ഴിവു ദിവസത്തെ കളി എന്ന സിനിമാഭാവന മലയാളി പുരുഷജീവിതത്തിലെ പുല്ലിംഗനോട്ടത്തെയും അബോധത്തിലെ ജാതിവിത്തുകളെയും വിചാരണക്കെടുക്കുന്നുണ്ട്. കേരളത്തിലെ ഒരു പൊതു മദ്യപാന സദസ്സ് എന്ന് സാമാന്യവൽക്കരിക്കാൻ യുക്തികളുള്ള ഇടം ആണ് സിനിമ നടക്കുന്ന സ്ഥലം. മിക്ക മദ്യപാന സ്ഥലങ്ങളിലും ആൺകൂട്ടങ്ങളുടെ ആഘോഷ -കലഹങ്ങളാണ് മുഖ്യം. അവിടെ പെണ്ണിന്റെ അസാന്നിദ്ധ്യം നൽകുന്ന അരാഷ്ട്രീയ ഭാഷണ സൗകര്യങ്ങളുണ്ട്. കാമത്തെയും ലൈംഗിക ചോദനകളെയും ഭോഗവർണ്ണനകളെയും സംസാരവിഷയമാക്കുമ്പോൾ, അസാന്നിദ്ധ്യം കൊണ്ട് സൗകര്യമൊരുക്കിയ പെണ്ണിന് നേരെ ഉയരുന്ന മുന കൂർപ്പിച്ച ഒരു കുന്തം പോലെ അത് ആൺ -അധീശ പ്രത്യയശാസ്ത്ര ബോധത്തിന്റെ എല്ലാ ചേരുവകളും ഉൾവഹിക്കും. ലൈംഗികതയെപ്പറ്റി സിനിമയിലെ കഥാപാത്രമായ വിനയനും (പ്രദീപ് കുമാർ) സുഹൃത്തും നടത്തുന്ന സംഭാഷണം മലയാളി പുരുഷന്റെ പെൺനോട്ടത്തിന് നേരെയുള്ള താക്കോൽ പഴുതാണ്. സുഹൃത്ത് പറയുന്നത് ആണ് മുകളിലും പെണ്ണ് താഴെയുമുള്ള ഈ ക്രിയ ആണിന്റെ/ അവന്റെ അധീശത്വത്തെ ഉറപ്പിക്കുന്ന ഇമേജ് ആണ് എന്നാണ്. ആ ഇരയാക്കപ്പെടലിന്റെ പ്രാകൃത ബോധത്തെ വിചാരണക്കെടുക്കുന്നതിന് മുമ്പ് വിനയന്റെ മറുപടിയും അതിനുള്ള സുഹൃത്തിന്റെ പ്രകോപനവും പ്രശ്നവൽക്കരിക്കേണ്ടതുണ്ട്. അപ്പോൾ താൻ ഇത്രയും കാലം ഭാര്യയെ ബലാത്സംഗം ചെയ്യുകയായിരുന്നുവല്ലേ എന്നാണ് വിനയന്റെ ചോദ്യം. എന്റെ പ്രൈവറ്റ്കാര്യങ്ങളെ അപഹസിച്ച് താൻ വൃത്തികേട് പറയുന്നു എന്നാണ് സുഹൃത്ത് പ്രകോപിതനാവുന്നത്.