മലയാള സിനിമ അതിന്റെ മുഖ്യധാരാ/മുഖ്യധാരേതര ചരിത്രങ്ങളിലൂടെ സാധൂകരിച്ചും സ്ഥിരീകരിച്ചുമെടുത്ത വര്‍ണ/ജാതി/വര്‍ഗ/മൂല്യ സങ്കല്‍പങ്ങളെയും സൗന്ദര്യ മുന്‍ഗണനകളെയും കീഴ്‌മേല്‍ മറിച്ചുകൊണ്ടാണ്‌ കമ്മട്ടിപ്പാടത്തെ ചതുപ്പുകള്‍, കാഴ്‌ചയിലെയും ബോധത്തിലെയും പ്ലാസ്റ്റിക്‌/കോണ്‍ക്രീറ്റ്‌ എടുപ്പുകളെ വെല്ലുവിളിക്കുന്നത്‌. തന്റെ മരണമായെന്നറിയാതെ, ആ മരണത്തിനു തൊട്ടുമുമ്പായി ട്രാവലറില്‍ പോകവെ ബാലന്‍ ചേട്ടന്‍(മണികണ്‌ഠന്‍), സഹോദരനായ ഗംഗ(വിനായകന്‍)യോട്‌ പറയുന്നുണ്ട്‌. നമ്മളൊക്കെ സുന്ദരിമാരെ കെട്ട്യാല്‍ പണികിട്ടും. ചാരായം വാറ്റുകാരിയായ റോസമ്മ(അമല്‍ദാ ലിസ്‌)യെ കെട്ടി വീട്ടിലെത്തിച്ചതും തടയാന്‍ വന്ന അമ്മായിയമ്മയെ തള്ളി അവള്‍ അകത്തു കയറി പോയതും മാത്രമല്ല; നാട്ടുകാരെയും തമ്പ്രാക്കളെയും സ്വന്തം സമുദായാംഗങ്ങളെയും വരെ വിറപ്പിച്ചു പോന്നിരുന്ന തെമ്മാടിയായ തന്നെയും അവള്‍ വക വെക്കുന്നില്ല എന്നതാണ്‌ ബാലന്റെ ആണ്‍ പ്രമാണിത്തത്തെ ശിഥിലീകരിക്കുന്നത്‌. എന്നാലതല്ല, നിര്‍ണായകം. അമാനവരായ തൊഴിലാളി/ദളിത്‌/അവശ ക്രിസ്‌ത്യാനി വിഭാഗങ്ങളില്‍ പെട്ട മെലിഞ്ഞു നീണ്ടതും കുറുകിയതുമായ സ്‌ത്രീ ശരീരങ്ങളെ മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സുന്ദരികള്‍ എന്ന്‌ അഭിസംബോധന ചെയ്യുന്നു എന്നതാണ്‌ ശീലങ്ങളെയും കാഴ്‌ചപ്പാടുകളെയും അസ്വസ്ഥമാക്കുന്നത്‌. വെളുത്തു തുടുത്ത മാദക സ്‌ത്രീ ശരീരങ്ങള്‍ക്കു മാത്രമേ പ്രണയവും കാമനയും ലൈംഗിക വാഞ്‌ഛയും ഉണ്ടാക്കിയെടുക്കാന്‍ കഴിയൂ എന്നും അതിനെയാണ്‌ നാം സൗന്ദര്യം എന്നു വിളിക്കേണ്ടതും എന്നുമുള്ള ആക്‌ഷന്‍ ഹീറോ ആണ്‍ തീര്‍പ്പുകള്‍ക്കും അതു വഴി ഉത്‌പാദിപ്പിക്കപ്പെടുന്ന പൊതുബോധത്തിനും നേരെയാണ്‌ ഈ പരാമര്‍ശം വാളു കേറ്റുന്നത്‌.a18

ബസ്‌സ്റ്റാന്റും മെട്രോയും മാളുകളും വീതി കൂടിയ ഓപ്പറേഷന്‍ അനന്തകളും ആകാശത്തേക്ക്‌ നീണ്ടു പടരുന്ന കെട്ടിടമട്ടുകളും മട്ടുപ്പാവുകളും പിന്നെ ഇതിനെയൊക്കെയും പ്രബലപ്പെടുത്തുന്ന വരേണ്യ-സവര്‍ണ വര്‍ണരാജികളും ആധിപത്യ-വിധേയത്വ ബലതന്ത്രങ്ങളും ചേര്‍ന്ന്‌ സ്വരൂപിച്ചെടുക്കുന്ന നവ നാഗരികതയുടെ അടിപ്പാടങ്ങളെയാണ്‌ കമ്മട്ടിപ്പാടം എന്ന, മുഖ്യധാരയുടെ ചേരുവകളും ജനപ്രിയ-യാദൃഛികതകളും താരസാന്നിദ്ധ്യവും മറ്റും മറ്റുമുള്ള സിനിമയിലൂടെ രാജീവ്‌ രവി വെളിപ്പെടുത്തുന്നത്‌. തനിക്ക്‌ നാലര മണിക്കൂര്‍ വേണ്ടതായിരുന്നു, പക്ഷെ മൂന്നു മണിക്കൂറിലേക്ക്‌ വിട്ടുവീഴ്‌ച ചെയ്യുന്നു എന്ന രസികന്‍ പ്രസ്‌താവനയിലൂടെയാണ്‌ മലയാള സിനിമയും അത്‌ മിക്കപ്പോഴും ലക്ഷ്യമിടുന്നതുമായ മേളക്കമ്പങ്ങളെയും രാജീവ്‌ രവി പരിഹസിക്കുന്നത്‌. ശ്യാം ബെനഗലിനെയും കമല്‍ഹാസനെയും വെച്ച്‌; ബാഹുബലി/ഗജേന്ദ്ര ചൗഹാന്‍ സര്‍ക്കാര്‍ എഴുതിച്ചെടുത്ത സെന്‍സര്‍ ഷിപ്പ്‌ പരിഷ്‌ക്കാരക്കുറിപ്പുകള്‍ക്കിടയിലും അനന്തപുരിയിലെ നിത്യശയനക്കാര്‍, കമ്മട്ടിപ്പാടത്തിന്‌ എ സര്‍ടിഫിക്കറ്റും പുലയന്‍ എന്ന വാക്കിന്‌ തെറിപ്പദവിയും കല്‍പ്പിച്ചു നല്‍കി. കൃഷ്‌ണന്‍(ദുല്‍ഖര്‍ സല്‍മാന്‍) സ്വയം ഓര്‍മ്മപ്പെടുത്തുന്നതു പോലെ, കണ്ണടച്ചാലേ പണി കിട്ടും.

