1954-ലാണ് ഇന്ത്യയിലെ കേന്ദ്ര സർക്കാർ ദേശീയ സിനിമാ പുരസ്‌കാരങ്ങൾ നൽകിത്തുടങ്ങിയത്. സിനിമയെ സംബന്ധിച്ചുള്ള നെഹ്‌റുവിയൻ കാഴ്ചപ്പാടിനനുസൃതമായി സ്ഥാപിക്കപ്പെട്ട ഫിലിംസ് ഡിവിഷൻ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഫിലിം ഫിനാൻസ് കോർപ്പറേഷൻ, അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയവയോടൊപ്പമാണ് ദേശീയ അവാർഡുകളും വിഭാവനം ചെയ്യപ്പെട്ടത്. കലാപരവും ദിശാബോധപരവുമായ മികവു പുലർത്തുകയും പരീക്ഷണാത്മകമായ സൗന്ദര്യബോധം ആഖ്യാനത്തിലും ഇതിവൃത്തത്തിലും പുലർത്തുകയും ചെയ്യുന്ന സിനിമകൾക്കാണ് ഏറിയും കുറഞ്ഞും കഴിഞ്ഞ അറുപതിലധികം വർഷങ്ങളായി അവാർഡുകൾ ലഭിച്ചു പോന്നിട്ടുള്ളത്. പലതരം വിഭാഗത്തിൽ പെട്ട, എല്ലാ ഭാഷകളിലും സംസ്കാരങ്ങളിലുമുള്ള സിനിമകൾക്കും കലാകാരന്മാർക്കും ലഭിച്ചു പോന്ന അവാർഡുകൾ എല്ലാക്കാലത്തും വിവാദങ്ങളൊക്കെ ഉണ്ടാക്കിയിരുന്നു. ചിലപ്പോൾ ചില നിക്ഷിപ്ത താൽപര്യങ്ങളും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളും അതിൽ പ്രതിഫലിച്ചിട്ടുമുണ്ടാവും. എന്നാലും, ചലച്ചിത്രരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കലാകാരന്മാർ അവരുടെ സഹപ്രവർത്തകരിൽ ചിലരെ തെരഞ്ഞെടുക്കുക എന്ന സർഗാത്മകമായ സഹജാവബോധം ആ അവാർഡുകളിലെല്ലാം നിറഞ്ഞു നിന്നിരുന്നു. അതിന്റെ പേരിലുണ്ടായിരുന്ന കലഹങ്ങൾ പോലും അതേ ചതുരങ്ങൾക്കുള്ളിലും വൃത്തങ്ങൾക്കുള്ളിലുമായതു കൊണ്ട് അതു പോലും സ്‌നേഹം നിറഞ്ഞതും ക്രിയാത്മകവുമായിരുന്നു.

ഇപ്പോൾ ആ കാലമെല്ലാം മാഞ്ഞു പോയി. വിദ്യാർത്ഥികളെയെന്നതു പോലെ, ബുദ്ധിജീവികളെയും കലാകാരന്മാരെയും ശത്രു രാജ്യമായി കാണുന്ന ഒരു സർക്കാർ നിലപാടാണ് ഇവിടെ പുലർത്തുന്നതെന്ന്, gajendra chauhanഗജേന്ദ്ര ചൗഹാനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തലവനായി നിയമിച്ചതിലൂടെ തന്നെ തെളിഞ്ഞതാണ്. അതിന്റെ ബീഭത്സമായ ആവർത്തനമാണ് ഇന്ന് പ്രഖ്യാപിച്ച അറുപത്തിമൂന്നാമത് ദേശീയ പുരസ്‌കാരങ്ങളിലൂടെ നടത്തിയിരിക്കുന്നത്. ഓരോരോ അവാർഡുകളെയെടുത്ത് പരിശോധിക്കുന്നതൊക്കെയും നമ്മുടെ സമയം കളയുന്ന വിഡ്ഢിത്തമായിരിക്കും. ഗുജറാത്തിനെ സിനിമാ സൗഹൃദ സംസ്ഥാനമാക്കിയതാണ് ഏറ്റവും ക്രൂരമായ തമാശ. കെ പി ജയകുമാർ പറയുന്നതു പോലെ, ഗുജറാത്തിൽ ഒരു പക്ഷെ മികച്ച സിനിമകൾ ഉണ്ടാകുന്നുണ്ടാവാം. അത്തരം സിനിമകളെയോ സിനിമാ സംസ്‌ക്കാരത്തെയോ ലക്ഷ്യം വെച്ചല്ല സൗഹൃദ പദവി, അവയെ ‘ഉന്നം’ വെച്ചാണ്. ഫനയും ഫിറാഖും കാണിക്കാൻ ശ്രമിച്ച തിയറ്ററുകൾ അടിച്ചു പൊളിക്കുന്നതാകും സൗഹൃദത്തിന്റെ ലക്ഷണം.

