(SC and ST Faculty Forum and Concerned Teachers of University of Hyderabad)
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ഹൈദരബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ അക്രമമുണ്ടാക്കിയതിനെ തുടർന്നാണു പോലീസ് ബലപ്രയോഗം നടത്തിയെന്നാണു. വിചിത്രമായ സംഗതിയെന്തെന്നാൽ വിദ്യാർഥികൾ അക്രമം നടത്തിയ സാഹചര്യമോ സമയമോ എന്ത് തരം അക്രമമാണു അവർ നടത്തിയതെന്നോ അവരാരും പറയുന്നില്ല. ഒരു പറ്റം വിദ്യാർഥികൾ അക്രമങ്ങൾ നടത്തി എന്ന ആരോപണം 5000-ൽ അധികം വരുന്ന മുഴുവൻ ക്യാമ്പസിനുമെതിരെ ഒരു വൻയുദ്ധം തന്നെ പ്രഖ്യാപിക്കാൻ തക്ക കാരണമാക്കുകയാണു. വാസ്തവത്തിൽ  വിദ്യാർഥികൾ നടത്തിയ അക്രമം എന്നത് വസ്തുതകൾ മറച്ചു പിടിക്കാൻ ഉപയോഗിക്കുന്ന ഒരു ആരോപണം മാത്രമാണു.

 • Mera Name plate dekhega? Chal main tere ku sabak sikhata hoon! (എന്റെ ബാഡ്ജ് നോക്കാന്മാത്രം ധൈര്യമോ? നിന്നെ ഞാനൊരു പാഠം പഠിപ്പിക്കും.)
 • Naam kya hai tera? Acchaa tu Pakistani hai. Chal main tere ku sabak sikhata hoon! (എന്താ നിന്റെ പേരു? ഓ നീയൊരു പാക്കിസ്താനിയാണല്ലെ! നിന്നെ ഞാനൊരു പാഠം പഠിപ്പിക്കും.)
 • Tu kahaan ki rehne wali hai? Itti kaali hai! Aa tere ku sabak sikhata hoon! (ഇത്രയും കറുപ്പോ! ആ, നിന്നെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം)
 • Kiskaa Fotu khenchraa re tu? Abhi bataata hoon tere ku! (ആരുടെ ഫോട്ടോയാണു നീ എടുക്കുന്നത്? നിന്നെ ഞാൻ കാട്ടിത്തരാം…)

ഇങ്ങനെയാണു പോലീസ് വിദ്യാർഥികളോടും അധ്യാപകരോടും മാർച്ച് 22-നു അവർ ‘അറസ്റ്റി’ലായ ദിവസം പറഞ്ഞത്. രാവിലെ വിസിയുടെ ലോഡ്ജിന്റെ സമീപത്തെങ്ങുമില്ലാതിരുന്ന അവരെ ക്യാമ്പസ്സിലെ വിവിധസ്ഥലങ്ങളിൽ നിന്നും വൈകുന്നേരമാണു  അറസ്റ്റ് ചെയ്തത്.

സാമൂഹ്യനീതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ എപ്പോഴും പങ്കാളികളായ പ്രഫ. കെ വൈ രത്നം (സെന്റർ ഫോർ അംബേദ്കർ സ്റ്റഡീസ്), ഡോ. തഥാഗതാ സെൻഗുപ്ത (സ്കൂൾ ഓഫ്  മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്) hcu UoH rohit vemulaഎന്നിവരെ കരുതിക്കൂട്ടി ലക്ഷ്യം വയ്ക്കുകയും മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്നേ ദിവസം 2 മണി വരെ ഒരു സെലക്ഷൻ കമ്മിറ്റി മീറ്റിംഗിലായിരുന്ന രത്നം അതിനു ശേഷമാണു വിസി ലോഡ്ജിലേക്ക് എത്തുന്നത്. അവിടെ പുൽതകടിയിൽ ഇരുന്ന വിദ്യാർഥികളെ മർദ്ദിക്കുന്ന പോലീസുകാരെ പിൻതിരിപ്പിക്കാൻ ശ്രമിച്ച അദ്ദേഹത്തെ പോലീസ് മർദ്ദിക്കുകയും പോലീസ് വാനിലേക്ക് വലിച്ചെറിയുകയും ചെയ്തു. പ്രഫ. രത്നത്തെ പോലീസ് മർദ്ദിക്കുന്നത് കണ്ട് തടയാൻ ഓടിയെത്തിയ ഒരു വനിതാ അദ്ധ്യാപികയോട് നിങ്ങൾക്ക് വേണമെങ്കിൽ അതേ വാനിലേക്ക് കയറിക്കോളൂ എന്നാണു പോലീസ് പറഞ്ഞത്.  ഒരു വിദ്യാർഥിയെ മർദ്ദിച്ച് പോലീസ് വാനിലേക്കു വലിച്ചിഴയ്ക്കുന്നത് തടയാൻ ശ്രമിച്ച ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്തുകളയും എന്ന് ഭീഷണി മുഴക്കി. ഇവിടുന്ന് തുടങ്ങിയ ശേഷമാണു കഠിനമായ മൂന്ന് തരം യാതനകൾ കൂടി സർവ്വകലാശാല സമൂഹത്തിനു നൽകാൻ അധികൃതർ തുനിഞ്ഞത്.

