കവിയും ‘പപ്പിലീയോ ബുദ്ധ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനുമായ ജയൻ ചെറിയാന്റെ പുതിയ ചിത്രമാണു ‘ക ബോഡിസ്കേപ്സ്’. കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടീഷ് ഫിലിം ഇസ്റ്റിറ്റ്യൂട്ട് നടത്തിയ LGBT ചലച്ചിത്രമേളയായ ‘ഫ്ലേറി’ൽ ‘ക ബോഡിസ്കേപ്സ്’ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു. സമകാലീന കേരളത്തിന്റെ പശ്ചാത്തലത്തിൽ ശരീരത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഈ സിനിമയുമായി ബന്ധപ്പെട്ട്  എഴുത്തുകാരിയും കവിയും ആക്ടിവിസ്ടുമായ മീന കന്ദസാമി നവമലയാളിക്കു വേണ്ടി ജയൻ ചെറിയാനുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:
ചിത്രത്തിന്റെ ഫോട്ടോ ഗാലറി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മീന : ജയന്റെ സിനിമയുടെ വേൾഡ് പ്രീമിയറിനു പങ്കെടുക്കാൻ സാധിച്ചത്  വളരെ മനോഹരമായ അനുഭവമായിട്ടാണു ഞാൻ കരുതുന്നത്. ഒരുപാട് പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണു ഇതിനെത്തിയത്. സിനിമ കാണുമ്പോൾ അതിൽ ഞാൻ ആദ്യം ശ്രദ്ധിച്ചത്  ഈ സിനിമ ആൺ ശരീരത്തെ കാണിക്കുന്ന വിധമാണു. കാരണം ഇന്ത്യയിൽ അർദ്ധനഗ്നമായ ആൺ ശരീരങ്ങൾ നമ്മുടെ തൊഴിലിടങ്ങളിൽ പാടത്തും നിർമ്മാണത്തൊഴിലുകളിലുമൊക്കെ വ്യാപകമാണെങ്കിലും അതൊരിക്കലും നമ്മുടെ കലയിലോ സാഹിത്യത്തിലോ പ്രത്യക്ഷപ്പെടാറില്ല. നമ്മളതിൽ നിന്ന് ഒരു കൾച്ചർ കണ്ടെടുക്കുന്നതേയില്ല. എന്തുകൊണ്ടാണു ആൺശരീരത്തെ ഈ ചിത്രത്തിന്റെ മുഖ്യപ്രമേയമാക്കാൻ ജയൻ തീരുമാനിച്ചത്?
ജയൻ ചെറിയാൻ: ഈ സിനിമ കാണാനെത്തിച്ചേർന്നതിനു ആദ്യം തന്നെ നന്ദി പറയട്ടെ. മീന പറഞ്ഞത് ശരിയാണു. ഇന്ത്യയിൽ, കേരളത്തിൽ പ്രത്യേകിച്ചും, അർദ്ധനഗ്നമായ ആൺശരീരങ്ങൾ, മിക്കവാറും തന്നെ നമ്മുടെ തൊഴിലിടങ്ങളിലെ ഒരു നിത്യ കാഴ്ചയാണെങ്കിലും നമ്മുടെ കലയോ സാഹിത്യമോ സിനിമയോ അവയെ അങ്ങനെ കണ്ടിട്ടില്ല. കാരണം നമ്മുടെ കാഴ്ചയെല്ലാം അല്ലെങ്കിൽ നാം കഥയും കലയും പറയുന്നതെല്ലാം ആൺകണ്ണുകളോടെയാണു. പുരുഷാധിപത്യത്തിന്റെ ദൃഷ്ടികോണിൽ നിന്നുള്ള നമ്മുടെ  കാഴ്ചയിൽ നാം ആൺശരീരത്തെ ലൈംഗികവത്കരിക്കുന്നതിൽ നിന്നും വിട്ടു നിൽക്കുന്നു. വാസ്തവത്തിൽ ഈ സിനിമയിൽ ഞാൻ പുരുഷശരീരത്തെ ലൈംഗികമായ ഒന്നായി ചിത്രീകരിക്കുന്നില്ല. എങ്കിലും ഈ ചിത്രത്തിന്റെ മുഖ്യമായ പ്രമേയം ശരീരമാണു. അതിനെ പൊതുവിൽ കേരളത്തിന്റെ സമകാലികമായ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിക്കൊണ്ട്… ലൈംഗികത, ശരീരം, കാമന ഇവയെല്ലാം ഈ അടുത്തകാലത്തായി നമ്മുടെ സംഭാഷണങ്ങളുടെ മുഖ്യപ്രമേയമായി മാറുന്നുണ്ടായിരുന്നു.ka bodyscapes

