ഒരു കാലഘട്ടം കണ്ണടക്കുകയാണ് കേരള രാഷ്ട്രീയം വലിയൊരു മാറ്റത്തിന് ഒരുങ്ങുകയാണ്. കോണ്ഗ്രസ്സില്‍ ആന്റണി വയലാര്‍ ഉമ്മന്‍ ചാണ്ടി യുഗത്തിനു ശോകാന്ത്യമായി. സി പി ഐ എമ്മില്‍ നിന്ന് അവസാനത്തെ വയലാര്‍ സമര പോരാളിയും ഏറെക്കുറെ വിശ്രമത്തിലേക്ക് നീങ്ങി. ഈ മുഖങ്ങള്‍ ചില നിലപാടുകളുടെ പ്രതീകങ്ങള്‍ ആയിരുന്നു. ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതീകമായിരുന്നു. അതു കൊണ്ട് മുഖങ്ങളുടെ മാറ്റം അനുരണനങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ .
“നീ ആരുടെ മുന്നിലും തലകുനിക്കരുത്. ശത്രുക്കള്‍ക്ക് മുന്നില്‍ തോല്ക്കരുത് . കുഞ്ഞിനെയുമെടുത്ത് പാര്ട്ടി ആപ്പീസിനു മുന്നില്‍ പോയിരിക്കുക. അവരും കയ്യൊഴിഞ്ഞാല്‍ മരണത്തിനു മാത്രം കീഴടങ്ങുക”
….ഒരു പുന്നപ്ര വയലാര്‍ സമരഭടന്‍ ജെയിലില്‍ നിന്ന് ഭാര്യക്കയച്ച കത്താണിത്
അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാര്ട്ടിയെ ജനങ്ങള്‍ക്ക് പ്രിയങ്കരമാക്കിയത് തീവ്രസന്നദ്ധയ്തയുടെ ഇത്തരം വിളക്കുമാടങ്ങള്‍ ആയിരുന്നു. കയ്യൂരും കരിവെള്ളൂരും മുനയന്‍ കുന്നും മറ്റനേകം കര്‍ഷക സമരങ്ങളും നടന്ന മലബാറിന്റെ മണ്ണും ആകാശവും ചുവന്നതും ത്യാഗത്തിന്റെ അഗ്നിയില്‍ നിന്നാണ്.
പാര്ട്ടി പ്രസ്ഥാനമായത് ഈ ത്യാഗികളുടെ മൂല്യ ബോധത്തിന്റെ ഊര്‍ജത്തിലാണ്. സത്യസന്ധതയും ത്യാഗവും രാഷ്ട്രീയത്തില്‍ അടിസ്ഥാന യോഗ്യതയായിരുന്നു. അതാണ് കേരളത്തിനു ക്ഷേമസംസ്ഥാനം എന്ന പേര് ഉണ്ടാക്കിക്കൊടുത്തത്. കേരളാ മോഡല്‍ ഉരുത്തിരിഞ്ഞതും ഇ എം എസ്സ് മന്ത്രി സഭയെ ഘടനാ പരിഷ്ക്കാരങ്ങള്‍ക്ക് പ്രാപ്തമാക്കിയതും മനശാസ്ത്രപരമായ ജനകീയ ധീരതയായിരുന്നു സി പി ഐ എമ്മിലെ അതിന്റെ അവസാന അടയാളമായിരുന്നു വി എസ്സ് . കേരളമാകെ മാറുന്നതിന്റെ തെളിവാണ് വി എസ്സിന്റെ വിശ്രമവും പ്രൊഫഷനല്‍ രാഷ്ട്രീയത്തിന്റെ ആധിപത്യവും . .
ചടുലമായ മാറ്റത്തിനു വിധേയമായ ലോകത്ത് ഈ മാറ്റം അനിവാര്യമാണെന്ന് വാദിക്കുന്നവര്ക്ക് മുന്നില്‍ നിസ്സഹായരാവാതെ വയ്യ. എങ്കിലും വി എസിന്റെ തലമുറ പാരിസ്ഥിതികമായും സാംസ്കാരികമായും അല്പ്പം പച്ച ഇവിടെ അവശേഷിപ്പിച്ചിട്ടുണ്ട്. ഓരോര്മ്മക്കുറിപ്പായി അടിയന്തരാവസ്ഥക്ക് ശേഷം ഒരു പക്ഷെ തൊണ്ണൂറുകളില്‍ നേതൃത്വ നിരയിലേക്ക് വന്നവരാണ് ഇന്നുള്ളത്. ഇരു മുന്നനികളിലും പാര്ട്ടി അണികളിലും ഏറെ അവരാണ്. സി പി ഐ എം പാര്‍ട്ടി കോണ്ഗ്രസ്സിന്റെ വിലയിരുത്തല്‍ തന്നെയാണിത്. അടിയന്തരാവസ്ഥയ്ക്ക് അപ്പുറവും ഇപ്പുറവുമായി കേരള രാഷ്ട്രീയത്തെ തിരിച്ചാല്‍ അവരോഹണത്തിന്റെ ആരംഭം കാണാം. അവര്ക്ക് വികസനത്തോടും പരിസ്ഥിതിയോടും ഉള്ള സമീപനം വന്‍ പദ്ധതികളാണ് . ജനക്ഷേമം അതിലൂടെ സ്വാഭാവികമായി നടപ്പാക്കപ്പെടും എന്നതാണ് അതിന്റെ മൂല്യബോധം . .
