കവി വി മധുസൂദനൻ നായരുമായി നവമലയാളി മിഡിൽ ഈസ്റ്റ് എഡിറ്റർ ഷൈന ഷാജൻ നടത്തിയ അഭിമുഖം.
മാഷിന്റെ കവിതകളിൽ  തത്വചിന്തകളുടെ ധാരാളിത്തവും  ദർശനങ്ങളുടെ  നിഗൂഡഭംഗിയും കാണാറുണ്ട്. അതിനെക്കുറിച്ച്
? അവയുടെ വേരുകളാഴ്ന്നു നില്‍ക്കുന്നതെവിടെയാണ് ?

എന്റെ കവിതകളിൽ എവിടെയെങ്കിലും തത്വചിന്ത അല്ലെങ്കിൽ  ദർശനം  ഉണ്ടെങ്കിൽ അതിന്റെ ഒന്നാമത്തെ ഉത്തരവാദി എന്റെ ബാല്യകാലം തൊട്ടുള്ള എല്ലാം കണ്ടുള്ള ജീവിതമാണു. വറുതിയും  കെടുതിയും  പട്ടിണിയും സമൃദ്ധിയും – കടുംബത്തിലും, മറ്റുള്ളിടത്തുമെല്ലാം കണ്ടു വളർന്നതിന്റെ ഒരു പശ്ചാത്തലമാണ് എന്റെ ദർശനങ്ങളുടെ ആദ്യത്തെ ശക്തി – എന്തെങ്കിലും ദർശനം  ഉണ്ടെങ്കിൽ.

രണ്ടാമത്, ഇത്തരം ദർശനങ്ങളെ കഷ്ടിച്ചെങ്കിലും രൂപപ്പെടുത്താൻ സഹായിച്ചതു  മുഴുവൻ ഉപനിഷത്തുക്കളാണ്. ഞാനൊരു പതിനെട്ടാം വയസ്സുതൊട്ടെങ്കിലും അതിന്റെ അനുഗാമിയായി. എങ്ങനെയോ  അത് തോന്നി. അതുവരെ ഞാൻ  നിരന്തരം ഇംഗ്ലീഷ് നോവലുകളും പാശ്ചാത്യ കവിതകളും, പാശ്ചാത്യ നാടകങ്ങളുമൊക്കെ വായിച്ചു കൊണ്ടിരുന്നതാണ്. ആദ്യം വിവർത്തിത കൃതികൾ വായിച്ചു. പിന്നീട് വേറെ പലതും. പക്ഷേ, ഉപനിഷത്തുകൾ വായിച്ചതിനു ശേഷം എനിക്ക് കൂടുതൽ അതിലേക്കു മുഴുകണമെന്നു തോന്നി. എല്ലാം ആറ്റിക്കുറുക്കി വെച്ചിരിക്കുകയാണതിൽ. അതുപോലൊരു ദർശനം  ലോകത്ത് വേറെ ഉണ്ടായിട്ടില്ലെന്നു  മനസ്സിലായി. അങ്ങനെ അതിലേക്കിറങ്ങാൻ എന്നെ സഹായിച്ചത് സ്വാമി രംഗനാഥാനന്ദയുടെ പുസ്തകമാണ് – The message of the Upanishads. അതോടുകൂടി അതിലേക്കു തിരിഞ്ഞു. അപ്പോൾ എനിക്ക് ലോകത്തിന്റെ ഏറ്റവും നല്ല ദർശന മെന്തായിരിക്കും, മനുഷ്യനെക്കുറിച്ചുള്ള  ദർശനമെന്തായിരിക്കും, പ്രപഞ്ചത്തിനെക്കുറിച്ചുള്ള  ദർശനമെന്തായിരിക്കും എന്നതെല്ലാം മനസ്സിലായി. അതിന്റെ അടിസ്ഥാനം ഇപ്പോഴും വിടാതെ ഞാൻ കൊണ്ടുപോകുന്നു.

കവിതകളിലെ ഇത്തരം ദർശനങ്ങൾ   ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇപ്പോഴത്തെ സമൂഹസാഹചര്യത്തിൽ നിന്നു കൊണ്ട് കാവ്യാസ്വാദനത്തെ എങ്ങനെ വിലയിരുത്തുന്നു?
