‘വെണ്മണിക്കമ്മലിട്ട പെൺകുട്ടി’ (1665)/ യൊഹാനസ് ഫെർമീർ (1632-75). – ചിത്രവും ചിത്രകാരനും 1

എനിക്കേറെ പ്രിയപ്പെട്ട യൊഹാന്നസ് ഫെർമീർ, 17-ആം നൂറ്റാണ്ടിലെ മഹാനായ ഡച്ച് ചിത്രകാരൻ. വലിയ കഷ്ടപ്പാടുകളിലൂടെ കടന്നുപോകേണ്ടിവന്ന ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അക്കാലത്ത്, ഡച്ചുകാർക്ക് പൊതുവെ ദുരിതകാലമായിരുന്നു. സ്വന്തം നാടിന്റെ മിക്കവാറും ഭാഗങ്ങൾ ഫ്രഞ്ച് അധീശത്തിൽ. 21-ആം വയസ്സിലെ വിവാഹവും, വെറും 22 കൊല്ലത്തെ ദാമ്പത്യവും, ആ ബന്ധത്തിൽ ജനിച്ച 15 കുട്ടികളും, അതിൽത്തന്നെ 4 കുട്ടികളുടെ പിഞ്ചുപ്രായത്തിലേയുള്ള മരണവും, തീരാത്ത കടക്കെണിയും, ഫെർമീറിനെ തകർത്തുകളഞ്ഞുവെന്നു പറഞ്ഞാൽ മതിയല്ലോ. ഫ്രഞ്ചുകാരുമായുള്ള യുദ്ധം കാരണം തന്റെ ചിത്രങ്ങൾ വിൽക്കാനും ഫെർമീറിന് സാധിച്ചില്ല. ആ ദുരവസ്ഥകൾക്കൊടുവിൽ 43-ആം വയസ്സിൽ അദ്ദേഹം നിര്യാതനുമായി.

johannes vermeer

വീട്ടകരംഗങ്ങളായിരുന്നു ഫെർമീർ അധികവും ചിത്രീകരിച്ചിരുന്നത്. ചിത്രങ്ങളിലെ അതിനിഷ്‌കർഷയും, വിലയേറിയ ചായങ്ങൾ ഉപയോഗിച്ചിരുന്നതിലെ നിർബ്ബന്ധബുദ്ധിയൂം, ഒടുവിൽ അദ്ദേഹത്തിനുതന്നെ വിനയായി ഭവിച്ചിട്ടുണ്ട്. സ്ത്രീകളെ വരയ്ക്കുന്നതിൽ പ്രത്യേക മിടുക്കും താൽപര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഡച്ചുകലയുടെ സുവർണ്ണദശ എന്ന് ഇന്ന് വിശേഷിപ്പിക്കപ്പെടുന്ന 17-ആം നൂറ്റാണ്ടുകാലത്തെ ഏറ്റവും പ്രഗത്ഭനായ ചിത്രകാരനായിട്ടാണ് ഫെർമീറിനെ പൊതുവെ കണക്കാക്കുന്നത്.

തെക്കൻ ഹോളണ്ടിലെ ഡെൽഫ്റ്റ് എന്നൊരു കൊച്ചുപട്ടണത്തിലാണ് ഫെർമീർ ജനിച്ചുവളർന്നത്. ‘ഡെൽഫ്റ്റിന്റെ സ്ഫിങ്ക്‌സ്’ എന്നൊരു വിളിപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു. ആ പട്ടണത്തിന്റെ മനോഹാരിത ഒപ്പിയെടുത്ത നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. കൂടാതെ ‘കച്ചേരി’, ‘ജലകുംഭവുമായൊരു സ്ത്രീ’, ‘ഉറങ്ങുന്ന സുന്ദരി’ എന്നീ പ്രശസ്തചിത്രങ്ങളും ഡെൽഫ്റ്റ് കാലത്തുള്ളവ. തന്റെ കഴിവുകൾ മെച്ചപ്പെടുത്തിന്നതിന്റെ ഭാഗമായി അദ്ദേഹം ഡെൽഫ്റ്റ് ഗിൽഡ് എന്നൊരു ചിത്രകലാസംഘടനയുമായി ചേർന്നു പ്രവർത്തിക്കുകയുമുണ്ടായി. ഫെർമീറിന്റെ ഗുരു ആരായിരുന്നുവെന്ന് വലിയ തിട്ടമില്ല. പക്ഷെ, അദ്ദേഹം കരവാജിയോയുടെ(Caravaggio) കടുത്ത ആരാധകനായിരുന്നുവത്രെ. സ്വാഭാവികമായും ഒരു കരവാജിയോ സ്വാധീനം ആദ്യകാലങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്നിരിക്കാം. അവസാനകാലത്തെ റെംബ്രാന്റ് സ്വാധീനവും എടുത്തുപറയേണ്ടതുതന്നെ.

