കേരളത്തിലെ വിവിധ നഗര-ഗ്രാമങ്ങളെ തന്റേതായ അല്ലെങ്കിൽ തന്നോടൊപ്പം ചേരുന്ന ചില ആസ്വാദക – ആൾക്കൂട്ടങ്ങളുടേതായ നിർവചന – വിവരണങ്ങളിലേക്ക് ചുരുക്കാനും വലിച്ചു നീട്ടാനുമുള്ള രഞ്ജിത്ത് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും തെക്കോട്ടുള്ള യാത്ര കോട്ടയത്തെത്തുന്നതും അവിടെ നിന്ന് തിരിച്ച് വടക്കോട്ട് കുറ്റിപ്പുറം (മലപ്പുറത്തിഷ്ടം പോലെ ബോംബു കിട്ടുമല്ലോ!) വഴി വയനാട്ടിലെ കാപ്പിത്തോട്ടത്തിലെത്തുന്നതുമായ ഒരു സ്ഥല – ഭൂമിശാസ്ത്ര – ചരിത്ര – സംസ്‌ക്കാരാന്വേഷണ പശ്ചാത്തലവും പുതിയ സിനിമയായ ലീലയിലുണ്ട്. പാലേരി മാണിക്കത്തിലൂടെ കുറ്റ്യാടിയും ഉസ്താദ് മുതൽ കയ്യൊപ്പും ഇന്ത്യൻ റുപ്പിയും അടക്കമുള്ള ചിത്രങ്ങളിലൂടെ കോഴിക്കോടും ദേവാസുരം മുതൽ ആറാം തമ്പുരാനും നരസിംഹവും അടക്കമുള്ള ചിത്രങ്ങളിലൂടെ ഒറ്റപ്പാലവും മായാമയൂരത്തിലൂടെ പട്ടാമ്പിയും നന്ദനത്തിലൂടെ ഗുരുവായൂരും പ്രാranjithb-1ഞ്ചിയേട്ടനിലൂടെ തൃശ്ശൂരും ബ്ലാക്കിലൂടെ കൊച്ചിയും കടൽ കടന്നൊരു മാത്തുക്കുട്ടിയിലൂടെ കോഴഞ്ചേരിയും സ്പിരിറ്റിലൂടെ മദ്യത്തിൽ മുങ്ങിയ കേരളവും
കൊളമ്പസിനെപ്പോലെ അന്വേഷിച്ചു കണ്ടെത്തിയതിനു ശേഷമാണ് കഥാകൃത്തു കൂടിയായ തിരക്കഥാകൃത്ത് ഉണ്ണി ആറിന്റെ സഹായത്തോടെ രഞ്ജിത്ത് കോട്ടയത്തെത്തുന്നത്. കോട്ടയത്താണെത്തുന്നതെന്നറിയിക്കാൻ, കോട്ടയം നഗരത്തെക്കുറിച്ചെഴുതിയ പാട്ട് നായകകഥാപാത്രമായ കുട്ടിയപ്പനെ അവതരിപ്പിക്കുന്ന ബിജുമേനോനെക്കൊണ്ടു പാടിച്ച് ചിത്രമിറങ്ങുന്നതിനു മുമ്പു തന്നെ യുട്യൂബ് വഴി വ്യാപിപ്പിച്ചിരുന്നു. ശീർഷകവരകളുടെ ശബ്ദപശ്ചാത്തലവും ഈ പാട്ടു തന്നെ. ജില്ലാ കോടതി എന്നു പാടുമ്പോൾ, രാജധാനി ബാർ കാണിക്കുന്നതു പോലുള്ള ഭയങ്കരമായ ദൃശ്യ – ശബ്ദ വിനാശങ്ങൾ കൊണ്ട് ഞെട്ടിക്കാനാണുദ്ദേശം. ഞെട്ടിയിരിക്കുന്നു. പല കൊടികളും മഹാത്മാ ഗാന്ധി മുതൽ പി ടി ചാക്കോ വരെയുള്ളവരുടെ പ്രതിമകളും ഇന്ത്യൻ കോഫി ഹൗസും അരവിന്ദന്റെ ഫോട്ടോയും മനോരമയും കാണാനാകുന്ന കോട്ടയത്തിന്റെ കയറ്റിറക്കങ്ങൾ തദ്ദേശീയർക്ക് ഗൃഹാതുരത്വവും ഇക്കിളികളും ഉണർത്തട്ടെ.