കാവ്യാത്മകമായ ഒരു സമൂഹമല്ല ഇപ്പോഴുള്ളത്; കമ്പോള സമൂഹമാണ്. എനിക്കെന്ത്, എന്റെ വിഭാഗത്തിനെന്ത്  എന്നുള്ളതിലാണ് ഇന്നത്തെ കാവ്യാസ്വാദനം നിൽക്കുന്നത്. സാഹിത്യാസ്വാദനം എന്നതു വിട്ടിട്ട് സാഹിത്യത്തിലുള്ള ഭൌതിക പ്രയോജനം എന്നതിന് പ്രാധാന്യം വന്നു. പിന്നെ ആരെയെങ്കിലും തെറി പറയുക, ആരെയെങ്കിലും ആക്ഷേപിക്കുകയും, വിമർശിക്കുകയും ചെയ്യുന്നതിലും ശ്രദ്ധയുണ്ട്. ബാക്കി കാര്യങ്ങളിലേക്ക് നമ്മൾ പോകുന്നില്ല. നമ്മുടെ സാമൂഹിക വീക്ഷണം എന്നു പറയുന്നതിൽ പറ്റിയിരിക്കുന്ന വ്യത്യാസം കൊണ്ടാണ് ഇത് ശ്രദ്ധിക്കാതെ പോകുന്നത്. പിന്നെ വേറൊരു കാര്യം കൂടിയുണ്ട്. ഇത്തരം ദർശനങ്ങൾ  പഴഞ്ചനാണെന്ന തോന്നൽ. പടിഞ്ഞാറു നിന്നാരെങ്കിലും പറഞ്ഞാലേ അത് വലിയ കാര്യമാവൂ എന്നൊരു അന്ധവിശ്വാസം നമുക്കുണ്ട്. നമ്മുടെ കൊച്ചുങ്ങൾpaulo-coelho പൌലോ കൊയ്‌ലോ വായിച്ച് രസിക്കുന്നു. അയാൾ ഉപനിഷത്തും കൃഷ്ണമൂർത്തിയും കൂടി നുള്ളിപ്പെറുക്കി എടുത്തതാണ് എന്ന് ആരുമറിയുന്നില്ല. ഏറ്റവും നല്ല മോഷ്ടാക്കളാണ് അവരെപ്പോലുള്ളവർ പലരും. പക്ഷെ അത് നമ്മൾ തിരിച്ചറിയുന്നില്ല. നമ്മളും നമ്മുടെ കുട്ടികളും അതെല്ലാം വായിച്ചിട്ട് ആഹാ ..ആഹാ.. എന്ന് പറയുന്നു. അതേ സമയം ഒരു മുണ്ഢകോപനിഷത്ത് അവൻ വായിക്കില്ല. വായിക്കാൻ ആരും പ്രേരിപ്പിക്കുന്നില്ല. അത് തെറ്റാണ്. വിവേകാനന്ദനു ശേഷവും നമ്മളത് ആവർത്തിക്കുന്നു. നമ്മുടെ ഏറ്റവും വലിയ പാളിച്ചയാണ് അത് എന്നെനിക്കു തോന്നുന്നു. ലോകം ഉപനിഷത്തുക്കളെ വീണ്ടും  ആശ്രയിക്കുന്ന ഒരു കാലം വരും. അത് ഒരു മതഗ്രന്ഥമൊന്നുമല്ല. ഹിന്ദു എന്ന പേര് ഭാരതീയർക്ക് ഉണ്ടാകുന്നതിനും എത്രയോ മുന്‍പ്‌ ഉണ്ടായതാണ് ഉപനിഷത്തുകൾ. ഈ ലോകത്തിനെന്നല്ല, ഇനി വരാൻ പോകുന്ന ലോകത്തിനുമുള്ള വഴി എന്റെ കാഴ്ചയിൽ അതാണ്‌. ഉപനിഷദ് ദർശനം   മതിയാകും മനുഷ്യന്. എന്റെ ജീവിതത്തെ ഞാൻ കാണുന്നത് ആ കാഴചപ്പാടില്‍ നിന്നുകൊണ്ടായതു കൊണ്ടാണ് കവിതകളിലും അത് വരുന്നത്. അങ്ങനെ  വന്നുപോകുന്നതാണ്.

ഇന്നലെകളുടെ അനുഭവങ്ങളെ ആറ്റിക്കുറുക്കിയ വിത്താണ് ഇന്നത്തെ വാക്ക്. അത്തരം അനുഭവങ്ങളൊക്കെ ത്തന്നെയാണോ മാഷിന്റെ കവിതകളിലും?
തീർച്ചയായും.എന്റെ അനുഭവത്തിലല്ലാത്ത  ഒന്ന്‍ എനിക്കെഴുതാൻ പറ്റില്ല. ഞാൻ ഓരോ അനുഭവത്തേയും പ്രത്യേകിച്ച് എടുത്ത് കവിതയാക്കിയിട്ടില്ല. അനുഭവങ്ങളിൽ നിന്നൂറിക്കൂടിയതാണ് എന്റെ എല്ലാ കവിതയും. അതിൽ നിന്നാണെന്റെ കാഴ്ചകൾ. എന്റെ ഉള്ളിൽ നന്നായിട്ട് ചുവയ്ക്കാത്ത, എന്റെ ഉള്ളിൽ തുടിക്കാത്ത ഒരു വാക്കുമില്ല അത് അക്ഷരത്തോടുള്ള  സത്യമാണ്. അക്ഷരത്തെ ഒരിക്കലും ദുഷിപ്പിക്കരുത് എന്നുള്ളതാണ്.mv-2s1

അങ്ങനെ ഏറ്റവും വേദനിച്ചെഴുതിയ കവിത ഏതാണ് ?
