(1) തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രി. നോർമൽ പ്രസവത്തിനു ശേഷം രാത്രി മുഴുക്കെ പോസ്റ്റ്‌-ഡെലിവറി ഐസിയുവിൽ ‘സൂക്ഷിച്ച’ പെൺകുട്ടി. അസാധാരണമായ രക്തസ്രാവമുണ്ടായി എന്നത്, സ്റ്റിച്ച് ഇടാൻ അനസ്തേഷ്യക്ക് അനുമതി പത്രം ഒപ്പിടാൻ സമീപിച്ചപ്പോഴാണ് ബന്ധുക്കൾ അറിയുന്നത്. അതിനകം നല്ലൊരു പങ്ക് രക്തം അവളുടെ ശരീരത്തിൽ നിന്ന് നഷ്ടമായിരുന്നു, ആരുമറിയാതെ! എങ്ങനെ അറിയും, ആരെങ്കിലും നിരീക്ഷണത്തിന് ഉണ്ടെങ്കിലല്ലാതെ?! (ഒരു ബന്ധുവിൻറെ ഈയിടത്തെ അനുഭവം).
മിക്ക സ്വകാര്യ ആശുപത്രികളിലെയും ഐസിയു എന്നും മറ്റുമൊക്കെ ഓമനപ്പേരിൽ സൂക്ഷിക്കുന്ന ‘സ്പെഷ്യൽ’ റൂമുകൾ ആരും ശ്രദ്ധിക്കാനില്ലാ റൂമുകളാണ്, പ്രയോഗത്തിൽ. വാർഡിൽ ആണെങ്കിൽ ബൈസ്റ്റാൻഡർക്കെങ്കിലും രോഗിയുടെ കണ്ടീഷൻ അറിയാൻ കഴിയും. പ്രസവമെടുത്ത ഡോക്ടറുടെ അശ്രദ്ധയുടെയോ കൈപ്പിഴയുടെയോ ബാക്കിപത്രമാകാം ആ രക്തസ്രാവം. യഥാവിധി സ്റ്റിച്ച് ഇട്ടു കാണില്ല / പ്ലാസൻറയുടെ അംശം ഉള്ളിൽതന്നെ ശേഷിച്ചിരിക്കാം അങ്ങനെ സാധ്യതകൾ പലതുണ്ട്. ആരോട് ചോദിക്കാൻ, പറയാൻ?! മുട്ട് ശാന്തിക്കുള്ള ന്യായങ്ങൾ ഏത് നിരുത്തരവാദപരതക്കും ഉണ്ടാകും. അത്യാഹിതം സംഭവിച്ചാൽ സാധാരണക്കാർ ഇതൊക്കീം തങ്ങൾക്കുള്ള വിധിഹിതം എന്ന് സമാധാനിച്ചോളും. കുട്ടിയെയും തള്ളയെയും ജീവനോടെ ബാക്കികിട്ടിയാൽ ദൈവത്തെയും ഡോക്ടറെയും സ്തുതിക്കും. അല്ലെങ്കിലും, ‘എപ്പോഴും ശരി’ മാത്രമാകുന്ന ആശുപത്രി / വിദ്യാലയ അധികൃതരെ ചോദ്യം ചെയ്യാനാർക്കുണ്ട് ചങ്കുറപ്പ്?!