(ഭാര്യ ഭർത്താവിന് വിഹിതമായി ലഭിച്ച ഒരു പ്രോപ്പർട്ടി ആണ് നമ്മുടെ പീനൽ കോഡിൽ എന്ന് കേട്ടിട്ടുണ്ട്. അതു കൊണ്ട് തന്നെ അവൾ പുലർത്തുന്ന ‘അവിഹിത ‘ മായ മറ്റ് ബന്ധങ്ങളെ ഭർത്താവിന് നിയമപരമായി ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. ഭർത്താവ് ഭാര്യക്ക് ഇങ്ങിനെ വിവാഹബന്ധത്തിൽ കൂടി ലഭിക്കുന്ന പ്രോപ്പർട്ടി അല്ല. വിവാഹശേഷം പെണ്ണുടലിൽ ചാർത്തപ്പെടുന്ന മംഗല്യസിന്ദൂരമടക്കമുള്ള ചിഹ്നങ്ങൾ ഇന്ത്യൻ പാരമ്പര്യത്തിൽ ഭാര്യ ഉടയോന്റെ സാന്നിധ്യ പ്രഖ്യാപനം  നടത്തുന്ന ചിഹ്നങ്ങളാണ്.) പറഞ്ഞു വന്നത് പെണ്ണ് എന്ന ഉപഭോഗവസ്തു പ്രപഞ്ചമാക്കി മാറ്റപ്പെട്ട (Commodified Nature) വസ്തുവിന് നേരെയാണ് ആൺലിംഗനോട്ടങ്ങൾ അമ്പെയ്യുന്നത് എന്നാണ്. സിനിമയിലെ  ഗൾഫുകാരൻ സുഹൃത്ത്  ആദ്യം സിനിമയിലെ ഏക സ്ത്രീ കഥാപാത്രമായ ഗീതയെ അപ്രോച്ച് ചെയ്യുന്നുണ്ട്. എന്നാൽ അവൾ പ്രകടിപ്പിക്കുന്ന കൃത്യമായ അനിഷ്ടം അയാൾ വകവെക്കുന്നേ ഇല്ല. കൂടെ കിടക്കാൻ പോരുന്നോ എന്ന് ചോദിച്ച് കടന്നുപിടിച്ച് അവളുടെ കൈയിലുള്ളത് കരണത്തിട്ട് കിട്ടിയിട്ടേ അയാളുടെ വിടർന്നാടിയ പുല്ലിംഗം പത്തി താഴ്ത്തുന്നുള്ളു. വിനയനാവട്ടെ തന്റെ താൽപര്യം അറിയിക്കുകയും ഗീതയുടെ താൽപര്യമില്ലായ്മ തിരിച്ചറിയുകയും ചെയ്യുന്നതോടെ ഉദ്യമത്തിൽ നിന്ന് പിൻവാങ്ങുന്നു.

