അംബേദ്കറൈറ്റുകളും കമ്മ്യൂണിസ്റ്റുകളും തമ്മിലെ സഹകരണം വർദ്ധിച്ചു വരികയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞുവെന്ന വാർത്ത വായിച്ചത് ഈയിടെയാണ്. തീർത്തും സ്വാഗതാർഹമായ, ഒരു പക്ഷേ വളരെമുൻപേ നടക്കേണ്ടിയിരുന്ന, ഒരു മാറ്റം തന്നെയാണത്.

ചുവപ്പും നീലയും നിറങ്ങളുള്ള രണ്ട് പതാകകളുടെ പ്രതീകാത്മകസങ്കലനം. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും അധ:സ്ഥിതരുടേയും വിമോചനത്തിനായി വിഭിന്നമായ പാതകൾ തിരഞ്ഞെടുത്തവരുടെ രണ്ട് വ്യത്യസ്തമായ അഭിവാദനമുറകളുടേയും. നീൽ സലാമിനോട് ലാൽ സലാമെന്നും തിരിച്ചുമുള്ള പ്രത്യഭിവാദനം ഏറെ ആഹ്ലാദംനൽകുന്നത് അത് ചരിത്രത്തിലെ ചില തെറ്റുകളുടെ തിരുത്തായതുകൊണ്ടു  മാത്രമല്ല, മറിച്ച് കുറേ പുതിയ ശരികളുടെ സാധ്യതകൾ തുറന്നിടുന്നു എന്നതുകൊണ്ടുകൂടിയാണ്.

എന്നാൽ, മാർക്സിസത്തിന്റെയും ദളിത് രാഷ്ട്രീയത്തിന്റെയും അടിസ്ഥാന ധാരണകൾക്കകത്തു നിന്നുകൊണ്ടു മാത്രം പരിഹരിക്കാവുന്ന പ്രശ്നങ്ങളുടെ ഒരു ചരിത്രസന്ധിയിലൂടെയല്ല ഈ നാട് ഇന്ന് കടന്നുപോകുന്നത്. കാലാവസ്ഥാവ്യതിയാനവും ജലദൗർലഭ്യവും വരൾച്ചയുമൊക്കെ ജനലക്ഷങ്ങളുടെ നിത്യജീവിതത്തെ ദുരന്തപൂർണ്ണമാക്കുന്ന,  ഭൂമിയെന്ന ആവാസവ്യവസ്ഥയെതന്നെ തകിടം മറിച്ചേക്കാവുന്ന ഒരു ആഗോളപ്രതിസന്ധിയെ നേരിടുകയായാണ് ലോകമിന്ന്. ഈ പ്രതിസന്ധി ഉണ്ടാക്കാനിരിക്കുന്ന പ്രത്യാഘാതങ്ങളെ താങ്ങാനും പ്രതിരോധിക്കാനുമുള്ള അവഗാഹവും കാര്യശേഷിയുമുള്ള ഒരു രാഷ്രീയനേതൃത്വം നമ്മുക്കിന്നില്ല. ഉപരിപ്ലവമായ വാചോപാടങ്ങൾക്കപ്പുറം ഈ പാരിസ്ഥിതികപ്രതിസന്ധിയുടെ ആഴവും അർത്ഥവും മനസ്സിലാക്കുന്ന ഒരു രാഷ്ട്രീയം ഉയർന്നു വരേണ്ടിയിരിക്കുന്നു. ചുവപ്പിനും നീലയ്ക്കുമൊപ്പം ഹരിതരാഷ്ട്രീയത്തിന്റെ പച്ച. ഭൌതികശാസ്ത്രം ഈ മൂന്നു നിറങ്ങളെ പ്രാഥമികവർണ്ണങ്ങൾ എന്ന് വിളിക്കുന്നത് ഇവയുടെ സങ്കലനം മറ്റെല്ലാ വർണ്ണവൈവിധ്യങ്ങളെയും സാധ്യമാക്കുന്നതുകൊണ്ടാണല്ലോ. ഭാവിയിലെ ജനപക്ഷരാഷ്ട്രീയത്തിന്റെ  മൂന്ന് അടിസ്ഥാനധാരകളുടെ കൊടിനിറങ്ങൾ പ്രാഥമിക വർണ്ണങ്ങളാണെന്നത് യാദൃശ്ചികം മാത്രമാണെങ്കിലും ഒരു  പ്രതീകാത്മകമാനം കൈവരിക്കുന്നുണ്ട്.