(2) “മോളെ ഇന്നലെ രാത്രി അഡ്മിറ്റ് ചെയ്തതാണ്. വടകരയിലെ സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻറ്റെ ഉപദേശ പ്രകാരം അവിടെ തന്നെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇത്രയും വൈകിയൊക്കെ രോഗിയെ കൊണ്ടു വന്നു ഞങ്ങളെ ബുദ്ധിമുട്ടിക്കണോ എന്ന ചോദ്യത്തോടെയാണ് പരിശോധന തുടങ്ങിയത് ! … ഇന്ന് ഇതേവരേ ഒരു ഡോക്ടറും ഈ വഴി വന്നിട്ടില്ല. രക്തം പരിശോധിച്ച റിസൾട്ട് ഒന്നു കാണാനാവുമോ എന്നു സിസ്റ്ററോടു ചോദിച്ചപ്പോൾ പറ്റില്ല എന്നാണു മറുപടി കിട്ടിയത് ! ഒന്ന് ഒച്ച ഉയർത്തിയപ്പോൾ കൈയ്യിൽ തരാനാവില്ലെന്നും അവരുടെ കയ്യിൽ നിന്നും വേണമെങ്കിൽ കണ്ടോ എന്നും മറുപടി. എന്‍റെ മകളുടെ ലാബ് റിസൾട്ട് എനിക്കു കാണാനവകാശമില്ലേ എന്നു ചോദിച്ചു പിടിച്ചു വാങ്ങി നോക്കി തിരികേ കൊടുത്തു. “കേരളത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളും ഇങ്ങനെയൊക്കെയാണോ പ്രവർത്തിക്കുന്നത്?!” ധര്‍മ്മരാജ് മടപ്പള്ളി എന്ന ഒരച്ഛൻ ഫേസ്ബുക്കിലൂടെ രോഷം കൊള്ളുന്നു.
 2008080957950301_417025e
(3) ഈയിടെ ജിദ്ദയിലെ ഒരു സാമൂഹ്യപ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. നെഞ്ച് വേദന അനുഭവപ്പെട്ടപ്പോൾ തന്നെ മലയാളി ക്ലിനിക്കിലെ ഏറെ തിരക്കുള്ള മലയാളി ഡോക്ടറെ കാണിച്ചിരുന്നു. ANTACID കൊടുത്ത് വീട്ടിലേക്ക് പറഞ്ഞ് വിടുകയാണത്രെ ഉണ്ടായത്. ഈ ഡോക്ടർ തിരക്ക് കാരണം റൂം പൂട്ടാറില്ല. നാട്ടിലെ ആൾദൈവങ്ങളുടെ അടുത്ത് ഭക്തജനം എന്ന പോലെ പകലന്തി നീളുന്ന ക്യൂ ആണ്. ഇതേ വിദ്വാൻറെ അരികിൽ, ഗർഭാവസ്ഥയിൽ ചുമ കാണിക്കാൻ ചെന്നയാളോട് എക്സ്-റേ എടുക്കാൻ നിർദ്ദേശിക്കുകയും ഒരല്പം ബോധമുള്ള ടെക്നീഷ്യൻ എടുക്കാൻ വിസമ്മതിച്ചതും നേരിട്ട് അറിയുന്ന കാര്യം.
“നിങ്ങൾക്ക് അടുത്ത വ്യക്തിബന്ധമുള്ള ഒരു ഡോക്ടറുടെ റഫറൻസിലല്ലാതെ സ്വകാര്യ ആശുപത്രികളിൽ പോകരുത്. അവ ഏറെക്കുറെ അറവ്‌ ശാലകൾ മാത്രമായി പരിണമിക്കപ്പെട്ടിരിക്കുന്നു എന്നതാണവസ്ഥ!”, ഒരു സ്വകാര്യ സംഭാഷണത്തിൽ സർക്കാർ-സ്വകാര്യ മേഖലകളിലായി ഇന്ത്യയിലും വിദേശത്തും നാല്പതോളം വർഷത്തെ സേവനപരിചയമുള്ള പ്രശസ്തനായ ഒരു ന്യൂറോസർജൻ കേരളത്തിലെ സ്വകാര്യ ആശുപത്രികളെക്കുറിച്ച് പറഞ്ഞത്.
