നാടും കാടും നേരത്തേ വരളുകയാണ്. ഒരുപക്ഷെ ഈ വരള്‍ച്ച മനുഷ്യരെക്കാള്‍ കൂടുതുല്‍ ബാധിക്കുന്നത് മൃഗങ്ങളെയാവും. കാരണം, നാളത്തേക്ക് വേണ്ടി വെള്ളമോ ഭക്ഷണമോ കരുതിവെക്കുന്ന സ്വഭാവം മൃഗങ്ങള്‍ക്കില്ല. മനുഷ്യരെ സംബന്ധിച്ച് താല്‍ക്കാലിക പോംവഴികള്‍ പലതുണ്ടെങ്കില്‍, കാട്ടില്‍ അതൊന്നും സാധ്യമല്ല.

ഏതു ഉഷ്ണമേഖലാവനവും ചൂടുകാലത്ത് ഉണങ്ങി വരളുകയും അവിടെ ജലക്ഷാമം രൂക്ഷമാവുകയും ചെയ്യും എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷെ ഏപ്രില്‍, മേയ് മാസങ്ങളില്‍ പ്രതീക്ഷിക്കുന്ന ചൂട് ഇത്തവണ മാര്‍ച്ചില്‍ തന്നെ തുടങ്ങി എന്നതാണ് നാടും കാടും മൃഗങ്ങളും നേരിടുന്ന പുതിയ വെല്ലുവിളി.

വെള്ളം കുടിക്കുക മാത്രമല്ല സ്വന്തം ശരീരം തണുപ്പിക്കുക എന്നതും മൃഗങ്ങളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ആന,കടുവ പോലുള്ള മൃഗങ്ങള്‍ക്ക്  ഇത് കൂടിയേ തീരൂ.

ഒരു കടുവയെ സംബന്ധിച്ചിടത്തോളം താങ്ങാവുന്ന ശരാശരി ചൂട് 35 ഡിഗ്രി വരെയാണ്. ഇതിലും ചൂട് കൂടുമ്പോള്‍ വെള്ളത്തില്‍ ഇറങ്ങിക്കിടക്കുക എന്നതാണ് അവയുടെ രീതി. ഭക്ഷണം വേഗത്തില്‍ ദഹിക്കാനും കടുവയെ സഹായിക്കുന്നത് ഈ കിടപ്പ് തന്നെ. വേനല്‍ നേരത്തെ എത്തുകയും, വേനല്‍മഴ കിട്ടാതിരിക്കുകയും ചെയ്താല്‍ അവയുടെ അതിജീവനം ദുഷ്കരമാവും.

മറ്റു മൃഗങ്ങളില്‍നിന്നും വ്യത്യസ്തമായി ആനയ്ക്ക് ശരീരം മുഴുവന്‍ വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ല. ചെവിയുടെ പിറകുഭാഗത്ത് മാത്രം ഈ ഗ്രന്ഥികള്‍ ഉള്ള ആനയെ സംബന്ധിച്ച് ചൂടില്‍ നിന്നും രക്ഷനേടാനുള്ള ഒരേ ഒരു വഴി കാട്ടിലെ ചെറു ജലാശയങ്ങളാണ്. അവ വറ്റുമ്പോള്‍ ആന സ്വാഭാവികമായും നാട്ടിലിറങ്ങും. അവയുടെ സ്വഭാവം കൂടുതല്‍ അക്രമാസക്തമാവും.

വെള്ളം കുറയുമ്പോള്‍ ഉള്ള വെള്ളത്തിനടുത്തു ആനകള്‍ കാവല്‍ നില്‍ക്കുന്നതും കാടുകളിലെ കാഴ്ച്ചയാണ്. അതുപോലെതന്നെ ദീര്‍ഘനേരത്തേക്കുള്ള കടുവയുടെ കിടപ്പും. ഇതുകാരണം ചെറു മൃഗങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ദാഹിച്ചു വലഞ്ഞ്, മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരും അവര്‍ക്ക് ഇത്തിരി വെള്ളം കുടിക്കാന്‍ !