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന ചോദ്യത്തെ ഏതെങ്കിലുമൊരു  മരകവിയുടെ പൈങ്കിളിത്തമോ കുറച്ചു അരാഷ്ട്രീയ റൊമാന്റിക് ബുദ്ധിജീവികളുടെ ഭ്രമാത്മകചിന്തകളോ ആയി തള്ളികളയാനാകുന്ന കാലമല്ല ഇത്.  ഇക്കഴിഞ്ഞ ഫെബ്രുവരി ആഗോളതലത്തിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂട് കൂടിയ മാസമായിരുന്നത്രേ. ശാന്തസമുദ്രത്തിലെ ഉഷ്ണജലപ്രവാഹങ്ങളുടെ ഗതിവ്യതിയാനങ്ങളുമായി ബന്ധപ്പെട്ട് ഇടക്കിടെയുണ്ടാകുന്ന  എൽ-നിനോ  പ്രതിഭാസം ഇത്തവണത്തെ ഉയർന്ന താപനിലയ്ക്ക്  ഒരു നിമിത്തമായിരുന്നെങ്കിലും നിരന്തരമായി വർദ്ധിക്കുന്ന ആഗോളതാപനത്തെ പ്രകൃതിയിലെ ഒറ്റപ്പെട്ട പ്രതിഭാസങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാനൊക്കില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ബ്രിട്ടീഷ് അന്റാർട്ടിക് സർവേയിലെ പ്രൊഫ. ഡേവിഡ്‌ വോഗനെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട് ചെയ്തത് ഇങ്ങനെയാണ്: ‘പുതിയ കാലത്തിന്റെ നടപ്പുരീതി താപനിലയുടെ ക്രമേണയുള്ള വർദ്ധനവാണ്. വരാനിരിക്കുന്ന ഒരു വിപൽക്കാലത്തിന്റെ സൂചനയാണിത്’. പ്രസ്തുതലേഖനം എടുത്തെഴുതുന്ന അലാസ്ക്ക, ഇൻഡോനേഷ്യ, എത്യോപ്യ എന്നിങ്ങനെ ഭൂഗോളത്തിന്റെ മൂന്ന് കോണുകളിൽ സ്ഥിതി ചെയ്യുന്ന നാടുകളിൽ ഈ ആഗോളതാപനം വിതക്കുന്ന കെടുതികളുടെ വിവരണങ്ങൾ വായിച്ചാൽ മതി ആസന്നഭാവിയിൽ നമ്മെ കാത്തിരിക്കുന്ന ദുരിതങ്ങളുടെ തീക്ഷണത മനസ്സിലാക്കാൻ. (Robin Mckie-യുടെ ഗാർഡിയൻ ലേഖനം. മാർച്ച് 20)

ഇത്തവണത്തെ വേനൽ ഇന്ത്യയിലും കൊടുംകെടുതികളാണ് വിതക്കുന്നത്. മുന്പെങ്ങും ഇല്ലാത്തരീതിയിലുയർന്ന താപനിലയിൽ നഗരങ്ങൾ വെന്തുരുകുന്പോൾ കൊടിയ വരൾച്ചയും ജലക്ഷാമവും വിളനാശവും ഗ്രാമങ്ങളെ പിടിമുറുക്കുകയാണ്. ലത്തൂർ, ബുന്ദേർകണ്ട്, റാലയസീമ, മറാത്തവാഡ തുടങ്ങിയ സ്ഥലങ്ങളൊക്കെ വരൾച്ചയുടേയും വറുതിയുടേയും നരകകാലത്തിന്റെ നേർകാഴ്ച്ചകളായി മാറികൊണ്ടിരിക്കുന്നു. ഈ ദുരിതങ്ങളിൽനിന്നും രക്ഷതേടി ഗ്രാമങ്ങളുപേക്ഷിച്ച് നഗരങ്ങളിലേക്കുള്ള അഭയാർഥികളുടെ നിസ്സഹായമായ പാലായനങ്ങൾ നിത്യസംഭവങ്ങളാകുന്നു. കുടിവെള്ളത്തിനായുള്ള കലാപങ്ങൾ ക്രമസമാധാനപ്രശ്നമായി മാറിയേക്കുമെന്ന് അധികാരികൾ ഭയപ്പെടുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലും ഇതുവരെ ഒരിക്കലും വറ്റിയിട്ടില്ലാത്ത തണ്ണീർതടങ്ങൾ പോലും അസഹനീയമായ ചൂടിൽ വറ്റിതീരുന്നു.

