ലനിവർത്തിവെച്ച പൂക്കുലകളെയും കാറ്റിനേയും പിന്നിട്ട് ഒരു പകലിറങ്ങിപ്പോകും വിധം അനായാസമായി ഒന്നിൽനിന്ന് മറ്റൊന്നിലേക്കെന്നോണം മരണത്തെപ്പോലെ സത്യമായ മറ്റൊന്നിലേക്ക് നീയില്ലാത്ത കാലത്തിലേക്കെന്നപോൽ നിന്നെയോർക്കാത്ത നേരത്തിലേക്കെന്നോണം മറവിയോളം പോന്നൊരവസ്ഥയിലേക്ക് രൂപാന്തരപ്പെടുകയാണ് ഞാൻ

ഇഴയുന്ന നീർച്ചാലുകൾ പുഴകൾ

ഒഴുകിപ്പോന്ന വഴികളോർമ്മിക്കും വിധം പരന്നപുഴയിൽ നിറയാതെ ബാക്കിയാകുന്നയിടങ്ങളിൽ സാക്കുറപ്പൂക്കളെന്നോണം കൊഴിഞ്ഞ പിങ്ക് നിറമുള്ളയോർമ്മകൾ

സ്വാതന്ത്ര്യമേ നിന്റെ പേരിലൊരു രാജ്യമുള്ളിൽ

എതിലെയുമൊഴുകാമെന്നു വരം കിട്ടിയ പുഴയ്ക്ക് കടലിൽ പതിക്കേണ്ടതില്ല, പർവ്വതങ്ങളിൽ നിന്ന് താഴേക്കല്ല, കൊടുമുടിയിലേക്ക് കുത്തനെപ്പോലും അവയ്ക്ക് ചെല്ലാം. വഴിമാറിവഴിമാറി വിണ്ടനിലങ്ങളിൽ നീരോട്ടിക്കുളിർപ്പിച്ച് കിളർക്കുന്ന പുൽനാമ്പുകൾക്കിടയിലൂടെ ഏതിലെയും വഴിയെന്നപോലെ ഒഴുകിനീങ്ങാം. പലമണ്ണിന്റെ മണങ്ങൾ രുചികൾ പല നാടുകൾ യാത്രകൾ / സ്വാതന്ത്ര്യമേ നിന്റെ പേര് സഞ്ചാരിയെന്നാണ്

ഗർത്തങ്ങളിൽ നിന്നും ഇത്തിരിപ്പൂക്കൾ വിരിയുന്നു

ഇടിമുഴക്കങ്ങളിൽ പൂവിരിയുന്നൊരു നാടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ, ഞാനാണത്. അത്രയും മൃദുലമായ കൂണുകൾ മുളക്കുന്ന മഴക്കാലവും ഞാനാണ്. നിന്റെ അനേകമായ പേരുകളും നീ മൂടിവെക്കുന്ന വികാരങ്ങളും ഞാനാണ്. സന്തോഷങ്ങളിലെ നിറവും കണ്ണീരിന്റെ ഉപ്പും ഞാൻ തന്നെയാണെന്നൊരു സ്തോത്രം നീയെന്ന സുവിശേഷത്തിലെഴുതാൻ വന്ന ഒടുവിലത്തെ ആ പ്രവാചകനും ഞാൻ തന്നെയാണ് !

Comments

comments