ലോകം എല്ലാ കാലങ്ങളിലും സ്ത്രീയുടെ ആർത്തവത്തെ  ആവർത്തിച്ചു ചർച്ച ചെയ്തു കൊണ്ടിയിരിക്കുന്നുണ്ട്. ഒന്നോർത്താൽ, ആർത്തവം പോലെ തന്നെയാണ് ആർത്തവ ചർച്ചകളും. കൃത്യമായ ഇടവേളകളിൽ അത് നടന്നുകൊണ്ടേയിരിക്കും. ഇപ്പോൾ ഏറ്റവും ഒടുവിൽ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ പരാമർശങ്ങളാണ് ആർത്തവത്തെ വീണ്ടും ചർച്ചയാക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട്,  “ജൈവശാസ്ത്രപരമായ പ്രത്യേകതയായ ആർത്തവത്തിന്റെ പേരിൽ, മതങ്ങൾ എന്തിനാണ് സ്ത്രീകളോട് വിവേചനപരമായ നിലപാട് സ്വീകരിക്കുന്നത്? ” എന്ന് സുപ്രിംകോടതിയിൽ ചോദ്യം ഉയർന്നിരിക്കുന്നു.

മനുഷ്യശരീരം ദൈനംദിനേന, അതിന്റെ ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി പലരൂപത്തിലുള്ള വിസർജ്യങ്ങൾ പുറന്തള്ളുന്നുണ്ട്‌ എന്നും ശരീരത്തിലെ ഏതൊരു ജൈവിക പ്രക്രിയയും പോലെതന്നെ ഒന്നാണ് ആർത്തവം എന്നും സ്കൂളിൽ കൃത്യമായി പഠിക്കുകയും, പരീക്ഷ കഴിഞ്ഞാൽ വിശ്വാസങ്ങളുടെ, കീഴ്വഴക്കങ്ങളുടെ ഇറേസർ കൊണ്ട് സൗകര്യപൂർവ്വം അത് മായ്ച്ചുകളയുന്നതുമാണ് കാലങ്ങളായി നമ്മുടെ ശീലം. കാരണം, ചരിത്രാതീതകാലം മുതൽക്കേ , സ്ത്രീയുടെ ആർത്തവം പൊതുബോധത്തിന് അശുദ്ധിയായിരുന്നു. പക്ഷെ, വിശ്വാസത്തിലോ ആചാരത്തിലോ മുക്കിയെടുക്കാത്ത തികച്ചും  ജൈവികമായ  കാരണങ്ങളാണ് അന്ന് ഉണ്ടായിരുന്നത് . എന്നാൽ, കാലക്രമത്തിൽ, കാരണങ്ങൾ ഇല്ലാതാകുമ്പോൾ കാര്യങ്ങളും മാറണം എന്ന സാമാന്യ നീതി ആർത്തവത്തിന്റെ കാര്യത്തിൽ പാലിക്കപ്പെട്ടില്ല. (അതിനുമുണ്ട് കൃത്യമായ കാരണങ്ങൾ.) പകരം, ചില സമ്മർദ്ദിത സാഹചര്യങ്ങളിൽ ‘മാത്രുത്വത്തിന്റെ മഹനീയമായ അടയാള’മെന്ന് സമാശ്വസിപ്പിച്ചും, മറ്റെല്ലായ്പ്പോഴും അശുദ്ധിയുടെ ഏറ്റം നികൃഷ്ടമായ കറയെന്ന് നിന്ദിച്ചും തന്നെ സമൂഹം ആർത്തവത്തെ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു. ആർത്തവത്തെക്കുറിച്ച് പറയുമ്പോൾ അത് അശുദ്ധിയുടെ കഥകൂടിയാകുന്നത് അങ്ങനെയാണ്.

ആർത്തവം എങ്ങനെ, എപ്പോൾ, അശുദ്ധമായി ?