ആഗോളതാപനത്തിന്റെയും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനങ്ങളുടേയും ശാസ്ത്രം യഥാർഥത്തിൽ വളരെ ലളിതമാണ്. കാർബൺ അടങ്ങിയ കൽക്കരി, പെട്രോളിയം ഉൽപന്നങ്ങൾ,  ലിഗ്നൈറ്റ് തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപഭോഗം അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ (CO2) അളവ് വർദ്ധിക്കുന്നതിനിടയാക്കുന്നു. CO2 പോലുള്ള ഹരിതഗൃഹ വാതകങ്ങൾ താപവാഹകരായ ഇൻഫ്രാറെഡ് വികിരണങ്ങളെ കൂടുതലായി ആഗിരണം ചെയ്യുമെന്നതിനാൽ ഇതു അന്തരീക്ഷത്തിന്റെ ശരാശരി താപനില ഉയർത്തുന്നു. ഗുരുതരമായ പ്രത്യാഘാതങ്ങളാണ് താപനിലയിലെ ഈ വർദ്ധനവ്‌ ഉണ്ടാക്കുകയെന്ന കാര്യത്തിൽ  മിക്കവാറും എല്ലാ ശാസ്ത്രജ്ഞരും യോജിപ്പിലാണ്; ഈ പ്രവണതക്ക് കടിഞ്ഞാണിട്ടില്ലെങ്കിൽ നമ്മുടെ ആവാസവ്യവസ്ഥയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായി തീർന്നേക്കുമെന്നതിനും.

പക്ഷേ ലോകത്തെന്പാടുമുള്ള ശാസ്ത്രകാരന്മാരും സ്ഥാപനങ്ങളും ആധുനികശാസ്ത്ര സിദ്ധാന്തങ്ങളുടേയും പരീക്ഷ്ണ നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ എന്തുതന്നെ തെളിവുകൾ നിരത്തിയാലും അവയൊക്കെ അസംബന്ധമെന്നു സ്ഥാപിക്കാൻ ഒരുങ്ങിയിരിക്കുന്ന പ്രബലമായ ഒരു വിഭാഗവും സജീവമാണ്. കാലാവസ്ഥാവ്യതിയാന നിഷേധികൾ (climate change deniers) എന്ന്  നവോമി ക്ലീനിനെ പോലുള്ളവർ വിളിക്കുന്ന ഇക്കൂട്ടരെ നയിക്കുന്നത്, പ്രകൃതിയെ കൊള്ളമുതലായി കാണുന്ന പ്രത്യയശാസ്ത്രങ്ങളും കാലാവസ്ഥാവ്യതിയാനത്തെ തടയാനുള്ള ശ്രമങ്ങൾ വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയേക്കാവുന്ന കോർപ്പറേറ്റുകളുടേതടക്കമുള്ള നിക്ഷിപ്തതാല്പര്യങ്ങളുണെന്ന് വ്യക്തമാണ്. ഒരാളുടെ സാമൂഹ്യബോധത്തെ അത്യന്തികമായി നിർണ്ണയിക്കുന്നത് അയാളുടെ സാമൂഹ്യാസ്തിത്വമാണെന്ന് മാർക്സ്‌ പറഞ്ഞത്  ഇവിടെ ഓർക്കാം. നിലനിൽക്കുന്ന വ്യവസ്ഥയെ അതേപടി നിലനിർത്താനുള്ള അധീശവർഗ്ഗ താല്പര്യങ്ങളാണ് ഇവരുടേതെന്ന് ചുരുക്കം.

കടലിൽ കാടുണ്ടായിട്ടാണോ മഴ പെയ്യാത്തത് എന്ന രീതിയിലുള്ള അസംബന്ധങ്ങളെങ്കിലും കേൾക്കുന്പോൾ ശരിയെന്നു തോന്നുന്ന ലളിതയുക്തികൾ, കാലാവസ്ഥാവ്യതിയാനമെന്ന സങ്കീർണ്ണയാഥാർത്യത്തെ തീർത്തും നിസ്സാരവൽക്കരിച്ച് മൂന്നാംതരം തമാശകളിലേക്കൊതുക്കുന്ന വിമർശനങ്ങൾ, അർദ്ധസത്യങ്ങൾ തുടങ്ങിയവയൊക്കെയാണ് ഇവരുടെ ആയുധങ്ങൾ.

