എഞ്ചിനിയറിങോ മെഡിസിനോ പഠിക്കാത്ത എല്ലാ മക്കളുടെയും അച്ഛനനമ്മമാർക്ക് ആധിപെരുകുന്ന കാലമാണ് ഇത്.

അല്ലെങ്കിൽത്തന്നെ വീട്ടിലെ കൌമാരക്കാരനോ കൌമാരക്കാരിയോ അത്തരം കോഴ്സുകൾ വേണ്ടെന്നു പറഞ്ഞാൽ ആധിയാണ്. ഇതിനു പുറമെ കേരളത്തിലെ ഇടുക്കങ്ങളിൽ നിന്ന് പറന്നകന്ന് ഡെൽഹിയിലോ ഹൈദരാബാദിലോ പോകണമെന്നു വാശികൂടിത്തുടങ്ങിയാൽ പിന്നെ പറയാനുമില്ലല്ലോ. സാമദാനഭേദദണ്ഡാദികളെല്ലാം കഴിഞ്ഞും ശാഠ്യം ഒഴിഞ്ഞില്ലെങ്കിൽ വിധിയെപ്പഴിച്ച് വയറ്റിലെ തീയും സഹിച്ച് കഴിയാനേ പാവം രക്ഷിതാക്കൾക്ക് കഴിയൂ. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിലുള്ള ചൂളൽ, സഹപ്രവർത്തകരുടെ താരതമ്യങ്ങളിൽ തരംതാഴൽ, എല്ലാത്തിനുപരി കടിഞ്ഞാൺ വിട്ടുപോയോ എന്ന ഭയം … മേൽപറഞ്ഞ വിഭാഗം രക്ഷിതാക്കളിൽ ആരാണ് ഇതൊക്കെ പരോക്ഷമായെങ്കിലും അനുഭവിക്കാത്തവർ?

ഒരുപക്ഷേ ചെറുപ്പത്തിൽ ഇത്തരമൊരു ശാഠ്യക്കാരിയായിരുന്നതുകൊണ്ടാവാം, എനിക്ക് സാമൂഹ്യശാസ്ത്രവിദ്യാർത്ഥിനിയായ എൻറെ മകളെക്കുറിച്ച് യാതൊരുവിധ ആശങ്കകളും തോന്നിയിട്ടില്ല. പക്ഷേ സാമൂഹ്യശാസ്ത്ര അദ്ധ്യാപനം ജീവിതമാർഗമാക്കിയവരിൽ പോലും മേൽപ്പറഞ്ഞ നാണക്കേടും ഭയവും ഞാൻ കണ്ടിട്ടുണ്ട്. കേരളത്തിൻറെ മുഖ്യകയറ്റുമതി വസ്തു ഇവിടുത്തെ ചെറുപ്പക്കാരാണ്. അവരുടെ മനുഷ്യത്വത്തെ മുഴുവൻ ഇല്ലായ്മ ചെയ്ത് വെറും മാനവശേഷി മാത്രമാക്കി മാറ്റുന്ന പണിയാണ് ഇവിടുത്തെ സാങ്കേതികവിദ്യാഭ്യാസ-എൻട്രൻസ് പരീക്ഷാകോച്ചിങ്-ട്യൂഷൻ-ശൃംഖല നടത്തിവരുന്നത്. ആ യന്ത്രത്തിൻറെ വായിലേക്ക് വലിച്ചെറിയപ്പെടാൻ വിസമ്മതിച്ചുകൊണ്ട് ഡെൽഹിയിലും ഹൈദരാബാദിലും ബാംഗ്ളൂരിലും മറ്റുമുള്ള സർവ്വകലാശാലകളിലേക്ക് രക്ഷപെട്ട് സ്വന്തം മനുഷ്യത്വത്തെയും പൌരബോധത്തെയും സംരക്ഷിച്ച മലയാളിചെറുപ്പക്കാരെക്കുറിച്ച് ഞാൻ അഭിമാനിക്കുകയേയുള്ളൂ. ഏതെങ്കിലും ബഹുരാഷ്ട്രകുത്തകയ്ക്കു ജീവിതം പണയംവെച്ച, മുപ്പതു വയസ്സു തികയും മുൻപ് നടുവേദനയും പിരിമുറുക്കവും ബാധിച്ച, വാരിവലിച്ചുള്ള ഉപഭോഗമല്ലാതെ മറ്റൊരാനന്ദവും സാദ്ധ്യമല്ലാത്തവിധം ജീർണിച്ച അവസ്ഥയിൽ എൻറെ മകളെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സാങ്കേതികശാസ്ത്രവിദ്യാഭ്യാസം സിദ്ധിച്ച ചെറുപ്പക്കാരെല്ലാം ഈ വിധം കെട്ടുപോയവരാണെന്നല്ല – പലരും ആ കുടുക്ക് സ്വയം അഴിച്ചു പോരുന്നുണ്ട്. ആ വഴി സ്വീകരിച്ചില്ലെന്ന കാരണം കൊണ്ട് എൻറെ മകൾ എനിക്ക് കൂടുതൽ പ്രിയങ്കരിയാകുന്നുവെന്നു മാത്രം.JNU HCU Social sciences സാമൂഹ്യശാസ്ത്രം വിദ്യാർത്ഥികൾ