 സിനിമ ജയൻ പറഞ്ഞതുപോലെ കേരളത്തിൽ അടുത്തകാലത്തായി ഉയർന്നുവന്നിട്ടുള്ള ലൈംഗികരാഷ്ട്രിയം അഥവാ ശരീരത്തിന്റെ രാഷ്ട്രീയം എന്നതൊക്കെ ഉൾക്കൊള്ളുന്നുണ്ട്. ഒരുതരത്തിൽ അതിനൊപ്പം തന്നെ ഈ സിനിമയുടെ കാഴ്ച കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളിലെ ഒരു പത്രം nilpusamaram ka bodyscapesവായിക്കുന്നതുപോലെ തോന്നിയിരുന്നു. അതിൽ നിൽപ്പുസമരം വരുന്നു, സാനിറ്ററി നാപ്കിനുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭങ്ങൾ വരുന്നു, കിസ്സ് ഓഫ് ലവ് സമരങ്ങൾ വരുന്നു, ഒപ്പം ഇവയ്ക്കെതിരെ ഹനുമാൻ സേന പോലെയുള്ളവരുടെ പ്രതിഷേധങ്ങളും. പൊതുവേ സംഭവങ്ങളിലേക്ക് തിരിച്ച് നടക്കാനും അതിനെ വിലയിരുത്താനും കലാപ്രവർത്തകരെന്ന നിലയ്ക്ക് നമുക്ക് പലപ്പോഴും സമയത്തിന്റെ, കാലത്തിന്റെതായ ഒരു ദൂരം ആവശ്യമായുണ്ട് ഇത്ര കാലികമായി ഒരു സിനിമയെടുക്കാൻ തീരുമാനിച്ചതെങ്ങനെയാണു?
ഉവ്വ്. വളരെ സമകാലികമായി  ചെയ്യുക എന്നത് സ്വല്പം ബുദ്ധിമുട്ടു പിടിച്ചത് തന്നെയാണു. പക്ഷേ ഇപ്പോൾ ചരിത്രം നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് പേർ ചേർന്നാണു ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് എന്നതാണു ഈ ഉദ്യമത്തിൽ അതിനെ മറികടക്കുവാൻ സഹായകമാകുന്നത്. ഇന്നിന്റെ സമരങ്ങൾ നയിക്കുന്ന ആക്റ്റിവിസ്റ്റ് സമൂഹം ഈ സിനിമയുടെ ഭാഗഭാക്കാണു. അവരില്ലാതെ എനിക്കീ ചിത്രം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമായിരുന്നില്ല. അവരാണ് വാസ്തവത്തിൽ ഈ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം.

ഉവ്വ്. ജോളി, തസ്നി, ജിജു അങ്ങനെ ആക്ടിവിസ്ടുകൾ എന്ന നിലയിൽ നാം അറിയുന്ന പലരും നന്നായി  ഇതിലേക്ക് സംഭാവന ചെയ്തിരിക്കുന്നതായി ചിത്രത്തിൽ കണ്ടു. ഒരു കൗതുകം.. ഈ ആക്ടിവിസ്റ്റുകളെയൊക്കെ അഭിനയിക്കാൻ പരിശീലിപ്പിക്കേണ്ടി വന്നോ ജയനു?
ഇല്ലില്ല. അവരെ അങ്ങനെ അഭിനയിക്കാൻ പഠിപ്പിക്കുകയോ പരിശീലിപ്പിക്കുകയോ ഒന്നുമുണ്ടായിട്ടില്ല. സിനിമയിൽ അവർ അവരുടെ ജീവിതത്തിലെന്നപോലെ പെരുമാറുകയാണു. ഞാനവരുടെ ദൃക്സാക്ഷിയാകുന്നു ആ നിമിഷങ്ങളെ  ക്യാമറയിലേക്ക് പകർത്തുന്നു എന്നു മാത്രം. എന്റെ മനസ്സിൽ മുന്നേ തന്നെ ഞാൻ പറയാനാഗ്രഹിക്കുന്ന ഒരു കഥയുണ്ട്. ഇങ്ങനെ പകർത്തുന്ന നിമിഷങ്ങളെ അങ്ങനെ മുന്നേ പ്ലാൻ ചെയ്തിരിക്കുന്ന ആശയവുമായി ചേർത്തിണക്കുന്നു. മറ്റൊരു കാര്യമുള്ളത് തുടക്കം മുതൽ തന്നെ അഭിനയിക്കുന്നവരെല്ലാം ഇതിന്റെ സ്ക്രിപ്റ്റ് ഉണ്ടാക്കുന്നതിലുൾപ്പടെ വളരെയധികം പങ്കെടുത്തിരുന്നു എന്നതാണു.

ചിത്രത്തിൽ ഹാരിസ് വരയ്ക്കുന്ന മാസ്റ്റർപീസാണു ഒരുതരത്തിൽ അയാളുടെ ജീവനു തന്നെ ഭീഷണിയാകുന്നത്. ഹിന്ദു ദൈവങ്ങളെ ചിത്രീകരിച്ചതിനെ തുടർന്ന് എം എഫ് ഹുസ്സൈനു നാടു വിടേണ്ടി വന്നതുപോലെ. സാംസ്കാരിക പിന്തിരിപ്പന്മാരും ഹിന്ദുവലത് തീവ്രവാദികളും മറ്റും ഇതിനോടെങ്ങനെ പ്രതികരിക്കുമെന്നാണു കരുതുന്നത്?