പലപ്പോഴും തീർത്തും സ്പഷ്ടമായ വസ്തുനിഷ്ഠയാഥാർത്യങ്ങൾ അവഗണിക്കപ്പെടുകയും ഇത്തരം പ്രചരണങ്ങൾക്ക് അംഗീകാരം ലഭിക്കുകയും ചെയ്യുന്നതിന് കാരണങ്ങളെന്താകാം?  അജ്ഞതയാണ് ഒരു കാരണം എന്ന് തോന്നുന്നു. ഈയിടെ കുറെപേരോട് ഈ വിഷയങ്ങളെക്കുറിച്ച് സാന്ദർഭികമായി സംസാരിച്ചപ്പോൾ മനസ്സിലായത് ശാസ്ത്രത്തിലും സാങ്കേതികവിദ്യകളിലും വിദ്യാഭ്യാസം ഉള്ളവരിൽ ഒരു വലിയ വിഭാഗത്തിനുപോലും ഈ കാര്യങ്ങളിൽ വലിയ പിടിപാടില്ല എന്നാണ്; ഇക്കാര്യത്തിൽ പ്രസക്തമായ ശാസ്ത്രതത്വങ്ങൾ വളരെ ലളിതമാണെങ്കിലും.  മരങ്ങൾ നട്ടുപിടിപ്പിച്ചാൽ തണലും അത് വഴി ചെറിയ ഒരു ആശ്വാസവും ഉണ്ടാകും എന്നല്ലാതെ അത് അന്തരീക്ഷതാപനിലയെ സ്വാധീനിക്കുമെന്ന് തോന്നുന്നിലെന്ന “പഠിച്ചുറപ്പിച്ച” അഭിപ്രായം കേട്ടത് അതിന് ഒരുദാഹരണം മാത്രം.

ഒരു പക്ഷെ അതിലും പ്രധാനപ്പെട്ട കാരണം അപ്രിയസത്യങ്ങളെ അംഗീകരിക്കാനുള്ള മനുഷ്യന്റെ സ്വാഭാവികമായ മടിയാണ്. തങ്ങൾ ഇത്രയും കാലം അനുഭവിച്ചുവരുന്ന സുഖസൗകര്യങ്ങൾ, ശീലങ്ങൾ തുടങ്ങിയവ അടിസ്ഥാനപരമായി വെല്ലുവിളിക്കപ്പെട്ടേക്കാവുന്ന ഒരു അവസ്ഥയെ പലപ്പോഴും മനുഷ്യർ നേരിടുക അങ്ങിനെയൊരു യാഥാർത്യത്തെതന്നെ തള്ളി പറഞ്ഞുകൊണ്ടായിരിക്കും. മനശാസ്തജ്ഞർ പലപ്പോഴും ചൂണ്ടികാട്ടിയിട്ടുള്ളതുപോലെ ജീവിതത്തെ മാറ്റിമറിച്ചേക്കാവുന്ന മാറ്റങ്ങളെ പലരും ആദ്യം നോക്കികാണുക ഞെട്ടലിൽനിന്നും അനിഷ്ടത്തിൽനിന്നും ഉണ്ടാകാവുന്ന നിഷേധമനോഭാവത്തോടെയായിരിക്കും.