1. ഭക്ഷണം, വെള്ളം, പ്രാഥമിക സൗകര്യങ്ങൾ എന്നിവയുടെ നിഷേധം:
വൈദ്യുതി, വെള്ളം, ഭക്ഷണം, ഇന്റർനെറ്റ് എന്നിവയെല്ലാം രണ്ട് ദിവസത്തേക്ക് നിർത്തലാക്കി. വൈസ്ചാൻസലർ പറയുന്നത് പ്രകാരം അനധ്യാപക ജീവനക്കാരുടെ സമരമാണു ഇതിനു കാരണമെന്നാണു. അയ്യായിരത്തിൽ പരം വിദ്യാർഥികളെ ബാധിക്കുന്ന വിധത്തിൽ 14 ഹോസ്റ്റൽ മെസ്സുകൾ പൂർണ്ണമായും അടച്ചിട്ടു. 48 മണിക്കൂർ നേരം ബാരിക്കേഡ് ചെയ്ത ഗേറ്റുകളിലൂടെ വിദ്യാർഥികൾക്കു ഭക്ഷണമെത്തിക്കാൻ നഗരത്തിലെ സന്നദ്ധപ്രവർത്തകർ പണിപ്പെട്ടു. കുടിവെള്ളത്തിന്റെ ദൗർലഭ്യം മൂലം മറ്റുവഴിയില്ലാതെ നിരവധി വിദ്യാർഥികൾ ബാത്ത് റൂമുകളിൽ നിന്ന് വെള്ളം കുടിക്കുന്ന അവസ്ഥയുണ്ടായി. മാർച്ച് 23-നു ചില വിദ്യാർഥികൾ ക്യാമ്പസിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിച്ചു. hcu9അവർ അതിൽ  നിന്നും തടയപ്പെട്ടു. ആഹാരമില്ലാതെ വലഞ്ഞ വിദ്യാർഥികൾക്കു വേണ്ടി യൂണിവേഴ്സിറ്റി കോമ്പ്ലക്സിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിച്ച ഗവേഷക വിദ്യാർഥിയായ ഡി. ഉദയഭാനുവിനെ ക്രൂരമായി മർദ്ദിച്ചു. ഒരു ഓപ്പറേഷൻ നടന്നതിന്റെ മുറിവുകളിൽ നിന്ന് താൻ മുക്തനായി വരുന്നതേയുള്ളൂ എന്നതിനാൽ തന്നെ ഒന്നും ചെയ്യരുതേ എന്ന് അപേക്ഷിച്ചിട്ടും മർദ്ദനം തുടർന്നു. തലയിലും ശരീരത്തിൽ ഓപ്പറേഷൻ നടന്ന ഭാഗത്തു തന്നെയും പ്രഹരമേറ്റ അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെയും ക്യാമ്പസിലെ പ്രവർത്തനങ്ങളെയും അധിക്ഷേപിച്ച പോലീസ് അവയ്ക്കുള്ള സമ്മാനങ്ങളാണു അദ്ദേഹത്തിനു തങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത് എന്ന് ആക്രോശിച്ചു. മർദ്ദനം കണ്ടുകൊണ്ടു നിന്ന ഒരു യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഓഫീസർ ഉദയിനെ തല്ലി പതം വരുത്താൻ പോലീസുകാരോട് ആവശ്യപ്പെട്ടു. ഇതെല്ലാം നടക്കുമ്പോൾ എബിവിപി പ്രവർത്തകരായ ‘ദേശീയവാദികൾ’ ഇന്ത്യയുടെ ഒരു ക്രിക്കറ്റ് മൽസര വിജയം ആഘോഷിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും മറ്റുള്ളവരെ അധിക്ഷേപ്പിച്ചും  ബൈക്കുകളിൽ അതിനു ചുറ്റും കറങ്ങുന്നുണ്ടായിരുന്നു.
തെലങ്കാന മേഖലകളെ 80-കളിൽ അടയാളപ്പെടുത്തിയ പോലീസ് ക്യാമ്പുകളിൽ ഒന്നായി മാറുകയായിരുന്നു സർവ്വകലാശാല ക്യാമ്പസ്. അതിനെക്കുറിച്ച് വലിയ ധാരണകളില്ലാത്ത പുതിയ തലമുറയിലെ കുട്ടികൾ  ക്യാമ്പസിന്റെ അവസ്ഥയെ ഉപമിച്ചത് ജാലിയൻവാലാ ബാഗുമായിട്ടാണു – ആയുധധാരികളും അക്രമോൽസുകരുമായ പോലീസുകാരാൽ ചുറ്റപ്പെട്ടും ബന്ധിതരായുമുള്ള അത്തരം അവസ്ഥയ്ക്ക് അതിൽ കുറഞ്ഞൊരു ഉപമ ഇല്ലതാനും

2. ക്രമരഹിതമായ അറസ്റ്റുകളും തടങ്കൽവയ്ക്കലുകളും:
ഇപ്പോഴത്തെ നിലയനുസരിച്ച് എഫ് ഐ ആറിൽ പറയുന്ന പ്രകാരം അറസ്റ്റിലായവരുടെയും തടങ്കലിലായവരുടെയും എണ്ണം പോലും കൃത്യമായി അറിവില്ല. ആകെ നമുക്ക് അറിയാൻ സാധിക്കുന്നത് 27 പേരുടെ ജാമ്യാപേക്ഷകൾ തിങ്കളാഴ്ച ( മാർച്ച് 28) 3 മണി വരെ മിയാപൂർ കോടതിയിൽ അവധിക്ക് വെച്ചിരിക്കുകയാണു എന്നാണു. ഇനിയും നിരവധി വിദ്യാർഥികൾക്കു നേരെയും പുതുതായി എഫ് ഐ ആറുകൾ ഫയൽ ചെയ്തിട്ടുണ്ട് എന്നാണു  നമുക്ക് കിട്ടുന്ന വിവരം. ഇവയെല്ലാം തെളിവുകളായ ഫോട്ടോഗ്രാഫുകളുടെയും വീഡിയോകളുടെയും അടിസ്ഥാനത്തിലാണെന്നാണു വെപ്പ് – എതിരെ തെളിവുകൾ ഇല്ലാത്ത കുട്ടികളെ വെറുതേ വിടും എന്നാണു ഫാക്കൽറ്റി മീറ്റിംഗിൽ വെച്ച് വി.സി കാരുണ്യപൂർവ്വം പ്രഖ്യാപിച്ചത്. സർവകലാശാലയാഎ അന്ധാളിപ്പിലും അനിശ്ചിതത്വത്തിലുമാണു – വിദ്യാർഥികളെ തോന്നുന്നപോലെ അറസ്റ്റ് ചെയ്യുന്നു, പോലീസ് സ്റ്റേഷനുകളിൽ നിന്ന് പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റുന്നു, കരുതിക്കൂട്ടി ഇതേപ്പറ്റിയുള്ള വിവരങ്ങൾ മറച്ചുവയ്ക്കുന്നു. സാധാരണരീതിയനുസരിച്ച് സൈബെറാബാദ്  മെട്രോപ്പൊളിറ്റൻ പോലീസിന്റെ വെബ്സൈറ്റിൽ ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ചുള്ള കേസുകളിൽ രഹസ്യമാക്കിവയ്ക്കേണ്ട വിവരങ്ങൾ പോലും മിക്കവാറും അപ്ലോഡ് ചെയ്യാറുണ്ട്. എന്നാൽ വിദ്യാർഥികൾക്കു മേൽ ചുമത്തപ്പെട്ട കേസുകൾ സംബന്ധിച്ച എഫ് ഐ ആറുകൾ വെബ്സൈറ്റിൽ കൊടുക്കാതെ മറച്ചുവയ്ക്കുന്നു. ബന്ധപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് എഫ് ഐ ആറിലെ വിവരങ്ങൾ ലഭിക്കാൻ ഇപ്പോഴുള്ള ഒരേയൊരു വഴി അതിനായി കോടതിയെ സമീപിക്കുകയും അവ ലഭ്യമാക്കാനുള്ള വിധി സമ്പാദിക്കുകയുമാണു. എന്നാൽ ഇതിനിടയ്ക്ക് അവധി ദിവസങ്ങൾ വരുന്നു എന്നതിനാൽ അത് മിക്കവാറുംതന്നെ നടക്കാത്ത കാര്യമായി മാറുന്നു.

