കുറച്ച് നാൾ മുമ്പ് പ്രേമം എന്ന ഒരു സിനിമ മലയാളക്കരയിൽ തകർത്തോടിയിരുന്നു. ഇപ്പോഴും ഓടുന്നുണ്ട് എന്നു തോന്നുന്നു. എല്ലാ വിജയസിനിമകളേയും പോലെ അതും വെള്ളിത്തിരയ്ക്ക് പുറത്തേക്ക് പലതും കുടഞ്ഞിട്ടു. മലയാളി സമൂഹത്തിന്റെ സ്വത്വദാഹം ശമിപ്പിക്കാൻ വേണ്ടി. അതിൽ നിർദ്ദോഷമെന്ന് തോന്നിച്ച ഒന്ന് കറുത്ത കുപ്പായമായിരുന്നു. കറുത്ത കുപ്പായകൂട്ടങ്ങൾ നാലാളു കൂടുന്നിടങ്ങളെ ഭരിച്ചു. കല്ല്യാണമോ, മരണമോ എന്നു നോക്കാതെ. ക്യാമ്പസോ, ബാർബർ ഷാപ്പോ എന്ന് നോക്കാതെ. കറുപ്പ് എന്ന നിറത്തെ കേന്ദ്രീകരിച്ചുള്ള ദളിത് അവബോധത്തിന്റെ പ്രകടനമായിരുന്നില്ല അത്. സാംസ്‌കാരിക വ്യവസായത്തിന്റെ സ്വാഭാവികമായ അനന്തരഫലങ്ങളിൽ ഒന്ന്.

എങ്കിലും ആ കറുപ്പുകുപ്പായത്തെ ചരിത്രവുമായി ബന്ധിപ്പിച്ചാൽ ഞെട്ടിപ്പിക്കുന്ന ഒരു ഉൾക്കാഴ്ച കിട്ടും. മുസ്സോളിനിയുടെ ഫാസിസ്റ്റ് സംഘത്തിന്റെ ആഭ്യന്തരയൂണിഫോം ആയിരുന്നു കറുപ്പ്. കറുപ്പ് കുപ്പായക്കാർ എന്ന പേരിലായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. ഫാസിസത്തിന്റെ സൈന്യം പൗരന്മാർ തന്നെയായിരുന്നു. പൗരാവലിയെ സൈന്യമാക്കികൊണ്ടാണ് ഫാസിസ്റ്റുകൾ അഭ്യന്തര അസ്ഥിവാരം സ്ഥാപിച്ചത്. അത്തരം പൗരാവലിയെ യൂണിഫോം അണിയിച്ചത് മുസ്സോളിനിയാണ്.

കേരളത്തിൽ കറുപ്പുകുപ്പായമണിഞ്ഞവരിൽ ഇടതും വലതുമുണ്ടായിരുന്നു.പ്രേമം premam ഹൈന്ദവഫാസിസം അപരവൽക്കരിച്ച ദളിതരും പിന്നോക്കവിഭാഗങ്ങളും  മുസ്ലീങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. എല്ലാവർക്കും പാകമായിരുന്നു ആ കറുപ്പു കുപ്പായം. അതണിഞ്ഞ് നമ്മുടെ യുവത്വം (യുവത്വം മാത്രമല്ല, യുവാക്കളായി നടിക്കുന്ന മധ്യവയസ്‌ക്കരും വൃദ്ധജനങ്ങളും ) കേരളത്തെ നിറയ്ക്കുമ്പോൾ, ഡൽഹി കേന്ദ്രീകരിച്ച് ഇന്ത്യൻ ഫാസിസം അതിന്റെ കരുക്കൾ മുന്നോട്ട് നീക്കുകയായിരുന്നു.

കറുപ്പുകുപ്പായത്തെ എന്തിന് മുസ്സോളിനിയുമായി ബന്ധിപ്പിക്കണം എന്ന ചോദ്യം അവിടെ നിൽക്കട്ടെ. അതിനേക്കാളും മെച്ചപ്പെട്ടതാണ്  കറുപ്പു കുപ്പായത്തെ ഒരു രൂപമാക്കി ഒരു സിനിമ തെരഞ്ഞെടുക്കുമ്പോൾ എന്തുകൊണ്ട് മുസ്സോളിനിയെ ഓർമ്മിച്ചില്ല എന്നത്. ശ്രദ്ധയില്ലായ്മയുടെ നിറവും കറുപ്പാണ്. ഫാസിസത്തിന്റെ വളർച്ച എക്കാലവും അശ്രദ്ധയുടെ ചരിത്രസാഹചര്യത്തിലാണ്.  ഫാഷൻ വരുന്ന പോലെത്തന്നെയാണ് ഫാസിസവും. പതുക്കെ പതുക്കെയല്ല അത് ബ്രേയ്ക്ക് ഈവൻ പോയിന്റ് കടക്കുക. അതിന്റെ വിജയത്തിനാസ്പദം യുവാക്കൾ അതിന്റെ സന്ദേശവാഹകരാകുന്നതോടുകൂടിയാണ്.മുസോളിനി

