വരുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ആരെ ജയിപ്പിക്കണം എന്ന് കേരളം നിശ്ചയിക്കുന്നത് നഷ്ടപ്പെട്ട പ്രത്യാശകളെ വീണ്ടെടുക്കേണ്ടതുണ്ട് എന്ന മിനിമം ബോധ്യത്തില്‍ നിന്നായിരിക്കണമെന്നു നവമലയാളി കരുതുന്നു. ഊടും പാവും കീറി ഛിന്നഭിന്നമായ കേരളസമൂഹത്തെ തുന്നിക്കൂട്ടി എടുക്കേണ്ടതുണ്ട്‌. വോട്ടർമാർ ഇങ്ങിനെ ചിന്തിക്കുന്നുവെങ്കിൽ വോട്ടു ചെയ്യേണ്ടത് എൽ ഡി എഫിനാണു. നവമലയാളിക്ക് നിർദ്ദേശിക്കാനുള്ളതും ആ പേരാണ്. മുൻപ് കേരളം ഭരിച്ചതൊക്കെ വിശുദ്ധിയുടെ നിറകുടങ്ങൾ ആണെന്നല്ല. നാല് പതിറ്റാണ്ടത്തെ ആ തുടർച്ചയില്‍ ഏറ്റവും ആഭാസങ്ങൾ കാണിച്ചത്, മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ സംഘം ആണ് നിയന്ത്രിക്കുന്നത്‌ എന്ന് കോടതിവരെ പരാമർശിക്കും വിധം അധഃപതിച്ചത് കഴിഞ്ഞ അഞ്ചുവർഷ കാലയളിവിലാണ്. അതിന്റെ ഒരു തുടർച്ച എന്നതിനർത്ഥം പുറത്തു കാത്തു നില്ക്കുന്ന സംഘപരിവാരത്തിന് അടഞ്ഞ വാതിലുകൾ തുറന്നു കൊടുക്കുക എന്നതാണ്. ഇടതു പക്ഷം കേരളത്തില്‍ ഇല്ലാതായി, ബി ജെ പി യാണ് തങ്ങളുടെ എതിരാളികള്‍ എന്ന് മുഖ്യമന്ത്രി പറയുമ്പോൾ ഫലത്തിൽ പറയുന്നത് മറ്റൊന്നുമല്ല.

തെരഞ്ഞെടുപ്പ് എന്നത് പലവട്ടം ഗതി മാറിയ ഒരു  നാടകമായിരിക്കുന്നു. പക്ഷെ അതിനേക്കാള്‍, അളവില്ലാത്തവിധം ആഭാസങ്ങൾ കാട്ടിയ ഒരു സർക്കാരിനു തുടർഭരണത്തിനു അവസരം നൽകുക എന്നത് തെരഞ്ഞെടുപ്പ് എന്ന ബൗദ്ധിക കർമ്മത്തെ യാന്ത്രികമാക്കും. കാരണം കേരളം അതിന്റെ ആത്മാഭിമാനവും ധാർമ്മികതയും വീണ്ടെടുക്കേണ്ട സാഹചര്യമാണിത്. അത്രമേൽ കുത്തഴിഞ്ഞതായിരിക്കുന്നു ഇന്ന് നമ്മുടെ ചിന്താപദ്ധതികൾ തന്നെ.