പരിസ്ഥിതി പ്രശ്നങ്ങളെ മുൻനിരയിൽ നിർത്തുന്ന ജനപക്ഷരാഷ്ട്രീയത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. നമ്മുടെ കാലത്തെ പരിസ്ഥിതിരാഷ്ട്രീയത്തിന് പരസ്പരം നിർണ്ണയിക്കുന്ന ആഗോളവും പ്രാദേശികവുമായ മാനങ്ങളുണ്ട്. മനുഷ്യസമൂഹം ഇന്നെത്തിനിൽക്കുന്ന പാരിസ്ഥിതിക അടിയന്തിരാവസ്ഥയെകുറിച്ച് അന്താരാഷ്ട്രസമൂഹം ഇന്ന് ഏതാണ്ട് ഏകാഭിപ്രായക്കാരാണ്. യുനൈറ്റെഡ് നാഷൻസ് ഫ്രേംവർക്ക്‌ ഓൺ ക്ലൈമറ്റ് ചേഞ്ച്‌ (UNFCC) ആഗോളതാപനം നിയന്തിക്കുന്നതിൽ എല്ലാ രാജ്യങ്ങൾക്കുമുള്ള നേതൃത്വം ഊന്നിപറയുന്പോൾ തന്നെ വികസിതരാജ്യങ്ങൾക്ക് നേതൃപരമായ പങ്കുണ്ടെന്ന് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. വികസിതരാജ്യങ്ങൾ പിന്തുടർന്നുവന്ന വികസനരീതികളാണ് ഈ ആഗോള പ്രതിസന്ധിക്ക് കാരണമാണെന്നതിന്റെ സമ്മതമായി വേണം ഇതിനെ മനസിലാക്കേണ്ടത്. പക്ഷെ പ്രായോഗികമായ തിരുമാനങ്ങൾ എടുക്കേണ്ട ചർച്ചകളിലൊക്കെ വികസിതരാജ്യങ്ങളുടെയും മറ്റുലോകരാജ്യങ്ങളടെയും തമ്മിലുള്ള താല്പര്യങ്ങളിലെ വൈരുദ്ധ്യങ്ങൾ മറനീക്കി പുറത്തുവരുന്നതായാണ് അനുഭവം. ആഗോളതാപനം പരിഹരിക്കുന്നതിൽ എല്ലാ രാജ്യങ്ങളും തുല്ല്യപങ്കു വഹിക്കണം എന്ന നിലപാട് അംഗീകരിപ്പിക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള സമീപനങ്ങളാണ് വികസിതരാജ്യങ്ങൾ എപ്പോഴും പിന്തുടർന്നു പോരുന്നത്. ഇക്കഴിഞ്ഞ പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ  (COP21) അതിന് പറ്റില്ലെന്ന് വന്നപ്പോൾ, ആ സമ്മേളനത്തിന്റെ നിർദ്ദേശങ്ങളൊന്നും തന്നെ നിയമപരമായി നടപ്പിലാക്കാൻ ഒരു രാജ്യത്തിനും ബാധ്യതയില്ല എന്ന തിരുമാനത്തിലേക്കെത്തിക്കുന്നതിന് വികസിത രാജ്യങ്ങൾക്കായി. ഈ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തെ നിയന്ത്രണാധീനമാക്കുന്നതിന് 196 രാജ്യങ്ങൾ ഒപ്പുവെച്ച കരാറിൽ അങ്ങിനെ വെള്ളം ചേർക്കപ്പെട്ടു. നിയമപരമായി ബാധ്യതയില്ലാതെ സ്വമേധയാ  ഭൂമിയിലെ താപനിലയില്‍ ഉണ്ടാകുന്ന വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസിൽ അധികമാകാതിരിക്കാനുള്ള ദൂരവ്യാപകമായ അടിയന്തിരനടപടികൾ എത്ര  ലോകരാജ്യങ്ങൾ കൈകൊള്ളുമെന്ന് കണ്ടുതന്നെ അറിയണം.

ആഗോളവൽക്കരണത്തിന്റെയും നിയോലിബറൽ സാമ്പത്തികക്രമത്തിന്റെയും ദൂഷ്യഫലങ്ങൾക്ക് മറു വഴികൾ തേടാൻ കെൽപ്പും ഇച്ഛാശക്തിയുമുള്ള അവികസിത/വികസ്വരരാജ്യങ്ങളിലെ ഗവൺമെന്റുകളുടെ കൂട്ടായ്മക്കു മാത്രമേ വികസിതരാജ്യങ്ങളുടെ ഈ തന്ത്രങ്ങളെ പ്രതിരോധിക്കാനാകൂ. അതതുരാജ്യങ്ങളിലെ സർക്കാരുകളിൽ ശക്തമായ സ്വാധീനം ചെലുത്താൻകഴിയുന്ന ആഗോളവൽക്കരണത്തിന്റെയും പരിസ്ഥിതിയുടെയും ധനശാസ്ത്രവും രാഷ്ട്രീയവും ശരിയായി  മനസ്സിലാക്കുന്ന ദേശീയപ്രസ്ഥാനങ്ങളുടെ  അഭാവത്തിൽ ഈ നിലക്കുള്ള നയരൂപീകരണശ്രമങ്ങൾ ഫലം കാണില്ല.