‘ഇതൊക്കെ എന്ത്!’ എന്നാകും കൂടുതൽ തിക്താനുഭവമുള്ള പലരുടെയും പ്രതികരണം.അതെ, മേൽ പറഞ്ഞതൊക്കെ ചീളുകേസുകൾ മാത്രം. നിങ്ങളുടെ ഒരു ഇലക്ട്രോണിക് ഡിവൈസ് ചില്ലറ കേടുപാടുകളോടെ ഏതൊരു ടെക്നീഷ്യനെ ഏല്പിച്ചാലും മിനിമം ഗ്യാരണ്ടിയുണ്ട്. ഒന്നുകിൽ അയാൾ നന്നാക്കും. അല്ലെങ്കിൽ തന്നെക്കൊണ്ട് നന്നാക്കാൻ കഴിയില്ല എന്ന് പറഞ്ഞ് കൊടുത്ത കണ്ടിഷനിൽ തിരിച്ച് കിട്ടും. എന്തായാലും അത് ഉപയോഗ്യശൂന്യമാക്കി തിരിച്ച് തരില്ല. അയാൾ ചെയ്യാത്ത സേവനത്തിന് കാശും പിടുങ്ങില്ല. ഈയൊരു ഉറപ്പ് സ്വകാര്യ ആശുപത്രിയിൽ കൊടുക്കുന്ന നിങ്ങളുടെയോ ബന്ധുക്കളുടെയോ ദേഹത്തിനില്ല.
എന്തവസ്ഥയിൽ ആണ് തിരിച്ച് കിട്ടുക എന്നത്, വീടിൻറെ ആധാരം പണയപ്പെടുത്തിയാൽ മതിയോ അതോ വിൽക്കണോ എന്നതൊക്കെ, ആ ദേഹത്തിൻറെ ആയുസിൻറെ ബലം, ഭാഗ്യം എന്നീ ഘടകങ്ങളെ മാത്രം ആശ്രയിച്ചാണ്‌. ഈയിടെ ഒരു ചാനലിൽ റ്റു നൂറ വിത്ത് ലവ് എന്നൊരു പടം കണ്ടു. അവയവദാനത്തിൻറെ മഹത്വം ഉദ്ഘോഷിക്കുന്ന പടം എന്നൊക്കെ അടിക്കുറിപ്പ് ഉണ്ട്. തദ്സംബന്ധമായി സിനിമയിൽ പ്രൊമോട്ട് ചെയ്യുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുടെ പേര് ചിരിയുണർത്തി. അവയവമോഷണ സംബന്ധമായ പരാതികൾ ഉയരുകയും സ്വാധീനവും മാഫിയാബലവും ഉപയോഗിച്ച് തേച്ചുമാച്ചു കളയുകയും ചെയ്ത അതേ ‘കുഞ്ഞു സ്മാരക’ ആശുപത്രി!
താരതമ്യേന നിസാരമായ അനാവശ്യ പരിശോധനകൾ മുതൽ അനാവശ്യ സർജറി, അന്താരാഷ്ട്ര മരുന്ന് മാഫിയക്ക് വേണ്ടിയുള്ള മരുന്ന് പരീക്ഷണം തുടങ്ങി അവയവ മോഷണം വരെ സ്വകാര്യ ആശുപത്രികളിൽ നടക്കുന്നുണ്ട്. അശ്രദ്ധ കൊണ്ടും ചികിത്സാ പിഴവുകൾ വഴിയുമുള്ള ജീവനഷ്ടങ്ങൾ നിത്യസാധാരണമാണെങ്കിലും മീഡിയകളുമായുള്ള ‘നല്ല ബന്ധം’ വഴി ഒറ്റക്കോളം വാർത്ത‍ പോലുമാകാതെ വിഭൂതിയിൽ വിലയിക്കും. അതേസമയം അവിടങ്ങളിലെ നിസ്സാര നേട്ടങ്ങൾ പോലും മുൻപേജിൽ തന്നെ പൊലിപ്പിച്ച് കൊടുക്കും. ചാനലുകൾ മണിക്കൂറുകൾ ലൈവ് ആയി ആഘോഷിക്കും എന്നതാണവസ്ഥ.
