ചിരവത്തടികൊണ്ട്‌
ചതഞ്ഞു ചത്തവൾ
മച്ചിൻ വട്ടത്തിൽ
തൂങ്ങിയാടിയോൾ
കഴുത്തിൽ കലംകെട്ടി
കയത്തിൽ ചാടിയോൾ
കറുത്തു നീലിച്ച്‌
മരച്ചു പോയവൾ
പപ്പായത്തണ്ടിൻ
മരുന്നു നീറ്റിയോൾ
മുല കഴച്ചവൾ
മുറിച്ചുണ്ടുള്ളവൾ
മരപ്പൊടിക്കനൽ
ഭസ്മമാക്കിയോൾ
മണിനെല്ലൊന്നിനെ
മുലപ്പാലാക്കിയോൾ
വരികയാണെന്റെ
ജനാലപ്പുറത്ത്‌
പകുതിരാവിന്റെ
കൊടുംപുഴുക്കത്തിൽ
പലകളികളിൽ പെടുകയാണവർ
പലചുവടുകൾ, പല വായ്ത്താരികൾ
പലനിറച്ചേല, പല കുപ്പായങ്ങൾ
പതിയെ ചുവടുവച്ചാടുകയാണവർ
ചെറുതായ് പകലൊന്നു മുരടനക്കുമ്പൊളേ
മുറിമീശ കോതി തറച്ചുനോക്കുമ്പൊളേ
പലയിടങ്ങളിൽ പലതരങ്ങളിൽ
പലകാലങ്ങളിൽ പലദേശങ്ങളിൽ
അവർ ശീലിച്ചെടുത്ത നൈപുണ്യ
വഴക്കമോടേ മറയുകയാണവർ
പിടഞ്ഞെഴുന്നേറ്റു പതിവിൻപടി ഞാനും
കടുംകാപ്പിക്കലം അടുപ്പിൽ കേറ്റുമ്പോൾ
കരിപിടിച്ചയെൻ പാതേമ്പുറത്തിലെ
കടലപ്പുഴുക്ക് നുരയും കുടംകള്ള്
കരിംചാത്തൻ മുളകിൽപെരണ്ടത്
ഇലക്കീറാൽ മറച്ചതു നീക്കാതെ
തൊട്ടുനക്കാതെ പകർന്നെടുക്കാതെ
പറ പെണ്ണുങ്ങളെ പോയതെങ്ങോട്ട്‌??
പഴയകുപ്പായം അഴിഞ്ഞുവീണിട്ടും
പറഞ്ഞവരെല്ലാം മറന്നുപോയിട്ടും
പൊളിഞ്ഞുവീണില്ലെ
പുഴുത്തുതീർന്നില്ലെ
കഴിഞ്ഞ ജന്മത്തിലെ
പുരുഷപ്പേടികൾ??

Comments

comments