കഴിഞ്ഞ വർഷം ദേശീയ അവാർഡും ബർലിനിലടക്കം മറ്റ് അന്താരാഷ്ട്ര അവാർഡുകളും ലഭിച്ച ചൈതന്യ തമാനെയുടെ കോർട്ടിൽ ദളിത് സമുദായത്തിൽ പെട്ട പ്രക്ഷോഭകാരിയായ കവിയുടെcourt- national award marathi movie വേഷം അവതരിപ്പിച്ച നടനെ ഈയടുത്ത ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നുവെന്ന് വാർത്ത വായിച്ചതായി ഓർക്കുന്നു. ഇന്ത്യ നേരിടുന്ന ഏറ്റവും ഭീകരമായ അമിതാധികാര ബലതന്ത്രം അഥവാ ഫാസിസത്തിന്റെ രൂപവും ഉള്ളടക്കവുമായ ജാതിവെറി എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് നാം കണ്ടു കൊണ്ടിരിക്കുകയാണല്ലോ. അതിന്റെ പ്രദർശനമാണ് കോർട്ടിലെ അഭിനേതാവിനെ കഥാപാത്രത്തിനെയെന്നതു പോലെ, കേസിൽ കുടുക്കുന്നതു പോലുള്ള നടപടി.

ബാഹുബലിയും മുന്നോട്ടുവെക്കുന്നത് ഇതേ പ്രത്യയശാസ്ത്രമാണ്. അമിതമായ അക്രമണോത്സുകതയും കറുത്ത വർഗക്കാരെbahubali national award വില്ലന്മാരായി സ്ഥിരീകരിക്കുന്നതും പോലെ, ഏറ്റവും പുരോഗമന വിരുദ്ധമായ ഉള്ളടക്കവും അസഹനീയമായ ആഖ്യാനവുമാണ് ഈ ചിത്രത്തിനുള്ളത്. കഴിഞ്ഞ അറുപത്തിരണ്ട് വർഷത്തെ അവാർഡുകളും ഒറ്റയടിക്ക് റദ്ദുചെയ്യുന്നതു പോലുള്ള നടപടിയാണ് ഇത്തരമൊരു ബീഭത്സ സിനിമക്ക് പ്രശസ്തമായ ദേശീയ അവാർഡ് കൊടുക്കുന്നതു പോലുള്ള നടപടിയിലൂടെ ജൂറിയും അവരെ അതിനു നിയോഗിച്ച സർക്കാരും ചെയ്തിരിക്കുന്നത്.

എല്ലാം ടെസ്റ്റ് ഡോസാണെന്ന് പറഞ്ഞ് തങ്ങൾക്കു നേരെ ആക്രമണം വരുമ്പോഴാവാം ഡിഫൻസ് എന്നും പറഞ്ഞിരിക്കുകയാണ്, എല്ലാ രംഗത്തുമെന്നതു പോലെ സിനിമാരംഗത്തുമുള്ള പലരും. വിദ്യാർത്ഥികളുടെ ആവേശമെങ്കിലും അവർ കണ്ണും കാതും തുറന്ന് കാണുകയും കേൾക്കുകയും ചെയ്യുന്നത് നന്നായിരിക്കും. രോഹിത് വെമുലെമാർ ആത്മഹത്യ ചെയ്യുകയും കൽബുർഗിയും മറ്റും കൊല്ലപ്പെടുകയും ചെയ്യുമ്പോൾ എനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു എന്ന് വീമ്പിളക്കുന്നതിലൂടെ ജനാധിപത്യ കലാകാരന്മാരുടെ സ്വാതന്ത്ര്യബോധം വികലമാക്കേണ്ട എന്ന രീതിയിലുള്ള ഒരു കൗണ്ടർ- രക്ഷപ്പെടുത്തൽ ആണ് ജൂറി ചെയ്തിരിക്കുന്നത് എന്നു കരുതിയാലും മതി. മുഖത്ത് തുപ്പിക്കളയും എന്ന് ഭീഷണിപ്പെടുത്തുന്ന ഷൂട്ട് അറ്റ് സൈറ്റുകാരൊക്കെ സിനിമകളുമായി കാത്തു നിൽക്കുന്നുണ്ട്. അവർക്കും കൊടുക്കാം ഒരു ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം.

വാൽക്കഷണം: നാഷനൽ അവാർഡ് ഇത്തരത്തിൽ ആയ സ്ഥിതിക്ക്, ഇന്ത്യയിലെ ജനാധിപത്യ ചലച്ചിത്രപ്രവർത്തകർക്ക് ഇനിയൊരു വഴി മുമ്പിലുണ്ട്. ബാഹുബലി ഗണത്തിലുള്ളതല്ലാത്ത ചിത്രങ്ങളെ പരിഗണിക്കാൻ ആന്റി-നാഷനൽ അവാർഡുകൾ ഏർപ്പെടുത്തുക. (ഫേസ്ബുക്കിൽ കണ്ടതാണ്). കോർട്ടും സെഡിഷൻ ചാർജും കാത്തിരിക്കുന്നുണ്ട്.

Comments

comments