അങ്ങനെ തുടർച്ചയായ എട്ടുവർഷത്തെ കൺസർവേറ്റീവ് ഭരണത്തിനു അറുതി വരുത്തിക്കൊണ്ട് ലണ്ടൻ മേയറായി ലേബർ പാർട്ടിയുടെ സാദിഖ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടു. പതിമൂന്ന് ശതമാനം വോട്ട് തൊട്ടടുത്ത എതിരാളിയായ സാക്ക് ഗോൾഡ്സ്മിത്തിനേക്കാൾ അധികം നേടിയ സാദിഖ് ഇതിനു മുൻപ് മേയർമായിരുന്ന കെൻ ലിവിങ്സ്റ്റൺ, ബോറീസ് ജോൺസൺ എന്നിവർ നേടിയതിനെക്കാൾ കൂടുതൽ വോട്ട് നേടിയാണു അധികാരത്തിൽ എത്തിയത്.

ലണ്ടന്റെ ചരിത്രത്തിൽ ആദ്യമായാണു ഒരു ഏഷ്യക്കാരനോ മുസ്ലീമോ മേയറായി ചുമതലയേൽക്കുന്നത്.പാക്കിസ്താനിൽ നിന്നും എഴുപതിൽ ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഒരു ഡ്രൈവറുടെ എട്ടുമക്കളിൽ ഒരുവനായ സാദിഖ് ഖാന്റേത് ചരിത്രം കുറിക്കുന്ന നേട്ടമാണു.

ലണ്ടനിലെ ലക്ഷക്കണക്കിനു വരുന്ന കുടിയേറ്റക്കാരുടെ സ്വപ്നസാക്ഷാത്കാര നിമിഷമാണിത്. പാരീസ് ആക്രമണത്തിനു ശേഷം പ്രത്യേകിച്ചും യൂറോപ്പിൽ ഉരുണ്ടുകൂടിയ സെനോഫോബിയയ്ക്കുംzacgoldsmith ഇസ്ലാം വിരോധത്തിനും ലണ്ടനിലെ ജനങ്ങൾ നൽകിയ മറുപടി. സാക്ക് ഗോൾഡ്സ്മിത്ത് സാദിഖ് ഖാനു നേരെ ഉയർത്തിയ ആക്രമണം എല്ലായ്പ്പോഴും വർഗ്ഗീയത വമിപ്പിക്കുന്നതും ഇസ്ലാം വിരുദ്ധതിയിലൂന്നിയതുമായിരുന്നു.

ലണ്ടനിന്റെ പ്രാന്തപ്രദേശത്ത് ഒരു കൗൺസിൽ എസ്റ്റേറ്റിലെ മൂന്നുമുറി വീട്ടിൽ ജനിച്ചുവളർന്ന സാദിഖ് ഖാനു ജീവിതം പ്രതികൂലഘകങ്ങളോടുള്ള അതിജീവനത്തിന്റെ, പോരാട്ടവിജയങ്ങളുടേതാണു. സർക്കാർ പള്ളിക്കൂടത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഖാൻ പതിനഞ്ചാം വയസ്സിൽ ലേബർ പാർട്ടിയിൽ അംഗമായി. ഒരു ദന്തഡോക്ടറാകാൻ തയ്യാറായിക്കൊണ്ടിരുന്ന സാദിഖിനെ വക്കീലാകാൻ ഉപദേശിച്ച അധ്യാപകൻ സാദിഖിൽ കണ്ടത് മികച്ചൊരു ഡിബേറ്ററെയാണു.

നോർത്ത് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ ഡിഗ്രി എടുത്തതിനു ശേഷം ക്രിസ്ത്യൻ ഫിഷർ എന്ന നിയമസ്ഥാപനത്തിൽ മനുഷ്യാവകാശത്തിൽ സ്പെഷ്യലൈസ് ചെയ്ത അഭിഭാഷകനായി. അതേ കാലത്ത് തന്നെ ടൂടിങ്ങ് (Tooting) നഗരസഭയിൽ ലേബർ പാർട്ടി കൗൺസിലറുമായി. മനുഷ്യാവകാശ അഭിഭാഷകൻ എന്ന നിലയിൽ വളരെ പെട്ടെന്ന് തന്നെ പ്രമാദമായ പല കേസുകളും നടത്തി – അമേരിക്കൻ പൊളിറ്റിക്കൽ ആക്ടിവിസ്റ്റായ ലൂയിസ് ഫറാഖാന്റെ കേസ് ഉൾപ്പടെ.

രണ്ടായിരത്തിനാലിൽ നിയമകമ്പനിയിലെ പാർട്ട്നർ പദവി രാജിവെച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. രണ്ടായിരത്തിയഞ്ചിൽ ടൂടിംഗ് നിയോജകമണ്ഡലത്തിൽ നിന്നും ലേബർ പാർട്ടി സ്ഥാനാർത്ഥിയായി മൽസരിച്ചു ജയിച്ചു. രണ്ടായിരത്തിപത്തിൽ ഗാർഡിയൻ പത്രവുമായി നടത്തിയ അഭിമുഖത്തിൽ സാദിഖ് ഖാൻ പറഞ്ഞു “ഞാൻ ഒരു ബ്രിട്ടീഷ്. ഞാനൊരു മുസ്ലീം. ഞാനൊരു ലണ്ടനർ.”