നമ്മളൊരു കലാരൂപം ഉണ്ടാക്കുമ്പോൾ നമ്മൾ അതിന്റെ വരുംവരായ്കയെക്കുറിച്ചൊന്നും ചിന്തിക്കാറില്ല എന്നതാണു കാര്യം.ka431 ഒരു കഥ പറയുന്നതിനെക്കുറിച്ച് ആലോചിച്ച് മുഴുകിയിരിക്കെ നാം  ചിന്തിക്കുന്നത് ആ കഥ ഏറ്റവും നേരെയും ഫലപ്രദമായും എങ്ങനെ പറയാം എന്ന് മാത്രമാണു. അതിനു ശേഷം എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചല്ല. അങ്ങനെ ചിന്തിച്ചുതുടങ്ങിയാൽ പിന്നെ നമുക്ക് ഒന്നും സൃഷ്ടിക്കാൻ കഴിയില്ല. ഇന്നയിന്ന വിഭാഗങ്ങൾ ഇതിനെ എങ്ങനെയായിരിക്കും കാണുക എന്ന മട്ടിലൊക്കെയുള്ള ചിന്ത ഒരു കലാരൂപം സൃഷ്ടിക്കുന്നതിൽ നിന്നും നമ്മെ പിന്നോക്കം വലിക്കും.

പക്ഷേ ജയൻ, ജയൻ ഞങ്ങളെ സംബന്ധിച്ചിടത്തോളം ‘ക ബോഡിസ്കേസ്പി’ന്റെ മാത്രം  സംവിധായകനല്ല. പാപ്പിലിയോ ബുദ്ധയെന്ന, വലതുപക്ഷവും ദേശീയതാവാദികളും മാത്രമല്ല ഇടതുപക്ഷത്തെ പലയാളുകളും കൂടി വളരെ താല്പര്യപൂർവ്വം കടന്നാക്രമിച്ച ഒരു സിനിമയുടെ കൂടി സംവിധായകനാണു. അത്തരം അനുഭവങ്ങൾക്ക് സിനിമയെടുക്കുന്നതുമായി ബന്ധപ്പെട്ട് താങ്കളുടെ രാഷ്ട്രീയത്തെ പരിണമിപ്പിക്കാൻ  സാധിച്ചിട്ടുണ്ടോ?
ഞാനൊരിക്കലും എന്റെ അനുഭവങ്ങളിൽ നിന്നും പഠിക്കാറില്ല എന്നാണു ഞാൻ കരുതുന്നത്. ഒരു കലാകാരൻ എന്ന നിലയ്ക്കുള്ള എന്റെ കൂസലില്ലായ്മയെ, ധാർഷ്ട്യത്തെ ഞാൻ ആവർത്തിക്കുന്നു. എന്റെ ലക്ഷ്യം ഞാൻ പ്ലാൻ ചെയ്ത ഒരു കഥ പറയുക എന്നുള്ളതാണു. അത്തരം കഥകൾ വളരെ പ്രധാനമാണെന്നും ഞാൻ കരുതുന്നു. നമ്മുടെ ചരിത്രത്തിലെ ഒരു പ്രത്യേക ദശയെ രേഖപ്പെടുത്താനും അത് ആളുകളോട് പറയാനും കഴിയുന്ന ഒരു ഇടം അല്ലെങ്കിൽ വിശേഷമായ ഒരു അവകാശം ഭാഗ്യവശാൽ എനിക്കു ലഭിച്ചിട്ടുണ്ട് എന്നാണു ഞാൻ കരുതുന്നത്. അതുകൊണ്ട്, ഒരു കലാകാരനെന്ന നിലയ്ക്ക് ചരിത്രത്തെയും കാലത്തെയും രേഖപ്പെടുത്തുകയാണു ഞാൻ ചെയ്യുന്നത്. അതിനു അതിനേതായ ഫലങ്ങളുണ്ട്. അതിനപ്പുറം അതിന്റെ പരിണിതഫലങ്ങളെക്കുറിച്ച് ഒരുപാട് ചിന്തിക്കുന്നത് ഒരുതരം സെൽഫ് സെൻസർഷിപ്പിലേക്ക് നയിച്ചുകളയും.jayan cherian meena kandasamy ka bodyscapes