കേരളത്തില്‍ നാമിന്നു കാണുന്ന കോണ്ഗ്രസ് നേതാക്കള്‍ – കേരള ഹൈക്കമാണ്ട് – ഒരര്‍ത്ഥത്തില്‍ വയലാര്‍ സമരത്തിന്‍റെ പ്രത്യുല്‍പ്പന്നങ്ങള്‍ ആണ്. കോട്ടയം കോണ്ഗ്രസ് പല കേരളാ കൊണ്ഗ്രസ്സുകലായി ഭാഗം വെച്ചപ്പോഴും സഭയുടെ സമ്മര്ദ്ധ ഗ്രൂപ്പായി തുടരുമ്പോഴും , വാലറ്റം കോണ്ഗ്രസ്സില്‍ ഉണ്ടായിരുന്നു. അവരാണിന്നത്തെ കേരളാ ഹൈക്കമാണ്ട് ത്രയം. കെ എസ്സ് യു വിലൂടെ വളര്‍ന്നവര്‍. ഒരണ സമരവും വിമോചന സമരവും നയിച്ചത് ആന്റണി, വയലാര്‍, ഉമ്മന്‍ ചാണ്ടി ആണെങ്കില്‍ അന്ന് മുതല്‍ ഇന്ന് വരെ അവരാണ് കോണ്ഗ്രസ്സിന്റെ ഗതി നിയന്ത്രിച്ചിരുന്നവര്‍;വിധിയും!
പലഫോറങ്ങള്‍ ആയി നിലനിന്നിരുന്ന കോണ്ഗ്രെസ്സ്പാര്‍ട്ടിയില്‍ കോട്ടയം കോണ്ഗ്രെസ്സ്കാര്‍ എന്നറിയപ്പെട്ടിരുന്നുവര്‍ പിന്നിട് കേരളകോണ്ഗ്രെസ്സ് ആയപ്പോഴും കോണ്ഗ്രെസ്സില്‍ തുടര്‍ന്ന ഉമ്മന്‍ ചാണ്ടി,ആന്റണിയെ സഭയും മനോരമയും വേണ്ടും വിധം പ്രോത്സാഹിപ്പിക്കുകയും അവരുടെ ആള്‍ക്കാരായി തന്നെ നിലനിര്‍ത്തുകയും ചെയ്തു. ഇന്നിപ്പോള്‍ സഭയുടെ അധികാരത്തിന്റെ വിഷവേരുകള്‍ കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയപാര്ട്ടികളിലേക്കും പടരുകയും ആര് അധികാരത്തില്‍ വന്നാലും സഭയുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ അവര്‍ക്ക് അതുമൂലം കഴിയുകയും ചെയ്യുന്നു
കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ ചുവടുറപ്പിക്കുന്നത് ഭീതിയോടെ കണ്ടിരുന്ന കോണ്ഗ്രസ് ദില്ലി നേതൃത്വവും കേരളത്തിലെ ക്രൈസ്തവ സഭയും അമേരിക്കന്‍ ചാര ഏജെന്‍സി ആയ സി ഐ എ യും സംഘടിപ്പിച്ച വിമോചന സമരം നയിച്ചതും ഇവരായിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷം പേരിനൊരു കരുണാകരന്‍ ഉണ്ടായിരുന്നതൊഴിച്ചാല്‍ ആന്റണി കോണ്ഗ്രസ്സിനായിരുന്നു ആധിപത്യം. വിമോചന സമരം എന്ന ജനാധിപത്യ വിരുദ്ധ സമരത്തിലൂടെ വളര്‍ന്നവര്‍ ആ പ്രവണതകള്‍ കൈവെടിഞ്ഞില്ല താനും. അവരെന്നും എന്തെങ്കിലുമൊക്കെ അധികാര സ്ഥാനത്തായിരുന്നു.