യു ഡി എഫ് ഭരണത്തില്‍ പ്രധാനമായും  ഈ മേഖലകളില്‍ ഉണ്ടായ അടിമുടി തകർച്ചയാണ് ഏറ്റവും പ്രകടം. ആരോഗ്യം, വിദ്യാഭ്യാസം, ന്യായവിപണി, തൊഴില്‍, സാമൂഹ്യ ക്ഷേമം, ക്രമസമാധാനം, പരിസ്ഥിതി… ദൈനംദിന ജീവിതത്തെ അപ്പാടെ തകർത്ത അഴിമതി ഇക്കൂട്ടത്തിൽ മാറി നിൽക്കുന്നു. ഒരു വിശദീകരണത്തിന്റെയും ആവശ്യമില്ലാതെ മലയാളിക്കറിയാം…സ്കൂൾ പുസ്തകങ്ങൾ പോലും നല്കാത്ത സർക്കാരിനെ കുറിച്ച്, സ്വാശ്രയ സ്വകാര്യ സ്ഥാപനങ്ങള്‍ പെരുകിയത്, പനി വന്നാൽ പോലും ആയിരങ്ങൾ ചിലവിടേണ്ടി വരുന്നത്, നഴ്സുമാരും മറ്റു പാരാമെഡിക്കൽ സ്റ്റാഫും അനുഭവിക്കുന്ന ചൂഷണം, പരമ്പരാഗത – ആധുനിക തൊഴില്‍ മേഖലയുടെ തകർച്ച, വിലക്കയറ്റം , തകർന്നടിഞ്ഞ ക്ഷേമപദ്ധതികൾ, സ്വകാര്യ വ്യക്തികൾക്ക് തീറെഴുതി കൊടുത്ത വയലും കാടും തണ്ണീരും, കുടിയിറക്കാനായി ആദിവാസികളുടെ ആവാസ വ്യവസ്ഥയും ജീവിതവും തകർക്കുക എന്ന ഭൂലോബിയുടെ അജണ്ടയ്ക്ക് കൂട്ട് നിന്നത്, സ്ത്രീപീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും പരമ്പര, തകർന്ന ക്രമസമാധാനനില, ദളിത് വിരുദ്ധ നയങ്ങൾ, നീതിക്കു വേണ്ടിയുള്ള ജനാധിപത്യ സമരങ്ങൾക്കു നേരെ പോലീസിനെ അഴിച്ചുവിടുന്ന പോലീസ് നയം, അടിമുടി അഴിമതി എന്നത് ഉന്നത ഉദ്യോഗസ്ഥരിലും നടപ്പുരീതിയാക്കിയത് …… പറയാനും പറയാതിരിക്കാനും കൊള്ളാത്ത ജനദ്രോഹത്തിന്റെ പട്ടിക നീളുകയാണ്. ഇതിനെതിരെ പ്രതിപക്ഷം എന്ന നിലയില്‍ ഇടതുപക്ഷം ഒന്നും ചെയ്തില്ല എന്ന അഭിപ്രായവും ഇവിടെ രേഖപ്പെടുത്താതെ വയ്യ.

ഇരുമുന്നണികളും കാലങ്ങളായി മുന്നോട്ടു വെക്കുന്ന പ്രകടന പത്രിക ഒരു വൃഥാവ്യായാമം ആയി മാറിയത് ഇന്നുമിന്നലെയുമല്ല. ഒരു തിരുത്തല്‍ ശ്രമവും നടന്നില്ല. നടപ്പാക്കാന്‍ പോകുന്ന പദ്ധതികളുടെ ഒരു രേഖയല്ലാതായി മാറിയ അത് ഒരു നയ സമീപനരേഖ മാത്രമാണിന്ന്. രാഷ്ട്രീയ പാർട്ടികളും ജനങ്ങളും തമ്മിലുള്ള ഒരു ഒളിച്ചുകളിയാണോ തെരഞ്ഞെടുപ്പ്? പച്ചക്കറി കൃഷിയും നികുതി പിരിവും മദ്യ നയവും മാത്രമാണോ തെരഞ്ഞെടുപ്പു വിഷയങ്ങള്‍ ? എങ്കില്‍ അക്കാര്യത്തിലെങ്കിലും നയ സമീപനമല്ലാതെ എന്ത് കർമ്മപദ്ധതിയുണ്ട് ? കോമാളിക്കളി നിർത്താന്‍ സമയമായി.

ഇടയ്ക്കിടെ എല്ലാവരും ഉരുവിടുന്ന വാക്കാണ്‌ വികസനം. വികസനത്തെ കുറിച്ച് ഒരു ബദല്‍ സങ്കല്പം ഉണ്ടായിരുന്നത് ഇടതുപക്ഷത്തിനാണ്. ഇന്നവരും അത് ഉപേക്ഷിച്ചു. ആതിരപ്പള്ളിക്കും വിമാനത്താവളങ്ങള്‍ക്കും വിഴിഞ്ഞം തുറമുഖത്തിനും അതിവേഗ പാതക്കും മേട്രോയ്ക്കും വേണ്ടി വാദിക്കുന്ന അവരുടെ നിലപാടുകളും യു ഡി എഫിന്റെ വികസന നിലപാടുകളും തമ്മില്‍ എന്ത് വ്യത്യാസം? നമ്മുടെ മലകളും നിത്യ ഹരിതവനങ്ങളും പാറക്കെട്ടുകളും ജലവിതാനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ അന്യാധീനപ്പെടുകയും അപ്രത്യക്ഷമാവുകയുമാണ്. ഈ അത്യാചാരങ്ങള്‍ തുടരുന്നത് തടഞ്ഞാലെ കേരളത്തെ വീണ്ടും കെട്ടിപ്പടുക്കാന്‍ കഴിയൂ, നിലനിർത്താൻ തന്നെ കഴിയൂ.