എല്ലാ കവിതയ്ക്കുമില്ലേ വേദന? എന്നാൽ സന്താനഗോപാലം എന്ന കവിത വളരെ വേദനിച്ചെഴുതിയതാണ്. അത് ഇപ്പോഴും വേദനയാണ്. ഒരു കുഞ്ഞിന്റെ അവസ്ഥയാണ് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥ. പീഡിപ്പിക്കപ്പെടുന്നതും, ദുരുപയോഗപ്പെടുത്തുന്നതും, ഏറ്റവും ചൂഷണം ചെയ്യപ്പെടുന്നതുമാണ് കുഞ്ഞിന്റെ അവസ്ഥ. ആ കുഞ്ഞിനെ രക്ഷിക്കുക എന്ന ആഗ്രഹത്തിൽ നിന്നുണ്ടായതാണ് സന്താനഗോപാലം. ഒരു കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി പോയ അര്‍ജ്ജുനന്റെ നിസ്സഹായത. അവിടെയും കുഞ്ഞു രൂപത്തിലുള്ളൊരു  കൃഷ്ണനാണ് അവസാനം ആശ്രയമാകുന്നത്. രണ്ടോ നാലോ ദിവസം അസ്വസ്ഥനായി  ഉറങ്ങാതെ ഇരുന്നതിനു ശേഷമാണ് ഞാൻ അതെഴുതുന്നത്. എന്നെക്കുറിച്ച് ഒരു വിധത്തിലും  എനിക്ക്  ദുഃഖ ങ്ങളുണ്ടായിട്ടില്ല – വിഷമങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ അവയെക്കുറിച്ച് കരച്ചിലുണ്ടായിട്ടില്ല. പക്ഷേ, ഈ കവിത ഞാനൊരു ദൃശ്യം കണ്ടിട്ട് അപാരമായി വിഷമിച്ചിട്ട് എഴുതിയതാണ്. ഒരു കുഞ്ഞും അമ്മയും കൂടി പോകുമ്പോൾ  അവർ      ഒരധികാരിയുടെ കാർ തട്ടി വീഴുന്നതു കണ്ട ശേഷമാണ് എനിക്ക് അസ്വാസ്ഥ്യം വന്നത്. തെരുവിൽ തെണ്ടുന്ന കുട്ടികളുള്ള രാജ്യം നന്നാവില്ല എന്നു ഞാൻ പറയാറുണ്ട്‌. ഒരു കുഞ്ഞിനെ തെണ്ടാൻ വിടുന്ന ലോകം എന്ത് ലോകമാണ്? അത് ഇന്നുവരെ എനിക്ക് സഹിക്കാൻ വയ്യാത്തതാണ്. എന്റെ പട്ടിണിയും എന്റെ കഷ്ടപ്പാടും എനിക്കു സഹിക്കാം. പക്ഷെ കുഞ്ഞുങ്ങൾ തെണ്ടി നടക്കുന്നത് കാണാൻ വയ്യ. അതിന്റെയൊരു പ്രതിഫലനമാണ് സന്താനഗോപാലം.മധുസൂദനൻ നായർ

എഴുതിയ കവിതകളിൽ  മാഷിന് ഏറ്റവും ഇഷ്ടമുള്ള വരികൾ അറിവായ്  സ്നേഹമുണ്ടെങ്കിൽ അടയാളങ്ങൾ വേണമോഎന്നാണെന്നു കേട്ടിട്ടുണ്ട്.അതിനെക്കുറിച്ചൊന്നു പറയാമോ?