എന്തുകൊണ്ടാണ്‌, പക്ഷെ നവോത്ഥാന-പുരോഗമന-മതേതര-ജനാധിപത്യ-നാഗരിക കേരളം മുഴുവനും അടപ്പിട്ടു മൂടിയ അമാനവരുടെ ആവാസകേന്ദ്രത്തിലേക്ക്‌ ബോട്ടുകളിലും ആന വണ്ടിയിലും യാത്ര ചെയ്‌തും നടന്നും; കായല്‍, കര, പാടം, നിരത്ത്‌ എന്നിവയെല്ലാം തരണം ചെയ്‌ത്‌ കൃഷ്‌ണന്റെ കുടുംബം അഛന്റെ(തിരക്കഥാകൃത്തു കൂടിയായ പി ബാലചന്ദ്രന്‍ അവതരിപ്പിക്കുന്നു) kammattipaadam-p-balachandranനേതൃത്വത്തില്‍ എത്തുന്നതെന്നറിയില്ല. നീലക്കുയിലിലെ ഗ്രാമീണ നന്മയിലേക്ക്‌ ആധുനികതയുടെ സന്ദേശവും പ്രതിനിധാനവുമായെത്തുന്ന ശ്രീധരന്‍ മാസ്റ്ററുടെയും, ഖസാക്കിലെ ഏകാധ്യാപകവിദ്യാലയം തുറക്കാന്‍
ആസ്‌ട്രോഫിസിക്‌സിനെയും കാമുകിയെയും ഉപേക്ഷിച്ചും ആത്മീയ/ലൈംഗിക സന്ത്രാസങ്ങള്‍ സ്വയം പേറിയുമെത്തുന്ന രവിയുടെയും, വന്‍ നഗരങ്ങളിലെ അധോലോകങ്ങളിലും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഖരാനകളിലും വിലസിയതിനു ശേഷം ഗ്രാമീണ-സവര്‍ണ-രാജകീയ `നന്മകള്‍’ പുന:സ്ഥാപിക്കാനായുള്ള ഹിസ്‌ ഹൈനസ്‌ അബ്‌ദുള്ളയുടെയും ആറാം തമ്പുരാന്റെയും നീലകണ്‌ഠന്റെയും(ദേവാസുരം) നരസിംഹത്തിന്റെയും, വരവുകള്‍ക്ക്‌ വിപരീതമായാണ്‌ കൃഷ്‌ണന്റെ വരവ്‌. ശ്രീധരന്‍ മാസ്റ്ററും രവിയും ഏകരായാണ്‌ എത്തുന്നതെങ്കില്‍, കൃഷ്‌ണന്‍ അഛനും അമ്മയും ചേച്ചിയുമൊത്ത്‌ കുടുംബസമേതമാണെത്തുന്നത്‌. അതിലും പ്രധാനം ഈ രണ്ടു പേരെ പോലെയും നിരവധി മോഹന്‍ ലാലുമാരെപ്പോലെയും നഗരത്തില്‍ നിന്ന്‌ ഗ്രാമത്തിലേക്കല്ല കൃഷ്‌ണനെത്തുന്നത്‌. ഗ്രാമത്തില്‍ നിന്ന്‌ നഗരത്തിലേക്കാണ്‌. Dulquer Salman Kammatti Paadam Movie First Lookപക്ഷെ, അവനെത്തുമ്പോള്‍ അത്‌ പൂര്‍ണ നഗരമായിമാറിക്കഴിഞ്ഞിരുന്നില്ല. ആ നഗരമാകല്‍ പ്രക്രിയയിലാണ്‌, മറ്റു അമാനവരെ പോലെ അവനും അടിവളമാകുന്നത്‌. നഗരനിര്‍മാണത്തിന്റെ സഹായികളായി ആഞ്ഞടിക്കുന്ന കൃഷ്‌ണന്‍ എന്ന വെളുത്ത ചെക്കനും കമ്മട്ടിപ്പാടത്തെ മറ്റു കറുത്ത ചെക്കന്മാരും, വെട്ടിപ്പിടിച്ചു വളര്‍ത്തുന്നത്‌ തങ്ങളുടെ നഗരമല്ലെന്ന്‌ തിരിച്ചറിയുന്നത്‌ പക്ഷെ വളരെ വൈകിയാണ്‌. സുരേന്ദ്രനാശാന്റെ ഫ്‌ളാറ്റിലെ ബില്യാഡ്‌സോ മറ്റോ കളിക്കുന്നതിനുള്ള സ്റ്റിക്കെടുത്ത്‌ നല്ല ടൂള്‍ എന്ന്‌ ഗംഗ പറയുന്നുണ്ട്‌. അതിനു പുറകെ, അതേ സ്റ്റിക്കെടുത്ത്‌ ഗംഗയുടെ തലക്കടിച്ച്‌ ആശാന്‍ അവനെ നിഷ്‌ഠൂരമായി കൊല്ലുന്നു. ആ സ്റ്റിക്ക്‌ പോലെ തന്നെയാണ്‌ നഗര നിര്‍മാണ മാഫിയയുടെ കയ്യിലെ ദളിതന്റെയും അടിയാളന്റെയും അവസ്ഥ. അവരും ഓരോ ടൂളുകളാണ്‌.