ഈ ഭരണം തുടരണം എന്നു പറയാനുള്ള ആർജ്ജവം ഇല്ലാതെ പോകുന്നത് ഈ സന്ദർഭത്തിലാണു. ഇതവസാനിപ്പിക്കണമെന്ന് പറയേണ്ടി വരുന്നതും.

നമ്മുടെ ജനാധിപത്യ പാർലമെന്ററി കീഴ്വഴക്കങ്ങളിൽ വന്ന മാറ്റമാണ് മന്ത്രി തലത്തിൽ അഴിമതി വ്യാപകമാക്കിയത്. ജനങ്ങള്‍ മാൻഡേറ്റ് നല്കുന്നത് അഞ്ചു കൊല്ലത്തെക്കാണു എന്നതുകൊണ്ട് എല്ലാ സർക്കാരിനും അഞ്ചു കൊല്ലം ഭരിക്കാനുള്ള അവകാശം നല്കണം എന്ന ധാരണ വന്നതോടെയാണ് ഇതുണ്ടായത്. ഒരു നിശ്ചിത മണ്ഡലത്തിലെ വോട്ടർമാര്‍ നല്കുന്ന, നിശ്ചിത കാര്യങ്ങളുടെ നടത്തിപ്പിന്റെ കാര്യദർശിത്വത്തിനുള്ള അനുമതിയാണ് മാൻഡേറ്റ്. അതിനു പുറത്തുള്ള കാര്യങ്ങൾ ചെയ്യണമെങ്കിൽ അതതു മേഖലയിലെങ്കിലും ഹിതപരിശോധന വേണം. ഇല്ലെങ്കില്‍ ആ സർക്കാർ നിലനില്ക്കില്ല എന്ന ബോധ്യം വോട്ടർമാര്‍ രാഷ്ട്രീയ പാർട്ടികളെ ഓർമ്മിപ്പിക്കേണ്ട അടിയന്തര സാഹചര്യം കൂടിയാണിത്. ആ പതിവ് വീണ്ടും തുടങ്ങിയെ പറ്റൂ. സമാന്തര പ്രക്ഷോഭങ്ങളുടെ ഒരു ശാഖ കേരളത്തില്‍ പടരുന്നുണ്ട്. അതു വെട്ടിക്കളയാതെ വിടർന്നുവരുന്ന യൗവ്വനത്തെ പടരാന്‍ അനുവദിക്കുക.

പാഠപുസ്തകം ഇല്ലാതെ അധ്യയനവർഷം പൂർത്തിയാക്കേണ്ടി വന്ന വിദ്യാർത്ഥികൾക്കു വേണ്ടി, തൊഴിലില്ലായ്മ കൊണ്ട് വഴിമുട്ടിയും വഴിതെറ്റിയും പുലരുന്ന യൗവനങ്ങൾക്കു വേണ്ടി, വിലക്കയറ്റം മൂലം നട്ടം തിരിയുന്ന വീട്ടമ്മമാർക്കു വേണ്ടി, കടക്കെണിയിൽ പെട്ട് ആത്മഹത്യ ചെയ്യേണ്ടി വരുന്ന കർഷകസമൂഹത്തിനു വേണ്ടി, കുടിശ്ശികയായ ക്ഷേമ പെൻഷനുകളെയോർത്ത് കണ്ണീർ പൊഴിക്കുന്ന നിസ്സഹായർക്കു വേണ്ടി, കുടിവെള്ളം കിട്ടാതെ ഉഴലുന്ന പാവങ്ങളെ വിഡ്ഢികളാക്കി തണ്ണീർത്തടങ്ങൾ ഇഷ്ടക്കാർക്ക് തീറെഴുതി കൊടുത്തവർക്കെതിരെ, ആദിവാസികൾക്കു വേണ്ടി, ‘മാന്യ’സമൂഹത്തില്‍ ചൂഷണം കൊണ്ട് വീർപ്പു മുട്ടുന്ന അസംഘടിതരായ നഴ്സുമാർക്കും പീടിക തൊഴിലാളികൾക്കും സെക്യൂരിറ്റി ജീവനക്കാർക്കും വേണ്ടി… അങ്ങിനെ മുഖ്യധാരാപാർട്ടികള്‍ അവഗണിച്ച കണ്ണീരുപ്പു കലർന്ന ജീവിതങ്ങൾക്കു വേണ്ടിയാണ് അവരുടെ സമരം. അത് അവഗണിക്കുന്നവർ കേരളത്തിന്റെ ഭാവി കാണുന്നില്ല.