3. സിവിൽ അവകാശങ്ങളുടെ നിഷേധം:
വി സി ബിൽഡിംഗിലെ ഫർണീച്ചറുകൾക്ക് ചില കേടുപാടുകൾ സംഭവിച്ച, പറയപ്പെടുന്ന അക്രമസംഭവങ്ങൾ അരങ്ങേറിയതിനു ശേഷം നിരവധി വിദ്യാർഥികൾ കെട്ടിടത്തിനു മുൻപിലെ പുൽത്തകിടിയിൽ ഒത്തുകൂടി. ഗൗരവതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുള്ള വി.സി അവയിൽ നിന്നും മുക്തി നേടാതെ തന്നെ  പൊടുന്നനെ തിരികെ വന്നതു കണ്ട് അമ്പരന്ന് ആ വഞ്ചനയെ ചോദ്യം ചെയ്തുകൊണ്ടാണു അവർ അവിടെയെത്തിയത്. ആ കുട്ടികളെയാണു 5 മണിയോടെ മർദ്ദനമുറകളുപയോഗിച്ച് പോലീസ് അവിടെ നിന്നും നീക്കം ചെയ്തത്. പോലീസിനു അക്രമികളെയായിരുന്നില്ല വേണ്ടിയിരുന്നത്. അക്രമികളെന്ന് മുദ്രകുത്താനും ആ  ന്യായം പറഞ്ഞ് മർദ്ദിക്കുവാനുമാണു അവർക്ക് ആളുകളെ വേണ്ടിയിരുന്നത്. തൊലിയുടെ നിറം, പേരിന്റെ രീതി, പോലീസുകാരെ അവർ നോക്കുന്ന രീതി, വിദ്യാർഥികൾക്കു വേണ്ടി നിങ്ങൾ വാദിക്കുന്ന രീതി നിങ്ങളുടെ രാഷ്ട്രീയവിശ്വാസം നിങ്ങളുടെ സ്വകാര്യചരിത്രം എന്നിവയുടെ പേരിലാണു പോലീസ് നിങ്ങളെ നോട്ടമിടുന്നത് എന്നത് മുകളിൽ പറഞ്ഞ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ആളുകളോട്  പോലീസ്  ആക്രോശിച്ച വാക്കുകളിൽ നിന്നു വ്യക്തമാണു. പിന്നീട് അവരുടെ ബന്ധുക്കളോട് പോലീസ് പെരുമാറിയത് എങ്ങനെയെന്ന് ശ്രദ്ധിക്കുക.

 • എന്തിനാണു ഗവണ്മെന്റിനെതിരെ നിലപാടെടുക്കാൻ നിങ്ങളുടെ ഭർത്താവ് വിദ്യാർഥികളെ പ്രേരിപ്പിക്കുന്നത്? അയാൾക്ക് എന്തുകൊണ്ട് ക്ലാസ്സ് റൂമിൽ പഠിപ്പിക്കുക എന്ന അയാളുടെ ജോലി മാത്രം ചെയ്തുകൂടാ?
 • നിങ്ങളുടെ മകൾ ഒന്നുമേ പഠിക്കുന്നില്ല എന്ന് നിങ്ങൾക്കറിയാമോ? അവൾ മുഴുവൻ സമയവും രാഷ്ട്രീയപ്രവർത്തനമാണു.

ജയിലിൽ അടയ്ക്കപ്പെട്ടവരോട് അവർ പറഞ്ഞതിന്റെ ഒരു ഉദാഹരണം കേൾക്കുക

 • പോലീസ് കസ്റ്റഡിയിൽ വെച്ച് നിങ്ങൾ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ഞങ്ങളെടുത്തിട്ടുണ്ട്. ജയിലിൽ ഭക്ഷണം കഴിക്കാതിരുന്നാൽ അത് ഞങ്ങൾ എല്ലാവരെയും കാണിക്കും. ജയിലിലെ ഭക്ഷണം മോശമാണെന്ന് നിങ്ങൾ പറയുന്നത് കളവാണെന്ന് ആളുകളെ വിശ്വസിപ്പിക്കാൻ അതു മതി.