“നിങ്ങളുടെ വിയർപ്പിന് എത്രത്തോളം അശുദ്ധിയുണ്ടോ, അത്രയും അശുദ്ധി ആർത്തവത്തിനുമുണ്ട്. അത്രയും അശുദ്ധിയേ ആർത്തവത്തിന് ഉള്ളൂ.”  എന്ന് പറഞ്ഞത് ആരായിരുന്നു എന്നോർക്കുന്നില്ല. പക്ഷെ, ആർത്തവത്തിന്റെ അശുദ്ധിയെ ഒറ്റവാചകത്തിൽ വിശദീകരിക്കേണ്ടത് അങ്ങനെതന്നെയാണ്.

സ്ത്രീയും പുരുഷനുമായി പരിണമിച്ച്, മനുഷ്യർ നഗ്നരായി ജീവിച്ചിരുന്ന പുരാതനകാലം മുതൽ, സമൂഹം സ്ത്രീയുടെ ആർത്തവത്തെ അകറ്റി നിറുത്തിയിരുന്നു. അക്കാലങ്ങളിൽ, തൻറെ തുടയിലൂടെ, കാലുകളിലൂടെ ഒലിച്ചിറങ്ങുന്ന ആർത്തവരക്തവും അതിൻറെ മുഷിഞ്ഞ തുരുമ്പു ഗന്ധവും രജസ്വലയായ സ്ത്രീയുടെ സ്വതന്ത്ര വ്യവഹാരങ്ങളെയും സാമൂഹിക ഇടപെടലുകളെയും പ്രതികൂലമായി തന്നെ ബാധിച്ചിരുന്നിരിക്കണം. (മലമൂത്ര വിസർജ്യങ്ങൾ പോലെ, ശരീരത്തിനുള്ളിൽ കൊണ്ടുനടന്ന്, അവനവൻറെ സൗകര്യമനുസരിച്ച് പുറന്തള്ളാൻ  കഴിയുന്നവയല്ലല്ലോ, ആർത്തവരക്തവും വിയർപ്പും). പിൽക്കാലത്ത്, തുന്നിച്ചേർത്ത ഇലകളും മരുവുരിയും കൊണ്ട് നാണം മറയ്ക്കാൻ തുടങ്ങിയപ്പോഴും  ആർത്തവം എന്നത് സ്ത്രീകളെ സംബന്ധിച്ച്, സൌകര്യപ്രദമായി കൈകാര്യം ചെയ്യാൻ കൃത്യമായ മാർഗ്ഗങ്ങളില്ലാത്ത ഒരു പ്രതിസന്ധിയായിത്തന്നെ തുടർന്നു. പല പുരാതന ഗോത്രസമൂഹങ്ങളും കുഴച്ചെടുത്ത പശമണ്ണ്, ചതച്ചെടുത്ത മരത്തോലുകൾ തുടങ്ങിയ പ്രാകൃതരീതികൾ  ആർത്തവത്തെ നിയന്ത്രിക്കാനായി പരീക്ഷിച്ചിരുന്നതായി ചരിത്രത്തിൽ കാണാം.