ഇപ്പോൾ ഈ ചർച്ചയുടെ ആവശ്യമെന്തെന്ന് നിങ്ങൾ ചോദിക്കും. ഈ ചർച്ച അത്യാവശ്യമായിരിക്കുന്ന സാഹചര്യമാണ് നാട്ടിലുള്ളതെന്ന് ഞാൻ പറയും. മുൻപൊക്കെ പ്രയത്നശാലികളോ പ്രതിഭാശാലികളോ ആയ വിദ്യാർത്ഥികൾ മാനവികവിഷയങ്ങളോ സാമൂഹ്യശാസ്ത്രവിഷയങ്ങളോ തെരെഞ്ഞടുത്താൽ അത് സിവിൽ സർവ്വീസ് പഠനത്തിനു വേണ്ടിയാണെന്ന് പൊതുവെ നാം ധരിച്ചിരുന്നു. ശാസ്ത്രവിഷയങ്ങളാണ് തെരെഞ്ഞടുക്കുന്നതെങ്കിൽ ശാസ്ത്രജ്ഞരാകാനുള്ള കൌതുകം കൊണ്ടെന്നും. എന്നാൽ ഇന്ന് സാങ്കേതികവിദ്യാഭ്യാസത്തിൽ അകപ്പെട്ടുപോയവർക്ക് പുറത്തുചാടാനുള്ള രക്ഷാമാർഗമാണ് പലപ്പോഴും സിവിൽസർവ്വീസ് പഠനം. പലപ്പോഴും ഭരണം മാനവവിഷയമല്ല, സാങ്കേതികപ്രശ്നം മാത്രമാണെന്ന് കരുതുന്ന അധികാരികൾക്കും അവരെയാണ് താത്പര്യവും.

അതുകൊണ്ട് ഇന്ന് സാങ്കേതികശാസ്ത്രമല്ലാത്ത വിഷയങ്ങളോടുള്ള താത്പര്യം പൂർവ്വാധികം ഇകഴ്ത്തപ്പെടുന്നു. മാത്രമല്ല, ഈ സമീപകാലത്ത് സാമൂഹ്യശാസ്ത്ര-മാനവികവിഷയ-ശുദ്ധശാസ്ത്രപഠനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മേൽ വലിയൊരു കരിനിഴൽ വീണിരിക്കുന്നു. നമ്മുടെ ഉന്നതവിദ്യാഭ്യാസരഹിതയും – വിരോധിയുമായJNU HCU Social sciences സാമൂഹ്യശാസ്ത്രം വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസമന്ത്രി സ്മൃതി ഇറാനിയുടെ കോപത്തെ അവർ നേരിടേണ്ടിവന്നിരിക്കുന്നു. ഈ വിദ്യാർത്ഥികളും അവർ പഠിക്കുന്ന സ്ഥാപനങ്ങളും ആകെമൊത്തം നിയമവിരുദ്ധരും ദേശദ്രോഹികളുമാണെന്ന് മന്ത്രിയും അവരുടെ അടിപണിഞ്ഞു കഴിയുന്ന ദാസക്കൂട്ടവും ഓൺലൈനായും ഓഫ് ലൈനായും അട്ടഹസിച്ചാർത്തുകൊണ്ടിരിക്കുന്നു.ജെ എൻ യു, ഹൈദരബാദ് സർവ്വകലാശാല മുതലായ ഇടങ്ങളിൽ സാങ്കേതികേതരവിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നവരായ ചെറുപ്പക്കാരെയാണ് ഇവർ ഉന്നംവയ്ക്കുന്നതെന്ന വസ്തുതയാണ് ഈ ചർച്ചയുടെ അടിയന്തരപശ്ചാത്തലം.