മജിസ്ട്രേറ്റിനു മുൻപാകെ വിദ്യാർഥികളെ ഹാജരാക്കിയ രീതി ചെറുതായൊന്ന് പറയാതെ പോലീസ് കളിക്കുന്ന സുരക്ഷിതമായ കളിയെപ്പറ്റി പറയുന്നത് മുഴുവനാകില്ല. അറസ്റ്റിലായവരെ പോലീസ് വാനുകളിലേക്ക് വലിച്ചിടുകയും കഠിനമായി മർദ്ദിക്കുകയും ചെയ്തു. അതിനു ശേഷം അവരെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. സർവ്വകലാശാലയിലെ സ്ഥിതിഗതികൾ ശാന്തമാകുന്നതു വരെ മാത്രമാണു തടങ്കല്ലെന്നും ചാർജ്ജുകളൊന്നും ചുമത്തുകയില്ലെന്നുമാണു വിവരങ്ങൾ അന്വേഷിച്ച അധ്യാപകരോട് എസിപി ഉറപ്പ് പറഞ്ഞത്. 2016 മാർച്ച് 23-നു യൂണിവേഴ്സിറ്റി ഫാക്കൽറ്റിയിലെ അംഗങ്ങൾ സൈദരാബാദ് പോലീസ് കമ്മീഷണറേട് സന്ദർശിച്ചു. എന്നാൽ അവധി ദിനമായതിനാൽ ബന്ധപ്പെട്ട പോലീസുകാരെ കാണാൻ സാധിക്കില്ല എന്നാണു അവരെ അറിയിച്ചത്. അവിടെ നിന്ന് അവർ മിയാപൂർ പോലീസ് സ്റ്റേഷനിലേക്ക് പോകുകയും അവിടെ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 18 പേരെ കാണുകയും ചെയ്തു. എന്നാൽ അവിടെയുണ്ടായിരുന്ന പോലീസുകാർക്ക് ബാക്കിയുള്ളവർ എവിടെയാണെന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. യൂണിവേഴ്സിറ്റി തങ്ങളുടെ പോലീസ് സ്റ്റേഷന്റെ അധികാരപരിധിക്ക് പുറത്താണെന്നും അതിനാൽ അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നും മറ്റെവിടെയോ സ്ഥലം തികയാഞ്ഞതിനാലാണു ഈ 18 പേരെ ഇവിടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നതെന്നുമാണു അവർ പറഞ്ഞത്. ഇവിടെ വെച്ചും ഫാക്കൽടി അംഗങ്ങൾ ധരിപ്പിക്കപ്പെട്ടത് കസ്റ്റഡി മൂന്നുമണി വരെയേ നീളുകയുള്ളൂവെന്നും വിദ്യാർഥികളുടെ മേൽ ചാർജ്ജുകളൊന്നും ചുമത്തപ്പെടുകയില്ലെന്നുമാണു. പിന്നീട് ഈ വിദ്യാർഥികളുടെ സുഹൃത്തുക്കൾ അവരെ സന്ദർശിക്കാൻ ശ്രമിച്ചപ്പോഴാണു അന്ന് രണ്ട് മണിയോടെ തന്നെ വെളിവാക്കാത്ത മറ്റേതോ കേന്ദ്രത്തിലേക്ക് അവരെ മാറ്റിക്കഴിഞ്ഞിരുന്നുവെന്ന് മനസ്സിലാക്കാൻ സാധിച്ചത്.

ലഭ്യമായ അവ്യക്തമായ ചില വിവരങ്ങളനുസരിച്ച് ഫാക്കല്‍റ്റി തുടര്‍ന്ന് നാര്‍സിംഗി പൊലീസ് സ്റ്റേഷനിലേക്കു പുറപ്പെട്ടു. ഒരു വിദ്യാര്‍ഥിയേയും ഒരു സമയത്തും അവിടേക്ക് കൊണ്ടുവന്നിരുന്നില്ല എന്ന വിവരമാണ് അവര്‍ക്കു ലഭിച്ചത്. എന്നാല്‍ വിദ്യാര്‍ഥികളെ ആദ്യം  അവിടെ എത്തിച്ചശേഷം പിന്നീടു പുറത്തേക്കു മാറ്റുകയായിരുന്നു എന്നാണു മൊഴികൾ സൂചിപ്പിക്കുന്നത്. അതേതുടര്‍ന്ന് അധ്യാപകര്‍ റായ്ദുർഗം പൊലീസ് സ്റ്റേഷനിലേക്കും അവിടെനിന്ന് ഗച്ചിബൗളി പൊലീസ് സ്റ്റേഷനിലേക്കും പോയി. ഇവിടെവച്ച് തടവിലാക്കപ്പെട്ടിരിക്കുന്നവരെപ്പറ്റി യാതൊരു വിവരവും തങ്ങള്‍ക്കില്ല എന്ന് പൊലീസ് അധ്യാപകരോടു തറപ്പിച്ചുപറഞ്ഞു. തടവിലാക്കപ്പെട്ടവരുടെ വക്കീലന്‍മാരും ഒരു പൊലീസ് സ്റ്റേഷനിൽ നിന്ന് മറ്റൊന്നിലേക്ക് വിവരമേതും ലഭിക്കാതെയുള്ള ഓട്ടത്തില്‍തന്നെയായിരുന്നു.

ഇതിനിടയ്ക്ക് വൈകുന്നേരം അഞ്ചുമണിയോടെ തടവില്‍കഴിയുന്നവരെ മിയാപ്പൂർ കോടതിയിൽ ഹാജരാക്കും എന്ന വിവരം ലഭിച്ചു. അവിടെയെത്തി കാത്തിരുന്ന അധ്യാപകര്‍ക്കും വക്കീലന്മാരുടെ സംഘത്തിനും നിരാശയായിരുന്നു ഫലം. തടവിലാക്കപ്പെട്ടവരെ മജിസ്‌ട്രേറ്റിന്റെ മുൻപാകെ അവരുടെ വസതിയിൽ ഹാജരാക്കും എന്ന വിവരം  അവിടെ നിന്നും ലഭ്യമായി. അതേസമയം തന്നെ വാര്‍ത്താചാനലുകളുടെ സ്‌ക്രോൾ ന്യൂസിൽ മജിസ്‌ട്രേറ്റിനു മുൻപാകെ ഹാജരാക്കപ്പെട്ട തടവുകാരെ 14ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തതായും കാണിക്കുന്നുണ്ടായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരെ 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി രാത്രി 11 മണിയോടുകൂടി മാത്രമാണു ഇവരെ ഹാജരാക്കിയുള്ളുവെന്നും തുടര്‍ന്നു ചെര്‍ലപ്പള്ളി സെന്‍ട്രൽ ജയിലിലേക്കു മാറ്റിയെന്നും പിന്നീടു വ്യക്തമായി.