ഫാസിസം, നിർണ്ണയിക്കപ്പെട്ട ഒരു പ്രത്യയശാസ്ത്രം എന്നതിനേക്കാൾ ഒരു മനോഭാവമാണ്. ഒരു യുക്തിയുടേയും സഹായമില്ലാതെ ഉടലിൽ നിന്നും ഉടലിലേക്ക് പകരുന്ന വ്യാധി. വർഗ്ഗീയതയ്ക്ക് മരുന്നു കണ്ടുപിടിയ്ക്കുക എന്നത് ഇന്ന് എയ്ഡ്‌സിന് മരുന്നു കണ്ടുപിടിക്കുന്നതിനേക്കാൾ പ്രധാനമാണ്. കാരണം എയ്ഡ്‌സ് എന്നത് വ്യക്തി ജീവിതത്തിന് നേരെ ഉയർന്നിട്ടുള്ള ഭീഷണിയാണ്. വർഗ്ഗീയത എന്നത് മനുഷ്യരാശിക്ക് നേരെ ഉയർന്നിട്ടുള്ള ഭീഷണിയാണ്.

വർഗ്ഗീയത ഫാസിസത്തെ ചെറുക്കുക എന്നത് അർത്ഥപൂർണ്ണമാകണമെങ്കിൽ വർഗ്ഗീയ ഫാസിസം എന്താണെന്നത് ശരിയ്ക്ക് മനസ്സിലാക്കണം. വർഗ്ഗീയ ഫാസിസത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് ഉയർന്നു വരുന്ന വിമർശനങ്ങൾ എടുത്തു പരിശോധിച്ചാൽ ആ മനസ്സിലാക്കലിന്റെ ആഴക്കുറവ് അറിയാം. പലർക്കും മത സൗഹാർദ കാല്പനികത കൊണ്ട് പരിഹരിക്കാവുന്ന ഒന്നാണ് വർഗ്ഗീയ ഫാസിസം. എന്റെ ഒരു സുഹൃദ്കവിയുടെ വാക്കുകളിൽ വർഗ്ഗീയ വാദി സഹതാപം അറിയിക്കുന്നവനാണ്. കാരണം ആത്മാവിനെ ബാധിച്ച ഒരു രോഗം കൊണ്ട് നടക്കുന്ന ആളാണ് അയാൾ. വേറെ ചിലർക്ക് ഇന്ത്യയുടെ സഹജമായ പ്രകൃതി ഏത് വർഗ്ഗീയതേയും മുക്കികളയാൻ കെല്പുള്ള ഒന്നാണ്. ഇങ്ങനെ ഫാസിസം മൃദുവായ ഒരു പലഹാരമാണ് എന്ന് കരുതുന്നവരാണ് ഫാസിസ്റ്റ് വിരുദ്ധരിൽ പലരും. എന്നാൽ അത് കഠിനമായ ഒരു ചര്യയാണ് എന്നറിയുന്നവർ ഫാസിസ്റ്റുകൾ മാത്രമാണ് എന്ന് വരരുത്. ഫാസിസം എന്താണെന്നറിയാൻ ചരിത്രത്തെ നാം വീണ്ടും വീണ്ടും അഴിച്ചെടുത്ത് പരിശോധിക്കേണ്ടതുണ്ട്. അത്തരം ഒരു പരിശോധന നമ്മുടെ കാലഘട്ടത്തിൽ നടത്തിയവരിൽ പ്രധാനിയാണ് ഉംബെർട്ടോ എക്കോ.

അയാളെപ്പറ്റി പലതും എണ്ണിപ്പറയാനുണ്ട്. ചിഹ്നശാസ്ത്രത്തിൽ ലോക പ്രശസ്തിയിൽ നിൽക്കെ നോവലിലേക്ക് തിരിയുന്നു.ഉമ്പെർട്ടൊ എക്കൊ നെയിം ഒഫ് ദ റോസ് ‘നെയിം ഓഫ് ദ റോസ്’ അങ്ങനെയുണ്ടായതാണ്. അത് വ്യാപകമായി വായിക്കപ്പെട്ടു. മതാശയങ്ങളുമായി ബന്ധപ്പെട്ട കുറ്റാന്വേഷണ നോവലുകളുടെ ഒരു വലിയ പരമ്പരയ്ക്ക് അത് തുടക്കമിട്ടു. ഈ കുറിപ്പിൽ പറയാനുദ്ദേശിക്കുന്നത് എക്കോയുടെ സാഹിത്യസംഭാവനകളെ കുറിച്ചല്ല. സാംസ്‌കാരിക സംഭാവനകളെ കുറിച്ചാണ്.