Ozhivu Divasatthe Kali Malayalam Movie Trailer

സിനിമ നടക്കുന്ന സ്ഥലം ഒരു കാടിനെ അനുസ്മരിപ്പിക്കുന്നു. അത് മനുഷ്യന്റെ പ്രാകൃത ഇടത്തിലേക്കുള്ള സൂചന കൂടിയായിത്തീരുന്നു. വന്യമായ അവന്റെ വികാരങ്ങൾ മെരുക്കപ്പെട്ടാണ് പരിഷ്കൃത സ്വജന മര്യാദയായി വേഷം മാറിയത്. വിദ്യാഭ്യാസം കൊണ്ടും തൊഴിൽ കുലം തുടങ്ങിയവ കൊണ്ടും പരിഷ്കൃതൻ ആണെന്ന് നടിക്കുമ്പോഴും അത് ഭൗതികമായ കേവല പ്രകൃതം മാത്രമാണെന്നും ആന്തരികമായ പ്രാക് വാസന  പുറത്ത് വരാൻ തക്കം പാർത്തിരുക്കുകയാണെന്നും സിനിമയിലെ  ‘സംഭവസ്ഥലം’ എന്ന ആഖ്യാനം സൂചകമാവുന്നു.നാഗരികതയും വന്യതയും തമ്മിൽ ഏറെ അകലമില്ല എന്ന സാസ്കാരിക സൂചന കൂടി കഥയിലെ സ്ഥലം നൽകുന്നുണ്ട്. ഒരു ആദി മനുഷ്യന്റെ നിതാന്ത സാന്നിധ്യം അയാളിൽ എപ്പോഴും പുറത്തു വരാൻ തക്കം പാർത്തിരിക്കുന്നു. ആ മനുഷ്യനെ പുറത്തു കൊണ്ട് വരാൻ ഉള്ള വർദ്ധിത വീര്യമായി മദ്യം മാറുന്നു. പുരുഷനിൽ പ്രവർത്തിക്കുന്ന ആ പ്രാക് മനുഷ്യനാണ് പെണ്ണിനെ ലൈംഗിക ഉപകരണമായി കാണാൻ പ്രേരിപ്പിക്കുന്നത്.അയാളുടെ മാനസിക-ഹൃദയ വാസസ്ഥലം വന്യമാണ് എന്ന ധ്വനി സിനിമ നടക്കുന്ന ഇടംസൂചിപ്പിക്കുന്നു എന്ന് ചുരുക്കം. സിനിമയിലെ ആണുങ്ങളുടെ വാസസ്ഥലം നഗരമാണെങ്കിലും അയാൾ തന്റെ പ്രാഗ് ജീവിത വാസന വെടിയാൻ തയ്യാറല്ല. പുറത്തേക്ക് വ്യക്തമല്ലാത്ത ഒരു സംസ്കൃത പാളിയാണ് നാഗരികനുള്ളിൽ മേൽ സൂചിപ്പിച്ച പ്രാക് ജീവിത വാസന ഒളിപ്പിച്ചു വെച്ചത്. ഈ മര്യാദ പക്ഷെ കേവലം ഉപരിപ്ളവമായ പുറന്തോടിനു പുറത്തെ മോടി മാത്രമാണ്. ഒരു ആൺകൂട്ട മദ്യപാന സദസ്സിൽ പടപൊഴിഞ്ഞു അബോധത്തിലെ (Sub Conscious) പ്രാകൃതൻ പുറത്ത് വരാൻ അധികം സമയം വേണ്ട. തികച്ചും പ്രണയരഹിതമായ കാമത്തെ ഉൾ വഹിക്കുന്ന പുമാൻ മെരുക്കപ്പെട്ടിട്ടും ഇടക്കിടക്ക് പുറത്തേക്ക് വന്നെത്തി നോക്കുന്ന ആൺലിംഗ നോട്ടത്തിന്റെ ഇമേജ് തന്നെയാണ്. മനസ്സുകൊണ്ട് ഇപ്പോഴും കാട്ടിൽ വസിക്കുന്ന, നഗര പരിഷ്കൃതത്വം കൊണ്ട് ഇല്ലാതാവാതെ നിലകൊള്ളുന്ന ആ കാട്ടുവാസിയെന്ന പ്രകൃത/പ്രാകൃത പൗരുഷം പെണ്ണിനെ കാമ പൂർത്തിക്കുവേണ്ടി സമീപിക്കുന്നത് വേട്ടക്കാരൻ ഇരയെ സമീപിക്കുന്നതു പോലെ തന്നെയാണ്. അവിടെ ഇരയുടെ മുകളിൽ എന്ന കാമ സങ്കല്പം കീഴടക്കലിന്റെ ആത്മനിർവൃതി തന്നെയായി വെളിപെടുന്നു.

