അധികാരത്തിലേറും മുൻപു തന്നെ ഇടതുപക്ഷജനാധിപത്യ മുന്നണിക്ക് ഇവിടെ മാറ്റങ്ങൾ സംഭവിക്കും എന്നൊരു പ്രത്യാശ അല്ലെങ്കിൽ തോന്നൽ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട് . അതിൽ എടുത്തു പറയേണ്ടതാണ് നിയുക്ത ധനമന്ത്രി ശ്രീ . ഐസക് തോമസ് തുടങ്ങി വെച്ച മരം നടൽ പരിപാടികൾ . ഒരു പക്ഷെ ഗ്രീൻ വെയിൻ ഏറ്റവും അധികം ആദരവോടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഒരു രാഷ്ട്രീയക്കാരനാണ് താങ്കൾ. ഈയടുത്ത ദിവസം രാവിലെ ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റിൽ വരെ താങ്കളുടെ യാഥാർത്ഥ്യബോധത്തോടെയുള്ള ഫ്ലെക്സ് നീക്കൽ പ്രവൃത്തികളെ ഞങ്ങൾ സന്തോഷത്തോടെ വായിച്ചു. ഭൂരിപക്ഷം കിട്ടുന്ന വോട്ടുകളുടെ അത്ര എണ്ണം മരങ്ങൾ നടും എന്നു പറയുകയും പതിനായിരം പ്ലാവിൻ തൈകൾ നിലവിൽ നട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന താങ്കളുടെ പ്രവർത്തനങ്ങളെ പിൻപറ്റി സ്ഥാനാർത്ഥികൾ, മുന്നണി തന്നെയും പ്രകൃതിസൗഹൃദ അജണ്ടയാണ് ഇലക്ഷനിൽ മുറുകെപ്പിടിച്ചത്. എൽ. ഡി .എഫ് വരും, എല്ലാം ശരിയാവും എന്നായിരുന്നു ഇലക്ഷൻ ടാഗ് ലൈൻ. ഇപ്പോൾ എൽ . ഡി . എഫ് വരികയും ഭരണത്തിൽ ഏറുകയും ചെയ്യുന്നു. ഇനി എന്തായിരിക്കും ഈ പ്രകൃതിസൗഹൃദ പ്രസ്താവനകളുടെ ഭാവി എന്നറിയാൻ ഏറെ ആകാംക്ഷയുണ്ട്. എങ്ങനെയാണ് ഈ പ്രവർത്തനങ്ങൾ മുൻപോട്ട് കൊണ്ടു പോകാൻ ഉദ്ദേശിക്കുന്നത് ? ഈ മരം നടൽ ഗൗരവമായി ചെയ്തിട്ടുള്ളതാണ് എങ്കിൽ, ഇതുവരെ കണ്ടിട്ടുള്ളതൊന്നും അങ്ങനെയല്ല, അവയെ സംരക്ഷിക്കാനും അവയുടെ നിലനിൽപ്പ് ഉറപ്പു വരുത്താനും എന്തെല്ലാം മാർഗങ്ങളാണ് സ്വീകരിക്കുക ? കേരളത്തിൽ ഏറ്റവും അധികം മരം നടുന്ന ഒരു കൂട്ടായ്മ എന്ന നിലയിൽ ഗ്രീൻ വെയിന് പുതിയ ധനമന്ത്രിയുടെ മുന്നിൽ വെയ്ക്കാനുള്ള ചില ആശങ്കകളും നിർദ്ദേശ ങ്ങളുമുണ്ട്.
1. ഇപ്പോൾ നടുന്ന ഈ ഭൂരിപക്ഷമരങ്ങൾ എവിടെയൊക്കെയാണു നട്ടിട്ടുള്ളത് എന്ന് കൃത്യമായി രേഖകളുണ്ടാക്കണം . റോഡുവക്കുകളിലും മറ്റും നടുന്ന മരങ്ങൾക്ക് ആവശ്യം കഴിയുമ്പോൾ തുറന്ന് എടുത്തു മാറ്റാൻ പറ്റുന്ന രീതിയിലുള്ള ട്രീ ഗാർഡുകൾ വേണം. പൊതുസ്ഥലങ്ങളിൽ മരങ്ങൾ നടുന്നെങ്കിൽ ആടും പശുവും കടിച്ചു കളയില്ല എന്നും തൊഴിലുറപ്പു ജീവനക്കാർ വെട്ടിക്കളയില്ല എന്നും ഉറപ്പുള്ള ഇടങ്ങളിൽ നടണം. ഇപ്പോൾ മഴ തുടങ്ങുന്ന സമയമാണ്, അതു കഴിയുമ്പോഴേക്ക് നട്ടിട്ടുള്ള മുഴുവൻ മരങ്ങളും നനച്ചു കൊടുക്കാനുള്ള സംവിധാനങ്ങൾ വേണം.