റിയലിസമായിരുന്നു ഫെർമീർ ഇഷ്ടപ്പെട്ടിരുന്നത്. റിയലിസം ഒരു ത്രിമാനതലത്തിൽപ്പോലും വികസിക്കുന്നുണ്ട് പലപ്പോഴും ഫെർമീറിന്റെ ചായങ്ങളിലൂടെ. കാഴ്ചക്കാർ ആ ചിത്രങ്ങൾ നോക്കി വർത്തമാനകാലത്തിൽ മുഴുകുന്നതും അതിലൂടെ അവരുടെ മനസ്സിൽ ഒരു കഥ ജനിക്കുന്നതുമായിരുന്നു ഫെർമീറിന് താല്പര്യം. ആ വരയ്ക്കാത്ത, പറയാത്ത കഥയുടെ നേർത്ത സൂചനകളായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ നിഗൂഢത.വർണ്ണശുഷ്‌കാന്തിയിലും വെളിച്ചത്തിന്റെ പ്രയോഗത്തിലും അഗ്രഗണ്യനായിരുന്ന അദ്ദേഹത്തിന്റെ സൗന്ദര്യാവബോധം സമാനതകളില്ലാത്തതുമായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കണം, ഈ ആധുനികകാലപഠനങ്ങളിലും ഫെർമീർ ചിത്രങ്ങൾ മുൻപന്തിയിൽ നിൽക്കുന്നത്.

ഫെർമീറിന്റെ തനതുശൈലി ഏറ്റവും ഗംഭീരമായി കാണാവുന്ന ചിത്രങ്ങളാണ് ‘പാൽക്കാരി’യും, ‘വെണ്മണിക്കമ്മലിട്ട പെൺകുട്ടി’യും. ഒറ്റനോട്ടത്തിൽ ഒരു സാധാരണ ദൈനംദിനജീവിതരംഗങ്ങളായിട്ടാണ്, ഫെർമീർചിത്രങ്ങൾ അനുഭവപ്പെടുക. പക്ഷെ, സൂക്ഷ്മവിശകലനത്തിൽ, ശ്രദ്ധയോടെ ചമയ്ക്കപ്പെട്ട ഒരു ഇതിവൃത്തം അവയിൽ ഒളിഞ്ഞിരുപ്പുണ്ടെന്നുകാണാം. മനോഹരമായി ഇഴചേർത്ത ഒരു ദൃശ്യമുഹൂർത്തമായേ അതിനെ കാണാനാവൂ. ആ വർണ്ണാവിഷ്‌കാരങ്ങളിലൂടെ ചിത്രകാരന്റെ കാൽപനികത കഥാതന്തുക്കളിൽ ചിറകുവെയ്ക്കുന്നത് നാം തൊട്ടറിയേണ്ടതുണ്ട്. വെർമീർ വരച്ചിട്ട പ്രശാന്തരംഗങ്ങളിലും മയപ്പെടുത്തിയ കാൻവാസ്സുകളിലും, നമ്മുടെ മനസ്സിനെ പിന്നിൽനിന്നു വിളിക്കുന്ന എന്തോ ഒന്നു കാണാം. ഏതു ചിത്രകാരന്റേയും സാക്ഷാത്ക്കാരം, ഓരോ ദൃഷ്ടാവും അതു തിരിച്ചറിയുമ്പോഴും, അതിനനുസരിച്ച് പ്രതിവദിക്കുകയും ചെയ്യുമ്പോഴാണ്.