സിനിമയിലെ ഏക സ്ത്രീ കഥാപാത്രമാണ് ഗീത. അവളുടെ ഭാഗം പ്രധാനമായും മദ്യപർക്കുള്ള തീറ്റ ഒരുക്കുക എന്നതാണ്. കേരളത്തിലെ മധ്യവർഗ്ഗ കുടുംബത്തിലെ മദ്യ സദസ്സുകളിലും ഉന്നത സമ്പന്ന കുടുംബ സദസ്സുകളിലും പെണ്ണ് ഇത് തന്നെയാണ്‌ ചെയ്തു കൊണ്ടിരുന്നത്. ഇത് മലയാള സിനിമ ധാരാളം സാക്ഷ്യം പറയുന്ന രംഗവുമാണ്. പെണ്ണിനെ കടത്തിയിരുത്താൻ മടിക്കുന്ന/അവൾ കടന്നിരിക്കാൻ മടിക്കുന്ന ആണിടങ്ങളാണ് കേരളത്തിലെ മധുശാലകളും മദ്യസദസ്സുകളും.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് എന്ന ഇലക്ഷൻ ഒഴിവുദിവസത്തെ കളിയുടെ പശ്ചാത്തലമായി വരുന്നുണ്ട്. അത് നൽകുന്ന സൂചന മലയാളിയുടെ അബോധത്തിൽ കൃഷി ഇറക്കപ്പെട്ട ജാതി വിത്തുകൾ മുളച്ച് പാകമായതിന്റെ വിളവെടുപ്പിനെയാണ്. കാലങ്ങളായി അബോധത്തിലും ബോധത്തിലും അത്ര പ്രത്യക്ഷമല്ലാതെയും പ്രത്യക്ഷമായും കുടികൊള്ളുന്ന ജാതിമലയാളി വിരിയിച്ചെടുത്ത പുഷ്പമാണ് നേമം. അരുവിക്കരയിലടക്കം നേമത്ത് വിരിഞ്ഞ ജാതിപുഷ്പവൃക്ഷത്തിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പിലെല്ലാം ഇത് നട്ടും നനച്ചും പാകമാക്കുകയായിരുന്നു പഴയ ഫ്യുഡൽ ഹൈറാർക്കിയിലെ ആ ജാതിശ്രേണി അലങ്കാരമായി കൊണ്ട് നടക്കുന്ന വാലാണ് മലയാളിജാതി. മറ്റ് പ്രത്യേകിച്ച് ഒരു കഴിവുമില്ലെങ്കിലും ആ ശ്രേണിയിൽ ആത്മരതി കണ്ടെത്തുന്ന ശരാശരി മലയാളിയെ സൂചിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് പല രംഗങ്ങളിലും സിനിമ. തന്റെ ജാതിമേൻമയെന്ന മേൽത്തരം ജാതിവിത്ത് പാകി മുളപ്പിച്ചെടുക്കാൻ കാലം ഇത്തിരി കഴിഞ്ഞെന്നാലും അത് മുളച്ചു. മറ്റ് പലയിടങ്ങളിലും പാകമായിക്കൊണ്ടിരിക്കുന്നു. നിലം പാകമാക്കി വിത്തിറക്കി കൊയ്ത് അരിയാക്കി തീറ്റിച്ചവനെ കൊന്ന് മതിലു കെട്ടിയ പുരാവൃത്തത്തെ അനുസ്മരിപ്പിക്കുന്ന പരിസമാപ്തിയാണ് ഒഴിവുദിവസത്തെ കളിയുടേത്. എല്ലാ കളിയിലും എല്ലാ കാലത്തും ഇവിടെ ജയിച്ചിരുന്നവരും കടന്നിരുന്നവരും ചേർന്ന് തന്നെയാണ്  ജാതി വിത്ത് മുളക്കാനിട്ടത്. നമ്മുടെ സ്ഥാപനങ്ങളും അധികാരത്തിന്റെയും പ്രത്യയശാസ്ത്ര സിദ്ധാന്തങ്ങളുടെയും ഇടനാഴികളും അകറ്റി നിർത്തിയവൻ. പല സദസ്സുകളിലേക്കും ഇപ്പോഴും പ്രവേശം ലഭിക്കാത്തവൻ. അവനാണ് ക്ളൈമാക്സ് രംഗത്ത് തൂക്കിലേറ്റപ്പെടുന്നത്.

ന്യായാധിപനായി കളിയിൽ സ്വയം അവരോധിതനായ ‘നമ്പൂതിരി ‘ ബോധപൂർവ്വം ചരിത്രത്തിൽ നിന്നും അടർത്തിയെടുക്കപ്പെട്ട ഒരു സ്ഥാനമഹിമയാണ്. ആര്യാധിനി വേഷത്തെ തുടർന്ന് ഭൂമിയുടെ മേൽ അധികാരം ലഭിച്ച, പിന്നീട് എല്ലാ കാര്യങ്ങൾക്കും ഭൗതിക സാഹചര്യങ്ങൾ കൈവന്ന ആ ന്യായാധിപൻ സാഹചര്യങ്ങളുടെ മേൻമ കൊണ്ട് കൂടിയാണ് അധികാരസ്ഥലത്തേക്ക് ആനയിക്കപ്പെട്ടത് എന്ന് സിനിമക്ക് ഓർമ്മപ്പെടുത്തണമെങ്കിൽ, ഇതൊന്നുമില്ലാതിരുന്നതുകൊണ്ട്  കളിയിൽ എന്നും തോറ്റു പോയവനെ സിനിമ തൂക്കി കൊല്ലുക തന്നെ വേണം. ആ ബോധം വിചാരണ ചെയ്യപ്പെടുകയും വേണം.
sanal_311