അവരും അണിയറയിലെക്കു നീങ്ങുന്നു. പക്ഷെ അവര്‍ ഉരുവപ്പെടുത്തിയ പാര്ട്ടി കേരളത്തോട് ചെയ്തത് പൊറുക്കാനാവാത്ത കൃത്യമാണ്. യുവതയില്‍ നിന്ന് രാഷ്ട്ര ബോധവും രാഷ്ട്രീയവിഷയങ്ങളും അവര്‍ അടര്‍ത്തി മാറ്റി. കോണ്ഗ്രസ്സും ഉപദേഷ്ടാക്കളായ സഭയും മനോരമയുമാണ് ഇതിന്റെ സൂത്രധാരര്‍. കലായലയങ്ങള്‍ ആണ് സ്വതന്ത്ര രാഷ്ട്രീയചിന്തയുടെയും വിശാലലോക വീക്ഷണത്തിന്റെയും വിളനിലങ്ങള്‍ എന്നവര്‍ക്ക് അറിയാമായിരുന്നു. തീക്ഷ്ണമായ രാഷ്ട്രീയ ബോധവും സന്നദ്ധതയുമുള്ള, ഒരു തലമുറ അണഞ്ഞു പോയി. ഇതിനെ പ്രതിരോധിക്കാന്‍ ആവട്ടെ കമ്യൂണിസ്റ്റ് പാര്ട്ടികള്‍ അടങ്ങുന്ന ഇടതു മുന്നണിയും പിന്നീട് ജനാധിപത്യം കൂടി ചേര്ത്തു് വിശാലമാക്കിയ മുന്നണിയും ഒന്നും ചെയ്തില്ല. രാഷ്ട്രീയം പരിചിതമായ തലമുറ ക്ഷീണിച്ചു വരികയാണ്. ജനങ്ങള്ക്കി്ടയില്‍ അത്ര ചെറുതല്ലാത്ത തോതില്‍ അത് കാണാം. വര്‍ഗീയ ശക്തികളുടെ കളിത്തട്ടായി കേരളത്തെ മാറ്റിയതില്‍ അതിനുള്ള പങ്കു ചെറുതല്ല. ഇപ്പോഴത്തെ സമൂഹത്തില്‍ സൂക്ഷമതലങ്ങള്‍ വരെ പടര്ന്നു കയറിക്കഴിഞ്ഞ ആര്‍ എസ്സ് എസ്സിന്‍റെ വളര്ച്ച ഒരു നേമം മണ്ഡലത്തിലെ വോട്ടു മറിക്കലില്‍ ഒതുങ്ങുന്നില്ല. ആര്‍ എസ്സ് എസ്സും കോണ്ഗ്രസ്സും തമ്മിലുള്ള ബാന്ധവത്തിനു ചുക്കാന്‍ പിടിച്ച രമേശ ചെന്നിത്തലയില്‍ , മാതൃഭൂമി പത്രത്തില്‍ ഒതുങ്ങുന്നില്ല. ഇവരൊക്കെ പറഞ്ഞാല്‍ ഒരു വര്‍ഗീയ ഫാസിസ്റ്റ് ഭാഗത്തേക്ക് ചെരിയും കേരളം എന്നുണ്ടെങ്കില്‍ കേരളത്തിനാണ് എന്തോ കുഴപ്പം. അത് പരിശോധിക്കാതെ കേവലം വോട്ടു ബാങ്കും വോട്ടുമറിക്കലും മാത്രം ചര്ച്ച ചെയ്തിരുന്നാല്‍ കേരളത്തിന്റെ വര്‍ഗീയ വല്‍ക്കരണം പൂര്‍ണ്ണമാകുന്നത് കാണേണ്ടി വരും. അതിനെ ചെറുക്കാന്‍ നല്ല ഭരണം മാത്രം മതിയാവില്ല;നല്ല രാഷ്ട്രീയം കൂടി ഏന്തണം. മുന്‍കാലത്തെക്കുറിച്ച്, മാറ്റങ്ങളെ കുറിച്ച് ആഴത്തിലുള്ള ഒരു വിശകലനം ഇരുമുന്നണിയിലേയും നായകര്‍ നടത്തണം. ആത്മ പരിശോധന നടത്തണം .
ദളിത ന്യൂന പക്ഷങ്ങള്‍ എന്നതും ആദിവാസികള്‍ എന്നതും തെരഞ്ഞെടുപ്പു വരുമ്പോള്‍ മാത്രം ഓര്‍ക്കേണ്ട ഒരു പേരല്ലെന്നും ലക്ഷക്കണക്കായ മനുഷ്യരാണെന്നും മറക്കാതിരിക്കണം. ന്യൂനപക്ഷ സംരക്ഷണം എന്നത് വോട്ടുബാങ്കിന്റെ പ്രീണനം ആവാതെ നോക്കണം. സവര്ണ്ണ അഭിജാതമനുസ്സുകളെ സന്തോഷിപ്പിച്ചും ഒളിഞ്ഞും തെളിഞ്ഞും മറ്റു വോട്ടുബാങ്കുകളെ പ്രീണിപ്പിച്ചും വ്യവസായികളെ തലോടിയും അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ ഭരണത്തില്‍ മാറി മാറി കേറുന്ന അജണ്ട അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കയ്യാലപ്പുറത്താവും !