കോട്ടയത്തെ പരിചയപ്പെടുത്തുമ്പോൾ അഥവാ പാരഡിവത്ക്കരിക്കുമ്പോൾ അനിവാര്യമായി കടന്നു വരുന്ന രാഷ്ട്രീയ പരിഹാസത്തിന്റെയും മതപരിഹാസത്തിന്റെയും കുന്തമുനകൾ യഥാക്രമം കേരളാ കോൺഗ്രസിലേക്കും ക്രിസ്ത്യാനികളിലേക്കുമാണ് നീളുന്നത്. അച്ചായനാണെങ്കിൽ കമിഴ്ന്നു വീണ് കാൽപ്പണം നക്കും എന്നൊക്കെ, ഇന്ത്യൻ റുപ്പിയിൽ അടയാളപ്പെടുത്തിയ ക്രിസ്തു മത പരിഹാസം ലീലയിലേക്കും പടരുന്നുണ്ട്. നഗരി കാണിക്കൽ പോലുള്ള പള്ളി വിശേഷങ്ങളെയും മാലാഖ സങ്കൽപങ്ങളെയും ചവിട്ടു നാടകവേഷങ്ങളെയും എല്ലാത്തിനുമുപരി കുട്ടിയപ്പന്റെ കൈമുട്ടിനു മുകളിലായി പച്ച കുത്തിയിരിക്കുന്ന കുരിശടയാളത്തെയും പരിഹാസ്യമാക്കുന്ന സന്ദർഭങ്ങൾ ഇതിനുദാഹരണങ്ങളാണ്. സവർണ ഹിന്ദു നായകത്തമ്പുരാക്കന്മാരുടെ വീരോപദാനങ്ങൾ പാടി നടന്നിരുന്നതിന്റെ പേരിൽ, പ്രതിലോമ സിനിമകളുടെ തമ്പുരാൻ എന്ന് വിളിക്കപ്പെട്ടിരുന്ന രഞ്ജിത്തിന്റെ പ്രായശ്ചിത്ത ചിത്ര പരമ്പരകളിലൊടുക്കത്തെയാണത്രെ ലീല. നാടുവാഴിത്ത ജീർണതയൊക്കെയും അമ്പരപ്പിക്കുന്ന വിധത്തിൽ അനുകരിക്കുകയോ ആവർത്തിക്കുകയോ പാരഡിവത്ക്കരിക്കുകയോ ചെയ്യുന്നുണ്ടെങ്കിലും ജാതിയും മതവും ന്യൂനപക്ഷത്തിന്റെ പറമ്പിൽ കൊണ്ടു പോയി കെട്ടാനുള്ള മിടുക്കിനെ സമ്മതിക്കണം. പാപപരിഹാരവുമായി, പരിഹാരത്തിനിടെ ക്രിസ്ത്യാനിക്കിട്ടൊരു ഇടിയുമായി എന്ന വിധത്തിൽ രണ്ടു പക്ഷികൾക്കായിട്ടാണ് ഈ ഒറ്റ വെടി. കഥാകൃത്തു തന്നെയാണ് തിരക്കഥയെഴുതിയതെന്നതിനാൽ അദ്ദേഹമുപയോഗിച്ച സ്വാതന്ത്ര്യത്തെ തീർത്തും വിലമതിക്കുന്നു. എന്നാൽ, കഥയിൽ ഒട്ടും വ്യക്തമല്ലാത്ത കുട്ടിയപ്പന്റെ ക്രിസ്ത്യാനി സ്വത്വം സിനിമയിൽ വിരിഞ്ഞാടുന്നതെന്തുകൊണ്ട്?

