പരിഭാഷ :രജീഷ് പാലവിള
വെളിയില്‍കടക്കുവാന്‍ കൊതിക്കുമൊരുനീല-
ക്കിളിയുണ്ടെന്റെയുള്ളില്‍ ;കര്‍ക്കശത്തോടെഞാനും!
അവിടെങ്ങാനിരിക്കു;ആര്‍ക്കുമേ നിന്നെക്കാണാ-
നിടവരുത്തില്ലഞാ,മ്പറയുമവനോട്!
പുറത്തു കടക്കുവാന്‍ തുടിക്കും നീലപ്പക്ഷി,-
യകത്തുണ്ടെന്റെയുള്ളി, ലെങ്കിലോ ഞാനതിന്റെ
പുറത്തുതളിക്കുന്നു വാറ്റിയമദ്യം, തുപ്പും,-
നുറുക്കുപുകയിലച്ചുരുട്ടിന്‍ പുകച്ചുരുള്‍ !!
വാരാംഗസുന്ദരിമാര്‍; മാറ്റവാണിഭക്കാരും;
വ്യാപാരസ്ഥലത്തിലെ ഗുമസ്തപണിക്കാരും;
ആരുമേയറിഞ്ഞില്ല, യെന്നുള്ളിലവനുള്ള-
കാര്യമതൊരിക്കലും; കര്‍ക്കശത്തോടെ ഞാനും !
പറയുമവനോട്; താഴെയങ്ങിരിക്കുക!
പുറത്തുകടന്നെന്നെ താറുമാറാക്കീടണോ?
മേലോട്ട് പറന്നെന്റെ, യെഴുത്തു തടുക്കണോ ?
യൂറോപ്പില്‍പരക്കുമെന്‍ പുസ്തകം തടയണോ ?!
വെളിയില്‍കടക്കുവാന്‍ കൊതിക്കുമൊരുനീല-
ക്കിളിയുണ്ടെന്റെയുള്ളില്‍; കൌശലത്തോടെ ഞാനും;
രാത്രികാലത്തെങ്ങാനും ചിലപ്പോളതിനെ ഞാന്‍
യാത്രചെയ്യാന്‍ വിടുന്നു; ലോകമൊട്ടുറങ്ങുമ്പോള്‍ !
പറയുന്നവനോടു, വേദനപ്പെടേണ്ടനീ;-
യറിയുന്നവിടെനീ, യുണ്ടെന്നതെപ്പോഴും ഞാന്‍ !
തിരികെയവനെഞാനെന്നുള്ളിലൊളിപ്പിക്കു,-
മവിടെയിരുന്നവ, നിടയ്ക്ക് പാട്ടുപാടും !!
പൂര്‍ണ്ണമായ് മരിക്കുവാ, നവനെവിടില്ല ഞാന്‍;
ചേര്‍ന്നുറങ്ങുന്നു ഞങ്ങള്‍, ഞങ്ങള്‍തന്‍ നിയമത്തില്‍ !
ഇത്രയും മതിയല്ലോ, കരയാനൊരുത്തന് !
പറ്റുന്നില്ലെനിക്കെന്നാല്‍! നിങ്ങള്‍ക്ക് കഴിയുമോ ?!!
Be the first to write a comment.