ഹൈദരാബാദ് സെൻട്രൽ സർവ്വകലാശാലയിൽ യുദ്ധസമാനമായ അന്തരീക്ഷം. രോഹിത് വെമുല എന്ന ദളിത് വിദ്യാർഥിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരൻ എന്ന് ആരോപിക്കപ്പെട്ടവരിൽ പ്രധാനിയും അതുമായി ബന്ധപ്പെട്ട് എസ്.എസി – എസ്.ടി അട്രോസിടീസ് ആക്ട് പ്രകാരം കുറ്റം ചുമത്തപ്പെട്ടയാളുമായ വൈസ് ചാൻസലർ നീണ്ട നാൾ അവധിയിൽ പ്രവേശച്ചതിനു ശേഷമാണു വിദ്യാർഥിസമരം തണുത്തത്. രണ്ട് മാസമായപ്പോഴേക്കും ആ മരണത്തിന്റെ മുറിവുകൾ ഉണങ്ങും മുൻപെ കുറ്റാരോപിതനായ വൈസ് ചാൻസലർ അപ്പാ റാവു തിരികെ ചാർജെടുത്തതിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ടാണു സംഭവങ്ങൾ.
തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെയും അധ്യാപകരെയും കഴിഞ്ഞ ദിവസം പോലീസ് ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയമാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദ്യാർഥിനികളെ ബലാൽസംഗം ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയ പോലീസ് ജാതീയമായും ലിംഗപരമായും വ്യാപകമായി വിദ്യാർഥികളെ അധിക്ഷേപിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. വിദ്യാർഥികളും അധ്യാപകരുമടക്കം മുപ്പതിലധികം ആളുകൾ കസ്റ്റഡിയിലാണു. മർദ്ദനങ്ങൾക്കിരകളായ അനവധി വിദ്യാർഥികൾ ആശുപത്രികളിലാണു.
യൂണിവേഴ്സ്റ്റി അധികൃതർ വിദ്യാർഥികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണു. ക്യാമ്പസ്സിലെ മെസ്സുകളെല്ലാം അടച്ചിരിക്കുന്നു. കുടിവെള്ളവിതരണം നിർത്തലാക്കി. മറ്റാവശ്യങ്ങൾക്കായും വെള്ളം ലഭ്യമാക്കുന്നില്ല. വൈദ്യുതി, ഇന്റർനെറ്റ് കണക്ഷനുകൾ എന്നിവ കട്ട് ചെയ്തിരിക്കുന്നു. സാമ്പത്തിക ഇടപാടുകൾക്കായുള്ള യൂണിവേഴ്സിറ്റി ഡെബിറ്റ് കാർഡുകളും ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നതോടെ വിദ്യാർഥികളുടെ അവസ്ഥ ദയനീയമായിരിക്കുകയാണു. ക്യാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെയും വിലക്കിയിട്ടുണ്ട്. പൊലീസ് രാജ് പുറത്ത് അറിയാതിരിക്കാനുള്ള ആസൂത്രിതനീക്കമാണിതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു
മെസ്സുകൾ പ്രവർത്തനരഹിതമായതിനാൽ വിദ്യാർഥികൾക്കായി കൂട്ടായി പാചകം ചെയ്യാൻ ശ്രമിച്ച വിദ്യാർഥികളെയും പോലീസ് അതിൽ നിന്നു തടയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സാമ്പത്തിക ഇടപാടുകളും തടസ്സപ്പെടുത്തിയിരിക്കുന്നതിനാൽ ഭക്ഷണത്തിനു എന്ത് മാർഗ്ഗം അവലംബിക്കും എന്ന വൈഷമ്യതയിലാണു കുട്ടികൾ.
ഇത് നിയമവിരുദ്ധമായ പോലീസ് കസ്റ്റഡിയെക്കാളും ക്രൂരമാണെന്നും ഇത്തരത്തിൽ ദ്രോഹിക്കപ്പെടുകയും ബാഹ്യലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്ത വിദ്യാർഥികളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മാതാപിതാക്കൾ കോടതികളെ സമീപിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകയും എഴുത്തുകാരിയുമായ ജെ ദേവിക അഭിപ്രായപ്പെട്ടു.
സെമസ്റ്ററുകൾ അവസാനിക്കാറായതോടെ പരീക്ഷകൾ അടുത്ത സാഹചര്യത്തിൽ സാധാരണമട്ടിൽ മുന്നോട്ടുപോകവേയാണു ക്യാമ്പസിന്റെ സമാധാനാന്തരീക്ഷം തകിടം മറിച്ചുകൊണ്ട് അപ്പാ റാവു തിരികെയെത്തിയിരിക്കുന്നത്. ബിജെപി – ആർ എസ്സ് എസ്സ് ഗ്രൂപ്പുകളുടെ അനുഗ്രാഹിശിസുകൾ അപ്പാ റാവുവിനു വേണ്ടുവോളമുണ്ടെന്ന് രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങൾ തെളിയിച്ചിരുന്നു.
കൊടിയ വേനലിൽ ഹൈദരബാദിലെ താപനില നാൽപ്പത്തിയഞ്ച് ഡിഗ്രിയിലേറെ ഉയർന്ന സമയത്താണു കുടിവെള്ള വിതരണം തടസ്സപ്പെടുത്തുന്ന വിധമുള്ള പ്രതികാരനടപടികൾ സർവ്വകലാശാല അധികൃതർ കൈക്കൊണ്ടിരിക്കുന്നത്. ശത്രുരാജ്യവുമായ യുദ്ധമാണോ ഇത് എന്ന് വിദ്യാർഥികൾ ചോദിക്കുന്നു. യുദ്ധങ്ങളിൽ പോലും ഈ വിധം മനുഷ്യത്വഹീനമായ നടപടികൾ ഉണ്ടാവാറില്ല എന്നവർ ഓർമ്മിപ്പിക്കുന്നുമുണ്ട്. സർക്കാരുകളും രാഷ്ട്രീയപാർട്ടികളും അനീതികളെ പിന്തുണയ്ക്കുന്ന വിധത്തിൽ മൗനത്തിലാണെന്നും തങ്ങൾ ഒറ്റപ്പെടുകയാണെന്നും വിദ്യാർഥികൾ കരുതുന്നു. എങ്കിലും രോഹിത് വെമുലയ്ക്ക് നീതി ലഭിക്കാൻ തങ്ങളാൽ കഴിയുന്ന വിധം ചെറുത്തുനിൽക്കും എന്നാണു വിദ്യാർഥികൾ പറയുന്നത്. എത്ര പേരുടെ ചോരയൊഴുക്കിയും ശരീരങ്ങളിൽ ചവിട്ടിയുമായിരിക്കും അപ്പാ റാവു വൈസ് ചാൻസലർ കസേരയിൽ ഇരിക്കുക എന്ന അവരുടെ ചോദ്യം സമൂഹമനസാക്ഷിയെ അസ്വസ്ഥതപ്പെടുത്തേണ്ടതാണു.
Be the first to write a comment.