115744-fullഎന്നാൽ ഇന്ന് കഥ അതല്ല. ആധുനികകാലത്തിൻറെ സാങ്കേതിക തികവിൽ ആർത്തവം എന്നത് ഒരു പ്രശ്നമേയല്ലാതായി. ‘പൂവിറുക്കുന്നതിനേക്കാൾ’ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഒരു ജൈവിക പ്രക്രിയ മാത്രമായി മാറി.  സ്ത്രീകളിൽ ഇത് ചേർത്തുവച്ച ആത്മവിശ്വാസം ചെറുതല്ല. സ്ത്രീയെന്ന് ചൂണ്ടി, മാറ്റി നിറുത്തിയിരുന്ന എല്ലായിടങ്ങളിലേക്കും ചുവടുറപ്പിച്ച് കടന്നുകയറാൻ അവൾക്ക് കഴിഞ്ഞു. പൊതുയിടത്തിൽ നിന്നും രജസ്വലയായ സ്ത്രീയെ മാറ്റി നിറുത്താൻ യുക്തിഭദ്രമായ കാരണങ്ങൾ ഇല്ലാതായി. ഓർത്തുനോക്കൂ…, ഒരു ദിവസം, നിങ്ങൾ കണ്ടുമുട്ടുന്ന, നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന, ജോലി ചെയ്യുന്ന, അനേകം സ്ത്രീകളിൽ, ആർത്തവത്തിൽ ആയിരിക്കുന്നവർ ആരൊക്കെയെന്ന് എപ്പോഴെങ്കിലും നിങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടോ ?  എന്നിട്ടും, മതം ചാർത്തിത്തരുന്ന അശുദ്ധിയെന്ന ആ’ചാര’ത്തിൽ നിന്നും പുറത്തുവരാനായി വിരൽത്തുമ്പ് ഒന്നനക്കാൻ പോലും സ്ത്രീകളടക്കമുള്ള സമൂഹത്തിന് കഴിയാത്തത്/ ശ്രമിക്കാത്തത് എന്തുകൊണ്ടാണ് ?

 

‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും വാഴുന്ന ദൈവ’ത്തിന് ആരോടാണ് അയിത്തം?

എങ്ങനെയാണ് ഈ അയിത്തവൃത്താന്തങ്ങൾ പ്രചരിച്ചത്?

ഏതു താല്പര്യങ്ങളെയും എളുപ്പത്തിൽ സ്ഥാപിച്ചെടുക്കാൻ ഏറ്റവും നല്ല മാർഗമെന്നത് എന്നും ദൈവ വിശ്വാസവും ആചാരങ്ങളും തന്നെയാണ്.  അതിനായി, സവർണ ആണധികാരത്തിന് അനുഗുണമായി സാമൂഹ്യരീതികൾ രൂപപ്പെടുത്തി, ദൈവത്തിൽ നിന്ന്, ദൈവത്തിന്റെത് എന്ന പേരിൽ അവ പ്രചരിപ്പിക്കപ്പെട്ടു. അവയുടെ അടിസ്ഥാനത്തിൽ മതങ്ങൾ സ്ഥാപിക്കപ്പെട്ടു, പ്രചാരകർ സ്വയം ഭരണവർഗ്ഗമോ പുരോഹിത വർഗ്ഗമോ ആയിമാറി. തങ്ങളിലൂടെ ദൈവം സംവദിക്കുന്നു എന്ന് സാധാരണക്കാരായ ജനങ്ങളെ വിശ്വസിപ്പിക്കാൻ അവർക്ക് എളുപ്പം സാധിച്ചു. വിശ്വാസമെന്നും ആചാരമെന്നും  ജനതയുടെ മേൽ നിഷ്കർഷകൾ അടിച്ചേൽപ്പിച്ചു. അങ്ങനെ, തങ്ങളുടെ പ്രാമാണ്യം എന്നേയ്ക്കും സ്ഥാപിച്ചു കൊണ്ട്, തങ്ങൾക്കു നേരെ ഒരു ചോദ്യവും ഉയരാത്ത രീതിയിൽ, സ്ത്രീകളെയും മറ്റു ദുർബലവിഭാഗങ്ങളെയും തങ്ങളിൽ കുറഞ്ഞവരെന്നു വിളിച്ച് മാറ്റി നിർത്തി.  ലോകത്തിലെവിടെയും, ഭരണത്തിന്റെയും പൗരോഹിത്യത്തിന്റേയും ഭാഷ അധികാരത്തിന്റെ ഇതേ സവർണ ആൺബോധങ്ങളിൽ ഊന്നിയതായിരുന്നു.

