മലയാളത്തിൽ വാർത്താ സംപ്രേഷണം ആരംഭിച്ചത് ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര (സ്വകാര്യ) ഇന്ത്യൻ ഭാഷാ ചാനലായ ഏഷ്യാനെറ്റ് ആണെങ്കിലും ഒരു മുഴുവൻസമയ വാർത്താ ചാനൽ എന്ന സങ്കൽപ്പം സാക്ഷാത്കൃതമായത് ഇന്ത്യാവിഷന്റെ ആവിർഭാവത്തോടെയാണ്. ലീഗ് നേതാവും മന്ത്രിയുമായ ഡോ.എം.കെ മുനീറിന്റെ നേതൃത്വത്തിലുള്ള ആ ചാനൽ വളരെവേഗം നേടിയെടുത്ത പ്രചാരത്തിനും വിശ്വാസ്യതയ്ക്കും കാരണം അതിന്റെ വിട്ടുവീഴ്ചയില്ലാത്ത എഡിറ്റോറിയൽ നയമായിരുന്നു. രാഷ്ട്രീയക്കാരനായ മുനീർ ചെയർമാനായിരിക്കെത്തന്നെ അദ്ദേഹത്തിന്റെ പാർട്ടിയെയും മുന്നണിയെയും വിമർശിക്കാനും ഇന്ത്യാവിഷൻ മടിച്ചിരുന്നില്ല. എന്ന് തന്നെയുമല്ല, ലീഗ് നേതാക്കളിൽത്തന്നെ ചിലരുടെ രാഷ്ട്രീയഭാവിയെ ദോഷകരമായി ബാധിക്കുന്ന ചില വെളിപ്പെടുത്തലുകളും ആ ചാനൽ നടത്തുകയുണ്ടായി. ഒരു ജനകീയ വാർത്താ ചാനൽ എന്ന വിശേഷണത്തിന് ഇന്ത്യാവിഷനെ അർഹമാക്കുന്നതിൽ വലിയ പങ്കുവഹിച്ചത് എം.വി. നികേഷ്‌കുമാർ എന്ന എഡിറ്ററുടെ കണിശമായ നിലപാടുകളായിരുന്നു. നികേഷ് എഡിറ്റർ പദവിയിൽനിന്ന് മാറിയപ്പോഴും ഇന്ത്യാവിഷൻ അതിന്റെ ജനകീയസ്വഭാവത്തിൽ മാറ്റം വരുത്തിയില്ല. അതിനവർ വലിയ വില കൊടുക്കേണ്ടിയുംവന്നു. കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും വലതുമുന്നണിയെയും പ്രതിക്കൂട്ടിലാക്കിയ ഇന്ത്യവിഷനെ തകർക്കുക എന്നത് അക്കൂട്ടരുടെ നിലനിൽപ്പിനുതന്നെ അത്യാവശ്യമായിരുന്നു. അതിന്റെ ഫലമായി ചാനലിന്റെ ഓഹരിയെടുത്തവരെക്കൊണ്ടെല്ലാം അത് പിൻവലിപ്പിക്കാനും അവർക്കു കഴിഞ്ഞു. ലീഗിന് സ്വാധീനമുള്ള ഗൾഫ് രാജ്യങ്ങളിലെ ഓഹരിയുടമകൾക്ക് വേറെയും രാഷ്ട്രീയജവാണിജ്യ താൽപര്യങ്ങൾ ഉള്ളതിനാൽ ലീഗ്‌പോലൊരു വലിയ രാഷ്ട്രീയ പാർട്ടിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ. ചാനലിന്റെ സാമ്പത്തികസ്രോതസുകൾ ഒന്നൊന്നായി അടച്ചുകൊണ്ട് അതിന്റെ പ്രവർത്തനം സ്തംഭിപ്പിക്കുവാൻ കേരളത്തിലെ മുസ്ലീം ലീഗ് നേതാക്കളിൽച്ചിലർക്ക് കഴിഞ്ഞുവെങ്കിലും ലീഗുകാരനായ മുനീറിന് അങ്ങിനെയൊരു ആരോപണം ഉന്നയിക്കുവാനും ധൈര്യമുണ്ടായില്ല. രാഷ്ട്രീയക്കാരനെന്ന നിലയിലുള്ള ലീഗിലെ സ്ഥാനവും നഷ്ടപ്പെട്ടേക്കുമെന്ന മുനീറിന്റെ ഭയം അസ്ഥാനത്തല്ലതാനും. തമിഴ്നാട്ടിൽ മാത്രമല്ല, പുരോഗമനകേരളത്തിലും തങ്ങൾക്കെതിരാവുന്ന മാദ്ധ്യമങ്ങളെ നിശ്ശബ്ദമാക്കുവാൻ രാഷ്ട്രീയമാഫിയക്ക് കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഇന്ത്യാവിഷന്റെ അകാല മരണം. ആ ചരിത്രം ആവർത്തിക്കുന്നതാണ് എം.വി. നികേഷ്‌കുമാറിനെതിരെ ഇപ്പോൾ ഉയരുന്ന ബാലിശമായ ആരോപണങ്ങൾ.