അപ്പോൾ ചോദ്യത്തിലേയ്ക്കു വീണ്ടും – ഇന്ന് ജെഎൻയു-ഡെൽഹി സർവ്വകലാശാല-ഹൈദരബാദ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്ന് വിദ്യാർത്ഥികൾക്കു കിട്ടുന്ന വിദ്യാഭ്യാസം അവരെ രാഷ്ട്രീയപാർട്ടികളുടെ ചട്ടുകങ്ങളും നിയമവിരുദ്ധരും ആക്കിത്തീർക്കുമോ?ഹിന്ദുത്വവാദി ഗുണ്ടകൾ ആക്രോശിക്കുംപോലെ അവർ ദേശദ്രോഹികളാണോ? ഈ വിദ്യാഭ്യാസം കൊണ്ട് യാതൊരു കാര്യവുമില്ലെന്ന് അവർ പറയുന്നത് നേരോ?

അവസാനത്തെ ചോദ്യത്തിൽ നിന്നു തുടങ്ങാം.

വിദ്യാഭ്യാസത്തിൽ ‘കാര്യ’മായതെന്തെന്ന് ആരു തീരുമാനിക്കും എന്നതാണ് യഥാർത്ഥത്തിൽ ഇവിടെ പ്രശ്നം. ഗൌരവമേറിയ ശാസ്ത്രചർച്ചകൾ നടക്കുന്ന ശാസ്ത്രസമ്മേളനങ്ങളിൽ കയറിച്ചെന്ന് ബിസി 10000ത്തിൽ ഹിന്ദുക്കൾ വിമാനം പറപ്പിച്ചിരുന്നെന്നും മറ്റും ഉളുപ്പില്ലാതെ പ്രഖ്യാപിക്കുന്നവരും പശുവിനെ ദേശമാതാവായി അംഗീകരിക്കുന്നതാണ് ഇന്നത്തെ നീറുന്ന സാമൂഹ്യപ്രശ്നമെന്നു പറയുന്നവരുമാണ് ഇക്കാര്യത്തിൽ JNU HCU Social sciences സാമൂഹ്യശാസ്ത്രം വിദ്യാർത്ഥികൾവിധികർത്താക്കളെങ്കിൽ ജെഎൻയു മുതലായ സർവ്വകലാശാലകളിലെ പഠനത്തിൽ ‘കാര്യ’മില്ലെന്നേ വരൂ. എന്നാൽ നോബൽ സമ്മാനജേതാവും വിശ്വപ്രശ്തപണ്ഡിതനുമായ അമർത്യ സെന്നോ കേരളഗണിതം ആധുനിക യൂറോപ്യൻഗണിതത്തിന് അടിത്തറ പാകിയതിനെപ്പറ്റി നമ്മെ ബോധവത്ക്കരിച്ച ജോർജ്ജ് ഗീവറുഗീസ് ജോസഫോ ആണ് അതു നിർണയിക്കുന്നതെങ്കിൽ മറ്റൊരുത്തരമാവും ഉണ്ടാവുക. ഇതിൽ ഏതുവേണമെന്ന് കേരളത്തിലെ വിവരമുള്ളവർ സ്വയം തീരുമാനിക്കട്ടെ.

എന്തായാലും ഒരു കാര്യം തീർച്ചയാണ്. ഇന്ന് ജെഎൻയു-ഹൈദരബാദ് സർവകലാശാലകളിൽ പഠിച്ചു പുറത്തു വരുന്ന വിദ്യാർത്ഥികളാണ് ആഗോളതലത്തിൽ വിഖ്യാതങ്ങളായ സർവ്വകലാശാലകളിൽ ഉപരിപഠനത്തിനായി തെരെഞ്ഞെടുക്കപ്പെടുന്നത്. പശുപൂജ നടത്തിയതുകൊണ്ടല്ല അവർ മാനിക്കപ്പെട്ടത്.