സെൽഫ് സെൻസർഷിപ്പിനെക്കുറിച്ച് പറയുമ്പോൾ ഈ ചിത്രത്തിൽ ഏറ്റവും മനോഹരമായി എനിക്ക് തോന്നിയത് ഹാരിസും വിഷ്ണുവും തമ്മിലുള്ള ബന്ധമാണു. അവർ . ഒരു ഘട്ടത്തിലും തങ്ങൾ തമ്മിലുള്ള ബന്ധത്തെയോ അതിന്റെ മൊറാലിറ്റിയെയോ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നില്ല. അവരെ സംബന്ധിച്ച്  ആ ബന്ധം വളരെ സഹജമായതാണു. പുറത്തെ ലോകത്തെ അലട്ടുന്നത് അതാണു. സ്വവർഗ്ഗബന്ധങ്ങളെ മാത്രമല്ല വ്യത്യസ്ത ജാതികൾ തമ്മിലുള്ള ബന്ധങ്ങളെയുമെല്ലാം ലോകം അങ്ങനെ വീക്ഷിച്ചുകൊണ്ട് നിങ്ങൾ ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്നൊക്കെ പറയുന്നു. അതൊക്കെ  പ്രണയത്തെ വളരെ പ്രകൃതിസഹജമായ ഒന്നായും രാഷ്ട്രീയപ്രവർത്തനമായും കാണുന്നവരുടെ  ബന്ധങ്ങളെ കുഴപ്പത്തിലാക്കുന്നതിനെ എങ്ങനെയാണു ജയൻ കാണുന്നത്?
കേരളത്തിൽ വ്യാപകമായി പുരുഷന്മാർ തമ്മിലുള്ള ലൈംഗികബന്ധങ്ങളുണ്ട്. പക്ഷേ നാം ഒരിക്കലും അതേക്കുറിച്ച് സംസാരിക്കാറില്ല. അതൊരു  LGBT ഇഷ്യൂ ആയോ ഒരു ലൈംഗിക, ലിംഗപരമായ ഇഷ്യൂ ആയോ നാം കണക്കാക്കാറില്ല. അതവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുമ്പോഴും അതേക്കുറിച്ച് സംസാരിക്കാറുതന്നെയില്ല. നമ്മൾ ആന്തരികമായി ഒരു കപടസമൂഹമാണു. നമ്മുടെ ദേശീയമതം തന്നെ ആ കപടതയാണു. നാം ഒരു തരത്തിൽ ജീവിക്കുന്നു. എന്നാൽ നമ്മുടെ സാഹിത്യവും കലയും സിനിമയുമെല്ലാം ആദർശപൂർണ്ണമെന്ന് നാം കരുതുന്ന, അഴുക്കുപുരളാത്തതെന്ന് നാം സമർഥിക്കുന്ന ഒരുതരം ജീവിതത്തെയാണു പ്രദർശിപ്പിക്കുന്നത്. ഈ കപടതയെ പൊളിക്കാനാണു ഞാൻ ശ്രമിക്കുന്നത്. ഒരു വലിയ മാറ്റം വരുത്താനാണു നിലകൊള്ളുന്നതെന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാൽ ഇത് സംബന്ധിച്ചുള്ള സംഭാഷണങ്ങൾ ആരംഭിക്കാനെങ്കിലും ഉതകിയാൽ ആഗ്രഹവും ലക്ഷ്യവും ഏറെക്കുറേ കൈവരിച്ചു എന്ന് കരുതാനാകും.

സിനിമയിൽ ആക്ടിവിസം വളരെയധികം ഒരു ഘടകമാക്കിയിരിക്കുന്നു. അതുകൊണ്ട് സിനിമയുടെ രാഷ്ട്രീയം മാത്രം ചർച്ച ചെയ്യപ്പെടുകയും അതിന്റെ കലാപരമായ സൗന്ദര്യം, സിനിമ ആ ഒരു പോയിന്റിലും നന്നായിരിക്കുമ്പോഴും, കാണാതെപോകുകയും ചെയ്യും എന്ന് കരുതുന്നുണ്ടോ?
ഇവിടെ ഈ സിനിമ മൂന്ന് തവണ പ്രദർശിപ്പിച്ചു. ഈ ചരിത്രവും അതിന്റെ വിശദാംശങ്ങളുമൊക്കെ അറിയാവുന്ന ഒരുപാട് ഇന്ത്യക്കാർ, വിശേഷിച്ചും മലയാളികൾ അത് കാണാൻ എത്തിച്ചേരുകയും ചെയ്തു.jayan cherian meena kandasamy ka bodyscapes arundhathi jolly chirayath thasni എന്നാൽ കേരളത്തിന്റെ സമകാലികചരിത്രത്തെക്കുറിച്ച് അത്രയൊന്നും അറിയാത്ത ആളുകളും ഇത് കാണുന്നുണ്ട്. അവരെ സംബന്ധിച്ച് അവർ ഈ ചിത്രം വിലയിരുത്തുന്നത് കുറേക്കൂടി സൗന്ദര്യശാസ്ത്രപരമായി മാത്രമാണു. കഴിഞ്ഞ ദിവസങ്ങളിൽ ആളുകൾ സംസാരിച്ചിരുന്നത് അതിന്റെ ക്യാമറയെക്കുറിച്ചാണു, ഒരു പ്രത്യേക ഷോട്ടിന്റെ മനോഹാരിതയെക്കുറിച്ചാണു, അല്ലെങ്കിൽ അതിന്റെ കലാപരതയെക്കുറിച്ചാണു . പക്ഷേ നമുക്ക് നിൽപ്പുസമരത്തെക്കുറിച്ചറിയാം, കിസ്സ് ഓഫ് ലവിനെക്കുറിച്ചറിയാം, ഇപ്പോഴത്തെ ലൈംഗികരാഷ്ട്രീയത്തെക്കുറിച്ചറിയാം. നാമതിന്റെ കാണുന്നത്  ആ അറിവുകൾ വെച്ചുകൊണ്ടാണു. ആരാണു ഈ ചിത്രം കാണുന്നതെന്നതിനെ ബന്ധപ്പെട്ടിരിക്കും അതിനെ വിലയിരുത്തുന്ന രീതി. ഒപ്പം തന്നെ കലാപരതയിൽ നീക്കുപോക്കുകളില്ലാതെ എങ്ങനെ ഒരു രാഷ്ട്രീയചിത്രം നിർമ്മിക്കാം എന്ന തരത്തിലും അതിനെ സമീപിക്കാൻ കഴിയും.