ചിത്രങ്ങളിൽനിന്നും ചിത്രകാരനെ വായിച്ചെടുക്കുന്നത്, ഒരു മാനസികാപഗ്രഥനപഠനമാവണമല്ലോ. അത്തരത്തിലുള്ള ഒരു വിശ്ലേഷണം പല ശാസ്ത്രജ്ഞരും കലാഗവേഷകരും ശ്രമിക്കാറുണ്ട്. കലാകാരന്മാരുടെ ബൗദ്ധികഗതികളനുസരിച്ച് അത് ലളിതവും ക്ലിഷ്ടവുമായി മാറാറുമുണ്ട്. പക്ഷെ, ഫെർമീർ? ഒരു ദുർജ്‌ഞേയത അവിടെ എന്നും അവശേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിശദമായി പരിശോധിച്ചു വിശ്ലേഷിച്ചാലും എന്തോ ഒന്നു വഴുതിമാറി നില്ക്കും. നാല്പതിലേറെ സ്ത്രീകളെ വരച്ചിട്ടുണ്ടിദ്ദേഹം. ഒരു രഹസ്യസൂക്ഷിപ്പുകാരിയുടെ ഗൂഢഭാവം മുഖത്തിട്ടുകളയും ചിലപ്പോൾ ഫെർമീറിന്റെ നായികമാർ. അക്കാലത്തെ ഡച്ചുചിത്രങ്ങളിൽ സാരഭൂതമായ തെളിമയും ഊഷ്മളതയും ഒരു പക്ഷെ, ഫെർമീറിൽ നിങ്ങൾക്കു കാണാനായില്ലെന്നും വരും. ചുരുക്കിപ്പറഞ്ഞാൽ, ചില രഹസ്യങ്ങൾ അടക്കം പിടിക്കുന്നവൻ തന്നെ, ഈ ഡച്ചുപ്രതിഭ.

Meisje_met_de_parel

ഇനി നമുക്കൊരു ഫെർമീർ ചിത്രം വായിക്കാം. എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്ന്. വെണ്മണിക്കമ്മലിട്ട പെൺകുട്ടി! വിവരിച്ചുതുടങ്ങിയാൽ തീരാത്തത്രയും പ്രത്യേകതകളുണ്ടീ ചിത്രത്തിന്. മനോഹരിയായ തരുണീമണി. വശ്യവും നിർമ്മലവുമാണ് മുഖഭാവം. അറിയാതെടുക്കുന്ന ഫോട്ടോകളിൽ കാണുന്ന അതേ  യാദൃശ്ചികത, സുന്ദരിയുടെ നിഷ്‌കളങ്കതയ്ക്ക് മാറ്റുകൂട്ടുന്നു. കണ്ണിണകൾ നമ്മിലേക്കാഴ്ന്നിറങ്ങുന്നുണ്ട്. കൂടുതൽ നോക്കിയിരുന്നാൽ ഹൃദയകമ്പനം ഒട്ടൊന്നു ഉച്ചസ്ഥായിയിലായതുപോലെ തോന്നും. ആരേയും തരളിതനാക്കുന്നത് ആ ചുണ്ടിണകളാണ്. അല്പം വിടർന്ന്, ഈർപ്പത്തോടുകൂടിയ അധരങ്ങൾ ഗോപ്യമായ എന്തോ ഒന്നിനെ സൂചിപ്പിക്കുന്നു. പിടികിട്ടാത്ത ഏതോ വാക്കുകൾ അവിടെ തത്തിക്കളിക്കുന്നുണ്ട്. നേരത്തെപ്പറഞ്ഞ ഫെർമീർ ഗൂഡാത്മകതയുടെ ആദ്യബിംബം തന്നെയിത്. ആ വാക്കെന്തെന്നോർത്ത്, ആകാംക്ഷപരവശചേതസാ നെടുവീർപ്പിടുന്നു കാമുകന്മാർ. ഇനിയാ മൂക്കൊന്നു നോക്കൂ. നാസികയെ കുറിക്കുന്ന ഒരു വര പോലുമില്ലവിടെ. ഇടതുവശത്തുള്ള നിഴൽ മാത്രം. വലതുകവിളുമായി അതിനു നിറഭേദവുമില്ല. എന്നിട്ടും ഒരപൂർവ്വസുന്ദരനാസിക ഫെർമീർ ഇവിടെ സൃഷ്ടിച്ചെടുത്തിരിക്കുന്നു. അക്കാലത്ത് മുഖഭാവത്തിന് അമിതപ്രാധാന്യം കൊടുത്തുകൊണ്ടുവരയ്ക്കുന്ന ചിത്രങ്ങളെ പൊതുവെ ട്രോനീ(Tronie) ശൈലി എന്നുപറയാറുണ്ട്. ഡച്ചുഭാഷയിൽ ട്രോനീ എന്നാൽ മുഖം എന്നർത്ഥം. വെണ്മണിക്കമ്മലിട്ട പെൺകുട്ടി അത്തരമൊരു ചിത്രമെന്നു കരുതാം.