ഹൈക്കോടതിയില്‍ ഹൗസ് മോഷൻ കൊണ്ടുവരാൻ വക്കീലന്‍മാരുടെ സംഘം ശ്രമിച്ചെങ്കിലും അത് വിഫലമായി. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണാന്‍ വിദ്യാർഥികളും അധ്യാപകരും വക്കീലന്മാരും ഉള്‍പ്പെടെ പലരും ശ്രമം നടത്തിയെങ്കിലും രണ്ടു ലോയര്‍മാരെമാത്രമേ ഉള്ളിൽ കടക്കാന്‍ അനുവദിച്ചുള്ളു. ഇവര്‍ക്കു തന്നെ ചീഫ് ജസ്റ്റിസിന്റെ പേഴ്‌സണൽ സെക്രട്ടറിയെ മാത്രമേ കാണുവാന്‍ സാധിച്ചുള്ളു.

ക്യാംപസിലെ സ്ഥിതിഗതികള്‍ മനസിലാക്കി മുംബൈയിൽ നിന്നുള്ള വക്കീല്‍ സംഘം വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ സൗജന്യ സേവനം വാഗ്ദാനം ചെയ്തു. മാര്‍ച്ച് 24-ന് രാവിലെ സ്ഥലത്തെത്തിയ ഇവരെ യൂണിവേഴ്‌സിറ്റി വളപ്പിലേക്കു പ്രവേശിക്കുന്നതില്‍നിന്നും ക്യാംപസ് സെക്യൂരിറ്റിക്കാര്‍ വിലക്കി. ഈ സംഘവുമായി കൂടിക്കാഴ്ച്ച നടത്താനിരുന്ന വിദ്യാര്‍ഥികൾ തങ്ങള്‍ക്ക് നിയമോപദേശം തേടാൻ അവകാശമുണ്ടെന്നും വക്കീലന്മാരുടെ പ്രവേശനത്തിന് വിലക്കുണ്ടെന്ന് എവിടെയും പരാമര്‍ശിച്ചിട്ടില്ല എന്നും വാദിച്ചെങ്കിലും പുറത്തുനിന്നുള്ളവരെ തടയാന്‍ ഉത്തരവുണ്ടെന്നായിരുന്നു മറുപടി. വക്കീലന്മാരെ അകത്തേക്കു കയറ്റണമെന്നുണ്ടെങ്കിൽ വൈസ് ചാന്‍സലറുടെ – വിദ്യാര്‍ഥികൾ ആര്‍ക്കെതിരെയാണോ സമരം ചെയ്യുന്നതും, ആരാണോ അവര്‍ക്കെതിരെ കുറ്റങ്ങൾ ചുമത്താൻ ശ്രമിക്കുന്നതും, അതേ വൈസ് ചാന്‍സലറുടെ തന്നെ- അനുമതി തേടണമെന്നും സെക്യൂരിറ്റി ജീവനക്കാർ ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍  മനസിലാക്കി ക്യാംപസ് സന്ദര്‍ശിക്കാന്‍ താല്‍പ്പര്യപ്പെട്ട സിവിൽ അവകാശ പ്രവര്‍ത്തകരേയും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. യൂണിവേഴ്‌സിറ്റിയിലേക്കു പ്രവേശിക്കുന്നതില്‍നിന്ന് ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനേയും വിലക്കി. അധികൃതർക്ക് അഭിലഷണീയരായുള്ള പുറത്തുള്ള ആളുകളെ ക്യാംപസിലേക്കു പ്രവേശിപ്പിക്കുന്നതു ചൂണ്ടിക്കാട്ടി അധ്യാപകർ സെക്യൂരിറ്റി ജീവനക്കാരുമായി തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്താന്‍ ഉദ്ദേശിക്കുന്നവരെ മാത്രമാണ് ഇവിടെ പുറത്തുള്ളവർ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്. പ്രവേശനം തടയുന്ന കാര്യം രേഖാമൂലം അറിയിക്കാൻ വിദ്യാര്‍ഥികളും അധ്യാപകരും ആവശ്യപ്പെട്ടെങ്കിലും ഇതിനും സെക്യൂരിറ്റിക്കാർ വഴങ്ങിയില്ല. ഏറ്റവും പ്രധാനമായ സംഗതി, ഈ സംഭവങ്ങളിലുടനീളം മാധ്യമങ്ങളെ ക്യാംപസില്‍ നിന്നു വിലക്കിയിരുന്നു എന്നതാണു.

24 വിദ്യാര്‍ഥികള്‍ക്കും 2 അധ്യാപകര്‍ക്കും ഒരു വീഡിയോ ജേര്‍ണലിസ്റ്റിനുമായി മിയാപ്പൂർ കോടതിയിൽ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും മാര്‍ച്ച 28 വരെ എതിര്‍വാദത്തിനായി സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ അരങ്ങേറുന്ന സംഭവങ്ങൾ സംബന്ധിച്ചു ലഭിച്ച ഒരു പരാതി കണക്കിലെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മാര്‍ച്ച് 26ന്  ഒരു ഹിയറിംഗ് വെച്ചിട്ടുള്ളതിൽ വൈസ് ചാന്‍സിലറോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാംപസിനെ സ്തംഭിപ്പിച്ച ലോക്ഡൗണും അവശ്യ സൗകര്യങ്ങള്‍ തടഞ്ഞതുമെല്ലാം വിദ്യാര്‍ഥികളും അനധ്യാപക ജീവനക്കാരും  തമ്മിലുള്ള കലഹത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീർക്കാനാണു അധികൃതർ ശ്രമിക്കുന്നത്. എന്നാല്‍ ഇത്  എല്ലാത്തരത്തിലും തികച്ചും സത്യവിരുദ്ധമാണെന്ന് വിവിധ കേന്ദ്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

സർവ്വകലാശാല കാമ്പസ് സമൂഹത്തിന്റെ മേൽ നടത്തുന്ന യുദ്ധം വിദ്യാർഥികൾ നടത്തിയെന്ന് പറയപ്പെടുന്ന അക്രമം സംബന്ധിച്ചോ വിദ്യാർഥികളും അനധ്യാപക ജീവനക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം സംബന്ധിച്ചോ അല്ലായെന്നത് വ്യക്തമാണു