പൊതു ആരോഗ്യരംഗം ശക്തിപ്പെടുത്തേണ്ടത്, സാധാരണക്കാരന്‍റെ താല്‍പര്യം സംരക്ഷിക്കാനും സ്വകാര്യ ആശുപത്രി മാഫിയയുടെ ചൂഷണം ചെറുക്കാനും അത്യന്താപേക്ഷിതമാണ്. ഏറ്റവും വലിയ വെല്ലുവിളി മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫ് നിയമനങ്ങള്‍ ആവശ്യാനുസരണം നടത്താത്തതാണ്. അവശ്യ മരുന്നുകളുടെ അഭാവം, ഉപകരണങ്ങള്‍ ഇല്ലാതിരിക്കുകയോ പ്രവര്‍ത്തിപ്പിക്കാന്‍ ടെക്നിഷ്യന്‍ ഇല്ലാതിരിക്കുകയോ കേടായാല്‍ നന്നാക്കാതിരിക്കുകയോ ചെയ്യുക തുടങ്ങിയ വിക്രിയകള്‍ അധികാരത്തിന്‍റെ ഇടനാഴികളില്‍ സ്വകാര്യ ആശുപത്രി ലോബിയുടെ അച്ചാരം പറ്റുന്നവരുടെ സ്വാധീനം കൊണ്ട് കൂടിയാകാം സംഭവിക്കുന്നത്.
പുഴുക്കുത്തുകള്‍ ഫീല്‍ഡില്‍ തന്നെ ഇല്ലെന്നല്ല. അലംഭാവം കൊണ്ട് രോഗി മരണപ്പെടുന്നതും സ്വകാര്യ ലാബിലേക്കും, സ്കാന്‍ സെന്‍ററുകളിലേക്കും റഫര്‍ ചെയ്ത് കമ്മിഷന്‍ കൈപ്പറ്റുന്നതുമൊന്നും അത്യപൂര്‍വമല്ല എന്ന് അംഗീകരിച്ച് കൊണ്ട് തന്നെയാണ് പറയുന്നത്. അതേസമയം, മൊത്തം പൊതുമേഖലാ ആരോഗ്യരംഗം ഒന്നിനും കൊള്ളില്ല എന്ന സാമാന്യവല്‍ക്കരണം സ്വകാര്യ ആശുപത്രിക്കാരന്‍റെ മാത്രം താല്പര്യമാണ്. അര്‍പ്പണമനോഭാവത്തോടെ ചുമതല പൂര്‍ത്തിയാക്കുന്നവരോടുള്ള നിന്ദയും കൂടിയാണ്.
അപര്യാപ്തതകള്‍ക്ക് നടുവിലും ചില സര്‍ക്കാര്‍ ആശുപത്രികള്‍ നാഴികക്കല്ലുകള്‍ തീര്‍ക്കുന്നുണ്ട്. പരിമിതികൾക്കിടയിൽ നിന്ന് കൊണ്ടാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് ഹൃദയമാറ്റ ശസ്ത്രക്രിയകൾ ഈയിടെ പൂർത്തിയാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റ ശസ്ത്രക്രിയയും പൂർത്തിയാക്കി. അവിടങ്ങളിലെ ഡോക്ടർമാരുടെ സ്വയംസമർപ്പണം തന്നെയാകണം ഈ നേട്ടങ്ങൾ സാധ്യമാക്കിയത്. എന്നാൽ അവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് അധികൃതരുടെ ഭാഗത്ത് നിന്ന് ഏറെയൊന്നും പ്രോത്സാഹനം ഉണ്ടാകുന്നില്ല എന്നത് യാഥാർത്ഥ്യം മാത്രമാണ്. ഇവിടെയാണ് സ്വകാര്യ ലോബിയുടെ താൽപര്യങ്ങൾ പോളിസി മേക്കിങ്ങിൽ കൈകടത്തുന്നുണ്ടോ എന്ന് നാം ശങ്കിച്ച് പോകുന്നത്.