 

ആ ശിരോവസ്ത്രത്തിന്റെ നീലോപലവർണ്ണത്തിളക്കം സുന്ദരിക്കു പകർന്നുകൊടുക്കുന്ന ഗാംഭീര്യമാകട്ടെ മൃദുചിന്തകളുമായി ഇവളെ സമീപിക്കുന്ന ആരേയും ഒരു നിമിഷം സംശയത്തിലാഴ്ത്തും. അള്‍ട്രാമരീൻ എന്നൊരുതരം ചായക്കൂട്ടാണത്രെ ഫെർമീർ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. വിലപിടിപ്പുള്ള കല്ലുകളിൽപ്പെട്ട ‘ലാപിസ് ലാസുലി’യാണതിലെ പ്രധാനചേരുവ. girl-with-a-pearl-earring-4അതിനുമുകളിലെ മഞ്ഞയും പച്ചയും കലർന്ന വസ്ത്രം ഒതുക്കിക്കെട്ടിയുയർത്തി, അറ്റം നീണ്ട്, ഞൊറിതീർത്ത്, പുറംതോളിലേക്കു വീണൂകിടക്കുന്നു. ഇത്തരമൊരു ശിരോവസ്ത്രം ഫെർമീറിന്റെ കാലത്ത് യൂറോപ്പിലെങ്ങും കണികാണാൻപോലും കിട്ടാത്തതാണെന്ന് വിദഗ്ധർ പറയുന്നു. അപ്പോൾ പിന്നെ ഇതെങ്ങനെ? ഫെർമീറിന്റെ ഒരു മായാഭാവനയായി മാത്രം തല്ക്കാലം ഇതിനെ കണക്കാക്കുകതന്നെ. അതിന്റെ താഴത്തേക്കുള്ള തൊങ്ങലിന്റെയറ്റത്ത് ഒരു നീലക്കലർപ്പ് കാണാം. വസ്ത്രം ഇത്തിരി പഴയതാണെന്നുള്ള സൂചന അതു തരുന്നുണ്ട്. ഒരു പക്ഷെ, ഫെർമീർ പരിസരത്തെങ്ങാനും കിടന്നിരുന്ന തുണിയുപയോഗിച്ച്, ഒരു ഭംഗിക്ക് മോഡലിന് തല്ക്കാലത്തേക്ക് കെട്ടിക്കൊടുത്തതാവാനും മതി.

അടുത്തതായി, പ്രധാനപ്പെട്ട ആ കർണ്ണാഭരണത്തിലേക്കു വരാം. മുത്താണതെന്നാണ് ചിത്രകാരന്റെ പക്ഷം. പക്ഷെ, ഇത്രയും വലിയ മുത്തോ? മാത്രവുമല്ല, കണ്ടാൽ ഏതോ മിന്നുന്ന ലോഹഗോളമാണെന്നേ തോന്നൂ. അതിൽത്തട്ടി പ്രതിഫലിക്കുന്ന വെള്ളിത്തിളക്കം, ആ വദനചാരുതയിൽ നിന്നോ, തൊട്ടുതാഴെക്കാണുന്ന അതിശുഭ്രവസ്ത്രക്കീറിൽനിന്നോ, അതോ ഈ ലാവണ്യാംഗിയെ കണ്ടുനില്ക്കുന്ന നമ്മളിലോരോരുത്തരുടേയും മനോവെളിച്ചത്തിൽ നിന്നോ? ആലോചിച്ചുതീരുന്നില്ല. ആ അശ്രുകർണ്ണികയുടെ വെള്ളിത്തിളക്കമാകട്ടെ, പെൺകുട്ടിയുടെ ഇരുൾക്കോണിൽനിന്നും നമ്മുടേ ഹൃദയത്തിലേക്കൊരു വെളിച്ചം വീശുന്നു. ആ പ്രതിഫലനമോ, ഒരു ഉൾപ്പുളകമായി മനസ്സാകെ നിറയുകയും.