 

മതങ്ങൾ, ആചാരങ്ങൾ, സ്ത്രീയോട് ചെയ്തത് :

വിശ്വാസികളെ കൈപ്പിടിയിൽ ഒതുക്കാൻ, മതം പ്രയോഗിക്കുന്ന മികച്ച കൌശലങ്ങളാണ് ആചാരങ്ങൾ. മതം നടപ്പിലാക്കിയ ലിംഗനീതി നിഷേധത്തിന്റെ സാമൂഹ്യപാഠങ്ങളിൽ ആദ്യത്തേത് സ്ത്രീശരീരത്തെ വസ്തുവൽക്കരിക്കുക എന്നതായിരുന്നു. അതിൻറെ ആദ്യത്തെ പടിയായി ആർത്തവം ഘോഷിക്കപ്പെട്ടു. പെൺകുട്ടിയുടെ ആദ്യത്തെ ആർത്തവം മുതൽ വിവാഹം വരെ സൂക്ഷിക്കേണ്ട കന്യകാത്വം, വിവാഹം മുതൽ മരണം വരെ തുടരേണ്ട പാതിവൃത്യം, എന്നിങ്ങനെ പുരുഷനുമേൽ ഒരിക്കലും വീഴാത്ത നിഷ്കർഷകൾ മതം സ്ത്രീക്കുമേൽ അടിച്ചേൽപ്പിച്ചു.  സ്ത്രീയെ  സാങ്കേതികമായി ഒരു പെൺശരീരമെന്ന് മാത്രം അളക്കാനുള്ളവയായിരുന്നു, മതം മുന്നോട്ടുവച്ച ഇത്തരം അളവുകോലുകളോരോന്നും. സ്ത്രീ എന്നാൽ ലൈംഗീകതയുടെ, പ്രത്യുൽപ്പാദനത്തിൻറെ പ്രതീകങ്ങൾ മാത്രമായി. ഇങ്ങനെയൊക്കെ സൂക്ഷിച്ചില്ലെങ്കിൽ പാപകാരണമായേക്കാവുന്ന ഒരു വസ്തു, അഥവാ ചരക്ക് ആണ് തൻറെ ശരീരം എന്ന അപകർഷ ബോധത്തിലേക്കാണ് മതം പെണ്ണിനെ പരുവപ്പെടുത്തുന്നത്. സ്വാഭാവികമായും ഉടച്ചിൽ തട്ടാത്ത രത്നങ്ങളായി സ്വയം അവതരിപ്പിക്കാൻ സ്ത്രീകൾ നിർബന്ധിതരായി. അങ്ങനെയാണ്, കുടുംബമെന്ന സ്ഥാപനത്തിനുള്ളിൽ സ്ത്രീ അവരോധിക്കപ്പെട്ടത്‌. അങ്ങനെയാണ്, പ്രസവിക്കാനും കുഞ്ഞുങ്ങളെ വളർത്താനുമുള്ള മഹനീയ ദൌത്യത്തിന് അവൾ തെരെഞ്ഞെടുക്കപ്പെട്ടത്. അങ്ങനെയാണ് സ്ത്രീ,  പിതാവിൻറെ, ഭർത്താവിൻറെ, പുത്രൻറെ സംരക്ഷണയിൽ കഴിഞ്ഞ് പൂജിക്കപ്പെടേണ്ടവളായത്.  അങ്ങനെയാണ്, വാത്സല്യമൂർത്തിയായ അമ്മയും സർവ്വമംഗളയായ ദേവിയും,  സർവ്വംസഹയായ  ഭൂമിയുമായത്. ആലോചിച്ചു നോക്കൂ.., ഇത്തരം എന്തെങ്കിലും മഹനീയത പുരുഷന് കൽപ്പിച്ചു കിട്ടിയിട്ടുണ്ടോ ?