 Bad Road
ആരോഗ്യ / ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ ലക്ചറർ കൂടിയായ സുഹൃത്ത് പി.എസ്. ജിനേഷ് പൊതുജനങ്ങളുടെയും അധികൃതരുടെയും സവിശേഷശ്രദ്ധയ്ക്ക് മുന്നിൽ വയ്ക്കുന്ന ചില കാര്യങ്ങൾ ഇവയാണ്:
“രോഗികൾക്ക് ആനുപാതികമായി സർക്കാർ ഡോക്ടർമാരുടെ എണ്ണം തികയാതെ വന്നപ്പോൾ സ്ഥിര നിയമനങ്ങൾക്ക് പകരം ബോണ്ട്‌ വ്യവസ്ഥയിലൂടെ ഒരു വർഷത്തെ താത്കാലിക ഡോക്ടർമാരെ നിയമിച്ചത് വഴി തുടർചികിത്സ ഇല്ലാതാകുകയും ചെയ്തു. 2009 – ൽ പി ജി വിദ്യാർത്ഥികളെ മൂന്ന് വർഷത്തെ താത്കാലിക ജീവനക്കാരായ റസിഡന്റ്റ് ഡോക്ടർമാരായി നിയമിച്ചത് രോഗികൾക്ക് വളരെയധികം പ്രയോജനപ്രദം ആയെങ്കിലും ഓരോ വർഷവും 10 – 15 % കണ്ട് വർദ്ധിച്ചുവരുന്ന രോഗികളെ ചികിത്സിക്കാനാവശ്യമായ അത്ര ഡോക്ടർമാരെ സർക്കാരിന് ലഭിച്ചില്ല. അതോടൊപ്പം തന്നെ രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനക്ക് ആനുപാതികമായി പരിചരണ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും സർക്കാരിനായില്ല. ഫലം, വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലെ MBBS, PG സീറ്റുകളുടെ മെഡിക്കൽ കൗൺസിൽ അംഗീകാരം നഷ്ടപ്പെട്ടുതുടങ്ങി.ഈ അവസരത്തിൽ സ്വകാര്യ മെഡിക്കൽ കോളേജുകളെ സഹായിക്കാനായി പല മാനദണ്ഡങ്ങളിലും മെഡിക്കൽ കൗൺസിൽ ഇളവുകൾ വരുത്തിയതിന് അഴിമതിയുടെ പിന്നാമ്പുറക്കഥ ഉണ്ടായിരുന്നു.
2011 – ൽ അധികാരത്തിലേറിയ ഐക്യമുന്നണി സർക്കാർ എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജുകൾ എന്ന ആശയം മുൻപോട്ടുവച്ചു. സര്ക്കാര് മേഖലയിൽ ആകെയുള്ള ഡോക്ടർ തസ്തികക്ക് തുല്യമായ അത്ര ഡോക്ർമാർ ഓരോ വർഷവും കേരളത്തിൽ പഠിച്ചിറങ്ങുന്ന കാലമായിരുന്നു അതെങ്കിലും സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനാവുമെന്നതിനാൽ ഈ നയം സ്വാഗതം ചെയ്യപ്പെട്ടു. എന്നാൽ 1961 – ലെ തസ്തികകൾ പുനർനിർണ്ണയിക്കാൻ സര്ക്കാര് തയ്യാറാവാതിരുന്നതിലൂടെ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടേയും കുറവ്, കേരളത്തിലെ ആരോഗ്യ മേഖലയുടെ നട്ടെല്ലായിരുന്ന പഴയ മെഡിക്കൽ കോളേജുകളുടെ നിലവാരത്തകർച്ചയിലേക്ക്നയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി 1950 ഡോക്ടർ തസ്തികകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ തന്നെ 350 ഓളം ഒഴിഞ്ഞു കിടക്കുകയുമായിരുന്നു. എന്നിട്ടും ഇവിടങ്ങളിൽ നിന്നും 250 ഓളം പേരെ ഇടുക്കി, മഞ്ചേരി, കോന്നി, തിരുവനന്തപുരം ജനറൽ ആശുപത്രി എന്നിവടങ്ങളിലെക്കി സ്ഥലം മാറ്റി. അതോടെ പ്രധാന 5 മെഡിക്കൽ കോളേജുകളിലെ രോഗീ പരിചരണവും മെഡിക്കൽ വിദ്യാഭ്യാസവും അധപ്പതിച്ചു. പുതിയതായി തുടങ്ങിയ മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിനു സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ അവിടങ്ങളിലേക്ക് സ്ഥലം മാറ്റം ലഭിച്ച വിദഗ്‌ദ്ധ ഡോക്ടർമാർക്ക് ജനങ്ങളെ സേവിക്കാൻ അവസരവും ഇല്ലാതായി. ചില മെഡിക്കൽ കോളേജുകളിൽ ഇസിജി മെഷീൻ പോലും ഇല്ലായിരുന്നു!
