നനഞ്ഞ കുട, രാത്രി
നനഞ്ഞ നായ
കടഞ്ഞെടുക്കുന്നു.
പൂച്ചയായി
കുറുകെ വീഴുന്നു
ഉരഗമായി
പത്തിയുയർത്തുന്നു
ഇരട്ട ചുണ്ടുകളിലാഞ്ഞു
കൊത്തുന്നു.
ചുണ്ടുകൾക്കുള്ളിലെ
ഇരുട്ടുവളയക്കൂട്ടിൽ
നനഞ്ഞ പക്ഷി
ചിറക് കുടയുന്നു.
ചിലതുണ്ടിതുപോലെ
പലതിലേക്കും
പരകായം ചെയ്യുമതിന്റെ
തനിസ്വരൂപമെപ്പോഴും
മറച്ചുവച്ചുകൊണ്ടീ
കുടപോലെയെന്ന
ഓർമ്മയിൽ
ഭയന്ന പക്ഷിയതിന്റെ
തൂവലുകൾ
കൊത്തിപ്പറിക്കുന്നു,
താനേതന്നെ
കൊത്തിത്തിന്നുന്നു.
ഒഴിഞ്ഞ കൂട്ടിൽ
നിന്നിറ്റുവീഴുമിരുട്ടിൽ
നനഞ്ഞു നായ
കുടയെടുക്കുന്നു.
നനഞ്ഞ കുട, രാത്രി
കടഞ്ഞെടുക്കുന്നു
നനഞ്ഞ നായ
കുടഞ്ഞടച്ചുവയ്ക്കുന്നു.
Be the first to write a comment.