ശ്രുതി ശരണ്യം നിരീക്ഷിക്കുന്നതു പോലെ, തനിക്ക്‌ ചുറ്റുമായി നിറയുന്ന കറുത്ത ഉടലുകളോട്‌ വിധേയത്വം പുലര്‍ത്തുന്ന കൃഷ്‌ണന്‍ എന്ന വെളുത്ത ശരീരത്തോടു കൂടിയ സവര്‍ണ കഥാപാത്രം സിവിക്‌ കോണ്‍ഷ്യസിനെ അപനിര്‍മ്മിക്കാന്‍ നല്‍കുന്ന ബോധപൂര്‍വമായ സൂചനയാണോ? അതോ, നായകകേന്ദ്രമായും നോട്ടമായും ഇനിയും സ്ഥിരീകരിക്കപ്പെടുന്ന സവര്‍ണതയുടെയും വെളുപ്പിന്റെയും `കുലീനത’യുടെയും പ്രാതിനിധ്യമാണോ? ദുല്‍ഖറിന്റെ കൃഷ്‌ണന്‍ എന്ന കഥാപാത്രം ആ ദളിത്‌ ഗെറ്റോയില്‍ അകപ്പെട്ടുപോയ ഒരാളെ പോലെയാണ്‌ തോന്നിയത്‌ എന്ന നിരീക്ഷണവും സൂക്ഷ്‌മവായനക്ക്‌ വിധേയമാക്കേണ്ടതാണ്‌(കമ്മട്ടിപ്പാടം ഒരു എത്‌നോഗ്രഫിക്‌ ഹിംസ/കാമ്പസ്‌ അലൈവ്‌.ഇന്‍)

പ്രമാണിമാരും അതിദരിദ്രരായ സാധാരണക്കാരും തമ്മിലുള്ള വൈരുദ്ധ്യം അക്കാലത്തേ അവിടെ ഉണ്ടായിരുന്നു. കരയില്‍ കപ്പ വേവിച്ചും, മുങ്ങിത്തപ്പിയാലേ കൈരളി കിട്ടും എന്ന്‌ തമാശിച്ചും പുറമ്പോക്കിലെ കുളത്തില്‍ കൂട്ട മീന്‍ പിടുത്തം നടത്തുന്ന അടിയാളരെ പ്രമാണിയും കാര്യസ്ഥന്മാരും ഗുണ്ടകളും ചേര്‍ന്ന്‌ അടിച്ചോടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ചെറുത്തുനില്‍പ്പില്‍ പ്രമാണിമാര്‍ക്ക്‌ തിരിച്ചു പോകേണ്ടി വരുന്നു. ആ ചെറുത്തുനില്‍പ്പിന്റെ തുടര്‍ച്ച തന്നെയാണ്‌ ബാലനും ഗംഗയും അവരോട്‌ ചേരുന്ന കൃഷ്‌ണനും ഏറ്റെടുക്കുന്നത്‌. എന്നാല്‍, ആ ചെറുത്തുനില്‍പ്പിന്റെ നിയന്ത്രണം; കള്ളവാറ്റുകാരും സ്ഥലം കൊള്ളക്കാരും ഇടത്തട്ടുകാരുമായ പ്രതിനായകന്മാര്‍ കൈയാളുന്നതോടെ സംഭവിക്കുന്നതെന്താണ്‌? മാറുന്നതിനു മുമ്പും മാറിയതിനു ശേഷവും വിവിധ രീതിയില്‍ തുടരുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരായ വീറോടു കൂടിയ പ്രതിരോധവും പ്രതിഷേധവും തിരിച്ചടിയുമാണ്‌ ദളിതരും അടിയാളരുമായ (അ)നായകന്മാര്‍ നിര്‍വഹിക്കുന്നത്‌. തങ്ങളുടേതു പോലെ തന്നെ അടിമത്തവും സാമ്പത്തിക ദുരിതവും അനുഭവിക്കുന്നവരെയാണ്‌ റിയല്‍ എസ്റ്റേറ്റ്‌ കഴുകന്മാര്‍ക്കു വേണ്ടി അവരെപ്പോഴും കുടിയൊഴിക്കുന്നത്‌. അതിനെ ചോദ്യം ചെയ്യുന്ന കൊച്ചൂട്ടി അച്ചാച്ചനോട്‌ കയര്‍ത്തു കൊണ്ട്‌ ബാലന്‍ പറയുന്നതിപ്രകാരം: നിങ്ങളിതിലൊന്നും ഇടപെടേണ്ട. നിങ്ങ നിങ്ങടെ പണി നോക്ക്‌. ഒരു കാരണവരും ഞങ്ങക്ക്‌ ചെലവിന്‌ തരുന്നില്ല. ഞങ്ങളുടെ തടിമിടുക്കും തന്റേടവും കൊണ്ടാണ്‌ ഞങ്ങ ജീവിക്കുന്നത്‌. നിങ്ങ ഞങ്ങളെ എന്തു പണിയാ പഠിപ്പിച്ചത്‌? ഈ പാടത്തെ പണിയോ? ഈ പാടത്ത്‌ ഇനി നെല്ലല്ല വിരിയാന്‍ പോകുന്നത്‌, ഫ്‌ളാറ്റുകളും ബില്‍ഡിംഗുകളുമാണ്‌.kamadi അതായത്‌, നവ മുതലാളിത്തത്തിന്റെ ഏജന്റുമാരും ക്വട്ടേഷന്‍ ഗുണ്ടകളും മാത്രമാണ്‌, തൊഴിലാളി/അടിയാള വര്‍ഗത്തിലെ ചെറുത്തുനില്‍പ്പുകാര്‍ പോലും എന്ന രാഷ്‌ട്രീയ യാഥാര്‍ത്ഥ്യമാണ്‌ രാജീവ്‌ രവി വ്യാഖ്യാനിക്കുന്നത്‌. പല സിനിമകളിലും ആവര്‍ത്തിച്ച ദൃശ്യമാണെങ്കിലും; രശ്‌മി ബാറിനു മുന്നില്‍ പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുക എന്ന ആവശ്യവുമായി കുത്തിയിരിപ്പു സത്യാഗ്രഹം നടത്തുന്ന തൊഴിലാളികളുടെ സംഘടനാ നേതാവിനെ മര്‍ദ്ദിച്ചൊതുക്കുന്ന ബാലന്റെയും കൂട്ടാളികളുടെയും സമീപനവും ചെയ്‌തിയും ഇതേ ഏജന്‍സിയുടെ നിര്‍വഹണമാണെന്നതും പ്രസക്തമാണ്‌.