പശുഭക്തന്മാർ എന്തു വിചാരിച്ചാലും ശരി,  ഇന്നാട്ടിൽ കാശു മുടക്കാനറിയുന്ന ആരും അവരെ ഗൌരവമായി എടുക്കില്ലെന്ന് വ്യക്തം. അടുത്തിടെ പ്രശസ്ത ഇന്ത്യൻ ഐടി സംരംഭകരായ ഇൻഫോസിസ് സ്ഥാപകർ ആരംഭിച്ച Murthy Classical Library – പരമ്പരാmurtyclassicallibrary1ഗത ഇന്ത്യൻ ബൌദ്ധികപാരമ്പര്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഗ്രന്ഥങ്ങളെ ഇംഗ്ളിഷിലേക്കു പണ്ഡിതോചിതമായ രീതിയിൽ വിവർത്തനം ചെയ്യുകയാണ് ഇതിൻറെ ദൌത്യം – പശുഭക്തരുടെ അപ്രീതിയ്ക്കു പാത്രമായി. കാരണം മറ്റൊന്നുമല്ല, ഈ ഉദ്യമത്തിൻറെ തലപ്പത്തിരിക്കാൻ ഇൻഫോസിസിൻറെ നാരായണമൂർത്തിയും മകൻ രോഹൻ മൂർത്തിയും കണ്ടെത്തിയത് ഒരു പശുഭക്തനെയല്ല, ജെഎൻയു-ഹൈദരബാദ് വിജ്ഞാനപാരമ്പര്യങ്ങൾ പങ്കുകൊള്ളുന്ന ജ്ഞാനനിർമ്മാണസംസ്കാരത്തോടും യുക്തിയോടും ചേർന്നുനിൽക്കുന്ന ഷെൽഡൺ പൊള്ളോക്ക് എന്ന ചരിത്രകാരനെയാണ്. ഇന്ത്യൻ ബൌദ്ധികപാരമ്പര്യങ്ങളിൽ അഗാധപാണ്ഡിത്യമുള്ള വ്യക്തിയായി ലോകം മുഴുവൻ അംഗീകരിക്കുന്ന ഇദ്ദേഹം  കൊളംബിയാ സർവകലാശാലയിൽ മുതിർന്ന അദ്ധ്യാപകനും ഗവേഷകനുമാണ്. പക്ഷേ പശുഭക്തനല്ല. അതറിഞ്ഞു കോപിച്ച കുറേ പശുഭക്തബുദ്ധിജീവികൾ  പൊള്ളോക്കിനെ തൽസ്ഥാനത്തു നിന്ന് മാറ്റണമെന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ട് നാരായണമൂർത്തിക്കും മകനും തുറന്ന കത്തെഴുതി. പക്ഷേ ആ ശ്രമം ഫലം കണ്ടില്ല. നാരായണമൂർത്തിയും മകനും പശുഭക്തരോട് പോയി പണി നോക്കിക്കൊള്ളാൻ പറഞ്ഞു. മൂർത്തി ക്ളാസിക്കൽ ലൈബ്രറി പുറത്തിറക്കിയ പുസ്തകങ്ങളിൽ ഒന്നു പോലും ഈ പശുഭ്രാന്തന്മാർ കണ്ടിട്ടില്ലെന്ന് അവരുടെ തുറന്നകത്തിൽ നിന്നു വ്യക്തമാണെന്ന് രോഹൻ മൂർത്തി പരസ്യമായി പറയുകയും ചെയ്തു.

ജെഎൻയു-ഹൈദരാബാദ് സർവകലാശാലകളിൽ പഠിപ്പിക്കുന്നവരെല്ലാം ഇടതുപക്ഷക്കാരണെന്ന അടിസ്ഥാനരഹിതമായ പ്രസ്താവം സമ്മതിച്ചുകൊടുക്കാമെന്നു തന്നെ വിചാരിക്കുക. കാര്യമതല്ല. അവർ ഇടതോ വലതോ വടക്കോ തെക്കോ ആയിക്കൊള്ളട്ടെ. അവർ പഠിപ്പിച്ച വിദ്യാർത്ഥികൾ   ഉന്നതങ്ങളിൽ എത്തിച്ചേരുന്നുണ്ട്. ജ്ഞാനനിർമ്മാണമെന്ന കർമ്മത്തിലേർപ്പെടാൻ അവർ പ്രാപ്തരാകുന്നുണ്ട്. അതു മാത്രം നോക്കിയാൽ മതി. ഇതുമൂലമാണ് മുടക്കുന്ന പണത്തിനു ഫലമുണ്ടാകണമെന്ന് ഉറച്ചുവിശ്വസിക്കുന്ന നാരായണമൂർത്തി –അദ്ദേഹത്തിൻറെ രാഷ്ട്രീയനിലപാടുകൾ എന്തുതന്നെയായാലും –പശുഭക്തരെ വകവയ്ക്കാത്തത്.