മറ്റൊരു കാര്യം ചിത്രത്തിലെ ഭാഷയുടെ ഉപയോഗമാണു. അധീശസ്വത്വങ്ങൾ പുതുതായി ഉയർന്നുവരാൻ ശ്രമിക്കുന്ന സ്വത്വങ്ങളെ തള്ളിക്കളയാനുപയോഗിക്കുന്നതും അല്ലെങ്കിൽ സ്ത്രീകളെ ലൈംഗികമായി അപമാനിക്കുന്നതിനും അടിച്ചമർത്താനുപയോഗിക്കുന്നതുമായ ഭാഷയുടെ ഉപയോഗം ചിത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. എങ്ങനെയാണു അത് വളരെ ഫലപ്രദമായി കൊണ്ടുവരാൻ സാധിച്ചത്?
അപമാനിക്കുന്നതിനും അധിക്ഷേപിക്കുന്നതിനുമായി ഉപയോഗിക്കുന്നഭാഷ സിനിമയിൽ ഉപയോഗിക്കുന്നത് വളരെ ശ്രദ്ധിച്ചുകൊണ്ടായിരിക്കണം. കാരണം അത് വളരെയധികം അസഭ്യമായിരിക്കാനും അശ്ലീലമായിരിക്കാനും വോയറിസ്റ്റിക്കായിരിക്കാനും സാധ്യതയുണ്ട്. അതേ സമയം അത്തരം സന്ദർഭങ്ങളെ സിനിമ വളരെയധികം സത്യസന്ധതയോടെ ആവിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനാൽ ഇത് സംബന്ധിച്ച് അഭിനയത്തിന്റെ കാര്യത്തിലായാലും സീനുകളുടെയും കോറിയോഗ്രഫിയുടെ കാര്യത്തിലായാലുമൊക്കെ വളരെ നേർത്ത ഒരു വര വരയ്ക്കേണ്ടി വരും. ഒരു ധാർഷ്ട്യക്കാരനായ ഒരു സിനിമാക്കാരൻ എന്ന വിമർശനം നേരിട്ടിട്ടുള്ളതിനാൽ അക്കാര്യത്തിൽ അല്പം ശ്രദ്ധ കൊടുത്തിട്ടുണ്ട് (ചിരിക്കുന്നു).

വാസ്തവത്തിൽ സിനിമയെന്നത് സ്വതേ തന്നെ മറ്റുള്ളവരെയും അവരുടെ ശരീരങ്ങളെയുമൊക്കെ ഒളിഞ്ഞുനോക്കുക എന്നത് പ്രകൃതമായിട്ടുള്ള ഒരു മാധ്യമമാണു. പക്ഷേ മുൻപ് പറഞ്ഞതുപോലെ ഈ സിനിമയുടെ മുഖ്യപ്രമേയം ശരീരമാണു. അതിന്റെയൊപ്പം തന്നെ ഒരു കലാകാരന്റെ സഞ്ചാരം, അയാളുടെ യാത്ര കൂടിയാണു പ്രമേയമാക്കുന്നത്. അപ്പോൾ അതിനൊപ്പം ചിത്രകല വരുന്നു, ചിത്രകലയുടെ തന്നെ ചരിത്രം വരുന്നു… ചില അടയാളങ്ങൾ, ചില പെയിന്റിംഗുകൾ എന്നിവയെല്ലാം ഇതു കാണുന്ന എല്ലാവരും ശ്രദ്ധിക്കണമെന്നില്ല. റൊളാങ് കയ്യുമിന്റെ (Roland Caillaux) ഒരു പ്രത്യേക* ലിത്തോഗ്രാഫ്, ഴെനെയുടെ (Jean Genet) ഒരു പെയിന്റിംഗ് എന്നിവയുടെയൊക്കെ പ്രാധാന്യം  അവയുമായി സുപരിചിതരായവർക്കേ മനസ്സിലാക്കാൻ കഴിയൂ. അതിനർത്ഥം ഇതേപ്പറ്റി അറിയാത്ത ഒരാൾക്ക് സിനിമ ആസ്വദിക്കാൻ കഴിയില്ല എന്നല്ല. എല്ലാ സിനിമയ്ക്കും, എല്ലാ ഷോട്ടുകൾക്കു പോലും കേവലമായ ഒരർത്ഥവും അതിന്റെ കൂടെ വലിയൊരർത്ഥവും ചിലപ്പോൾ അതിനൊപ്പം തത്വചിന്താപരമായ ഒരു കാഴ്ചയും അനുബന്ധമായുണ്ടാകും. അത്തരത്തിൽ നിരവധി മാനങ്ങൾ. അനുവാചകനു പലവട്ടം വായിക്കാനും വായിച്ചു കണ്ടെത്താനുമുള്ള സാധ്യത അതിനാലുണ്ട്. അത്തരത്തിൽ പലതരം വായനകൾ സാധ്യമാകുന്ന ഒരു കഥയുടെ ഫ്രെയിം വരയ്ക്കുക എന്നതിനാണു നാം ശ്രമിക്കുന്നത്.