മലയാളി സമൂഹം എന്ന വലിയ ക്യാൻവാസിലെ ജീവിതത്തെ ഒറ്റമുറിയിലെ മദ്യ സദസ്സിലേക്ക് കൈപിടിച്ചാനയിച്ച് അന്യാപദേശ (Allegory ) രചന നടത്താൻ സാധിച്ചു എന്നതാണ് ഒഴിവു ദിവസത്തെ കളിയുടെ മേൻമ. ഒന്നവസരമൊത്താൽ പുറത്തേക്ക് അധോവായു പോലെ ഒഴുകുന്ന മലയാളിയുടെ അരാഷ്ട്രീയ ജീവിതത്തിന്റെ ഗന്ധമാണ് സിനിമയിലെ കള്ളനും പോലീസും ഗെയിം. കുറ്റവാളികളുടെയും തൂക്കിലേറ്റപ്പെട്ടവന്റെയും പ്രതിനിധി എന്നല്ല കളിയിലെ ഇരയെ വായിച്ചെടുക്കേണ്ടത്. അയാളെ ചരിത്രവൽക്കരിച്ചാൽ അയാളെ ഒറ്റയാക്കിയും കാണാതെ മാറിയും അസ്ഥാനത്തിരുത്തിയും അപഹസിച്ചും ചവുട്ടിയും തൂക്കിലേറ്റിയും ഇല്ലാതാക്കിയ, എഴുതപ്പെടാതെ പോയ ചരിത്ര പുസ്തകങ്ങളുടെ മീതെയാണ് നൂറ് സിംഹാസനങ്ങൾ പടുത്തുയർത്തപ്പെട്ടത്.

കൈവിട്ടു പോയാൽ മെലോഡ്രാമ പരിസരത്തിലേക്ക് വീണു പോയേക്കാവുന്ന ഇൻഡോർ ഷൂട്ട് പ്ളേസ് ആണ് സിനിമയിലുള്ളത്. കഥാപാത്രങ്ങളെ ഒരു ചെറിയ സ്പേസിൽ ഉറപ്പിച്ച് ഒറ്റ ദിവസം എന്ന സ്ഥലകാലാഖ്യാനം സിനിമയിൽ ചെയ്യുക കടുത്ത പരീക്ഷണം തന്നെയാണ്. അവിടെ വിജയിക്കാൻ ഒരു പരിധിവരെ സംവിധായകന് സാധിക്കുന്നു. വെച്ചു കെട്ടലുകളും ആർഭാടങ്ങളും പൊലിമയും വർണ്ണ ഭംഗിയും ഒന്നുമില്ലാത്ത ചലച്ചിത്രഭാവന കൂടിയാണ് ഒഴിവു ദിവസത്തെ കളിയിൽ പരീക്ഷിക്കപ്പെട്ടത്. തിയറ്റർ പരിചരണത്തോട് അടുത്തു നിൽക്കുന്ന ആഖ്യാനമായതിനാൽ പ്രേക്ഷകൻ എളുപ്പം മുഷിഞ്ഞേക്കാം. എന്നാൽ ഒഴിവു ദിവസത്തെ കളി തികച്ചും ലൈവ് ആയി സിനിമയുടെ ഇതിവൃത്തത്തെ മുന്നോട്ട് നയിക്കുന്നു. അകൃത്രിമമായ രംഗങ്ങൾ ( കാട്, പൊയ്ക, പഴമയുടെ ഗന്ധം ഉൾ വഹിക്കുന്ന അന്തരീക്ഷസൃഷ്ടി, മഴ, മദ്യപാന സദസ്സ് തുടങ്ങിയവ) സ്വാഭാവികവും മുൻകൂട്ടി രചിച്ചതല്ല എന്ന് തോന്നിക്കുന്നതും ഫീൽഡ് റെക്കോർഡിങ്ങ് നടത്തിയതുമായ സംഭാഷണങ്ങൾ ( ഇവ എങ്ങിനെയാണ് ചിത്രീകരിച്ചത് എന്നറിയില്ല., മഴ ഒർജിനൽ അല്ല എന്ന് കേട്ടു.) കഥാപാത്രങ്ങൾ കൃത്രിമമല്ലാതെ നടത്തുന്നു എന്ന് പ്രേക്ഷകന് തോന്നിക്കും വിധം ഡയലോഗ് ഡെലിവറി, ചലനങ്ങൾ, ശരീരഭാഷ തുടങ്ങിയവ എടുത്തു പറയണം.

