2016

ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറെ പ്രതീക്ഷകളും കുറവല്ലാത്ത ആശങ്കകളും നല്‍കുന്നതാണ്. ഇടതുപക്ഷജനാധിപത്യ മുന്നണി 91 സീറ്റുകളോടെ ഉജ്ജ്വല വിജയം നേടിയത് തീര്‍ച്ചയായും കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യമനസ്സുകളെ ആവേശഭരിതരാക്കുമെന്നതില്‍ സംശയമില്ല. ഈ വിജയങ്ങളില്‍ പലതും അഭൂതപൂര്‍വ്വമായ ഭൂരിപക്ഷത്തോടെയാണെന്നുള്ളതും ചില അടയാളങ്ങളാണ്. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ കേവലം സീറ്റുകളുടെ എണ്ണപ്പൊലിമയില്‍ അമിതമായ ആത്മ വിശ്വാസവും എണ്ണക്കുറവില്‍ കടുത്ത നിരാശയും സൃഷ്ടിച്ച് മറന്നു പോകേണ്ടവയല്ല എന്ന് നാം ജാഗ്രതയോടെ തിരിച്ചറിയേണ്ടതുണ്ട്; പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യനവസ്ഥയില്‍. കേരളത്തിന്റെ പുരോഗമനപരവും മതേതരവും ജനാധിപത്യപരവുമായ സാമൂഹ്യ മണ്ഡലങ്ങളില്‍ ജാതിമതവര്‍ഗീയതയുടെ വിഷവൃക്ഷങ്ങള്‍ മുളച്ചു പൊന്തുകയും അതിന്റെ വിഷവിത്തുകള്‍, വിഷക്കാറ്റിന്റെ ചുമലുകളില്‍ തൂങ്ങി, നമ്മുടെ വീട്ടുമുറ്റത്തേക്കും പറമ്പുകളിലേക്കും തോടുകളിലേയ്ക്കും പുഴകളിലേക്കും സമുദ്രത്തിലേക്കും പറന്നുവന്നുകൊണ്ടിരിക്കുകയാണെന്ന് അമിതമായ അഹ്ലാദാരവങ്ങൾക്കും വിശ്വാസങ്ങൾക്കുമിടയിൽ തിരിച്ചറിയാതിരുന്നുകൂട.

ചരിത്രബോധമില്ലായ്മകൊണ്ടും ആർത്തിപിടിച്ച ഭരണാധികാര മനസ്സുകൊണ്ടും ചിന്തകൾ കൊണ്ടും ഇടതു പക്ഷത്തെ, പ്രത്യേകിച്ച് ഇടതുപക്ഷ മണ്ഡലങ്ങളുടെ നിലനിൽപ്പിനെ സഹായിക്കുന്ന സംഘടനാ ബലമുള്ള സീ പീ ഐ (എം ) നെ തകർക്കാൻ എല്ലാ ഹീന മാർഗങ്ങളും ഉപയോഗിച്ചുകൊണ്ടിരുന്ന കോൺഗ്രസ്‌ പാർട്ടി തങ്ങളുടെ അടിത്തറ തകരുന്നതെന്തുകൊണ്ടെന്നുകൂടി ആലോചിക്കേണ്ട സമയമാണിത്.

മാധ്യമങ്ങളുടെ അജണ്ടയനുസരിച്ച്, അവരെ വണങ്ങി, അവർ ഇല ഇടുന്നിടത്തിരുന്നു ഉണ്ടുകൊണ്ട് രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും നടത്താൻ തയ്യാറാകാതെ, നിവർന്നു നിന്ന ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവാണ്‌ പിണറായി വിജയൻ. അദ്ദേഹമാണ് കേരളത്തെ നയിക്കാൻ പോകുന്ന മുഖ്യമന്ത്രിയെന്ന് തീരുമാനിക്കപ്പെടുകയും ചെയ്തിരിക്കുന്നു. Pinarayi-Vijayan-Chief-Minister-of-kerala-2016അതേറെ പ്രതീക്ഷ നല്കുന്നുണ്ട്. സാമൂഹ്യ സാമ്പത്തിക സാംസ്കാരിക മേഖലകളടക്കം കേരളത്തിൻറെ സമസ്ത മേഖലകളും തകര്ന്നടിഞ്ഞു കിടക്കുന്നിടത്തുനിന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ അതിൻറെ പുനർനിർമ്മാണ പ്രക്രിയ ആരംഭിക്കേണ്ടത്. അഴിമതിക്കും ദുർനടപ്പുകൾക്കും ജാതിമതവര്‍ഗീയ ശക്തികള്‍ക്കുമെതിരെ നിന്നുകൊണ്ട് കേരളത്തെ രക്ഷിച്ചെടുക്കാനുള്ള ഒരു ചുമതലയാണ് വാസ്തവത്തില്‍ ഭൂരിപക്ഷം ജനങ്ങളും ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ഏല്‍പ്പിച്ചിരിക്കുന്നത്. കേരളത്തിലെ ഭരണാധികാരികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടര്‍ന്നുവന്ന ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതകളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന നയം ഇടതുപക്ഷ ജനാധിപത്യമുന്നണി തുടരരുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. പ്രകൃതിയേയും അതിന്റെ പരിസ്ഥിതിയേയും എല്ലാ നീരുറവകളും നീര്‍ത്തടങ്ങളും നശിപ്പിച്ചുകൊണ്ട്, വരണ്ടുണക്കുന്നതിനൊപ്പം, സാമൂഹ്യ പരിസ്ഥിതിയെ, മതേതരത്വത്തിന്റെയും മാനവികതയുടെയും നീരുറവകളെ വറ്റിച്ചു കൊണ്ട് ചുട്ടു പൊള്ളുന്നതാക്കി മാറ്റുന്നതും കേരളം അനുഭവിക്കുന്ന പ്രധാന ഭീഷണികളാണ്. ഭാവനാത്മകവും സര്‍ഗ്ഗാത്മകവുമായ ഉറച്ച നിലപാടുകള്‍ സ്വീകരിച്ചു കൊണ്ട് ജനങ്ങളുടെ ആകെ പങ്കാളിത്തത്തോടെ കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയും സംസ്കാരത്തെയും അതിന്റെ കുറവുകള്‍ പരിഹരിച്ചു കൊണ്ട് മുന്നോട്ടു നയിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം ഈ തെരഞ്ഞെടുപ്പു ഫലം ഇടതു പക്ഷ ജനാധിപത്യ മുന്നണിയെയും അതിനു നേതൃത്വം നല്‍കുകയും പങ്കാളികളാവുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേരളത്തിലെ ജനങ്ങള്‍ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നു.

ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ട് ,സിപിഐ (എം)നോട് പല തരത്തിലുള്ള വിയോജിപ്പുകള്‍ ഉള്ളവരടക്കം ,ചെറുതും വലുതുമായ ഗ്രൂപ്പുകളും വ്യക്തികളും ,വിശാലമായ ജനാധിപത്യ ഇടതുപക്ഷങ്ങളെ ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക്‌ വോട്ടു ചെയ്യുകയും ,അവര്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിട്ടുണ്ട്.

കേരളം ഒരു കാലത്തും ദര്‍ശിക്കാത്ത വിധത്തില്‍ നിരവധി കലാകാരന്മാരും എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഇടതുപക്ഷത്തിനു വേണ്ടി രഹസ്യമായും പരസ്യമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തെ ജാതിമതവര്‍ഗീയ ശക്തികളുടെ നേതൃത്വ ത്തിലുള്ള ഹിംസാത്മകമായ ഭരണകൂട സാന്നിദ്ധ്യത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണതുണ്ടായത്.

Kozhikode: CPI (M) workers paint a wall to campaign for LDF candidate ahead of assembly elections in Kozhikode on Friday. PTI Photo (PTI3_25_2016_000171A)

ജാതിമത ശക്തികള്ക്കും എതിരെ നിന്ന് കൊണ്ട് കേരളത്തെ രക്ഷിച്ചെടുക്കാനുള്ള ചുമതലയാണ് ഇടതു ജനാധിപത്യ മുന്നണിയെ ഏല്പ്പിച്ചിരിക്കുന്നത്. കേരളത്തിലെ ഭരണാധികാരികള്‍ കഴിഞ്ഞ അഞ്ചു വര്ഷം തുടര്‍ന്നു  വന്ന ന്യൂന പക്ഷ ഭൂരിപക്ഷ വര്‍ഗീയ പ്രീണനങ്ങള്‍ തുടരുതെന്നു ജനം ആഗ്രഹിക്കുന്നുണ്ടെന്നു വ്യക്തം .

ഇടതു പക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികളുടെ അനുഭാവികള്‍ അല്ലാത്ത വലിയൊരു വിഭാഗം  ജനങ്ങള്‍ ഈ മുന്നണിയ്ക്കൊപ്പം നില കൊണ്ടു  എന്നത്  മനസ്സിലാക്കി,വ്യക്തികളുടെയും വിവിധ ഗ്രൂപ്പുകളുടെയും അഭിപ്രായങ്ങളും,പങ്കാളിത്തവും,വിമര്‍ശനങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ടാവണം ഈ പുതിയ സര്‍ക്കാര്‍ പുതിയ കേരളത്തെ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്.ബിജെപി നേതൃത്വം നല്‍കുന്ന NDA മുന്നണിയ്ക്ക് മുപ്പത് ലക്ഷത്തോളം വോട്ടുകള്‍ കേരളത്തില്‍  നിന്ന് സമാഹരിക്കാനായി എന്നുള്ളത് വളരെ ആശങ്കയോടെ കാണേണ്ടതാണ്.വിവിധ കാരണങ്ങളാല്‍ അവരിലേയ്ക്ക് ഒഴുകിപ്പോയ മനുഷ്യരുടെ ആശങ്കകള്‍ കഴിയുന്നത്ര പരിഹരിച്ചു കൊണ്ട് അവരെയാകെ പുരോഗതിയുടെയും മാനവികതയുടെയും വഴികളിലേയ്ക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍ക്കും ഉണ്ട്. ജാതിമത ഭേദമന്യേ മുഴുവന്‍ മനുഷ്യരും ഇടകലരുന്ന പൊതുസ്ഥലങ്ങള്‍ നമ്മുടെ കേരളത്തില്‍ ഉണ്ടെന്നും ഈ തെരഞ്ഞെടുപ്പ് നമ്മെ പഠിപ്പിക്കുന്നു.