ജയൻ സാധാരണ പ്രേക്ഷകരെക്കുറിച്ചും ജനങ്ങളെക്കുറിച്ചും  പറയുന്നു. ഞാൻ കരുതുന്നത് കേരളത്തിന്റെ പൊതു ആശയധാര, ലൈംഗികതയുമായൊക്കെ ബന്ധപ്പെട്ട് ഭൂരിപക്ഷം ആളുകളും പങ്കുവയ്ക്കുന്ന സദാചാരപോലീസിംഗിന്റെയൊക്കെ ഒരു സാംസ്കാരികത.. ആ വിധത്തിൽ അത്ര ഉന്നതമായ രാഷ്ട്രീയം പേറുന്നില്ല എന്നാണു. ചിത്രം അതേക്കുറിച്ചൊക്കെ മനോഹരമായി സംസാരിക്കുന്നുമുണ്ട്. കേരളത്തിൽ വളരെ പ്രകടമായുള്ള സദാചാരപോലീസിംഗിന്റെ നിരവധി തലങ്ങളെ താങ്കളുടെ സിനിമ എങ്ങനെയാണു കാണുന്നത്?
അടുത്തകാലത്തുണ്ടായ പല സംഭവങ്ങളിലും ഉൾപ്പെട്ട സദാചാരപോലീസിംഗിനെക്കുറിച്ച് സിനിമ പറയുന്നുണ്ട്, അതിലേക്ക് വെളിച്ചം വീശുന്നുമുണ്ട്. അതേ സമയം ഒരു പരിധിയിൽ കൂടുതൽ ഊന്നൽ കൊടുക്കുന്നുമില്ല. നമ്മൾ പറയുന്നത് രണ്ടാളുകൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണു. അതിലെ ചിത്രകാരൻ അതിനു പുറത്തുള്ള മറ്റുള്ളവരെ കാര്യമാക്കുന്ന ഒരാളല്ല. ആ ബന്ധത്തിന്റെ അകമാണു നാം കാണാൻ ശ്രമിക്കുന്നത്. അതേ സമയം അതിന്റെ ബാഹ്യരാഷ്ട്രീയവും.

നമ്മളൊരു കഥ എഴുതുകയാണെങ്കിലും കവിത എഴുതുകയാണെങ്കിലും ഒരു സിനിമ നിർമ്മിക്കുകയണെങ്കിലുമൊക്കെ അതൊരുതരത്തിൽ തുടർച്ചയായ ഒരു പഠനപ്രക്രിയയാണു. അത്തരത്തിൽ ഒന്ന് ഈ സിനിമയെടുക്കുന്നതിലൂടെ സംഭവിച്ചിരുന്നോ? എന്താണു പഠിച്ചത്?
തീർച്ചയായും പഠനത്തിന്റെ ഒരു വലിയ അനുഭവമായിരുന്നു ഈ സിനിമ. ഈ സിനിമയുടെ ഭാഗമായ ഒരുപാട് ആളുകളുമായി ചേർന്ന് നിന്നപ്പോഴുണ്ടായ അനുഭവങ്ങൾ എന്നെ വിനയാന്വിതനാക്കുന്നുണ്ട്. അവരുടെ അനുഭവങ്ങളും അവരുടെ ജീവിതങ്ങളുമൊക്കെ  ഞാനുമായി പങ്കുവയ്ക്കാനുള്ള മനസ്സ് അവരൊക്കെ കാണിച്ചു എന്നത് സന്തോഷകരമായിരുന്നു. അതിനാൽ ഈ സിനിമ ഒരൊറ്റയാളിന്റെ അനുഭവങ്ങളുടെ പ്രകടനമല്ല. അത് കൂട്ടായ അനുഭവങ്ങളുടെ, അനുഭവങ്ങളുടെ ഒരു കളക്റ്റീവിന്റെ പ്രകാശനമാണു. അതാണിതിന്റെ സൗന്ദര്യവും. പണവും പ്രതിഫലവുമൊന്നും പറ്റാതെ സ്വപ്രേരണയാൽ ഇത് തങ്ങളുടെ കഥയാണെന്നും ഇത് തങ്ങളുടെ കാലത്തിന്റെ കഥയാണെന്നും ലോകത്തോട് പറയുകയാണിതിൽ. നളിനി ജമീലയെപ്പോലെ പാരമ്പരാഗത വിദ്യാഭ്യാസത്തിന്റെ പുറത്ത് നിന്നും വ്യക്തിപരമായ അനുഭവങ്ങളിൽ നിന്ന് അത്രയധികം അറിവുൾക്കൊണ്ട ആളുകളുമായും ഇതിലെ മറ്റ് ആക്ടിവിസ്റ്റുകളുമായുമെല്ലാം ഒരുമിച്ച് ജോലി ചെയ്യാൻ കഴിയുക എന്നത്  അത്രയധികം അനുഭവങ്ങളും അറിവുമാണു നമുക്ക് തരുന്നത്. ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ച  ചിത്രങ്ങളെല്ലാം മനോഹരമായി വരച്ചത് ചിത്രകാരനായ എം എം മഞ്ജേഷാണു. അങ്ങനെ ഒരുപാട് പേരുണ്ട് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ. അവരോടെല്ലാം എനിക്ക് അളവറ്റ നന്ദിയും കടപ്പാടുമുണ്ട്.