വിശ്വോത്തര ചലച്ചിത്രപഠന ഇൻസ്റ്റിട്ട്യൂട്ടുകളുടെ തലപ്പത്ത് നീലച്ചിത്രനായകന്മാരെ ഇരുത്തി അവിടുത്തെ ഗജേന്ദ്ര ചൗഹാൻ JNU HCU Social sciences സാമൂഹ്യശാസ്ത്രം വിദ്യാർത്ഥികൾവിദ്യാർത്ഥികളുടെ ഭാവി മുഴുവൻ ഇരുട്ടിലാക്കുന്ന പശുഭക്തന്മാരെക്കാൾ എത്രയോ ഭേദം മേൽപ്പറഞ്ഞ അദ്ധ്യാപകർ തന്നെ. പശുഭക്തരുടെ വിഡ്ഢിത്തത്തെയും അവർ വമിപ്പിക്കുന്ന വിഷത്തെയും വിമർശിക്കുന്നവരെയെല്ലാം കോമ്മി (commies)കളെന്നു വിളിച്ചാക്ഷേപിക്കുന്ന വലിയൊരു സംഘിക്കൂട്ടം ഫേസ്ബുക്കിലും മറ്റു സൈബർ ഇടങ്ങളിലും ഇന്നുണ്ട്. പശു, ബാബാ രാംദേവ്, സ്മൃതി ഇറാനി, ലോകബാങ്ക്, സ്വന്തം പണപ്പെട്ടി, ജാതിവൈരം മുതലായവയെ പൂജിച്ചു സമയം പോയതുകൊണ്ടാവാം, ഇവർ 1950കളിലെ അമേരിക്കയിൽ നടമാടിയിരുന്ന വർണവെറിയൻ കമ്മ്യൂണിസ്റ്റുവിരുദ്ധഭാഷയിൽ അഭയം പ്രാപിക്കുന്നത്. കട്ടിയും കനവുമുള്ള സാമൂഹ്യശാസ്ത്രവിദ്യാഭ്യാസം ഇവർക്കു ലഭിച്ചിരുന്നെങ്കിൽ ഇടതുപക്ഷമെന്നാൽ സ്റ്റാലിനിസമല്ലെന്നും പലപ്പോഴും അത് സ്റ്റാലിനിസവിമർശനമാണെന്നും ഇവർ മനസ്സിലാക്കിയേനെ.എന്തായാലും എണ്ണപ്പെട്ട മുതലാളിയും കച്ചവടം നടത്താൻ നന്നായി അറിയുന്നയാളുമായ നാരായണമൂർത്തി കോമ്മി അല്ല, തീർച്ച.

പശുഭക്തി മൂലമുള്ള അജ്ഞത നമ്മെ ചാടിക്കാനിടയുള്ള കുണ്ടിനെപ്പറ്റി കാര്യം അടുത്തകാലത്ത് എനിക്കു വീണ്ടും ബോദ്ധ്യമായതുമാണ് -മലയാളികൾക്കിടയിൽ ഫേസ്ബുക്കിൽ സംഘിസ്തുതിയിലേർപ്പെടുന്ന നായർനാമധാരികളെ കുറിച്ചു ചിന്തിച്ചപ്പോൾ.JNU HCU Social sciences സാമൂഹ്യശാസ്ത്രം വിദ്യാർത്ഥികൾ നായന്മാർ വർണവെറിയൻ-ബ്രാഹ്മണ ജനികപരീക്ഷണത്തിൻറെ ഫലങ്ങളാമണെന്നും നായർസ്ത്രീകൾ ബ്രാഹ്മണവംശപരീക്ഷണങ്ങളിലെ ഗിന്നിപ്പന്നികളായിരുന്നെന്നും അഭിമാനപൂർവം പ്രഖ്യാപിച്ച ശ്രീ ഗോൾവാൾക്കർജീയെ ആചാര്യനായി കൊണ്ടുനടക്കാൻ ഇവറ്റയ്ക്ക് ഒരു മടിയുമില്ലെന്ന് കണ്ടപ്പോൾ. ഇവരെ മുഴുവൻ ഹരിയാണയിലേക്കു നാടുകടത്തണമെന്ന് ആവശ്യപ്പെടാത്തത് ഇവരെപ്പോലെ വിവരം കെട്ടവരല്ല നമ്മൾ എന്നതുകൊണ്ടു മാത്രമാണ്.