2. വഴിയോരങ്ങളിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായും ഹൈവേകളുടെ വശങ്ങളിലും മരങ്ങൾ നടാറുണ്ട്. സാധാരണഗതിയിൽ അധികപരിചരണം ആവശ്യമില്ലാത്ത മഴമരം പോലെയുള്ളവ നട്ട് കാര്യം തീർക്കാനാണ് നോക്കുക. ശാസ്ത്രീയമായ പഠനം ഇക്കാര്യത്തിൽ ആവശ്യമാണ്. മഴമരം പോലെയുള്ളവ നല്ല കാറ്റും മഴയും ഉള്ളപ്പോൾ മറിഞ്ഞു വീഴാൻ സാധ്യത ഏറെയാണ്, അതിന്റെ ശിഖരങ്ങൾ ബലം കുറഞ്ഞതായതു കൊണ്ട് ഒടിഞ്ഞു വീഴാനും ഇടയുണ്ട്. ഇങ്ങനെ കൃത്യമായ ധാരണയില്ലാതെ നടുന്ന മരങ്ങളാണ് ഒടിഞ്ഞു വീണു ജീവനുകളെടുക്കുന്നത്. പകരം നല്ല ബലമുള്ള, വാളൻ പുളിയോ പേരാലോ പോലെയുള്ള തണൽ മരങ്ങൾ വെക്കുകയാണെങ്കിൽ വർഷങ്ങളോളം അവ നിലനിൽക്കുകയും ജീവന് ഭീഷണി ഇല്ലാതിരിക്കുകയും ചെയ്യും. തമിഴ് നാട്ടിലെയും മറ്റും പല വഴികളും ഇത്തരത്തിൽ മനോഹരമാണ്. വാളൻ പുളി ഒരു വരുമാനം കൂടെയാണ്. ഹൈവേ കളുടെ മീഡിയനുകളിൽ പൂമരങ്ങൾ വെയ്ക്കുന്ന രീതി ചെറിയ ജീവികളോടുള്ള നമ്മുടെ കരുണയില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ്. ലോകത്തിൽ ഏറ്റവും അധികം ചിത്ര ശലഭങ്ങളെക്കൊല്ലുന്നത് നാഷണൽ ഹൈവേ അതോറിറ്റിയുടെ, പഠനമില്ലാതെ ചെയ്യുന്ന അരളി പോലെയുള്ള പൂച്ചെടികൾ നട്ടു പിടിപ്പിക്കുന്നത് മൂലമാണ്. അരളിച്ചെടിയുടെ ഇലകളിൽ മുട്ടയിടാനെത്തുന്ന ശലഭങ്ങളുണ്ട്. അതിനായി റോഡു ക്രോസ് ചെയ്തുള്ള പറക്കലിൽ തന്നെ ശലഭങ്ങൾ മരണത്തിലേക്ക് പോകുന്ന നൂറുകണക്കിന് ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ ഗ്രീൻ വെയിന്റെ ട്രീട്രിപ്പിൽ ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്. അത് കണക്കിലെടുത്ത് ഹൈവേകളുടെ മീഡിയനുകളിൽ പൂകൃഷി ഒഴിവാക്കി കണ്ണിൽ എതിരെ വരുന്ന വാഹനത്തിന്റെ വെളിച്ചമടിക്കാത്ത പച്ച നിറഞ്ഞ ചെടികളെ ഹൈദ്രാബാദ് നഗരത്തിലേക്ക് പ്രവേശിക്കുന്ന ഹൈവേകളിൽ നട്ടിരിക്കുന്ന പോലെ നടുവാൻ ശ്രദ്ധിക്കണം.