വെള്ളം കുറയുന്നതോടൊപ്പം സംഭവിക്കുന്ന മറ്റൊരു സംഗതിയാണ് ഭക്ഷ്യക്ഷാമം. കാടിലെ പച്ചപ്പുതന്നെ ഇല്ലാതാകുന്നു. ഉണക്കപ്പുല്ല് തിന്നുന്ന ആനകളെ കാണാം കാട്ടില്‍. വേനല്‍മഴ നേരത്തെ എത്തിയില്ലെങ്കില്‍ ദയനീയമായിരിക്കും കാടിന്‍റെ അവസ്ഥ.
മൃഗങ്ങളെ സംബന്ധിച്ച് ഇത് കേവലം ജലക്ഷാമത്തിന്റെ മാത്രം പ്രശ്നമല്ല.

കാട്ടിലെ ഓരോ ജീവിയുടെയും ജീവിതചക്രം കാലാവസ്ഥയെ അനുസരിച്ച് ക്രമീകരിക്കപ്പെട്ടിരിക്കുന്നു. അവയുടെ ഇണചേരല്‍, പ്രസവം, വളര്‍ച്ച, പ്രായപൂര്ത്തിയാവല്‍, അതിജീവനം എന്നിങ്ങനെ എല്ലാം കാലാവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു.

നമുക്ക് ചുറ്റുമുള്ള ചിലതരം പക്ഷികളെ മാത്രം നിരീക്ഷിച്ചാല്‍ ഈ കാര്യം ബോദ്ധ്യപ്പെടും. ഒരു പക്ഷി കൂടുകൂട്ടുന്നത്, മുട്ടയിടുന്നത്‌ അത് വിരിയുന്നത്, കുഞ്ഞുങ്ങള്‍ പറക്കമുറ്റി കൂടുപേക്ഷിക്കുന്നത് തുടങ്ങിയ സംഗതികളെല്ലാം കിറുകൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. മണ്‍സൂണ്‍ മഴയ്ക്ക്‌ തൊട്ടുമുന്പ്  കുഞ്ഞുങ്ങള്‍ പറന്നു തുടങ്ങിയില്ലെങ്കില്‍, ആ കൂടും കുഞ്ഞുങ്ങളും മഴയില്‍ ഇല്ലാതാവും.

ഇനി, കാട്ടിലെ ഒരു കടുവയുടെ കാര്യം എടുത്താല്‍, കടുവക്കുഞ്ഞുങ്ങളുടെ ആദ്യത്തെ മൂന്നാലുമാസം വളരെ പ്രധാനപ്പെട്ടതാണ്. അമിതമായ ചൂടോ, അമിതമായ മഴയോ അവയുടെ ജീവന്‍ അപകടത്തിലാക്കും. എളുപ്പം വെള്ളം കിട്ടുന്ന, സുരക്ഷിതമായ സ്ഥലങ്ങളില്‍ ആയിരിക്കും കടുവകള്‍ പ്രസവിക്കുന്നത്. കാരണം, വെള്ളത്തിന്‌ വേണ്ടി ഒരുപരിധി വിട്ട് നടക്കേണ്ടിവന്നാല്‍ കുഞ്ഞുങ്ങള്‍ക്ക്  ചൂടിനെ അതിജീവിക്കാനാവില്ല.
ഇങ്ങിനെ ഓരോ ജീവിയുടെയും ജീവിതം കൃത്യമായ കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച്  ചിട്ടപ്പെടുത്തിയിരിക്കുന്നു. ഒരുതരം ജെനിറ്റിക്കല്‍ കോഡിംഗ് എന്നുപറയാം.
അങ്ങിനെയിരിക്കെ, ഒരു വരള്‍ച്ചയോ, ഒരു അതിവര്‍ഷമോ അപ്രതീക്ഷിതമായി സംഭവിച്ചാല്‍ എന്തുണ്ടാവും എന്ന് നമുക്കൂഹിക്കാം.