നമ്മുടെ സർവകലാശാലാവിദ്യാർത്ഥികൾ രാഷ്ട്രീയകക്ഷികളുടെ ഗുണ്ടകളായിത്തീരില്ലേ എന്നൊരു ഭയം പല മാതാപിതാക്കന്മാർക്കും പിന്നെയും കാണും. അതിൽ അല്പം കാര്യമുണ്ടുതാനും. എന്നാൽ ഇതിൽ എല്ലാ രാഷ്ട്രീയകക്ഷികളും കുറ്റക്കാരാണ്. ഏതെങ്കിലുമൊരു രാഷ്ട്രീയകക്ഷി ഇക്കാര്യവും പറഞ്ഞ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് വെറും ഇരട്ടസദാചാരം എന്നേ നാം ഇതുവരെയും മനസ്സിലാക്കിയിരുന്നുള്ളൂ. എന്നാലിന്നിതാ, കീഴ് ജാതിക്കാരോടും മറ്റു മതക്കാരോടും അതിക്രൂരമായ ഹിംസ അഴിച്ചുവിട്ട ചരിത്രം മാത്രമുള്ള സംഘപരിവാരസംഘടനകൾ (പച്ചക്കറി തിന്നുന്നവർ അഹിംസാവാദികളായിക്കൊള്ളണമെന്നില്ലെന്നതിന് എണ്ണമറ്റ തെളിവുകളാണ് ഇന്നും പണ്ടും സംഘപരിവാരാംഗങ്ങൾ നമുക്ക് നൽകിവന്നിട്ടുള്ളത്) ദേശഭക്തി എന്ന സദാചാരക്കുതിരമേലിരുന്നു കൊണ്ട് മറ്റുള്ളവരെ വിധിക്കുന്നു. പക്ഷേ അവരുടെ ഹിംസ ദേശഭക്തിയുടെ തെളിവും മറ്റുള്ളവരുടെ ഹിംസ ദേശദ്രോഹവും ആയി ചിത്രീകരിച്ചാൽ അത് എല്ലായിടത്തും ചെല്ലില്ല. ഏബിവിപി എന്ന ഹിന്ദുത്വവാദവിദ്യാർത്ഥിസംഘടന എവിടെല്ലാം ഭരിക്കുന്നുവോ, അവിടെയൊന്നും അഹിംസ പുലരുമെന്ന് കരുതാനാവില്ലെന്നതാണ് മൂർത്തമായ അനുഭവം. അതുകൊണ്ട് വിദ്യാർത്ഥികൾ രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടരുതെന്ന് ഫേസ്ബുക്കിലും മറ്റിടങ്ങളിലും പ്രഖ്യാപിക്കുന്ന സംഘിദാസന്മാർ ആദ്യം ഏബിവിപിയെ പിരിച്ചുവിടണമെന്ന് മുദ്രാവാക്യം വിളിക്കുക.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ അതിക്രമം ഒട്ടും നന്നല്ല, അത് ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല. ഇക്കാര്യത്തിൽ എനിക്ക് പൂർണയോജിപ്പാണ്. പക്ഷേ ഉപദേശിക്കേണ്ടത് തെറ്റുചെയ്തവരെയാണ്. ജെഎൻയുവിൽ വിദ്യാർത്ഥിരാഷ്ട്രീയം അക്രമത്തിലേക്കു നയിച്ച സംഭവങ്ങൾ വളരെ അപൂർവ്വമാണെന്ന് പോലീസ് കണക്കുകൾ തന്നെ തെളിയിക്കുന്നു.കശ്മീർപ്രശ്നം ചർച്ചചെയ്താൽ അത് അക്രമമാണെന്ന വാദം നിയമപരമായിപ്പോലും നിലനിൽക്കുന്നതല്ലെന്നു പോലും കന്നയ്യാകുമാറിന് ജാമ്യമനുവദിച്ച – സ്വന്തം ദേശസ്നേഹം കരകവിഞ്ഞതു നിയന്ത്രിക്കാൻ അശക്തയായിപ്പോയ -ആ ജഡ്ജി പോലും സമ്മതിച്ചതാണ്. ഹൈദരബാദിലാണെങ്കിൽ വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗം എല്ലാ രാഷ്ട്രീയകക്ഷികളെയും വിമർശനപരമായി മാത്രം സമീപിക്കുന്ന ജാതിവിരുദ്ധവും ഭൂരിപക്ഷവാദവിരുദ്ധവുമായ പുതുരാഷ്ട്രീയങ്ങളുടെ വക്താക്കളാണ്. മുഖ്യധാരാവിദ്യാർത്ഥി സംഘടനകൾ ഇന്ന് അവരുടെ വിമർശനങ്ങൾക്ക് ചെവികൊടുത്തു തുടങ്ങിയിരിക്കുന്നു. അതായത്, കുറ്റപ്പെടുത്തലിനിരയായ ഈ വിദ്യാർത്ഥികളാരും അക്രമികളോ രാഷ്ട്രീയപാർട്ടികളുടെ ചട്ടുകങ്ങളോ അല്ല. ആ വിശേഷണങ്ങൾ എന്തുകൊണ്ടും അർഹിക്കുന്ന വിദ്യാർത്ഥിസംഘടനകളുടെ ഒന്നാംനിരയിൽ നിൽക്കുന്നത് ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ പാർട്ടിയുടെ ചട്ടുകമായ ഏബിവിപി ആണ്.JNU HCU Social sciences സാമൂഹ്യശാസ്ത്രം വിദ്യാർത്ഥികൾ

ഈ പശ്ചാത്തലത്തിൽ, ചികിത്സ വേണ്ടത് വിരുദ്ധാഭിപ്രായം കേട്ടാൽ തല്ലാനും കൊല്ലാനും അട്ടഹസിക്കാനും നടക്കുന്ന ഏബിവിപിക്കാർക്കാണ്. ആദ്യം സ്വന്തം പുഴുവെടുത്ത പുണ്ണ് ഉണക്കിയശേഷം മറ്റുള്ളവരുടെ മുഖക്കുരു ചികിത്സിക്കാൻ നടക്കുക എന്ന് ഇറാനിത്തംപുരാട്ടിയെ ആരെങ്കിലും ബോദ്ധ്യപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു.