3. കുട്ടികൾ ധാരാളമായി വരുന്ന പാർക്കുകളും ഇത്തരത്തിൽ ചിന്തിച്ചു മാത്രം സൗന്ദര്യവത്കരിക്കേണ്ടതാണ്. ധാരാളം ടൈൽ വിരിച്ചതുകൊണ്ടും കോൺക്രീറ്റ് ഉപയോഗിച്ചതു കൊണ്ടും കാശ് നന്നായി ചെലവാക്കാം എന്നല്ലാതെ വേറെ ഗുണങ്ങളൊന്നും കിട്ടാനില്ല. പകരം ചെറിയ കാടുകളോ കാവുകളോ ഒരുക്കി, കുളങ്ങളും മുളങ്കൂട്ടങ്ങളും മറ്റുമുള്ള പാർക്കുകൾ ഉണ്ടാക്കുകയാണെങ്കിൽ അവിടെ സമയം ചെലവഴിക്കാൻ വരുന്ന ആളുകളുടെ എണ്ണവും ഗുണവും വർദ്ധിക്കും എന്നുറപ്പാണ് .
4. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതു കൊണ്ടു മരം മുറിക്കാൻ പാടില്ല എന്നു പറയുന്ന അതേ സമയത്ത് തന്നെ പരിസ്ഥിതിക്ക് താങ്ങാവാൻ മരം കൊണ്ടുള്ള വീടുകൾ പണിയുന്ന യൂറോപ്യൻ അമേരിക്കൻ രീതികൾ കേരളത്തിലും തുടക്കം കുറിക്കണം. അതിനുവേണ്ടി ചെയ്യേണ്ടത് കേരളത്തിൽ സ്ഥലമില്ലെങ്കിൽ വ്യാവസായികാടിസ്ഥാനത്തിൽ ഒറീസയിലെയും ചത്തീസ് ഗഡിലെയും ഖനികൾ പാട്ടത്തിനെടുക്കും പോലെ തമിഴ്നാട്ടിലൊ ആന്ധ്രായിലോ വൻ തോതിൽ സ്ഥലം 99 വർഷ പാട്ടത്തിനെടുത്ത് വ്യാവസായികാടിസ്ഥാനത്തിൽ തന്നെ മരകൃഷി ആരംഭിക്കുക. ദീർഘകാല പദ്ധതിയാണെങ്കിലും സായിപ്പന്മാർ നിലമ്പൂരിൽ തുടങ്ങിവെച്ച തേക്കിൻ കാടുകളുടെ മറ്റൊരു രൂപം നമുക്ക് സ്ഥല പരിമിതിയില്ലാത്ത അയൽ സംസ്ഥാനങ്ങളിൽ ആരംഭിക്കാവുന്നതാണ്. ഇത് കൊണ്ട് നിലവിൽ കേരളത്തിന്റെ ചൂട് 3 ശതമാനം അധികം വർദ്ധിപ്പിക്കാൻ ഇടയാക്കുന്ന കോൺ ക്രീറ്റ് കാടുകളെ ദീർഘ കാലാടിസ്ഥാനത്തിൽ നിയന്ത്രണവിധേയമാക്കാൻ സാധിക്കും.
5. ധനകാര്യ വകുപ്പിനോട് അടിയന്തിരമായി പരിസ്ഥിതിക്ക് അനുകൂലവും അതോടൊപ്പം ധനവർദ്ധനവിനു കാതലുമാകുന്ന മറ്റൊരു നിർദ്ദേശമുള്ളത് മതിലുകൾക്ക് നികുതി ഏർപ്പെടുത്തുക എന്നതാണ്. കേൾക്കുമ്പോൾ പരിഹാസ്യമെന്നു തോന്നുമെങ്കിലും ലോകത്തിൽ ഏറ്റവും അധികം മതിലുകൾ ഉള്ള ഒരു ദേശമാണ് കേരളം. ഈ മതിലുകളെ ബയോ ഫെൻസിങ്ങിലേക്ക് പഴയ പോലെ തിരിച്ചു കൊണ്ടുവരുവാൻ താങ്കളുടെ നേതൃത്വം തുടക്കം കുറിക്കും എന്നു തന്നെ കരുതട്ടെ. നിലവിലെ അതിർത്തികളെ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞാൽ അതിരുമാന്തും എന്ന ഭയത്തിൽ മതിലുകൾ കെട്ടാൻ ഒരുങ്ങുന്നവർ അതിൽ നിന്നും ഒഴിവാകും. സുരക്ഷയെക്കരുതി മതിൽ നിർമ്മിക്കുന്നവരെ അതിൽ നിന്നും പിൻ തിരിപ്പിക്കാൻ ആധുനിക കാലത്ത് ഓരോ ഏരിയാകളിലും ക്യാമറാ സംവിധാനങ്ങളോ മറ്റു സുരക്ഷാ രീതികളോ അവലംബിക്കണം. അതിനു വേണമെങ്കിൽ പരിഷ്കൃത രാജ്യങ്ങളിൽ മതിലുകളില്ലാതെ ജീവിക്കുന്ന സ്ഥലങ്ങളിൽ സുരക്ഷയ്ക്ക് അവരൊരുക്കിയിരിക്കുന്ന രീതികളെ നമ്മൾക്ക് പിൻ പറ്റാവുന്നതാണ് . അതിന് നാട്ടിൽ പുറങ്ങളിൽ സാദ്ധ്യതയില്ലെങ്കിൽ ബയോ ഫെൻസിങ്ങ് രീതികളിൽ തന്നെ മുള്ളുമുളകൾ പോലുള്ളവ പ്രോത്സാഹിപ്പിക്കുക. ഇതൊക്കെ ആരംഭിച്ചാലും മതിലു തന്നെ വേണം എന്നുറപ്പുള്ളവർക്ക് ചതുരശ്രയടിക്ക് ടാക്സ് ഈടാക്കുക. ഒരു മതിലിന്റെ പരമാവധി കാലം കഴിഞ്ഞാൽ അത് (മതിലും വീടും) പൊളിച്ചു മാറ്റുമ്പോൾ നിർമ്മാർജനം ചെയ്യാൻ സ്ഥലമില്ലാത്തത് കൊണ്ട് അതിന്റെ പണം അധികമായ് ആദ്യം തന്നെ ഈടാക്കും എന്നത് ന്യായമാണ് .
6. എല്ലാ വർഷവും ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് മാത്രം നടാനുള്ളതാണ് മരങ്ങൾ എന്നൊരു ധാരണ ഇവിടെ ഭരിച്ചിരുന്ന സർക്കാരുകൾ ജനങ്ങൾക്ക് ഉണ്ടാക്കികൊടുത്തിട്ടുണ്ട്. അന്നത്തേക്കു മാത്രമാണ് വനം വകുപ്പിന്റെ ജില്ലാ ഓഫീസുകളിൽ നിന്ന് മരത്തൈകൾ ജനങ്ങൾക്ക് സൗജന്യമായി ലഭിക്കുക. ഒരു ജൂൺ അഞ്ചിന് വെച്ച മരം അടുത്ത വർഷം ഉണ്ടോ ഇല്ലയോ എന്നു നോക്കാതെ അതേ കുഴിയിൽ വീണ്ടും മരം നടുന്ന മന്ത്രിമാരുടെ പ്രഹസനം കണ്ടു മടുത്തു. അത് ആവർത്തിക്കുകയല്ല ഈ സർക്കാർ ചെയ്യുന്നത് എങ്കിൽ നട്ട മരങ്ങളുടെ, അല്ലെങ്കിൽ നടാൻ ഉദ്ദേശിക്കുന്ന മരങ്ങളുടെ തുടർപരിചരണം അത്യാവശ്യമാണ്. കൂടാതെ സോഷ്യൽ ഫോറസ്ട്രീയും ഞങ്ങളെപ്പോലെ ലക്ഷക്കണക്കിന് മരം നടുന്ന സംഘടനകളും ജൂൺ അഞ്ചിന് മാത്രം പത്ത് ലക്ഷം കവറുകൾ മണ്ണിലേക്ക് സമർപ്പിക്കുന്നു. ഒരു വർഷം മില്ല്യൺ കണക്കിന് പ്ളാസ്റ്റിക് കൂടുകളാണ് പ്രകൃതിയുടെ പച്ചപ്പിനും ഹരിത സമൃദ്ധിക്കും വേണ്ടി ഭൂമിയെ കുഴപ്പത്തിലാക്കുന്നത്. ഇതിൽ കൃഷിവകുപ്പിന്റെ നിലവിലെ ഗ്രോ ബാഗ് കൃഷിയെന്ന അപകടത്തെ കൂട്ടിയിട്ടില്ല. ഗ്രോബാഗ് കൃഷി അടിസ്ഥാന പരമായ് മണ്ണിനെ എങ്ങനെ ദീർഘകാലത്തിൽ ബാധിക്കും എന്നതിന് ശാസ്ത്രീയ പഠനം നടത്തിയിട്ടില്ല എന്നു വേണം അനുമാനിക്കാൻ. ബയോഡീഗ്രേഡബിള്‍ ബാഗുകളിൽ മാത്രമെ അതു ചെയ്യാവു എന്നു നിയമം കൊണ്ടുവരുക. അതല്ലാതെ ചെയ്യുന്നതിന് കൃഷിവകുപ്പിനടക്കം പ്ളാസ്റ്റിക് സംസ്കാരിക്കാനുള്ള തുകയുടെ വിലയിട്ട് അധിക നികുതി ഏർപ്പെടുത്തുക.