സ്വപ്നം പോലെ അല്ലെങ്കിൽ സ്വപ്നങ്ങളിൽ കണ്ട വിധത്തിൽ തന്റെയും തന്നെ ചുറ്റിപ്പറ്റുന്നവരുടെയും താൻ പണം കൊടുത്ത് മേടിക്കുന്നവരുടെയും ജീവിതങ്ങളിട്ട് അമ്മാനമാടുക എന്നതാണ് നായകനായ കുട്ടിയപ്പന്റെ മൃഗയാവിനോദങ്ങൾ. വീട്ടിലെ പണിക്കാരിയും വെപ്പുകാരിയുമായ ഏലിയാമ്മ, ജഡ്ജിയായിരുന്ന പിതാവിന്റെ കാര്യസ്ഥപുത്രനായleela-9-e1 ഗോപിനാഥപ്പിള്ളനായർ എന്ന പിള്ളേച്ചൻ (വിജയരാഘവൻ), വിളിച്ചാലോടിയെത്തുന്ന കൂട്ടിക്കൊടുപ്പുകാരനായ ദാസപ്പാപ്പി (ഇന്ദ്രൻസ്), തരാതരം പോലെ പെൺപിള്ളേരെ തപ്പിയെടുത്ത് ഫീൽഡിലിറക്കുകയും പോരാത്തതിന് സ്വന്തം ശരീരം സമർപ്പിച്ച് ടിയാന്റെ വിധേയയായിരിക്കുകയും ചെയ്യുന്ന ഉഷ (കവിതാ നായർ), എന്നിവരാണ് പ്രധാന അടിമകൾ. പിന്നെ, വില കൊടുത്തും നിയമം ഉണ്ടെന്ന് പറഞ്ഞ് പേടിപ്പിച്ചും വലയിലാക്കുന്ന തങ്കപ്പൻ നായരും (ജഗദീഷ്) ലീലയെന്ന് കുട്ടിയപ്പൻ തന്നെ പേരിടുന്ന നായരുടെ മകളും (പാർവതി നമ്പ്യാർ) കൂടി അയാളുടെ അടിമകളായി മാറുന്നുണ്ട്. സ്ഥല ചരിത്ര വർത്തമാനങ്ങളെ തന്റേതായ വ്യാഖ്യാനങ്ങളിലേക്ക്  വെട്ടിച്ചുരുക്കുകയോ വലിച്ചു നീട്ടുകയോ ചെയ്യുന്ന സംവിധായകന്റെയും കഥാ-തിരക്കഥാകൃത്തിന്റെയും അപരവ്യക്തിത്വമാണ് കുട്ടിയപ്പൻ എന്ന് പ്രത്യേകം പറയേണ്ടതില്ല.