മനുഷ്യൻ ജാതിയുടെയും മതത്തിന്റെയും സങ്കുചിത രാഷ്ട്രീയത്തിന്റെയും കള്ളികളിൽ മാത്രം അടയ്ക്കപ്പെടുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് സമൂഹത്തിനെ മോചിപ്പിക്കാനുതകുന്ന പൊതു ഇടങ്ങൾ പ്രാദേശികമായി സൃഷ്ടിക്കപ്പെടണം. 490421-kerala-assembly700അവിടെ മനുഷ്യർ കലാ- സാംസ്കാരിക – കായിക പ്രവർത്തനങ്ങളിൽ സർഗ്ഗത്മകമായി ഇടപെടണം.ഭൂതകാലത്തിലെ പേടിപ്പിക്കുന്ന ഭീകരമായ മനുഷ്യവിരുദ്ധ ആശയങ്ങളെയും അതിന്റെ പേരിലുണ്ടായിട്ടുള്ള വംശഹത്യകളെ പറ്റിയുമുള്ള ചരിത്രപാഠങ്ങൾ എല്ലാ മനുഷ്യരെയും ഓർമ്മിക്കാൻ പഠിപ്പിക്കണം.സംഗീതം , നാടകം , സിനിമ , നാടൻപാട്ടുകൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഒരു പ്രദേശം മുഴുവൻ ഉൾപ്പെടുന്ന തരത്തിലുള്ള പരിശ്രമങ്ങൾ ഈ പൊതു ഇടങ്ങളിൽ നിന്നുയർന്നു വരണം.

മറ്റൊന്ന് കോൺഗ്രസ്സുകാർ ആലോചിക്കേണ്ടതാണ്‌. മതേതര സ്വഭാവവും ജനാധിപത്യവും ഒരു ചെറിയ അളവിലെങ്കിലും സൂക്ഷിക്കുന്ന നിലപാടുകൾ അവർ സ്വീകരിച്ചിരുന്നുവെങ്കിൽ ഇത്രയധികം തകർച്ച ഉണ്ടാവുമായിരുന്നില്ല. കോൺഗ്രസിന്റെ പൂർണ്ണമായ തകർച്ച ആരും പ്രതീക്ഷിച്ചിരുന്നില്ല. ജനപക്ഷ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് നെഹ്രൂവിയൻ പാരമ്പര്യത്തിന്റെ തുടർച്ച നിലനിർത്താനാവുന്ന സാമ്പത്തിക സാമൂഹിക നയങ്ങൾ വീണ്ടെടുത്താൽ, ഇപ്പോൾ ബി ജെ പി അവരുടെ തട്ടകങ്ങളിലേക്ക്‌ കൊണ്ടുപോയ ജനങ്ങളുടെ പിന്തുണ കോൺഗ്രസിന് വീണ്ടും ലഭിക്കും. thequint-2016-05-135b54b0-9e70-47e5-9075-9f2aa8441330-LDFവർഗീയ ശക്തികളെ പ്രീണിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു കൊണ്ട്‌ സിപിഎം നെ തകർക്കാനാവും എന്ന കോൺഗ്രസ് നിലപാടുകൾ തന്നെയാണ് അവർക്ക്‌ വിനയായത്. വർഗീയ ശക്തികളുമായി സന്ധി ചെയ്യുകയോ ശൃംഗരിക്കുകയോ ചെയ്തു കൊണ്ട്‌ അവരെ നേരിടാനാവില്ലെന്നും, വിട്ടുവീഴ്ചയില്ലാത്ത ആശയ പോരാട്ടങ്ങൾ കൊണ്ടേ മതേതരത്വവും ജനാധിപത്യവുo മാനവികതയും സംരക്ഷിച്ച് കൊണ്ട് അവരെ ദുർബലപെടുത്താനാവൂ എന്നും തെളിയിച്ച തെരഞ്ഞെടുപ്പാണിത്. ചുരുക്കത്തിൽ ബഹുസ്വരതയും രാഷ്ട്രീയസാംസ്കാരിക കൂട്ടായ്മ എല്ലാ തലത്തിലും വികസിപ്പിക്കേണ്ടതുണ്ട്‌ എന്ന് തെരഞ്ഞെടുപ്പു ഫലം അടിവരയിടുന്നു. വരുന്ന അഞ്ച് വർഷങ്ങൾ അതിനു വേണ്ടിയാണെന്ന് ഭരണകർത്താക്കളും രാഷ്ട്രീയ പാർട്ടികളും കൃത്യതയോടെ തിരിച്ചറിയണം.

Comments

comments