പെൺകുട്ടി ധരിച്ചിരിക്കുന്ന മഞ്ഞയും പച്ചയും കലർന്ന വസ്ത്രത്തിനു പ്രത്യേകതകളൊന്നുമില്ല. അതിന്റെ കനത്ത ചുളിവുകൾ അതൊരു കട്ടിവസ്ത്രമാണെന്ന പ്രതീതിയാണുണ്ടാക്കുന്നത്. ഒരു സാധാരണജീവിതപശ്ചാത്തലത്തിന്റെ സൂചനയാവാം. അതിനുതൊട്ടുമുകളിൽ കാണുന്ന ഉൾവസ്ത്രത്തിന്റെ മേൽഭാഗമാകട്ടെ, ഒരു വെള്ളിനാടക്കീറെന്നോണം, വെണ്മണിക്കമ്മലിനോട് ചേർന്നും നില്ക്കുന്നു.

ഈ കൊച്ചുസുന്ദരിയെ വരച്ചിരിക്കുന്ന ശ്യാമനിബിഡമായ പശ്ചാത്തലവും അപൂർവ്വമാണ്. അവളുടെ സൗന്ദര്യവും, മുഖത്തെ തെളിച്ചവും ഇരട്ടിപ്പിക്കാനായി ചിത്രകാരൻ മന:പൂർവ്വം ഉപയോഗിച്ചതാവാനും മതി. പക്ഷെ, ഈയിടെ നടത്തിയ സൂക്ഷ്മപരിശോധനകളിൽ, ഫെർമീർ ഇവിടെ ഇരുണ്ട പച്ചനിറം ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കാലപ്പഴക്കത്തിൽ ആ ഹരിതാഭ ചോർന്നുപോയതാണത്രെ.

1999-ൽ ടേസി ഷെവലിയർ ഈ പേരിൽ ഒരു ചരിത്രനോവൽ എഴുതുകയുണ്ടായി. ഫെർമീറിന്റെ ചിത്രവും അതുവരയ്ക്കാനുണ്ടായ സാഹചര്യവും തന്നേയായിരുന്നു പ്രതിപാദ്യം. പക്ഷെ, അതിൽ പറഞ്ഞ പലകാര്യങ്ങളും യാഥാർത്ഥ്യത്തിനു നിരക്കുന്നതാണോ എന്നു സംശയമാണ്. Girl-With-a-Pearl-Earring-scarlett-johansson-15469105-1470-1050ഫെർമീറിന് ഗ്രീറ്റ് എന്ന പേരിൽ ഒരു വീട്ടുജോലിക്കാരി ഉണ്ടായിരുന്നുവെന്നും തന്റെ ചിത്രങ്ങൾക്കു മോഡലായി അവരോട് നിൽക്കാൻ ഫെർമീർ പലപ്പോഴും ആവശ്യപ്പെടാറുണ്ടായിരുന്നുമെന്നാണ് ഇതിലെ കഥ.ഒരിക്കൽ, തന്റെ ഭാര്യയുടെ കർണ്ണാഭരണമണിഞ്ഞ് ഇരിക്കാൻ അവരോട് ആവശ്യപ്പെട്ടുവത്രെ. അങ്ങനെ പിറന്ന ചിത്രമായിരുന്നു വെണ്മണിക്കമ്മലിട്ട പെൺകുട്ടി. പിന്നീടത് 2003-ൽ ചലച്ചിത്രവുമായി.

***

ചിത്രത്തിന്റെ സാങ്കേതികവശങ്ങൾ: ‘മൈസ്യെ മെത് ദ് പരെൽ’

(വെണ്മണിക്കമ്മലിട്ട പെൺകുട്ടി)

വർഷം: 1665

ശൈലി: ട്രോനീ റിയലിസം

തരം: കാൻവാസ്സിലെ എണ്ണച്ചായം

വലിപ്പം: 44.5 x 39 cm

സൂക്ഷിച്ചിരിക്കുന്ന സ്ഥലം: മൗരിറ്റ്ഷ്യാസ് ആർട്ട് മ്യൂസിയം, ഹേഗ്, നെതർലൻഡ്‌സ്

Comments

comments