ഹൃദയം എന്ന വീട്ടിലെ അറകൾ
പരസ്പരം അടച്ചിട്ടിരിയ്ക്കുന്നു
മിടിക്കാത്ത തിരശീലകൾ കൊണ്ട് പരസ്പരം കണ്ണ് കെട്ടിയിരിക്കുന്നു
ഹൃദയം ഒരു തേനീച്ചക്കൂടാണോ… അറകളിൽ കെട്ടിനിൽക്കുന്നത്‌
വെവ്വേറെ പുഷ്പ മകരന്ദങ്ങൾ
നോവുകൾ ഓർമ്മകൾ പീഡകൾ
പലകുറി പടിയിറക്കി വിട്ടിട്ടും
പോവാത്ത ദൈന്യങ്ങൾ
പഴങ്കഥ ക്കൊട്ടാരത്തിലെ
ഒരിക്കലും തുറക്കരുതാത്ത
ചില അറകൾ ,പത്തായങ്ങൾ.
ഇന്ന് തേനീച്ചകൾ
പല പൂന്തോട്ടങ്ങളിലേയ്ക്ക്
പറന്നു തേൻ തേടുമ്പോൾ
തേനീച്ചക്കൂടിരുന്നു വിങ്ങിപ്പൊട്ടി
ആരുമില്ലാത്ത അറകളിലെ
പലതരം തേനുകൾ
കൂടിക്കലർന്ന് കലക്കവെള്ളമുള്ള
ഒരു ചെറു പുഴയായി
ഒറ്റക്കരച്ചിലേ ഉണ്ടായിരുന്നുള്ളൂ
അത് തീര്‍ന്നുമില്ല. തേനീച്ചക്കൂട് കത്തിക്കുമ്പോഴേയ്ക്ക്
കഥ തുടങ്ങും

Comments

comments