വരും സര്‍ക്കാരിനൊരു പരിപാടി:
സച്ചിദാനന്ദന്‍

കേരളത്തിലല്ലാ ജീവിക്കുന്നതെങ്കിലും കേരളത്തെ നിരീക്ഷിക്കുകയും കൂടെക്കൂടെ സന്ദര്‍ശിക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ഇനി വരുന്ന സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത് എന്ന് എനിക്ക് തോന്നുന്ന ചില കാര്യങ്ങള്‍ മാത്രമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

കേരളം ഇപ്പോള്‍ മിക്കവാറും ഒന്നും ഉത്പാദിപ്പിക്കാതിരിക്കുകയും ധാരാളമായി ഉപഭോഗത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സംസ്ഥാനമായി മാറിയിട്ടുണ്ട്. നമ്മുടെ കൃഷിയും കാര്‍ഷിക സംസ്കാരവും നശിച്ചിരിക്കുന്നു. പച്ചക്കറികള്‍ പോലും ഇറക്കുമതി ചെയ്യേണ്ട അവസ്ഥ. സ്വാഭാവികമായ കൃഷിയെ പുനരുജ്ജീവിപ്പിക്കാനും പച്ചക്കറികള്‍ സ്വന്തമായി വിളയിക്കാനുമുള്ള ശ്രമങ്ങള്‍ അത്യാവശ്യമായിരിക്കുന്നു. എന്നാല്‍ ഇത് അനായാസമല്ല. നാല്പ്പതിനാല് നദികള്‍ ഉണ്ടായിട്ടും, നീണ്ടതും കാണാത്തതുമായ വര്‍ഷക്കാലങ്ങള്‍ ഉണ്ടായിട്ടും നമുക്ക് വരള്‍ച്ചയും ജലക്ഷാമവും അനുഭവപ്പെടുന്നു. ഇത് നാം തന്നെ സൃഷ്ടിച്ച ദുരവസ്ഥയാണ്. കുളവും കായലും തണ്ണീര്‍ തടങ്ങളും വയലുകളും നികത്തുകയും കാടുകള്‍ വെട്ടുകയും മലകള്‍ ഇടിക്കുകയും ചെയ്തത് കൊണ്ടുണ്ടായ അവസ്ഥ. പെയ്യുന്ന മഴവെള്ളം കടലിലാണ് എത്തുന്നത്‌, അത് ജലാശയങ്ങളിലോ ഭൂഗര്ഭത്തിലോ ശേഖരിക്കപ്പെടുന്നില്ല. ജലക്ഷാമമുള്ളിടത്ത് കൃഷിയും അസാധ്യം. അപ്പോള്‍ പ്രകൃതിയെ പുനരുജ്ജീവിപ്പാക്കാനുള്ള ശ്രമങ്ങള്‍ കൂടി വേണ്ടി വരും കൃഷി തിരിച്ചു കൊണ്ടുവരാന്‍. ഇത് പുതിയ ജീവിതശൈലി, അഥവാ പഴയ ശൈലിയുടെ വീണ്ടെടുക്കല്‍ ആവശ്യപ്പെടുന്നു. നിര്‍ഭാഗ്യവശാല്‍ പരിസ്ഥിതി കേരളത്തില്‍ ഒരു മുന്നണിയുടെയും പ്രഥമ പരിഗണന അല്ല. സഹ്യനെ സംരക്ഷിക്കുവാന്‍ ഒരു പാര്‍ട്ടിയും ഉത്സാഹം കാണിച്ചില്ല. അവരുടെ മുൻഗണന കരിങ്കല്‍ മാഫിയയുടെ താത്പര്യങ്ങള്‍ക്കായിരുന്നു.

ജനസാന്ദ്രമായ കേരളത്തിന്റെ വികസനത്തിനുള്ള മറ്റൊരു മാര്‍ഗം സോഫ്റ്റ്‌ വെയര്‍ വ്യവസായ വികസനമാണ്. മറ്റേതു വ്യവസായവും നമ്മുടെ തകരുന്ന പരിസ്ഥിതിയെ കൂടുതല്‍ തകര്‍ക്കാന്‍ ആണ് ഇട. സോഫ്റ്റ്‌വെയര്‍ ഒരു കുടില്‍വ്യവസായമായി മാറണം, അതിനു വേണ്ട പിന്തുണ നല്കപ്പെടണം. തൊഴിലില്ലായ്മക്കും അത് കുറച്ചൊരു പരിഹാരമാകും. തൊഴിലില്ലാത്തവര്‍ക്കുള്ള വേതനവും നടപ്പാക്കണം.

