പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവർത്തകനും ഡൂൾന്യൂസ് ഡോട്ട് കോമിന്റെ ചീഫ് എഡിറ്ററുമായ  ബാാബു ഭരദ്വാജ് ഹൃദയാഘാതത്തെ തുടർന്ന്  അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.

1948-ൽ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയിൽ ജനിച്ചു. പൊയിൽകാവ് ഹൈസ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ്, തൃശൂർ എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം എസ് എഫ് ഐയുടെ ആദ്യ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്നു

ചിന്ത വീക്കിലി എഡിറ്റർ, കൈരളി ടി വി ക്രിയേറ്റീവ് എക്സിക്യൂട്ടീവ്, മീഡിയ വൺ പ്രോഗ്രാം ചീഫ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 2009 മുതൽ ഡൂൾ ന്യൂസിന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു.

പ്രവാസിയുടെ കുറിപ്പുകൾ , ശവഘോഷയാത്ര, പപ്പറ്റ് തീയേറ്റർ,  കലാപങ്ങൾക്കൊരു ഗൃഹപാഠം, പ്രവാസിയുടെ വഴിയമ്പലങ്ങൾ, അദൃശ്യ നഗരങ്ങൾ, കബനീനദി ചുവന്നത് ), കണ്ണുകെട്ടിക്കളിയുടെ നിയമങ്ങള്‍, പഞ്ചകല്യാണി എന്നിങ്ങനെ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. കലാപങ്ങൾക്കൊരു ഗൃഹപാഠം എന്ന കൃതിക്ക് ഏറ്റവും മികച്ച നോവലിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. ചിന്ത രവി സംവിധാനം ചെയ്ത ‘ഇനിയും മരിക്കാത്ത നമ്മൾ’ എന്ന ചിത്രത്തിന്റെ നിർമ്മാതാവുമായിരുന്നു.

ബാബു ഭരദ്വാജിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായത്  സത്യവും ധാർമ്മികതയും മുറുകെപ്പിടിച്ച ഒരു മുതിർന്ന മാധ്യമപ്രവർത്തകനെയും മനുഷ്യസ്നേഹിയെയുമാണു. നവമലയാളിക്ക് നഷ്ടമായത് ഒരു സുഹൃത്തിനെയുമാണു. അദ്ദേഹത്തിന്റെ അന്ത്യത്തിൽ നവമലയാളി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഒപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ഡൂൾന്യൂസിന്റെയും സന്താപത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.

Comments

comments