വർഷം മാർച്ച് 21 ന് ബിസ്മില്ലാഖാന്റെ നൂറാം ജൻമദിനമായിരുന്നു. അദ്ദേഹം മരണപ്പെട്ടിട്ട് പത്ത് വർഷമാവുന്നു. ഇന്ത്യാ വിഭജനം പലരെയുമെന്ന പോലെ സംഗീതജ്ഞരെയും വലിയ ദുരിതത്തിലേക്കാണ് വലിച്ചിഴച്ചത്. കുറെ പേർ പാകിസ്ഥാനിലേക്ക് എടുത്തെറിയപ്പെട്ടു. മെഹ്ദിഹസ്സൻ, ഗുലാം അലി, അബിദാ പർവീൻ ,റോഷ് നാരാബീഗം തുടങ്ങിയവർ ഇതിൽ പെടുന്നു. അവരിൽ ചിലർ നിശ്ശബ്ദരായി.

മെഹ്ദിഹസ്സന്റെയും ഗുലാംഅലിയുടെയുമൊക്കെ സംഗീതം വിലങ്ങുതടികൾ ഭേദിച്ച് പുറത്തേക്കൊഴുകി. ഗുലാംഅലിക്ക് ഇന്ത്യയിലേക്ക് തിരിച്ചു വരാൻ സാധിച്ചു. രാജസ്ഥാനിലെ ലൂന ഗ്രാമത്തിലേക്ക് തിരിച്ചെത്താം എന്ന പ്രതീക്ഷയിൽ സ്വത്തുക്കൾ കൈമാറ്റം ചെയ്യാതെ ലാഹോറിൽ താമസമാക്കിയ മെഹ്ദിയുടെ കുടുംബത്തിന് പിൽക്കാലത്ത് ഇങ്ങോട്ട് വരാൻ സാധിച്ചില്ല.

ഹിന്ദുസ്ഥാനി -പേർഷ്യൻ -സൂഫി സംഗീതപാരമ്പര്യമായിരുന്നു ഇവരുടെ പൈതൃക പശ്ചാത്തലം.വിഭജനം വലിയ മുറിവാണ് ഇവരുടെ ഹൃദയത്തിലുണ്ടാക്കിയത്. ബിസ്മില്ലാഖാൻ ബീഹാറിലെ ധുമറൂണിലാണ് ജനിച്ചത്. പിന്നീട് ഉത്തർപ്രദേശിൽ വരാണസിയിലെ മാതൃവീട്ടിലേക്ക് കുടിയേറി. കൊട്ടാരത്തിൽ ഷഹനായി വാദകനായ പിതാവ് പൈഗമ്പർ ഖാന് ബിസ്മില്ലയെ ഔപചാരിക വിദ്യാഭ്യാസം നൽകി വളർത്താനായിരുന്നു ആഗ്രഹം. എന്നാൽ ബിസ്മില്ലയുടെ പ്രണയം ഏഴ് സുഷിരങ്ങളുള്ള കുഴലിനോടായിരുന്നു. മാതൃ വഴിയുള്ള പിതാമഹനും അമ്മാവൻമാരും വിഖ്യാത സംഗീതജ്ഞരായിരുന്നു. 144906600992391897-raghu-rai-ustad-bismillah-khanഷഹനായി വാദ്യക്കാർ. കുഞ്ഞ് പിറന്നപ്പോൾ ബോജ്പൂർ കോർട്ടിലെ ഷഹനായി മാസ്റ്റർ ആയ പിതാമഹൻ റസൂൽ ബക്സ് ഖാൻ ബിസ്മില്ല എന്നു മന്ത്രിച്ചത്രെ.ഖമറുദ്ദീൻ എന്ന് പേരുണ്ടായിരുന്ന ബിസ്മില്ല പിന്നീട് ദൈവനാമത്തിലുള്ള ഷഹനായി നാദമായി മാറി. അമ്മാവൻ കുഞ്ഞു ബിസ്മില്ലയുടെ കൈയിൽ ഷഹനായി എടുത്ത് നൽകുമ്പോൾ അത് കല്യാണ വീട്ടിലും മരണവീട്ടിലും ആലപിക്കുന്ന ഒരു സാധാരണ വാദ്യോപകരണമായിരുന്നു. ബിസ്മില്ല തന്റെ പ്രാണവായു കൊണ്ട് തഴുകിത്തലോടി അതൊരു മാന്ത്രിക ദണ്ഡാക്കി. ജർമ്മനി, ഫ്രാൻസ്, ഇറാൻ, ജപ്പാൻ, കനഡ തുടങ്ങി കുറെ രാജ്യങ്ങളിൽ ബിസ്മില്ലയും ഷഹനായിയും സഞ്ചരിച്ചു. ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ച ദിവസം പാർലമെന്റിൽ ആദ്യം പ്രവേശിച്ചത് ബിസ്മില്ലാഖാനാണത്രെ.