വൃദ്ധരുടെയും ശിശുക്കളുടെയും ശ്രദ്ധ ഒരു സമൂഹത്തിന്റെ പ്രധാന കര്‍ത്തവ്യങ്ങളില്‍ ഒന്നാണ്. നമ്മുടെ വൃദ്ധരില്‍ വലിയ ഒരു വിഭാഗം ഇന്ന് അനാഥരാണ്. അവര്‍ക്ക് സാമ്പത്തികവും ചികിത്സാപരവുമായ സഹായങ്ങള്‍ ഉണ്ടാകണം. ചികിത്സാരംഗം ഇപ്പോള്‍ അടിയന്തിര ചികിത്സ ആവശ്യപ്പെടുന്നുണ്ട്. ചൂഷണത്തിന്റെ കേളീരംഗം ആണ് അത്. പൊതു ആശുപത്രികളെ ശക്തിപ്പെടുത്തിയും ജനങ്ങള്‍ക്ക്‌ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയും മാത്രമേ ഇതിനെ നേരിടാന്‍ കഴിയൂ.

സ്ത്രീശക്തീകരണം ഏറെ പ്രധാനമാണ്. നമ്മുടെ ജനസംഖ്യയില്‍ പാതിയിലേറെ സ്ത്രീകളാണ്. അത് കൊണ്ട് അമ്പതു ശതമാനം സംവരണം എല്ലാ രംഗങ്ങളിലും സ്ത്രീകള്‍ക്ക് ഉണ്ടാകണം. സ്ത്രീവിദ്യാഭ്യാസത്തിനു പ്രത്യേക ഊന്നല്‍ നല്‍കണം.

ദളിതരുടെയും ആദിവാസികളുടെയും പ്രശ്നങ്ങള്‍ ഒന്നും തന്നെ പരിഹരിക്കപ്പെട്ടിട്ടില്ല. ഭൂമിയുടെ കാര്യത്തില്‍ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. ആദിവാസികള്‍ക്കിടയില്‍ പട്ടിണിമരണങ്ങള്‍ നടക്കുന്നു. അവര്‍ക്ക് ഒരു ആരോഗ്യപരിചരണവും ലഭിക്കുന്നില്ല. പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന ഒരു പ്രശ്നം ആണ് ഇത്.

 

എല്ലാ രംഗത്ത്‌ നിന്നും അഴിമതി തുടച്ചു നീക്കാനുള്ള കര്‍ശനനിയമങ്ങളും സംവിധാനങ്ങളും വികസിപ്പിക്കണം.

മറ്റൊന്ന് ടൂറിസമാണ്. ഇതും സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യേണ്ടതാണെന്ന് ടൂറിസം കൊണ്ട് നശിച്ച തായ്ലാണ്ടിന്റെയും മറ്റും ഉദാഹരണങ്ങള്‍ കാണിക്കുന്നു. നാം വികസിപ്പിക്കേണ്ടത് എക്കോ ടൂറിസവും ഡോമെസ്റിക് ടൂറിസവും ആണ്. വേണ്ടപോലെ വികസിപ്പിച്ചിട്ടില്ലാത്ത ഒട്ടേറെ ഉള്നാടുകള്‍ നമുക്കുണ്ട്. നമ്മുടെ കടല്തീരങ്ങളും മറ്റും ഗോവയില്‍ എന്ന പോലെ വൃത്തിയായി സൂക്ഷിക്കുവാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു പാട് കടപ്പുറങ്ങള്‍ ഇന്നും അറിയപ്പെടാതെ നമുക്കുണ്ട്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗം സമ്പൂര്‍ണ്ണമായ അപചയത്തിലാണ്. ഗവേഷണരംഗം ദയനീയം. സിലബസ്സുകള്‍ പുതുക്കിയും അധ്യാപകര്‍ക്ക് തുടര്‍ പരിശീലനങ്ങള്‍ നല്‍കിയും കണിശമായ മാനദണ്ഡങ്ങള്‍ എല്ലാ രംഗത്തും പുലര്തിയും സുതാര്യത പാലിച്ചും മാത്രമേ ഈ രംഗത്തെ അഭിവൃദ്ധിപ്പെടുത്താനാകൂ. അധ്യാപകരും വിദ്യാര്‍ഥികളും വിലയിരുത്തപ്പെടണം. ഗവേഷണബിരുദങ്ങളുടെ മാനദണ്ഡം കര്‍ശനമാക്കണം. സര്‍വ്വ കലാശാലാവകുപ്പുകള്‍ ഓരോന്നിനും ഉന്നതനിലവാരമുള്ള, ഗവേഷണപ്രധാനമായ ആനുകാലികങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കാന്‍ കഴിയണം. ഓരോ രംഗത്തുമുള്ള വിദഗ്ദ്ധരെ വിസിറ്റിംഗ് പ്രോഫെസ്സര്മാരായി കൊണ്ട് വരാന്‍ കഴിയണം. വൈസ് ചാന്‍സെലര്‍മാരെ ജാതിയും മതവും രാഷ്ട്രീയചായ്‌വും നോക്കി നിയമിക്കുന്ന പതിവ് നിര്‍ത്തണം.