ഫാസിസത്തിനെപ്പറ്റി ചിന്തിക്കുകയും പറയുകയും ചെയ്ത ഒരു ഇടതുപക്ഷചിന്തകൻ നമുക്കുണ്ടായിരുന്നു. ഡോ. ടി.കെ. രാമചന്ദ്രൻ. പ്രഫ ടി കെ രാമചന്ദ്രൻനിരന്തരമായി ടി.കെ. ഫാസിസത്തിനെതിരെ സംസാരിച്ചുപോന്നു. ടി.കെ. ഇടയ്ക്കിടെ ഉദ്ധരിയ്ക്കുന്ന വാൾട്ടർ ബൻയാമിന്റെ ഒരു വാചകമുണ്ട്. ‘ആപൽക്കരമായ നിമിഷങ്ങളിൽ എത്തിപ്പിടിക്കുന്ന ഓർമ്മയുടെ പേരാണ് ചരിത്രം’. ബൻയാമിനു മാത്രം പറയാവുന്ന ഒരു വാചകമാണ് ഇത്. കാരണം അയാളെ ഹിറ്റ്‌ലർ പിന്തുടർന്നു. ഫ്രാൻസിന്റെ അതിർത്തിയിൽ ചെകുത്താനും കാലനുമിടയിലെന്നപോലെ ഹിറ്റ്‌ലർക്കും ചരിത്രത്തിനുമിടയിൽപ്പെട്ട് വാൾട്ടർ ബൻയാമിൻ കത്തിയമർന്നു. ആത്മഹത്യയായിരുന്നു അത്. ഓരാൾക്ക് തന്റെ സ്വയം നിർണയശേഷികൊണ്ട് ചെയ്യാവുന്ന അവസാനത്തെ കാര്യം. വാൾട്ടർ ബൻയാമിൻ Walter Benjaminആ ബൻയാമിന്റെ വെളിപാടായിരുന്നു മേൽപ്പറഞ്ഞ വാചകം. നന്മയും പ്രത്യാശയും അതിഭൗതികമായ ഒന്നല്ല. മനുഷ്യചരിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഫലങ്ങളാണ്. അവയെ ഭാവിയിലേക്ക് പ്രവഹിപ്പിക്കുന്ന കുഴലാണ് ചരിത്രം. അതൊരു പാഠ്യപദ്ധതിയല്ല. നമുക്കുള്ളിൽ ജീവനോടെയിരിക്കുന്ന, പ്രവർത്തിക്കുന്ന, മനുഷ്യത്വത്തെ നിർണ്ണയിക്കുന്ന ഘടകങ്ങളാണ് എന്ന് അയാൾ നേർക്കുനേർ കണ്ടിരുന്നു.

