിനു അതിവേഗം സാധുത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒരു ദേശീയ പദ്ധതിയും ഇല്ല. അതെല്ലാം ചിന്നഭിന്നമായിരിക്കുന്നു. വ്യാപകമായ രോഷം എങ്ങും ദൃശ്യമാണ്. സ്വേച്ഛാധിപത്യ പ്രവണത വളരാന്‍ കാരണവുമിതാണ്. സാമ്പത്തികവും – സാമൂഹികവുമായി ഇങ്ങനെ അധഃസ്ഥിതരായവരെ ഉപയോഗിച്ചാണ് അത് നടപ്പാവുന്നത്. മുംബൈയില്‍ ബാല്‍താക്കറെ ഇതിനു ഉദാഹരണമായിരുന്നു. അതിന്റെ അല്‍പ്പം കുറഞ്ഞ രൂപം നമുക്ക് മമതാ ബാനര്‍ജിയിൽ കാണാം. അവര്‍ വളരെ ഫലപ്രദമായി ഭീതിയുടെ രാഷ്ട്രീയം ഉപയോഗിക്കുന്നു. ഇവരെപോലുള്ളവരായിരിക്കും ഭാവിയില്‍ ഇന്ത്യ ഭരിക്കുക എന്ന് ഞാൻ സംശയിക്കുന്നു.

ജലവിഷയത്തിന്റെ പ്രാധാന്യം കാശ്മീര്‍ പ്രശ്നത്തിൽ എന്താണ്? കാശ്മീർ ഇന്ത്യയുടേത് തന്നെ ആക്കി നിലനിര്‍ത്താൻ ഇതൊരു കാരണമാണോ?
അതൊരു പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട് എന്നാണു കരുതേണ്ടത്. ജലം അവിടെ മാത്രമല്ല, ഏഷ്യയില്‍ ആകെ തന്നെ ഒരു പ്രതിസന്ധി ആകാൻ പോകുകയാണ്. ചൈന ടിബറ്റില്‍ ബ്രഹ്മപുത്രയില്‍ അണ കെട്ടുകയാണ്. അത്തരത്തിലുള്ള തര്‍ക്കങ്ങൾ ഇന്ത്യാ – പാക് ബന്ധത്തിലുമുണ്ട്. ഇൻഡസ് ജലകരാര്‍ ആയിരുന്നു ഇന്ത്യാ – പാക് ബന്ധത്തിലെ തെളിമയുള്ള ഏക ഭാഗം. അതും തകരുകയാണ്. പാക്കിസ്ഥാനില്‍ ഇപ്പോൾ പുതിയൊരു ട്രെന്‍ഡ് കാണാം. വരള്‍ച്ചക്ക് കാരണം, പ്രളയത്തിനു കാരണം, പട്ടിണിക്ക് കാരണം – ഒക്കെ ഇന്ത്യയാണ് എന്നാണവിടെ പ്രചാരണം. കാശ്മീര്‍ പിടിച്ചെടുക്കാൻ കഴിയാതെയും നാളിതുവരെ ഇന്ത്യൻ സേനക്ക് മേല്‍ വിജയം നേടാനാകാതെയും കുഴയുന്ന ഭരണ വര്‍ഗത്തിന് ജനങ്ങളെ പിടിച്ചു നിര്‍ത്താൻ കിട്ടിയ ഒരു ലോട്ടറി ആണ് ഇന്ത്യ തങ്ങളെ ചതിക്കുന്നു എന്ന പ്രചാരണം. അത് ജലത്തിന്റെ കാര്യത്തിലാണ് ഇപ്പോള്‍ നടക്കുന്നത്. ഇനി ഇരുരാജ്യങ്ങളും തമ്മിലുള്ള ഗൌരവമാര്‍ന്ന പ്രശനം ഇതായിരിക്കും എന്ന് വേണം കരുതാന്‍.

കാശ്മീരില്‍ ഇനി എന്ത് സംഭവിക്കും എന്നാണു താങ്കൾ കരുതുന്നത്? അധിനിവേശം അനന്തമായി നീളുമെന്നോ?
അസാധ്യം എന്ന് ഞാൻ കരുതുന്നു. ആത്യന്തികമായി അത് നിലനില്‍പ്പുള്ള ഒന്നല്ല എന്ന് പറയാന്‍ കാരണം അത് ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നു എന്നതുകൊണ്ടാണ്. അത് സംഭവിച്ചു കഴിഞ്ഞു. അധിനിവേശത്തിന്റെ അസ്ഥികൂടം അവിടെ നിലനിര്‍ത്താൻ കഴിഞ്ഞേക്കും. ഇന്ത്യക്ക് വലിയ സൈന്യം ഉണ്ടല്ലോ. പക്ഷെ അത് മറ്റു രീതിയിൽ തിരിച്ചടിക്കും. മാത്രമല്ല അതിനു കൊടുക്കുന്ന വില വളരെ വലുതാണ്‌. സിവില്‍ – മനുഷ്യാവകാശങ്ങള്‍ക്കു അതേല്‍പ്പിക്കുന്ന ച്യുതി, സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ള വൻചിലവ്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിക്ക് ഉണ്ടാകുന്ന ക്ഷതം… ഇതൊക്കെ താരതമ്യത്തില്‍ വളരെ വലുതാണ്‌. ആ ചിലവ് നാം തുടരുകയാണെങ്കില്‍ കൂടുതല്‍ അക്രമങ്ങൾ ഉണ്ടാവുകയെയുള്ളൂ. കാശ്മീരിൽ മാത്രമല്ല, രാജ്യത്താകെത്തന്നെ. ഒപ്പം കൂടുതല്‍ അടിച്ചമര്‍ത്തലും സ്വേച്ഛാഭരണവും. ഈയർത്ഥത്തിലാണ് ഞാന്‍ പറയുന്നത് അധിനിവേശം തുടരാന്‍ പ്രയാസമാണെന്ന്. അവിടെ പട്ടാളക്കാരെ ഇറക്കാന്‍ ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ട് എന്ന അർത്ഥത്തിലല്ല.