സംസ്കാരികരംഗത്തും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. യുവചിത്രകാരന്മാര്‍, ശില്‍പ്പികള്‍, സിനിമാനിര്മാതാക്കള്‍ – ഷോര്‍ട്ട് ഫിലിംസ് ഉള്‍പ്പെടെ- തുടങ്ങിയവര്‍ക്ക് അര്‍ഹിക്കുന്ന പ്രോത്സാഹനം ലഭികുന്നില്ല. പുരസ്കാരങ്ങളല്ല, സാമ്പത്തിക പിന്തുണയാണ് ഇതിന്നാവശ്യം. ബ്രിട്ടീഷ് ആര്‍ട്ട് കൌണ്‍സില്‍ പോലെ നല്ല പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള സാമ്പത്തിക പിന്തുണയും നല്കപ്പെടണം. നാടകരംഗം ടെലിവിഷന്‍ പരമ്പരകളുടെ വരവോടെ അപചയം നേരിടുന്നുണ്ട്. അവിടെയും പ്രോത്സാഹനങ്ങള്‍ ആവശ്യമുണ്ട്. പാര്‍ട്ടികള്‍ മാറി മാറി വരുമ്പോള്‍ സ്വന്തം സില്‍ബന്തികളെ അക്കാദമികളുടെ തലപ്പത്ത് നിയോഗിക്കുന്ന സമ്പ്രദായം നിര്‍ത്തി പ്രഗത്ഭരെ തത്സ്ഥാനത് നിയമിക്കാന്‍ ശ്രദ്ധിക്കണം, അക്കാഡമികള്‍ക്ക് കൂടുതല്‍ ഓട്ടോണമി നല്‍കണം. മറഞ്ഞു പോകുന്ന നമ്മുടെ നാടന്‍ കലകള്‍ പരിരക്ഷണം ആവശ്യപ്പെടുന്നുണ്ട്. സിനിമ, സാഹിത്യം, നാടകം, ചിത്രകല ഇവയുടെ ഉത്സവങ്ങളുടെ നിലവാരം ഉയര്‍ത്തുകയും അവയ്ക്ക് ഓരോ വര്‍ഷവും ഓരോ ഫോക്കസ് നല്‍കുകയും വേണം. നമുക്ക് നല്ല ഒരു കേരളചരിത്ര മ്യൂസിയം ഇല്ല, ഒപ്പം പടിഞ്ഞാറന്‍ നാടുകളില്‍ ഉള്ള പോലെ പ്രാദേശികമ്യൂസിയങ്ങളും ഉയര്‍ന്നു വരണം. അങ്ങിനെ മാത്രമേ പ്രാദേശിക ചരിത്രം സൂക്ഷിക്കപ്പെടൂ, അവ ഇല്ലാതെ കേരളചരിത്രവും അസാധ്യമാകും.
shajan1w1
പുതിയ സർക്കാരിനു പത്ത് നിർദ്ദേശങ്ങൾ:
1. തിരക്കുള്ള നഗരങ്ങളിൽ എല്ലാം റിംഗ് റോഡുകൾ ഉണ്ടാക്കുക.
2. എല്ലാ പ്രധാന നഗരങ്ങളിലും മൾടി ലെവൽ കാർ പാർക്കിംഗ് ഉണ്ടാക്കുകയും റോഡരുകിലെ പാർക്കിങ്ങിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക.
3. താഴെ തട്ടിലുള്ള അഴിമതി അവസാനിപ്പിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കുക. എല്ലാ സേവനങ്ങള്ക്കും സമയ പരിധി, ഓൺലൈൻ വഴിയുള്ള അപേക്ഷയും സെർറ്റിഫികെയ്റ്റ് വാങ്ങലും ഒക്കെ ആയി ഒരു തരത്തിലും അഴിമതി നടക്കാത്ത സാഹചര്യം ഒരുക്കുക.
4. സർക്കാർ ഉദ്യോഗസ്ഥര് കൃത്യമായി ജോലി ചെയ്യുന്നു എന്ന് ഉറപ്പു വരുത്താൻ പ്രത്യേക വിജിലന്സ് സെൽ തുടങ്ങുക. പഞ്ചിംഗ് മുതലായവ നിർബന്ധം ആക്കുക.