സ്ഥിരനിയമിതരായ അധ്യാപകരുടെ കുറവ്, അവരുടെ അനധികൃത സ്ഥാനക്കയറ്റം, പഠന സൗകര്യങ്ങളുടെ കുറവ്, രോഗീ പരിചരണ സൗകര്യങ്ങളുടെ കുറവ്, ഗവേഷണങ്ങളുടെയും ഗവേഷണ / പ്രബന്ധ അവതരണങ്ങളുടെ കുറവ് തുടങ്ങിയ കാരണങ്ങളാൽ 500 ഓളം പി ജി റസിഡന്റ് ഡോക്ടർമാരുടെയും കുറയേറെ MBBS വിദ്യാർത്ഥികളുടെയും മെഡിക്കൽ കൗൺസിൽ അംഗീകാരം നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ സര്ക്കാര് മേഖലയിൽ പഠിച്ചിറങ്ങുന്ന ഡോക്ടർമാർക്ക് ചികിത്സിക്കാൻ ആവശ്യമായ യോഗ്യത ഇല്ലാതാവുന്നു.അതെ സമയം പണവും സ്വാധീനവും ഉള്ള സ്വകാര്യ മെഡിക്കൽ കോളേജുകൾ പരിശോധനാ സമയത്ത് ഡോക്ടർമാരെ വാടകക്കെടുത്തും സ്വാധീനം ചെലുത്തിയും അംഗീകാരം കരസ്ഥമാക്കുന്നു.ഇതിനൊക്കെ പ്രതിവിധി കാണേണ്ട ആരോഗ്യ സർവ്വകലാശായിൽ ആവശ്യത്തിന് സ്റ്റാഫ് ഇല്ല. പല ദുർഭരണകർത്താക്കളും (വകുപ്പ് മേധാവികൾ) വിദ്യാർത്ഥികളെ തോല്പ്പിക്കുമെന്നു ഭീഷിണിപ്പെടുത്തി അനീതികൾ ചെയ്യിക്കുന്നു, ശരിയുടെ പാതയിൽ നിൽക്കുന്ന ചിലരെയെങ്കിലും തോൽപ്പിക്കുന്നു. സമൂലമായ ഒരു മാറ്റം ആവശ്യമാണ്‌. ഹൃദയ മാറ്റ – കരൾ മാറ്റ ശസ്ത്രക്രിയകൾ നടത്തി മികച്ച നേട്ടത്തിലേക്ക് കുതിക്കാൻ ഈ പോരായ്മകൾക്കുള്ളിൽ നിന്നും സർക്കാർ മേഖലക്കാവുന്നുണ്ടെങ്കിൽ, ഈ പോരായ്മകൾ നികത്തിയാൽ എന്തും നമുക്കാവില്ലേ?
കേരളത്തിൽ ഇപ്പോൾ 1:700 ആണ് ഡോക്ടർ – ജനസംഖ്യ അനുപാതം. മിക്ക വികസിത രാജ്യങ്ങൾക്കും തുല്യം. കേരളത്തിൽ ഇപ്പോൾ ഹൃദ്രോഗങ്ങളും മറ്റു ജീവിത ശൈലീരോഗങ്ങളും കൂടുതലായി കാണപ്പെടുന്നു.
കേരളത്തിലെ പൊതു ആരോഗ്യ മേഖലയിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ വർദ്ധിപ്പിക്കെണ്ടതിന്റെ ആവശ്യകത ഉണ്ട്. അതിനു Cardiology, Neurology, Nephrology തുടങ്ങിയ വിഭാഗങ്ങൾക്കൂടി പൊതു ആരോഗ്യ മേഖലയിൽ ഉൾപ്പെടുത്തണം. മാനസിക രോഗികൾക്കും വൃദ്ധജനങ്ങൾക്കും മറ്റും പ്രത്യേകം ക്ലിനിക്കുകൾ ആരംഭിക്കണം. ഇപ്പോഴുള്ള സൗകര്യങ്ങൾ അപര്യാപ്തമാണ്. ഇത്തരം വിഭാഗങ്ങൾ ഉൾപ്പെടുത്തിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ മെഡിക്കൽ കോളേജുകളെക്കാൾ ജനത്തിന് ഉപകാരപ്പെടും. മാത്രമല്ല, പഠന വിഭാഗങ്ങളുടെ ആവശ്യകത കുറവായതിനാലും മെഡിക്കൽ കൌൺസിൽ നിബന്ധനകൾ ഇല്ലാത്തതിനാലും സർക്കാരിന് നടപ്പിലാക്കുവാനും എളുപ്പമാണ്. largeമെഡിക്കൽ കോളേജുകളുടെ അത്ര മുതൽമുടക്കില്ല, അത്ര തസ്തികകൾ ആവശ്യമില്ല എന്നതും കണക്കിലെടുക്കണം. കൂടുതൽ മെഡിക്കൽ കോളേജുകൾ അല്ല നാടിനാവശ്യം, കൂടുതൽ മികച്ച സൗകര്യങ്ങൾ ഉള്ള സർക്കാരാശുപത്രികൾ ആണ്. നയങ്ങളിൽ ഉണ്ടാക്കേണ്ട മാറ്റങ്ങളോടൊപ്പം ആരോഗ്യ മേഖലയിലേക്ക് കൂടുതൽ ധനം അനുവദിക്കേണ്ടതുമുണ്ട്. ഇപ്പോൾ ആകെ ബജറ്റിന്റെ 2 ശതമാനത്തിൽ താഴെ മാത്രമാണ് ആരോഗ്യ മേഖലക്ക് അനുവദിച്ചിരിക്കുന്നത്. പല വികസിത വികസ്വര രാജ്യങ്ങളിലും ഇത് 10 %-ത്തിനും മുകളിലാണ്. ഇന്ത്യയിൽ തന്നെ ഡൽഹി സർക്കാർ 15 % വകയിരുത്തിയിട്ടുണ്ട്. ആ വിഹിതം മെച്ചപ്പെടുത്തുക തന്നെ വേണം”.
സ്വത്വരശ്രദ്ധ തിരിക്കേണ്ടത് നിലവിലെ ആരോഗ്യ സംവിധാനങ്ങള്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് കൂടി പ്രാപ്യമാകുന്നുണ്ടോ എന്നതിലേക്കാണ്. അഥവാ ആ മേഖലയില്‍ കൂടുതല്‍ തുക വകയിരുത്തുകയും ഫണ്ടുകള്‍ നേരാംവണ്ണം വിനിയോഗിക്കുന്നു എന്ന് ഉറപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ആദിവാസി മേഖലയില്‍ നിശ്ശബ്ദ വംശഹത്യയാണ് നടക്കുന്നതെന്ന് പറഞ്ഞത്, മൂന്ന് വർഷം മുൻപ് അട്ടപ്പാടിയിലെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ സി.പി.എം സംസ്ഥാന സമിതി നിയോഗിച്ച ഡോ. ഇക്ബാലിന്‍റെ നേതൃത്വത്തിലുള്ള പഠന സമിതിയാണ്. റിപ്പോർട്ടിലെ പ്രസക്ത നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു. പുതിയ മന്ത്രിസഭ അവ അടിയന്തിര പ്രാധാന്യത്തോടെ ചർച്ചക്കെടുക്കുമെന്നും മുൻഗണനാ ക്രമത്തിൽ നടപടികൾ എടുക്കുമെന്നുള്ള പ്രത്യാശയോടെ ഈ കുറിപ്പിന് വിരാമമിടുന്നു.