ശാരീരികവും മാനസികവുമായ വൈകൃതപ്രകടനങ്ങളിലേക്ക് അതിശയപ്പെടുന്ന കുട്ടിയപ്പന്റെ വ്യക്തിവൈചിത്ര്യത്തെ നിർണയിക്കുന്നത് അയാളനുഭവിക്കുന്നleela-u31 ഷണ്ഡത്വം തന്നെയാണ്. എന്നാലീ ഷണ്ഡത്വം കേവലം ശാരീരികമായ ഒരവസ്ഥയല്ല എന്നതാണ് പ്രധാനം. അത് ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ ഒരു വിപരിണാമമാണ്. നരസിംഹത്തിലെയോ ആറാമ്പ്രാനിലേയോ (ഈ ചുരുക്കലിന് ഹരീഷ് വാസുദേവനോട് കടപ്പാട്) മോഹൻലാലിനെ ഉത്പാദിപ്പിച്ച ജഡ്ജി തന്നെയാണ് കുട്ടിയപ്പന്റെയും പിതാവ്. അതായത്; തറവാട്ടു മഹിമ,  തറവാടിത്തം, ഇഷ്ടം പോലെ ഭൂസ്വത്ത്, അടിച്ചു തളികൾ, ഉരലുകളും ഉലക്കകളും, തൊഴുത്തുകളും കുളപ്പുരകളും ഉരൽപ്പുരയിലെ മറവുകളും, പത്തായപ്പുരകളും അവിടത്തെ സദിരുകളും, തൊടികളും പാടങ്ങളും വൈക്കോൽകുണ്ടകളും കളപ്പുരകളും, കളംപാട്ടുകളും ഉടുക്കുകൊട്ടുകളും, അൽഫോൻസിന്റെ ഐറ്റം ഡാൻസും അതോടൊപ്പം കലാഭവൻ മണിയുടെ ദളിത് ശരീരത്തെ വരിക്കാശ്ശേരി മനയുടെ ഉമ്മറത്തു നിന്ന് ചവിട്ടിത്തെറിപ്പിക്കലും എന്നിങ്ങനെ നിറഞ്ഞു കവിയുന്ന ഫ്യൂഡൽ പരപ്പുകളിലേക്കും കയറ്റിറക്കങ്ങളിലേക്കുമാണ് നരസിംഹത്തിലെയും ആറാമ്പ്രാനിലെയും മോഹൻലാലിനെ പെറ്റിട്ടിരിക്കുന്നത്. വിശേഷം അതിലുമല്ല. ലോകത്തുള്ള സർവ വിജ്ഞാനങ്ങളും കലക്കിക്കുടിച്ച് അധോലോകവാസവും കഴിഞ്ഞാണ് aaramthampuran-f1ആശാൻ നാടും നാട്ടാചാരങ്ങളും ഉത്സവവും പുനരാരംഭിക്കാനായി തിരിച്ചെത്തുന്നത്. ഇതേ അവതാരം അഥവാ സമാനമായ അവതാരം തന്നെയാണ് കുട്ടിയപ്പന്റേതും (ഞങ്ങൾക്ക് രണ്ടു പേരും ഭയങ്കര ബിസിയാ, പ്രത്യേകിച്ച് പണിയൊന്നുമില്ല എന്നാണ് നാടുവാഴിത്ത ശേഷിപ്പിന്റെ സ്വകാര്യ സ്വത്ത് അടുത്തൂൺ (annuity) ആയി ധൂർത്തടിക്കുന്ന കുട്ടിയപ്പൻ സ്വയം വ്യാഖ്യാനിക്കുന്നത്). ഒറ്റപ്പാലത്തിനു പകരം കോട്ടയത്തു ജനിച്ചു എന്നേ ഉള്ളൂ. ഒരു പണിയും ചെയ്യാതെ വെട്ടിവിഴുങ്ങുകയും കോരി മോന്തുകയും ചെയ്യുക എന്നതാണ് ഇയാളുടെയും നിത്യചര്യ. ഷണ്ഡത്വമുള്ളതുകൊണ്ട് ആന്തരികമായി ലൈംഗിക മനോവിഭ്രാന്തികളിലും ബാഹ്യമായി സാമൂഹിക ലീലകളിലും വ്യാപരിച്ചുകൊണ്ടാണ് കുട്ടിയപ്പൻ നേരം കൊല്ലുന്നത്.