_HERO-happy-to-bleed_620x349

സ്ത്രീയുടെ ആർത്തവത്തെയും ഗർഭകാലത്തെയും പ്രസവത്തെയും ഒന്നുകിൽ പൂജനീയമായ  അനുഗ്രഹമെന്നു വിളിച്ച്, ‘പരിഗണിച്ചു’ മാറ്റിനിറുത്തി, അല്ലെങ്കിൽ പരിമിതികളെന്നു ചൂണ്ടി മാറ്റിനിറുത്തി. സ്ത്രീ ശരീരത്തെയും അവളുടെ സാന്നിധ്യത്തെയും പൊതുയിടങ്ങളിൽ നിന്നും മറച്ചുപിടിക്കാനുള്ള   ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമായാണ് സ്ത്രീവിരുദ്ധമായ മുഴുവൻ വിശ്വാസങ്ങളും ആചാരങ്ങളും രൂപപ്പെട്ടത്.  ആർത്തവരക്തത്തിൻറെ അതിവൈദ്യുതചാലകതയെക്കുറിച്ച് നവമാധ്യമങ്ങളിൽ കറങ്ങിനടക്കുന്ന ‘ശാസ്ത്രകഥ’, ഇതേ കൌശലത്തിന്റെ ഏറ്റവും പുതിയ മണ്ടൻ വിശദീകരണമായിതന്നെ വേണം കാണാൻ.

മുകളിൽ സൂചിപ്പിച്ചതുപോലെ, പൊതുയിടങ്ങളിൽ നിന്ന് സ്ത്രീയെ മാറ്റിനിർത്താൻ കാരണങ്ങൾ ഇല്ലാതായിട്ടും, മതത്തിൻറെ വേലിക്കെട്ടുകൾ മാത്രം ഇന്നും രജസ്വലയായ സ്ത്രീയെ തീണ്ടാപ്പാടകലത്തിൽ മാറ്റി നിറുത്തുന്നതെന്തുകൊണ്ട് ?

ജനാധിപത്യമോ, രാജഭരണമോ, ഭരണ സംവിധാനം ഏതു ആകട്ടെ, സമൂഹത്തിലെ ഏറ്റവും പ്രധാന അധികാരസ്ഥാപനമായിട്ടാണ് മതം ഇന്നും  തുടരുന്നത്(ഇന്ത്യയിൽ പ്രത്യേകിച്ചും). പൊതുബോധത്തെ വരുതിയിൽ വരുത്താൻ പ്രയോഗിക്കുന്ന ആചാര കൌശലങ്ങളിൽ ഏറ്റവും മികച്ച ഉപകരണമാക്കാവുന്നത്  സ്ത്രീശരീരമാണ് എന്ന് മതങ്ങളോളം അറിവുള്ളവർ മറ്റാരുണ്ട് ? മതം  സ്ത്രീക്കുമേൽ നടപ്പാക്കുന്ന   നിയന്ത്രണങ്ങളാണ് പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ മുഴുവൻ സദാചാര ശാസനങ്ങളുടെയും അടിസ്ഥാനം. സ്ത്രീയ്ക്കും പുരുഷനും തുല്യനീതിയിൽ ഇടപെടാനാവുന്ന ഒരു സംവിധാനമായി മതം മാറിയാൽ, ഇത്തരത്തിൽ സ്ത്രീക്കുമേൽ മാത്രമായി നിഷ്കർഷകൾ കൽപ്പിക്കാൻ സാധ്യമല്ലാതാകുന്നു. മതത്തിൻറെ  അധികാരസ്ഥാനങ്ങളിലെക്കുള്ള സ്ത്രീയുടെ കടന്നുവരവിനെ ചെറുത്തു നിൽക്കുക എന്നത് സാധ്യമല്ലാതാകുന്നു. സ്വാഭാവികമായും സ്ത്രീയെ മാറ്റി നിറുത്തുക എന്നത് മതത്തിൻറെ ആവശ്യമായി വരുന്നു. നിശ്ചയമായും,  ഈ വിവേചനത്തിലേക്കുള്ള ആദ്യ പടിയായി മതം ആഘോഷിക്കേണ്ടത്  ആർത്തവത്തെ തന്നെ ആവണമല്ലോ.