സ്നേഹമെന്നു പറയുന്നത് സ്വയമുള്ള ശരിയായ ബോധമാണ്. അതാണ് അറിവ്. അത് മറ്റൊരാളിനെ ബോധ്യപ്പെടുത്താനോ മറ്റൊരാളിൽ നിന്നെന്തെങ്കിലും ഇങ്ങോട്ടു  നേടാനോ ഉള്ളതല്ല. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നതിന്റെ  അടയാളമായിട്ട് ഒരു മോതിരം കാണിച്ചു കൊടുക്കേണ്ട കാര്യമില്ല. സ്നേഹിച്ചാൽ മതി. പരസ്പരം അറിവായ്ത്തീർന്നവർക്കേ  സ്നേഹമുണ്ടാകൂ. അന്യോന്യലയമാണത്. അതിനിടക്കൊരു അടയാളമുണ്ടാകുന്നത് കൃത്രിമമായ ലൌകിക മുദ്രയാണ്. നമ്മൾ സ്നേഹത്തിനെല്ലാം അടയാളം തിരക്കുകയാണ്. എല്ലായിടത്തും.ശകുന്തളയ്ക്കു സംഭവിച്ചത് ഇതാണ്. ശകുന്തള സ്നേഹിച്ചു, ദുഷ്യന്തൻ അടയാളം നോക്കി. അടയാളം നോക്കുന്നവൻ കൃത്രിമ ബുദ്ധിയാണ്. ലോകത്തെ എല്ലാ അധികാരികളും അടയാളങ്ങളിൽ വിശ്വസിക്കുന്നു. അവർ സ്നേഹിക്കുന്നില്ല. നമ്മുടെ നാട്ടിൽ ഏത് അധികാരം വന്നപ്പോഴും ഈ അടയാളങ്ങളിലാണ് കൂടുതൽ ശ്രദ്ധ വെച്ചത്. ദുഷ്യന്തൻ എന്നത് ഇന്നത്തെ അധികാരിയുടെ പ്രതീകമാണ്. ശകുന്തള നിഷ്കന്മഷമായി സ്നേഹിച്ചു പോയ പ്രകൃതിയാണ്. പ്രകൃതിക്ക് മേൽ അധികാരം നടത്തുന്ന ധ്വംസനത്തിനെതിരെയാണ് ഞാൻ ഗാന്ധർവ്വം എന്ന കവിത എഴുതിയത്. അത് അധികം പേര്‍ വായിച്ചിട്ടില്ല. ഇപ്പോൾ പ്രകൃതിയെക്കുറിച്ചൊക്കെ പറഞ്ഞു നടക്കുന്ന ആളുകൾ പലരും അത് വായിച്ചിട്ടില്ല. ഞാൻ വായിക്കണമെന്നു പറയാറുമില്ല. ശാകുന്തളം ഒരു പാടു നാള്‍ വായിച്ചു  കിട്ടിയ ഉള്ളറിവ് കൊണ്ടാണ് അതെഴുതിയത്. ഈ കവിത തുടങ്ങാൻ ആദ്യമായിട്ട് എനിക്ക് തോന്നിയ വരിയാണ് ‘അറിവായ് സ്നേഹമുണ്ടെങ്കിൽ അടയാളങ്ങൾ വേണമോ’ എന്നത്. നമ്മുടെയടുത്ത് ഒരു പുഴ അടയാളം ചോദിക്കുന്നില്ല, ഒരു കാറ്റ് ചോദിക്കുന്നില്ല. ഒന്നും ചോദിക്കാതെ നമുക്കവരെ തരികയാണ്. ഇത്  പ്രകൃതിയിൽ നിന്നു  നമുക്ക് കിട്ടുന്ന പാഠമാണ്.  തിരിച്ച്  നമ്മൾ ദ്രോഹം മാത്രമേ ചെയ്യുന്നുള്ളൂ.

ലോകത്ത് ഏറ്റവുമധികം ആയുസ്സുള്ളത് വാക്കുകൾക്കാണ്. വാക്കിനെ നവീകരിച്ചു നിർത്തുന്നതാണ് ഏറ്റവും വലിയ പരിവർത്തനം എന്നു പറയുന്നതോടൊപ്പം തന്നെ ആധുനിക, ആധുനികോത്തര കവിതകളെ  നപുംസകഗദ്യം എന്നൊക്കെ വിശേഷിപ്പിച്ചു കൊണ്ട് വിമർശിക്കുന്നുമുണ്ട്. എന്താണ് പറയാനുള്ളത് ?