സകല മൃഗങ്ങളെയും ഇത്തരം കാലാവസ്ഥാ മാറ്റങ്ങള്‍ പ്രതികൂലമായി ബാധിക്കും. അതോടൊപ്പം, വനങ്ങളെയും, മനുഷ്യരെയും. കാരണം, മൃഗങ്ങളില്ലെങ്കില്‍ കാടില്ല. കാടില്ലെങ്കില്‍  മനുഷ്യനില്ല.

കേരളത്തെ സംബന്ധിച്ചാണെങ്കില്‍, ആശങ്കയുണ്ടാക്കുന്ന ചില പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കഴിഞ്ഞ ആറുകൊല്ലത്തിനുള്ളില്‍, വരണ്ട പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ഇരുപതില്‍ കൂടുതല്‍ പക്ഷിവര്‍ഗ്ഗങ്ങളെ ഇവിടെ കണ്ടെത്തിയിരിക്കുന്നു.

മയില്‍, മൈന തുടങ്ങിയ പക്ഷികളെ കൂടുതല്‍ പ്രദേശങ്ങളില്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഇവയെല്ലാം നമ്മുടെ നാട് വര്‍ഷംതോറും കൂടുതല്‍ കൂടുതല്‍ വരളുന്നു എന്ന സത്യം നമ്മെ ബോധ്യപ്പെടുത്തുന്നു.

ആഗോളതാപനം, ഓസോണ്‍ പാളി തുടങ്ങിയ വാക്കുകളില്‍ എല്ലാം ഒതുക്കാന്‍ കഴിയില്ല. കാരണം, പ്രാദേശികമായ കാലാവസ്ഥാമാറ്റങ്ങള്‍ നമ്മുടെ പ്രവൃത്തിദോഷം തന്നെയാണ്. ആഗോളതാപനത്തിലും നമുക്ക് നമ്മുടെതായ പങ്കുണ്ടെന്നിരിക്കെ.

നമുക്ക് വികസനം വേണം. അതിനു വൈദ്യുതി വേണം. അവിടെ തീര്‍ന്നു നമ്മുടെ വികസന അജണ്ട. വൈദ്യുതി വേണമെങ്കില്‍ ഇവിടെ പുഴകളും കാടുകളും നിലനില്‍ക്കണം എന്ന് ആര്‍ക്കും അറിയാഞ്ഞിട്ടല്ല.
കാടും പുഴയും ഇല്ലാതെ ജീവന്‍ നിലനില്‍ക്കില്ല എന്നും നമുക്കറിയാം.

പക്ഷെ എല്ലാം അറിഞ്ഞിട്ടും നാം മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ട് നമ്മുടെ ചുമതലകളില്‍ നിന്നും ഒഴിഞ്ഞുമാറിക്കൊണ്ടേയിരിക്കും. രാഷ്ട്രീയത്തെ കുറ്റപ്പെടുത്തുന്നതിനു മുന്‍പ്, വ്യക്തികള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും അല്ലെങ്കില്‍ നാം എന്ത് ചെയ്യുന്നു എന്നതാണ് ഒരു ചോദ്യം.

തീര്‍ച്ചയായും നമുക്ക് പലതും ചെയ്യാന്‍ കഴിയും.

ആദ്യം ചെയ്യേണ്ടത്, വെള്ളത്തിന്റെയും, വൈദ്യുതിയുടെയും അനാവശ്യ ഉപഭോഗം ഒഴിവാക്കുക എന്നതാണ്. വെള്ളം, വൈദ്യുതി, ഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍  മലയാളിയുടെ ധൂര്‍ത്ത് നിസ്സാരമല്ല.
പ്ലാസ്റ്റിക് വേസ്റ്റ് റോഡില്‍ ഇടുക, പൊതുസ്ഥലത്ത് പുകവലിക്കുക തുടങ്ങിയ ദുശീലങ്ങള്‍ മലയാളികള്‍  ഉപേക്ഷിച്ചുവരുന്നത്‌  ശ്രദ്ധിച്ചാല്‍, നമുക്കറിയാം വേണ്ടത്ര അവബോധം ലഭിച്ചാല്‍  ഊര്‍ജ്ജ സംരക്ഷണത്തിലും നാം ജാഗ്രത പാലിക്കും എന്ന്.