കുഞ്ഞു മുഖമുള്ള ആ മനുഷ്യന്റെ ഉയരക്കുറവ് കൊണ്ട് ആരും ശ്രദ്ധിക്കാതെ പോവുമോ എന്ന ആശങ്കയാണ് നെഹ്റുവിനെ കൊണ്ട് ആ തീരുമാനമെടുപ്പിച്ചത് എന്ന് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിരുന്നു.എന്നാൽ വിഭജനത്തിന്റെ വേപഥു കരഞ്ഞ് തീർക്കാൻ വിഷാദ ദമനികളിൽ പ്രാണവായു ഊതുന്ന ബിസ്മില്ലയുടെ ഷഹനായി നാദത്തിനോളം മറ്റെന്തിന് സാധിക്കും എന്ന് നെഹ്റുവിന് തോന്നിക്കാണും. നെഹ്റു മരണപ്പെട്ടപ്പോഴും, പിൽക്കാലത്ത് ഇന്ദിരയും രാജീവും ഇല്ലാതായപ്പോഴും ആ ഷഹനായി കരഞ്ഞിരുന്നു. റിപ്പബ്ളിക് ദിനത്തിലും പാർലമെൻറിൽ ഷഹനായി കച്ചേരി അരങ്ങേറി. പിന്നീട് വന്ന എല്ലാ സ്വാതന്ത്ര ദിനങ്ങളിലും ആകാശവാണി ഷഹനായി പ്രക്ഷേപണം ചെയ്തു.  1938 ൽ ആദ്യമായി ഏ.ഐ .ആർ ബിസ്മില്ലയുടെ ഷഹനായി വാദം പ്രക്ഷേപണം ചെയ്തതിനു ശേഷം താമസിയാതെ ഇന്ത്യൻ ക്ളാസ്റ്റിക്സിൽ സ്ഥാനപ്പെടുകയായിരുന്നു.