ഇന്ത്യാവിഷനിൽനിന്ന് രാജിവെച്ച് നികേഷ്‌കുമാർ തുടങ്ങിയ റിപ്പോർട്ടർ ചാനലിനെയും വലതുമുന്നണി ശത്രുവായിട്ടാണ് കണ്ടിരുന്നത്. കേരളത്തിലെ പ്രതിപക്ഷത്തേക്കാളും അവരുടെ ടെലിവിഷൻ ചാനലിനേക്കാളും ശക്തമായി ഉമ്മൻചാണ്ടി സർക്കാരിന്റെ അഴിമതികൾക്കെതിരെ കാമ്പെയിൻ ചെയ്തത് നികേഷും റിപ്പോർട്ടർ ചാനലുമായിരുന്നു. ഇന്ത്യാവിഷന്റെ ഓഹരിയുടമകളെ സ്വാധീനിച്ച് ആ ചാനലിനെ തകർക്കാൻ ലീഗ് നേതാക്കളിൽച്ചിലർ ഉത്സാഹിച്ചതുപോലെ സമ്മർദ്ദതന്ത്രമെന്ന നിലയിൽ റിപ്പോർട്ടർ ചാനലിനെതിരെയും ചില നീക്കങ്ങളുണ്ടായി. കോൺഗ്രസുമായി ബന്ധമുള്ള ഒരു വനിതാ ഓഹരിയുടമ തന്റെ ഓഹരിയുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്‌നങ്ങളുയർത്തി റിപ്പോർട്ടർ ചാനൽ മേധാവിയായ നികേഷിനെതിരെ നൽകിയ കേസിനുപിന്നിൽ നികേഷിനെയും ചാനലിനെയും നിശ്ശബ്ദമാക്കാനുള്ള തന്ത്രമായിരുന്നുവെന്ന സംശയം അസ്ഥാനത്തല്ല. ആ കേസിനെ മുൻനിർത്തിയാണ് ഇപ്പോൾ ഇടതുമുന്നണി സ്ഥാനാർത്ഥിയായ നികേഷിനെതിരെയും മാർക്‌സിസ്റ്റ് പാർട്ടിക്കെതിരെയും വലതുമുന്നണിയുടെ നേതാക്കൾ ചില മാദ്ധ്യമങ്ങളുടെ പിന്തുണയോടെ കുപ്രചരണം ആരംഭിച്ചിരിക്കുന്നതെന്നതും യാദൃച്ഛികമല്ല. ഒരു കമ്പനിയുടെ ആഭ്യന്തരപ്രശ്‌നവുമായി ബന്ധപ്പെട്ട ഒരു സ്വകാര്യവ്യക്തിയുടെ ആവലാതിയെ രാഷ്ട്രീയപ്രചരണത്തിനായി ദുർവ്യാഖ്യാനംചെയ്യുന്ന യു.ഡി.എഫിനെ പിന്തുണയ്ക്കുന്നത് അരാഷ്ട്രീയനാട്യമുള്ള ചില മാദ്ധ്യമങ്ങളാണ്. നികേഷ്‌കുമാർ എന്ന മാദ്ധ്യമപ്രവർത്തകൻ തന്റെ രാഷ്ട്രീയപക്ഷപാതിത്വം തുറന്നുപറയുകയും അതിനായി മാദ്ധ്യമപ്രവർത്തനം ഉപേക്ഷിക്കുവാൻ തയ്യാറാവുകയും ചെയ്തപ്പോൾ അരാഷ്ട്രീയതയെ ഒരു ഫാഷനും കച്ചവടതന്ത്രവുമായി കൊണ്ടുനടക്കുന്ന മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തകരും അയാളെ വളഞ്ഞിട്ട് ആക്രമിക്കാനൊരുങ്ങുകയാണ്. വീണാ ജോർജ് എന്ന മാദ്ധ്യമപ്രവർത്തകക്കെതിരെയും ഇതേ ദുഷ്ടലാക്കോടെയാണ് ഈ മാദ്ധ്യമങ്ങൾ വിലകെട്ട ആരോപണങ്ങൾ ഉന്നയിക്കുന്നത്. വീണയുടെ ഭർത്താവിന് കൃസ്ത്യൻ സഭയുമായുള്ള ബന്ധമാണ് അവരെ സ്ഥാനാർത്ഥിയാക്കാൻ ഇടതുമുന്നണിയെ പ്രേരിപ്പിച്ചതെന്ന പ്രചരണത്തിനുപിന്നിലും മാദ്ധ്യമപ്രവർത്തകരുടെ അസൂയാജന്യമായ ഹീനരാഷ്ട്രീയമാണുള്ളത്.
തങ്ങളുടെ മാഫിയാ രാഷ്ട്രീയത്തിനെതിരായ മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും ആക്രമിക്കുവാൻ കേരളത്തിലെ ജീർണ്ണിച്ച വലതുമുന്നണി നടത്തുന്ന ശ്രമങ്ങൾക്ക് കൂട്ടുനിൽക്കുന്ന മുഖ്യധാരാമാദ്ധ്യമങ്ങൾ നടത്തുന്നത് സാമൂഹികവിരുദ്ധപ്രവർത്തനമാണെന്നു പറയുവാൻ എന്നെ അനുവദിക്കുക.
Be the first to write a comment.