 • കുറച്ചു വിദ്യാര്‍ഥികളേയും അധ്യാപകരേയും അവരുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും ചായ്‌വും മുന്‍നിര്‍ത്തി വേട്ടയാടപ്പെടുകയാണുണ്ടായത്
 • അതിലുമേറെയെണ്ണം വിദ്യാര്‍ഥികളെ (ഏതാണ്ടെല്ലാവരും ദളിത്, മുസ്ലീം വിഭാഗത്തില്‍നിന്നുള്ളവർ) അവരുടെ പേരിന്റെയും രൂപത്തിന്റെയും സ്വത്വത്തിന്റെയും പേരില്‍മാത്രം അകപ്പെടുത്തിയിരിക്കുകയാണു.
 • മുഴുവൻ ക്യാംപസ് സമൂഹത്തെയും ഒന്നടങ്കം കൂട്ടശിക്ഷയ്ക്കു വിധിക്കുകയും അവർക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടുന്ന പ്രാഥമിക മാനുഷിക സഹായങ്ങൾ പോലും എത്തിക്കുന്നതില്‍നിന്നും രാജ്യത്തേയും നഗരത്തിലേയും പൊതുസമൂഹത്തെ വിലക്കുകയും ചെയ്തു.
 • വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവരുടെ അടിസ്ഥാന നിയമാവകാശങ്ങൾ നിഷേധിക്കപ്പെട്ടു. അനധ്യാപക ജീവനക്കാരെ ഇതിലേക്കു വലിച്ചിഴച്ചതാണെന്ന് അവര്‍ സമരം നടത്തിയ സാഹചര്യത്തില്‍നിന്നു വ്യക്തമാണ്.

വിദ്യാര്‍ഥികള്‍ക്കും അവരോട്  അനുതാപം പ്രകടിപ്പിച്ച അധ്യാപകർക്കും മേൽ നടത്തുന്ന ഈ യുദ്ധത്തിന്റെ ന്യായീകരണം എന്താണ് ?

വിസി ലോഡ്ജില്‍ വിദ്യാര്‍ഥികൾ അക്രമം അഴിച്ചുവിട്ടു എന്നാണ് മാധ്യമങ്ങള്‍ക്കും അധ്യാപകര്‍ക്കും ഇടയിൽ പ്രചരിപ്പിക്കുന്ന കഥ. രാവിലെ 9.30ക്കും 10.30നും ഇടയ്ക്കാണ്  ഈ നശീകരണപ്രവര്‍ത്തനങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്നത്. പ്രഫ. അപ്പാ റാവു ചുമതലയേല്‍ക്കുന്നതിൽ പ്രതിഷേധിക്കാൻ ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയെ പിന്തുണയ്ക്കുന്ന വിദ്യാര്‍ഥികൾ രാവിലെ വിസി ലോഡ്ജിൽ എത്തുന്ന സമയത്തു തന്നെ എബിവിപി അംഗങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട ഫാക്കൽടി അംഗങ്ങൾ, വിവിധ വിഭാഗങ്ങളുടെ ഡീനുകൾ, സ്‌കൂൾ ഓഫ് ലൈഫ് സയന്‍സിലെ വിദ്യാര്‍ഥികൾ തുടങ്ങിയവർ അതിനകത്തുണ്ടായിരുന്നു. ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളല്ലാത്ത  ചില വിദ്യാർഥികൾ അകത്തുനിന്നു മുദ്രാവാക്യങ്ങൾ വിളിച്ചതായി പറയപ്പെടുന്നു. ചെറിയ രീതിയിലൊരു ബഹളമുണ്ടായതായും വസ്തുവകകൾക്ക് കുറച്ച് നാശനഷ്ടം ഉണ്ടായതായും മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളിൽ ചെറിയൊരു വിഭാഗം  മാത്രമാണു സംഭവത്തിന് ഉത്തരവാദികളായി കണക്കാക്കുന്നത്. അക്രമം കാട്ടിയവർക്കെതിരെയുള്ള നടപടിയുടെ പേരിലാണ് യൂണിവേഴ്‌സിറ്റി ഭരണകൂടം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതും മര്‍ദിച്ചതും ന്യായീകരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കു ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളും നിഷേധിച്ചതുള്‍പ്പെടെയുള്ള സംഭവത്തില്‍നിന്ന് കൈകഴുകുന്ന സർവ്വകലാശാലാ ഭരണകൂടം വിദ്യാര്‍ഥികളും അനധ്യാപക ജീവനക്കാരും തമ്മിൽ നടന്ന തര്‍ക്കത്തിന്റെ ഫലമായാണ് അതെല്ലാം എന്നാണു വരുത്തിത്തീര്‍ക്കുന്നത്. ക്യാംപസില്‍ നടന്നതിലൊന്നിലും തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല എന്നാണ് അധികൃതരുടെ നിലപാട്.

രാഷ്ട്രീയപ്രേരിതവും മുഴുവനായി എഴുതിയുണ്ടാക്കിയ തിരക്കഥയനുസരിച്ചും: 
വൈസ് ചാൻസലർ അപ്പാ റാവു കാമ്പസിലേക്ക് മടങ്ങിയെത്തിയ വിശാലമായ സാഹചര്യവും സമയവും മനസ്സിലാക്കേണ്ടത് പ്രധാനമാണു. അപ്പാ റാവുവും കേന്ദ്ര നഗരവികസനമന്ത്രിയും തമ്മിലുള്ള ജാതിപരമായ ബന്ധത്തിലേക്കും അതിൽ നിന്ന് യൂണിവേഴ്സിറ്റി അധികൃതരും ബിജെപിയും തമ്മിലുള്ള വിപുലമായ രാഷ്ട്രീയബന്ധത്തിലേക്കും സോഷ്യൽ മീഡിയയിലെ ചർച്ചകൾ വിരൽ ചൂണ്ടുന്നുണ്ട്. അവയുടെ സത്യാവസ്ഥ എന്തുതന്നെയായാലും കാമ്പസ് സമൂഹത്തിനു നേരെ നടന്ന ആക്രമണത്തിന്റെ അധാർമ്മികതയെയും ക്യാമ്പസിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള ലക്ഷ്യങ്ങളെയും ന്യായീകരിക്കാൻ അവ ഉതകുന്നതല്ല.hcu UoH rohit vemula

കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയത്തിനു (MHRD) യൂണിവേഴ്സിറ്റിയിലുണ്ടായ സംഭവവികാസങ്ങളിൽ ഒരു തരത്തിലുമുള്ള പങ്കുമില്ല എന്ന് സ്ഥാപിക്കാൻ അപ്പാ റാവു വളരെ ക്ലേശിക്കുന്നുണ്ട്. പക്ഷേ അങ്ങനെ വന്നാൽ അതിനർത്ഥം രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് സർവ്വകലാശാല അധികൃതർ നേരിട്ട് ഉത്തരവാദികളാണു എന്നാകും. ‘ദേശവിരുദ്ധർ’ എന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം നടത്തിയ നിരന്തര ആശയവിനിമയങ്ങളാൽ വൈസ് ചാൻസലറുടെ ഓഫീസ്   സ്വാധീനിക്കപ്പെട്ടിരുന്നതേയില്ല എന്നാണു കഴിഞ്ഞ ഫെബ്രുവരിയിൽ MHRD സംഘം എടുത്തു കാട്ടിയത്. അങ്ങനെയെങ്കിൽ രോഹിത്തിന്റെ മരണം എന്ന അത്യാഹിതത്തിലേക്ക് കാര്യങ്ങൾ നീങ്ങാൻ എങ്ങനെയാണു തങ്ങൾ അനുവദിച്ചത് എന്ന് യൂണിവേഴ്സിറ്റി അധികൃതർ വിശദീകരിക്കേണ്ടതുണ്ട്.

ഗവണ്മെന്റ് ഒരു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ തന്നെ വൈസ് ചാൻസലർ അവധിയിൽ പ്രവേശിച്ചു. തൊട്ടടുത്ത സീനിയർ പ്രഫസർ ചാർജ്ജെടുക്കുകയും താൻ എല്ലാം നിയന്ത്രണവിധേയമാക്കിക്കഴിഞ്ഞു എന്ന്  പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും ഉടൻ തന്നെ മാറേണ്ടി വന്നു. അതിനു ശേഷം വന്ന പ്രഫസർ പെരിയസ്വാമിക്ക്, രോഹിത് വെമുലയ്ക്കും മറ്റ് വിദ്യാർഥികൾക്കും നീതി ലഭ്യമാക്കണം എന്ന ആവശ്യം തുടർന്നുവെങ്കിലും ക്യാമ്പസിന്റെ അക്കാദമിക പ്രവർത്തനങ്ങൾ സെമസ്റ്ററിന്റെ അവസാനം വരെ കുഴപ്പം കൂടാതെ കൊണ്ടുപോകാൻ സാധിച്ചു.

ക്യാമ്പസ് പതിയെ സെമസ്റ്ററിന്റെ അവസാനത്തിലേക്ക് കടന്നുകൊണ്ടിരിക്കെ, രോഹിത്തിന്റെ മരണമുൾപ്പടെയുള്ള സംഭവങ്ങളിലെ സർവ്വകലാശാല അധികൃതരുടെ വിശ്വാസ്യത ഇനിയും തെളിയിക്കപ്പെടാതെ നിൽക്കുന്ന ഈ സാഹചര്യത്തിലാണു അപ്പാ റാവു കാമ്പസിലേക്ക് തിരികെയെത്തുന്നത്. ഒരു യുദ്ധവിജയി വീട്ടിലേക്ക് മടങ്ങിയെത്തുന്ന വിധം അദ്ദേഹം കാമ്പസിലേക്ക് മടങ്ങിയെത്തുകയാണു – കനയ്യ കുമാർ ഹൈദരാബാദിലെത്തുന്നുണ്ടെന്നും കാമ്പസ് സന്ദർശിച്ചേക്കുമെന്നുമുള്ള വാർത്ത വന്നതിനു ഒരു ദിവസം മുൻപ്. ആക്ടിംഗ് വിസിക്ക് അപ്പാ റാവുവിന്റെ മടങ്ങിവരവ് സംബന്ധിച്ച് വിവരം ലഭിച്ചത് കീഴുദ്യോഗസ്ഥരിൽ നിന്നാണു. തുടർന്ന് നിരവധി അധ്യാപകരും വിദ്യാർഥികളും ചേർന്ന് മാലയിട്ട് ആഘോഷത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു. കാമ്പസിലേക്ക് മടങ്ങരുതെന്നും ഓഫീസ് ഏറ്റെടുക്കരുതെന്നും സ്ഈനിയർ പോലീസ് ഉദ്യോഗസ്ഥർ ഉപദേശിച്ചത് ചെവികൊള്ളാതെയാണിതെന്ന് ഓർക്കണം. എബിവിപി പ്രവർത്തകരായ വിദ്യാർഥികൾ വിസി ലോഡ്ജിലും അതിന്റെ ടെറസ്സിലും വീഡിയോ ക്യാമറകളുമായി സന്നിഹിതരായിരുന്നു.

അതൊരു സംഘർഷത്തിനുള്ള പ്രേരണയും ക്ഷണവുമായിരുന്നു. യൂണിവേഴ്സിറ്റി അധികൃതരുടെ അനുതാപമില്ലാത്ത, വഴങ്ങാത്ത, സ്വേച്ഛാധിപത്യപരമായ നിലപാട് കണ്ട് മനം മടുത്ത വിദ്യാർഥികൾ ആ ക്ഷണം മുഖവിലയ്ക്കെടുക്കുകയും ആ കെണിയിലേക്ക് നടന്ന് ചെല്ലുകയും ചെയ്തു.

ഒരുപറ്റം വിദ്യാർഥികൾ വിസിയുടെ കെട്ടിടത്തിലേക്ക് കടന്നുകയറിയോ? കയറിയിരിക്കാം. അവർ ഫർണീച്ചറുകൾ തകർക്കുകയും ഫ്രണ്ട് ഓഫീസ് അലങ്കോലമാക്കുകയും ചെയ്തോ? ചെയ്തിരിക്കാം. കാമ്പസ് സമൂഹം വിസി കെട്ടിടത്തിനു മുൻപിൽ തടിച്ചുകൂടി പ്രതിഷേധിച്ചുവോ? ഉവ്വ്. ഇത്രയും ഹിംസ ഉപയോഗിച്ചുകൊണ്ട് മാത്രം നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു കൊലപാതകക്കൂട്ടം രാവിലെ പതിനൊന്ന് മുതൽ ആ പുൽതകിടി കയ്യേറിയോ? തീർച്ചയായും ഇല്ല !