20060908002902801

ബിസ്മില്ലാ ഖാൻ(1916- 2006) ഷഹനായി ഊതുമ്പോൾ വേർപാടിന്റെ വേദന ഒരു പുൽത്തുമ്പ് കൊണ്ട് കരഞ്ഞു തീർക്കും.ആത്മാവിലെ ജീവവായു മുഴുവൻ ഉള്ളിലേക്ക് ആവാഹിച്ചെടുത്ത്, വേർപെട്ടു പോയ ആൾ കൂടെ ഉണ്ടായിരുന്ന ആൾക്ക് ഏൽപ്പിച്ച അത്യഗാധമായ മുറിവിലേക്ക് പ്രാണവായു കൊണ്ട് തലോടുന്നത് പോലെ അത് തോന്നിപ്പിക്കും. ആത്മബന്ധുത്വത്തിന്റെ ആഴങ്ങളെ തൊട്ടറിഞ്ഞ് അവർക്ക് വേണ്ടി ഷഹനായി കരയും. അപ്പോൾ പുൽത്തകിടിയിൽ നിന്നും ഇറ്റിറ്റ് വീഴുന്ന വേദനയുടെ വിളംബമല്ലാതെ മറ്റൊന്നുമല്ല അത്. സാരല്ല കുഞ്ഞേ എന്ന് ഒരു കുഞ്ഞു മുഖമുള്ള ആൾ ചമ്രം പടിഞ്ഞിരുന്ന് ചുറ്റുമിരുന്ന് ഗദ്ഗദപ്പെടുന്നവരിലേക്ക് പ്രസരിപ്പിക്കുന്ന ദർവിഷ് അനുഭൂതിയാവാൻ അതിനു കഴിയും.ഉള്ളിലുള്ള സങ്കടങ്ങളുടെ വിങ്ങലിൽ നിന്നാണ് ആ കുഴലൂത്ത് തുടങ്ങുന്നത്. പതിയെ ചിണുങ്ങി ചിണുങ്ങി കണ്ണുനീർ കണങ്ങൾ  വീഴുകയായി. ഹൃദയമുരുകി ഒലിച്ചു വീഴുന്ന ലാവ കണക്കെ ആ പുൽത്തകിടിന്റെ ഇടനെഞ്ച് വിങ്ങി പുറത്തു വരുന്ന പോലെ തോന്നിപ്പിച്ചു. ഉച്ഛസ്ഥായിയിലേക്ക് കരച്ചിലിന്റെ ആരോഹണം. അപ്രതീക്ഷിതമായി മൗനസ്ഥലിയിലേക്ക് ഊർന്നു വീണ പോലെ. നിശ്ശബ്ദ ഗലിയിലേക്ക് കൈപിടിച്ചാനയിച്ച് കൊണ്ട് പോയി കുറച്ചു നിമിഷം ഒറ്റക്കിരിക്കാൻ ഉപേക്ഷിച്ച് കടന്നുകളഞ്ഞവനായി മാറുന്നു ആ പുൽതുമ്പ്.

ഒറ്റക്കിരുന്ന് നിശ്ശബ്ദമായികേൾക്കുമ്പോൾ ഉള്ളിലുള്ളതിനെ അത് തഴുകി ഉണർത്തി സ്വാന്ത്വനപ്പെടുത്തി ഭേദമാക്കുന്ന കുഴലൂത്തായി തോന്നുന്നു. വിഷാദഭാവമാണ് അതിന്റെ സ്ഥായീ സ്വരം.

നക്ഷത്രങ്ങൾ നിറഞ്ഞ നിലാവിന്റെ മട്ടുപ്പാവിലിരുന്ന് ഷഹനായി കേൾക്കുമ്പോൾ നിലാവ്  നേർത്തലിഞ്ഞു.

താരകൾ ദീപ്തമായി.

കൺമറഞ്ഞിരിക്കുന്നയാൾ മറുഭാഗത്തിരുന്ന് കളിയിമ്പത്തിൽ കണ്ണിറുക്കി പുഞ്ചിരി തൂകുന്നു. സ്വന്തം പ്രാണവായു മുഴുവൻ ഉള്ളിലേക്കാവാഹിച്ചെടുത്ത് ആരോഹണാവരോഹണ ക്രമത്തിൽ മറ്റൊരാൾക്കു വേണ്ടി കരയുകയായിരുന്നു ബിസ്മില്ലാ ഖാൻ. മുറിവേറ്റ് തപിച്ച ഹൃദയത്തെ സ്വന്തം പ്രാണവായു കൊണ്ട് ഊതി ഊതി ഉണക്കുന്ന മന്ത്രണം. ഏറ്റം പ്രിയപ്പെട്ട ഒരാൾ വേർപെട്ടു പോയപ്പോളൊക്കെ ഷഹനായി കരഞ്ഞിരുന്നു. ഉപേക്ഷിക്കപ്പെട്ടവന് വേണ്ടി അത് ഇടനെഞ്ച് പൊട്ടി കരഞ്ഞിരുന്നതിനാൽ  കേൾവിയുടെ വൈയക്തികമായ മടിത്തട്ടും അഭയവുമായി അതിന് മാറാൻ പ്രയാസമില്ല.