ആധുനിക കവിതയെ മുഴുവനുമല്ല ഞാൻ വിമർശിക്കുന്നത്. ആധുനിക കവിത എന്നു പറഞ്ഞ് നപുംസകങ്ങളെ സൃഷ്ടിച്ചു വിടുന്ന ഒരുപാടു പേരാണ് കുഴപ്പക്കാർ. എല്ലാവരേയും പറഞ്ഞു എന്നു ധരിക്കരുത്. ഏറ്റവും നന്നായിട്ടെഴുതുന്ന കുറച്ചു പേരുണ്ട്. പേരെടുത്തു പറയുന്നില്ലെന്നെ ഉള്ളൂ. അഞ്ചു ദിവസം കൂടുമ്പോൾ ഒരമ്പതു പുസ്തകങ്ങളെങ്കിലും എന്റെ കയ്യിൽ കിട്ടും. അതിലൊന്നു പോലും വായിക്കാൻ കൊള്ളില്ല. നപുംസകം പോലുമല്ലാത്ത ഗദ്യങ്ങളാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്ന കുറെ ആൾക്കാരുമുണ്ട്. ഇത് ഭാഷയെ നശിപ്പിക്കും. നമ്മുടെ കുഞ്ഞുങ്ങളുടെ അറിവിനെ നശിപ്പിക്കും. നല്ല ഭാഷ തന്നെ അവർക്കു കൊടുക്കണം. നല്ല ഭാഷ കൊടുത്തില്ലെങ്കിലുള്ള അപകടത്തെക്കുറിച്ച് പതഞ്‌ജലി, മഹാഭാഷ്യത്തിൽ  എഴുതിയിട്ടുണ്ട്. നമ്മുടെ കുട്ടികൾക്ക് ഇതൊന്നും നമ്മൾ പറഞ്ഞു കൊടുക്കില്ല. വ്യാസൻ  നിരുത്തത്തിൽ  എഴുതിയിട്ടുണ്ട് – ഒരു മാത്ര ഒന്നു തെറ്റിയാൽ പറ്റുന്ന അപകടത്തെക്കുറിച്ച്. നമുക്കു തോന്നിയതു പോലെ ചെയ്യാനുള്ള ഒരു  ലൈസൻസാണിപ്പോൾ കൊടുക്കുന്നത്. മൂവായിരം വർഷത്തിലധികം ഭാഷ ഏറ്റവും നന്നായി ശീലിക്കാൻ പഠിപ്പിച്ചിട്ടുള്ള  ഒരു നാട്ടിൽ നിന്നുകൊണ്ടാണ് നമ്മളീ അബദ്ധങ്ങൾ ചെയ്യുന്നത്. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറയുന്നത്. എഴുത്തുകാരെ, ഭാഷയുടെ നവീകരണത്തെ ഞാനൊരിക്കലും കുറ്റപ്പെടുത്തുന്നില്ല. നല്ല ജീവിതമുള്ള ഭാഷ എപ്പോഴും നവീകൃതമായിക്കൊണ്ടിരിക്കും

സമകാലിക മലയാളിയെക്കുറിച്ച്, തുപ്പാൻ ഉമിനീരില്ലാത്തൊരു സമൂഹമായി സമകാലിക മലയാളി അധഃപധിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടുണ്ട്. ആ കാഴ്ചപ്പാട് ഒന്ന് വിശദീകരിക്കാമോ?
ഇപ്പോൾ തുപ്പാൻ ഉമിനീരു പോയിട്ട് തുപ്പാൻ ചുണ്ട് പോലുമില്ലാത്ത അവസ്ഥയാണ് മലയാളിക്ക്. ഞാൻ  ശിവഗിരി തീർത്ഥാടനം സംബന്ധിച്ച ഒരു പ്രസംഗത്തിൽ പറഞ്ഞതാണത്. അങ്ങനെ  പറയാൻ കാരണമുണ്ട്. ഇന്ത്യാക്കാരെല്ലാം കൂടി ഒന്നിച്ചു നിന്നു തുപ്പിയാൽ ഒലിച്ചു പോകാനുള്ളതേ  ഉള്ളൂ  ഇംഗ്ലിഷുകാർ   എന്ന പറച്ചിലിനെക്കുറിച്ച്  ഒരാൾ  ശ്രീനാരായണ ഗുരുവിനോട് ചോദിച്ചപ്പോൾ  ഗുരു പറഞ്ഞതാണ്, “തുപ്പിയാൽ  ഒലിച്ചു പോകാനുള്ളതെ ഉള്ളൂ, പക്ഷെ ഇംഗ്ലീഷുകാരനെ കാണുമ്പോൾ തുപ്പലൂറുന്നില്ല അല്ലെ?” എന്ന്. ഇംഗ്ലീഷുകാരനെ കാണുമ്പോൾ  ഇപ്പോഴും തുപ്പലൂറുന്നില്ല. നമ്മുടെ വികസന സങ്കൽപ്പങ്ങൾ വരെ അതാണ്‌. അതായത് സ്വത്വമില്ലാതെ പോകുന്ന ജീവിതം. സ്വത്വമില്ലാത്ത ഒരു സമൂഹം സ്വതന്ത്ര സമൂഹമല്ല. ആദ്യം സ്വത്വം  എന്താണെന്ന്  തിരിച്ചറിയണം. ഇവിടെ  ഇല്ലത്തുമില്ല, അമ്മാത്തുമില്ല എന്ന അവസ്ഥയാണിപ്പോൾ. സ്വന്തം എന്നു പറയുന്നതെല്ലാം നിന്ദ്യം എന്നു കരുതുന്ന ഒരു വർഗ്ഗം അഭിശപ്ത വർഗ്ഗമാണ്. അവിടെയാണ് പ്രശ്നം. ഇതെന്റെ അഭിപ്രായമാണ്. എനിക്കൊരു മടിയുമില്ല പറയാൻ – പണ്ടും ഇപ്പോഴും. എന്റെയീ നിലപാടിൽ  നിന്ന് ഇപ്പോഴും ഒരു മാറ്റവുമില്ല. അടിസ്ഥാനം കൈവിടരുത്. തുപ്പാൻ ഉമിനീരില്ലാത്ത അവസ്ഥയാണിപ്പോൾ മലയാളിക്ക്. ആദ്യം ഉമിനീരെന്താണെന്നു തിരിച്ചറിയണം. സ്വന്തം ഉമിനീരു കൊണ്ടേ സ്വന്തം കീടങ്ങളും നശിക്കൂ, സ്വന്തം ദഹനവുമുണ്ടാകൂ. ഇപ്പോൾ മലയാളി ഒന്നും ദഹിക്കുന്നവനല്ല. അജീർണ്ണം പിടിച്ചവനാണ്. ദഹിക്കാനായി ഉമിനീരുണ്ടാക്കാൻ  പഠിക്കേണ്ടതുണ്ട് മലയാളി.