ഭരണനയത്തില്‍ വലിയ പ്രത്യാശകള്‍ ഒന്നും ഇരു മുന്നണിയും നാല് പതിറ്റാണ്ടായി നല്കി്യിട്ടില്ല;ഇക്കുറിയുമില്ല. ഒരേ വികസന നയങ്ങള്‍… ഒരേ പ്രവര്ത്തന രീതി …. ഒരേ ലക്‌ഷ്യം. അഞ്ചു കൊല്ലം കൂടുമ്പോള്‍ ഭരണം. ഇടതു മുന്നണി, ക്ഷേമം എന്നത് കുറെ പെന്ഷനുകളില്‍ ഒതുക്കിയപ്പോള്‍ മണ്ണും വെള്ളവും കാടും വിറ്റും വലതു മുന്നണി ആഘോഷിച്ചു. ഇതാണ് വര്‍ഗീയ വാദികള്‍ ഇന്നുന്നയിക്കുന്ന പ്രധാന വിഷയങ്ങളില്‍ ഒന്ന് എന്ന് ശ്രദ്ദിക്കണം. ആദിവാസിള്‍ക്ക് ഭൂമി നല്‍കാന്‍ ഏതെങ്കിലും മുന്നണി ആര്‍ജവം കാണിക്കുമോ ? ഇനി അവരുടെതായിരിക്കും കേരളം.
കേരളം ഒരു പ്രസ്ഥാനമായിരുന്നു. എല്ലാ പ്രസ്ഥാനങ്ങളും ഉണ്ടാക്കുന്നത് ത്യാഗികള്‍ ആണ്. പിന്നീട് ഭോഗികള്‍ അത് കീഴടക്കും. കേരളമെന്ന പ്രസ്ഥാനത്തെ ഉപഭോക്തൃ തൃഷ്ണ എന്ന രൂപത്തില്‍ വിപണിയും കോര്‍പ്പറെറ്റുകളും വിഴുങ്ങുകയാണ്. ഭോഗാസക്തി നിസ്സീമം. അതിനുള്ള സാമ്പത്തിക സാമൂഹ്യ ശേഷി ഇല്ലാത്തവര്‍ ചെറിയ മനുഷ്യരായി പോകുന്ന കേരളമാണ് ക്ഷേമ കേരളത്തില്‍ നിന്ന് ഭോഗ കേരളത്തിലേക്കുള്ള മാറ്റം കുറിക്കുന്നത് .
രാഷ്ട്രീയം സര്ഗാത്മകമായിരുന്ന കാലത്ത് ‘കയറു പിരിക്കും തൊഴിലാളിക്കൊരു കഥ യുണ്ടുജ്ജ്വലസമര കഥ’ എന്നു കേള്‍ക്കുമ്പോള്‍, ‘ഇന്നലെ നട്ടൊരു ഞാറുകളെല്ലാം’ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന നോസ്ടാള്ജിയ അല്ല ഈ കുറിപ്പിനാധാരം. പരസ്പരം വെട്ടി മരിച്ചിട്ട് ‘ബലികുടീരങ്ങളെ’ എന്ന പാട്ട് മൂളുന്നത് ഗുണകരമല്ല എന്ന് എല്ലാ രാഷ്ട്രീയക്കാര്ക്കും അടിത്തട്ടു വരെ ഉള്ളവര്‍ക്കും അറിയാം .
പരിസ്ഥിതി മലിനീകരണം ഒഴിവാക്കാന്‍ ഫ്ലക്സുകള്‍ നീക്കം ചെയ്യണമെന്നു നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. കേരളത്തില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ടാക്കിയ കൊലനിലങ്ങള്‍ വിശുദ്ധമാക്കാന്‍ അത്ര എളുപ്പമല്ലല്ലോ . ഇനി അതാവര്‍ത്തിക്കാതിരിക്കട്ടെ .
നമ്മള്‍ ഉണ്ടാക്കിയ നമ്മുടെ കേരളത്തില്‍ ഇനിയൊരു തലമുറയ്ക്ക് വാസം സാധ്യമാവാന്‍ വേണ്ടിയെങ്കിലും !
Be the first to write a comment.