ആഗോളനയരൂപീകരണങ്ങളിൽ പാരിസ്ഥിതികാവബോധമുള്ള രാഷ്രീയത്തിനുള്ള പങ്കിന്റെ അത്രതന്നെ നിർണ്ണായകമാണ് ഈ രാഷ്ട്രീയത്തിന് പ്രാദേശികമായി നടത്താനുള്ള ഇടപെടലുകളും. പാരിസ്ഥിതികപ്രശ്നങ്ങളെ നേരിടുന്നതിനായി എന്തെങ്കിലും ചെയ്തേപറ്റൂ എന്ന നിർബന്ധിതാവസ്ഥയിലേക്ക് സർക്കാരുകൾക്കും നയരൂപീകരണവിദഗ്ദ്ധരുമൊക്കെ എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷവും ഉണ്ടായിവരുന്നുണ്ട്; അന്താരാഷ്‌ട്രഉടന്പടികൾ കാരണമായി മാത്രമല്ല സമൂഹത്തിലെ അടിത്തട്ടിൽ ഉണ്ടായിവരുന്ന മാറ്റങ്ങളാലും.   നഗരങ്ങളിലെ അതീവ അപായകരമാംവണ്ണം വളർന്നു വരുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ തോത് നിയന്തിക്കാനായി ഡീസൽ വാഹനങ്ങൾക്ക് അധികനികുതി ചുമത്താനുള്ള നീക്കം ഒരു ഉദാഹരണം. ഇത്തരം നിയമ നിർമ്മാണങ്ങളും നയരൂപീകരണങ്ങളുമൊക്കെ പലപ്പോഴും സാധാരണ ജനങ്ങളുടെ ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കുകയാണ് ചെയ്യുക. ഏതു ദുരന്തങ്ങളുടേയും ദുരിതനിർവാരണങ്ങളുടേയും അധികഭാരം ചെലവുചുരുക്കലിന്റെയും അധികനികുതികളുടെയുമൊക്കെ രൂപത്തിൽ ചുമക്കേണ്ടിവരിക സാധാരണജനങ്ങളാണെന്നത് അവരുടെ ആഗോളമുതലാളിത്തത്തിനകത്തെ സമീപകാലാനുഭവങ്ങളുടെ കയ്പുനിറഞ്ഞ പാഠങ്ങളിലൊന്നാണ്. പരിസ്ഥിതിയുടെ രാഷ്ട്രീയത്തെ എത്രയും വേഗം ഉൾക്കൊള്ളാനും സ്വാംശീകരിക്കാനും കഴിഞ്ഞ ഒരു ജനപക്ഷരാഷ്ട്രീയം രൂപപെട്ടുവരണം. അല്ലെങ്കിൽ ആഗോളതലത്തിൽ വികസിതരാജ്യങ്ങൾ അവികസിതരാജ്യങ്ങളിലേക്ക് കാലവസ്താനിയന്ത്രണത്തിനുള്ള നടപടികൾ മൂലമുള്ള തിക്തഫലങ്ങൾ കൈമാറാൻ ശ്രമിക്കുന്ന പോലെ, ദേശീയതലത്തിൽ ഇവിടുത്തെ സന്പന്നവർഗ്ഗം ഭൂരിഭാഗം വരുന്ന ദരിദ്രജനങ്ങളിലേക്ക് ഇത്തരം നടപടികളുടെ അധികഭാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കും. അത്  സാധാരണജനങ്ങളുടെ ജീവിതത്തെ അത്യന്തം ദുരിതപൂർണ്ണമാക്കുന്ന ഒരു സ്ഥിതിവിശേഷത്തിലേക്കാണ് നയിക്കുക.

നമ്മുക്ക് വേണ്ടത് സുസ്ഥിരവികസനത്തിനും നാട്ടിന് ചേർന്ന സാങ്കേതികവിദ്യക്കും വേണ്ടിയുള്ള മുന്നേറ്റങ്ങളെയും മണ്ണിനും വായുവിനും വെള്ളത്തിനും പാർപ്പിടത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളെയും അധ:സ്ഥിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും തുല്യനീതിക്കായുള്ള സമരങ്ങളെയും തൊഴിലെടുക്കുന്നവരുടെ അവകാശ സമരങ്ങളെയുമൊക്കെ ഒന്നിച്ചു നിർത്താനും ദിശാബോധം നല്കാനും കഴിവുള്ള ബഹുജനരാഷ്ട്രീയമാണ്. അങ്ങിനെയൊരു സാധ്യതയെ ദുർബലപ്പെടുത്തുന്ന പ്രധാനകണ്ണികളിലൊന്ന്‌ പാരിസ്ഥിതിക പ്രതിസന്ധിയുടെ സാമൂഹ്യവും സാന്പത്തികവും രാഷ്ട്രീയവും  സാംസ്കാരികവുമായ മാനങ്ങളെ തിരിച്ചറിയാതെ പോകുന്ന പരിസ്ഥിതിപ്രസ്ഥാനങ്ങളാണ്. ഈ പ്രസ്ഥാനങ്ങൾ നിർദേശിക്കുന്ന പരിഹാരങ്ങൾ പലപ്പോഴും കാടുകാണാതെ മരം മാത്രം കാണുന്ന തരത്തിലായി പോകുന്നു. സംഘടിതമായ ഒരു സാമൂഹ്യ-രാഷ്ട്രീയമുന്നേറ്റത്തിന്റെ അഭാവത്തിൽ കുറച്ചു മരതൈകൾ നടുന്നതും ഏതാനും പേർ ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതും ഒക്കെ കടലിൽ കായം കലക്കുന്നതിന് തുല്യമായ വൃഥാവ്യായാമങ്ങളായി മാറുന്നു.  കൃത്യമായ രാഷ്ട്രീയനിലപാടുകൾ  എടുക്കാറുള്ള ജനകീയ പ്രതിരോധസംഘടനകളുടെ കൂട്ടായ്മ ആയ NAPM പോലുള്ള പ്രസ്ഥാനങ്ങളെ മറന്നു കൊണ്ടല്ല ഈ പറയുന്നത്. പക്ഷേ ഈ പ്രസ്ഥാനങ്ങൾക്ക് മുഖ്യധാരാരാഷ്ട്രീയത്തിലുള്ള സ്വാധീനം തുലോം ചെറുതാണ്.