നമ്മള്‍  പ്രകൃതിയെക്കുറിച്ചു സംസാരിക്കുമ്പോള്‍ ആദ്യം പറയുന്ന വാചകം “അടുത്ത തലമുറ”എന്നാണ്. വരും തലമുറയെക്കുറിച്ച് വേവലാതിപ്പെടുമ്പോള്‍ നാം ആലോചിക്കാറില്ല, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പരിസ്ഥിതിയെക്കുറിച്ചും, കാടിനെക്കുറിച്ചും, എന്തൊക്കെ അറിവുകള്‍ നാം പകര്‍ന്നുകൊടുത്തിട്ടുണ്ട് എന്ന്.
സ്വകാര്യ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനമല്ലാതെ മറ്റെന്തെങ്കിലും കാര്യങ്ങളില്‍  ഇടപെടാന്‍ ഉള്ള സമയം കിട്ടുന്നുണ്ടോ എന്നതും നമ്മെ ഒട്ടും അലട്ടാറില്ല. അവബോധമുള്ള ഒരു പുതിയ തലമുറ സ്വയം വാര്‍ക്കപ്പെടും എന്ന് ചിന്തിക്കാനും വയ്യ. കാരണം, കാലം മാറിയിരിക്കുന്നു. രാഷ്ട്രീയ സങ്കല്പങ്ങള്‍  മാറിയിരിക്കുന്നു. സൈലന്റ് വാലി പ്രക്ഷോഭം നടന്നകാലത്തെ പോലുള്ള ഒരു ജനതയല്ല ഇന്നിവിടെയുള്ളത്.
തുടങ്ങേണ്ടത് കുട്ടികളില്‍ നിന്നാണ്. പക്ഷെ, ഒരുഭരണകൂടവും ഒരു വിദ്യാഭ്യാസപദ്ധതിയും അതിനായ് ശ്രമിക്കില്ല. കാരണം, വികസനം എന്ന വാക്കിന്  അവര്‍ കല്‍പ്പിക്കുന്ന അര്‍ത്ഥം വേറെയാണ്.

ഓരോ മനുഷ്യനും, ഓരോ ജീവിക്കും ശുദ്ധവായുവും, ശുദ്ധജലവും, ശുദ്ധമായ ഭക്ഷണവും കിട്ടുന്ന ഒരു വികസനസങ്കല്‍പ്പം ഇന്നേവരെ ഒരു ഭരണകൂടവും വികസിപ്പിച്ചിട്ടില്ല.

വലിയ ഒരു വിഭാഗം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുകയും, ചെറിയ ഒരു വിഭാഗത്തിനായ്  ഭരിക്കുകയും ചെയ്യുന്ന ഭരണകൂടം എന്ന നിലയിലേക്ക് നിലവിലുള്ള ജനാധിപത്യം ചുരുങ്ങുമ്പോള്‍, പുതിയ ഒരു ജനാധിപത്യ സങ്കല്പം ഉരുത്തിരിഞ്ഞേ തീരൂ.

കാടും, നദിയും, പുഴയും, സകലജീവികളുമടങ്ങിയ ഒരു ലോകത്തെ ഉള്‍ക്കൊള്ളാന്‍  കഴിയുന്ന ഒരു രാഷ്ട്രീയം, ഒരു ജനാധിപത്യ സങ്കല്പം ഇന്നല്ലെങ്കില്‍ നാളെ ഇവിടെ ഉയര്‍ന്നുവരും. ഭൂമിയുടെ അവകാശികള്‍  മനുഷ്യര്‍ മാത്രമല്ല എന്ന് അന്ന് നമുക്ക് അംഗീകരിക്കേണ്ടിവരും. അതുതന്നെയാണ് ശാശ്വതമായ പരിഹാരവും.

Comments

comments