ഹൈദരാബാദ് സർവ്വകലാശാലയിലെ പ്രശ്നങ്ങൾ രണ്ടോ മൂന്നോ ദിവസത്തിനകം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും വൈസ് ചാൻസലർ അപ്പാ റാവുവിനെ സ്ഥാനത്ത് നിന്നും നീക്കാൻ ആവശ്യപ്പെടുമെന്നും തെലങ്കാന മുഖ്യന്ത്രി കെ ചന്ദ്രശേഖർ റാവു.
അപ്പാ റാവു വിസി സ്ഥാനത്തേക്ക് തിരികെയെത്തിനെത്തുടർന്ന് ഹൈദരബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലുണ്ടായ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള ചർച്ചയ്ക്ക് നിയമസഭയിൽ മറുപടി പറയവെയാണു അദ്ദേഹം ഇത് അറിയിച്ചത്.
അപ്പാ റാവുവിനെ വി സി സ്ഥാനത്തു നിന്നും നീക്കം ചെയ്യണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കണമെന്ന് മജിലിസ് – ഇ –ഇത്തിഹാദുൽ മുസ്ലിമിന(MIM) പാർട്ടിയും മറ്റു പാർട്ടികളും ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സർവ്വകലാശാല കേന്ദ്ര ഗവണ്മെന്റിനു കീഴിലുള്ള സ്ഥാപനമായതിനാൽ അതിനു സംസ്ഥാനത്തിനു കഴിയില്ല എന്ന് കാട്ടി പ്രമേയം പാസാക്കാനുള്ള ആവശ്യം അദ്ദേഹം തള്ളുകയും ചെയ്തു.
ക്യാമ്പസിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പോലീസ് അതിക്രമം ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കും എന്ന് അറിയിക്കുകയും ചെയ്തു. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സും MIM-ഉം നേരത്തേ സഭയിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നു
രോഹിത് വെമുലയുടെ ആത്മഹത്യയിന്മേൽ കുറ്റാരോപിതനായ അപ്പാ റാവു സർവ്വകലാശാലയിൽ തിരികെയെത്തിയതിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു എന്ന കാരണം പറഞ്ഞ് പോലീസ് കാമ്പസിൽ വൻ അക്രമം അഴിച്ചുവിട്ടിരുന്നു. കുടിവെള്ളവും ഭക്ഷണവും ഉൾപ്പടെ നിഷേധിച്ച് വിദ്യാർഥികളെ ദ്രോഹിച്ച സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അപ്പാ റാവുവിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.
Be the first to write a comment.