മുതലാളിത്ത സന്പത്ത് വ്യവസ്ഥയുടെ ആന്തരികവൈരുദ്ധ്യങ്ങളാണ് പാരിസ്ഥിതിക പ്രതിസന്ധികളുടെ കാതലെന്നു കാണുക വിഷമമുള്ള കാര്യമല്ല. ലാഭമെന്ന ഒരേയൊരു ചാലകശക്തിയാൽ നയിക്കപ്പെടുന്ന ഒരു വ്യവസ്ഥക്ക് ഉത്പാദനത്തിന്റെയും ഉപഭോഗതിന്റെയും പരിധികളില്ലാത്ത വളർച്ച ലക്ഷ്യമാക്കിയേ മതിയാവൂ. രണ്ടു രീതിയിലാണ് ഈ പ്രക്രിയ പരിസ്ഥിതിയെ സാരമായി ബാധിക്കുന്നത്. ഒന്നാമതായി, വ്യാവസായിക മുതലാളിത്തത്തിന്റെ  തുടക്കം തൊട്ട് ഒരിക്കലും തീരാത്ത അസംസ്കൃത സാധനങ്ങളുടെ കലവറയായാണ്  മുതലാളിത്തം ഭൂമിയെ കാണുന്നത്. സമൂഹത്തിന്റെ പൊതുസ്വത്തായ ഭൂമിയേയും വെള്ളത്തെയും വായുവിനെയും പോലും മൂലധനത്തിന്റെ ആദിമസംഭരണത്തിന്റെ ഭാഗമാക്കി മാറ്റുന്ന മുതലാളിത്തയുക്തി  പരിസ്ഥിതിപ്രതിസന്ധികൾക്ക് ആക്കം കൂട്ടുന്നു. രണ്ടാമതായി, മിച്ചമൂല്യവും അതുവഴി ലാഭവും വർദ്ധിപ്പിക്കുകയെന്നത്  അതിന്റെ നിലനിൽപ്പിന്റെ തന്നെ അടിസ്ഥാനനിയമമായതിനാൽ മുതലാളിത്തത്തിന്  ഉദ്പാദനശക്തികളുടെയും ഉല്പാദനരീതികളുടെയും നിരന്തരമായ നവീകരണത്തെയും വളർച്ചയെയും ആശ്രയിച്ചെ പറ്റൂ. സാങ്കേതികവിദ്യയിൽ ഇങ്ങനെയുണ്ടാകുന്ന കുതിച്ചുചാട്ടങ്ങൾ പലപ്പോഴും സഹജമായ ദീർഘവീക്ഷണത്തിന്റെ അഭാവത്തിൽ വൻതോതിലുള്ള പ്രകൃതി നശീകരണത്തിന് ഇടയാക്കിയിട്ടുണ്ട് എന്ന് ചരിത്രം പറഞ്ഞു തരുന്നു.