പ്രതികാരവും അക്രമവും കൊലകളും എല്ലാം മറ്റനവധി മുഖ്യധാരാ സിനിമകളില്‍ ആവിഷ്‌ക്കരിക്കപ്പെട്ടതിനു സമാനമായോ ആവര്‍ത്തനമായോ ആണ്‌ കമ്മട്ടിപ്പാടത്തിലും പ്രത്യക്ഷമാവുന്നത്‌. അതിനാല്‍, കമ്മട്ടിപ്പാടം ഗ്യാങ്‌സ്റ്റര്‍ സിനിമകളുടെ കൂട്ടത്തിലുള്ള ഒന്നു മാത്രമല്ലേ എന്നുപേക്ഷിക്കുന്നവരും കുറവല്ല. കള്ളവാറ്റുകാര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെയും കുടിപ്പകയുടെയും ഭാഗമായാണ്‌, നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക്‌ ടിപ്പറിടിച്ചു കയറ്റി ബാലനെ ജോണി(ഷൈന്‍ ടോം ചാക്കോ) കൊല്ലുന്നത്‌. ഇതിനു പ്രതികാരമായി ജോണിയെ ഗംഗയും കൃഷ്‌ണനും ചേര്‍ന്ന്‌ തല്ലിച്ചതച്ച്‌ ജീവഛവമാക്കുന്നു. അതിന്റെയും പ്രതികാരം തീര്‍ക്കാനാണ്‌ ജോണിയുടെ അനുജന്‍ സണ്ണി, ഗംഗയെ പിടി കൂടി വധിക്കാന്‍ നോക്കുന്നത്‌. അതില്‍ നിന്ന്‌ രക്ഷപ്പെട്ടാണ്‌ ഗംഗ തങ്ങളെ എല്ലാവരെയും നിയന്ത്രിച്ച്‌ അക്രമങ്ങള്‍ വാരി വിതറി അതിലൂടെ വന്‍ സമ്പന്നനായി മാറിയ സുരേന്ദ്രനാശാന്റെ(അനില്‍ നെടുമങ്ങാട്‌) ആകാശമാളികയില്‍ അഭയം തേടുന്നത്‌. മണ്ണിലെ വീടൊക്കെ വിട്ട്‌ ആശാനിപ്പോള്‍ ആകാശത്താണ്‌ താമസമെന്ന്‌ ഞാനറിഞ്ഞില്ല എന്ന ഗംഗയുടെ നിരീക്ഷണത്തിലെ പരിഹാസവും കാവ്യാത്മകതയും അതുല്യമാണ്‌.