“അട്ടപ്പാടിയിലെ ആദിവാസിസമൂഹത്തിലെ ശിശുമരണനിരക്ക് ദേശീയ ശരാശരിക്കും മുകളിലാണ്. മൂലയൂട്ടന്ന അമ്മമാരും ഗര്‍ഭിണികളുമടക്കമുള്ള സ്ത്രീകളില്‍ 99 ശതമാനവും വിളര്‍ച്ചയുള്ളവരാണ്. 21 വയസ്സുള്ള സ്ത്രീകള്‍ക്ക് പന്ത്രണ്ടുകാരിയുടെ ഭാരമേയുള്ളൂ.നവജാതശിശുക്കളില്‍ ഭൂരിപക്ഷത്തിനും 600 മുതല്‍ 800 ഗ്രാം മാത്രമാണ് തൂക്കം. കാലം തികയാതെ പ്രസവിക്കുന്നതിനു പുറമേ ഗര്‍ഭമലസുന്ന സ്ത്രീകളുടെ എണ്ണവും ക്രമാതീതമാണ്. aappaddytribes-1നാലുവര്‍ഷത്തോളമായി മേഖലയില്‍ ഗര്‍ഭിണികള്‍ക്ക് അയേണ്‍, ഫോളിക് ആസിഡ് ഗുളികകള്‍ നല്‍കുന്നില്ലെന്ന് സംഘം കണ്ടെത്തി. ഒരു ഗര്‍ഭിണിക്ക് അയേണ്‍ഫോളിക് ഗുളിക ഒരു വര്‍ഷം നല്‍കാനുള്ള ചെലവ് 10 രൂപയാണ്. പകരം, ചിലയിടങ്ങളിൽ പാർശ്വഫലങ്ങളുള്ള ഇന്‍ഫറോണ്‍ ഇന്‍ജക്ഷൻ നല്‍കുന്നു. അട്ടപ്പാടിയില്‍ 578 ഗര്‍ഭിണികള്‍, 509 മുലയൂട്ടുന്ന അമ്മമാര്‍, 3900 കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, മൂന്നുവയസ്സിനും ആറുവയസ്സിനുമിടയിലുള്ള 5969 കുട്ടികള്‍ എന്നിങ്ങനെ പതിനായിരത്തില്‍പ്പരം പേരാണ് പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍.
2002ല്‍ ഏറ്റവും നല്ല ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട പുതൂര്‍ ആശുപത്രിയില്‍ ഇപ്പോള്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. മറ്റ് ജീവനക്കാരില്ല. ഡോക്ടര്‍ക്കാകട്ടെ താമസസൗകര്യവുമില്ല. അട്ടപ്പാടിയില്‍ നല്ലൊരു ഏജന്‍സിയെക്കൊണ്ട് സമഗ്ര ആരോഗ്യസര്‍വേ നടത്തണം. അട്ടപ്പാടിയെ താലൂക്കായി പ്രഖ്യാപിക്കണം. അവിടത്തെ സര്‍ക്കാര്‍ ആശുപത്രി ആദിവാസി മെഡിക്കല്‍കോളേജാക്കി മാറ്റണം. ഇവിടെ ആദിവാസികള്‍ക്കും മറ്റുള്ളവര്‍ക്കും പ്രവേശനം നല്‍കണം. ഇതോടൊപ്പം നഴ്‌സിങ് കോഴ്‌സും തുടങ്ങണം. ഇവിടെ പഠിച്ചിറങ്ങുന്നവര്‍ക്ക് നിര്‍ദിഷ്ടകാലം ആദിവാസിമേഖലയില്‍ നിര്‍ബന്ധിതസേവനം ഉറപ്പാക്കണം.”

Comments

comments