ടോണി ബ്ലെയറിനു ശേഷം പ്രധാനമന്ത്രിയായ ഗോർഡൻ ബ്രൗൺ ആണു ആദ്യമായി മന്ത്രിയാക്കിയത്. വിപ്പായും കമ്മ്യൂണിറ്റി മന്ത്രിയായും തുടർന്ന് ട്രാൻസ്പോർട്ട് മന്ത്രിയായും – ബ്രിട്ടീഷ് കാബിനറ്റിലെ ആദ്യത്തെ മുസ്ലീം മന്ത്രി.

കഴിഞ്ഞ വർഷം സാദിഖ് ഖാൻ ലണ്ടൻ മേയർ സ്ഥാനാർത്ഥിയാകും എന്ന് വെളിപ്പെടുത്തിയപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടു. പ്രത്യേകിച്ചും ലേബർ പാർട്ടി പ്രവർത്തകർ. ലണ്ടനിലേക്ക് ഒളിമ്പിക്സ് കൊണ്ടുവരാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്ത ടെസ്സാ ജോവെൽtessajowel ആയിരിക്കും ലേബർ പാർട്ടിയുടെ മേയർ സ്ഥാനാർത്ഥി എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. പ്രതികൂല സാഹചര്യങ്ങളെ സമർത്ഥമായി ഉപയോഗിച്ച് വിജയമാക്കാൻ അസാമാന്യകഴിവുള്ള സാദിഖ് ഖാനു അവിടെയും പിഴച്ചില്ല. സ്ഥാനാർത്ഥിയായി. ഇതാ ഇപ്പോൾ ചരിത്രത്തിൽ ഏറ്റവുമധികം വോട്ടു നേടി ലണ്ടനെന്ന പുരാതനനഗരത്തിന്റെ മേയറുമായി. ആദ്യ ഏഷ്യക്കാരൻ മേയർ, ആദ്യ മുസ്ലീം മേയർ. ഭയത്തിനു മേലെയുള്ള വിശ്വാസത്തിന്റെ ജയം. തൊലിനിറമോ കുടുംബമഹിമയോ വർഗ്ഗമോ അല്ല അതിലുപരി സാധാരണമനുഷ്യന്റെ വിജയം എല്ലാവരുടെയും വിജയം. ലണ്ടൻ നഗരം ഒരു പ്രത്യേക വർഗ്ഗത്തിന്റേതല്ല, മറിച്ച് എല്ലാവരുടേതുമാണെന്നതിനു ഏവരും ചേർന്ന് നൽകിയ വിജയമുദ്ര.

അടുത്ത നാലുവർഷം സാദിഖ് ഖാനു മേയർ എന്ന നിലയിൽ പലതും ചെയ്യാനുണ്ട്, ചെയ്തു വിജയിക്കാനുണ്ട്. അതിൽ മുഖ്യമായത് പാർപ്പിടപ്രശ്നമാണു. ചിലവുകുറച്ച് അതിനായി വീടുകൾ നിർമ്മിക്കും എന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. അടുത്ത നാലുവർഷത്തേക്ക് ലണ്ടനിലെ യാത്രാനിരക്കിൽ വർദ്ധന ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചു. കൂടുതൽ തൊഴിലവസരങ്ങൾ, കൂടുതൽ സൈക്കിൾ സഞ്ചാര വീഥികൾ പോലുള്ള കൂടുതൽ പരിസ്ഥിതി സൗഹാർദ്ദ നടപടികൾ എന്നിവയ്ക്കൊപ്പം വളരെ ശ്രദ്ധേയമായ ഒരു വാഗ്ദാനം വനവൽക്കരണമാണു. ജനങ്ങൾ സാദിഖ് ഖാന്റെ ഓരോ ഭരണ പരിഷ്കാരങ്ങളും വിലയിരുത്തും.

കൺസർവേറ്റീവ് സ്ഥാനാർത്ഥിയായ സാക്ക് ഗോൾഡ്സ്മിത്തിന്റെ കാമ്പയിൻ മുൻപ് പറഞ്ഞതുപോലെ വർഗ്ഗീയവിഷം തുപ്പുന്ന ഒന്നായിരുന്നു. ഇമ്രാൻ ഖാന്റെ മുൻഭാര്യയും സാക്ക് ഗോൾഡ്സ്മിത്തിന്റെ സഹോദരിയുമായ ജെമീമാ ഗോൾഡ്സ്മിത്ത് മുതൽ ടോറി പാർട്ടിയിലെ മുതിർന്ന നേതാക്കൾ വരെ സാക്ക് ഗോൾഡ്സ്മിത്തിന്റെ പ്രചരണത്തെ തള്ളിപ്പറഞ്ഞുകൊണ്ട് മുന്നോട്ടു വന്നുകഴിഞ്ഞു.