ആന്തര സംഘർഷത്തിലകപ്പെട്ട് വേപഥു കൊള്ളുമ്പോൾ ഒരു കുഞ്ഞിന്റെ മടിത്തട്ടിൽ ഗർഭപാത്രത്തിലായിരുന്നപ്പോഴെന്നപോലെ കുറേനേരം കിടന്നെന്ന്  തോന്നിച്ചു ബിസ്മില്ല പെയ്യുമ്പോൾ.

അയാൾ കടന്നു പോയി.

അയാളെ കബറടക്കിയപ്പോൾ കൂടെ അയാളുടെ പ്രിയപ്പെട്ട ഷഹനായിയും കബറടക്കി. വിമാനം കയറാൻ മടിയുണ്ടായിരുന്ന, പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചാൽ ഉറക്കം കിട്ടാതിരുന്ന ബിസ്മില്ലാ ഖാൻ. ഒരു പുൽപ്പായ കരുതുമായിരുന്നു അദ്ദേഹം. എവിടെപോയാലും ഉറക്കം കിട്ടാൻ.വരാണസിയിലെ ഒരു പഴയ പള്ളിയിൽ ഒറ്റക്കിരുന്നാണ് ബിസ്മില്ല റിയാസ് (സാദകം) ചെയ്തിരുന്നത്. റിക്ഷാ വണ്ടിയിലാണ് സഞ്ചരിച്ചത്. inext_p_bismillah-khan11എല്ലാ ദിവസവും വാരാണസിയിലെ ക്ഷേത്രത്തിൽ വൈകുന്നേരങ്ങളിൽ ബിസ്മില്ലാഖാൻ ഷഹനായി കച്ചേരി നടത്തി. ഷഹനായി വാദകൻ തന്നെ ആയ സഹോദരൻ ഷംസുദ്ദീനൊപ്പം ഒന്നിച്ച് കച്ചേരി അവതരിപ്പിക്കുമ്പോൾ ബിസ്മില്ല വലിയ പ്രകടനമൊന്നും കാഴ്ചവെക്കില്ല. ജ്യേഷ്ഠൻ തന്റെ മുന്നിൽ കുറഞ്ഞു പോവാതിരിക്കാനായിരുന്നു അതത്രെ. ഗുരുശിഷ്യ പാരമ്പര്യത്തിലെ ഘരാന സ്വഭാവമായിരുന്നു ആ ഷഹനായി കുടുംബം പിന്തുടർന്നത്. ക്ഷേത്ര സന്ദർശകർ ഷഹനായി നാദം ദേവാർച്ചനയായി ഏറ്റുവാങ്ങി.

സഞ്ചാരിയായിരുന്നു ബിസ്മില്ല. ഒരിടത്ത് ഉറച്ചു നിൽക്കാത്ത പ്രകൃതം. പോയ്പ്പോയപ്പോഴൊക്കെ വാരാണസിയിലേക്കു തന്നെ തിരിച്ചെത്തി. ദർഗയിലെ ഏകാന്തതയിലിരുന്ന് തന്റെ ഉള്ളിലെ ദർവിഷ് ഭാവത്തെ ഊതി ഉണർത്തി ഷഹനായിയെ അയാൾ സൂഫിയാനയാക്കി  ചുറ്റുമിരുന്നവരിലേക്ക് പകർന്നു.
വരാണസിയിലെ ക്ഷേത്രോത്സവത്തിന്റെ പൂർണതക്ക് ഷഹനായി കച്ചേരി നിർബന്ധമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം മകനെ കൊണ്ട് കച്ചേരി അവതരിപ്പിക്കാനുള്ള തീരുമാനത്തെ ചിലർ എതിർത്തു. ക്ഷേത്രത്തിൽ അന്യമതസ്ഥന്റെ കച്ചേരിക്കെതിരെ ആയിരുന്നു പ്രതിഷേധം. എന്നാൽ കേൾക്കാൻ വന്നവർ എതിർപ്പുമായി വന്നവരെ തുരത്തി ഓടിച്ചു. പിതാവിന്റെ വേർപാട് ഏൽപ്പിച്ച സ്വന്തം മുറിവ് ഊതി ഉണക്കാൻ എന്നപോലെ മകന്റെ ഷഹനായി കരയാനാരംഭിച്ചു.