വൈസ് ചാൻസലർ അപ്പാ റാവുവിന്റെ, ആദ്യം ഒരു അബദ്ധം എന്ന മട്ടിൽ തോന്നിയ തിരിച്ചുവരവ് പക്ഷേ ഇപ്പോൾ, ഈ മുഴുവൻ ആഴ്ചയും ഉണ്ടായ സംഭവവികാസങ്ങൾ കണക്കിലെടുക്കുമ്പോൾ, മുഴുവനായും എഴുതിത്തയ്യാറാക്കിയ ഒരു തിരക്കഥ അനുസരിച്ചാണെന്ന് കരുതേണ്ടി വരും. കാമ്പസ് സമൂഹത്തിനു ഒന്നടങ്കം വിധിക്കപ്പെട്ട ശിക്ഷ, അനഭിമതരായ അധ്യാപകരെയും വിദ്യാർഥികളെയും തെരഞ്ഞുപിടിച്ച് ഉപദ്രവിച്ചത്, വിദ്യാർഥികളുടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയത്. ഇതെല്ലാം അതിലേക്ക് വിരൽ ചൂണ്ടുന്നു.  കാമ്പസിലെ ജാതീയമായ വേർതിരിവ് സംബന്ധിച്ചും അത് മൂലമുണ്ടായ ദുരന്തപൂർണ്ണമായ ഒരു ജീവനഷ്ടം സംബന്ധിച്ചും സർവ്വകലാശാല അധികൃതരെക്കൊണ്ട് ഉത്തരം പറയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഒരു പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നു ഇത്.

തനിക്ക് വലിയൊരു വിഭാഗം അധ്യാപകരുടേയും വിദ്യാർഥികളുടേയും പിന്തുണയുണ്ടെന്നും തനിക്കെതിരെ പ്രതിഷേധിക്കുന്നവർ എണ്ണത്തിൽ വളരെ ചുരുക്കമാണെന്നും വിസി അവകാശപ്പെട്ടിട്ടുണ്ട്. മൊത്തം 450 അധ്യാപകരിൽ വിസി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത് നൂറിൽ പരം അധ്യാപകർ മാത്രമാണെന്നത് നാം ശ്രദ്ധിക്കണം. വിദ്യാർഥികളുടെ പിന്തുണയെപ്പറ്റിയാണെങ്കിൽ എബിവിപിക്കാർ ഒഴികെ കാമ്പസിലെ മറ്റെല്ലാ വിദ്യാർഥികളും സംഘടനകളും  രോഹിത് വെമുലയ്ക്ക് നീതി ലഭിക്കാൻ വേണ്ടി നിലയുറപ്പിച്ചവരും ആ നിലപാട് തുടരുന്നവരുമാണെന്നത് ഏവർക്കുമറിയാവുന്നതാണു.

അഞ്ചു ദളിത് വിദ്യാർഥികളുടെ സസ്പെൻഷനിലേക്കും തുടർന്ന് രോഹിത് വെമുലയുടെ മരണത്തിലും കലാശിച്ച ഭരണനിർവഹണ വീഴ്ചകളുൾപ്പടെ അധികൃതർ കാട്ടിയ അനിതരസാധാരണമായ ഹിംസ നമുക്ക് ഒരിക്കൽ കൂടി ഓർത്തെടുക്കാം. നീതി വൈകുന്നതിന്റെ കടുത്ത സമ്മർദ്ദത്തിലും കഴിഞ്ഞ മൂന്നു മാസമായി നീതിക്കുവേണ്ടി സമാധാനപരമായും ജനാധിപത്യപരമായും സമരം ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ ഗംഭീരമായ പക്വതയെയും ക്ഷമയെയും ആർക്കാണു അഭിനന്ദിക്കാതിരിക്കാനാവുക. ഇതെല്ലാം മറന്നുകൊണ്ട് മാർച്ച് 22 രാവിലെയുണ്ടായ സംഭവങ്ങളുടെ പേരിൽ സമരം ചെയ്യുന്ന ഞങ്ങളുടെ വിദ്യാർഥികളെ ഏകപക്ഷീയമായി കുറ്റക്കാരെന്ന് വിധിക്കുന്നത് രോഹിത് വെമുലയുടെ ജീവിതത്തെയും  മരണത്തെയും അപമാനിക്കുന്നതിനു തുല്യമാണു. പൊട്ടിയ കുറേ ഫർണീച്ചറുകളെ അമൂല്യമായ ഒരു ജീവനുമായി നാം താരതമ്യം ചെയ്യുകയാണോ?

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഹൈദരാബാദ് സർവ്വകലാശാലയിൽ നടന്ന സംഭവങ്ങൾ മുഴുവൻ അക്കാദമിക് സമൂഹത്തിന്റെയും കണ്ണ് തുറപ്പിക്കേണ്ടതാണു. മിക്കവാറും തന്നെ ചരിത്രപരമായി അടിച്ചമർത്തപ്പെട്ടതും പാർശ്വവൽക്കരിക്കപ്പെട്ടതുമായ വിഭാഗങ്ങളിൽ നിന്നു വരുന്ന, പ്രതിഷേധിക്കുന്ന വിദ്യാർഥികളല്ല കാമ്പസിലുണ്ടായ പ്രശ്നങ്ങൾക്കു കാരണം. ഇത് പോലീസിന്റെയും സായുധസേനകളുടെയും മുഴുവൻ സഹായത്തോടെ സർവ്വകലാശാലാ കാമ്പസുകളുടെ എതിർശബ്ദങ്ങളെ നിശബ്ദമാക്കുവാനും അവയുടെ ലിബറൽ ജനാധിപത്യശക്തിയെ ഞെരിച്ചമർത്തുവാനും വേണ്ടി വളരെ ഭംഗിയായി ആസൂത്രണം ചെയ്യപ്പെട്ട ഒരു രാഷ്ട്രീയനീക്കമാണു.

വിദ്യാർഥികളുടെ അക്രമം എന്നത് ഇതിനൊരു മറ മാത്രമാണു.

—————-
translated from english by Anupama Mohan and Swathi George.
coordinated by J Devika

Comments

comments