സമകാലിക രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം എന്നിവയിലൊന്നും താൽപ്പര്യമില്ലാത്ത മാഷ്  വിശ്വമാനവികത, വിശ്വപൌരത്വം എന്നിവയിൽ വിശ്വസിക്കുന്നുണ്ടല്ലോ. സാഹിത്യ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നയാൾ എന്ന നിലയിൽ  വിശ്വമാനവികത എന്ന  ദർശനത്തിനു വേണ്ടി എന്താണ് പ്രവർത്തിച്ചിട്ടുള്ളത് ?
സാഹിത്യ സാംസ്കാരിക രംഗത്ത് പ്രവർത്തി ക്കുന്ന ആളല്ല ഞാൻ. ഒരു വ്യക്തി എന്ന നിലയിലാണെങ്കിൽ പറയാം. ഓരോ മനുഷ്യന്റേയും സാമൂഹിക വിദ്യാഭ്യാസം നന്നാകേണ്ടതുണ്ട്. അവൻ സമൂഹത്തിൽ എല്ലാവരുമായും ഇടപഴകണം, പെരുമാറണം. സമൂഹ സമത്വം മനസ്സിലാക്കണം. ഒപ്പം,സ്വന്തം നാടിന്റെ ആഴം മനസ്സിലാക്കണം. പ്രപഞ്ചത്തെ മുഴുവൻ ഒന്നായി കാണാനുള്ള അദ്വൈതം പഠിക്കണം. എന്റെ ഉറച്ച അഭിപ്രായമാണിത്. എന്താണ് അദ്വൈതമെന്ന് പറഞ്ഞു കൊടുക്കാൻ പറ്റും. ഞാനത് ചെയ്യാറുണ്ട്. കുഞ്ഞുണ്ണി മാഷിന്റെ ‘ഒന്നെന്നെങ്ങനെയെഴുതാം …’  എന്ന കവിതയിലൂടെയൊക്കെ അത് പറഞ്ഞു കൊടുക്കാൻ പറ്റും. ഒന്ന്‍ എന്ന ബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുകയാണ് ആവശ്യം. വിശ്വപൌരനാകാത്ത ഒരു മനുഷ്യൻ നമ്മുടെ ചെറുപ്പക്കാരിലുണ്ടാവാൻ പാടില്ല. നമ്മുടെ ഓരോ കുട്ടിയും ആ മാനത്തിലേക്കുയരണം. കോർപറേറ്റ് കമ്പനിക്കാരുടെ പൈസ വാങ്ങി ഞൊട്ടിത്തിന്നുന്ന മേനിക്കണ്ടപ്പൻമാരാവരുത് അവർ. ചെറുപ്പക്കാരിൽ പുതിയ തൃഷ്ണ വരണം. അവന് ലോകത്തെ നിർമ്മിക്കാൻ കഴിയണം. ലോകത്തെ നയിക്കാൻ പഠിക്കണം. വിശ്വബോധമുള്ള മനുഷ്യനാവണം, കോസ്മിക് സെൻസ് ഉള്ള മനുഷ്യനാവണം. അതാണ്‌ വിശ്വപ്രജ്ഞ, സ്വയം പ്രകാശം എന്ന അവസ്ഥ.  അതിനെ സ്വയം പ്രഭ എന്ന് വിശേഷിപ്പിക്കാം. ‘ചിരാർജ്ജിത സ്വയം പ്രഭ’ എന്ന് ഞാൻ പണ്ടൊരു കവിതയിൽ പ്രയോഗിച്ചിട്ടുണ്ട്. ആ സ്വയം പ്രഭ ഉണ്ടാകുമ്പോഴാണ് ഒരു മനുഷ്യന് അവനവനെന്താണെന്ന് അറിയാൻ പറ്റുന്നത്. അവന്  ഈ ലോകത്തോടു മുഴുവൻ  ഒരേ കണ്ണായിരിക്കും….സൂര്യനെപ്പോലെ. അദ്വൈത ബോധം ഉണ്ടാക്കലാണ്  അതിനു വേണ്ടിയുള്ള  ആദ്യ കാൽ വെയ്പ്പ്. സമചിത്തത ഉണ്ടാക്കണം. യോഗശക്തിയുള്ള മനസുണ്ടാക്കണം. യോഗ എന്ന കവിതയിൽ ഞാനത് സൂചിപ്പിച്ചിട്ടുണ്ട്. യോഗബലമുള്ള മനസാണ് നമ്മുടെ കുട്ടികൾക്ക് ഉണ്ടാവേണ്ടത്. അഭയാർത്ഥിയുടെ മനസ്സല്ല. യോഗബലം എന്നു  പറഞ്ഞാൽ, മറ്റൊരുത്തനേയും  എന്നെയും ഒരിക്കലും ക്ഷോഭിക്കാത്ത ഒരവസ്ഥയിൽ ഒരു പോലെ കരുതുക. അക്ഷോഭ്യമായ അവസ്ഥയുണ്ടാക്കണം എന്നാണെന്റെ പക്ഷം.