ഒരിക്കൽ സംഗീതം ദൈവത്തിന് നിഷിദ്ധമാണ് എന്നു തർക്കിച്ച ഇറാഖിലെ ഷിയാമൗലവിമാരോട് ബിസ്മില്ലാ ഖാൻ പറഞ്ഞു:

“സംഗീതം ഹറാമാണെങ്കിൽ ഞാൻ പാപിയാണ്. അതിനുള്ള എന്തു ശിക്ഷ അനുഭവിക്കാനും ഞാൻ സന്നദ്ധനാണ് ” ‘

ഇന്ത്യൻ പൈതൃകസമ്പത്ത് തന്നെയായ ബിസ്മില്ലാഖാന് ഓർമ്മകുടീരം ഇല്ല. ഉത്തർപ്രദേശിലെ വാരാണസിയിലെ സ്മാരകം പണി പൂർത്തിയാവാതെ പാതി വഴിയിലാണ്. bismillah2മക്കളിലും പേരമക്കളിലും പെട്ട ചിലർ ഷഹനായി വാദ്യക്കാരാണ്. ഇപ്പോൾ അടുത്ത് വീടു സന്ദർശിച്ച യാത്ര എഴുത്തുകാരൻ മുസഫർ അഹമ്മദിനോട് ട്രെയിൻ യാത്രക്കൂലി നൽകിയാൽ കേരളത്തിൽ വന്ന് കച്ചേരി അവതരിപ്പിക്കാൻ തയ്യാറാണെന്ന് അവർ പറഞ്ഞിരുന്നു. ഉത്തർപ്രദേശിലെ ഒരു സാധാരണ ഗൃഹത്തിലാണ് ബിസ്മില്ലയുടെ കുടുംബം താമസിക്കുന്നത്. ഹിന്ദുസ്ഥാനി ഉസ്താദുമാരുടെ മറ്റേത് കുടുംബങ്ങളെയും പോലെ ബിസ്മില്ലയുടെ കുടുംബവും ദാരിദ്രത്തിലാണ് ജീവിച്ചത്. കച്ചേരിയിൽ കിട്ടിയ പണമെല്ലാം അപ്പപ്പോൾ മറ്റുള്ളവർക്ക് വീതം വെച്ച് നൽകുന്ന രീതിയായിരുന്നു ഉസ്താദ് സ്വീകരിച്ചത്. നൂറോളം അംഗങ്ങളുള്ള കുടുംബത്തിലും മറ്റും പണം ആവശ്യമുള്ളവരെ മനസ്സിലാക്കി അതയച്ചു കൊടുക്കും.

ധനം സമ്പാദിക്കാനുള്ളതാണെന്ന് ഉസ്താദിനറിയില്ലായിരുന്നിരിക്കണം. പിൽക്കാലത്ത് ദാരിദ്രത്തിൽ അകപ്പെട്ടപ്പോൾ ബിസ്മില്ലാഖാൻ സർക്കാറിനോട് സാമ്പത്തിക സഹായം അഭ്യർത്ഥിക്കുകയും മുൻ സർക്കാർ 5 ലക്ഷം രൂപ നൽകുകയും ചെയ്തിരുന്നു. സത്യജിത് റേ സംവിധാനം ചെയ്ത ജൽസാഘർ എന്ന സിനിമയിലും ഗൂൺജ ഉഡേ ഷഹനായ് എന്ന സിനിമയിലും ബിസ്മില്ലയുടെ ഷഹനായ് നാദമുണ്ട്. പത്മശ്രീയും പത്മവിഭൂഷണു മൊക്കെ അതർഹിക്കുന്ന ഉസ്താദിന്റെ കുഞ്ഞുകൈകളിൽ ഏൽപ്പിച്ച ഭരണകൂടം ഇനി എന്നാണ് ആ സംഗീത പൈതൃക സംരക്ഷണത്തിന് വഴിയൊരുക്കുക?

Comments

comments