ഫാസിസത്തിനെതിരെയുള്ള പോരാട്ടങ്ങൾക്കായി അഖിലേന്ത്യാടിസ്ഥാനത്തിൽ ഉയർന്നു വരുന്നത് ദളിത്-ന്യൂനപക്ഷ-ഇടതുപക്ഷ ഐക്യമാണു. ചില ചെറിയ അനക്കങ്ങളൊഴിച്ചാൽ കേരളത്തിലെ ഇടതുപക്ഷം അത് തിരിച്ചറിഞ്ഞ മട്ടില്ല. അതോടൊപ്പം തന്നെ ചെറുത്തുനില്പുകൾക്കും ബദലുകൾക്കുമായി  ജനകീയ സംഘടനകളുമായും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുമായും സഹകരിക്കാമെന്ന സിപിഎമ്മിന്റെ വിശാഖപട്ടണം കോൺഗ്രസ് തീരുമാനവും കേരള ഇടതുപക്ഷം വിശ്വാസത്തിലെടുക്കേണ്ടതാണു. കേരളത്തിൽ ഒരുപക്ഷം പുരോഗമനസമരങ്ങളും യുവതയും ഉയർത്തുന്ന മുദ്രാവാക്യങ്ങൾ ഇടതുപക്ഷം ഏറ്റെടുക്കണം എന്ന് ചുരുക്കം.

ജാതിമത സമ്മർദ്ദ ഗ്രൂപ്പുകൾ പരസ്യമായി രംഗത്തുവന്നു ഞാൻ മതമൌലികവാദിയാണ് എന്ന് തുറന്നു പറയുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കാണുന്ന പ്രവണത. ജാതിമത ഗ്രൂപ്പുകളുടെ പൊട്ടിത്തെറിക്കു ബി ജെ പി ക്ക് നന്ദി. ബി ജെ പി കേരളത്തില്‍ വലിയ ശക്തി ആയിരിക്കുന്നു എന്ന് പരസ്യമായി പ്രോത്സാഹിപ്പിച്ച ഉമ്മന്‍ ചാണ്ടി എന്താണീ കേരളത്തോട് ചെയ്തത് എന്ന് അറിയുന്നുണ്ടോ?

എല്ലാ മൂല്യങ്ങളും കാറ്റിൽ പറത്തി ഇത്ര പരസ്യമായി സമാധാന രാഹിത്യം സംഭാവന ചെയ്ത, ഇത്രമേല്‍ ലൈംഗികവും സാമ്പത്തികവുമായ അഴിമതികളിൽ മുങ്ങിക്കുളിക്കുകയും ജുഡീഷ്യറിയും അസംബ്ലിയുമടക്കം  പരിഹസിക്കപ്പെടുകയും ചെയ്ത ഒരു ഭരണകാലം ഇതിനു മുൻപുണ്ടായിട്ടില്ല.

കഴിഞ്ഞ മാസം അതിന്റെ കൊട്ടിക്കലാശമായിരുന്നു. ഇരുന്നൂറോളം അഴിമതി ഉത്തരവുകള്‍ ഇറങ്ങി. അതില്‍ അനധികൃതമായി ഭൂമി അനുവദിച്ച മന്ത്രി അടൂര്‍ പ്രകാശ്, ബാര്‍ കോഴ കേസിൽ പ്രതി സ്ഥാനത്തു വന്നു രാജി വെച്ച കെ എം മാണി, കെ ബാബു, വി എസ്സ് ശിവകുമാര്‍, എന്തിനു, മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പ്രധാനികളും വരെ അഴിമതിക്കേസുകളില്‍ കോടതി കയറിയിറങ്ങുകയാണ്. ജനാധിപത്യതെരഞ്ഞെടുപ്പ് എന്നത് മെച്ചപ്പെട്ടതിന്റെ തെരെഞ്ഞെടുപ്പാണെങ്കില്‍  ഇടതുപക്ഷത്തിന് വോട്ടു ചെയ്യേണ്ടതുണ്ട്. മാധ്യമങ്ങള്‍ നിഷ്പക്ഷതയെക്കാള്‍ പുലർത്തേണ്ടത് സത്യസന്ധതയാണ് എന്നതു കൊണ്ട് നവമലയാളി തുറന്ന നിലപാടെടുക്കുന്നു. അത് എല്‍ ഡി എഫിന്റെ എല്ലാ നിലപാടുകളെയും പിന്തുണക്കാൻ ഞങ്ങളെ ബാദ്ധ്യസ്ഥരാക്കുന്നുമില്ല.

Comments

comments