5. അഴിമതി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ പ്രത്യേക നിയമം കൊണ്ട് വരിക. ചട്ടങ്ങൾ പാലിക്കാൻ ഉദ്യോഗസ്ഥർ കരുതൽ എടുത്താൽ മാത്രമേ അഴിമതി ഇല്ലതാവൂ.
6. റോഡു സുരക്ഷ നിയമങ്ങൾ പൊളിച്ചെഴുതുക. എല്ലാ അപകടങ്ങളും അന്വേഷിക്കുകയും കാരണം കണ്ടെത്തി പരിഹാരം ഉണ്ടാക്കുകയും ചെയ്യുക. റോഡിന്റെ പ്രശ്നം ആണെങ്കിൽ അടിയന്തിരമായി പരിഹാരം കണ്ടെത്തുക. ഡ്രൈവിങ്ങിലെ പിഴവ് ആണെങ്കിൽ ശിക്ഷിക്കുക. അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാരുടെ ഇൻഷുരൻസ് പ്രീമിയം ഉയർത്തുകയും നല്ല ഡ്രൈവർമാരുടെ പ്രീമിയം കുറക്കുകയും ചെയ്യുക. പിന്നിൽ നിന്ന് ഇടിച്ചാൽ പിന്നിലെ ഡ്രൈവർ തർക്കങ്ങൾ ഇല്ലാതെ ഉത്തരവാദി ആകുന്ന രീതി നടപ്പിലാക്കുക. ഇപ്പോൾ ഒരാൾ വന്നിടിചാലും ഇൻഷുരൻസ് ക്ലൈം ചെയ്യുന്നത് അപകടം പറ്റിയ വണ്ടിയുടെ ഡ്രൈവറുടെ ആണ്. അത് മാറ്റി അപകടം ഉണ്ടാക്കുന്ന ഡ്രൈവറുടെ ഇൻഷുരൻസിൽ നിന്നും ഈടാക്കുക. ഈ ഒറ്റ പരിഷ്കാരം കൊണ്ട് മാത്രം രോടപകടങ്ങൾ കുറയ്ക്കാം.
7. കാമറയിൽ പകർത്തി മാത്രം പോലീസ് ചോദ്യം ചെയ്യലുകളും റോഡു പരിശോധനകളും അടക്കം എല്ലാം ചെയ്യുക. പോലീസ് സുഹൃതുകളായി മാറ്റുക. രാഷ്ട്രീയക്കാരുടെ സ്വാധീനത്തിന് വഴങ്ങി തീരുമാനം എടുക്കാൻ നിർബന്ധിക്കുന്ന സാഹചര്യം ഒഴിവാക്കാൻ നിയമം നിര്മിക്കുക. നിയമ വിരുദ്ധമായി സ്വാധീനിക്കുന്ന നേതാക്കൾക്കെതിരെ കേസ് എടുക്കാൻ വകുപ്പ് കൊണ്ട് വരിക.
8. വിസിൽ ബ്ലോയിംഗ് നിയമം കൊണ്ട് വരിക. അഴിമതി, സ്വജനപക്ഷപാതം എന്നിവ പുറത്തു കൊണ്ട് വരുന്ന ഉഗ്യോസ്ഥരക്ക് പ്രമോഷൻ, സംരക്ഷണം ഉറപ്പു വരുത്തുക
9. എയ്ഡഡു സ്കൂളുകൾ, സ്വകാര്യ ആശുപത്രികൾ, മത സ്ഥാപനങ്ങൾ, പത്രസ്ഥാപനങ്ങൾ എന്നിവയുടെ കണക്കുകൾ പബ്ലിക്‌ ഓടിട്ഗിങ്ങിനു വിധേയം ആക്കണം. അതുവഴി അവിഹിത സാമ്പത്തിക ഇടപാടുകൾ കണ്ടെത്തി നിയന്ത്രിക്കാം.
10. വെറും എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ പത്ര വാർത്തകൾ കൊടുക്കുന്നത് നിരോധിക്കണം. പത്രങ്ങൾ വാർത്ത കൊടുത്താൽ ആരോപണത്തിന് വേണ്ട തെളിവുകൾ അവരുടെ കയ്യിൽ വേണം. ഇല്ലെങ്കിൽ നടപടി ആവാം.

Comments

comments