ഇപ്പോൾ  സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന അനീതികൾക്കും അക്രമങ്ങൾക്കുമെതിരെ കവിതകൾ കൊണ്ടു മാത്രം പ്രതികരിച്ചാൽ മതി എന്നാണോ?
അല്ലാതെ എന്നെക്കൊണ്ട് എന്തു ചെയ്യാനൊക്കും? എന്നെക്കൊണ്ട് കഴിയുന്ന കർമ്മങ്ങൾ ഞാൻ ചെയ്യുന്നുണ്ട്. ഞാനൊരു പ്രസ്ഥാനത്തിലും പെട്ടയാളല്ല. ഒരു പാർട്ടിയുടെ കൂടെയോ, മതത്തിന്റെ കൂടെയോ ഒഴുകുന്ന ആളല്ല. എനിക്ക് പ്രസ്ഥാനമില്ല. അതുകൊണ്ട് അവർക്കു വേണ്ടി ഒന്നും ഞാൻ ചെയ്യേണ്ട കാര്യമില്ല. അവരെ അനുസരിക്കേണ്ട ആവശ്യവുമില്ല. ഒരു പ്രസ്ഥാനത്തിന്റെ കൂടെ നിന്നാൽ അവരെ അനുസരിക്കണം, അവരുടെ ശബ്ദമായിട്ടു പ്രവർത്തിക്കണം. അങ്ങനെ പ്രവർത്തിച്ച് ശബ്ദമില്ലാതെ പോയ ആളുകളാണ് എം.എൻ വിജയനും, കടമ്മനിട്ട രാമകൃഷ്ണനും. രണ്ടുപേരും മോശപ്പെട്ട  ആൾക്കാരല്ല. പക്ഷെ സ്വന്തം നാവിന് കൂച്ച് വിലങ്ങിടേണ്ടി വന്നു. ഇതെല്ലം  ഞാൻ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഉദാരതയില്ലാത്ത നമ്മുടെ പാർട്ടികൾക്കെല്ലാം ഇരകളെയും ഉപകരണങ്ങളെയുമാണ് ആവശ്യം. ഒരു കവിയെ, എഴുത്തുകാരനെ, ഒരു ശാസ്ത്രജ്ഞനെ ആ ഒരു തലത്തിൽ നിറുത്തിക്കാണാൻ അവർക്ക് കഴിയില്ല. ഒരു കവിയുടെ, ഗായകന്റെ എഴുത്തുകാരന്റെ, ശാസ്ത്രജ്ഞന്റെയൊക്കെ മനസ്സ് വളരെ വലുതാണ്‌, വലുതാവണം. അതിന് പാർട്ടികൾ സമ്മതിക്കാറില്ല. അതുകൊണ്ട് ഒഴിഞ്ഞു മാറുന്നതാണ്.

പരസ്പരമുള്ള സൌഹൃദം കൊണ്ടാണ് മനുഷ്യകുലം നിലനിൽക്കുന്നത്. ഇപ്പോൾ സാഹിത്യലോകത്ത്  ഈ സൌഹൃദത്തിന്റെ നില എന്താണ്? തൊഴുത്തിൽക്കുത്ത്, തമ്മിൽത്തല്ല് ഇതൊക്കെ അവിടേയും വന്നുതുടങ്ങിയല്ലോ?
