ഈ ലക്കം ഫോട്ടോ ഗാലറിയില്‍ മൈത്രേയന്റെ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. “ചിത്രകാരന്‍ സൃഷ്ടിക്കുന്നു, ഫോട്ടോഗ്രാഫര്‍ വെളിപ്പെടുത്തുന്നു.” – Susan Sontag, On Photography.
മൈത്രേയന്റെ ചിത്രങ്ങള്‍ ഇപ്രകാരമുള്ള വെളിപ്പെടുത്തലുകളാണ്..
ഇദ്ദേഹം സ്വയം ഒരു ഫോട്ടോഗ്രാഫര്‍ ആയി കരുതുന്നില്ല, ജീവിതത്തെ സ്വന്തം ക്യാമറയില്‍ പകർത്തുന്ന ഒരു വ്യക്തിയായി മാത്രം കാണുന്നു. മൈത്രേയന്‍ ചിത്രങ്ങൾ പകർത്തുന്നത് ജീവിതത്തിന്റെ സവിശേഷ നിമിഷങ്ങള്‍ സ്വന്തം സുഹൃത്തുക്കളുമായി പങ്ക് വയ്ക്കാൻ മാത്രമാണ്, വേറെ ഉദ്ദേശങ്ങൾ ഇല്ല. ബൗദ്ധികസ്വത്തവകാശങ്ങളുടെയും കോപ്പിറൈറ്റുകളുടെയും ഈ യുഗത്തിൽ മൈത്രേയനെ വ്യത്യസ്തനാക്കുന്നതും ഈ നിലപാടാണ്. സ്വന്തം ചിത്രങ്ങള്‍ ഏതൊരു വ്യക്തിക്കും എന്താവശ്യത്തിനും തന്റെഈ അനുവാദമില്ലാതെ ഉപയോഗപ്പെടുത്താമെന്ന് മൈത്രേയൻ പറയുന്നു.
വന്യജീവിതം അല്ലെങ്കില്‍ മനുഷ്യജീവിതം, ലോങ്ങ്‌ഷോട്ടുകളും, സൂക്ഷ്മതയുടെ ക്ലോസപ്പുകളും, നിഴലിന്റെയും വെളിച്ചത്തിന്റെയും ശ്രദ്ധാപൂർവ്വമായുള്ള ഉപയോഗവുമെല്ലാം മൈത്രേയന്റെ ചിത്രങ്ങളുടെ സവിശേഷതകളാണ്.
ജീവിതത്തിന്റെ അസ്തിത്വസൗന്ദര്യത്തെ പകർത്തുന്നത് വഴി ജീവിതത്തിനു മനുഷ്യന്‍ കൽപ്പിച്ചിട്ടുള്ള മനുഷ്യമുഖം മാത്രമല്ല ഉള്ളത് എന്ന് സഹയാത്രികരെ ഓർമ്മപ്പെടുത്തുന്നു. മനുഷ്യർക്ക് പൊതുവേ മാനുഷ്യ കേന്ദ്രീകിതമായ ജീവിത ദർശനമാണ് ഉള്ളത്. മൈത്രേയന്‍ തന്റെ ക്യാമറയിലൂടെ, ഒരു വലിയ ക്യാൻവാസില്‍ ജീവിതത്തിന്റെ ചിത്രങ്ങൾ പകർത്തുന്നു, അവിടെ മനുഷ്യന്‍ മാത്രമല്ല മറ്റു ജീവജാലങ്ങളും പ്രകൃതിയുമുണ്ട്. ഇവയെല്ലാം തമ്മിലുള്ള പാരസ്പര്യവുമുണ്ട്.
കൊല്ലത്ത് കടപ്പാക്കടയില്‍ ജനിച്ച മൈത്രേയന്‍ സദാ യാത്രികനാണ്. സ്വന്തമായി ഒരു വീടില്ല എന്ന് തന്നെയെന്ന് പറയാം. സുഹൃത്തുക്കളുടെ സഹായത്തോടെ ജീവിക്കുന്നു, സുഹൃത്തുക്കൾക്കായി എല്ലാം പങ്കുവയ്ക്കുന്നു. ജീവിതപങ്കാളി ഡോ.ജയശ്രീ, ഒരു മകള്‍ കനി കുസൃതി. പൊതുപ്രവർത്തനങ്ങൾക്കും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾക്കുമിടയില്‍ നിത്യചൈതന്യയതിയ്ക്ക് ഖേദപൂർവ്വം, നവീന ജീവിതവീക്ഷണം, മനുഷ്യരറിയാന്‍ തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മൈത്രേയന്റെ ഫേസ്ബുക്ക് ഹാൻഡിൽ -https://www.facebook.com/maitreya.maitreyan
Be the first to write a comment.