7. പ്രതി വർഷം അതാത് മണ്ഡലത്തിൽ നിന്നും വ്യക്തികളും പ്രസ്ഥാനങ്ങളും കെ എസ് ഈ ബി പോലുള്ള സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളും മുറിച്ചു മാറ്റുന്ന മരങ്ങളുടെ കണക്ക് ഏം എൽ എ മാർ മുഖാന്തിരം ഗവണ്മെന്റിന് സമർപ്പിക്കുന്ന രീതി വളർത്തുക.
8. വനം വകുപ്പിൽ നിന്ന് ഇപ്പോൾ മരം ലേലം ചെയ്യുന്ന രീതി വളരെ അഴിമതി മണക്കുന്ന ഒന്നാണ്. ഒരു മരം വെട്ടണമെങ്കിൽ പത്ത് മരം നടുക എന്ന രീതി മാറ്റി എടുക്കുക. ഒരു മരത്തിന്റെ വില നിശ്ചയിക്കാൻ വിവിധ മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും അൻപത് വർഷം പഴക്കമുള്ള മുപ്പത് മീറ്റർ ഉയർച്ചയൊ അതിനു തുല്ല്യമായ ശാഖകളൊ ഉള്ള ഒരു മരം പുറത്ത് വിടുന്ന ഓക്സിജൻ രണ്ടരക്കോടി രൂപയുടെതാണ്. ഒരു മരത്തിന്റെ വില നിശ്ചയിക്കുന്നതിന് നിലവിലുള്ള രീതി മാറ്റി അത് പ്രകൃതിയുമായുള്ള ആകെ സംബന്ധം കണക്കാക്കി വിലയിട്ടാൽ അത് വെട്ടുന്ന ആൾക്കാരിൽ നിന്നും ഈടാക്കിയാൽ ഇപ്പോൾ നടക്കുന്ന മരം മുറിക്കലിന്റെ 99 ശതമാനവും ഇല്ലാതാവും. ധനകാര്യവകുപ്പിന് എറ്റവും അധികം വരുമാനം ഇതിൽ നിന്നു കിട്ടുകയും ചെയ്യും. പരിസ്ഥിതിക്ക് ഇത് വലിയൊരു ഗുണവുമാവും.
9. പ്രതിവർഷം എല്ലാ എം എൽ എ മാർക്കും പുതിയ വീടുകൾക്കും കെട്ടിടങ്ങൾക്കും അനുമതി കൊടുക്കുന്നതിനൊപ്പം വെട്ടിമാറ്റപ്പെടുന്ന പച്ചപ്പിനു പകരമായി മരങ്ങൾ നിർബന്ധമായും നടുവാനുള്ള നിർദ്ദേശവും അതിനായ് ഫണ്ടും അനുവദിക്കണം. തണ്ണീർ തടങ്ങളുടെയും കുളങ്ങളുടെയും കിണറുകളുടെയും പുനരധിവാസത്തിനുള്ള പദ്ധതികൾ വേണം . എം എൽ എ മാർക്ക് ഫണ്ടു നല്കുന്നതിനൊപ്പം പാറമടകൾ പൂർണ്ണമായും നിരോധിക്കാനുള്ള പദ്ധതി ആവിഷ്കരിക്കണം അതിന് ഏറ്റവും ഉചിതം പെട്രോളിയം ഉത്പന്നങ്ങളേക്കാൾ അധികമായ് നൂറോ ആയിരമോ ഇരട്ടി നികുതി ഏർപ്പെടുത്തുക എന്നതാണ്. വരാൻ പോകുന്ന തലമുറകളുടെയും പ്രകൃതിയുടെയും നിത്യ സമ്പാദ്യമായ ഇത് നഷ്ടപ്പെട്ടാൽ തിരിച്ചുകിട്ടില്ല. ഇവയുപയോഗിച്ചു നിർമ്മിക്കുന്ന നിലവിലെ കെട്ടിടങ്ങളുടെ പരമാവധി ആയുസ്സ് 50 മുതൽ 70 വർഷം വരെയാണ് അതിനു ശേഷം കരിങ്കല്ലിന്റെ പുനരുപയോഗം സാദ്ധ്യമാവുമെങ്കിലും കോൺക്രീറ്റ് മാലിന്യ നിർമ്മാർജ്ജനത്തിന്റെ അക്കാലത്തെ ചിലവു കൂടികണക്കിലെടുത്ത് കെട്ടിട നിർമ്മാണത്തിന്റെ നികുതി വർദ്ധിപ്പിക്കുക.