അങ്ങിനെ നോക്കുന്പോൾ ഉദ്പാദനപ്രക്രിയയുടെമേലുള്ള ഫലപ്രദമായ സാമൂഹ്യനിയന്ത്രണം മാത്രമാണ് ആഗോളതാപനമടക്കമുള്ള പരിസ്ഥിതി പ്രതിസന്ധികൾക്കുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമാർഗ്ഗം എന്ന് കാണാൻ കഴിയും. ആഗോള മുതലാളിത്തത്തിന്റെ ഉദ്പാദനബന്ധങ്ങളുടെ പുന:സംഘടന കൂടാതെ ഇത് സാധ്യമാകില്ല. സമകാലീനമുതലാളിത്തത്തെ സാധ്യമാക്കുന്ന, ഉപ്പു തൊട്ട് കർപ്പൂരം വരെ മാത്രമല്ല ആനന്ദം, സംസ്‌ക്കാരം തുടങ്ങിയ അമൂർത്തമായ ഉല്പന്നങ്ങളെയും വിപണിയുടെ പിടിയിൽ കൊണ്ടുവരുന്ന, ആഗോളവൽക്കരിക്കപെട്ട ഫിനാൻസ്, ഉദ്പാദനം, തൊഴിൽ, മാർക്കറ്റ് എന്നീ ഘടകങ്ങളെ നിലനിർത്തുന്ന സാമൂഹ്യബന്ധങ്ങളെയും സംഘടനാരൂപങ്ങളെയുമാണ് മുതലാളിത്തത്തിന്റെ ഉദ്പാദനബന്ധങ്ങളെന്ന് ചുരുക്കി പറഞ്ഞത്.

അംബേദ്കറൈറ്റുകളും മാർക്സിസ്റ്റുകളും തമ്മിലുള്ള യോജിപ്പുപോലെ മാർക്സിസ്റ്റുകളും പരിസ്ഥിതിവാദികളും തമ്മിലുള്ള സഹകരണത്തിന്റെ ഇടവും വ്യവസ്ഥാവിമർശനത്തിന്റെതാണ്; അതിൽ നിന്നുയർന്നുവരുന്ന രാഷ്ട്രീയത്തിന്റെതാണ്. ഒരച്ചിൽവാർത്ത ഏകശിലാഘടനയുള്ള ഒരു പ്രത്യയശാസ്ത്രത്തിന്റെ കുടകീഴിൽ ഈ മൂന്നു ധാരകളെ ഒന്നിപ്പിക്കണം എന്നൊന്നുമല്ല പറഞ്ഞ് വരുന്നത്. ഒരേ ദിശയിലേക്കാണ് പോക്ക് എന്നതുകൊണ്ടുതന്നെ സഹജമായ കൂടിച്ചേരലുകൾക്ക്  സാധ്യതയുള്ള ചിന്തയുടെയും പ്രവൃത്തിയുടെയും ധാരകളാണിവ എന്നുമാത്രമാണ്.
“ഒരു ഞണ്ടിനെ കൊഞ്ചുമായും ഓർക്കിഡിനെ വസന്ത കുങ്കുമ ചെടിയുമായും ബന്ധപെടുത്തുന്നതെന്താകാം? ഇവയെ ഒക്കെയും ഞാനുമായും, പിന്നെ എന്നെ നീയുമായും കണ്ണി ചേർക്കുന്നതെന്താകാം?” (“What pattern connects the crab to the lobster and the orchid to the primrose and all the four of them to me? And me to you?”) പ്രശസ്ത നരവംശശാസ്ത്രജ്ഞനും  ഇക്കൊളജി ഓഫ് മൈൻഡ് തുടങ്ങിയ കൃതികളുടെ കർത്താവുമായ ഗ്രിഗോറി ബേറ്റ്സന്റേതാണ് ഈ ചോദ്യം. പ്രകൃതിയിലെ, നമ്മുടെ ആവാസവ്യവസ്ഥയിലെ, ഓരോ കണ്ണിയും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു എന്ന ആഴമേറിയ പാരിസ്ഥിതികാവബോധത്തെ അടയാളപ്പെടുത്തുന്ന ഒരു ചോദ്യമാണത്. മാർക്സിനെ ശ്രദ്ധാപൂർവം വായിക്കുന്ന ഒരാൾക്ക് സമാനമായ ഒരു പാരിസ്ഥിതികാവബോധത്തിന്റെ നിഴലാട്ടങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കണ്ടെടുക്കാൻ കഴിയും. മനുഷ്യനിൽ സാക്ഷാത്കരിക്കപ്പെട്ട പ്രകൃതിയും പ്രകൃതിയിൽ സാക്ഷാത്കരിക്കപ്പെട്ട മനുഷ്യനും മാർക്സിന്റെ കൂടെ സ്വപ്നമായിരുന്നു.. മാർക്സിന്റെയും എംഗൽസിന്റെയും ലോകവീക്ഷണത്തിൽ അന്തർലീനമായ പാരിസ്ഥിതികാവബോധത്തെ തിരിച്ചറിയാനും വളർത്തിയെടുക്കാനും മാർക്സിസത്തിന്റെ ഒട്ടുമിക്ക പിൻകാല പ്രയോക്താക്കളും പരാജയപ്പെട്ടുവെങ്കിലും.

 

Comments

comments