റിയല്‍ എസ്റ്റേറ്റ്‌ വികസനത്തിനു വേണ്ടി തങ്ങളുടെ തന്നെ വര്‍ഗത്തില്‍ പെട്ടവരെ കുടിയൊഴിപ്പിക്കുന്ന നടപടി എത്രമാത്രം തെറ്റാണെന്നും നയവഞ്ചനയാണെന്നും കൊച്ചൂട്ടി അച്ചാച്ചന്‍, ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അയാളോട്‌ കയര്‍ത്തും പരിഹസിച്ചും പോകുകയാണ്‌ ബാലന്‍ ചെയ്‌തത്‌. ഇതിന്റെ വേദനയില്‍ നിന്ന്‌ വിമോചിതനാകാതെ അച്ചാച്ചന്‍ മരണമടയുകയും ചെയ്യുന്നു. ഈ മരണമാണ്‌ ബാലനെ പുനര്‍ ചിന്തനത്തിന്‌ പ്രേരിപ്പിക്കുന്നത്‌. അക്രമവും ക്വട്ടേഷനും നിര്‍ത്തി ട്രാവല്‍സ്‌ പോലുള്ള മാന്യവും സമാധാനപൂര്‍ണവുമായ ജീവിതോപാധികളിലേക്ക്‌ തിരിയണമെന്ന കൃഷ്‌ണന്റെ ആശയത്തോട്‌ ബാലന്‍ യോജിക്കുന്നതും ഈ ഘട്ടത്തിലാണ്‌. ഇതിന്റെയൊന്നും പുറകെ പോയിട്ട്‌ ഒരു കാര്യല്ലടാ, എന്ന്‌ എതിരാളികള്‍ ഒറ്റിയതിനെ തുടര്‍ന്ന്‌ കള്ളവാറ്റുചാരായം കടത്തുന്ന വണ്ടി എക്‌സൈസുകാര്‍ പിടി കൂടിയതിനെ ബാലന്‍ നിരീക്ഷിക്കുന്നതും ഇതിന്റെ തുടര്‍ച്ച തന്നെ. ബാലന്‍ കൊല്ലപ്പെടുകയും കൃഷ്‌ണന്‍ നാടു വിട്ട്‌ മുംബൈയില്‍ വജ്ര വ്യാപാരികളുടെ സുരക്ഷാഭടനായി മാറുകയും ചെയ്യുന്നു. ഗംഗയാകട്ടെ, പൂര്‍വാധികം ശക്തിയോടെ ഗുണ്ടാപ്പണികളും അക്രമങ്ങളും തുടര്‍ന്നു വരികയും ചെയ്യുന്നു. അതാണ്‌ പിന്നീട്‌, അയാളുടെ വിനാശത്തിലുമെത്തുന്നത്‌. അക്രമങ്ങളും കുറ്റങ്ങളും നിയമനിഷേധങ്ങളും നടത്തുന്നവരെ പിടികൂടുകയും ശിക്ഷിക്കുകയും, അങ്ങനെ ശിക്ഷിച്ചാല്‍ കുറ്റങ്ങളും അതു ചെയ്യാനുള്ള പ്രവണതകളും നിര്‍മാര്‍ജനം ചെയ്യപ്പെടുമെന്ന ചിന്താഗതി പൊതുബോധത്തില്‍ പ്രബലമാകുകയുമാണ്‌ ചെയ്യുന്നത്‌. ഈ പ്രത്യക്ഷ-ക്രമ സമാധാന ചക്രത്തെയാണ്‌ രാജീവ്‌ രവി പൊളിച്ചടുക്കുന്നത്‌. വര്‍ഗ-വര്‍ണ-വംശ അധീശത്വങ്ങള്‍ കൈയാളുന്നവര്‍ക്കു തന്നെയാണ്‌ നിയമത്തിനും നിയമനിര്‍വഹണത്തിനും മേലുള്ള നിയന്ത്രണങ്ങളും. അവരുടെ താല്‍പര്യങ്ങള്‍ നിലനിര്‍ത്താനും സാമ്പത്തിക-സാമ്രാജ്യ വളര്‍ച്ചക്കും വേണ്ടി ഇതേ നിയമങ്ങളെയും ക്രമസമാധാന വാഴ്‌ചയെയും പരസ്യമായി വെല്ലുവിളിച്ചുകൊണ്ട്‌ ചൂഷിതരായ അടിയാളരില്‍ നിന്ന്‌ തെരഞ്ഞെടുത്ത്‌ പരിശീലിപ്പിച്ചെടുത്ത `കുറ്റവാളി’കളെ വിന്യസിക്കുകയാണ്‌ അധീശ വര്‍ഗം ചെയ്യുന്നത്‌. തങ്ങള്‍ക്ക്‌ ആവശ്യമുള്ളിടത്തോളം കാലവും അവര്‍ക്ക്‌ ആരോഗ്യവും വിധേയത്വവും ഉള്ളിടത്തോളം കാലവും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചു കൊണ്ട്‌ അവരെ രക്ഷിച്ചെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അതേ അധീശ വര്‍ഗം തന്നെ ആവശ്യം കഴിയുമ്പോള്‍ അവരെ കൊലക്കോ നിയമത്തിനോ കൊടുക്കുകയും ചെയ്യുന്നു. ഈ ദൂഷിത വലയങ്ങളെയാണ്‌ പരിചിതമെന്നു തോന്നിപ്പിക്കുന്ന ഇതിവൃത്ത-ആഖ്യാന ശൈലി ഉപയോഗിച്ചു കൊണ്ടു തന്നെ രാജീവ്‌ രവി വിവരിക്കുന്നത്‌.