ചിലരൊക്കെ അങ്ങനെ ചെയ്യുമായിരിക്കും. എല്ലാവരും  അങ്ങനെയല്ല. സൌഹൃദം ഉണ്ടാവുന്നത് ഒന്നിച്ചു കെട്ടിപ്പിടിച്ചു നടക്കുന്നതു കൊണ്ടല്ല; ഒരേ മനസ്സുള്ളതു കൊണ്ടാണ്. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ചിലരൊക്കെ എനിക്ക് കിട്ടിയില്ല എനിക്ക് കിട്ടിയില്ല എന്നൊക്കെ പറയുന്നുണ്ട്. അവർ അവർക്ക് കിട്ടാൻ വേണ്ടി പലതും ചെയ്യുന്നുമുണ്ടാവും. അവരുടെ മനസ്സിന്റെ  അൽപ്പത്തമല്ല എല്ലാ സാഹിത്യകാരന്മാരുടേയും മനസ്സുകൾക്കുള്ളത്. വലിയ എഴുത്തുകാരെല്ലാം  ഏതാണ്ട് ഏക മനസ്സായി പ്രവർത്തിച്ചിരുന്നവരാണ്. കുറഞ്ഞ പക്ഷം അവർ ഒരേ ആദർശത്തിലാണ് പ്രവർത്തിച്ചിരുന്നത് – ലോക സ്നേഹത്തിൽ. അത് മനുഷ്യസ്നേഹം ആയി ചുരുക്കുന്നത് എനിക്കു താൽപ്പര്യമില്ല. പ്രപഞ്ച സ്‌നേഹം  മനുഷ്യ സ്നേഹമായി മാറുമ്പോൾ അത് വർഗ്ഗസ്നേഹമായി മാറും. വർഗ്ഗം വർഗ്ഗമായി തിരിയും. അപ്പോൾ ഉണ്ടാകുന്നത് വിഭജനത്തിന്റെ ഒരു തത്വശാസ്ത്രമാണ്. എവിടെ വിഭജനത്തിന്റെ തത്വശാസ്ത്രമുണ്ടാകുന്നോ അവിടെ വലിപ്പച്ചെറുപ്പമുണ്ടാകുന്നു. ആ വലിപ്പച്ചെറുപ്പങ്ങളെല്ലാം മനുഷ്യന്റെ സ്പർദ്ധയിലും  മത്സരത്തിലും, വൃഥാരോപണങ്ങളിലും ഒക്കെ ചെന്നെത്തും. ശ്രീനാരായണ ഗുരുവൊക്കെ അതിനെതിരായിട്ടു പ്രവർത്തിച്ച ആളാണ്‌. ഗുരുവിന്റെ കാഴ്ചയെങ്കിലും നമുക്കു കിട്ടിയാൽ മതി. ‘അവനവനാത്മ സുഖത്തിനചരിക്കു/ ന്നവയപരന്നു സുഖത്തിനായ് വരേണം’. ഈ കാഴ്ച സാഹിത്യകാരന്മാരിൽ  കൂടുതൽ പേർക്കും  ഉണ്ടാവേണ്ടതാണ്. അങ്ങനെയുള്ളവരേ നല്ല സാഹിത്യകാരന്മാരാവൂ എന്നാണ് എന്റെ വിചാരം. പിന്നെ അല്ലാത്തവരും കുറച്ചു പേര്‍ കണ്ടേക്കാം

എഴുത്തുകാരന്റെ പ്രതിബദ്ധത എന്നതിനെക്കുറിച്ച്?
പ്രതിബദ്ധത എന്ന വാക്ക്  നന്നാണ്  എന്ന് വിചാരിക്കുന്ന കൂട്ടത്തിലല്ല ഞാൻ. എഴുത്തുകാരന് പ്രതിബദ്ധത വേണം എന്നു പറഞ്ഞാൽ അമ്മയ്ക്ക് സ്വന്തം കുട്ടിയോടു സ്‌നേഹം വേണം എന്നു പറയുന്നതു പോലെയാണ്. അമ്മ അമ്മയാവുന്നത് കുഞ്ഞുള്ളതു കൊണ്ടാണ്. അമ്മയ്ക്ക് കുഞ്ഞിനോട് സ്‌നേഹം വേണം എന്ന ഗുണപാഠം അമ്മയ്ക്കു കൊടുക്കേണ്ട കാര്യമില്ല. എഴുത്തുകാരനാവുന്നതു തന്നെ സമൂഹത്തോടുള്ള  സ്നേഹമോ ഭക്തിയോ, വാത്സല്യമോ ഒക്കെക്കൊണ്ടാണ്‌. സമൂഹമനസ്സ് അവനെ നിയോഗിക്കുകയാണ് എഴുതാനായിട്ട്‌. അതുകൊണ്ട് എഴുത്തുകാരന് സമൂഹത്തോട് പ്രതിബദ്ധത വേണം എന്ന് പ്രത്യേകിച്ച് പറയുന്നതിൽ ഒരു കാര്യവുമില്ല. അങ്ങനെ സമൂഹത്തിന് വേണ്ടി എഴുതാത്ത എഴുത്തുകാരനെ  കാലം നല്ല എഴുത്തുകാരനായി അംഗീകരിക്കുകയുമില്ല.

Comments

comments