പത്രപ്രവർത്തകയും ടെലിവിഷനിലൂടെ പ്രശസ്തയുമായ കാറ്റി ഹോപ്കിൻസ് തെരഞ്ഞെടുപ്പിനു തലേദിവസം പരസ്യമായി പ്രഖ്യാപിച്ചത് സാദിഖ് ഖാൻ മേയർ ആയി തെരഞ്ഞെടുക്കപ്പെടുമെങ്കിൽ അവർ റീജന്റ് സ്ട്രീറ്റിലൂടെ ആസനത്തിൽ സോസേജ് തിരുകി നഗ്നയായി ഓടും എന്നായിരുന്നു.

ഇതെല്ലാമായിട്ടും സൗത്ത് വാർക്ക് കത്തീഡ്രലിൽ നിന്നും ഇന്നലെ സത്യപ്രതിജ്ഞാവാചകം മുഴങ്ങി: “എന്റെ പേരു സാദിഖ് ഖാൻ. ഞാനാണു ലണ്ടൻ മേയർ.”

ഹോപ്കിൻസിന്റെ നഗ്നയോട്ടം കാണാൻ കൂടുതൽ ജനം തടിച്ചുകൂടുമെന്നത് തീർച്ച. അവർ ഓടിക്കാണുവാൻ ലണ്ടൻ നിവാസികൾ കാത്തിരിക്കുന്നു. അവർ വാക്കുപാലിക്കട്ടെ!

സാദിഖ്‌ ഖാന്റെവിജയം സ്കോട്ട്ലണ്ടിലെ ലോക്കല്‍തിരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തേക്ക് കൂപ്പുകുത്തിയെങ്കിലും പ്രതീക്ഷകൾക്കും പ്രവചനങ്ങൾക്കും വിരുദ്ധമായിjeremy-c-1 വെയില്‍സിലും ഇംഗ്ലണ്ടിലും മികച്ച വിജയം കൈവരിച്ച ലേബര്‍പാര്‍ട്ടിക്കും അത് വഴി കൂടുതൽ ശക്തനായ ജെറമി കോർബിനും കിട്ടിയ അംഗീകാരം കൂടിയാണിത്. ലേബര്‍പാര്‍ട്ടിയിലെ  ബ്ലെയർ – വലതുപക്ഷ അനുഭാവികൾ  ലേബര്‍പാര്‍ട്ടി നേതാവ് കോർബിനെതിരെ പടനയിക്കാൻ മുന്നോട്ടിറങ്ങിയ അവസരത്തിലെ ഈ വിജയം കോർബിനും ആത്മവിശ്വാസമുണ്ടാക്കുന്നതാണു. തല്‍ക്കാലം അദ്ദേഹത്തിനു സ്വന്തം അജണ്ടകളുമായി മുന്നോട്ടുപോകാം.

ഇന്നലെ നടന്ന സത്യാപ്രതിജ്ഞാ ചടങ്ങില്‍ ജെറമി കോർബിൻ പങ്കെടുത്തില്ല എന്നത് വലിയ വാർത്തയാക്കി യാഥാസ്ഥിതികപത്രമായ

അപ്പാർത്തീഡിനെതിരെ പ്രതിഷേധിച്ച ജെറമി കോർബിനെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
അപ്പാർത്തീഡിനെതിരെ പ്രതിഷേധിച്ച ജെറമി കോർബിനെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

ഡെയിലിടെലഗ്രാഫ് മുന്നോട്ടുവന്നത്  ബ്രിട്ടീഷ്‌ യാഥാസ്ഥിതികതയുടെ തനിനിറംവെളിവാക്കുന്നു. ജെറമി കോർബിനെതിരെ വര്‍ഗീയമായ ഒരാക്രമണം കൂടിയാണത്. ജൂതവിരുദ്ധതയുടെ വക്താവാണു ജെറമി എന്ന പ്രചരണത്തിനൊപ്പം അദ്ദേഹത്തിനെതിരെ മുസ്ലിംജനവിഭാഗത്തെ അണിനിരത്തി ആക്രമിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം അതിനെ കാണേണ്ടത്. ഇവ രണ്ടും ഫലം കാണില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പുഫലം ചൂണ്ടികാണിക്കുന്നതും.

എന്നാൽ ഈ നിമിഷത്തിന്റെ ആഘോഷം ലണ്ടന്റെ ഉൾക്കൊള്ളൽ രാഷ്ട്രീയത്തിന്റേതാണു. അതിരുകളും വേലിക്കെട്ടുകളും സെനോഫോബിയയുമല്ല ലണ്ടന്റേത് എന്ന  പ്രഖ്യാപനത്തിന്റെ ഭാഗമാണു സാദിഖ് ഖാന്റെ വിജയം. തീവ്രപ്രാദേശികതയും വലതുവൽക്കരണത്തിന്റെയും  പാത പൊതുവിൽ അന്വേഷിച്ച് തുടങ്ങിയെന്ന സൂചനകൾ നൽകിയ യൂറോപ്പിനു ഒരു തിരുത്ത് കുറിച്ചിരിക്കുകയാണു മഹാനഗരം.

Comments

comments