ജിഷയുടെ കൊലപാതകത്തെ കുറിച്ചുള്ള ഒരു സംഭാഷണത്തിൽ  ഇരയുടെ  ദളിത്‌ സ്വത്വം അവർക്ക് നേരെ നടന്ന അക്രമത്തിന്റെ സാഹചര്യത്തിൽ എന്ത് പ്രാധാന്യം എന്ന് എന്റെ ഒരു സുഹൃത്ത്‌ ചോദിച്ചു,

ശ്രേണിബദ്ധമായ വിവേചനം തീർക്കുന്ന സാമൂഹിക സാഹചര്യങ്ങളാണ് സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായി ചിലരെ മുഖ്യധാരയിൽ നിന്നും പുറത്ത് നിർത്തുന്നത് എന്നും ഇത്തരം സാഹചര്യങ്ങളാണ് അവരുടെ വൾണറബിളിറ്റി (vulnerability), ആക്രമിക്കപ്പെടാനുള്ള സാധ്യത, വർദ്ധിപ്പിക്കുന്നതുമെന്നുള്ള  എന്റെ ഉത്തരം സുഹൃത്തിനു  ബോധ്യമായില്ല.

ഭൗതികസാഹചര്യങ്ങളുടെ അഭാവം മാത്രമല്ല ബലാത്സംഗങ്ങൾക്ക് കാരണമാവുന്നത് എന്നറിയാതെ അല്ല ഞാൻ അത് പറഞ്ഞത്. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രികളുടെ സുരക്ഷയെ  കുടുംബത്തിനുള്ളിൽ അടക്കം ഹനിക്കുന്ന സാമുഹ്യ സാഹചര്യങ്ങൾ വേറെയുമുണ്ട് എന്നറിയാം. പക്ഷേ കീഴാള സമുദായങ്ങളെ ബഹിഷ്കൃതരാക്കുന്ന ചരിത്രപരമായ സാഹചര്യങ്ങൾ ആ വിഭാഗങ്ങളുടെ  വൾണറബിളിറ്റി വർദ്ധിപ്പിക്കുന്നു..

ചരിത്രപരമായി തന്നെ ദേവസ്വം,രാജസ്വം എന്നിങ്ങനെ അടയാളപ്പെടുത്തിയ ഭൂമിയിൽ അവകാശമുണ്ടാക്കാത്തിരുന്നത് കൊണ്ടാണ് കൃഷി ഭൂമിയിൽ  ദളിതർക്ക് അവകാശമില്ലാതെ വന്നത്. അതുകൊണ്ട് തന്നെയാണ് ദളിതരിൽ ഒരു വിഭാഗത്തിന്റെ ആവാസ കേന്ദ്രം  പുറമ്പോക്കുകളിലേക്ക്  പരിമിതപ്പെട്ടത്. പ്രത്യേകിച്ചും ഭൂരഹിതരായ ദലിതര്‍ക്കു വാഗ്ദാനം ചെയ്ത മിച്ചഭൂമി അവര്‍ക്ക് ഭൂപരിഷ്കരണ നിയമം നടപ്പാക്കി വളരെ വര്‍ഷം കഴിഞ്ഞും ലഭിചില്ല എന്ന യഥാർഥ്യം നിലനിൽക്കുമ്പോൾ.

കേരളത്തിലെ മറ്റൊരു കീഴാള വിഭാഗമായിരുന്ന ആദിവാസികൾക്ക് ചരിത്രപരമായി ഭൂമിയുണ്ടായിരുന്നു. എന്നാൽ അവരെ ഭൂരഹിതരാക്കിയത് ആഭ്യന്തര കുടിയേറ്റത്തിന്റെ ഹിംസകളാണ്. ദളിതരെ പോലെ ഭൂമിശാസ്ത്രപരമായി മുഖ്യധാരയിൽ നിന്നും പുറത്ത് നിർത്തപ്പെട്ടത് ആദിവാസികളുടെയും  വൾണറബിളിറ്റി വർദ്ധിപ്പിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ  പ്രതിയെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യുക എന്ന കേവലതയ്ക്കപ്പുറം, ജിഷമാരെ ഭൂരഹിതരാക്കി പുറംമ്പോക്കിലെ സുരക്ഷയില്ലാത്ത വീടുകളിൽ എത്തിക്കുന്ന, ഭൂ ഉടമസ്ഥതയുടെ രാഷ്ട്രീയത്തെയും ഭൂമിയുടെ പുനർ വിതരണത്തിന്റെ ആവശ്യകതയെയും  കുറിച്ച് ചർച്ചയുണ്ടാവുകയും ചെയ്യുമ്പോൾ മാത്രമേ ജിഷയ്ക്ക് നീതി ലഭിക്കാനുള്ള പോരാട്ടം അർഥപൂർണമാവൂ.

Comments

comments