എന്താണു കാ ബോഡിസ്കേപ്സിന്റെ ഭാവി? എങ്ങോട്ടാണത് ലക്ഷ്യം വയ്ക്കുന്നത്?
ഇത് ജനങ്ങളിലേക്കെത്തിക്കേണ്ടതുണ്ട്. ഫെസ്റ്റിവലുകളിലും ഉന്നതമായ സദസ്സുകളിലും മാത്രം പ്രദർശിപ്പിക്കാനല്ലല്ലൊ നാം ചിത്രങ്ങളെടുക്കുന്നത്. അതിനാൽ സെൻസർ സർട്ടിഫിക്കറ്റൊക്കെ പെട്ടെന്ന് ലഭ്യമാക്കി  സാധാരണക്കാരിലേക്കെത്തണം എന്നത് പ്രധാനമാണു. ഒപ്പം ഈ സിനിമ ആക്ടിവിസ്ടുകളായിട്ടുള്ളവർക്ക് പൂർണ്ണമായും ലഭ്യമാക്കുകയും അത് വഴി ചെറിയ ഗ്രൂപ്പുകളിലേക്കും  പരിപാടികളിലേക്കും സദസ്സുകളിലേക്കുമൊക്കെ എത്തിക്കാനും ശ്രമിക്കും. സിനിമയുടെ ഡിസ്ട്രിബ്യൂഷനുമായി ബന്ധപ്പെട്ട് ആ വിധമൊക്കെ ചിന്തിക്കുന്നുണ്ട്. പരമ്പരാഗതമായ രീതിയിലുള്ള ഡിസ്ട്രിബ്യൂട്ടേഴ്സിനെ കിട്ടിയാൽ വളരെ സന്തോഷം. ഇന്ത്യയിൽ നമ്മുടെയൊക്കെ സിനിമയ്ക്ക് അത്തരം സാധ്യതകൾ കുറവാണെങ്കിൽ തന്നെയും. ഡിവിഡി, വീഡിയോ ഓൺ ഡിമാൻഡ്, ഓൺലൈൻ സ്ട്രീമിംഗ് എന്നിവയൊക്കെ വഴി കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും സെൻസർഷിപ്പ സർട്ടിഫിക്കറ്റ് പ്രധാനമാണു.

ഈ ചിത്രത്തിന്റെ ടൈറ്റിൽ – ‘ക ബോഡിസ്കേപ്സ്’ – അത് എങ്ങനെയാണു തെരഞ്ഞെടുത്തത്?
അതൊരു പ്രധാനപ്പെട്ട ചോദ്യമാണു. ക എന്നത് ഈജിപ്ഷ്യൻ ആത്മീയതയുമായി ബന്ധപ്പെട്ട ഒന്നാണു. ഹെയറോഗ്ലിഫിക്സ് ലിപിയിലെ ഒരു അക്ഷരമാണു. ആ ചിത്രലിപിയിൽ ആ അക്ഷരം രണ്ട് കൈകളുള്ള ഒരു മനുഷ്യനെ സൂചിപ്പിക്കുന്നു. ശരീരത്തിന്റെ വൈറ്റൽ സ്പാർക്ക്, ജീവചൈതന്യം   എന്നൊക്കെ പറയാൻ കഴിയുന്ന ഒന്ന്. ബോഡി ഡബിൾ എന്ന പോലെ. യോഗയിൽ അതിനു പ്രാണശരീരം എന്ന് പറയുന്നു. തായ്-ചി പോലെയുള്ള ശാരീരികാഭ്യാസങ്ങളിലും ക എന്ന കൺസ്പെറ്റുണ്ട്. ഈജിപ്ഷ്യൻ ആത്മീയതയനുസരിച്ച്  ശരീരവും അതിന്റെ പരിവേഷവും, അല്ലെങ്കിൽ  ശരീരവും അതിന്റെ ജീവചൈതന്യവും ഒരുമിച്ച് ജനിക്കുന്നു. ശരീരം മരിക്കുമ്പോൾ ആ ചൈതന്യം ഇല്ലാതാകുന്നില്ല. എന്നാൽ ശരീരം അഴുകുമ്പോൾ, കേടുവരുമ്പോൾ ചൈതന്യത്തിനും കേട് വരുന്നു. മരണശേഷം പുനർജീവനത്തിനായി ചൈതന്യത്തിനു ശരീരത്തെ കണ്ടെത്താൻ സാധിക്കണമെങ്കിൽ ശരീരത്തെ കേടുകൂടാതെ സൂക്ഷിക്കണം. അതിനായാണു അവർ ശരീരം മമ്മീകരിച്ച് പിരമിഡുകളിൽ സൂക്ഷിക്കുന്നത്. അനശ്വരതയ്ക്കു വേണ്ടി. ഈ ക – ശരീരം എന്ന കൺസെപ്റ്റ് ആഫ്രിക്കയിലുമുണ്ട്. അത് കടപ്പെട്ടിരിക്കുന്നത് ഹീബ്രു മിഥോളജിയുമായും ആചാരങ്ങളുമായുമാണു. ‘കബാല’യൊക്കെ അതിൽ നിന്നാണു വരുന്നത്. ഇങ്ങനെ ശാരീരകവും ആത്മീയവുമായ സൗഖ്യത്തിനായുള്ള വിശ്വാസങ്ങളിലാണു ഇന്ത്യനെന്ന് നാം പൊതുവേ കരുതുന്ന യോഗയുടേയും വേരു. ശരീരം – ആത്മാവ് എന്ന നമ്മുടെ വിശ്വാസങ്ങളൊക്കെ  വാസ്തവത്തിൽ ആഫ്രിക്കയിൽ നിന്നാണു വരുന്നത്. മനുഷ്യരാശിതന്നെ അവിടെനിന്നാണു വരുന്നത്.