ഹൈദരബാദിൽ വിദ്യാർത്ഥികൾ അതിക്രമത്തിലേർപ്പെട്ടുവെന്നാണല്ലോ ആരോപണം, അതുകേട്ടയുടൻ പലരും അതങ്ങു വിഴുങ്ങുകയും ചെയ്തു. അതു സ്വാഭാവികമാണ്, കാരണം നേരത്തെ പറഞ്ഞ നമ്മുടെ മുൻവിധികൾ തന്നെ. അതിക്രമം ആരു ചെയ്താലും ശിക്ഷിക്കപ്പെടണം, അതും നിയമം നിർദ്ദേശിക്കുന്ന രീതിയിൽ. പക്ഷേ അയ്യായിരം പുസ്തകങ്ങൾ JNU HCU Social sciences സാമൂഹ്യശാസ്ത്രം വിദ്യാർത്ഥികൾ സൂക്ഷിച്ചിരുന്ന വായനശാല കത്തിക്കലും വൈസ് ചാൻസലറുടെ സന്നിധിയുടെ മുന്നിലുള്ള ചെടിച്ചട്ടികൾ പൊട്ടിക്കലും ഒന്നുതന്നെയെന്നു പറഞ്ഞാൽ അതിവിടെ ചെലവാകാനിടയില്ല. അതുപോലെ അതിക്രമം കാട്ടിയവരെ പിടിക്കുന്നതിനു പകരം അതിക്രമം കാട്ടിയിരിക്കാൻ ഇടയുള്ളവരെന്ന് ആർക്കോ തോന്നിയവരെ പിടിക്കുന്നതും ബോധമുള്ളവരാരും അംഗീകരിക്കുമെന്നു തോന്നുന്നില്ല. ചെറിയൊരു വിഭാഗത്തിനുമേൽ ചാർത്തപ്പെട്ട ആരോപണത്തിന് ക്യാംപസ് മുഴുവൻ അതിക്രൂരമായ മനുഷ്യാവകാശലംഘനം സഹിക്കേണ്ടിവരുന്നതിന് ലോകത്തു നിലവിലുള്ള ഒരു കണക്കുപ്രകാരവും നീതീകരിക്കാവുന്നതല്ല. പലപ്പോഴും സ്ക്കൂൾതലത്തിൽ നാം കേൾക്കാറുണ്ടായിരുന്ന പീഡനമുറകളാണ് (ഒരാൾ കുറ്റംചെയ്തുവെന്ന തോന്നലുണ്ടായാൽ ആ ക്ളാസിലെ കുട്ടികളെ മുഴുവൻ അടിക്കുക, ബെഞ്ചിൽ കയറ്റിനിർത്തുക, വെയിലത്ത് നിർത്തുക മുതലായവ) പ്രായപൂർത്തിയായ സർവകലാശാലാവിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കാനുള്ള നല്ല മാർഗമെന്ന ബുദ്ധിയും അവരതങ്ങ് മിണ്ടാതെ വാങ്ങിക്കൊള്ളുമെന്ന വിചാരവും സ്ക്കൂൾത്തലം മാത്രം കണ്ടിട്ടുള്ള ഇറാനീറാണിയുടെയും അവരുടെ ആരാധകരുടെയും തലയിലേ ഉദിക്കൂ. അമേരിക്കയിലും ബ്രിട്ടനിലും മറ്റുമിരുന്ന് അവർക്ക് സ്തുതിചൊല്ലുന്ന മലയാളിസംഘിദാസർ കൌമാരക്കാരായ സ്വന്തം മക്കളുടെ മേൽ ഈ വിദ്യയെങ്ങാനും എടുത്താൽ എന്തായിരിക്കും ഫലമെന്ന് സ്വയം ചിന്തിച്ചിട്ടുണ്ടാവില്ല. അവരുടെ പൊൻപിള്ളകളെപ്പോലല്ലല്ലോ ഇവിടുള്ളവരുടെ മക്കൾ എന്നു വല്ല തോന്നലുമുണ്ടെങ്കിൽ അതങ്ങു മാറ്റണ്ട കാലമാണിത്.