തമ്പുരാൻ സിനിമകളിലെ പ്രതിലോമ നായകനെപ്പോലെ തന്നെ കുട്ടിയപ്പനും അറിവിന്റെ ഭണ്ഡാരമാണ്. ഇരകളെ വിഭാഗീയമായി പുറത്താക്കി അകത്താക്കുന്ന അതിമാനുഷനായി സ്വയം അവരോധിക്കുന്ന ഹിന്ദുത്വ സെക്കുലറിസ്റ്റ് മനോഭാവക്കാരനായ ഫാസിസ്റ്റ് ഏജന്റാണിയാളെന്നത് സൂക്ഷ്മമായി വായിച്ചാൽ ബോധ്യമാവും. ഹിന്ദുത്വ സെക്കുലറിസ്റ്റുകളുടെ ഉപരിപ്ലവ/ബാലൻസിംഗ് മതവിമർശനലീലയായ ഡിങ്കോയിസത്തെ കുട്ടിയപ്പൻ പാട്ടിലൂടെ ഉപാസിക്കുന്നു. അഴിമതി ഇയാൾക്ക് മതപരിവർത്തനത്തിന് തുല്യമാണ്. അതായത്, ഇയാളുടെയും ഇയാളിലൂടെ പ്രകടനപ്പെടുന്ന സംവിധായക-കഥാ-തിരക്കഥാ കർതൃത്വങ്ങളുടെയും നിലപാട് അഴിമതിയിലൂടെ സ്വിസ് ബാങ്കിലും മറ്റും രഹസ്യ അക്കൗണ്ടുകളിൽ പണം കുന്നുകൂട്ടിയവരും ബുദ്ധമതത്തിലേക്ക് മതം മാറിയ അംബേദ്ക്കറും ഒരുപോലെ വിമർശിക്കപ്പെടേണ്ടതാണെന്നു ചുരുക്കം. പള്ളി പൊളിച്ചവരും പർദയിടുന്നവരും ഒരു പോലെയാണെന്നും പാർടി ആപ്പീസും കള്ളുഷാപ്പും ഒരു പോലെയാണെന്നും ഈ ഡിങ്കോയിസ്റ്റ് തുടർന്നു വ്യാഖ്യാനിക്കുന്നു. ഫാസിസത്തെ ലഘൂകരിച്ച് ജനപ്രിയമാക്കുകയോ അതിനായില്ലെങ്കിൽ അത് മറ്റെല്ലാത്തിനും തുല്യമാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന വാചാടോപലീലയാണിതെന്നാലോചിച്ചാൽ ബോധ്യമാവും.

സ്ത്രീയെ കർതൃത്വം ഒട്ടുമില്ലാത്ത വെറും ശരീരമായി ആഘോഷിക്കാനും ഇരവത്ക്കരിക്കാനും മഹത്വവത്ക്കരിക്കാനുമുള്ള സാമ്പ്രദായിക ആഖ്യാനപദ്ധതിയെ തന്നെയാണ് ലീലയും പിന്തുടരുന്നത്. സ്വന്തം പിതാവിനാൽ ബലാത്സംഗം ചെയ്യപ്പെടുകയും ഗർഭിണിയാക്കപ്പെടുകയും ഗർഭഛിദ്രത്തിന് വിധേയയാക്കപ്പെടുകയും ചെയ്തവളാണ് നായിക. ഇവൾക്ക് നിഷ്ഠൂരമായ ഈ ദുരനുഭവങ്ങൾ വെളിപ്പെടുത്തി; തന്റെയും മുഴുവൻ സ്ത്രീ ജീവിതങ്ങളുടെയും മോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പരിണാമപ്പെടുന്ന ഒരു സാമൂഹിക കർതൃത്വമായി വികസിക്കാൻ ആഖ്യാതാവ് അനുവദിക്കുന്നില്ല. നീലക്കുയിലിലെ നീലിയെപ്പോലെ; പിഴച്ച പെണ്ണ് ശുഭാന്ത്യത്തിനു മുമ്പ് മരിച്ചൊടുങ്ങണമെന്ന ചതുരയുക്തി തന്നെയാണ് ലീലയിലും പ്രാവർത്തികമാകുന്നത്. പോസ്റ്റ്മാനായ ശങ്കരൻ നായരാണ് രക്ഷകനും പരിഷ്‌ക്കർത്താവുമായി നീലക്കുയിലിൽ വിലസുന്നതെങ്കിൽ; അരാജകവാദിയെന്ന് തോന്നിപ്പിക്കുന്ന അതീത മാനുഷസംഗമ രാഷ്ട്രീയം വലിയ വായിൽ വിളമ്പുന്ന ഷണ്ഡനായ കുട്ടിയപ്പനാണ് ഇവിടെ നിറഞ്ഞാടുന്നതെന്നേ ഉള്ളൂ.