ചിത്രത്തിൽ മുഖ്യകഥാപാത്രമായ ചിത്രകാരൻ തന്റെ ചിത്രകലാപ്രദർശനത്തിനിടുന്ന പേരു ‘ക’ എന്നാണു. കബഡി എന്നതിനെക്കുറിച്ചുകൊണ്ടാണു ആ പേരിടുന്നത്. അയാൾ പ്രണയിക്കുന്ന കഥാപാത്രം ഒരു കബഡികളിക്കാരനാണു എന്നതിനാലാണത്. അത്തരത്തിൽ ‘ക’ എന്ന വാക്ക് വ്യത്യസ്തതലങ്ങളിൽ ഈ ചിത്രത്തിൽ നിറയുന്നുണ്ട്.

എന്നിൽ കൗതുകമുണർത്തിയ ഒരുകാര്യം  ചിത്രത്തിന്റെ പേരിലെ ബോഡിസ്കേപ്സ് എന്ന ഭാഗമാണു. ശരീരത്തെ ഒരു പ്രദേശമാക്കുകയാണു. കലാകാരനെ സംബന്ധിച്ചു മാത്രമല്ല, രാഷ്ട്രീയക്കാർക്ക്, മതത്തിനു, ജാതിക്ക്.. അങ്ങനെ സ്ത്രീശരീരമെന്നോ ആൺ ശരീരമെന്നോ വേർതിരിവില്ലാതെ അവയ്ക്കെല്ലാം ഒരു പ്രദേശമായി ശരീരം തുടരുന്നു എന്ന രീതിയിൽ.
ഫോട്ടോഗ്രഫിയിൽ ശരീരത്തിന്റെ ചിത്രീകരണം, ബോഡിസ്കേപ്പിംഗ് എന്ന പേരിൽ വേറിട്ട ഒരു വിഭാഗം തന്നെയുണ്ട്. ശരീരത്തിന്റെ ക്ലോസപ്പുകൾ ലാൻഡ് സ്കേപ്പുകളെന്ന പോലെ അവതരിപ്പിക്കുന്ന ഒരു രീതിയാണത്. അങ്ങനെ ചിലപ്പോൾ പൊക്കിൾ ചുഴി ഒരു നീന്തൽക്കുളമാകുന്നു, മസിലുകൾ മണൽകൂനകളാകുന്നു. അതൊരു കലയാണു.

നമ്മൾ ഉദ്ദേശിക്കുന്നത്  ‘ക’ എന്ന ചൈതന്യവും ശരീരവും സിനിമയെ സംബന്ധിച്ചും അതിന്റെ രാഷ്ട്രീയത്തെ സംബന്ധിച്ചും പരമപ്രധാനമാണു എന്നതാണു.
—————–
*ഫ്രെഞ്ച് നോവലിസ്റ്റും നാടകകൃത്തും കവിയും സ്വവർഗ്ഗാനുരാഗിയുമായിരുന്ന ഴാങ് ഴെനെയുടെ സ്വവർഗ്ഗാനുരാഗ കവിതകൾ ‘twenty lithographs for a book that I read’ എന്ന പേരിൽ ലിത്തോഗ്രാഫുകളാക്കിയത് റൊളാങ് കയ്യുമായിരുന്നു. പബ്ലിഷറുടെ വിശദാംശങ്ങൾ രേഖപ്പെടുത്താതെ നൂറോളം കോപ്പികൾ മാത്രം അച്ചടിച്ച പുസ്തകം സ്വവർഗ്ഗരതിയുമായി ബന്ധപ്പെട്ട ചിത്രങ്ങളാൽ സമൃദ്ധമായിരുന്നു.
———
Interview co-ordinated by Murali Vettath, transcribed by Srijith Shridharan and translated by Swathi George.
Special Thanks – Seena Devaki, Sr. Consultant, National Health Service, United Kingdom.

Comments

comments