getPhoto

ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തിലെ കഹിയേ ദു സിനിമാസങ്കല്പങ്ങളുമായി ഒഴിവുദിവസത്തെ കളിയിലെ ചലച്ചിത്ര ഭാവനയെ ചേർത്തുവെക്കുന്നതിൽ തെറ്റില്ല. ബദൽ സിനിമാഭാവനയിൽ നിന്നാണ് മലയാളത്തിൽ ഇതിനു മുമ്പും രാഷ്ട്രീയ സിനിമകൾ ഉണ്ടായത്. മുമ്പ് അഭിനയിച്ച് പരിചയമില്ലാത്ത വ്യക്തികളെ സിനിമയിലെ കഥാപാത്രങ്ങളാക്കി മാറ്റുകയും വലിയ യൂണിറ്റും ബഹളവും സ്റ്റാർഡവും ഒന്നുമില്ലാതെ കുറഞ്ഞ ബജറ്റിൽ സിനിമ എടുക്കുകയും ചെയ്യുന്നത് ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തിന്റെ വഴികളായിന്നു. ചലച്ചിത്രമെന്ന കച്ചവട വ്യവസായം നില നിൽക്കേണ്ടത് അതുമായി ബന്ധപ്പെട്ട് അതിജീവിക്കുന്നവരുടെ ആവശ്യമാണ് സിനിമയുടെ സാമ്പ്രദായിക സൗന്ദര്യ ശാസ്ത്ര സങ്കല്പങ്ങളുമായി ബദൽ സിനിമയുടെ പ്രത്യയശാസ്ത്രം ഇടയുന്ന വഴികൾ ഒഴിവുദിവസത്തെ കളിയുടെ പരിചരണത്തിലും സാങ്കേതിക ഘടകങ്ങളിലും ഉണ്ട്. ഒഴിവു ദിവസത്തെ കളി പോലെ ഉള്ള സിനിമകൾ ,സിനിമ ഒരു വിനോദ വ്യവസായം മാത്രമല്ലെന്ന് സിനിമയെ രാഷ്ട്രീയവൽക്കരിക്കാൻ അവശ്യവുമാണ്.

അനുകല്പനം (Adaptation) എന്ന നിലയിൽ ഒഴിവുദിവസത്തെ കളി സംവിധായകന്റെ സിനിമയാണ്. കഥ ഒരു പ്ളോട്ട് മാത്രമായി സങ്കല്പിച്ച് അതിൽ നിന്ന് സിനിമ ഉണ്ടാക്കുകയാണ് സനൽകുമാർ ശശിധരൻ ചെയ്തത്. കഥാപാത്രങ്ങളായി മാറിയ ഓരോ വ്യക്തിയുടെയും സംഭാവനകൾ സിനിമയിലും ,അതിന്റെ ഭാഷണത്തിലും ഉൾച്ചേർന്നിട്ടുണ്ട് എന്ന് സൂക്ഷ്മ കാഴ്ചയിൽ വായിച്ചെടുക്കാം.

Comments

comments