കുട്ടിയപ്പൻ, ലീലയെ അല്ലെങ്കിൽ അയാൾക്ക് ഇരയായി ലഭിക്കുമെന്ന് ഭാവന ചെയ്യുന്ന കുരുന്നു പെൺകുട്ടിയെ നഗ്നയാക്കി തുമ്പിക്കൈയോട് ചേർത്തു നിർത്തി കൊമ്പുകൾക്കുള്ളിൽ ഭദ്രമാക്കി ഭോഗിക്കാനായി ജീവനുള്ള ചുമരായി സങ്കൽപിക്കുന്ന ആന എന്തിന്റെ പ്രതീകമായിരിക്കും? വന്യതയുടെ? leela-e-4ചലനത്തിന്റെയും നിശ്ചലതയുടെയും? വിസ്മയാവഹമായ വലുപ്പത്തിന്റെ? ആൺഷണ്ഡത്വത്തെ മറുപുറത്തു നിന്ന് കുത്തിയും ചുഴറ്റിയെറിഞ്ഞുമില്ലാതാക്കുന്ന ഉത്തേജകൗഷധത്തിന്റെ? ലൈംഗികത്വരയെ പ്രചോദിപ്പിക്കുന്ന വാജീകരണത്തിന്റെ? പ്രകൃതിയിലേക്ക് തിരിച്ചെത്താൻ നരനും നാരിക്കുമുള്ള ഏക അവസരമായ മൈഥുനത്തെ സാധ്യമാക്കുന്ന ജീവപ്രപഞ്ചത്തിന്റെ? ലൈംഗികതയെ ആഘോഷവും ഉന്മാദവുമാക്കുന്ന മദപ്പാടിന്റെ? കോട്ടയം പോലെ ജനസാന്ദ്രമായ നഗരബഹളങ്ങളിൽ നിന്നൊഴിഞ്ഞ് വയനാട്ടിലെത്തിപ്പിടിക്കുന്ന വിജനതയുടെ? കുട്ടിയപ്പൻ തന്നെ കൈയാളുന്ന ആണധികാരത്തിന്റെ? അതോ, അസംതൃപ്ത ലൈംഗികതയെ ആൾക്കൂട്ടാഹ്ലാദമായി അവതരിപ്പിക്കുന്ന സദാചാരപൊലീസ് എന്ന ബീഭത്സാശ്ലീലത്തെ സാധ്യവും അസാധ്യവുമാക്കുന്ന നൈസർഗികത എന്ന പ്രതിഭാസമാണോ ഈ ആന?