ഇക്കാലം ആപത്ക്കരമാണ്. എന്തുകൊണ്ടെന്ന് പറയേണ്ടതില്ലാത്ത വിധം. സർവകലാശാലകളിൽ നമ്മുടെ കുഞ്ഞുങ്ങൾക്കു നേരെ ലാത്തിയും തോക്കും ഭരണകൂടവും ഉരുളുന്നു. ന്യൂനപക്ഷങ്ങളേയും എഴുത്തുകാരേയും സ്വതന്ത്രചിന്തകരേയും എതിർനിർത്തി വാക്കിന്റെ വെടിയും ശരിയ്ക്കുള്ള വെടിയും ഇടയ്ക്കിടെ പൊട്ടികൊണ്ടിരിക്കുന്നു. സാധാരണ മനുഷ്യരുടെ ഭക്ഷണം പരിശോധിച്ച് അഭിമതനോ, അനഭിമതനോ എന്ന് നിശ്ചയിക്കുന്നു. ദളിതരിൽ നിന്നും പാർശ്വവല്ക്കരിക്കപ്പെട്ടവരിൽ നിന്നും ഭരണഘടനാസംരക്ഷണം തട്ടിപ്പറിച്ചെടുക്കുന്നു. പരിസ്ഥിതിക്കുമേൽ കോർപ്പറേറ്റ് വല്ക്കരണം നടപ്പിൽ വരുത്താൻ ഭരണകൂടം തന്നെ കാവൽപ്പട്ടിയായ് ഓടുന്നു. ഇങ്ങനെ ആപൽക്കരം എന്ന നാമവിശേഷത്തെ നാമം തന്നെയാകുന്ന അവസ്ഥ. ഇവിടെ നാം ആശ്രയിക്കുന്ന ഓർമ്മകൾ എന്തായിരിക്കണം. തീർച്ചയായും  നമ്മുടെ നവോത്ഥാനത്തിന്റെ ഗുണഫലങ്ങൾ. ഇന്ത്യയുടെ രാഷ്ട്രീയദിശ നിർണ്ണയിച്ചഅംബേദ്കർ ambedkar കാലത്തെ രാഷ്ട്രീയ ചിന്തകരുടെ എഴുത്തും പ്രവൃത്തിയും. അംബേദ്ക്കറെപ്പോലെ, അദൃശ്യർക്ക് ശബ്ദം നൽകിയ ചരിത്ര നായകരുടെ സംഭാവനകൾ. ഇന്ത്യയിലെ വചന കവികളും തുടർച്ചക്കാരും നടത്തിയ സംസ്‌ക്കാരത്തിന്റെ അബ്രാഹ്മണ വല്ക്കരണം. പിന്നെ ആധുനിക ലോകത്തെ കുറിച്ച് നമുക്ക് കാഴ്ച നൽകിയ ലോകമെമ്പാടുമുള്ള ചിന്തകർ. ഇതൊക്കെയായിരിക്കും പെട്ടെന്ന് എണ്ണപ്പെടുത്താൻ നമുക്ക് പറയാനുള്ള ഓർമ്മകൾ. അതിൽ എക്കോ ഉണ്ട്. ‘ഉർഫാസിസം’  എന്ന ലേഖനവുമായി. അഞ്ച് ഗുണപാഠക്കുറിപ്പുകൾ എന്ന എക്കോയുടെ പുസ്തകത്തിൽ ഈ ലേഖനമുണ്ട്. ‘ഉർ ഫാസിസം’ എന്ന ഇറ്റാലിയൻ പദത്തിനർത്ഥം അനശ്വരമായ ഫാസിസം എന്നാണ്.

ഉംബെർട്ടോ എക്കോയ്ക്ക് ഇതെഴുതാൻ അനുഭവത്തിന്റെ പിൻബലവുമുണ്ട്. 1942 ൽ രാജ്യത്തിന്റെ അന്തസ്സ് സംരക്ഷിക്കാൻ മുസ്സോളിനിയ്ക്കുവേണ്ടി മരിയ്ക്കാൻ തയ്യാറാണെന്ന് പ്രബന്ധമെഴുതി ലൂഡി ജുവനൈൽ പുരസ്‌കാരം നേടിയ പുള്ളിയാണ് കക്ഷി. അന്ന് എല്ലാ യുവാക്കളും ഫാസിസ്റ്റുകളായിരുന്നു എന്ന് ഓർക്കുന്നു എക്കോ. ഫാസിസത്തിന്റെ വാചാലത ഭാഷയേയും പിടികൂടിയിരുന്നു. ആ വാചാലതയിൽ ആയിരുന്നു, വിവേകത്തിലായിരുന്നില്ല രാജ്യത്തിലെ ജനങ്ങൾ.