എന്നിട്ടും പരിഷ്കൃതസമൂഹം ഇന്നും ഇത്തരം വിഡ്ഢിത്തങ്ങൾ ചുമന്നു നടക്കുന്നത് എന്തിനാണ് ? ലിംഗനീതിനിഷേധത്തെ ചെറുക്കാൻ ഭൂരിപക്ഷ സമൂഹം തയാറാകുന്നില്ല ?

തറവാടിയായ പുരുഷോത്തമനെയും, കുടുബത്തിൽ പിറന്ന കുലസ്ത്രീയെയും വാർത്തെടുക്കുന്ന മൂശകളെ,   മതങ്ങൾ എത്രയോ കാലങ്ങൾ കൊണ്ട് ഉരുക്കഴിച്ചെടുത്തവയാണ്?  അത്ര പെട്ടെന്ന് തകരുന്നവയല്ല, അതൊന്നും. സമൂഹത്തിൽ തനിക്ക് കിട്ടിപ്പോരുന്ന അപ്രമാദിത്വത്തിനു പരിക്കേൽക്കാൻ ഒരു ശരാശരി ‘മത’പുരുഷൻ ആഗ്രഹിക്കുകയേയില്ല. അതിനേക്കാൾ, പൊതുബോധം പണിതു നൽകിയ ശ്രീകോവിൽ സങ്കൽപ്പങ്ങളിൽ,  ‘ശ്രീദേവി’യായി വാഴുന്ന ഒരു ശരാശരി സ്ത്രീക്ക്, ‘മൂധേവി’ എന്ന അവജ്ഞയിലേക്ക് പരിണമിക്കാൻ പ്രയാസം തന്നെയാണ്. എന്നു മാത്രമല്ല, സാധ്യമെങ്കിൽ പ്രതിരോധിക്കാനും അവർ ശ്രമിച്ചാൽ, അത്ഭുതപ്പെടാൻ എന്തുള്ളൂ ? ഇത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള ആർജ്ജവം  ഭരണകൂടം പോലും കാണിക്കാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. ഒരു ജനാധിപത്യരാജ്യത്ത്, മതത്തേക്കാൾ, ആചാരങ്ങളെക്കാൾ പ്രാധാന്യം, രാജ്യത്തിൻറെ നിയമങ്ങൾക്കും നിയമം അനുശാസിക്കുന്ന തുല്യനീതിയ്ക്കുമുണ്ടെന്ന് പറയാൻ, പൊതുബോധത്തെ പേടിക്കുന്ന ഭരണകൂടങ്ങൾ തയ്യാറാവുകയോ ?

ഈ സാഹചര്യത്തിലാണ് രാജ്യത്തെ നീതിന്യായ കോടതികളുടെ മുന്നിൽ തുല്യനീതിക്കായി ഉയർന്ന മുറവിളികൾ പ്രസക്തമാകുന്നത്. നഗ്നമായ നീതിനിഷേധമെന്ന് പ്രഥമദൃഷ്ട്യാ തന്നെ കാണാനാവുന്ന ഈ വിഷയത്തെ, ഭരണഘടനയ്ക്ക് അനുസൃതമായി സമീപിക്കാനുള്ള ബാധ്യത കോടതി നിറവേറ്റേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, കോടതിയുടെ ഇടപെടലുകൾ നിർണായകവുമാണ്. തീർത്തും ഒരു ജൈവിക പ്രക്രിയയായ  ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ ആരാധാനാലയങ്ങളിൽ നിന്നും മാറ്റി നിറുത്തുന്നതിലെ യുക്തിയെ  ചോദ്യം ചെയ്യാനുള്ള ആർജ്ജവം കോടതി കാണിച്ചിരിക്കുന്നു എന്നത് പ്രതീക്ഷാവഹമാണ്.  സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ പ്രത്യേക വ്യക്തിത്വമുണ്ടെന്നും അത് നശിപ്പിക്കാൻ ഒരു ആരാധനാലയങ്ങളിലെ  അധികാരികൾക്കും അവകാശമില്ലെന്നും കോടതി സൂചിപ്പിക്കുന്നുണ്ട്.

