തെരഞ്ഞെടുപ്പ് കാലങ്ങളിൽ വോട്ടു തേടി വരുന്ന ഒട്ടുമിക്ക വിനീത മാന്യമാരെല്ലാം തെരഞ്ഞെടുപ്പ് ജയിച്ചു കരകയറിയാൽ പിന്നെ പ്രൊട്ടോക്കോളും മറ്റു സർക്കാർ അധികാര സന്നാഹവുമായി മാത്രമേ ജനത്തെ കാണുകയുള്ളൂ. എല്ലാവരും ഒരുപോലെ അല്ലങ്കിലും ഒരു നല്ല ശതമാനം ജേതാക്കളും രാഷ്ട്രീയ വരേണ്യ വര്ഗമാകുന്ന കാഴ്ചയാണ് കാണാൻ പോകുന്നത് തെരഞ്ഞെടുപ്പിനു വോട്ടര്‍മാരെ തേടി പോകുന്നവരെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വോട്ടർമാർ തേടി പോകേണ്ടുന്ന അവസ്ഥയിലേക്കായിരിക്കുന്നു നമ്മുടെ ജനായത്ത രാഷ്ടീയം.
ആദ്യമായ് മാറേണ്ടതും മാറ്റേണ്ടതും ചതുക്കു പിടിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ജനായത്ത രാഷ്ട്രീയ സംസ്കാരമാണ്. ഇതിനു പുതിയ ഉണർവുള്ള അടിസ്ഥാനതല ജനായത്ത കാഴ്ചപ്പാടും യഥാർത്ഥ ജനകീയ രാഷ്ട്രീയ സാമൂഹിക സംസ്കാരവും ഉണ്ടാവേണ്ടതുണ്ട് .
എല്ലാ പാര്‍ട്ടിക്കാരും പ്രകടന പത്രികയെ ഒരു പ്രകടനം ആക്കി ചുരുക്കുമ്പോൾ, ഭരണം കിട്ടിയാൽ പ്രകടന പത്രിക സൗകര്യ പൂർവം മറക്കുകയാണ് പതിവ്. പ്രകടന പത്രികയെന്നത് ജനങ്ങളോട് ചെയ്യുന്ന ജനായത്ത ഉടമ്പടി ആണ്. എല്ലാ ആറു മാസവും എല്ലാ മുന്നണിയും അവരുടെ പ്രകടന പത്രികയിൽ പറഞ്ഞ ഏതൊക്കെ കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിച്ചതിന്റെ റിപ്പോര്ട്ട് കാർഡു ജനങ്ങൾക്ക് സമര്പ്പിക്കട്ടെ.
തിരഞ്ഞെടുക്കപ്പെട്ട സർക്കാർ എല്ലാ മൂന്ന് മാസവും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത കാര്യങ്ങളെ ക്കുറിച്ച് നിയമസഭയിൽ റിപ്പോര്ട്ട് സമര്പ്പിക്കട്ടെ.
എല്ലാ MLA മാരും അവരുടെ വികസന ഫണ്ടിന്റെ ഉപയോഗവും അവർ നിയമ സഭയിൽ ചെയ്ത പ്രവർത്തനങ്ങളുടെയും അവർക്കു ലഭിച്ച ശമ്പളം, മറ്റു ആനുകുല്യങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങൾ അവരുടെ വെബ് സൈറ്റിലോ ഫൈസ് ബുക്ക് പേജിലോ പരസ്യപെടുത്തെട്ടെ.
സര്‍ക്കാരിന്റെ മുഴുവൻ ബജറ്റ് വരവ് ചിലവുകൾ എല്ലാ മൂന്നു മാസത്തിലും പ്രസിദ്ധികരിക്കണം.
സ്ഥിരം പല്ലവിയായ ആരോപണ പ്രത്യാരോപണ കോലാഹങ്ങള്‍ക്കതീതമായി മാനം മര്യാദയോടെ നിയമസഭ നടത്തി കൊണ്ടുപോകാനുള്ള കൂട്ടുത്തരവാദിതം എല്ലാ MLA മാര്ക്കും ഉണ്ടാകണം.
ഒരു MLA തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ഒരു പാര്‍ട്ടിയുടെ പ്രതിനിധി എന്നുള്ളതിലുപരി ഭരണഘടന പ്രകാരം സത്യ പ്രതിജ്ഞ എടുക്കുന്ന ജന പ്രതിനിധി ആണെന്നുള്ള ബോധം ഉണ്ടാവേണ്ടതുണ്ട്.
Be the first to write a comment.