10. പരിസ്ഥിതി അനുകൂല വീടുകൾക്ക് നികുതി കുറയ്ക്കുക
11. കേരളത്തിൽ ഉയർന്ന തോതിൽ ഉപയോഗിക്കപ്പെടുന്ന പ്രകൃതിക്ക് ഉപദ്രവകാരിയായ ഒന്നാണ് ഫ്ലെക്സ് ബോർഡുകൾ. ഫ്ലെക്സ് ബോർഡുകൾ വെയ്ക്കുന്നതിന് ചതുരശ്ര അടി നിരക്കിൽ ഉയർന്ന പാരിസ്ഥിതിക നികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ച് താങ്കളുടെ തന്നെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു. അത് നടപ്പിലാക്കുക . അങ്ങനെയെങ്കിൽ തുണി കൊണ്ടുള്ള പ്രിന്റഡ് ബോർഡുകൾക്ക് ഫ്ലെക്സിനെക്കാൾ ചെലവ് കുറയുകയും ആളുകൾ ഫ്ലെക്സ് ഉപയോഗിക്കുന്നതു കുറയുകയും ചെയ്യും .
12. ഇനി വരുന്ന ഭരണകാലത്തിൽ കേരളത്തിൽ പച്ചക്കറിവിപ്ലവം പ്രതീക്ഷിക്കുന്ന ജനങ്ങളുണ്ട്. അതിനു പ്രധാനകാരണം ആലപ്പുഴ ജില്ലയിൽ താങ്കൾ കൊണ്ടുവന്ന കാർഷികമാറ്റങ്ങളാണ്. വിഷമില്ലാത്ത പച്ചക്കറി കഴിക്കാൻ കേരളത്തിൽ എല്ലാവർക്കും തുല്യ അവകാശമുണ്ട്. ചെറുപ്പക്കാർക്കിടയിൽ കൃഷി ഒരു തരംഗമായിത്തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി. അതിനെ കൂടുതൽ അവസരങ്ങളിലൂടെ വരുമാനമാർഗമാക്കി മാറ്റിയാൽ എന്നുള്ളത് നടത്താൻ അത്രമാത്രം ബുദ്ധിമുട്ടില്ലാത്ത ഒരു മനോഹരമായ സ്വപ്നമാണ് .
ഇതു കൂടാതെ മറ്റൊരാവശ്യം കൂടെ ഗ്രീൻ വെയിന് താങ്കൾക്ക് മുൻപിൽ വെക്കാനുണ്ട്. മന്ത്രിയുടെ പ്രഖ്യാപനപ്രകാരം കഴിഞ്ഞ പരിസ്ഥിതി ദിനത്തിന് 217 കോടി രൂപയാണ് ഹരിതവത്കരണത്തിനു ചെലവഴിച്ചത്. 10 ലക്ഷം മരങ്ങളാണ് സോഷ്യൽ ഫോറസ്ട്രി ആ ദിവസത്തിനായി ഉത്പാദിപ്പിക്കുകയും നടുകയും ചെയ്യുന്നത്. അത് യഥാർത്ഥ കണക്കുകളാണോ എന്നു കൂടെ അറിയണം എന്നുണ്ട്. ധനമന്ത്രി എന്ന സ്ഥാനത്ത് മണ്ണിൽ ഇറങ്ങി നടക്കുന്ന ഒരാൾ വന്നിരിക്കുന്നത് ആനന്ദം തന്നെയാണ്. പ്രസംഗങ്ങൾക്കല്ല, താങ്കളുടെ പ്രവൃത്തികൾക്കായി കാത്തിരിക്കുകയാണ് .
Be the first to write a comment.