താന്‍ ജോലി ചെയ്യുന്ന ഹിന്ദി സിനിമാ വ്യവസായം ഇതിനകം കൈവരിച്ചിട്ടുള്ള സൂക്ഷ്‌മതയും മികവും, മലയാള സിനിമയിലേക്കും സംക്രമിപ്പിക്കുന്നതില്‍ രാജീവ്‌ രവിക്ക്‌ വിജയം കൈവരിക്കാന്‍ സാധിക്കുന്നുണ്ടെന്നതും എടുത്തു പറയേണ്ടതാണ്‌. അനുരാഗ്‌ കാശ്യപിന്റെ ഗാംഗ്‌സ്‌ ഓഫ്‌ വാസിപ്പൂര്‍ അടക്കമുള്ള സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ളത്‌ രാജീവ്‌ രവിയാണ്‌. അതില്‍ നിന്നുള്‍ക്കൊള്ളുന്ന പാഠങ്ങള്‍ ഇവിടെ സഹായകമാകുന്നുണ്ട്‌. എറണാകുളത്ത്‌ അടഞ്ഞുപോയ ലക്ഷ്‌മണ്‍ തിയറ്ററിന്റെ സ്ലിപ്പൊട്ടിച്ച തകര(പത്മരാജന്‍/ഭരതന്‍) യുടെ പോസ്റ്റര്‍ കള്ളുഷാപ്പില്‍ കാണാം. അക്കാലത്തെ കൗമാരത്തെയും യുവത്വത്തെയും ത്രസിപ്പിച്ചിരുന്ന ജനപ്രിയാഖ്യാനങ്ങള്‍ ഏതായിരുന്നു എന്നു മാത്രമല്ല ഓര്‍മ്മപ്പെടുത്തുന്നത്‌. അടഞ്ഞുപോയ സിനിമാശാലകള്‍ക്കുള്ള ഒരു ആദരാഞ്‌ജലി കൂടിയാണത്‌. ഓണ്‍ലൈന്‍, ഹോം ഡെലിവറി വ്യവസ്ഥകളും മറ്റും നിലവില്‍ വന്നതോടെ മധ്യവര്‍ഗത്തിന്റെ കൈപ്പിടിയിലൊതുങ്ങിയ സിനിമാ ടിക്കറ്റ്‌ ലഭ്യതയുടെയും ഹാള്‍ പ്രവേശനത്തിന്റെയും ചില പഴം കാല അവസ്ഥകളാണ്‌ എം ജി റോഡിലെ പ്രശസ്‌തമായ കവിത തിയറ്ററിലെ ബ്ലാക്ക്‌ മാര്‍ക്കറ്റ്‌ ടിക്കറ്റ്‌ വില്‍പനയുടെ (ഒരു രൂപ ടിക്കറ്റിന്‌ മൂന്നു രൂപ എന്ന നിരക്ക്‌; അതിന്റെ തമ്മില്‍ തല്ലുകളും എറണാകുളത്തെ എല്ലാ തിയറ്ററിലും കമ്മട്ടിപ്പാടത്തെ ചെക്കന്മാര്‍ ടിക്കറ്റ്‌ വിക്കൂടാ എന്ന ബാലന്റെ വെല്ലുവിളിയും) വിശദാംശങ്ങളിലൂടെ രേഖപ്പെടുത്തപ്പെടുന്നത്‌. kammattipaadam-dulquer-salman-vinayakan-vinay-forttjpgമോഹന്‍ലാലിന്റെ നായകത്വം കൊണ്ട്‌ പ്രാധാന്യം കൈവന്ന ഇരുപതാം നൂറ്റാണ്ടാണ്‌(തമ്പി കണ്ണന്താനം) കവിതയിലെ റിലീസ്‌ പടം. ഇരുപതാം നൂറ്റാണ്ടിലൂടെയും രാജാവിന്റെ മകനിലൂടെയും അതിമാനുഷനായകനായി മാറിയ മോഹന്‍ലാലിനെ പിന്നീട്‌, തൂവാനത്തുമ്പികളിലെ നായര്‍ നായകത്വത്തെ സംലയിപ്പിച്ച്‌ ആറാം തമ്പുരാനും ദേവാസുരവും നരസിംഹവുമാക്കി വളര്‍ത്തിയെടുത്തതിലൂടെ കേരളത്തിലെ ദളിത്‌ ജീവിതങ്ങള്‍ കൂടുതല്‍ അപഹാസ്യമായി മാറി. സിനിമയുടെ ചരിത്രമെന്നത്‌ അതിന്റെ ജനപ്രിയതയുടെയും പ്രദര്‍ശനങ്ങളുടെയും കൂടി ചരിത്രമാണെന്നതു കൊണ്ട്‌ ഇത്തരം രേഖകള്‍ അതീവം പ്രധാനമാണ്‌. മാര്‍ക്കറ്റിലെ ഇറച്ചിവെട്ടുകാരന്‍ കൂടിയായ കരാട്ടേക്കാരന്‍ ബിജു അവരെ ഒന്നും രണ്ടും വട്ടം തല്ലി തോല്‍പ്പിക്കുമ്പോള്‍, തകരയിലെന്നതു പോലെ, ഇരുമ്പു ത്രാസ്‌ പ്രയോഗം കൊണ്ടാണ്‌ ബാലന്‍ രക്ഷപ്പെടുന്നത്‌.