അപ്പോൾ ആസാദി അഥവാ സ്വാതന്ത്ര്യം ഇപ്പോഴും അകലെയാണ് …
അതെ. എന്താണ് ആസാദി എന്നും അത് ഏതു പരിപ്രേക്ഷ്യത്തില്‍ യാഥാർത്ഥ്യമാക്കാനാവുമെന്നും നാം ചിന്തിക്കേണ്ടതുണ്ട്. ആസാദിക്ക് ഒരു വ്യാഖ്യാനം മാത്രമല്ല ഉള്ളത്. പുറമേ നിന്ന് നോക്കുന്ന ഒരാള്‍ക്ക്‌ പറയാം അത് നടപ്പാക്കുക ഇന്നത്തെ സാഹചര്യത്തിൽ അസാധ്യമാണ് എന്ന്. കടുപ്പമാണത്. നാം കൂടുതല്‍ ഭാവനാപൂർണ്ണവും  അന്വേഷണാത്മകവുമായ ഒരു രീതിയില്‍ ആസാദി എന്നതിനെ കാണേണ്ടതുണ്ട്. മറ്റൊരു ദേശരാഷ്ട്രം ഉണ്ടാക്കലല്ല അത്. രണ്ടു രാഷ്ട്രങ്ങള്‍ക്കിടയിൽ ഏതു വിദേശ ശക്തിക്കും നുഴഞ്ഞു കയറാവുന്ന ഒരു ഇടത്താവളവുമല്ല.

കാശ്മീര്‍ പല ദേശീയതകളും ഗോത്രങ്ങളും മതങ്ങളും അടങ്ങിയ ഒരു സമൂഹമാണ്. അത് കൊണ്ട് ദേശീയ  സ്വയംനിര്‍ണയാവകാശം എന്നത് മറ്റൊരു വാര്‍പ്പുരീതിയിൽ ആവേണ്ടതുണ്ട്‌. ആസാദി എന്ന വിഷയം ഇത്തരം നിരവധി സങ്കീര്‍ണ്ണതകൾ തുറന്നിടുന്നുണ്ട്. പട്ടാള ഭരണം അവസാനിപ്പിക്കാനുള്ള ഒരു ഉപാധി എന്ന നിലയിൽ ഇത് കൊള്ളാം എന്ന് തോന്നാം. ഒരു രാഷ്ട്രീയ ബദലിനെ കുറിച്ച് അല്‍പ്പം കൂടി ആഴത്തിൽ നമ്മൾ ചിന്തിച്ചാൽ ഇന്നത്തേതിനേക്കാൾ ക്രിയാത്മകമായ ഒരു സമീപനം വേണ്ടതുണ്ട് എന്ന് കാണാം. ഇന്നത്തെ രീതിയാണ് ഇന്ത്യയെയും പാക്കിസ്ഥാനെയും കെണിയില്‍ പെടുത്തിയത്.

ഈ വിഷയത്തില്‍ ജനങ്ങള്‍ക്ക്‌ കൂടുതൽ അറിയാൻ ഏതൊക്കെ സ്രോതസ്സുകളാണ് നിര്‍ദേശിക്കാനുള്ളത്?
കാശ്മീരില്‍ നിന്നുള്ള പുതിയ എഴുത്തുകാർ. ബഷരത് പീര്‍, മിര്‍സ വഹീദ് തുടങ്ങിയവരുടെ പേര് നാം പറഞ്ഞു. സിദ്ധാര്‍ത്ഥ ജിഹൂ ശ്രദ്ധിക്കേണ്ട ഒരു യുവ നോവലിസ്റ്റാണ്. നിരവധി പേർ വരുന്നുണ്ട്. അവര്‍ അവരുടെ പുസ്തകങ്ങൾ എഴുതിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കാശ്മീരിന്റെ ഇന്നത്തെ യാഥാര്‍ത്ഥ്യം, അവിടുത്തെ രാഷ്ട്രീയ സാധ്യതകള്‍ എന്നിവയൊക്കെ കൃത്യമായി മനസ്സിലാക്കാൻ ഇവരെ വായിക്കണം. നാം കാശ്മീര്‍ പ്രശ്നത്തെക്കുറിച്ചുള്ള ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഔദ്യോഗിക ഭാഷ്യം അവഗണിക്കണം.

പങ്കജ് മിശ്ര ന്യൂയോര്‍ക്കർ, ഗാര്‍ഡിയൻ, ന്യൂയോര്‍ക്ക്‌ ടൈംസ്‌ ബുക്ക്‌ റിവ്യൂ എന്നിവയിൽ കോളമിസ്റ്റാണ്. Butter Chicken in Ludhiyana, Temptation, Ruins of Empire തുടങ്ങി നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
അമേരിക്കയിൽ ജേർണലിസ്റ്റും റേഡിയോ ബ്രോഡ്കാസ്റ്ററും Alternative Radio http://www.alternativeradio.org/ യുടെ സ്ഥാപകനുമാണു ഡേവിഡ് ബർസാമിയൻ. നോം ചോംസ്കിയുമായുള്ള അദ്ദേഹത്തിന്റെ അഭിമുഖപരമ്പര വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പരിഭാഷ: രവി വർമ്മ
Coordinated by Navamalayali Editor Americas, Jake Joseph

Comments

comments