ഹൈദരബാദിലെ വിദ്യാർത്ഥികൾ നിയമവിരുദ്ധരാണോ? വിദ്യാർത്ഥികളെക്കുറിച്ചുള്ള ഈ തോന്നൽ ഉറച്ചുപോയതുകൊണ്ട് ചിന്താശക്തി ഇല്ലാതായവർക്കും സംഘികളുടെ അട്ടഹാസത്തെ ഭയക്കുന്നവർക്കും മാത്രമേ ഈ തോന്നലുണ്ടാകൂ. കാരണം വിദ്യാർത്ഥികളുടെ പ്രതിഷേധം നിയമത്തിനെതിരെ ആയിരുന്നില്ല, മറിച്ച് ഇന്ത്യൻ നിയമവ്യവസ്ഥ പ്രകാരം നിയമം നടപ്പിലാകാത്തതിനെതിരെയായിരുന്നു. പട്ടികജാതിപീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കും ഹൈദരബാദ്പോലീസ് വൈസ്ചാൻസലർ അപ്പാ റാവുവിനെതിരെ കേസെടുത്തതാണ്. മാനവശേഷി മന്ത്രാലയം അദ്ദേഹത്തിനെതിരെ ഉത്തരവിട്ട അന്വേഷണം നടക്കുന്നതേയുള്ളൂ. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കേണ്ട കേസിലെ പ്രതിയെ വീണ്ടും സർവകലാശാലാ നേതൃത്വത്തിലേക്ക് ആദരിച്ചാനയിച്ചതിൽ നിയമവ്യവസ്ഥയോടുള്ള പുച്ഛമാണ് സ്ഫുരിക്കുന്നത് – അതിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. പക്ഷേ പശുസ്നേഹവും ദേശസ്നേഹവും ഒന്നുതന്നെ എന്ന അസംബന്ധചിന്തയെപ്പിടിച്ചാണയിട്ട് ആർത്തട്ടഹസിക്കുന്നവർ ഉണ്ടാക്കിയ ബൌദ്ധികമരവിപ്പ് ബാധിച്ചവർ ഇത് കാണില്ലായിരിക്കാം.

അപ്പോൾ, സാമൂഹ്യ-മാനവവാദ-ശുദ്ധശാസ്ത്രങ്ങൾ പഠിക്കുമെന്നും ആ പഠനത്തിലൂടെ സ്വന്തം മനുഷ്യത്വത്തെ നവീകരിക്കുകയും പൌരബോധത്തെ വിശാലമാക്കുകയും ചെയ്യുമെന്ന് തീരുമാനമെടുത്ത മക്കളെക്കുറിച്ച് നാം അഭിമാനിക്കുകയാണ് വേണ്ടത്. ഒരുവശത്ത് കാർഷികപ്രതിസന്ധിയെ നീക്കാനോ കാലാവസ്ഥാദുരിതത്തെ നേരിടാനോ ആഗോളസാമ്പത്തികപ്രതിസന്ധിയുടെ ഫലങ്ങളെ പരിഹരിക്കാനോ പറ്റാത്തതു മറച്ചുപിടിക്കാൻ, മറുവശത്ത് അഴിമതിവീരന്മാരായ ഇരപിടിയൻമുതലാളിമാരെയും തങ്ങളിതുവരെ അനുഭവിച്ചുവന്ന പ്രത്യേകമെച്ചങ്ങൾ ഇല്ലാതാകുമെന്ന ഭയത്തിൽ വെറിപൂണ്ട മേലാളമദ്ധ്യവർഗത്തെയും പ്രീതിപ്പെടുത്താൻ രാജ്യത്തിൻറെ ആന്തരികസമാധാനത്തെത്തന്നെ ബലികഴിക്കുന്ന നീചശക്തിയായ ഹിന്ദുത്വവാദികളുടെ അസംബന്ധവാദങ്ങൾ കേട്ട് മക്കളെ പഴിക്കാനിറങ്ങാനുള്ള ബുദ്ധിശൂന്യത രക്ഷിതാക്കൾക്ക് ഇല്ലാതിരിക്കട്ടെ. നമ്മെക്കാൾ എന്തുകൊണ്ടും ശക്തരും ധീരരും ബുദ്ധിശക്തിയുള്ളവരും സമത്വബോധമുള്ളവരുമാണ് നമ്മുടെ മക്കൾ. അവർക്കൊപ്പം നിൽക്കുകയും കേരളത്തിലെങ്കിലും ഹിന്ദുത്വവാദശക്തികളോട് അതിതീവ്രമായ നിസ്സഹകരണം പ്രവർത്തിക്കുകയും ചെയ്യാനാണ് നാമിന്ന് ശ്രമിക്കേണ്ടത്.

Comments

comments