ഇടത്തട്ടുകാരും മാഫിയക്കാരുമെല്ലാം ചേര്‍ന്ന പകുത്തെടുത്തതിലൂടെ തുലഞ്ഞു പോയ ജീവിതമാണ്‌ കമ്മട്ടിപ്പാടത്തെ ചെക്കന്മാര്‍ എന്ന്‌ സ്വയം അഭിമാനം കൊള്ളുന്നവര്‍ ജീവിച്ചു തീര്‍ക്കുന്നത്‌. ഇതിനിടയിലും ലിംഗപരമായി ആണ്‍ കോയ്‌മയുടെ മേധാവികള്‍ തന്നെയാണ്‌ ഈ ഇരകളും എന്നത്‌ തെളിയിക്കുന്ന സന്ദര്‍ഭം, ചിത്രത്തിന്റെ അവസാനത്തോടടുപ്പിച്ചാണുള്ളത്‌. കൃഷ്‌ണനും അനിതയും തമ്മില്‍ തമ്മിലായിരുന്നു ഇഷ്‌ടം. മുറപ്പെണ്ണാണെന്ന അധികാരം ഉപയോഗിച്ച്‌ അനിതയെ കെട്ടാനുള്ള ഗംഗയുടെ തീരുമാനം നടപ്പിലാക്കുന്നതിനു തൊട്ടുമുമ്പ്‌; ഉറ്റ ചങ്ങാതിയായ കൃഷ്‌ണനോട്‌ അവന്‍ പറയുന്നത്‌: ഇനി നീ മാത്രമേ ഉള്ളൂ ഒരു തടസ്സം, നീ അത്‌ മറന്നേക്ക്‌ എന്നാണ്‌. സുഹൃത്തിനെ നിഷേധിച്ചുകൊണ്ട്‌ അന്ന്‌ അല്ലെങ്കില്‍ അടുത്ത ദിവസം അന്തിക്കു മുമ്പ്‌, നാടുവിടാന്‍ അവര്‍ തീരുമാനിക്കുന്നു. എന്നാലതിനിടെ കൃഷ്‌ണനെ പോലീസ്‌ പിടിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു. അതിനെ തുടര്‍ന്നാണ്‌ ഗംഗ അവളെ വിവാഹം കഴിക്കുന്നത്‌. എന്നാല്‍, ഒരിക്കല്‍ പോലും അവന്‌ സൈ്വരം കൊടുക്കാതെ അവനെ തീ തീറ്റിക്കുകയായിരുന്നു താന്‍ എന്നവള്‍ തന്നെ ഏറ്റു പറയുന്നുണ്ട്‌. തെറ്റു മനസ്സിലാക്കിയ ഗംഗ അവളെ കൃഷ്‌ണന്‌ വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയും അത്‌ രണ്ടു പേരോടും ആവശ്യപ്പെടുന്നുമുണ്ട്‌. അപ്രകാരം ഒന്നിക്കാന്‍ തീരുമാനമൊന്നുമെടുത്തില്ലെങ്കിലും കൃഷ്‌ണന്‍ എറണാകുളത്തെത്തുന്നു. ഞാനെന്താണ്‌ വിചാരിക്കുന്നത്‌, എന്റെ മനസ്സിലുള്ളതെന്താണ്‌ എന്നൊന്നും ആര്‍ക്കും പ്രശ്‌നമില്ല എന്ന അനിതയുടെ കുറ്റപ്പെടുത്തല്‍ ആ ഘട്ടത്തിലാണുണ്ടാകുന്നത്‌. അതായത്‌, അന്യഥാ ഇരകളും അമാനവരുമാണെങ്കിലും തങ്ങളുടെ കുടുംബങ്ങളിലോ സ്വകാര്യ ബന്ധപ്രദേശങ്ങളിലോ എത്തുമ്പോള്‍ സ്‌ത്രീ വിരുദ്ധമായിത്തന്നെയാണ്‌ ഈ പുരുഷന്മാരും പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്ന്‌ തെളിയിക്കപ്പെടുന്നു.

വിഗതകുമാരനില്‍ നായര്‍ നായികയെ അവതരിപ്പിച്ചതിന്റെ പേരില്‍ മലയാള സിനിമയില്‍ നിന്നു മാത്രമല്ല, കേരളം എന്ന സംസ്‌ക്കാരം/ഭൂപ്രദേശം/രാഷ്‌ട്രീയ യാഥാര്‍ത്ഥ്യം എന്നിവയില്‍ നിന്നൊക്കെയും ബഹിഷ്‌കൃതയാക്കപ്പെട്ട പി കെ റോസി എന്ന ദളിത്‌/മത പരിവര്‍ത്തിത അഭിനേതാവിന്‌ ഭാഗികമായോ പരോക്ഷമായോ തിരിച്ചുവരാന്‍ കമ്മട്ടിപ്പാടം അവസരമൊരുക്കി എന്നത്‌ പ്രസ്‌താവ്യമാണ്‌. അനിത എന്ന കറുത്ത പെണ്ണുടലുള്ള നായികയെ അവതരിപ്പിക്കുന്ന ഷാന്‍ റോമി ഏതു സമുദായക്കാരിയാണെന്നറിയില്ലെങ്കിലും, സുന്ദരി എന്നു അഭിസംബോധന ചെയ്യപ്പെട്ടുകൊണ്ട്‌ മുഖ്യധാരാ സിനിമയില്‍ പ്രതിനിധാനം ചെയ്യപ്പെടാന്‍ അവസരമുണ്ടായി എന്നത്‌ നിസ്സാരമല്ല.