രാജ്യത്തിൻറെ ഭരണഘടനയെയോ നിയമങ്ങളെയോ ഖണ്ഡിക്കുന്നതായ ഏതുതരം സാമൂഹിക ക്രമങ്ങളെയും, ഭരണഘടനാവിരുദ്ധമെന്ന് വ്യാഖ്യാനിക്കുന്ന നിയമവ്യവസ്ഥയാണ്‌ നമ്മുടേത്‌. എന്നിട്ടും കണ്മുന്നിൽ നടന്ന ലിംഗനീതിയുടെ നഗ്നമായ നിഷേധങ്ങൾക്കുനേരെ ഇത്രനാൾ അടച്ചു വച്ച കണ്ണുകളാണ്   ഇതാ, ഇപ്പോൾ തുറന്നിരിക്കുന്നത്. മതങ്ങൾക്കോ മറ്റ് അധികാരകേന്ദ്രങ്ങൾക്കോ കഴിയാതിരുന്ന ചുവടു വയ്പ്പുകൾ കോടതിക്ക് സാധ്യമാകുന്നു എന്നതാണ് അവകാശ പോരാട്ടങ്ങൾക്ക് ആവേശമാകുന്നത്.

ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന്, വര്‍ഷങ്ങളായി സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്ന മഹാരാഷ്ട്രയിലെ ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തിലും ത്രയംബകേശ്വര ക്ഷേത്രത്തിലും  സ്ത്രീകൾ പ്രവേശനം നേടി കഴിഞ്ഞു.  ഇതിൻറെ തുടർച്ചയെന്നോണം മുംബൈയിലെ പ്രശസ്തമായ ഹാജി അലി ദര്‍ഗയിലും  സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

സുപ്രീംകോടതി നിരീക്ഷിച്ചത് പോലെ, വിവിധ മതാചാരങ്ങളിലെ ശരിതെറ്റുകൾ പരിശോധിക്കുക എന്നതല്ല, ഭരണഘടനാപരമായ അവകാശങ്ങൾ ഓരോ വ്യക്തിക്കും ഭേദമെന്യേ തുല്യമായി വിതരണം ചെയ്യപ്പെടുന്നു എന്ന് ഉറപ്പ് വരുത്തുക എന്നതാണ് നീതിന്യായ വ്യവസ്ഥയുടെ ധർമ്മം. നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ അദൃശ്യനായ രാജാവായി വർത്തിക്കുന്നത്  സമൂഹത്തിൻറെ  പൊതുബോധമാണ്. മതാചാരങ്ങളിൽ അധിഷ്ഠിതമായ,  ലിംഗനീതിയെ പരിചയമില്ലാത്ത പൊതുബോധം. ആ രാജാവിൻറെ കുറവുകളെ ചോദ്യം ചെയ്യാനോ പരിഹരിക്കാനോ സ്വയം സമൂഹത്തിനും ഭരണകൂടങ്ങൾക്കും കഴിയുന്നില്ല എങ്കിൽ ഇടപെടാൻ രാജ്യത്തിൻറെ നിയമവ്യവസ്ഥയ്ക്ക് ബാധ്യതയുണ്ട്.  എന്നുമാത്രമല്ല, ഫലപ്രദമായി ഇടപെടും എന്നുകൂടിയാണ് കോടതികൾ ഇവിടെ പറയാതെ പറയുന്നത്.

മാറ്റുവിൻ ചട്ടങ്ങളെ ;സ്വയം …. അല്ലെങ്കിൽ….

 

Comments

comments