എന്നാൽ 1945 ൽ കഥമാറി. മുസ്സോളിനി വിരുദ്ധർ മിലാൻ പിടിച്ചടക്കിയപ്പോൾ ഉംബെർട്ടോ എക്കോയും അവിടെ ഉണ്ടായിരുന്നു. പ്രധാന ചത്വരം ജനസഞ്ചയം കൈയ്യടക്കിയിരുന്നു. കൊടികൾ പറത്തിയും പാടിയും അവർ ആ ചത്വരത്തെ നിബിഡമാക്കി. മിമോ മിമോ എന്നവർ ആർത്തു വിളിച്ചു. മിമോ, മിലാനിലെ വിമതസേനയുടെ നേതാവായിരുന്നു. മുസ്സോളിനിയുടെ അവശിഷ്ടസേനയുമായി ഏറ്റുമുട്ടി കാൽ നഷ്ട്ടപ്പെട്ട ഒരാൾ. ആൾകൂട്ടത്തിന്റെ ആഹ്ലാദതിമിർപ്പിനൊടുവിൽ ടൗൺ ഹാളിന്റെ മുകളിൽ മിമോ പ്രത്യക്ഷപ്പെട്ടു. ഒരു കൈ കൊണ്ട് ആംഗ്യം കാട്ടി ജനക്കൂട്ടത്തെ നിശ്ശബ്ദമാക്കി. ഒരു നീണ്ട പ്രസംഗം പ്രതീക്ഷിച്ച് പതിമൂന്നോ പതിനാലോ വയസ്സ് പ്രയമുള്ള ഉംബെർട്ടോ എക്കോ കാതു കൂർപ്പിച്ചു. പ്രസംഗം എന്നാൽ വാചാലത എന്ന ആശയം ഭരണകൂടം തന്നെ വളർത്തിയെടുത്തിട്ടുണ്ടായിരുന്നു. മുസ്സോളിനിയുടെ നീണ്ട പ്രഭാഷണങ്ങൾ പാഠപുസ്തകത്തിലൂടെ പഠിച്ചത് എക്കോയുടെ സ്മൃതിയിൽ പതിഞ്ഞു കിടന്നിരുന്നു. മിമോ വായ് തുറന്നു. ” പൗരരേ, സുഹൃത്തുക്കളേ, വേദനാജനകമായ അനേകം ത്യാഗങ്ങൾക്കു ശേഷം……… നമ്മളിതാ ഇവിടെ. സ്വതന്ത്ര്യത്തിനുവേണ്ടി വീണവർ നീണാൾ വാഴട്ടെ ”    പ്രസംഗം നിർത്തി മിമോ മടങ്ങി. സ്വാതന്ത്ര്യമെന്നാൽ വാചാടോപത്തിൽ നിന്നുള്ള മോചനം കൂടിയാണെന്ന് എക്കോയ്ക്ക് മനസ്സിലായി.

ഇത്തരം കുഞ്ഞു കുഞ്ഞു മനസ്സിലാക്കലുകളുടെ ആഴമാണ് ഉർഫാസിസം എന്ന ലേഖനത്തിൽ എക്കോയെ എത്തിച്ചത്. അതുകൊണ്ടാണ് അതീവ സങ്കീർണവും കെട്ടുപിണഞ്ഞതുമായ ഫാസിസ്റ്റ് ചരിത്രങ്ങൾക്കിടയിൽ നിന്ന് അദ്ദേഹം ഫാസിസത്തിന്റെ ലക്ഷണങ്ങളെ ചികഞ്ഞെടുത്തത്.

ആ ലക്ഷണങ്ങളിൽ പാരമ്പര്യവാദവും, five moral pieces ur-fascism ഉർ ഫാാസിസം ഉമ്പെർട്ടൊ എക്കൊ അഞ്ച് ഗുണപാഠക്കുറിപ്പുകൾ umberto ecoആധുനികതയുടെ നിഷേധവും പ്രവർത്തനത്തിനുവേണ്ടിയുള്ള പ്രവർത്തനവും വ്യത്യസ്തതകളോടുള്ള ഭയവും അസംതൃപ്തരായ മധ്യവർഗികൾക്ക് ഉതകുന്ന അഭയസ്ഥാനവും ഒക്കെപ്പെടും. അതുകൊണ്ടാണ് ഗീബൽസ് ”സംസ്‌ക്കാരം എന്നു കേൾക്കുമ്പോൾ ഞാൻ തോക്കെടുക്കുന്നു” എന്ന് പറഞ്ഞത്. ” ശപിക്കപ്പെട്ട ബുദ്ധി ജീവികൾ ”, ” മരത്തലയന്മാർ ” ” വിപ്ലവ വിടുവായത്തങ്ങൾ ” ” സർവ്വകലാശാലകൾ കമ്മ്യൂണിസ്റ്റുകളുടെ മടയാണ് ” എന്നതെല്ലാം അവരുടെ സ്ഥിരം ശൈലിയായത്. മനുഷ്യരുടെ ബൗദ്ധിക ജീവിതം ഫാസിസ്റ്റുകൾക്ക് എന്നും സംശയിക്കേണ്ട ഒരിടമാണ്. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ കാണാൻ ഉർഫാസിസം എന്ന കണ്ണാടിയിലും നോക്കാവുന്നതാണ്.
———–
പി.എൻ. ഗോപീകൃഷ്ണൻ
ബ്രാഞ്ച് മാനേജർ
കെ.എസ്.എഫ്.ഇ. ലിമിറ്റഡ്ശ്രീ
കൃഷ്ണപുരം ബ്രാഞ്ച്പു
നത്തിൽ ത്രീ സ്റ്റാർ കോംപ്ലക്സ്
ചന്തപ്പുര, ശ്രീകൃഷ്ണപുരം – 679513
ഫോൺ : 9447375573

Comments

comments