വള്ളുവനാടന്‍ ഭാഷാഭേദത്തിലുറച്ചു പോയ ക്രമീകൃത/വരേണ്യ മലയാളത്തെ ശിഥിലീകരിച്ച്‌ പല മലയാളമാക്കുന്ന പ്രക്രിയ പുതിയ മറ്റു പല സിനിമകളിലുമെന്നതു പോലെ കമ്മട്ടിപ്പാടവും ഏറ്റെടുക്കുന്നുണ്ട്‌. ഞാന്‍ പോണേണ്‌; ഗംഗേടാ; പണി പാളീന്നാ തോന്നണ്‌; പണി കിട്ടും എന്നിങ്ങനെ എറണാകുളത്തെ സ്ലാങ്ങുകള്‍ പൊതുവ്യവഹാരത്തിലേക്ക്‌ പരത്തിവിടുകയാണീ സിനിമ. അന്‍വര്‍ അലി എഴുതിയ ഗംഭീരമായ കവിതകളിലൊന്നിന്‌ -അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനെ, ഇക്കായല്‍ കയവും കരയും ആരുടെയുമല്ലെന്‍ മകനെ, പുഴുപുലികള്‍ പക്കിപരുന്തുകള്‍ കടലാനകള്‍ കാട്ടുരുവങ്ങള്‍ പലകാല പരദൈവങ്ങള്‍ പുലയാടികള്‍ നമ്മളുമൊപ്പം നരകിച്ചു പൊറുക്കുന്നിവിടം ഭൂലോകം തിരുമകനെ, കലഹിച്ചു മരിക്കുന്നിവിടം ഇഹലോകം എന്‍ തിരുമകനെ, എന്നൊക്കെ വരികളുള്ള – സംഗീതം നല്‍കിയിരിക്കുന്നത്‌ ഗംഗയെ അവതരിപ്പിക്കുന്ന വിനായകന്‍ തന്നെയാണ്‌. അദ്ദേഹം തന്നെ കല്യാണവീട്ടില്‍ ഈ പാട്ട്‌ പാടുന്നുമുണ്ട്‌. സവര്‍ണ കലാരൂപങ്ങളൊന്നും പഠിക്കാനോ അവതരിപ്പിക്കാനോ സാധ്യത കിട്ടാതെ പോകുന്ന അനവധി ദളിത്‌ കുട്ടികളുടെ സ്റ്റേജ്‌ സാക്ഷാത്‌ക്കാരങ്ങളും സാമൂഹ്യ പ്രവേശങ്ങളുമായിരുന്നു സിനിമാറ്റിക്‌ ഡാന്‍സ്‌ അവതരണങ്ങളിലൂടെ നടന്നു പോന്നിരുന്നത്‌. ദളിതരുടെ വര്‍ദ്ധിച്ച ഈ ദൃശ്യതയില്‍ സഹി കെട്ടാണ്‌ വരേണ്യ കലാ സെന്‍സര്‍മാര്‍, സിനിമാറ്റിക്‌ ഡാന്‍സിനെ സ്‌കൂളിലും യുവജനോത്സവത്തിലും നിരോധിച്ചു കളഞ്ഞത്‌. ആ നിരോധനത്തെ പ്രതിരോധിക്കാനായെന്നോണം, ഗംഗ അമ്പലത്തിലെ ഉത്സവസ്റ്റേജില്‍ ബ്രേക്ക്‌ (സിനിമാറ്റിക്‌)ഡാന്‍സ്‌ അവതരിപ്പിക്കുന്നത്‌ രേഖപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്‌. ഗംഗാധരന്‍ കമ്മട്ടിപ്പാടത്തെ മൈക്കിള്‍ ജാക്‌സണ്‍ ആണെന്നാണ്‌ കാണികളിലാരോ വിളിച്ചു പറയുന്നത്‌. മൈക്കിള്‍ ജാക്‌സണ്‍, കലാഭവന്‍ മണി എന്നിവരുടെ വര്‍ണ/വംശ/വര്‍ഗ പ്രതിനിധാനങ്ങള്‍ അവരുടെ കനത്തതും ഉച്ചസ്ഥായിയിലുള്ളതുമായ സംഗീത/നൃത്താവതരണങ്ങളെ വിമോചനാശയമാക്കി പരിവര്‍ത്തിപ്പിക്കുന്നുണ്ടെന്ന നിരീക്ഷണം ഇതിനോട്‌ കൂട്ടി വായിക്കാവുന്നതാണ്‌.

ഡോക്കുമെന്ററിയാണ്‌ തനിക്ക്‌ പ്രിയപ്പെട്ട ആവിഷ്‌ക്കാരരൂപം എന്ന്‌ രാജീവ്‌ രവി കമ്മട്ടിപ്പാടം എന്ന ഫീച്ചറിലൂടെ തെളിയിക്കുന്നുണ്ട്‌. കമ്മട്ടിപ്പാടത്തിന്റെ ചതുപ്പുകളിന്മേലാണ്‌ നിന്റെയൊക്കെ എറണാകുളം എന്ന മഹാനഗരം ആകാശത്തോളവും ചിലപ്പോള്‍ ആകാശവും കടന്നും കെട്ടിപ്പൊക്കിയിരിക്കുന്നതെന്നും അതിന്‌ വലിയ ഉറപ്പൊന്നുമില്ലെന്നും കൃഷ്‌ണന്‍, സുരേന്ദ്രനാശാനെ ഓര്‍മ്മപ്പെടുത്തുന്നത്‌ വെറുമൊരു പ്രതികാര വാക്യമല്ലെന്നും സിനിമയുടെ ദൃശ്യാഖ്യാനത്തിലൂടെ സാധൂകരിക്കുന്ന ഒരു വസ്‌തുതയാണെന്നും ശ്രദ്ധിക്കേണ്ടതാണ്‌. പരിസ്ഥിതിനാശമെന്നത്‌ ബുദ്ധിജീവികളുടെ വാചാടോപങ്ങള്‍ മാത്രമല്ലെന്നും അതിസാധാരണക്കാരായ മനുഷ്യര്‍ നിത്യേനയെന്നോണം അഭിമുഖീകരിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും ഇന്നെല്ലാവര്‍ക്കുമറിയാം. പരിസ്ഥിതി നാശത്തിനും സ്വന്തം ആവാസവ്യവസ്ഥകളില്‍ നിന്നുള്ള ആട്ടിപ്പായിക്കലും എല്ലാം മനുഷ്യസമുദായത്തിന്റെ ആത്മഹത്യാക്കുറിപ്പുകളായി ഇന്ന്‌ തിരിച്ചറിയപ്പെടുന്നുണ്ട്‌. അത്തരത്തിലൊരു ഓര്‍മ്മപ്പെടുത്തലായി; പല പരിമിതികള്‍ക്കിടയിലും ആവര്‍ത്തനങ്ങള്‍ക്കിടയിലും പ്രതിനിധാന വൈരുദ്ധ്യങ്ങള്‍ക്കിടയിലും കമ്മട്ടിപ്പാടത്തിന്‌ പ്രവര്‍ത്തിക്കാനാവുന്നുണ്ട്‌ എന്നത്‌ നിസ്സാരമായ ഒരു തിരിച്ചറിവല്ല

Comments

comments