പിതാവിനാൽ ബലാത്സംഗം ചെയ്യപ്പെട്ട ലീല എന്ന, വ്യക്തിത്വവും ജീവിക്കാനുള്ള പ്രേരണയും സാമ്പ്രദായികമായ പൊതുബോധത്തിന്റെ വീക്ഷണത്തിൽ മാനവും നഷ്ടപ്പെട്ട ശരീരത്തിന്റെ ശേഷിച്ച പ്രാണനെ ഈ ആനയെ ഉപയോഗപ്പെടുത്തിയാണ് കഥാകൃത്ത് കൊന്നുകളയുന്നത്. ആ കൊലയെ ഭാഷാലീലകളിലൂടെ ആദർശവത്ക്കരിക്കുന്നതിപ്രകാരം: ഒരു നിമിഷത്തിന്റെ അർദ്ധമാത്രയിൽ തന്റെ ഇണയെ ചേർത്തുപിടിക്കും പോലെ നീണ്ടു വന്നൊരു കൈ ലീലയെ ചുറ്റി നിന്നു. അത് ആകാശത്തേക്ക് അവളെ ഉയർത്തിയിട്ട് കൊമ്പിന്റെ മൂർച്ചയിൽ രാകിയെടുത്തു. പിന്നെ കാലുകൾക്കിടയിലേക്കു കിടത്തിയിട്ട് ഇരുട്ടിന്റെ മഹാകാരം പൂണ്ട ആ വലിയ ജീവി ഉപരിസുരതത്തിനെന്ന പോലെ ലീലയിലേക്ക് തന്റെ ഭാരത്തെ ഇറക്കിവെച്ചു. ഭോഗാസക്തി മുതൽ കൊല വരെ, സ്ത്രീ ശരീരത്തിന്മേലുള്ള ആക്രമകമായ ആഹ്ലാദ പ്രകടനങ്ങളായിട്ടാണ് ഭാവന ചെയ്യപ്പെടുന്നതും നിർവഹിക്കപ്പെടുന്നതും. അപ്പോൾ ആ ആന, വയനാട്ടിലെ ദേവസ്സി തീറ്റിപ്പോറ്റുന്ന ഏതോ ഒരാനയല്ല. അത് കുട്ടിയപ്പനും, അയാളെ അനുഗമിക്കുന്ന പിളളയും കൂട്ടിക്കൊടുപ്പുകാരനായ ദാസപ്പാപ്പിയും മകളെ ശാരീരികമായി കീഴ്‌പ്പെടുത്തി ഭോഗിക്കുന്ന തങ്കപ്പൻനായരും എല്ലാമായി പടർന്നാടുന്ന ആണധികാരത്തിന്റെ മഹാഖ്യാനം തന്നെയാണ്. ആ മഹാഖ്യാനത്തിലേക്ക് വിലയിക്കുന്ന കഥാ-തിരക്കഥാ കൃത്തും സംവിധായകനും തങ്ങളുടെ കർതൃത്വത്തിലൂടെ ആണധികാര പ്രഘോഷിതർ തന്നെയായി ആത്യന്തികമായി പരിണമിക്കുന്നു.leela-s-5

അടിച്ചമർത്തപ്പെട്ടതും ആവിഷ്‌ക്കരിക്കപ്പെടാനാകാത്തതുമായ കാമമാണ്, കുട്ടിയപ്പനെ കാമഭ്രാന്തനാക്കി മാറ്റുന്നത്. സ്ത്രീയുടെ ജനനേന്ദ്രിയം കുത്തിക്കീറിയും മാറിടം കടിച്ചും വലിച്ചും പറിച്ചെറിഞ്ഞും പീഡിപ്പിച്ചുകൊല്ലുന്ന അക്രമികളുടെ അതേ മനോഭാവം തന്നെയാണയാൾക്കുമുള്ളത്. മനസ്സിന്റെയോ ശരീരത്തിന്റെയോ ചില പാകങ്ങളിലും അപാകങ്ങളിലും പെട്ട് അത് വേറെ പല വഴിക്കുമായി പ്രകടനപ്പെടുന്നു എന്നേ ഉള്ളൂ. താൻ നിന്റെ അഛനാണെന്നു കരുതാനും മലർന്നടിച്ച് ശവം പോലെ കരുതി കിടക്കുന്ന തനിക്ക് വേണ്ടി കരഞ്ഞു പൊളിക്കാനും സി കെ ബിന്ദു എന്ന ലൈംഗികത്തൊഴിലാളി (പ്രിയങ്ക)യോട് പറയുന്നതും, ഉഷയെ നഗ്നയാക്കി ദേഹമാസകലം എണ്ണ തേപ്പിച്ച് ടേപ്പ് റെക്കോഡറിൽ പാട്ടുമിട്ട് നൃത്തമാടിക്കുന്നതും എല്ലാം ഈ ‘ലൈംഗികതാ വിരുദ്ധ’ കാമഭ്രാന്തിന്റെ ലക്ഷണങ്ങൾ തന്നെ. അതിന്റെ ഏറ്റവും മലീമസമായ ഉയരമാണ്, കൊമ്പനാനയുടെ മസ്തകത്തിൽ കിടത്തി നഗ്നയായ പെൺകുട്ടിയെ ഭോഗിക്കുന്ന ഭാവനയും. ഇത്തരം കാമഭ്രാന്തിനെയാണ് കഥാ-തിരക്കഥാ കൃത്തും സംവിധായകനും ചേർന്ന് മഹത്വവത്ക്കരിക്കുന്നത്. ഷണ്ഡന്മാരോ അമിതോത്സാഹികളോ ആയ കാമഭ്രാന്തന്മാരുടെ (എല്ലാ പുരുഷന്മാരും കാമഭ്രാന്തന്മാരല്ല: പക്ഷെ എല്ലാ കാമഭ്രാന്തന്മാരും പുരുഷന്മാരാണ്) വികൃതമായ ഭാവനാക്രമണങ്ങളിൽ കീഴ്‌പ്പെടുത്തപ്പെടുന്ന ശരീരമായി സ്ത്രീത്വത്തെ നിർവ്യക്തിവത്ക്കരിക്കുകയാണ് പുരുഷാധികാരത്തിന്റെ മദം പൊട്ടിയ ആഖ്യാതാക്കൾ ചെയ്യുന്നത്. എന്നിട്ട്, ഇത് സ്ത്രീക്കനുകൂലമായ കഥയും സിനിമയുമാണെന്ന് ഉദരംഭരികളായ ഏതൊക്കെയോ പ്രേതമെഴുത്തുകാരെക്കൊണ്ട് പത്രാനുകാലികങ്ങളിൽ എഴുതിനിറക്കുകയും ചാനൽത്തിരകളിൽ ന്യായം വെക്കുകയും ചെയ്യുന്നു.

ഇറ്റാലിയൻ മാസ്റ്ററായ പസോളിനിയുടെ സാലോ അഥവാ സോദോമിന്റെ നൂറ്റിയിരുപത് ദിവസങ്ങൾ pasolini-g6എന്ന പ്രസിദ്ധമായ സിനിമയിൽ, നാടുവാഴിയും പുരോഹിതനും ന്യായാധിപനും പ്രസിഡണ്ടും ആയി സാമൂഹികാധികാരം കൈവശമുള്ള നാലു ഫാസിസ്റ്റുകൾ പരസ്പരം പെൺമക്കളെ വിവാഹം കഴിച്ചതിനു ശേഷം കൂട്ട അറസ്റ്റുകൾ നടത്തി പിടിച്ചെടുത്ത യുവാക്കളിൽ നിന്ന് പതിനാറു ലക്ഷണമൊത്ത കുമാരീകുമാരന്മാരെ തെരഞ്ഞെടുത്ത് തങ്ങളുടെ ആവശ്യങ്ങൾക്കായി റിക്രൂട്ട് ചെയ്യുന്നു. salo-2-d1വൈകൃതങ്ങളുടെ ചക്രം, വിസർജ്യത്തിന്റെ ചക്രം, രക്തത്തിന്റെ ചക്രം എന്നിങ്ങനെ മൂന്നു ശീർഷകങ്ങളിലായിട്ടാണ് പീഡനപരമ്പരകൾ ആഖ്യാനത്തിൽ വിന്യസിക്കപ്പെട്ടിരിക്കുന്നത്. കുട്ടിയപ്പനെ പോലെ തത്വശാസ്ത്ര ഗീർവാണങ്ങൾ ഈ നാലു ഫാസിസ്റ്റുകളും ഇടക്കിടെ ഉച്ചരിക്കുന്നുണ്ട്. കാലം തെറ്റിയല്ല ലീലയെ രഞ്ജിത് തന്റെ പ്രിയ സിനിമയാക്കി ഘോഷിക്കുന്നതെന്നു ചുരുക്കം

Comments

comments